കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി. ഇടയ്ക്കിടെ അവർ കൂടിക്കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു. ക്രമേണ രേവതിക്ക് ടോണിയോട് പ്രണയം തോന്നി. യാദൃച്ഛികമായി അതറിഞ്ഞ ജാസ്മിൻ അകെ തളർന്നു. രേവതി സ്വഭാവദൂഷ്യം ഉള്ള പെണ്ണാണെന്നു ജാസ്മിൻ ടോണിയെ ധരിപ്പിച്ചു. അതുകേട്ടപ്പോൾ ടോണി രേവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ തീരുമാനിച്ചു. താൻ ജാസ്മിനുമായി പ്രണയത്തിലാണെന്നും അവൾക്ക് ഇഷ്ടമില്ലാത്തതിനാൽ രേവതിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്നും ടോണി രേവതിയെ ധരിപ്പിച്ചു. കലിപൂണ്ട രേവതി ജാസ്മിൻ ചീത്തപെണ്ണാണെന്നു ടോണിയെ ധരിപ്പിച്ചു. അതിനു തെളിവായി സതീഷിനോടൊപ്പം അവൾ കിടക്കയിൽ കിടക്കുന്ന ദൃശ്യം രഹസ്യമായി പകർത്തിയത് ടോണിയെ കാണിച്ചുകൊടുത്തു. ടോണി അതുകണ്ട് അന്തം വിട്ടു. (തുടര്‍ന്നു വായിക്കുക)
ടോണിയെ ശാന്തനാക്കാന്‍ നന്നേ പാടുപെട്ടു, രേവതി. സമനില വീണ്ടുകിട്ടിയപ്പോൾ ടോണി എണീറ്റു വാഷ്‌ബേസിനിൽ ചെന്ന് കണ്ണും മുഖവും നന്നായി കഴുകിയിട്ട് ടർക്കി ടവ്വലെടുത്തു തുടച്ചു . എന്നിട്ടു വന്നു രേവതിയുടെ സമീപം കസേരയിൽ ഇരുന്നിട്ട് തളർന്ന സ്വരത്തിൽ ചോദിച്ചു .
“ജാസിന്റെ കൂടെ കിടന്ന ആ ചെറുപ്പക്കാരൻ ആരാ ?”
“സതീഷ്. എന്റെ സുഹൃത്താ.”
“ജാസിന്റെ സമ്മതത്തോടെയായിരുന്നോ ഇതെല്ലാം?”
“വീഡിയോ കണ്ടപ്പം അതു മനസിലായില്ലേ ? വെറുതെയല്ല . കൈനിറയെ കാശുംകൊടുത്തിട്ടാ അയാളു പോയത് . മുതല്‍ മുടക്കില്ലാതെ പണമുണ്ടാക്കാന്‍ ഇതിനേക്കാള്‍ നല്ല മാര്‍ഗ്ഗം വേറെ എന്താ ടോണി ഉള്ളത്? ആരും അറിയില്ലെന്നു കണ്ടാല്‍ പല പെണ്ണുങ്ങളും ഇങ്ങനൊക്കാ കാശുണ്ടാക്കുന്നത് . ഞാനിത് ഒരു തമാശയ്ക്കു പിടിച്ചതാ കേട്ടോ, അവളറിയാതെ . പക്ഷേ അതിപ്പം എനിക്ക് ഗുണമായി . ടോണിക്ക് എന്നെക്കുറിച്ചുള്ള തെറ്റിധാരണ മാറിയല്ലോ . ”
ടോണി ഒന്നും മിണ്ടിയില്ല . രണ്ടു കയ്യും താടിക്കുകൊടുത്ത് , കൈമുട്ടുകൾ മേശയിലൂന്നി കുറേനേരം എന്തോ ആലോചിച്ചിരുന്നു . എന്നിട്ടു മുഖം ഉയര്‍ത്തി അവളെ നോക്കി ചോദിച്ചു:
“ആ പെൻഡ്രൈവ് എനിക്ക് തരുമോ ?”
“ഒഫ് കോഴ്സ്.”
രേവതി മുകളിൽച്ചെന്ന് പെൻഡ്രൈവ് എടുത്തുകൊണ്ടുവന്ന് അയാൾക്ക് നീട്ടി .
“ജാസ് ഈ വീട്ടില്‍ വന്ന കാര്യം ടോണിയോടു പറഞ്ഞില്ലേ?”
“ഇല്ല.”
