പകല്‍ സന്ധ്യയ്ക്കു വഴിമാറി.
കുളിച്ച് ഈറന്‍ മാറിയിട്ട് സുമിത്ര പൂജാമുറിയിലെ കൃഷ്ണവിഗ്രഹത്തിന്‍റെ മുമ്പില്‍ വന്നു ദീപം തെളിച്ചു. പിന്നെ, കണ്ണടച്ചു കൈകൂപ്പിനിന്നു പ്രാര്‍ഥിച്ചു.
സതീഷിനെയും മഞ്ജുളയെയും ഒരുമിപ്പിച്ച് അവരുടെ കുടുംബജീവിതം സ്വര്‍ഗതുല്യമാക്കണേ എന്നായിരുന്നു ആദ്യം പ്രാര്‍ഥിച്ചത്. പിന്നെ ബാലചന്ദ്രനുവേണ്ടിയും അജിത്മോനുവേണ്ടിയും ശശികലയുടെ കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിച്ചു. പ്രാര്‍ഥന കഴിഞ്ഞ് തിരിഞ്ഞപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്.
ആരാണ് വിളിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിൽ അവള്‍ ഓടിച്ചെന്ന് ഫോൺ എടുത്തു. പരിചയമില്ലാത്ത നമ്പറാണ് .
“ഹലോ.”
“സുമിത്രയല്ലേ?”
“അതെ…”
“എന്നെ മനസിലായോ?”
പുരുഷശബ്ദമാണ്. സുമിത്രയ്ക്കു പെട്ടെന്ന് ആളെ പിടികിട്ടിയില്ല.
” ഇല്ല ” അവൾ തെല്ലു സന്ദേഹത്തോടെ പറഞ്ഞു.
“ഇത്ര പെട്ടെന്ന് മറന്നു പോയോ ഈ ശബ്ദം?”
അടുത്ത ക്ഷണം അവള്‍ക്ക് ആളെ പിടികിട്ടി.
“ബാലേട്ടനല്ലേ?”
“അപ്പം മറന്നിട്ടില്ല.”
”മറക്കാന്‍ പറ്റ്വോ? ഞാനെന്നും ഓര്‍ക്കുമായിരുന്നു ഒന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. ഇപ്പഴെങ്കിലും ഒന്നു വിളിക്കാന്‍ തോന്നിയല്ലോ. സന്തോഷമായി ട്ടോ. ഒരുപാട് നന്ദിയുണ്ട് എന്നെ രക്ഷിച്ചതിന്. ”
”നന്ദിപറയേണ്ടത് ഈശ്വരനോടാ. എല്ലാം തെളിയിക്കാന്‍ പറ്റിയത് ഈശ്വര കൃപകൊണ്ടാ. ഒരു തെളിവ് ബട്ടന്റെ രൂപത്തിൽ ദൈവം ആ മുറിയിൽ കൊണ്ടിട്ടതുകൊണ്ടാ കൊലയാളിയെ കണ്ടുപിടിക്കാൻ പറ്റിയത്. .”
” അതിനു ഞാൻ എന്നും ദൈവത്തിനു നന്ദി പറയുന്നുണ്ട്. ഇപ്പം എവിടുന്നാ വിളിക്കുന്നത്?”
“കോട്ടയം ഗസ്റ്റ് ഹൗസീന്നാ .”
“സുഖാണോ?”
“ഉം .”
“അജിത്മോന്‍ എപ്പഴും ബാലേട്ടന്‍റെ കാര്യം പറയും.”
“പറയാതെ പോന്നതില്‍ അവനു വിഷമമുണ്ടാകും അല്ലേ?”
“അവനു മാത്രമല്ല. എനിക്കും ഉണ്ട് .”
“ഇപ്പം വിഷമമൊക്കെ മാറിയില്ലേ? മനസു സ്വസ്ഥമായില്ലേ ? ഇനി നാട്ടുകാരുടെ കുറ്റപ്പെടുത്തലും പരിഹാസവും കേൾക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാല്ലോ !”
