കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ ജാസ്മിന്‍റെ റൂംമേറ്റായ രേവതി കുത്തഴിഞ്ഞ ജീവിതം നയിച്ചവളായിരുന്നു. ഒരുനാള്‍ സതീഷെന്ന യുവാവ് രേവതിയുടെ വീട്ടില്‍വച്ച് ജാസ്മിനെ വലയിലാക്കാൻ ശ്രമിച്ചു. അവളുടെ ചെറുത്തുനില്പിനെ തുടർന്ന് അയാള്‍ പിന്‍വാങ്ങി. ആ സംഭവം ജാസ്മിന്‍ ആരോടും പറഞ്ഞില്ല. ഹോസ്റ്റലില്‍ ജാസ്മിനെ സന്ദര്‍ശിച്ച ടോണിയുമായി രേവതി ഫ്രണ്ട്ഷിപ്പുണ്ടാക്കി. ഇതറിഞ്ഞ ജാസ്മിന്‍ രേവതി വഴിപിഴച്ചവളാണെന്നു പറഞ്ഞ് ടോണിയെ ആ സൗഹൃദത്തില്‍നിന്നു പിന്തിരിപ്പിച്ചു. ഇതറിഞ്ഞതും കുപിതയായ രേവതി ജാസ്മിന്‍ തന്നേക്കാള്‍ വഴിപിഴച്ചവളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സതീഷിനോടൊപ്പം അവള്‍ കിടക്കുന്നതും കുശലം പറയുന്നതുമായ ദൃശ്യങ്ങള്‍ ടോണിയെ കാണിച്ചുകൊടുത്തു. ജാസ്മിന്റെ മനസ്സറിവില്ലാതെ ഒരു ചതിയിലൂടെ രേവതി മൊബൈലിൽ പിടിച്ചതായിരുന്നു ആ ദൃശ്യങ്ങൾ. അത് കണ്ടതും ജാസ്മിനോടു അങ്ങേയറ്റം വെറുപ്പു തോന്നി ടോണിക്ക് . എങ്കിലും പുറമേ സ്നേഹം അഭിനയിച്ച് അവൻ പ്രണയം തുടര്‍ന്നു. പപ്പ മരിച്ചതിനെത്തുടര്‍ന്ന് ജാസ്മിന്‍ വീട്ടിലേക്കു താമസം മാറ്റി. ജാസ്മിന്‍റെ ചേച്ചി അലീനയെ രണ്ടാം കെട്ടുകാരനായ ഈപ്പന്‍ കല്യാണം കഴിച്ചു. ഈപ്പനു കുട്ടികളുണ്ടാവില്ലെന്ന സത്യം അറിഞ്ഞ അലീന ദുഖിതയായി . ടോണിയുടെ സുഹൃത്തായി മാറിയ സതീഷ് ഒരുനാള്‍ ടോണിയുടെ വീട്ടില്‍ വന്നു. ആ സമയം ജാസ്മിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ടോണി. (തുടര്‍ന്നു വായിക്കുക)
അടുത്ത ക്ഷണം അവള്‍ പടിയിറങ്ങി തിരിച്ചു നടന്നു വീട്ടിലേക്ക്. ടോണി അതുകണ്ടു. അയാള്‍ വേഗം പുറത്തേക്കിറങ്ങി വന്നിട്ട് കൈകൊട്ടി അവളെ വിളിച്ചു. അവള്‍ തിരിഞ്ഞുനിന്നതും ടോണി അടുത്തു ചെന്നിട്ടു ചോദിച്ചു:
“എന്താ വന്നിട്ട് ഒന്നും മിണ്ടാതെ തിരിച്ചുപോകുന്നെ?”
“അയാളെ കാണിക്കാനാണോ ടോണി എന്നെ വിളിച്ചു വരുത്തീത്? ” അവളുടെ കണ്ണുകളിൽ രോഷം .
“ഇയാള്‍ക്കു പേടിയാണോ അയാളെ?”
