Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 47

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 47

1557
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 47

“ടവ്വലെടുത്ത് ആ മുഖമൊന്നു തുടയ്ക്ക്. നന്നായിട്ട് വിയര്‍ക്കുന്നുണ്ടല്ലോ.” ബാലചന്ദ്രൻ പറഞ്ഞു.
ഉള്ളിലെ പരിഭ്രമം മറച്ചുവയ്ക്കാന്‍ അശ്വതി ഒരു വിഫലശ്രമം നടത്തി.
“അശ്വതീം സുകുമാരനും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു , അല്ലേ?”
“ഹേയ്… അങ്ങനൊന്നുമില്ല.”
അവളുടെ നേരെ വിരല്‍ചൂണ്ടി ബാലചന്ദ്രന്‍ കർക്കശ സ്വരത്തിൽ പറഞ്ഞു: ” ഒരു കാര്യം പറഞ്ഞേക്കാം. കള്ളം പറഞ്ഞു ഇനിയും എന്നെ പറ്റിക്കാമെന്ന് ഒരു ധാരണയുണ്ടെങ്കില്‍ അതിപ്പഴേ കളഞ്ഞേക്ക്. തന്റെ മുഴുവന്‍ ഹിസ്റ്ററിം പൊളിറ്റിക്‌സും പഠിച്ചിട്ടാ ഞാനിവിടെ വന്നിരിക്കുന്നത്. കൊലയാളിയാരെന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. ഇനി അതെങ്ങനെ നടത്തി എന്ന് മാത്രം അറിഞ്ഞാൽ മതി .”
“ഞാനല്ല.., ഞാനല്ല എന്റെ ഏട്ടനെ കൊന്നത്.”
“ആണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ? പക്ഷേ, അശ്വതിക്കറിയാം ആരാ കൊന്നതെന്ന്. എനിക്കും അറിയാം. അശ്വതീടെ വായില്‍ നിന്നതു കേള്‍ക്കാന്‍ പറ്റിയാല്‍ എന്റെ ജോലി എളുപ്പമായി. അത്രേയുള്ളൂ ”
“എനിക്കറിയില്ല.”
“നിങ്ങളതു സ്വമേധയാ പറഞ്ഞില്ലെങ്കില്‍ ബലംപ്രയോഗിച്ചു എനിക്ക് അത് പറയിപ്പിക്കേണ്ടിവരും. അതു ബുദ്ധിമുട്ടാവില്ലേ ? ഇപ്പം സത്യം തുറന്നുപറഞ്ഞാല്‍ നിങ്ങളെ രക്ഷപ്പെടുത്താന്‍ ഞാന്‍ സഹായിക്കാം . പറ എന്താ സംഭവിച്ചത് ?”
“എന്നെ എന്തിനാ ഇങ്ങനെ ഹരാസ് ചെയ്യുന്നേ? എനിക്കറിയില്ലാന്നു പറഞ്ഞില്ലേ?”
അശ്വതിക്കു കരച്ചിലും ദേഷ്യവും വന്നു.
“അപ്പം പറയാന്‍ ഉദ്ദേശമില്ല?”
“എനിക്കറിയില്ലെന്നു പറഞ്ഞല്ലോ .”
“അറസ്റ്റുചെയ്തു ലോക്കപ്പിലിട്ടാല്‍ നാളെത്രെ പത്രത്തില്‍ വേണ്ടയ്ക്കാ വലിപ്പത്തില്‍ വാര്‍ത്തവരും. അതൊഴിവാക്കുന്നതല്ലേ നല്ലത്? കാര്യങ്ങൾ തുറന്നു പറയുകയാണെങ്കിൽ നമുക്ക് ഇവിടെ വച്ചു ഇപ്പം അത് സെറ്റിൽ ചെയ്തു തീർക്കാം. ”
“പ്ലീസ്… എന്നെയൊന്നു വെറുതെവിടൂ… എനിക്കൊന്നും അറിഞ്ഞൂടാ.”
“കൊല നടത്തുന്ന പോലെതന്നെ കുറ്റകരമാണ് അത് ഒളിച്ചുവയ്ക്കുന്നതും .”