“എന്നെ രക്ഷിച്ചതിനു ദൈവം ബാലേട്ടനെ അനുഗ്രഹിക്കും . ഞാൻ എന്നും ബാലേട്ടനുവേണ്ടി പ്രാർഥിക്കുന്നുണ്ട് ട്ടോ. എന്നെങ്കിലും ഈ വഴി വരുമ്പം ഇവിടൊന്നു കേറണെ . ഒന്നു കാണാനാ. നേരിട്ട് കണ്ടു ഒന്ന് നന്ദി പറയാനാ ”
“അയല്‍ക്കാരനാ, തുമ്പിയെ പിടിച്ചു തന്നിട്ടുണ്ട് , പൂ പറിച്ചു തന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞു പറ്റിച്ചതിൽ എന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലേ ?”
“ഒരിക്കലുമില്ല. ഒക്കെ നല്ലതിനായിരുന്നല്ലോ ന്നോര്‍ക്കുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ. ”
” സുമിത്രയുടെ മനസിലേക്ക് കടന്നു കയറി സത്യം പുറത്തുചാടിക്കാൻ ഞാൻ കണ്ടെത്തിയ ഒരുവഴിയായിരുന്നു അത്. മാന്യമായി ഇടപെട്ടാൽ ഏതു പുരുഷനും ഏതു പെണ്ണിന്റെയും മനസിൽ കയറിക്കൂടാമെന്നു എനിക്കുറപ്പുണ്ടായിരുന്നു. ”
”സത്യത്തിൽ ആരോടും ഇനി അടുപ്പം വേണ്ടെന്നു ഞാൻ മനസ്സിൽ കരുതിയതാ. പക്ഷെ പിന്നീട് ബാലേട്ടന്റെ സ്നേഹവും പെരുമാറ്റവുമൊക്കെ കണ്ടപ്പോൾ അറിയാതെ അടുത്തു പോയി. ”
”പറയാതെ പോന്നപ്പം എന്നെ ഒരുപാട് ശപിച്ചു കാണുമല്ലോ ”
”ശരിക്കും ദേഷ്യം തോന്നി. ഇവിടെ നാട്ടുകാരൊക്കെ പറഞ്ഞത് മയക്കുമരുന്ന് കച്ചവടത്തിന് വന്നയാളാണെന്നാ . എന്നെയും ബാലേട്ടനെയും ചേർത്ത് എന്തെല്ലാം അപവാദങ്ങൾ പറഞ്ഞു പരത്തിയെന്നറിയുമോ ? രാത്രിയിൽ ചെവി രണ്ടും പൊത്തിപ്പിടിച്ചാ ഞാൻ കിടന്നുറങ്ങിയിരുന്നത് ”
”പോലീസ് ആണെന്ന് ആരും അറിയേണ്ടെന്നു കരുതിയാ എല്ലാം രഹസ്യമാക്കി വച്ചത് . കേസ് തെളിയിക്കാൻ പറ്റിയെങ്കിൽ മാത്രം സത്യം അറിഞ്ഞാൽ മതിയെന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ടാ പറയാതെ പോന്നതും ”
”ആദ്യം വീട്ടിലേക്കു കേറി വന്നപ്പം എന്റെ ഹിസ്റ്ററിയൊക്കെ പറഞ്ഞത്, എവിടുന്നു സംഘടിപ്പിച്ചതാ ?”
”വന്നതേ എനിക്ക് ആ നാട്ടിലെ ഒരാളെ സഹായത്തിനു കിട്ടി. ശ്രീകുമാർ ! അയാളെ കിട്ടിയത് വേറൊരു കഥ . അത് പിന്നെ പറയാം . അയാള് എന്നെ ഒരുപാട് സഹായിച്ചു. ”
“ഒന്നു വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പോലുമില്ലായിരുന്നു. ഈ നമ്പർ ബാലേട്ടന്റെയാണോ ?”
“അതെ “
“വല്ലപ്പഴും അങ്ങോട്ട് വിളിച്ചാല്‍ അത് അസൗകര്യമാവുമോ?”
മടിച്ചുമടിച്ചാണ് അവൾ ചോദിച്ചത് .
”എനിക്കോ ?”
