ഒരുദിവസം രാവിലെ ഒൻപതു മണി കഴിഞ്ഞ നേരം!
മുന്‍വശത്തെ തൊടിയില്‍, കാന്താരി ചീനിയില്‍ നിന്നു മുളകു പറിക്കുകയായിരുന്നു സുമിത്ര.
ആ സമയത്താണ് ബാലചന്ദ്രന്‍ റോഡിലൂടെ നടന്നു പോകുന്നത് കണ്ടത്.
പരസ്പരം മിഴികള്‍ കോര്‍ത്തപ്പോള്‍ ബാലചന്ദ്രന്‍ പുഞ്ചിരിച്ചു. സുമിത്രയും.
ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിമാത്രം സമ്മാനിച്ചിട്ട് അയാൾ നടന്നകലുന്നതു കണ്ടപ്പോള്‍ വിഷമം തോന്നി സുമിത്രയ്ക്ക്!
തന്നോട് പിണക്കമായിരിക്കും!
ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ മൈന്‍ഡ് ചെയ്യാതിരുന്നതുകൊണ്ടാവാം ഒരക്ഷരം പോലും ഉരിയാടാതെ കടന്നുപോയത്!
ഛെ! അന്ന് എന്തെങ്കിലുമൊന്നു ചോദിക്കാമായിരുന്നു.
സുമിത്രയുടെ മനസിലെവിടെയോ മുള്ളുകൊണ്ടതുപോലൊരു ഒരു നൊമ്പരം!
തൊടിയില്‍നിന്ന് തിരികെ അവള്‍ വീട്ടിലേക്ക് കയറി.
മനസിലെ നൊമ്പരം കൂടിക്കൂടി വന്നപ്പോള്‍ കട്ടിലില്‍ പോയി കിടന്നു അവള്‍.
കണ്ണടച്ചു കിടന്നപ്പോൾ ബാലചന്ദ്രന്‍റെ മുഖം മനസിൽ തെളിഞ്ഞു !
ഒന്നും മിണ്ടാതെ പോയല്ലോ അദ്ദേഹം! എന്തെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കിൽ തീർച്ചയായും താൻ ഉള്ളുതുറന്ന് സംസാരിച്ചേനെ .
പരിചയം പുതുക്കാൻ കയറിവന്നപ്പോൾ താൻ മൈൻഡ് ചെയ്യാതിരുന്നത് മോശമായിപ്പോയി! ഇനി അതിനെപ്പറ്റി ആലോചിച്ചിട്ടെന്തു കാര്യം ! പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ.
വൈകുന്നേരം സ്കൂള്‍വിട്ട് അജിത്മോന്‍ വന്നു.
ബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് അവന്‍ അടുക്കളയിൽ സുമിത്രയുടെ അടുത്തേക്കുചെന്നു.
“ചേച്ചീ… ഞാന്‍ ബാലേട്ടനെ കാണാന്‍ പൊക്കോട്ടെ “
“ഓ , നിങ്ങളിപ്പം വല്യ ഫ്രണ്ട്സ് ആയല്ലോ അല്ലേ !”
”ചേച്ചി ബാലേട്ടൻ വന്നപ്പം ഒന്നും മിണ്ടാതിരുന്നതുകൊണ്ടല്ലേ ? മിണ്ടിയായിരുന്നേൽ ഇപ്പം ചേച്ചിക്കും ഫ്രണ്ട് ആകാൻ മേലായിരുന്നോ ”
”അയാൾ അടുത്തു കൂടി എന്തോ തട്ടിപ്പു നടത്താൻ വന്നതാണെന്നല്ലേടാ ഞാൻ കരുതീത് ”
”ഇപ്പം ചേച്ചിക്ക് സംശയം മാറിയോ ?”
”കണ്ടിട്ട് കുഴപ്പമില്ലാത്ത ആളാണെന്നു തോന്നുന്നു ”
”ശരിക്കും കഥ എഴുത്തുകാരൻ തന്നെയാ ചേച്ചി. ഞാൻ ചെല്ലുമ്പഴൊക്കെ എന്തേലും എഴുതിക്കൊണ്ടിരിക്കയാവും ”
”അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ ”
” ബാലേട്ടൻ നല്ല സ്നേഹമുള്ള ആളാ ചേച്ചി . എന്നെ എന്തിഷ്ടമാന്നോ !”
