അജിത് മോൻ സ്കൂള്‍വിട്ടു വീട്ടില്‍ വന്നപ്പോള്‍ സുമിത്ര ഒരു മൂളിപ്പാട്ടും പാടി അടുക്കളയില്‍ പാലു ചൂടാക്കുകയായിരുന്നു.
അവന് അതിശയം തോന്നി..
എന്നും കണ്ണീരും കരച്ചിലുമായി കഴിയുന്ന ചേച്ചിക്കെന്തേ ഇങ്ങനെയൊരു മാറ്റം?
സ്കൂള്‍ ബാഗ് മേശപ്പുറത്തു വച്ചിട്ട് അവന്‍ അടുക്കളയില്‍, ചേച്ചിയുടെ അടുത്തേക്ക് ഓടി ചെന്നു .
“ഇന്നെന്താ ചേച്ചീ ഇത്ര സന്തോഷം?”
പലഹാരപാത്രം തുറന്ന് ഒരു ബിസ്കറ്റെടുത്തു കടിച്ചു കൊണ്ടവന്‍ ചോദിച്ചു.
“ജയേട്ടന്‍ വിളിച്ചിരുന്നു.”
“അതാ ചേച്ചിക്കിത്ര സന്തോഷം അല്ലേ?”
സുമിത്ര പുഞ്ചിരിച്ചതേയുള്ളൂ.
“ജയേട്ടന്‍റെ പിണക്കമൊക്കെ മാറിയോ ചേച്ചീ?”
“ഉം.”
“എന്നാ പറഞ്ഞു?”
സുമിത്ര എല്ലാ കാര്യങ്ങളും അജിത്തിനോട് പറഞ്ഞു.
ചേച്ചിയുമായുള്ള കല്യാണത്തിനു ജയദേവന്‍ സമ്മതിച്ചു എന്നു കേട്ടപ്പോള്‍ അജിത്തിനും ആഹ്ലാദം.
“കല്യാണം അടിപൊളിയാക്കണം, കോട്ടോ ചേച്ചീ. എന്‍റെ കൂട്ടുകാരെയെല്ലാം ഞാന്‍ വിളിക്കും.”
“വിളിച്ചോടാ. നമുക്ക് വിളിക്കാന്‍ വേറാരാ ഉള്ളത്?”
സുമിത്ര ചായ ഉണ്ടാക്കി അവനു പകർന്നു കൊടുത്തു.
രാത്രി അത്താഴം കഴിഞ്ഞ് സുമിത്ര സതീഷിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. ലാന്‍ഡ് ഫോണിലേക്കാണ് വിളിച്ചത്.
ഫോണ്‍ എടത്തതു ഭവാനിയായിരുന്നു.
സുമിത്രയാണു വിളിക്കുന്നതെന്നറിഞ്ഞതും ഭവാനി ചോദിച്ചു.
“എന്താ വിശേഷം?”
“ഒരു നല്ല വിശേഷമുണ്ട്. ഇന്ന് ജയേട്ടന്‍ വിളിച്ചിരുന്നു. ഞങ്ങളുടെ കല്യാണം തീരുമാനിച്ചു. ഈ മാസം ഇരുപത്തെട്ടിന് . ഇന്‍വിറ്റേഷന്‍ കാര്‍ഡ് ഞാനയച്ചേക്കാം. എല്ലാരും വരണം. മഞ്ജുവേച്ചിയും സതീഷേട്ടനും ഉണ്ടോ അവിടെ?”
“മഞ്ജുള അവളുടെ വീട്ടില്‍ പോയിരിക്ക്വാ. സതീഷുണ്ട്. കൊടുക്കണോ?”
“ഉം…”
അല്‍പനേരം കഴിഞ്ഞപ്പോള്‍ സതീഷിനെ ലൈനില്‍ കിട്ടി.
“ഞാന്‍ പലപ്രാവശ്യം മൊബൈലില്‍ വിളിച്ചിരുന്നു. എന്തേ എടുക്കാതിരുന്നേ?”
സുമിത്ര ചോദിച്ചു.
“ജോലിത്തിരക്കിനിടയില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ സമയം കിട്ടിയില്ല.”
സതീഷ് ഒരു കള്ളം പറഞ്ഞു.