”ഉം ”
“ഇഷ്ടമുള്ള ഒരു പെണ്ണ് വിളിക്കുന്നത് ഏതൊരാണിനും സന്തോഷമുള്ള കാര്യമല്ലേ ? ”
സുമിത്ര കോരിത്തരിച്ചുപോയി. തെല്ലുനേരം നിശബ്ദത.
“ഫോണ്‍ വച്ചിട്ടുപോയോ?”
ബാലചന്ദ്രന്‍ ചോദിച്ചു.
“ഹേയ് ഇവിടുണ്ട്.”
”പിന്നെന്താ മിണ്ടാതിരുന്നത് ? ഞാന്‍ പറഞ്ഞത് ഇഷ്ടായില്ലേ?”
“ഇഷ്ടക്കൂടുതലുകൊണ്ടാ മിണ്ടാന്‍ പറ്റാതെ വന്നത്. “
”അജിത്തുമോൻ അവിടെ ഉണ്ടോ ?”
”അവൻ കുളിക്കാൻ കേറിയിരിക്കുവാ . ബാത്ത് റൂമിൽ കേറിയാൽ അരമണിക്കൂർ കഴിഞ്ഞേ ഇറങ്ങൂ . മേത്ത് സോപ്പ് തേച്ചു ആസ്വദിച്ചങ്ങനെ നില്കും ”
” ഒരാള് മേത്ത് സോപ്പ് തേച്ചു നിൽക്കുന്ന ഒരു ഫോട്ടോ എന്റെ കയ്യിലുണ്ട് ” ബാലചന്ദ്രൻ പറഞ്ഞു.
”ആര് ? ”
” ഇപ്പം സംസാരിക്കുന്ന ആള് തന്നെ ”
” ഞാനോ ?!”
”ഉം ! ഞാനെടുത്തതല്ല കേട്ടോ! പണ്ട് സുകുമാരൻ എടുത്തത് . സുകുമാരന്റെ വീട് സെർച്ചു ചെയ്തപ്പം ഒരു പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളിൽ നിന്ന് കിട്ടിയതാ ”
” ഈശ്വരാ ! ബാലേട്ടൻ അത് കണ്ടോ ?”
” കൈയിൽ കിട്ടിയ സാധനം നോക്കാതിരിക്കാൻ പറ്റുമോ ?”
” ദൈവമേ !വേറാരെയെങ്കിലും കാണിച്ചോ ?”
”ഇല്ല . കാണിക്കുകയുമില്ല. ഫോട്ടോ കിട്ടിയ കാര്യമൊന്നും ഞാൻ ചാർജ്ജ് ഷീറ്റിൽ ചേർത്തിട്ടില്ല ട്ടോ . അതുകൊണ്ട് വേറാരും അത് കാണുമെന്നു പേടിക്കണ്ട ”
”പ്ലീസ് . അത് കീറിക്കളഞ്ഞേരെ കേട്ടോ ”
” പേടിക്കണ്ട. ആ ഫോട്ടോ മൂലം സുമിത്ര ഇനി ഒരിക്കലും വിഷമിക്കേണ്ടി വരില്ല ”
”ആ സംഭവം ഓർക്കുമ്പം ഇപ്പഴും ഒരു ഉൾക്കിടിലമാ”
“അതുപോട്ടെ, ഞാൻ ഒരു കാര്യം ചോദിക്കാനാ ഇപ്പം വിളിച്ചത്.”
“എന്താ ?”
“എനിക്ക് സുമിത്രേം അറിയാം, സുമിത്രയ്ക്ക് എന്നേം അറിയാം. ഇനി വളച്ചുകെട്ടില്ലാതെ കാര്യം പറയാം. വരുന്നോ, എന്‍റെ ജീവിതപങ്കാളിയാകാൻ ?”