“എനിക്കൊന്നും അറിഞ്ഞൂടാന്നു പറഞ്ഞല്ലോ ”
“മനസിലുള്ളതെല്ലാം മുഖത്തു വായിക്കാല്ലോ? അറസ്റ്റുചെയ്തു ജീപ്പില്‍ കേറ്റി കൊണ്ടുപോകണോ അശ്വതി? അതിലും ഭേദം ഇപ്പത്തന്നെ എല്ലാം തുറന്നുപറയുന്നതല്ലേ? ഇപ്പം പറഞ്ഞാല്‍ നിങ്ങളെ രക്ഷിക്കാന്‍ പറ്റും എനിക്ക് . സ്റ്റേഷനില്‍ ചെന്നാ അതു നടക്കിയേല.”
“ഞാന്‍ ഹസ്ബന്‍റിനെ ഒന്നു വിളിച്ചോട്ടെ?” പൊടുന്നനെ അശ്വതി ചോദിച്ചു
“ഹസ്ബന്‍റ് പറയരുതെന്നേ പറയൂ. അതുകൊണ്ട് ഇപ്പം അയാളെ വിളിക്കണ്ട. അശ്വതി എല്ലാം തുറന്നുപറഞ്ഞാല്‍ രണ്ടുപേരേം ഞാൻ കേസീന്ന് ഒഴിവാക്കിത്തരാം. ഞാനത്ര പുണ്യവാളനൊന്നുമല്ല . കൈക്കൂലി കിട്ടിയാൽ എവിടുന്നാണെങ്കിലും ഞാൻ വാങ്ങിക്കും . ഒരുപാട് കാശൊന്നും എനിക്ക് വേണ്ട . ഒരു ഒരുഅമ്പതിനായിരം മതി . അത് അത്ര വലിയ തുകയൊന്നുമല്ലല്ലോ . ഈ കേസ് സുമിത്രയുടെ തലയിൽ തന്നെ കെട്ടിവച്ചു ഞാൻ നിങ്ങളെ രക്ഷിക്കാന്നേ .” ബാലചന്ദ്രന്‍ അടവ് ഒന്ന് മാറ്റി .
അശ്വതി വിഷമവൃത്തത്തിലായി . എന്തുചെയ്യണമെന്ന് അവള്‍ക്കൊരു പിടിയും കിട്ടിയില്ല.
“മടിക്കാതെ തുറന്നുപറഞ്ഞോ. നിങ്ങളുടെ ഹസ്ബന്‍റ് എന്തിനാ അയാളെ കൊന്നത്?”
ബാലചന്ദ്രന് എല്ലാംപിടികിട്ടി എന്ന് അശ്വതിക്ക് മനസിലായി . ഇനി കള്ളം പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
“പറഞ്ഞോളൂ. അശ്വതിയെ ഞാന്‍ രക്ഷിക്കാം. നമുക്ക് ഇപ്പം ഒരു പ്രതി കസ്റ്റഡീൽ ഉണ്ടല്ലോ. അതുകൊണ്ടു യഥാർത്ഥ പ്രതിയെ പിടിച്ചില്ലെങ്കിലും ആരും എന്നെ ശിക്ഷിക്കുവൊന്നുമില്ല . പുനരന്വേഷണത്തിൽ തെളിവൊന്നും കിട്ടിയില്ലെന്ന് ഞാൻ റിപ്പോർട്ട് കൊടുത്തോളാം . പക്ഷെ എനിക്ക് സത്യം അറിയണം ! പറയൂ എന്താ സംഭവിച്ചത് ?” ബാലചന്ദ്രന്‍ ധൈര്യം പകര്‍ന്നു.
“എന്റെ ഹസ്ബന്‍റിനൊരു തെറ്റുപറ്റിയതാണ്. മാപ്പാക്കണം. ദയവുചെയ്ത് എന്നെയും കുഞ്ഞിനേയും വഴിയാധാരമാക്കരുത്. പറഞ്ഞ കാശ് ഞാൻ തരാം.”
