Home Literature ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 16

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 16

1279
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 16

ഉച്ചകഴിഞ്ഞ് മൂന്നുമണി നേരം !
ജോലികളെല്ലാം ഒതുക്കിയിട്ട് സ്വീകരണമുറിയില്‍ വന്നിരുന്ന് ടിവിയിലെ സീരിയല്‍ കാണുകയായിരുന്നു സുകുമാരന്റെ സഹോദരി അശ്വതി. അപ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്.
ഈ സമയത്ത് ആരാണ് എന്ന ആകാംക്ഷയോടെ എണീറ്റുചെന്ന് വാതില്‍ തുറന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസായിരുന്നു വാതില്‍ക്കല്‍. മഫ്‌തിയിലായിരുന്നതുകൊണ്ട് ആളെ മനസിലായില്ല അവർക്ക് .
”ഈ അശ്വതീന്നു പറയുന്ന സ്ത്രീ ?”
സിഐ ചോദിച്ചു.
“ഞാനാ.”
മനസിലാകാത്തമട്ടില്‍ അശ്വതി നോക്കിനിന്നു.
മോഹന്‍ദാസ് സ്വയം പരിചയപ്പെടുത്തിയിട്ട് തുടര്‍ന്നു: “സുകുമാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാ .”
“വരൂ…”
അശ്വതി അദ്ദേഹത്തെ അകത്തേക്കു ക്ഷണിച്ചു .
അകത്തുകയറി സ്വീകരണമുറിയിലെ കസേരയില്‍ ഇരുന്നിട്ടു സിഐ നാലുചുറ്റും ഒന്നു നോക്കി.
ആമുഖമായി അശ്വതിയുടെ ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചും ചോദിച്ചിട്ട് സിഐ തുടര്‍ന്നു.
“അശ്വതി ഏതു കോളജിലാ ഡിഗ്രിക്ക് പഠിച്ചത്?”
അവൾ കോളേജിന്റെ പേര് പറഞ്ഞു.
“ഹോസ്റ്റലില്‍ താമസിച്ചാണോ പഠിച്ചത്?”
അതെ.
“ഹോസ്റ്റലില്‍ ആരായിരുന്നു അശ്വതിയുടെ റൂംമേറ്റ്?”
“ഒരു സുമിത്രയായിരുന്നു. എന്തേ?”
“സുമിത്ര അശ്വതിയുടെ അടുത്ത ഫ്രണ്ടായിരുന്നോ?”
“അതെ.”
“സുമിത്രയും സുകുമാരനും തമ്മില്‍  അടുപ്പത്തിലായിരുന്നോ ?”
”എന്ന് വച്ചാൽ ?”
” എന്ന് വച്ചാൽ സ്നേഹത്തിലായിരുന്നോന്ന് ”
“ഉം.”
“ഞാന്‍ ചോദിച്ചത് സുകുമാരനു സുമിത്രയോട് ഉണ്ടായിരുന്നതുപോലുള്ള സ്നേഹം തിരിച്ചങ്ങോട്ടും ഉണ്ടായിരുന്നോന്നാ.”
“രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായിരുന്നു. സുകുവേട്ടന് അവളെ കല്യാണം കഴിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ…”
“പക്ഷേ…?”
“അവളതൊരു നേരമ്പോക്കായി മാത്രമേ കണ്ടുള്ളൂ.”
“കല്യാണക്കാര്യം സുമിത്രയോട് സംസാരിച്ചിരുന്നോ?”
“ഒരിക്കലവളു വീട്ടില്‍ വന്നപ്പം ഞാന്‍ നേരിട്ടു ചോദിച്ചു. അപ്പം അവളു പറഞ്ഞു ഒരു ഫ്രണ്ടായിട്ടു മാത്രമേ സുകുവേട്ടനെ കണ്ടിട്ടുള്ളുവെന്നും കല്യാണത്തിനു താത്പര്യമില്ലെന്നും.”