” നീ അയാളെ സോപ്പിട്ടു കയ്യിലെടുത്തു. ങ് ഹ ചെല്ല് . പോയിട്ട് വേഗം വന്നേക്കണേ ”
”ഉം ”
ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രവേഗം ചേച്ചി അനുവാദം തരുമെന്ന്.
ആഹ്ലാദത്തോടെ അവന്‍ വെളിയിലേക്കോടാന്‍ ഭാവിച്ചപ്പോള്‍ സുമിത്ര പറഞ്ഞു.
“അതേയ്… സിനിമേല് എനിക്കുകൂടി ഒരു ചാന്‍സ് തരാമോന്നു ഞാന്‍ ചോദിച്ചൂന്ന് പറയണേ ..”
അതു പറഞ്ഞിട്ട് സുമിത്ര ചിരിച്ചു.
“ചാന്‍സ് തരാന്നു പറഞ്ഞാല്‍ ചേച്ചി അഭിനയിക്ക്വോ?” തിരിഞ്ഞു നിന്ന് അവൻ ചോദിച്ചു.
“എന്താടാ അഭിനയിച്ചാല്? നിനക്കഭിനയിക്കാങ്കില്‍ എനിക്കു അഭിനയിക്കൻമേലെ ?”
“എന്നാല്‍ ഞാന്‍ പറഞ്ഞു ചാന്‍സ് വാങ്ങിത്തരാം. ഞാന്‍ പറഞ്ഞാ ബാലേട്ടന്‍ കേള്‍ക്കാതിരിക്കില്ല.”
“ഓ… നിന്‍റെയൊരു ബാലേട്ടന്‍. ഊണിലും ഉറക്കത്തിലും ഇപ്പം അതേയുള്ളൂ ചെക്കന് ”
സുമിത്ര കളിയാക്കി.
“പോ ചേച്ചീ ഒന്ന്.”
അജിത്മോന്‍ നേരെ ബാലചന്ദ്രന്‍റെ വീട്ടിലേക്ക് പാഞ്ഞു.
മുറിയില്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ബാലചന്ദ്രന്‍. അജിത്മോനെ കണ്ടതും അദ്ദേഹം വാതില്‍ തുറന്ന് പുറത്തേക്കു ഇറങ്ങി വന്നു.
“വാ.. വാ… കമ്പനിക്ക് ഒരാളെ നോക്കിയിരിക്ക്വായിരുന്നു ഞാന്‍. എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ നീയിപ്പം ”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ അജിത്മോനെ അകത്തേക്ക് ക്ഷണിച്ചു.
“കഥ എഴുതി തീരാറായോ?”
അകത്തേക്ക് കയറുന്നതിനിടയില്‍ അജിത്മോന്‍ ചോദിച്ചു.
“തുടങ്ങിയതേയുള്ളൂ.”
” എന്നാ തിരിച്ചു പോകുന്നേ ?”
”കുറെ ദിവസം കൂടി ഇവിടെ ഉണ്ടാകുമെടാ കുട്ടാ ”
ബാലചന്ദ്രൻ അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു ..
“ബാലേട്ടന്റെ സിനിമയില് ചേച്ചിക്കുകൂടി ഒരു ചാന്‍സ് കൊടുക്കാമോന്നു ചോദിച്ചു.”
” ആര് ചോദിച്ചു ?”
” ചേച്ചി”
“അത് നീ എന്നെ ഒന്ന് കളിയാക്കിയതാണല്ലോടാ ?”
“അല്ല. ചാന്‍സ് കൊടുത്താല്‍ ചേച്ചി അഭിനയിക്കാന്നു എന്നോട് ഉറപ്പു പറഞ്ഞു.”
“എങ്കില്‍ ചേച്ചിയോട് പറ, എന്നോട് നേരിട്ട് ചോദിക്കാൻ ”
“അങ്ങനൊന്നും ചോദിക്കൂല്ല ചേച്ചി.”
“വല്ല്യ ഗമയാ നിന്‍റെ ചേച്ചിക്ക് അല്ലേ?”
“ചേച്ചി പാവമാ ബാലേട്ടാ.”
“പാവമാണെങ്കില്‍ പിന്നെയെങ്ങനാടാ കൊലക്കേസില്‍ പ്രതിയായത്?”
“അതു ചേച്ചിയെ പോലീസുകാര്‍ കുടുക്കിയതാ. ഒരുറുമ്പിനെപ്പോലും കൊല്ലാത്തയാളാ എന്‍റെ ചേച്ചി.”