” എനിക്കിഷ്ടമല്ല ആ മനുഷ്യനെ. ഞാന്‍ പോക്വാ.”
പിന്നെ എന്തെങ്കിലും പറയുന്നതിനു മുമ്പേ അവള്‍ സ്ഥലം വിട്ടു.
ടോണി തിരികെ മുറിയിലേക്കു കയറി.
“എന്താന്നറിയില്ല. സതീഷിനെ അവള്‍ക്ക് ഇഷ്ടമല്ല.”നെറ്റിചുളിച്ചിട്ടു ടോണി തുടർന്നു :” നിങ്ങളു തമ്മില്‍ നേരത്തേ പരിചയമുണ്ടോ?”
അപ്രതീക്ഷിതമായ ആ ചോദ്യം സതീഷിനെ കുഴക്കി. മുഖത്തു ഭാവമാറ്റം വരുത്താതെ അയാള്‍ പെട്ടെന്ന് മറുപടി പറഞ്ഞു:
“ഏയ്… ഇല്ല! എന്തേ അങ്ങനെ ചോദിച്ചത്?”
“ജാസ്മിന്‍ പറഞ്ഞു അവൾക്കു സതീഷിനെ മുന്‍പ് പരിചയമുണ്ടെന്ന്.”
“എവിടെവച്ച്?”
“രേവതി വര്‍മ്മയുടെ വീട്ടില്‍വച്ച്.”
“എന്നെപ്പോലിരിക്കുന്ന വേറാരെങ്കിലുമായിരിക്കും. ഞാൻ കണ്ടിട്ടില്ല . ഒരാളെപോലെയിരിക്കുന്ന ഏഴുപേർ ലോകത്തുണ്ടെന്നല്ലേ പറയുന്നത് ”
“ങ്ഹ. ചിലപ്പം അങ്ങനയായിരിക്കും.”
ടോണിക്ക് ഉള്ളില്‍ പകയാണു തോന്നിയത്. രണ്ടുപേരും കൂടി തന്നെ മണ്ടനാക്കുന്നു. പരിചയമില്ലത്രേ! ഇവന്റെ മുൻപിൽ വച്ച് എല്ലാം വെട്ടിത്തുറന്നു ചോദിക്കാന്‍ വേണ്ടിയായിരുന്നു ജാസ്മിനെ വിളിച്ചു വരുത്തിയത്. പക്ഷേ, അവള്‍ തെന്നി മാറിപ്പോയി . സാരമില്ല. ഇനിയും അവസരം കിട്ടും! അതുവരെ അവള്‍ അഭിനയിയിക്കുന്നപോലെ താനും അഭിനയിച്ച് ഈ നാടകം മുമ്പോട്ടു കൊണ്ടുപോകാം.
ഒരു തെളിഞ്ഞ പ്രഭാതം.
അന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ‘ചിത്തിരപുരത്തെ കർഷകപുത്രന് എം ബി ബിഎസ് പരീക്ഷയിൽ ഉന്നതവിജയം ‘ ! വാര്‍ത്തയോടൊപ്പം ടോണിയുടെ ഫോട്ടോയും.
ജാസ്മിന്‍ അദ്ഭുതത്തോടെയും അതിലേറെ ആഹ്ലാദത്തോടെയുമാണ് വാര്‍ത്ത വായിച്ചത്. പത്രവുമായി അവള്‍ അമ്മയുടെ അടുത്തേക്കു പാഞ്ഞു.
”’അമ്മേ ദേ കണ്ടോ, ടോണിയുടെ ഫോട്ടോ പത്രത്തിൽ ” പത്രം നിവർത്തി അവൾ അമ്മയെ കാണിച്ചു .
മേരിക്കുട്ടി പത്രം വാങ്ങി നോക്കി .
ഫോട്ടോയും വാര്‍ത്തയും കണ്ടപ്പോള്‍ മേരിക്കുട്ടിക്കും വലിയ സന്തോഷമായി.
”മിടുക്കനാ അവൻ. ” മേരിക്കുട്ടി ആരോടെന്നില്ലാതെ പറഞ്ഞു .
