2007 -ലെ ഐസിസി ട്വന്റി-20 ലോകകപ്പ്. വേദി ഡര്‍ബന്‍ സ്റ്റേഡിയം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ വാശിയേറിയ ‘സൂപ്പര്‍ 8’ പോരാട്ടം നടക്കുകയാണ്. മത്സരം 19 ആം ഓവറിലേക്ക് കടന്നിരിക്കുന്നു. പന്തെറിയാനെത്തിയത് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ്. ക്രീസില്‍ നില്‍ക്കുന്നതാകട്ടെ യുവരാജ് സിങ്ങും. ശേഷം ലോകം സാക്ഷിയായത് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച അവിസ്മരണീയ മുഹൂര്‍ത്തത്തിന്. ആദ്യ പന്ത്, രണ്ടാം പന്ത്, മൂന്നാം പന്ത്, നാലാം പന്ത്, അഞ്ചാം പന്ത്, ആറാം പന്ത് – എറിഞ്ഞ പന്തുകളെല്ലാം നിലംതൊടാതെ സിക്‌സര്‍! സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആത്മവിശ്വാസം യുവരാജ് സിങ് തകര്‍ന്നുതരിപ്പണമാക്കിയ നിമിഷം. യുവരാജ് സിങ് ഉഗ്രരൂപം പൂണ്ടതിന്റെ കാരണമെന്താണ്?
തൊട്ടു മുന്നിലെ ഓവറില്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായുള്ള വാക്കേറ്റമാണ് യുവരാജിന്റെ ചൊടിപ്പിച്ചതെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഫ്‌ളിന്റോഫിനോടുള്ള കലി യുവരാജ് ബ്രോഡിനോട് തീര്‍ത്തു. അന്നത്തെ മത്സരത്തില്‍ ഫ്‌ളിന്റോഫ് പറഞ്ഞതെന്താണ്? ഇക്കാര്യം വെളിപ്പെടുത്തുകയാണ് യുവരാജ് സിങ്. ഡര്‍ബനിലെ നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത 20 ഓവറില്‍ നാലിന് 218 റണ്‍സാണ് ഇന്ത്യ കുറിച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടമാകട്ടെ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന് അവസാനിച്ചു.മത്സരത്തിന്റെ 17 ആം ഓവറിലാണ് യുവരാജ് കടന്നുവരുന്നത്. 19 ആം ഓവറായപ്പോഴേക്കും ട്വന്റി-20 ചരിത്രത്തിലെ അതിവേഗ അര്‍ധ സെഞ്ച്വറി താരം കയ്യടക്കി. 12 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ യുവരാജിന് 50 പൂര്‍ത്തിയാക്കാന്‍. 18 ആം ഓവര്‍ മത്സരത്തിലെ വഴിത്തിരിവായെന്ന് പറയാം. കാരണം ഫ്‌ളിന്റോഫിന്റെ ആ ഓവറില്‍ തുടരെ രണ്ടു ബൗണ്ടറികള്‍ യുവരാജ് പായിക്കുകയുണ്ടായി. ഇതിനെ പരിഹസിച്ച് ഫ്‌ളിന്റോഫ് രംഗത്തെത്തിയത് മത്സരത്തിന്റെ താളം പാടെ മാറ്റി.