ജയദേവനുമായി തന്‍റെ വിവാഹം നിശ്ചയിച്ചു എന്നു സുമിത്ര പറഞ്ഞപ്പോള്‍ സതീഷിന് അത്ഭുതം!
“അപ്പം മറ്റേ കല്യാണം വേണ്ടാന്ന് വച്ചോ ?”
“ഉം . അതേദിവസം അതേ മുഹൂര്‍ത്തത്തില്‍ ഞങ്ങളു തമ്മിലുള്ള കല്യാണം നടക്കും. എല്ലാരും വരണം ട്ടോ. നിങ്ങളൊക്കെയേയുള്ളൂ എനിക്കു സ്വന്തക്കാരെന്നു പറയാന്‍.”
“ജയന്‍ കല്യാണത്തിനു സമ്മതിച്ചോ?”
“വിശ്വാസം വരുന്നില്ല അല്ലേ? സത്യത്തില്‍ എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്നു ഫോണില്‍ വിളിച്ചാ ഈ സന്തോഷവാര്‍ത്ത ജയേട്ടൻ പറഞ്ഞത്. സതീഷേട്ടനും എന്നെ ഒരുപാട് സഹായിച്ചു. നന്ദിയുണ്ട് കേട്ടോ ”
“ഉം .”
“കല്യാണത്തിനു വരില്ലേ?”
“നോക്കാം.”
“നോക്കിയാല്‍ പോരാ. എന്തു തിരക്കുണ്ടെങ്കിലും നിങ്ങളെല്ലാവരും വരണം. വന്നനുഗ്രഹിക്കണം. മഞ്ജുവേച്ചി യോടും പറഞ്ഞേക്ക്.”
“ഉം…”
“അഭിക്കുട്ടനു സുഖാണോ?”
“ഉം..”.
“എന്നെ അന്വേഷിക്കാറുണ്ടോ അവന്‍ ?”
“എപ്പഴും”
“ഞാനന്വേഷിച്ചൂന്നു പറയണേ…”
“ഉം… വയ്ക്കട്ടെ.”
സുമിത്ര വയ്ക്കുന്നതിനുമുമ്പേ സതീഷ് ഫോണ്‍ ക്രാഡിലില്‍ വച്ചു.
പഴയ ആ സ്നേഹവും താത്പര്യവും സതീഷിനു തന്നോടില്ലെന്നു സുമിത്രയ്ക്കു തോന്നി. സംസാരത്തില്‍ വലിയ പിശുക്ക്. എല്ലാവരും അങ്ങനെയാണല്ലോ . അകന്നിരിക്കുമ്പോൾ ബന്ധങ്ങളും അകന്നുപോകുമെന്നു പറയുന്നത് എത്രയോ ശരിയാണ്.
സുമിത്ര കിടപ്പുമുറിയിലേക്ക് നടന്നു.
അജിത് മോൻ മുറിയിലിരുന്നു ഹോംവര്‍ക്ക് ചെയ്യുകയായിരുന്നു അപ്പോള്‍.
ഒരു ബുധനാഴ്ച ഉച്ചനേരം.
ഊണ് കഴിച്ചിട്ട് ഓഫീസ് റൂമില്‍ ഒരു മാഗസിൻ മറിച്ചു നോക്കിക്കൊണ്ടിരിക്കയായിരുന്നു ശശികല.
ആ സമയം മൊബൈൽ ഫോൺ ശബ്ദിച്ചു. അങ്ങേത്തലക്കൽ ജയദേവനാണെന്നറിഞ്ഞതും ശശികലയ്ക്ക് അതിശയം! എന്തേ അപ്രതീക്ഷിതമായി ഒരു വിളി ?
“ജോലിയൊക്കെ സുഖാണോ?”
ജയന്‍ ചോദിച്ചു.
“ഉം…”
“ബുദ്ധിമുട്ടില്ലെങ്കില്‍ ഇന്നു വൈകുന്നേരം എന്‍റെ വീടുവരെ ഒന്നു വര്വോ?”
“എന്തേ?”
“വരുമ്പം പറയാം.”
കൂടുതലൊന്നും പറയാതെ ജയദേവന്‍ കോൾ കട്ട് ചെയ്തു .
എന്തിനാണ് വിളിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ശശികലയ്ക്ക് പിടികിട്ടിയില്ല.