കൈകൂപ്പി അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
” ഞാനത്ര പുണ്യാളനൊന്നുമല്ലെന്നു പറഞ്ഞല്ലോ . കാശുകിട്ടിയാല്‍ ഏതു കേസും ഒതുക്കും. കാശുണ്ടാക്കാനല്ലേ ഞാനീ പണിക്കിറങ്ങിയതു തന്നെ. എന്താ സംഭവിച്ചതെന്നു വള്ളിപുള്ളി തെറ്റാതെ എന്നോട് പറ. ഞാൻ നിങ്ങളെ രക്ഷിക്കാം. ” ബാലചന്ദ്രൻ അവൾക്കു ധൈര്യം പകർന്നു .
അശ്വതി ടവ്വലെടുത്തു കണ്ണും മുഖവും തുടച്ചിട്ടു ചോദിച്ചു.
“ഞങ്ങളെ രക്ഷിക്കാമെന്നു പറഞ്ഞത് വിശ്വസിക്കാമോ എനിക്ക് ?”
” തീർച്ചയായും. ബാലചന്ദ്രൻ ഒരു വാക്കു പറഞ്ഞാൽ വാക്കാ . പക്ഷെ സംഭവിച്ചത് മുഴുവൻ തുറന്നുപറയണം എന്നോട്. ഒന്നും ഒളിച്ചുവയ്ക്കാതെ ”
” പറയാം ”
അശ്വതി ഒരു ദീര്‍ഘശ്വാസം വിട്ടിട്ടു തുടർന്നു.
“സുകുവേട്ടന്‍ ശ്രീദേവിയെ കല്യാണം കഴിച്ചപ്പം മുതലു തുടങ്ങിയതാ ഞങ്ങളു തമ്മിലുള്ള പിണക്കം. അതോടെ അമ്മയും അയാളെ വെറുത്തു. അങ്ങനെയാ ഞങ്ങൾക്കീ വീട് കിട്ടിയതും ഞങ്ങൾ ഇവിടെ വന്നു താമസമാക്കിയതും . അമ്മേടെ പേരിലായിരുന്നു ഈ വീട്. അമ്മ മരിക്കുന്നേനു മുമ്പ് ഞങ്ങള്‍ക്കിത് എഴുതിത്തന്നു. ഇതിന്‍റെ പേരില്‍ എന്‍റെ ഹസ്ബന്‍റും സുകുവേട്ടനുമായി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. ഈ വീട് അയാളുടെ പേരിൽ എഴുതിക്കൊടുത്തില്ലെങ്കിൽ എന്റെ ഹസ്ബന്‍റിനെ കൊല്ലുമെന്ന് സുകുവേട്ടന്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു.”
“ഹസ്ബന്‍റിന്‍റെ പേരെന്താന്നാ പറഞ്ഞത് ?”
ബാലചന്ദ്രന്‍ ഇടയ്ക്കുകയറി ചോദിച്ചു.
“രവിശങ്കര്‍.”
“ങ്ഹാ… എന്നിട്ട്…?”