“ഞാന്‍ ആഗ്നസാന്‍റീടെ വീടുവരെ ഒന്നു പോയിട്ടു വരാം ട്ടോ .” അമ്മയുടെ സമ്മതത്തിനു കാത്തുനിൽക്കാതെ അവള്‍ പത്രവുമായി ടോണിയുടെ വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു. കിതച്ചുകൊണ്ടാണ് അവള്‍ ഗേറ്റുകടന്നു വീട്ടില്‍ ചെന്നു കയറിയത്.
അനു പത്രം വായിച്ചുകൊണ്ടു മുന്‍വശത്ത് വരാന്തയിലെ അരഭിത്തിയിലിരിപ്പുണ്ടായിരുന്നു. ജാസ്മിനെ കണ്ടതും അവൾ എണീറ്റിട്ടു പറഞ്ഞു.
“ങ്ഹ, ജാസേച്ചി ഞാന്‍ ഇപ്പം അങ്ങോട്ടു വരാന്‍ തുടങ്ങ്വായിരുന്നു. അറിഞ്ഞോ വിശേഷം?”.
“അറിഞ്ഞറിഞ്ഞു. അതു പറയാനാ ഞാനിപ്പം ഓടിക്കിതച്ചിങ്ങോട്ടു വന്നത്. നിങ്ങളെപ്പഴാ അറിഞ്ഞത്?”
“ചേട്ടായി ഇന്നലെ രാത്രി വിളിച്ചു പറഞ്ഞായിരുന്നു .”
“കള്ളൻ !എന്നിട്ട് എന്നോടൊന്നു വിളിച്ചു പറഞ്ഞില്ല . ഇങ്ങു വരട്ടെ. ഞാന്‍ രണ്ടു പറയുന്നുണ്ട് .” – ജാസ്മിന്‍ ഗൗരവം പൂണ്ടു.
സംസാരം കേട്ട് ആഗ്നസ് അകത്തുനിന്ന് വരാന്തയിലേക്കിറങ്ങി വന്നു.
“ആന്‍റീ സന്തോഷമായില്ലേ?”
“പിന്നെ… ഒരുപാട്.”
“ഒരു ഗംഭീരന്‍ സദ്യതരണം കേട്ടോ ആന്‍റീ.”
“തരാല്ലോ മോളേ. അവനൊന്നിങ്ങു വന്നോട്ടെ.”
കുറേനേരം കുശലം പറഞ്ഞിരുന്നു. അവിടെനിന്ന് ഒരു ഗ്ലാസ് ചായയും കുടിച്ചിട്ടാണ് അവള്‍ വീട്ടിലേക്കു മടങ്ങിയത്.
പിറ്റേന്നു വൈകുന്നേരമാണ് ടോണി വീട്ടിലെത്തിയത്. അവന്‍ വന്നിട്ടുണ്ട് എന്നറിഞ്ഞതും ജാസ്മിന്‍ ഒറ്റ ഓട്ടത്തിന് വീട്ടിലെത്തി.
അയല്‍ വീട്ടിലെ ദേവസ്യാച്ചനുമായി വിശേഷങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു ടോണി.
ജാസ്മിനെ കണ്ടിട്ടും കണ്ടഭാവം നടിക്കാതെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവള്‍ക്കു സങ്കടം വന്നു. മുഖം വീര്‍പ്പിച്ചുകൊണ്ട് അവള്‍ അകത്തേക്കു കയറിപ്പോയി. അനുവിനോടു വര്‍ത്തമാനം പറഞ്ഞ് അവള്‍ കിടപ്പുമുറിയില്‍ ഇരുന്നു.
ദേവസ്യാച്ചൻ പോയിക്കഴിഞ്ഞപ്പോൾ ടോണി ജാസ്മിന്‍റെ അടുത്തേക്കു ചെന്നു. ജാസ്മിന്‍ കണ്ടഭാവം നടിക്കാതെ മുഖം കറുപ്പിച്ചു തന്നെ ഇരുന്നു.