ജോലി വാങ്ങിത്തന്നതിന് പ്രതിഫലം വല്ലതും ചോദിക്കാനാകുമോ? ഹേയ്! അങ്ങനെയുള്ള ആളല്ല അദ്ദേഹം.
വൈകുന്നേരം ഓഫീസ് സൂപ്രണ്ടിൽ നിന്ന് പെര്‍മിഷന്‍ വാങ്ങിയിട്ട് ഇത്തിരി നേരത്തെ ഇറങ്ങി ശശികല.
ടൗണില്‍ വന്നിട്ട് ജയദേവന്‍റെ നാട്ടിലേക്കുള്ള ബസില്‍ കയറി.
ഗേറ്റുകടന്ന് മുറ്റത്തേക്ക് കയറിയപ്പോള്‍ പൂച്ചെടികള്‍ക്കു വെള്ളമൊഴിച്ചുകൊണ്ട് ഉദ്യാനത്തില്‍ നില്‍പ്പുണ്ടായിരുന്നു ജയദേവന്‍.
ശശികലയെ കണ്ടതും അയാള്‍ ഹൃദ്യമായി ചിരിച്ചു. ശശികലയും പുഞ്ചിരിച്ചു.
“ഇന്നു നേരത്തെ ഇറങ്ങിയോ?”
“ഉം.”
ഹോസ് തറയിലിട്ടിട്ട് ജയദേവന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്തു കൈയും മുഖവും തുടച്ചു.
“തന്നത്താനാണോ കൃഷിപ്പണികളൊക്കെ? മുമ്പൊരിക്കല്‍ ഞാൻ വന്നപ്പഴും പറമ്പിലായിരുന്നു?”
ശശികല ചിരിച്ചുകൊണ്ട് ചോദിച്ചു.
“പറ്റുന്നതൊക്കെ തന്നത്താന്‍ ചെയ്യും. ഒരു വ്യായാമം കൂടിയാകുമല്ലോ . വാ..അകത്തിരിക്കാം .”
ജയദേവന്‍റെ പിന്നാലെ ശശികല സിറ്റൗട്ടിലേക്ക് കയറി. അവിടെനിന്നു സ്വീകരണ മുറിയിലേക്കും.
“അമ്മ ഇവിടില്ല. ഒരു ബന്ധുവിന്റെ കൂടെ ഗുരുവായൂര്‍ക്ക് പോയിരിക്ക്വാ. അതുകൊണ്ട് വീട്ടുജോലികളും ഇപ്പം ഞാനാ.” ജയദേവന്‍ ഫാനിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ട് പറഞ്ഞു.
“എന്നാപ്പിന്നെ സുമിത്രയെ ഇങ്ങോട്ട് കൊണ്ടുവന്നൂടേ? ഇനി വൈകുന്നതെന്തിനാ? അവള്‍ക്കാണെങ്കില്‍ കഞ്ഞിവയ്ക്കാനും കറിവയ്ക്കാനുമൊക്കെ നന്നായിട്ടറിയാം.”
ശശികല കൂടുതല്‍ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി.
“കഞ്ഞീം കറിം വയ്ക്കാനറിഞ്ഞാമാത്രം പോരല്ലോ. മനസു കൂടി നന്നായിരിക്കേണ്ടേ?”
ജയദേവന്‍ ശശികലയോട് ഇരിക്കാന്‍ ആംഗ്യം കാട്ടിയിട്ട് എതിര്‍വശത്തുള്ള സെറ്റിയില്‍ ഇരുന്നു.
ശശികലയും ഇരുന്നു.
“നല്ല മനസാ അവളുടേത്. എനിക്കറിയാം. ഓര്‍മവച്ച നാള്‍മുതല്‍ ഞങ്ങളു കൂട്ടുകൂടി നടക്കുന്നതല്ലേ?”
“അതുപോട്ടെ. ശശികലയ്ക്കു കല്യാണമൊന്നും ആലോചിക്കുന്നില്ലേ?”
അതു കേട്ടതും അവളുടെ മുഖം പെട്ടെന്നു മങ്ങി . സങ്കടവും നിരാശയും നിറഞ്ഞ ഒരു ഭാവമായിരുന്നു അപ്പോള്‍ മുഖത്ത് .