“പറയില്ല. പറയാന്‍ പറ്റില്ലല്ലോ.” ടോണിയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിയിട്ടു രേവതി തുടര്‍ന്നു: ” എനിക്ക് എയിഡ്സ് ആണെന്നല്ലേ ടോണി പറഞ്ഞത് . വേഗം ചെന്ന് എനിക്കാണോ അവള്‍ക്കാണോ എയ്ഡ്സ് എന്ന് ഒന്ന് ടെസ്റ്റു ചെയ്തു നോക്ക്.”
മുഖമടച്ച് ഒരടി കിട്ടിയതുപോലെ ടോണി ഒന്ന് പിടഞ്ഞു.
”ഇനി ടോണിയ്ക്കവളെ കെട്ടുകയോ കെട്ടാതിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. നമ്മള്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഇന്ന് ഇവിടെ അവസാനിച്ചു . ഇനി ഒരിക്കലും ഞാൻ ടോണിയെ ഫോണ്‍ചെയ്തു ശല്യപ്പെടുത്തില്ല. എവിടെങ്കിലുമൊക്കെ വച്ചു വീണ്ടും കണ്ടാല്‍ ഒരു ചിരിയിലൊതുക്കി നമുക്കു വഴിമാറിപ്പോകാം.”
രേവതി പറഞ്ഞതു ശ്രദ്ധിയ്ക്കാതെ, മറ്റേതോ ലോകത്തായിരുന്നു ടോണി.
“വിഷമിയ്ക്കാനൊന്നുമില്ല ടോണി. ഇപ്പഴത്തെ കാലത്ത് ഇതൊന്നും ഒരു പാപമല്ല. ജാസ്മിന്‍ കുറച്ചു ലിബറലായി ചിന്തിച്ചൂന്നു കരുതിയാ മതി. ” കുറച്ചു തീ കൂടി അവൾ അവന്റെ മനസിലേക്ക് കോരി ഇട്ടു.
ടോണിയുടെ ഉള്ളിൽ അവളോടുള്ള ദേഷ്യം ആളിക്കത്തുകയായിരുന്നു .
”സതീഷിനെ എനിക്കൊന്നു പരിചയപ്പെടുത്താമോ ?” ടോണി ചോദിച്ചു .
”നേരിട്ട് കാണണോ ?”
” ഉം ”
“ആള് ഇപ്പം സ്ഥലത്തുണ്ടോന്നു നോക്കട്ടെ ?”
രേവതി മൊബൈല്‍ എടുത്തു സതീഷിന്റെ നമ്പർ ഞെക്കി . ഭാഗ്യം ! ആള് സ്ഥലത്തുണ്ട് . കുശലാന്വേഷങ്ങൾക്കു ശേഷം ഫോൺ കട്ട് ചെയ്തിട്ട് അവൾ ടോണിയെ നോക്കി പറഞ്ഞു .
“ആളിപ്പം അയാളുടെ ജോലി സ്ഥലത്തുണ്ട്. ഇവിടെ നിന്നു പതിനഞ്ചു മിനിട്ടു നേരത്തെ യാത്രയേയുള്ളു . ടോണിക്ക് കാണണമെങ്കിൽ ഇപ്പം പോയി കാണാം .”
“കാണണം. എനിക്ക് ഇപ്പത്തന്നെ കാണണം ”
” പക്ഷേ ടോണി അവിടെച്ചെന്നു ബഹളം വച്ചേക്കരുത്. അയാളു ഡീസന്‍റാ. ജാസ്മിനെ അയാളു ബലം പ്രയോഗിച്ച് ഒന്നും ചെയ്തിട്ടില്ല. രണ്ടുപേരും പരസ്പരസമ്മതത്തോടെയുള്ള ഇടപാടുകൾ മാത്രമേ നടന്നിട്ടുള്ളൂ ”
”എനിക്കതറിയാം. ഞാൻ ആ വിഷുവൽസ് കണ്ടതാണല്ലോ . സതീഷിനെ ഒന്നു കാണുക എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളൂ . അയാളോടൊന്നും ഞാൻ ചോദിക്കില്ല ”
”അങ്ങനെ ഒരു ഉറപ്പു തന്നാൽ മാത്രമേ ഞാൻ കൊണ്ടുപോകുകയുള്ളൂ ”
”ഷുവർ . രേവതിക്ക് ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല ”
”ഓക്കേ ”
വീടു പൂട്ടിയിട്ട് രേവതി ടോണിയേയും വിളിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ ഗേറ്റു കടന്നു റോഡിലേക്കിറങ്ങിയപ്പോള്‍ രേവതിപറഞ്ഞു .