അപ്രതീക്ഷിതമായി ആ ചോദ്യം കേട്ട് തരിച്ചു നിന്നുപോയി സുമിത്ര! തന്നെ ജീവിതപങ്കാളിയാക്കാന്‍ എന്തു യോഗ്യതയാണ് തന്നില്‍ ബാലേട്ടന്‍ കാണുന്നത്? സ്വപ്നത്തില്‍പോലും വിചാരിച്ചില്ല ഇങ്ങനെയൊരു ക്ഷണം കിട്ടുമെന്ന്! ഒരു കോടി രൂപ ലോട്ടറിയടിച്ചാല്‍പോലും കിട്ടാത്തത്ര സന്തോഷമാണ് ഇപ്പോള്‍ മനസില്‍..
“ഇഷ്ടായില്ലേ എന്‍റെ ചോദ്യം?”
“ഒരുപാട് ഒരുപാട് ഇഷ്ടായി. ഒരിക്കലും പ്രതീക്ഷിച്ചില്ലാട്ടോ ഇങ്ങനെയൊരു ക്ഷണം . ഞാനീ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന് ഇപ്പം തോന്നുന്നു. സന്തോഷം കൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല ബാലേട്ടാ . ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ”എന്നെ വിശ്വസിക്കാനും സ്നേഹിക്കാനും ഒരാളുണ്ടായല്ലോ. സന്തോഷമായി ട്ടോ. ഒരുപാട് ഒരുപാട് സന്തോഷമായി …”
” ഒരു സർപ്രൈസ് ആയിക്കോട്ടേന്നു കരുതിയാ ഇപ്പം ഇത് പറഞ്ഞത് ”
”സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയാ ഇപ്പം ”
“എന്‍റമ്മേം അച്ഛനേം അങ്ങോട്ട് പറഞ്ഞുവിടാം. വേണ്ടരീതില്‍ ഒന്നു കൈകാര്യം ചെയ്തു വിട്ടേക്കണം. ഞാന്‍ സെല്ക്ടുചെയ്ത ആളു മിടുക്കിയാണെന്ന് അവരും അറിയട്ടെ .”
“എന്നാ വരണെ?”
“അത് പിന്നെ വിളിച്ചുപറയാം.”
” ഉം…”
” ഞാനും ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട് . പണ്ട് എനിക്ക് ഒരു വാക്കു തന്നിരുന്നു . കാച്ചിലും ചേനയും ചേമ്പുമൊക്കെ പുഴുങ്ങിത്തരാമെന്ന് . അത് കിട്ടാതെ ഞാൻ എന്തായാലൂം സമ്മതിക്കില്ല ട്ടോ ”
” എന്ത് വേണമെങ്കിലും പുഴുങ്ങി തരാം . നേരത്തെ ഒന്ന് പറഞ്ഞിട്ട് വരണമെന്ന് മാത്രം ”
“ഷുവർ . എന്നാ വയ്ക്കട്ടെ?”
“എന്നും വിളിക്കണം ട്ടോ . ഞാന്‍ പ്രതീക്ഷിച്ചിരിക്കും ഈ ശബ്ദം ”
“തീര്‍ച്ചയായും വിളിക്കാം . സന്തോഷമായിട്ടിരുന്നോ. ഗുഡ് നൈറ്റ് ”
”ഗുഡ് നൈറ്റ്”
ഫോണ്‍ കട്ടായി.
ഫോൺ മേശപ്പുറത്തേക്കു വച്ചിട്ട് തിരിയുമ്പോള്‍ സുമിത്രയുടെ മനസില്‍ സന്തോഷത്തിന്‍റെ പൂത്തിരി ആകാശത്തോളം ഉയർന്നു കത്തുകയായിരുന്നു. താന്‍ ബാലേട്ടന്‍റെ ജീവിതപങ്കാളിയാകാൻ പോകുന്നു! പറഞ്ഞതു സത്യമാണെന്നു ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല !
ബാലേട്ടന്‍റെ അച്ഛനും അമ്മയും വന്നു കാണുമ്പോള്‍ തന്നെ ഇഷ്ടപ്പെടാതെ വരുമോ? ഏതു തരത്തിലുള്ള വേഷം ധരിച്ചു നില്‍ക്കണം ? ഒക്കെ ബാലേട്ടനോട് ചോദിച്ചു മനസിലാക്കി വയ്ക്കണം.