“അപ്പം സുകുമാരനു വിഷമം തോന്നിയോ?”
“ഒരുപാട് വിഷമം തോന്നി. എന്നാലും സുകുവേട്ടന്‍ അതൊന്നും അവളോട് കാണിച്ചില്ല.”
“നിങ്ങളു തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന് അതു തടസമായോ?”
“ഒരിക്കലുമില്ല. എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു.”
“കോളജീന്നു പിരിഞ്ഞതു സൗഹൃദത്തോടെയാണോ?”
“അതെ.”
“ഇടയ്ക്ക് ഒന്ന് ചോദിച്ചോട്ടെ. ഈ സുകുമാരന്‍ സുമിത്രേടെ ഫോട്ടോ വല്ലതും എടുത്തിട്ടുണ്ടോ?”
” ഫോട്ടോന്നു പറഞ്ഞാൽ?”
”ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ.”
“എന്‍റെ അറിവില്‍ ഇല്ല .”
“അങ്ങനെ ഏതെങ്കിലും ഫോട്ടോടെ കാര്യം പറഞ്ഞ് ഹോസ്റ്റലിലെ അഡ്രസില്‍ സുമിത്രയ്ക്ക് ഒരു ഊമക്കത്ത് കിട്ടിയിരുന്നോ?”
“ഇല്ല.”
“ഇല്ലെന്നു നിങ്ങള്‍ക്കെങ്ങനെ അറിയാം?”
“ഉണ്ടായിരുന്നെങ്കില്‍ അവളെന്നോടു പറഞ്ഞേനെ. ഞങ്ങളു തമ്മില്‍ പറയാത്ത രഹസ്യങ്ങളൊന്നുമില്ല.”
സിഐ തെല്ലുനേരം ചിന്താമൂകനായി ഇരുന്നപ്പോള്‍ അശ്വതി ചോദിച്ചു.
“എന്തേ?”
” ഈ കേസുമായി ബന്ധപ്പെട്ട്‌ ഞങ്ങൾ സുമിത്രയെ ചോദ്യം ചെയ്തിരുന്നു . അവർ പറഞ്ഞത് , സുകുമാരൻ സുമിത്രയുടെ നഗ്‌ന ഫോട്ടോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു ഹോസ്റ്റലിലെ അഡ്രസിൽ അവർക്കൊരു ഊമ കത്ത് കിട്ടിയെന്നും ആ കത്ത് നിങ്ങളെ കാണിച്ചെന്നുമാണ് ”
”യ്യോ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല . എന്റെ ചേട്ടൻ അത്ര വൃത്തികെട്ടവനൊന്നുമല്ല . ഞാനിപ്പഴാ ഇത് കേൾക്കുന്നത് തന്നെ . അവൾ എന്തിനാണ് ഇങ്ങനെയുള്ള കഥകളൊക്കെ ഉണ്ടാക്കി പറയുന്നതെന്ന് മനസിലാവുന്നില്ല . എന്റെ ഏറ്റവും വലിയ ഫ്രണ്ടായിരുന്നു അവള് ”
“അതാണ് ഞങ്ങൾക്കും മനസിലാകാത്തത് . നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണല്ലോ. അല്ലേ?”
“അവളെക്കുറിച്ചു കള്ളം പറഞ്ഞിട്ട് എനിക്കെന്തു കിട്ടാനാ സാറേ ?”
“സുകുമാരന്‍റെ കൊലപാതകത്തില്‍ അശ്വതിക്കാരെയെങ്കിലും സംശയമുണ്ടോ?”
“ഇല്ല.”
“അയാള്‍ക്കു ശത്രുക്കളാരെങ്കിലും ഉള്ളതായിട്ട് അറിയാമോ ?”
”ഇല്ല .”
“ഓക്കെ.” സിഐ എണീറ്റിട്ടു തുടര്‍ന്നു: “അശ്വതീടെ സഹായം ഇനിയും വേണ്ടിവരും. “
“ഉം” അവൾ തലയാട്ടി.
സിഐ യാത്രപറഞ്ഞിറങ്ങി.
വെളിയിലിറങ്ങി ജീപ്പില്‍ കയറിയിട്ട് അദ്ദേഹം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