“ഞാന്‍ ചോദിച്ചതു ബുദ്ധിമുട്ടായോ?”
“ഹേയ്. “
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ശശികല തുടര്‍ന്നു:
” ഒരുപാട് ആലോചനകള്‍ വന്നതാ. വന്നവര്‍ക്കൊക്കെ ഒന്നുകില്‍ പണം വേണം. അല്ലെങ്കില്‍ സൗന്ദര്യം. രണ്ടും എനിക്കില്ലല്ലോ.”
”സൗന്ദര്യം ഒക്കെ ഉണ്ട് . നിറം ഇത്തിരി കുവാണെന്നേയുള്ളു ”
”അതൊക്കെ ഒരു പോരായ്മായാണ് ”
“ഭാഗ്യം ഏതു നിമിഷവും വരാല്ലോ? നിനച്ചിരിക്കാത്ത നേരത്തല്ലേ ജോലികിട്ടീത്.”
“അങ്ങനെയൊരു ശുഭാപ്തിവിശ്വാസത്തിലാ ഇപ്പം ജീവിക്കുന്നത് ”
“ങ്ഹ. ശശികല ഇരിക്ക്. ഞാന്‍ ചായ ഇട്ടോണ്ട് വരാം .”
“അയ്യോ ഒന്നും വേണ്ട. ഞാന്‍ ചായകഴിച്ചിട്ടാ പോന്നത്.”
“അതു സാരമില്ല. ഒന്നുകൂടി ആകാം.”
“വേണ്ടെന്നേ.”
“വേണം. വന്നിട്ട് ഒരു ചായപോലും തന്നില്ലെങ്കില്‍പ്പിന്നെ ഞാനെന്തോന്നു ആതിഥേയനാ.”
ജയദേവന്‍ എണീറ്റ് അകത്തേക്ക് പോയി.
അഞ്ചുമിനിട്ടിനുള്ളിൽ ചായ ഉണ്ടാക്കിക്കൊണ്ടു വന്നു . അത് ശശികലക്ക് നീട്ടി .
കപ്പു വാങ്ങി ശശികല കൈയില്‍ പിടിച്ചുകൊണ്ട് വെറുതെ ഇരുന്നു അവൾ .
“കുടിക്ക്.”
അനുവാദം കിട്ടിയതും അവള്‍ അല്പം കുടിച്ചു .
ജയദേവന്‍ ശശികലയെ തന്നെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്നതു കണ്ടപ്പള്‍ അവള്‍ വല്ലാതായി.
എന്തേ ഇങ്ങനെയൊരു നോട്ടം? അമ്മയില്ലാത്ത നേരത്ത് തന്നെ വിളിച്ചുവരുത്തിയത് മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ?
ചായ വേഗം കുടിച്ചുതീര്‍ത്തിട്ട് അവള്‍ കപ്പ് ടീപ്പോയില്‍ വച്ചു.
“എനിക്ക് പോകാനിത്തിരി തിടുക്കമുണ്ട്.” അവളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചു.
“എന്റടുത്തു തനിച്ചിരിക്കാന്‍ പേടിയാവുന്നുണ്ടോ?”
ചിരിച്ചുകൊണ്ട് ജയന്‍ ചോദിച്ചു.
“ഹേയ് ഇല്ല ”
അവളും ചിരിച്ചു.
”എനിക്കിഷ്ടമാ ഈ ചിരിം സംസാരവുമൊക്കെ ”
ജയദേവന്‍റെ സംസാരം വഴിതെറ്റുന്നു എന്നു കണ്ടപ്പോള്‍ ശശികലയ്ക്ക് വേവലാതിയായി . എന്താണ് ഈ മനുഷ്യന്റെ ഉദ്ദേശ്യം?
“വിളിച്ചതെന്തിനാണെന്നു പറഞ്ഞില്ല.”
അവള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.
“തനിക്കൊരു കല്യാണം ആലോചിക്കാനാ വിളിച്ചത്.”
“കളിയാക്കുവാണോ .”
“കളിയല്ല . പണവും പ്രൗഢിയും വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ഒരു യുവാവ് നയാപൈസ സ്ത്രീധനം വാങ്ങിക്കാതെ തന്നെ വിവാഹം കഴിക്കാന്‍ തയാറായി വന്നാല്‍ താനെന്തു മറുപടി പറയും?”