അജിത്‌മോൻ ബാത് റൂമിൽ നിന്നിറങ്ങി തല തുവർത്തികൊണ്ടു മുറിയിലേക്ക് വന്നപ്പോൾ സുമിത്ര പറഞ്ഞു
“എടാ ബാലേട്ടൻ ഇപ്പം വിളിച്ചായിരുന്നു. നിന്നെ അന്വേഷിച്ചു . ബാലേട്ടന്‍റെ അച്ഛനും അമ്മേം അടുത്ത ദിവസം ഇങ്ങോട്ടു വരുന്നൂന്ന്.”
”എന്തിനാ ചേച്ചി ?”
”അതൊക്കെ പിന്നെ പറയാം . തൽക്കാലം നീ ഇത്രയും അറിഞ്ഞാൽ മതി ”
”എനിക്കറിയാം . ചേച്ചിയെ കാണാൻ വരുന്നതല്ലേ ?” അവൻ അർത്ഥഗർഭമായി ചിരിച്ചു .
”എന്നെ മാത്രമല്ല . നിന്നെയും കൂടി കാണാൻ വരുന്നതാ ”
“ചേച്ചീടെ മുഖം കണ്ടപ്പഴേ തോന്നി, എന്തോ സന്തോഷവാര്‍ത്തയാന്ന്.”
“ഒന്ന് പോടാ .”
ലജ്ജയോടെ ഒരു ചിരി സമ്മാനിച്ചിട്ട് അവള്‍ അടുക്കളയിലേക്ക് പോയി.
അത്താഴത്തിനുള്ള കറി അടുപ്പത്തുവച്ച് ചൂടാക്കിക്കൊണ്ടിരിക്കുമ്പോള്‍ സുമിത്രയുടെ മനസ് മറ്റേതോ ലോകത്തിലായിരുന്നു. കറി അടുപ്പത്തിരുന്നു കരിഞ്ഞു പോയത് അവൾ അറിഞ്ഞതേയില്ല.
വ്യാഴാഴ്ച!
നന്നേ പുലര്‍ച്ചെ സുമിത്ര ഉണര്‍ന്നു.
ബാത്റൂമില്‍ പോയി നന്നായി ഒന്നു കുളിച്ചപ്പോള്‍ ഉറക്കക്ഷീണമെല്ലാം പമ്പകടന്നു.
കുളികഴിഞ്ഞു ഡ്രസുമാറിയിട്ട് ഭഗവാന്‍റെ തിരുമുമ്പില്‍ വന്ന് കണ്ണടച്ചു കൈകൂപ്പി നിന്നു പ്രാര്‍ഥിച്ചു, കുറെനേരം.
പിന്നെ, വിഗ്രഹത്തില്‍ തൊട്ടുവന്ദിച്ചിട്ട് അവള്‍ അടുക്കളയിലേക്ക് പോയി.
പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ മുറ്റത്തു കാര്‍ വന്നു നിന്ന ശബ്ദം.
സുമിത്ര കിടപ്പുമുറിയിലേക്കോടി. കണ്ണാടിയില്‍ നോക്കി എല്ലാം ഭംഗിയാണെന്ന് ഉറപ്പുവരുത്തിയിട്ട് വേഗം വരാന്തയിലേക്ക് വന്നു അവള്‍.
രാമചന്ദ്രനും പാര്‍വതിയും ദേവയാനിയും കാറില്‍ നിന്നിറങ്ങി വരാന്തയിലേക്ക് കയറുകയായിരുന്നു അപ്പോള്‍.
സുമിത്ര അവരെ നോക്കി ഹൃദ്യമായി ചിരിച്ചു.
“സുമിത്രയല്ലേ?”
പാര്‍വതി ചോദിച്ചു.
“അതെ…”
അവള്‍ നാണം കുണുങ്ങി ഭവ്യതയോടെ ഒതുങ്ങിനിന്നു.
“ഞങ്ങളെ മനസിലായോ?”
പാര്‍വതി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഉം. ബാലേട്ടന്‍ വിളിച്ചുപറഞ്ഞിരുന്നു . അകത്തേക്കിരിക്കാം.”