“എന്താ ഇത്ര ഗൗരവം?” – പുഞ്ചിരിച്ചുകൊണ്ട് ടോണി അവളുടെ ചുമലില്‍ തട്ടി.
“ഡോക്ടറായപ്പം ആരേം അറിയുകേലെന്നായി അല്ലേ?” നെറ്റി ചുളിച്ചു അവൾ ടോണിയെ നോക്കി.
“അറിയേണ്ടവരെയൊക്കെ അറിയുന്നുണ്ട്.”
ആ മറുപടി ഒട്ടും ഇഷ്ടപ്പെട്ടില്ല ജാസ്മിന്.
“ഞാന്‍ പോക്വാ അനു.”
അവള്‍ എണീറ്റ് പുറത്തേക്കിറങ്ങി വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു.
“ചേട്ടായി എന്തിനാ അങ്ങനെ പറഞ്ഞേ? ജാസേച്ചി പിണങ്ങി പോയത് കണ്ടില്ലേ .”
“അതൊരു സൗന്ദര്യപ്പിണക്കമാന്നേ . പോയപോലെ തിരിച്ചു ഇങ്ങോട്ടു വരും.” ടോണി അതു നിസ്സാരമായി തള്ളി.
”ജാസേച്ചി പറഞ്ഞത് നേരാ . ചേട്ടായിക്ക് ഇപ്പം ഇത്തിരി ഗമ കൂടീട്ടുണ്ട്!”
“ഇപ്പം ഞാനൊരു ഡോക്ടറല്ലേടി ? അതിന്‍റെ ഗമ കാണിക്കാതിരിക്കാന്‍ പറ്റുമോ?”
”ഓ ഒരു വലിയ ഡോക്ടർ . വേറാരും ഡോക്ടറാകാത്തപോലെ ”
”ഈ ചിത്തിരപുരത്തുനിന്ന് വേരാടീ ഡോക്ടറായിട്ടുള്ളത് ?”
അങ്ങനെ പറഞ്ഞിട്ട് ടോണി അമ്മയുടെ അടുത്തേക്കു പോയി.
വീട്ടില്‍ തിരിച്ചെത്തിയ ജാസ്മിന് സഹിക്കാനാവാത്ത ആത്മനൊമ്പരം തോന്നി. സന്തോഷം പങ്കിടാന്‍ ഓടിക്കിതച്ചു ചെന്നപ്പോള്‍ കണ്ട ഭാവംപോലും നടിച്ചില്ലല്ലോ ആ മനുഷ്യന്‍! ഡോക്ടറായതിന്റെ അഹങ്കാരമായിരിക്കും. അഹങ്കരിച്ചോട്ടെ. താൻ ഇനി മിണ്ടാന്‍ പോകുന്നില്ല.
പിറ്റേന്നു പുഴക്കരയില്‍ വച്ചു കണ്ടപ്പോള്‍ ജാസ്മിന്‍ മുഖം വീര്‍പ്പിച്ചു നിന്നതേയുള്ളൂ. ഒന്നും മിണ്ടിയില്ല .
ടോണിയും മിണ്ടാൻ പോയില്ല .
രണ്ടു ദിവസം അവള്‍ മിണ്ടാതെ മുഖം കറുപ്പിച്ചുതന്നെ നടന്നു. ഒടുവില്‍ പരാജയം സമ്മതിച്ചത് ജാസ്മിൻ തന്നെയായിരുന്നു. കോളജിലേക്കുള്ള യാത്രാമദ്ധ്യേ വഴിയില്‍വച്ചു കണ്ടപ്പോള്‍ അവള്‍ ഗൗരവഭാവത്തിൽ പറഞ്ഞു:
“ഡോക്ടറാകുന്നത് വല്യ ആനക്കാര്യമൊന്നുമല്ല.”
“എനിക്കത് ആനക്കാര്യം തന്നെയാ.”
ടോണിയും ഗൗരവത്തിലായിരുന്നു.