“സുകുവേട്ടന്‍ കൊല്ലപ്പെട്ടതിന്റെ ഒരാഴ്ച മുൻപ് സുകുവേട്ടൻ ഇവിടെ വന്നിരുന്നു. ഒന്നും രണ്ടും പറഞ്ഞ് ഹസ്ബൻഡുമായിട്ട് ഒടക്കി. സുകുവേട്ടന്‍ കത്തിയെടുത്ത് രവിയേട്ടനെ കുത്തി. രവിയേട്ടൻ കൈകൊണ്ടു തടഞ്ഞപ്പോൾ കൈ മുറിഞ്ഞു . ഞാൻ ചെന്ന് പിടിച്ചുമാറ്റി സുകുവേട്ടനെ ഒരുവിധത്തിൽ പറഞ്ഞുവിട്ടു. വീട് എഴുതി തന്നില്ലെങ്കിൽ ഒരുമാസത്തിനകം നിന്നെ കൊന്നു കുഴിച്ചുമൂടുമെന്ന് രവിയേട്ടനെ ഭീഷണിപ്പെടുത്തിയിട്ടാ സുകുവേട്ടൻ പോയത്. അതോടെ രവിയേട്ടന് പേടിയായി. കടയിൽ നിന്ന് രാത്രി തനിച്ചുവരുമ്പോൾ സുകുവേട്ടൻ പതിയിരുന്നു ആക്രമിക്കുമോന്നു രവിയേട്ടന് പേടിയുണ്ടായിരുന്നു. സുകുവേട്ടൻ തന്നെ കൊല്ലുന്നതിനുമുമ്പ് താൻ അയാളെ കൊല്ലുമെന്ന് ഇടയ്ക്കിടെ രവിയേട്ടൻപറയുമായിരുന്നു . സംഭവദിവസം രാത്രിയില്‍ രവിയേട്ടന്‍ സുകുവേട്ടന്‍റെ വീട്ടില്‍ചെന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. ഞാനതറിഞ്ഞിരുന്നില്ല. വെളുപ്പിനാ രവിയേട്ടന്‍ തിരിച്ചു വീട്ടില്‍ വന്നത്. എവിടെപ്പോയീന്നു ചോദിച്ചപ്പം ഒരു ആക്സിഡന്റ് പറ്റി ഒരു സുഹൃത്ത് ആശുപത്രീല്‍ കിടപ്പുണ്ടെന്നും അയാളുടെ അടുത്തായിരുന്നെന്നുംഎന്നോട് കള്ളം പറഞ്ഞു.”
“എന്നിട്ട് അശ്വതി എങ്ങനാ അറിഞ്ഞത് രവിശങ്കറാ കൊന്നതെന്ന്?.”
“ഒരുദിവസം അലക്കാനായി ഷര്‍ട്ടെടുത്തപ്പം രക്തക്കറ കണ്ടു. അപ്പം എനിക്ക് സംശയം തോന്നി. ഞാന്‍ ചോദിച്ചപ്പം ആദ്യം ഒഴിഞ്ഞുമാറി. പിന്നെ വിശദമായിട്ടു ചോദിച്ചപ്പഴാ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞത്.”
അശ്വതി മുഖത്തെ വിയർപ്പുകണങ്ങൾ തുടച്ചു.
“അപ്പം ഹസ്ബന്‍റിനെ രക്ഷിക്കാനാണ് സുമിത്രയേക്കുറിച്ച് നിങ്ങളു കള്ളക്കഥകളുണ്ടാക്കി പോലീസിനോട് പറഞ്ഞത് അല്ലേ?”
”ഉം ”
”ഇനി സത്യം പറ . സുമിത്രയും സുകുമാരനും തമ്മിൽ പ്രേമമായിരുന്നോ ?”
” അല്ല . അവള് പറഞ്ഞതാണ് സത്യം ! ഹസ്ബന്റിനെ രക്ഷിക്കാൻ വേണ്ടി ഞാനവളെ തള്ളിപ്പറഞ്ഞതാണ് ”
“എന്തിനാ ആ പാവം പെണ്ണിന്‍റെ ജീവിതം നിങ്ങളു തകര്‍ത്തത്? ഈശ്വരന്‍ പൊറുക്കുമോ ഈ മഹാപാപം?”
”കൂട്ടുകാരിയെക്കാൾ എനിക്ക് വലുത് എന്റെ ഹസ്ബൻഡല്ലേ സാർ ”
”ആ സംഭവത്തിന്റെ പേരിൽ ആ കുട്ടി അനുഭവിച്ച പ്രയാസങ്ങൾ നിങ്ങൾക്കറിയാമോ ?”
“എന്‍റെ ഹസ്ബന്‍റിനെ രക്ഷിക്കാന്‍വേണ്ടി ഞാന്‍ ഒരു നുണ പറഞ്ഞു. എന്നോട് ക്ഷമിക്കണം .”
അശ്വതി കൈകൂപ്പി കരഞ്ഞുകൊണ്ട് പറഞ്ഞു.
“ക്ഷമ ചോദിക്കേണ്ടത് എന്നോടല്ല. ആ പെണ്ണിനോടാ…”
”തെറ്റുപറ്റിപ്പോയി . മാപ്പാക്കണം ”
”സുമിത്ര കുളിച്ചു കൊണ്ടു നിൽക്കുന്ന ഈ ഫോട്ടോ ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടായിരുന്നോ ?”