സുമിത്ര അവരെ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ച് അവര്‍ സ്വീകരണമുറിയില്‍ കയറി സോഫയില്‍ ഇരുന്നു.
സുമിത്ര ഡൈനിംഗ് റൂമിലേക്കുള്ള വാതിലില്‍ ചാരി, നാണം കുണുങ്ങി നില്‍ക്കുകയായിരുന്നു.
പാര്‍വതിയുടെയും ദേവയാനിയുടെയും കണ്ണുകള്‍ അവളെ ആകമാനമൊന്നുഴിഞ്ഞു.
”ഞങ്ങളെയൊക്കെ മനസിലായോ.” പാര്‍വതി പരിചയപ്പെടുത്തി: “ഞാന്‍ ബാലുവിന്‍റെ അമ്മ, ഇതച്ഛന്‍, ഇത് അവന്റെ പെങ്ങള്‍.”
സുമിത്ര എല്ലാ മുഖത്തേക്കും മാറിമാറി നോക്കി പുഞ്ചിരിതൂകി നിന്നതേയുള്ളൂ.
‘ബാലു ഇവിടെ ഒന്നുരണ്ടു മാസമുണ്ടായിരുന്നു അല്ലേ?”
പാര്‍വതി ചോദിച്ചു.
“ഉം…”
“അവനൊരാഗ്രഹം പറഞ്ഞപ്പോള്‍ ഒന്നു നേരിട്ടു കാണാമെന്നു ഞങ്ങളു വിചാരിച്ചു .”
രാമചന്ദ്രന്‍ പറഞ്ഞു.
അപ്പോഴും ചിരിച്ചതേയുള്ളൂ സുമിത്ര.
”ചരിത്രമൊക്കെ അവന്‍ പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ക്കു കൂടുതൽ ഒന്നും ചോദിക്കാനില്ല. മോള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോ.”
പാര്‍വതി പറഞ്ഞു.
“എനിക്ക് പ്രത്യേകിച്ചൊന്നും ചോദിക്കാനില്ല .”
“അയല്‍ക്കാരനായിരുന്നു, തുമ്പിയെ പിടിച്ചുതന്നിട്ടുണ്ട്, ഊഞ്ഞാലാട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് അവന്‍ കുറെ പറ്റിച്ചു അല്ലേ?”
പാര്‍വതി ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒക്കെ നല്ലതിനായിരുന്നല്ലോ. ങ് ഹ , ഞാന്‍ കുടിക്കാന്‍ എടുക്കാം.”
സുമിത്ര അടുക്കളയില്‍ ചെന്ന് ജാറിൽ നിറച്ചു വച്ചിരുന്ന നാരങ്ങവെള്ളം ഗ്ലാസുകളിലേക്കു പകർന്നു ട്രേയിൽ നിരത്തിവച്ചു കൊണ്ട് സ്വീകരണമുറിയിലേക്ക് വന്നു.
രാമചന്ദ്രനും പാര്‍വതിയും ദേവയാനിയും ഓരോ ഗ്ലാസ് എടുത്തു.
“പേരെന്താ?”
ദേവയാനിയെ നോക്കി സുമിത്ര ചോദിച്ചു.
”ദേവയാനി ”
“പഠിക്ക്യാ?”
“ഉം. ഡിഗ്രിക്ക് .”
“ഏതാ സബ്ജക്ട് ?”
“ഫിസിക്സ് ”
“അനിയന്‍ സ്കൂളില്‍ പോയിരിക്ക്വാണോ?”
രാമചന്ദ്രന്‍ ചോദിച്ചു.
“ഉം…”
രണ്ടുപേരും തനിച്ചാ താമസം?
“ഉം…”
”പേടിയൊന്നുമില്ലേ?”
പാര്‍വതി ചോദിച്ചു.
“ഏയ് “
“കേസും പ്രശ്നങ്ങളുമൊക്കെയായി ഒരുപാട് വിഷമമുണ്ടായി അല്ലേ?”
“ഉം…”
“ബാലു എല്ലാം ഞങ്ങളോടു പറഞ്ഞു. ”
സുമിത്ര ചിരിച്ചതേയുള്ളൂ .