“ടോണി ആളാകെ മാറിപ്പോയീട്ടോ.”
ജാസ്മിന്‍റെ സ്വരം ഇടറി.
“മാറിയതല്ലാ… മാറ്റിയതാ…”
“ആര് ?”
“നീ…”
“ഞാനോ?” – അവള്‍ അദ്ഭുതം കൂറി .
“അതേടീ നീ തന്നെ.” ടോണി ക്രുദ്ധനായി അവളെ നോക്കിയിട്ടു ചോദിച്ചു: “എത്രകാലം എന്നെ പറ്റിച്ചു നടക്കാന്നു വിചാരിച്ചു നീ?”
“ടോണി എന്താ ഈ പറയുന്നേ?”
“ഞാനൊരു മണ്ടനാണെന്നു നീ കരുതിയോ?.” കണ്ണു തുറിച്ചു കുറച്ചുനേരം അവളെതന്നെ നോക്കി നിന്നിട്ട് അവന്‍ നടന്നകന്നു.
ജാസ്മിന്‍റെ ഹൃദയത്തിൽ ഒരു സൂചി കൊണ്ടതുപോലെ തോന്നി. സതീഷ് തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു കാണുമോ ?
അന്നു വൈകുന്നേരം കോളജ് വിട്ടു വന്നതേ ജാസ്മിന്‍ ടോണിയെ കാണാന്‍ അവന്റെ വീട്ടില്‍ ചെന്നു. ടോണിയെ വിളിച്ചിറക്കി മാറ്റി നിറുത്തിയിട്ട് അവള്‍ പറഞ്ഞു:
“ഇന്നു കോളജില്‍ പോയിട്ട് ഒരക്ഷരം പഠിക്കാൻ പറ്റിയില്ല എനിക്ക്. ഞാനെന്താ ടോണിയോടു ചെയ്തത്? പറ “
“ഇപ്പം അതിനെപ്പറ്റി സംസാരിക്കാന്‍ പറ്റിയ സമയമല്ല. വീട്ടില്‍ അമ്മയും അനുവുമുണ്ട്.”
”ടോണി ഇങ്ങനെ പിണങ്ങിയിരിക്കുന്നത് എനിക്കു സഹിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ ഇതാദ്യായിട്ട് ഇത്രയും ദിവസം ടോണി എന്നോടു മിണ്ടാണ്ടിരിക്കുന്നത്. ഇന്നലെ രാത്രി എനിക്കുറങ്ങാന്‍ കൂടി പറ്റിയില്ല. ?”
“നിന്നെ ഉറക്കേണ്ട ജോലി എന്‍റേതാണോ?”
“എന്താ ഇങ്ങനെ പറയുന്നേ ?ടോണി ആകെ മാറിപ്പോയീട്ടോ. എന്നെ ഒഴിവാക്കാന്‍ ശ്രമിക്ക്വാണോ ടോണി?”
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ടിട്ടും ടോണിക്ക് ഭാവമാറ്റം ഒന്നും ഉണ്ടായില്ല .സ്വരം ഉയർത്തി അവൻ ചോദിച്ചു
“സത്യം പറയണം. ഇയാളെന്നെ ആത്മാര്‍ത്മമായിട്ടു സ്നേഹിക്കുന്നുണ്ടോ?”
“എന്തേ ഇപ്പം ഇങ്ങനെയൊരു ചോദ്യം?”
അവള്‍ ആശ്ചര്യപ്പെട്ടു.
“സതീഷിനെ നേരത്തെ നിനക്കു പരിചയമുണ്ടോ?”
അപ്രതീക്ഷിതമായ ആ ചോദ്യം അവളെ ഒന്നുലച്ചു. സതീഷ് എന്തൊക്കെയോ കഥകള്‍ പറഞ്ഞു വിശ്വസിപ്പിച്ചുണ്ടെന്ന് അവള്‍ക്കു മനസ്സിലായി. എന്തു മറുപടി പറയണം? പരിചയമുണ്ടെന്നു പറഞ്ഞാല്‍ ടോണി തെറ്റിദ്ധരിക്കും. അക്കാര്യം നേരത്തെ പറയാതിരുന്നതെന്തേ എന്ന് ചോദിച്ചാൽ തനിക്ക് ഉത്തരം മുട്ടും . ഈ ബന്ധം അതോടെ അവസാനിക്കും. ടോണിയെ നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ വയ്യ .