“അത്രയ്ക്കു വിശ്വാസമാണോ നിനക്ക് നിന്റെ ചേച്ചിയെ?”
“ഉം…”
“പിന്നെയാരാ മറ്റെയാളെ കൊന്നത്?.”
“എനിക്കറിയാന്മേല .”
“ചേച്ചി അതിനെപ്പറ്റി വല്ലതും പറഞ്ഞിട്ടുണ്ടോ?”
“ഇല്ല.”
”ഒന്നും പറഞ്ഞിട്ടില്ലേ? ”
” ഉം ഉം . ”
”ജയേട്ടനുമായി എന്തിനാ ചേച്ചി പിണങ്ങിയത്? ”
”ചേച്ചി പിണങ്ങിയതല്ല . ജയേട്ടൻ പിണങ്ങി പോയതാ ”
” അതെന്തിനാന്നാ ചോദിച്ചത് ?”
”ചേച്ചിയെ കല്യാണം കഴിച്ചാൽ ജയേട്ടന് നാണക്കേടാണെന്ന് ”
” എങ്കിൽ പിന്നെ അയാളെന്തിനാ ശശികലയെ കല്യാണം കഴിച്ചത് ?”
”ചേച്ചിയോടുള്ള ദേഷ്യത്തിനാ. ”
”അതെന്താ ചേച്ചിയോട് ഇത്ര ദേഷ്യം വരാൻ കാരണം ?”
” എനിക്കറിഞ്ഞൂടാ ”
” ജയേട്ടൻ നല്ല സ്നേഹമുള്ള ആളായിരുന്നോ ?”
”അമ്മ മരിക്കുന്നതിനു മുൻപ് നല്ല സ്നേഹമുള്ള ആളായിരുന്നു.അമ്മ മരിച്ചേപ്പിന്നെ ഞങ്ങളോട് ഒട്ടും സ്നേഹമില്ലായിരുന്നു ”
തെല്ലുനേരം ബാലചന്ദ്രന്‍ അവന്‍റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു.
“എന്താ നോക്കുന്നേ?”
അജിത്മോന് തെല്ലു ഭയം തോന്നി.
“ചുമ്മാതാടാ കുട്ടാ ” ബാലചന്ദ്രൻ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ടു വാത്സല്യത്തോടെ ആ കവിളിൽ ഒരു മുത്തം നൽകി.
“ബാലേട്ടന്‍ എന്‍റെ വീട്ടിലേക്ക് വരാമെന്നു പറഞ്ഞിട്ട് വന്നില്ലല്ലോ?”
“ഞാനിന്നു നിന്റെ വീടിനു മുമ്പില്‍ക്കൂടി പോയിരുന്നു. നിന്റെ ചേച്ചിയെ കാണുകേം ചെയ്തു. പക്ഷേ, ചേച്ചി എന്നോടൊരക്ഷരം മിണ്ടിയില്ല. ഞാനും മിണ്ടിയില്ല. ഇങ്ങോട്ട് മിണ്ടിയിരുന്നെങ്കില്‍ ഞാനും മിണ്ടിയേനെ . വീട്ടിലേക്ക് കയറിവരുകയും ചെയ്തേനെ.”
” ചേച്ചിക്കിപ്പം പരിചയമില്ലാത്ത എല്ലാവരെയും പേടിയാ ”
” അതെന്താ ?”
”അറിയാന്മേല ”
”എന്നെയും പേടിയാണോ ?’
” ഇപ്പം ബാലേട്ടനോട് ഇഷ്ടമാ ”
”അതെങ്ങനെ മനസിലായി?
”അതൊക്കെ ചേച്ചീടെ വർത്തമാനത്തീന്ന് പിടികിട്ടി”
”ചേച്ചി എന്ത് പറഞ്ഞു ”
”ബാലേട്ടനെക്കുറിച്ചു എപ്പഴും പറയും.”
” എന്ത് പറയും?”
” മിണ്ടാതെ പോയതിൽ വിഷമമുണ്ടെന്നു പറയും ”
”ചേച്ചിക്ക് വിഷമമുണ്ടെന്നോ ?”
”ഉം .”