“എപ്പഴെങ്കിലും സംശയം തോന്നിയായിരുന്നോ, അവൻ പോലീസ് ഓഫീസറാണെന്ന്?”
“ഇല്ല.”
“അവനങ്ങനെ ഒരു പെണ്ണിനേം സാധാരണ ഇഷ്ടപ്പെടാറുള്ളതല്ല. ഒരുപാട് ആലോചനകളു വന്നതാ. ഇതിപ്പം അവൻ തന്നെ ഒരാളെ കണ്ടെത്തിയപ്പം ഞങ്ങൾക്ക് സന്തോഷമായി. ”
പുഞ്ചിരിച്ചതേയുള്ളു സുമിത്ര .
“അവനിങ്ങനെയൊരാഗ്രഹം പറഞ്ഞപ്പം ഒരു ഡിമാന്‍റേ ഞങ്ങളു വച്ചുള്ളൂ. നല്ല സ്വഭാവമായിരിക്കണം; അടുക്കോം ഒതുക്കോം വേണം. അക്കാര്യത്തില്‍ അവനുറപ്പുതന്നതുകൊണ്ടാ ഞങ്ങളിങ്ങോട്ടു വന്നതുതന്നെ.”
അപ്പോഴും നാണം കുണുങ്ങി നിന്നതേയുള്ളൂ സുമിത്ര.
“ബിഎഡ് എടുത്തിട്ടുണ്ടല്ലേ?”
രാമചന്ദ്രന്‍ ചോദിച്ചു.
“ഉം.”
“ടീച്ചിംഗ് ഇഷ്ടമാണോ?”
“ഒരുപാട്.”
“അവന്‍ ശ്രമിച്ചാല്‍ എവിടെങ്കിലും ജോലി കിട്ടും. കല്യാണം കഴിഞ്ഞാലും വീട്ടിലിരുന്നു ബോറടിക്കേണ്ടി വരില്ല ”
സന്തോഷാതിരേകത്താല്‍ സുമിത്രയുടെ കണ്ണുകള്‍ നിറഞ്ഞു.
“കല്യാണം ഉടനെ നടത്തണമെന്നാ ഞങ്ങടെ ആഗ്രഹം. സുമിത്രയ്ക്ക് അസൗകര്യങ്ങളൊന്നുമില്ലല്ലോ?”
“ഇല്ല.”
“ഞങ്ങളു വീട്ടില്‍ച്ചെന്ന് അവനോട് കാര്യങ്ങളൊക്കെ സംസാരിക്കാം. പറ്റുമെങ്കില്‍ അടുത്തമാസം തന്നെ കല്യാണം നടത്തണമെന്നാ ഞങ്ങളുടെ പ്ലാൻ . ബാക്കികാര്യങ്ങളൊക്കെ വീട്ടിൽ ചെന്ന് അവനുമായി ആലോച്ചിട്ട് അറിയിക്കാം ”
“ഉം ” -സുമിത്ര തലകുലുക്കി.
“എന്നാല്‍ ഞങ്ങളിറങ്ങട്ടെ.”
രാമചന്ദ്രന്‍ എണീറ്റു.
“ഊണുകഴിച്ചിട്ട് പോകാം. എല്ലാം ഒരുക്കിവച്ചിട്ടുണ്ട്.”
സുമിത്ര നിര്‍ബന്ധിച്ചു.
“ഞങ്ങളിത്രേം പേരില്ലേ. വെളീന്നു കഴിച്ചോളാം.”
“എത്രപേരുണ്ടേലും കുഴപ്പമില്ല. ഒക്കെ റെഡിയാക്കി വച്ചിട്ടുണ്ട് .”
“മോള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ആയിക്കോട്ടെ.”
“ഒരഞ്ചുമിനിറ്റ്.”
അതുപറഞ്ഞിട്ട് സുമിത്ര അടുക്കളയിലേക്ക് വലിഞ്ഞു.
തിടുക്കത്തില്‍ ചോറും കറികളും വിളമ്പി അവള്‍ ടേബിളില്‍ നിരത്തി. എന്നിട്ട് സ്വീകരണമുറിയില്‍ വന്ന് എല്ലാവരെയും ഊണുകഴിക്കാന്‍ ക്ഷണിച്ചു.