“ജാസ്മിന്റെ കാര്യമേ അയാളോട് മിണ്ടിയേക്കരുത് . എന്‍റെ ഒരു ഫ്രണ്ടാണെന്നു പറഞ്ഞാ ഞാൻ ഇപ്പം ടോണിയെ പരിചയപ്പെടുത്താൻ പോകുന്നത് .”
“എനിക്ക് അയാളെ ഒന്ന് കണ്ടാൽ മാത്രം മതീന്ന് പറഞ്ഞല്ലോ ”
പതിനഞ്ചു മിനിട്ടു നേരത്തെ യാത്രയ്ക്കു ശേഷം കാര്‍ ഒരു ബഹുനില മന്ദിരത്തിന്‍റെ പോര്‍ച്ചില്‍ വന്നു നിന്നു. ടോണിയെ ഇറങ്ങാനനുവദിച്ചിട്ട് രേവതി കാര്‍ ഒതുക്കിയിട്ടു.
ടോണിയേയും കൂട്ടിക്കൊണ്ട് രേവതി സ്റ്റെയര്‍ കെയ്സ് കയറി ഒന്നാം നിലയിലേയ്ക്കു ചെന്നു. അവിടെ കണ്ട സെക്യൂരിറ്റി ഗാര്‍ഡിനോട് രേവതി ആഗമനോദ്ദേശ്യം വെളിപ്പെടുത്തി, അയാള്‍ അകത്തേയ്ക്കു കയറി പോയി , അല്പം കഴിഞ്ഞു തിരിച്ചിറങ്ങി വന്നിട്ട് പറഞ്ഞു.
“ഇപ്പ വരും. ആ വിസിറ്റേഴ്സ് റൂമിലിരിക്കാം ”
അയാൾ ചൂണ്ടിക്കാണിച്ച സന്ദർശകമുറിയിൽ രേവതിയും ടോണിയും കയറി ഇരുന്നു. അവിടെ ആ സമയം മറ്റാരും ഉണ്ടായിരുന്നില്ല .
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ടിപ്പ്ടോപ്പില്‍ വേഷം ധരിച്ച സുമുഖനായ ഒരു യുവാവ് വാതില്‍ തുറന്ന് അങ്ങോട്ടു കയറിവന്നു.
“ഹാലോ രേവൂ . സർപ്രൈസായിരിക്കുന്നല്ലോ! എന്തേഈ സമയത്ത് ഇവിടെ ?”
ഹൃദ്യമായി ചിരിച്ചുകൊണ്ട് സതീഷ് വന്നു രേവതിക്കു ഷേക്ക് ഹാൻഡ് കൊടുത്തു.”
“വേറൊരാവശ്യത്തിനു ഇവിടെ അടുത്തുവരെ വന്നപ്പം ഒന്നു കേറീന്നേയുള്ളു.” അതു പറഞ്ഞിട്ട് രേവതി ടോണിയെ അടുത്തേക്ക് വിളിച്ചു പരിചയപ്പെടുത്തി.
“ഇതു ടോണി. എന്‍റെ ഒരു ഫ്രണ്ടാ. മെഡിസിനു പഠിയ്ക്കുന്നു.”
“ഹലോ”
സതീഷ് കൈ നീട്ടിയപ്പോൾ ടോണി കൈകൊടുത്തു . സതീഷ് അയാളോട് കുശലാന്വേഷണം നടത്തി. സതീഷിന്‍റെ ചിരിയും സംസാരവും പെരുമാറ്റവും ബോഡി ലാംഗ്വേജുമൊക്കെ ടോണിയെ ശരിക്കും അത്ഭുതപ്പെടുത്തി. ഒറ്റ നോട്ടത്തിലെ ആരെയും ആകര്‍ഷിയ്ക്കാന്‍ പോന്നപെരുമാറ്റം ! കാഴ്ചയിൽ സിനിമാനടനെപ്പോലെ സുന്ദരൻ. തേൻപൊഴിയുന്നപോലുള്ള സംസാരം . കണ്ണുകൾക്ക് അസാധാരണ വശീകരണ ശക്തി .