”എങ്കിൽ ചേച്ചിയോട് എന്നെ വന്നു വിളിക്കാൻ പറ. ഞാൻ വരാം ”
”ചേച്ചി വിളിക്കില്ല. ചേച്ചിക്ക് നാണമാ ”
”എന്തിനാ നാണിക്കുന്നേ? പണ്ട് എന്റെ കയ്യിൽ തൂങ്ങിനടന്ന കുസൃതിക്കുടുക്കയായിരുന്നു നിന്റെ ചേച്ചി ”
”അതൊന്നും ഓർക്കുന്നില്ലാന്നു പറഞ്ഞു ചേച്ചി ”
” എങ്ങനെ ഒർക്കാനാ . രണ്ടോ മൂന്നോ വയസ്സല്ലേയുള്ളൂ അപ്പം .”
കുറച്ചുനേരം കൂടി അവര്‍ കുശലം പറഞ്ഞിരുന്നു. പിന്നെ യാത്രപറഞ്ഞു പിരിഞ്ഞു.
അജിത് തിരിച്ച് വീട്ടില്‍ വന്നുകയറിയ ഉടനെ അവന്‍ സുമിത്രയോട് ചോദിച്ചു.
“ഇന്നു ബാലേട്ടന്‍ ഈ വഴി പോയിരുന്നു അല്ലേ ചേച്ചീ?”
“ഉം.”
“ചേച്ചി ബാലേട്ടനോട് ഒന്നും മിണ്ടിയില്ലാന്നു പറഞ്ഞു?”
“ഇങ്ങോട്ടും ഒന്നും മിണ്ടിയില്ലല്ലോ.”
“ബാലേട്ടന്‍ പറഞ്ഞതു നേരാ. ചേച്ചിക്ക് വല്യ ഗമയാ. ചേച്ചി എന്തെങ്കിലുമൊന്നു മിണ്ടിയിരുന്നെങ്കില്‍ ബാലേട്ടന്‍ ഇങ്ങോട്ട് കയറിവരുമായിരുന്നു.”
“ബാലേട്ടന്‍ അങ്ങനെ പറഞ്ഞോ?”
“ഉം.”
“അതിന് അയാളും ഇങ്ങോട്ടൊന്നും ചോദിച്ചില്ലല്ലോ.”
” ചേച്ചി അങ്ങോട്ടൊന്നും ചോദിക്കാതിരുന്നതുകൊണ്ടാ ബാലേട്ടൻ മിണ്ടാതെ പോയത് . ചേച്ചിക്ക് വല്യ ഗമയാ ന്നു പറഞ്ഞു. ”
എന്തെങ്കിലുമൊന്ന് ചോദിക്കാമായിരുന്നെന്നു സുമിത്രക്ക് തോന്നി .
“ബാലേട്ടന്‍ പാവമാ ചേച്ചീ. എന്നെ എന്തിഷ്ടാന്നോ! നമുക്ക് ബാലേട്ടനെ വിളിച്ച് ഒരു സദ്യ കൊടുക്കണം.”
“ങ് ഹ , നമുക്കാലോചിക്കാം ”
” ആലോചിച്ചാൽ പോരാ , കൊടുക്കണം .”
”കൊടുക്കാടാ ”
“എന്ന്?”
“അടുത്ത ശനിയാഴ്ച നിന്‍റെ ബർത്ത് ഡേ അല്ലേ . നീ ചെന്ന് വിളിച്ചോ. നമുക്ക് ഒരു ഊണ് കൊടുക്കാം .”
“ചേച്ചി വിളിച്ചാലേ ബാലേട്ടന്‍ വരൂ.”
“അതുവേണ്ട. ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞു നീയങ്ങു വിളിച്ചാല്‍ മതി.”
“ഞാന്‍ വിളിച്ചാല്‍ വര്വോന്ന് അറിഞ്ഞൂടാ. എന്തായാലും ഞാന്‍ നാളെ പോയി ഒന്ന് വിളിച്ചുനോക്കാം.”
അതു പറഞ്ഞിട്ട് വേഷം മാറാനായി അജിത്മോന്‍ മുറിയിലേക്ക് പോയി.
ശനിയാഴ്ച.
അജിത്മോന്‍റെ ജന്മദിനം!
അടുക്കളയില്‍ ചോറും കറികളുമുണ്ടാക്കുന്ന തിരക്കിലായിരുന്നു സുമിത്ര. സഹായിക്കാന്‍ അജിത്തുമുണ്ട് തൊട്ടടുത്ത്.