“ഇഷ്ടമല്ലെന്നു പറയും.” ശശികലയ്ക്കു ദേഷ്യം വന്നു. “നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം. സങ്കടം വരുന്നു ഇതൊക്കെ കേക്കുമ്പം.”
അവളുടെ കണ്ണുകളിൽ ജലം നിറഞ്ഞു .
“ഞാന്‍ കളിപറഞ്ഞതല്ല. സീരിയസാ. അങ്ങനെയുള്ള ഒരാള് ശശികലയെ കല്യാണം കഴിക്കാന്‍ ഇഷ്ടപ്പെട്ട് മുമ്പോട്ടു വന്നിട്ടുണ്ട്.”
അതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
“ആരാ…?”
“ഒരാള്‍. ശശികല അറിയും അയാളെ. അയാള്‍ക്കു ശശികലയെയും നന്നായി അറിയാം.”
ഓഫീസിലെ പ്യൂണ്‍ വാസുദേവന്‍ ആണോ അതെന്നു ശശികല ഒരു നിമിഷം സംശയിച്ചു. പലപ്പോഴും അയാള്‍ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്.
“വാസുദേവനാണോ?”
ശശികല ചോദിച്ചു.
“പാതി ശരിയാ.”
എന്നുവച്ചാല്‍?
“പേരിന്‍റെ രണ്ടാം ഭാഗം ശരിയാണ് .”
ശശികല ആലോചിച്ചു. പേരിന്‍റെ രണ്ടാം ഭാഗം? ദേവന്‍. അപ്പോള്‍ ആദ്യഭാഗം? ജയന്‍? ഛെ! താനങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റാണ്. ജയദേവന്‍ സുമിത്രയുടെ മാത്രം സ്വത്തല്ലേ .
“എനിക്ക് പിടികിട്ടിയില്ല.”
“ഇത്രയും പറഞ്ഞിട്ടും പിടികിട്ടിയില്ലേ ? താനൊരു മണ്ടിപ്പെണ്ണാണല്ലോ. വളച്ചുകെട്ടില്ലാതെ പറയാം. തന്‍റെ മുമ്പിലിരിപ്പുണ്ട് ആള്!”
ശശികല അമ്പരപ്പോടെ കണ്ണുമിഴിച്ചു നോക്കിപ്പോയി.
“വിശ്വാസം വരുന്നില്ല അല്ലേ? എനിക്ക് തന്നെ ഇഷ്ടാ. ഒരുപാട് ഒരുപാട് ഇഷ്ടാ.”
“എന്തിനാ ഇങ്ങനെ കളിയാക്കുന്നേ?”
അവളുടെ കണ്ണ് നിറഞ്ഞൊഴുകി.
“ഞാന്‍ കാര്യായിട്ട് പറഞ്ഞതാ. തനിക്കെന്നെ ഇഷ്ടമാണെങ്കില്‍ ഈ വരുന്ന ഇരുപത്തെട്ടാം തീയതി തന്‍റെ കഴുത്തില്‍ ഞാന്‍ മിന്നുകെട്ടാം. ഇതു നുണയല്ല. കളിയാക്കാൻ പറയുന്നതുമല്ല . താൻ സമ്മതിക്കുമെങ്കിൽ തന്റെ കഴുത്തിൽ ഞാൻ മിന്നുകെട്ടും ”
” ജയേട്ടന്‍ സുമിത്രയെ കല്യാണം കഴിക്കാനിരിക്ക്വല്ലേ? എന്നിട്ട് എന്നോട് ഇങ്ങനൊക്കെ പറയുന്നത് ?കളിയാക്കുന്നതിന് ഒരുപരിധിയുണ്ട് കേട്ടോ.”
“ഓഹോ! അപ്പം അതാണ് കാര്യം! കല്യാണം തീരുമാനിച്ച കാര്യം അവൾ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നോ ?”