ആദ്യ സന്ദര്‍ശനമായിരുന്നെങ്കിലും ചിരപരിചിതരേപ്പോലെയാണ് സതീഷ് ടോണിയോട് സംസാരിച്ചത്. ടോണിക്ക് അത്ഭുതം തോന്നി. എല്ലാം കൊണ്ടും പെർഫെക്ട് ആയ ഒരു മനുഷ്യൻ. വെറുതെയല്ല ജാസ്മിന്‍ ഇയാളുടെ വലയില്‍ വീണുപോയത്.
സതീഷ് അവര്‍ക്കു ചായ വരുത്തി കൊടുത്തു.
പതിനഞ്ചു മിനിറ്റു നേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം പിരിയാനൊരുങ്ങിയപ്പോള്‍ സതീഷ് ടോണിയോടു പറഞ്ഞു.
“എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ട്. ഇപ്പം ആ ലിസ്റ്റിൽ ഒരു മെഡിക്കൽ സ്റ്റുഡന്റ് കൂടിയായി .ഇനി എന്നെങ്കിലും ഈ വഴി പോകുമ്പം ടോണി ഇവിടെ കേറണം. ഈ ഫ്രിണ്ട്ഷിപ് നമുക്കു തുടരണം. .”
”ഷുവർ” ചിരിച്ചു കൊണ്ട് ടോണി തലകുലുക്കി
സതീഷ് ഫോണ്‍ നമ്പര്‍ കൊടുത്തിട്ടു തുടര്‍ന്നു.
“ഇടയ്ക്കു വിളിയ്ക്കണേ?”
“ഉം “
അവരെ യാത്രയാക്കാന്‍ സതീഷ് താഴെ, കാർ പോർച്ചു വരെ വന്നു.
ഡോർ തുറന്നു ടോണി അകത്തു കയറിയതും രേവതി കാര്‍ സ്റ്റാർട്ട് ചെയ്തു . കൈവീശി അവർ സതീഷിനു റ്റാറ്റ പറഞ്ഞു. സതീഷും കൈവീശി. നിരത്തിലൂടെ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോൾ രേവതി ചോദിച്ചു.
“എങ്ങനുണ്ട് സതീഷ് ?”
“വെരി ഹാൻസം . ആരെയും പെട്ടെന്നു വീഴിച്ചു കളയും. സമ്മതിച്ചു കൊടുക്കണം ആ വാക്സാമര്‍ത്ഥ്യം.”
”ആ വീഡിയോയുടെ കാര്യം ഒരിക്കല്‍പ്പോലും അയാളറിയരുത് കേട്ടോ? എന്നെ ചതിച്ചേക്കരുത് . ടോണിയെ വിശ്വസിച്ചാ ഞാൻ ഇവിടെ കൊണ്ടുവന്നത്.”
രേവതി ഓര്‍മ്മിപ്പിച്ചു.
“രേവതിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും ഞാൻ ചെയ്യില്ല . യു കാൻ ബിലീവ് മി ”
ടോണിയെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയിട്ടു രേവതി ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞു .
ടോണി തിരിച്ചു ഹോസ്റ്റലില്‍ വന്നപ്പോള്‍ രാത്രിയായിരുന്നു .
റൂമിൽ വന്നിരുന്നപ്പോൾ ചങ്കു പൊട്ടുന്ന വിഷമം തോന്നി.
ജാസ്മിന്‍ തന്നെ വഞ്ചിച്ചല്ലോ ! ഒരിക്കല്‍ താനൊന്ന് തൊട്ടപ്പോഴേയ്ക്കും പൊട്ടിത്തെറിച്ച പെണ്ണാണ് ഒരു മടിയുമില്ലാതെ അന്യപുരുഷന്‍റെ കൂടെ കിടക്കയില്‍ കിടന്നത് !
സ്നേഹിച്ച പുരുഷനെ വഞ്ചിച്ചിട്ട് മറ്റൊരു പുരുഷനോടൊപ്പം കൊഞ്ചിക്കുഴയാനും, ബീയറുകഴിയ്ക്കാനും, ഒന്നിച്ചുറങ്ങാനുമൊക്കെ ഇവള്‍ക്കെങ്ങനെ കഴിഞ്ഞു? താനിതൊരിക്കലും അറിയില്ലെന്നു വിചാരിച്ചുകാണും. .
രേവതി അതു മൊബൈലിൽ പകര്‍ത്തിയില്ലായിരുന്നെങ്കില്‍ അവൾ പറഞ്ഞത് താൻ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു.