സുമിത്ര ഓര്‍ക്കുകയായിരുന്നു. കഴിഞ്ഞ ജന്മദിനത്തിന് അമ്മയും ശശികലയും ജയേട്ടനുമൊക്കെയുണ്ടായിരുന്നു സദ്യയുണ്ണാന്‍! എന്തൊരു രസമായിരുന്നു അന്ന്! തന്നെ ഒറ്റയ്ക്കാക്കിയിട്ട് എല്ലാവരും പോയില്ലേ! സ്വര്‍ഗത്തിലിരുന്ന്, തന്റെ ദുരിതങ്ങൾ കണ്ട് അമ്മ കരയുന്നുണ്ടാകും ഇപ്പോൾ ! അറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞുപോയി.
“ചേച്ചി എന്താ ആലോചിക്കുന്നേ?”
അജിത് മോൻ ചോദിച്ചു.
“ഞാന്‍ നമ്മുടെ അമ്മയെക്കുറിച്ച് ഓര്‍ത്തുപോയെടാ . അമ്മയുണ്ടായിരുന്നെങ്കില്‍ എന്തു രസായിരുന്നു, അല്ലേടാ “
“ഉം…”
സുമിത്ര ക്ളോക്കിലേക്കു നോക്കി.
മാണി പന്ത്രണ്ട് മുപ്പത്തഞ്ച് .
“ഇത്ര നേരമായിട്ടും കണ്ടില്ലല്ലോടാ നിന്‍റെ ബാലേട്ടനെ. വരാന്നു പറഞ്ഞു നിന്നെ പറ്റിച്ചതാണോടാ?”
“ഏയ്. വരൂന്ന് ഉറപ്പുപറഞ്ഞതാ. വന്നില്ലെങ്കില്‍ ഇനി ഞാന്‍ ബാലേട്ടനോട് മിണ്ടുകേയില്ല.”
“ഞാന്‍ വിളിക്കാത്തതുകൊണ്ട് ചിലപ്പം വരില്ലായിരിക്കും.”
“വരും. വരാണ്ടിരിക്കില്ല. എന്നെ അത്രയ്ക്കിഷ്ടാ ബാലേട്ടന്.”
സുമിത്ര പിന്നൊന്നും മിണ്ടിയില്ല.
“ദേ ചേച്ചിയോട് ഒരു കാര്യം പറഞ്ഞേക്കാം. ബാലേട്ടന്‍ എന്തെങ്കിലുമൊക്കെ ചോദിച്ചാല്‍ നല്ല മണിമണിയായി മറുപടി പറഞ്ഞോണം. വല്യ വെയിറ്റിട്ടു നിക്കരുത് ” അജിത്തിന്റെ കല്പനകേട്ട് ചിരിവന്നുപോയി സുമിത്രയ്ക്ക്.
എന്തൊരു ആവേശമാണ് ഈ ചെക്കന്!
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്ത് ഗേറ്റു തുറക്കുന്ന ശബ്ദം!.
അജിത്മോന്‍ ഓടിച്ചെന്നു നോക്കി.
വർണക്കടലാസിൽ പൊതിഞ്ഞ ഒരു സമ്മാനപ്പൊതി കയ്യിൽ പിടിച്ചുകൊണ്ട് ബാലചന്ദ്രന്‍ ഗേറ്റുതുറന്നു കയറി വരുന്നു. ജുബ്ബയും മുണ്ടുമാണ് വേഷം.
അജിതിന്‍റെ മനസില്‍ ആഹ്ലാദത്തിന്‍റെ വേലിയേറ്റം. അവന്‍ ഓടിച്ചെന്ന് ചേച്ചിയോട് വിവരം പറഞ്ഞു.
സുമിത്രയ്ക്ക് ആകെ സങ്കോചമായിരുന്നു. എങ്ങനെ സ്വീകരിക്കണം? എന്തു പറയണം? തന്നോട് അതൃപ്തിയുണ്ടാകുമോ ആ മനസില്‍?
ടര്‍ക്കി ടവ്വലില്‍ കൈ തുടച്ചിട്ട് അജിത്മോന്‍റെ കൂടെ അവളും വെളിയിലേക്കിറങ്ങിച്ചെന്നു.
ബാലചന്ദ്രന്‍ മുറ്റത്തുനിന്ന് വരാന്തയിലേക്ക് കയറുകയായിരുന്നു അപ്പോള്‍.
സുമിത്രയെ നോക്കി അയാൾ ഹൃദ്യമായി ചിരിച്ചു . സുമിത്രയും ഹൃദയം തുറന്നു ചിരിച്ചു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