” ഇല്ല . ഞാനിതു ആദ്യം കാണുകയാ .”
”അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളിൽ നിന്നാണ് എനിക്ക് ഇത് കിട്ടിയത് . ആരാ ഇത് അവിടെ വച്ചത് . ?”
” എനിക്കറിയില്ല . ഒരു പക്ഷെ സുകുവേട്ടൻ കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തെ ഏതെങ്കിലും പുസ്‌തകമായിരിക്കും. അതൊക്കെ അലമാരയിലിരിപ്പുണ്ടായിരുന്നു .”
”എന്തായാലും ഇത് എന്റെ കയ്യിൽ ഇരിക്കട്ടെ. ”
“ദയവുചെയ്ത് ഈ കേസില്‍നിന്ന് ഞങ്ങളെ ഒഴിവാക്കിത്തരണം സാറെ. ഞാന്‍ സാറിന്‍റെ കാലുപിടിക്കാം.”
“അപ്പം ഈ കേസിൽ സുമിത്ര ശിക്ഷക്കപ്പെട്ടോട്ടെന്നാണോ ?”
“അവളെയും രക്ഷിക്കണം സാറെ.”
“എല്ലാവരെയും രക്ഷിക്കാന്‍ ഞാനെന്താ ദൈവമാണോ?”
ബാലചന്ദ്രന്‍ എണീറ്റു.
അയാള്‍ പുറത്തേക്കിറങ്ങാന്‍ ഭാവിച്ചപ്പോള്‍ അശ്വതി കരഞ്ഞുകൊണ്ട് പിന്നാലെ ചെന്നു.
“സാറിനെ വിശ്വസിച്ചാ ഞാനെല്ലാം തുറന്നുപറഞ്ഞത്. ചതിക്കരുത് . ഹസ്ബൻഡ് വന്നാലുടനെ പണം തരാം ! എന്‍റെ ഹസ്ബന്‍റിനെ അറസ്റ്റു ചെയ്യരുതേ…പ്ലീസ് ”
”നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട് . അതുകൊണ്ടു ഇനി മൊഴിമാറ്റിപ്പറഞ്ഞു രക്ഷപെടാമെന്നു വിചാരിക്കണ്ട ”
ബാലചന്ദ്രന്‍ വെളിയിലേക്കിറങ്ങി കാറിൽ കയറി .


പിറ്റേന്നത്തെ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ പ്രാധാന്യത്തോടെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ശീർഷകം ഇങ്ങനെയായിരുന്നു
‘സുകുമാരന്‍ കൊലക്കേസ്. സഹോദരീ ഭർത്താവ് അറസ്റ്റിൽ .’
ശീര്‍ഷകത്തിനു താഴെ വാര്‍ത്തയുടെ പൂര്‍ണരൂപം ഇങ്ങനെ :
ചങ്ങനാശേരി : കോളിളക്കം സൃഷ്ടിച്ച ചങ്ങനാശേരി സുകുമാരന്‍ കൊലക്കേസിലെ യഥാര്‍ഥ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. സുകുമാരന്‍റെ സഹോദരീ ഭര്‍ത്താവ് വെട്ടിക്കാട്ടില്‍ രവിശങ്കറിനെ(30 ) ഇന്നലെയാണ് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത് . നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച ഈ കേസില്‍ സുമിത്ര എന്ന അധ്യാപികയെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കിയിരുന്നുവെങ്കിലും കോടതിയിൽ അത് സമർപ്പിച്ചിരുന്നില്ല . പിന്നീട് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. സുമിത്രയ്ക്ക് ഈ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് പുനരന്വേഷണം നടത്തിയ കൈംബ്രാഞ്ച് എഎസ്പി ബാലചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