തല്‍ക്കാലം ഒന്നും അറിഞ്ഞതായിട്ടു ഭാവിയ്ക്കണ്ട. ഈ നാടകം എത്രത്തോളം മുൻപോട്ടുപോകുമെന്ന് അറിയട്ടെ .
പിറ്റേന്ന് ടോണി കാന്റീനിലിരിക്കുമ്പോൾ അവൻ ജാസ്മിനു ഫോണ്‍ ചെയ്തു. അധികം സംസാരിച്ചില്ല. കാണാന്‍ കൊതിയാവുന്നെന്നും ശനിയാഴ്ച വീട്ടില്‍ വരണമെന്നും പറഞ്ഞിട്ട് അയാള്‍ ഫോണ്‍ കട്ട് ചെയ്തു .
തിരിച്ചു മുറിയില്‍ വന്നപ്പോള്‍ അരുൺ രാധാകൃഷ്ണന്‍ അവിടെ ഉണ്ടായിരുന്നു.
അരുൺ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളോര്‍ത്തു.
“എല്ലാ പെണ്ണുങ്ങളും ഉള്ളില്‍ കാപട്യമുള്ളവരാടാ . പുറമേ കാണുന്ന ചിരീം സ്നേഹവുമൊക്കെയേയുള്ളൂ അവര്‍ക്ക്. ഉള്ളിൽ നിറയെ വിഷമാ ”
അന്നവനെ താൻ കളിയാക്കിയതില്‍ ഇപ്പോൾ പശ്ചാത്താപം തോന്നുന്നു.
പിറ്റേ ശനിയാഴ്ച ഒരു പാടു ജോലിതിരക്കുണ്ടായിരുന്നിട്ടും ടോണി നാട്ടില്‍ പോയി.
പതിവായി സന്ധിയ്ക്കാറുള്ള തോട്ടിൻകരയിലെ മാവിൻ ചുവട്ടിൽ രണ്ടുപേരും കണ്ടുമുട്ടി.
അവളുടെ മുഖത്തേയ്ക്കു വെറുതെ നോക്കിയിരിക്കുന്നതുകണ്ടപ്പോൾ ജാസ്മിൻ ചോദിച്ചു.
“കാണാന്‍ കൊതിയാവുന്നൂന്ന് പറഞ്ഞു വിളിച്ചു വരുത്തീട്ട് ഒന്നു മിണ്ടാതെ ഇങ്ങനെ കണ്ണിൽ തന്നെ നോക്കിയിരിക്കുന്നതെന്താ ?”
“ഈ സൗന്ദര്യം കൺകുളിർക്കെ ഒന്ന് കാണട്ടെ ..” അവന്‍റെ കണ്ണുകള്‍ അവളെ ആകമാനം ഉഴിഞ്ഞു.
“ആദ്യായിട്ടു കാണുമ്പോലാണല്ലോ നോട്ടം?”
” കഴിഞ്ഞ ദിവസം ഞാനൊരു സ്വപ്നം കണ്ടു. താന്‍ വേറേതോ ഒരു ചെറുപ്പക്കാരനുമായി കൊഞ്ചിക്കുഴഞ്ഞു നടക്കുന്നതും, ഒരുമിച്ചു ടൂറു പോകുന്നതും, എന്നിട്ട് രാത്രി ഒരു ഹോട്ടലില്‍ ഒന്നിച്ചു കിടക്കുന്നതുമൊക്കെ.”
“ഛെ. വൃത്തികെട്ട സ്വപ്നങ്ങളേ കാണൂ.?” ജാസ്മിന്‍ അവന്‍റെ ചെവിയില്‍ നുള്ളിയിട്ടു ചോദിച്ചു. “രാത്രി കുരിശുവരച്ചിട്ടല്ലേ കിടക്കുന്നത്?”
“ങ്ഹ…വേദനിയ്ക്കുന്നു…..വിട് വിട് “
ടോണി അവളുടെ കൈ പിടിച്ചു മാറ്റി. എന്നിട്ടു ചോദിച്ചു.
“ഹോസ്റ്റലിലെന്തുണ്ട് വിശേഷം?”
“ആ കോലേക്കേറി പെണ്ണുങ്ങളുടെ മൂറീന്നൊന്നു മാറ്റിത്തരാന്‍ പറഞ്ഞിട്ട് വാർഡൻ സമ്മതിച്ചില്ല ടോണി. എപ്പഴും അവര് ഓരോന്നു പറഞ്ഞ് എന്നെ വേദനിപ്പിച്ചോണ്ടിരിയ്ക്കും.”