പരിചയമില്ലെന്നു പറയാം. കണ്ടിട്ടുണ്ടെന്നു തെളിയിക്കാനാവില്ലല്ലോ.
“ഇല്ല.”
അങ്ങനെ പറഞ്ഞെങ്കിലും അവളുടെ ഉള്ളില്‍ കുറ്റബോധം ഉണ്ടായിരുന്നു.
“സത്യാണോ താന്‍ പറഞ്ഞത്?”
“ഉം.” – അവളുടെ ശബ്ദം പതറി.
“സോറി. ഞാന്‍ തന്നെ തെറ്റിദ്ധരിച്ചു പോയി. സതീഷ് ഓരോന്നു പറഞ്ഞപ്പം ഞാന്‍ വിശ്വസിച്ചു പോയി. ക്ഷമിക്ക്.”
ഹൊ! ജാസ്മിന് ആശ്വാസമായി.
“നമ്മളെ തമ്മില്‍ അകറ്റാന്‍ വേണ്ടി അയാളു പലതും പറയും ടോണി. ഒന്നും വിശ്വസിച്ചേക്കരുത്. അയാളുമായിട്ടുള്ള ഫ്രണ്ട്ഷിപ്പ് കൊള്ളില്ല. കള്ളനാ . അയാളുടെ മുഖം കണ്ടാലറിയാം.”
“നിറുത്തി. അയാളുമായുള്ള സൗഹൃദം ഈ നിമിഷം ഞാനവസാനിപ്പിച്ചു.”
“ഇനി എന്നോടു പിണങ്ങിയിരിക്ക്വോ?”
“ഇല്ല.”
“എന്നാ എനിക്കൊരു കിസ് താ. ഈ കൈ വെള്ളയിൽ .” – അവള്‍ വലതു കരം നീട്ടി.
“ഇപ്പ വേണ്ട. ആരെങ്കിലും കാണും.”
“ഞാന്‍ സന്തോഷായിട്ടു പൊക്കോട്ടെ.”
“പൊക്കോ.”
“സത്യത്തില്‍ ഞാന്‍ പോടിച്ചുപോയിട്ടോ. ടോണി എന്നെ ഉപേക്ഷിച്ചോന്നോര്‍ത്ത്. ഇന്നലെ രാത്രി അതോര്‍ത്തു ഞാൻ ഒരുപാട് സങ്കടപ്പെട്ടു . ഉറങ്ങാൻ കൂടി പറ്റിയില്ല ”
“ഇന്നു സന്തോഷമായിട്ടു കിടന്നുറങ്ങിക്കോ .”
“ഇപ്പം ഒരുപാട് ആശ്വസമായി ട്ടോ . വരട്ടെ.” – അവള്‍ യാത്ര ചോദിച്ചു
”ഉം ”
അവള്‍ പോയി കഴിഞ്ഞപ്പോള്‍ ടോണി നിലത്തേക്ക് കാര്‍ക്കിച്ചൊന്നു തുപ്പി.
വീണ്ടുംവീണ്ടും കള്ളം പറഞ്ഞ് അവള്‍ തന്നെ വഞ്ചിക്കുന്നു. ഇവളോടു ഏതുരീതിയില്‍ പ്രതികാരം ചെയ്യണം? എന്തൊക്കെ ചെയ്താലും തൃപ്തിവരില്ല ! അത്രയേറെ വെറുപ്പു തോന്നുന്നു ആ മനുഷ്യസ്ത്രീയോട്! ഇരട്ടമുഖമുള്ള യക്ഷി.
ടോണി പല്ലു ഞെരിച്ചു
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17