സുകുമാരനും രവിശങ്കറും തമ്മില്‍ കുടുംബസ്വത്തിന്‍റെ പേരില്‍ വഴക്കിടാറുണ്ടായിരുന്നു. കൊല നടന്നതിന് കുറച്ചുദിവസം മുൻപ് സുകുമാരന്‍ രവിശങ്കറിന്‍റെ വീട്ടില്‍ വന്ന് അയാളുമായി വഴക്കുണ്ടാക്കി. സുകുമാരന്‍റെ കുത്തേറ്റ് രവിശങ്കറിന്‍റെ കൈ മുറിഞ്ഞു. ഇതില്‍ കുപിതനായ രവിശങ്കര്‍ ഒരു ദിവസം രാത്രി സുകുമാരന്‍റെ വീട്ടിലെത്തി പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു. രാത്രി പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ അയാള്‍ പൊന്തക്കാട്ടില്‍നിന്നു വെളിയിലിറങ്ങി പരിസരം വീക്ഷിച്ചു. സുകുമാരന്‍റെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ടു. ജനാലയിലൂടെ നോക്കിയപ്പോള്‍ സുകുമാരന്‍ ചാരുകസേരയില്‍ ചാഞ്ഞുകിടന്നു മയങ്ങുകയായിരുന്നു. വീടിനടുത്ത് നേരത്തെ കരുതിവച്ചിരുന്ന ഇരുമ്പുവടിയുമായി വാതില്‍ തുറന്ന് രവിശങ്കര്‍ അകത്തു പ്രവേശിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന സുകുമാരന്‍റെ ശിരസിൽ ഇരുമ്പുവടികൊണ്ട് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട സുകുമാരന്‍ തൽക്ഷണം മരിച്ചു. ഇരുമ്പുവടി പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞിട്ടു രവിശങ്കര്‍ സ്ഥലംവിട്ടു.
സുകുമാരനെ അടിച്ചിട്ടു പുറത്തേക്കിറങ്ങുന്നതിനിടയില്‍ വാതിലില്‍ ഉടക്കി രവിശങ്കറിന്‍റെ ഷര്‍ട്ടിന്‍റെ ഒരു ബട്ടണ്‍ അടര്‍ന്നു താഴെവീണു പോയിരുന്നു. ഈ ബട്ടനാണ് പ്രതിയെ കണ്ടുപിടിക്കാന്‍ ക്രൈംബ്രാഞ്ച് പൊലീസിന് സഹായകമായത് . പ്രതി കുറ്റം സമ്മതിച്ചു .
രവിശങ്കറിന്റെ ഷർട്ടിൽ കണ്ടെത്തിയ രക്തക്കറ സുകുമാരന്റേതാണോ എന്നറിയാൻ വസ്ത്രം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട് .
ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസ് സുമിത്ര എന്ന അധ്യാപികയെ പ്രതിയാക്കി അറസ്റ്റുചെയ്തിരുന്നു . സുകുമാരന്‍റെ സഹോദരിയുടെ മൊഴിയാണ് സുമിത്രയെ പ്രതിയാക്കാന്‍ അന്ന് പോലീസിനെ പ്രേരിപ്പിച്ചതെന്ന് എ എസ് പി ബാലചന്ദ്രൻ പറഞ്ഞു. അശ്വതിയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട് .
സുമിത്രയുടെ സുഹൃത്തായ സതീഷ് എന്നൊരാള്‍ സർക്കാരിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.
യുവ ഐപിഎസ് ഓഫീസര്‍ ബാലചന്ദ്രനായിരുന്നു അന്വേഷണത്തിന്റെ പൂർണമായ ചുമതല. ട്രെയ്നിംഗ് കഴിഞ്ഞ് അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ടായി നിയമിതനായ അദ്ദേഹത്തിന് ആദ്യം ലഭിച്ച കേസന്വേഷണമായിരുന്നു ഇത്. മൂന്നുമാസത്തെ അന്വേഷണത്തിനൊടുവില്‍ നാടകീയമായാണ് പ്രതിയെ അറസ്റ്റുചെയ്തതെന്ന് എഎസ്പി പറഞ്ഞു.
വാര്‍ത്തയോടൊപ്പം പ്രതി രവിശങ്കറിന്‍റെയും കേസ് അന്വേഷിച്ച എഎസ്പി ബാലചന്ദ്രന്‍റെയും ഫോട്ടോകളും പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here