”താന്‍ പറഞ്ഞതുകൊണ്ട് രേവതിയുമായുള്ള എല്ലാ ഫ്രണ്ട്ഷിപ്പും ഞാന്‍ അവസാനിപ്പിച്ചു.”
“അതു നന്നായി ടോണി . അടുക്കാന്‍ കൊള്ളില്ലാത്ത വര്‍ഗ്ഗമാ. കോളജിലെ ആമ്പിള്ളേര്‍ക്കെല്ലാം അറിയാം അവളുടെ സ്വഭാവത്തിന്റെ മഹത്വം . ”
ജാസ്മിന്‍ അവളെ കുറ്റപ്പെടുത്തിയതു കേട്ടപ്പോള്‍ ടോണിയ്ക്കു ദേഷ്യമാണു തോന്നിയത്.
“രേവതീടെ അമ്മയെ അച്ഛന്‍ ഡൈവോഴ്സ് ചെയ്തതാ അല്ലേ?” ടോണി ചോദിച്ചു
“ഉം. ഒരലവലാതി ഫാമിലിയാന്നേ. അമ്മയും മോളും കണക്കാ . ഹോസ്റ്റലില്‍ എന്നും രാത്രി അവളു ബിയറു കഴിച്ചിട്ടാ കിടക്കുന്നത് ”
“നീയും കുടിക്കാറുണ്ടോ ?”
” അതിന്‍റെ മണം അടിക്കുമ്പം തന്നെ എനിയ്ക്കു ഛര്‍ദ്ദിയ്ക്കാന്‍ വരും.”
മുഖമടച്ച് ഒരടി കൊടുക്കാനാണു ടോണിയ്ക്കു തോന്നിയത്. സതീഷ് ഒഴിച്ചു കൊടുത്ത ബിയര്‍ എടുത്തു ഒറ്റവലിക്ക് കുടിച്ചിട്ട് ഇപ്പോള്‍ ഇവൾ പറയുന്നതു കേട്ടില്ലേ. അതിന്‍റെ മണം പോലും ഇഷ്ടമല്ലെന്ന് ! എത്ര ഭംഗിയായി അഭിനയിയ്ക്കുന്നു!
“നമുക്കു പിരിയാം…”
ടോണി അനുവാദം ചോദിച്ചു.
“കാണാന്‍ കൊതിയാവുന്നുന്നു പറഞ്ഞു വിളിച്ചു വരുത്തീട്ട് പോകാന്‍ തിടുക്കം കൂട്ടുവാണോ ? ഇത്തിരി നേരം കൂടി വർത്താനം പറഞ്ഞു ഇവിടിരിയ്ക്കാന്നേ . ഇനി എത്രനാള് കഴിഞ്ഞാ ഒന്ന് കാണാൻ പറ്റുക ”
“എനിക്കൊരു തലവേദന .” നെറ്റിയില്‍ കൈ അമര്‍ത്തിക്കൊണ്ടു ടോണി തുടര്‍ന്നു. “പോകാടോ….ഒരു മൂഡില്ല.”
ടോണി എണീറ്റു.
“നാളെ എന്‍റെ വീട്ടിലേയ്ക്കു വരില്ലേ ? ഉച്ചക്കത്തെ ഊണ് അവിടുന്നാകാം?” ജാസ്മിന്‍ പറഞ്ഞു.
“നോക്കട്ടെ “
”നോക്കിയാൽ പോരാ , വരണം . ഞാൻ കാത്തിരിക്കും . വന്നില്ലേൽ ഞാൻ കൂട്ടുവെട്ടും ”
ഒന്ന് ചിരിച്ചതല്ലാതെ ടോണി പിന്നീട് ഒന്നും പറഞ്ഞില്ല .
അവൻ യാത്ര പറഞ്ഞു പിരിഞ്ഞു .
ഈ വഞ്ചനയ്ക്ക് അവളോട് ഏതു രീതിയിൽ പ്രതികാരം ചെയ്താലാണ് തനിക്കു തൃപ്തിയാകുക ? ടോണിയുടെ മനസിൽ എപ്പോഴും ആ ചിന്തയായിരുന്നു. തന്നോട് കാണിച്ച വഞ്ചനക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുക്കണം.
ഒരു ദിവസം ടോണി ജാസ്മിനോടു ചോദിച്ചു.