രാമചന്ദ്രനും പാര്‍വതിയും ദേവയാനിയും എണീറ്റ് ഡൈനിംഗ് റൂമിലേക്ക് വന്നു. കൈകഴുകിയിട്ട് അവര്‍ വന്നു മേശയ്ക്കു ചുറ്റുമിരുന്നു.
നാലഞ്ചുകൂട്ടം കറികളുണ്ടായിരുന്നു ഊണിന്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പാര്‍വതി ചോദിച്ചു.
“കറികളൊക്കെ തന്നത്താന്‍ ഉണ്ടാക്കിയതാ?”
“ഉം…”
“നന്നായിരിക്കുന്നു, ട്ടോ.”
സുമിത്ര ചിരിച്ചതേയുള്ളൂ.
“എന്തായാലും ഏട്ടന് നല്ല രുചിയുള്ള ആഹാരം കഴിക്കാം.”
ദേവയാനിയുടെ കമന്‍റുകേട്ട് ചിരിച്ചുപോയി രാമചന്ദ്രനും പാര്‍വതിയും.
ഊണുകഴിഞ്ഞ് കൈകഴുകിയിട്ട് തിരിഞ്ഞ് സുമിത്രയെ നോക്കി രാമചന്ദ്രന്‍ പറഞ്ഞു:
“ഭംഗിവാക്കു പറഞ്ഞതല്ല കേട്ടോ . ഊണു നന്നായിരുന്നു .. പുളിശേരിയും മീൻ കറിയുമൊക്കെ ഉഗ്രൻ. ആ ചമ്മന്തിയുടെ ടേസ്റ്റ് ഇപ്പഴും നാവിന്നു പോയിട്ടില്ല ”
സുമിത്രയ്ക്ക് അടക്കാനാവാത്ത സന്തോഷം തോന്നി.
”അവൻ ഇവിടുന്നു കഴിച്ച കപ്പയുടെയും മീനിന്റെയും രുചി ഇടയ്ക്കിടെ ഞങ്ങളോട് പറയും ”
പാർവതി പറഞ്ഞു.
“ബാലന്‍ ഭാഗ്യമുള്ളോനാ. അവന്‍ സെലക്ട് ചെയ്യുന്നതൊന്നും മോശമാകാറില്ല”- രാമചന്ദ്രൻ അങ്ങനെ പറഞ്ഞപ്പോൾ സുമിത്രയുടെ മനസില്‍ ഒരായിരം പൂക്കള്‍ ഒന്നിച്ചു വിടര്‍ന്ന അനുഭൂതി.
വെളിയിലേക്കിറങ്ങുന്നതിനുമുമ്പ് ഒരിക്കല്‍കൂടി അവര്‍ യാത്ര ചോദിച്ചു.
“വരട്ടെ മോളെ?”
“ഉം.”
അവൾ തലയാട്ടി.
അവര്‍ പുറത്തേക്കിറങ്ങിയപ്പോൾ യാത്രയാക്കാൻ സുമിത്രയും പിന്നാലെ ചെന്നു,
കാറിനകത്തേക്ക് കയറുമ്പോള്‍ തൊട്ടടുത്ത് സുമിത്രയുണ്ടായിരുന്നു.
ഡോര്‍ അടയ്ക്കുന്നതിനുമുമ്പ് സുമിത്രയുടെ കരംപിടിച്ചുകൊണ്ട് പാര്‍വതി പറഞ്ഞു.
“സന്തോഷായിട്ടിരിക്കണം ട്ടോ. നാളെയോ മറ്റന്നാളോ വിളിക്കാം.”
”ഉം”. സുമിത്ര തലകുലുക്കി.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ദേവയാനിയും പാർവതിയും കൈവീശി. സുമിത്രയും കൈവീശി മംഗളം നേർന്നു. .കാര്‍ കണ്ണില്‍നിന്ന് മറയുന്നതുവരെ സുമിത്ര ഗേറ്റിനരികില്‍ തന്നെ നിന്നു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 49