“ഉം…”
“എന്നാല്‍ കേട്ടോ. അത് അവൾക്കിട്ടു ഞാൻ കൊടുത്ത ഒരു ചെറിയ പണിയാ . എന്നോട് ചെയ്ത ക്രൂരതക്ക് അതേനാണയത്തിൽ ഒരു തിരിച്ചടി ”
ശശികല മനസിലാകാത്ത മട്ടിൽ നോക്കി നിന്നപ്പോൾ ജയദേവന്‍ എല്ലാ കാര്യങ്ങളും അവളോട് തുറന്നുപറഞ്ഞു. എന്നിട്ട് തുടര്‍ന്നു: “സതീഷുമായി അവള്‍ക്കവിഹിത ബന്ധമുണ്ടായിരുന്നു. വൈകിയാ ഞാനതറിഞ്ഞത്. അതോടെ നിറുത്തി ഞാനും അവളുമായിട്ടുള്ള ബന്ധം. എന്നോട് പ്രതികാരം ചെയ്യാന്‍ രണ്ടുപേരും കൂടി എന്‍റെ കല്യാണവും മുടക്കി. ഞാനവളെ വെറുതെവിടണോ? ശശികല പറ?”
“അവളങ്ങനൊന്നും ചെയ്യില്ല .ഞാനതു വിശ്വസിക്കില്ല.”
“ഞാനും വിശ്വസിച്ചില്ല ആദ്യം. പക്ഷേ, തെളിവുകിട്ടിയപ്പം വിശ്വസിക്കേണ്ടിവന്നു. ഞാന്‍ കാണിച്ചുതരാം. “
അകത്തുപോയി ഒരു ഫോട്ടോ എടുത്തുകൊണ്ടുവന്ന് ജയന്‍ ശശികലയുടെ നേരെ നീട്ടി.
അവളതു വാങ്ങി നോക്കി.
ഞെട്ടിപ്പോയി.
സുമിത്ര മറ്റൊരു പുരുഷനെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്ന ദൃശ്യം.
അവള്‍ സ്തംഭിച്ചിരിക്കുമ്പോള്‍ ജയന്‍ ചോദിച്ചു.
“ഇപ്പം ബോധ്യമായോ?”
“എനിക്കിപ്പഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. അവളങ്ങനൊന്നും ചെയ്യുന്ന പെണ്ണല്ല. എനിക്കു നന്നായിട്ടറിയാം.”
“പാതിരാത്രീല്‍ ആരും കാണാതെ അയല്‍പക്കത്തെ വീട്ടില്‍പ്പോയി അന്യസ്ത്രീയുടെ കെട്ട്യോനെ മുട്ടിവിളിക്കുന്ന പെണ്ണ് ഇതും ഇതിലപ്പുറവും ചെയ്യും. പത്രത്തില്‍ വായിച്ചില്ലായിരുന്നോ അവളുടെ വിശേഷങ്ങള്‍.”
ശശികല ഒന്നും മിണ്ടിയില്ല. ഫോട്ടോ തിരികെ കൊടുത്തിട്ട് അവള്‍ എണീറ്റു .
“ഞാന്‍ പോട്ടെ ?.”
പോകാനായി അനുവാദം ചോദിച്ചു
“ഞാനെന്തു പറയണം അമ്മയോട്? “ജയന്‍ ആരാഞ്ഞു
“എനിക്കറിഞ്ഞൂടാ.”
“ഇഷ്ടമാണെന്നു പറഞ്ഞേക്കട്ടെ?”
“എനിക്കൊന്നാലോചിക്കണം.”
“ഓക്കെ. ഇന്നു മുഴുവന്‍ ആലോചിക്കാനുള്ള സമയം തരാം. നാളെ വെളുപ്പിന് എനിക്ക് മറുപടി കിട്ടണം. മറുപടി അനുകൂലമാണെങ്കില്‍ ഇരുപത്തെട്ടാം തീയതി തന്നെ കല്യാണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്യണം. ഡ്രസും പൊന്നുമൊക്കെ ഞാന്‍ വാങ്ങിക്കൊള്ളാം. കല്യാണമണ്ഡപത്തില്‍ എന്‍റടുത്തൊന്ന് ഇരുന്നുതന്നാ മാത്രം മതി.”
“വരട്ടെ.”
വേച്ചുവേച്ച് അവള്‍ വെളിയിലേക്കിറങ്ങി.
ഹൃദയം പൊട്ടിപ്പോകുന്ന സംഘര്‍ഷമായിരുന്നു മനസിലപ്പോള്‍.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41