“നമുക്കു രണ്ടുപേര്‍ക്കും കൂടി ഒരു ദിവസം എറണാകുളത്തൊന്നു കറങ്ങാന്‍ പോയാലോ?”
“എന്തിന്?”
“ചുമ്മാ ഒരുല്ലാസ യാത്ര.”
“നാണമില്ലല്ലോ പറയാന്‍? കല്യാണം കഴിയാതെ ഒരുല്ലാസയാത്രയ്ക്കും എന്നെ കിട്ടില്ല. ആ ആഗ്രഹമങ്ങു കളഞ്ഞേക്കു കേട്ടോ ?”
“എടോ രാത്രീലല്ല പകലാ. ഞാന്‍ ഹോസ്റ്റലില്‍ വന്ന് തന്നെ പിക്കപ്പു ചെയ്തോളാം. ആറുമണിയ്ക്കു മുമ്പ് തിരിച്ചങ്ങെത്തിയ്ക്കുകേം ചെയ്തേക്കാം .”
“വേണ്ട വേണ്ട . ഞാൻ വരില്ല ”
“വേണം. നിനക്കെന്നെ വിശ്വാസമില്ലെങ്കില്‍ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം ” . ടോണി ഗൗരവം പൂണ്ടു.
“ടോണി എന്താ ഈ പറയുന്നേ?” ജാസ്മിന്‍ വല്ലാതായി. “വിശ്വാസമില്ലാഞ്ഞിട്ടല്ല. വീട്ടിലറിഞ്ഞാല്‍ എന്താ സംഭവിയ്ക്കുകാന്നു ടോണിയ്ക്കറിയാല്ലോ.”
അവളുടെ കണ്ണുനിറഞ്ഞു.
“ഒരീച്ച പോലും അറിയില്ല. താന്‍ ധൈര്യായിട്ടിരിക്ക്. എന്റെ കൂടെയല്ലേ വരുന്നത് . പിന്നെന്താ ?”
“വേണ്ട ടോണീ, പ്ലീസ്….”
“വേണം…ഞാന്‍ വിളിച്ചാല്‍ നീ വരില്ലെങ്കില്‍ നിനക്കെന്നോടു സ്നേഹമില്ലാന്നു ഞാന്‍ കരുതും. ഞാൻ നിന്നെ നശിപ്പിക്കാൻ കൊണ്ടുപോകുവോന്നുമല്ലല്ലോ ? നീയെന്റെ ഭാവി വധുവല്ലേ ? ഇതൊക്കെയല്ലേ മോളെ ജീവിതത്തിലെ ഒരു സന്തോഷം ”
ജാസ്മിന്‍ ധര്‍മ്മ സങ്കടത്തിലായി.
ടോണി ഒരു പാടു നിര്‍ബന്ധിച്ചപ്പോള്‍ അവൾ മനസില്ലാ മനസോടെ സമ്മതം മൂളി.
നിശ്ചിത ദിവസം ഹോസ്റ്റലിൽ വന്നു അവളെ കൂട്ടിക്കൊണ്ടു ടോണി എറണാകുളത്തിനു തിരിച്ചു.
ഹോട്ടലില്‍ നിന്നു ഭക്ഷം കഴിച്ചശേഷം ടോണി അവളെയും കൂട്ടി നേരെ പോയതു സതീഷിന്‍റെ ഓഫീസിലേയ്ക്കായിരുന്നു .
ബഹുനില കെട്ടിടത്തിന്‍റെ ഗേറ്റു കടന്നകത്തേയ്ക്കു കയറിയപ്പോള്‍ ജാസ്മിന്റെ നെഞ്ചിടിപ്പ് കൂടി.
“ഇവിടെന്താ കാണാനുള്ളത് ടോണീ?”
“എന്‍റെ ഒരു സുഹൃത്തു ഇവിടുണ്ട് . ഇവിടെ വരെ വന്ന സ്ഥിതിക്ക് അവനെ ഒന്നു കണ്ടിട്ടു പോകാം.”
ഗോവണിപ്പടികള്‍ കയറി ടോണി ഒന്നാം നിലയിലേയ്ക്കു ചെന്നു. ഒപ്പം ജാസ്മിനും.
വിസിറ്റേഴ്സ് റൂമിൽ അവർ സതീഷിനെ കാത്തിരുന്നു
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11














