* * * ***** ****** ***** ****

പോലീസ് സൂപ്രണ്ട് മുഹമ്മദ് ഇക്ബാലിന്‍റെ ഓഫീസ് റൂം.
ഡിവൈഎസ്പി ഹരിദാസ്, സിഐ മോഹന്‍ദാസ്, എസ്ഐ ജോണ്‍ വറുഗീസ് എന്നിവര്‍ എസ്പിക്ക് അഭിമുഖമായി കസേരയിലിരിക്കുകയാണ് . എല്ലാവരും പോലീസ് വേഷത്തിലാണ്.
“അശ്വതീടെ മൊഴി പൂര്‍ണമായും നമുക്കങ്ങു വിശ്വസിക്കാമോ?”
പോലീസ് സൂപ്രണ്ട് സി ഐയോട് ചോദിച്ചു.
“എന്തുകൊണ്ട് വിശ്വസിച്ചുകൂടാ സാര്‍? കാരണം അവരുതമ്മില്‍ പിണങ്ങിയല്ല പിരിഞ്ഞത്. അക്കാര്യം സുമിത്രയും സമ്മതിക്കുന്നുണ്ട്.”
“അപ്പോ സുമിത്രയാണ് കൊല നടത്തിയതെന്നു നമുക്ക് തീര്‍ച്ചപ്പെടുത്താമോ?”
“ലഭ്യമായ തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ അതിനാണ് തൊണ്ണൂറ് ശതമാനം സാധ്യത . രാത്രി അവരവിടെ പോയി എന്ന് അവരും സമ്മതിക്കുന്നുണ്ടല്ലോ?”
“രാത്രി എന്തിനവിടെ പോയി?”
“പോകാതിരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നിട്ടുണ്ടാകും.”
“എന്ത് സാഹചര്യം ?”
“എന്‍റെ നിഗമനം ഇങ്ങനാണ്. സുമിത്രയും സുകുമാരനും തമ്മില്‍ കോളജില്‍ പഠിക്കുന്ന കാലത്ത് സ്നേഹമായിരുന്നിരിക്കും. സുമിത്ര പക്ഷേ അതൊരു നേരമ്പോക്കായി മാത്രമേ കണ്ടിരുന്നിരിക്കൂ. കാരണം അവളുടെ വിവാഹം മുറച്ചെറുക്കനുമായി നേരത്തെ നിശ്ചയിച്ചതായിരുന്നല്ലോ. പക്ഷേ, സുകുമാരന്‍ ആ പ്രേമം സീര്യസായിട്ടെടുത്തുകാണും . അയാള്‍ കല്യാണം ആലോചിച്ചപ്പോള്‍ സുമിത്ര ഒഴിഞ്ഞു മാറി . അതു സുകുമാരനെ വല്ലാതെ ഫീലുചെയ്യിപ്പിച്ചിട്ടുണ്ടാകും. ഇതിനിടയില്‍ എപ്പോഴോ സുകുമാരന്‍ അവളുടെ, കാണാന്‍ കൊള്ളില്ലാത്ത ഏതെങ്കിലും ഫോട്ടൊ എടുത്തിട്ടുണ്ടാകും. സുമിത്ര അവിടെ ജോലി കിട്ടി വന്നു കഴിഞ്ഞപ്പം ഈ ഫോട്ടോ വച്ച് അയാളു ബ്ലാക്ക് മെയില്‍ ചെയ്തുകാണും. എങ്ങനെയും സുമിത്രയെ ഒന്നു കീഴ്പ്പെടുത്തി തന്‍റെ ആഗ്രഹം സാധിക്കണമെന്നയാളും ചിന്തിച്ചുകാണും. അതിനാണ് രാത്രിയില്‍ വീട്ടില്‍ വരാന്‍  സുമിത്രയോട് പറഞ്ഞത്. സുമിത്ര ആലോചിച്ചപ്പോള്‍ തോന്നി ഫോട്ടോ പുറത്തുവന്ന് മാനം പോകുന്നതിനേക്കാള്‍ നല്ലത് ഒരു രാത്രി അയാള്‍ക്ക് കീഴ്‌പെടുന്നതല്ലേ എന്ന് . അതിനാണ് രാത്രി അവളങ്ങോട്ട് ചെന്നത്. അവിടെ ചെന്നു കഴിഞ്ഞപ്പോള്‍ കണ്ടത് സുകുമാരന്‍ വെള്ളമടിച്ചു ഫിറ്റായി ചാരുകസേരയില്‍ ചാരിക്കിടന്ന് മയങ്ങുന്നതാണ്. അപ്പം തോന്നിക്കാണും ആരും അറിയാതെ അങ്ങു തട്ടിയേക്കാമെന്ന്. മുറ്റത്തുകിടന്ന ഇരുമ്പുദണ്ഡെടുത്ത് തലയ്ക്കിട്ട് കൊടുത്തു ഒരെണ്ണം. ഒറ്റയടിക്ക് തലപൊട്ടി ആളു ചത്തു. ഒന്നും സംഭവിക്കാത്തമട്ടില്‍ അവളു തിരികെ പോരുകേം ചെയ്തു. ഇതായിരിക്കും സംഭവിച്ചത് ”
“പാതിരാത്രീല്‍ ഒറ്റയ്ക്ക് ഒരു പുരുഷനെ കൊല്ലാനുള്ള ധൈര്യം ഒരു സ്ത്രീക്കുണ്ടാകുമോ?”
എസ്പി സംശയം പ്രകടിപ്പിച്ചു.
“ഒറ്റയ്ക്ക് കയറിച്ചെല്ലാന്‍ ധൈര്യമുണ്ടെങ്കില്‍ കൊല്ലാനുള്ള ധൈര്യവും കാണില്ലേ സാര്‍?”
“അങ്ങനെ വിശ്വസിക്കാം അല്ലേ?”
“അറസ്റ്റുചെയ്ത് ശരിക്കൊന്നു ചോദ്യം ചെയ്താല്‍ അവളു മണിമണിപോലെ കാര്യങ്ങള്‍ പറയും സാര്‍. ഇല്ലെങ്കിൽ രണ്ടു പൊട്ടീര് കൊടുത്തു സമ്മതിപ്പിക്കാം നമുക്ക് ”
എസ്ഐ പറഞ്ഞു.
“അവളു കുറ്റം സമ്മതിച്ചില്ലെങ്കില്‍ നമ്മള്‍ പ്രതിക്കൂട്ടിലാകും. പത്രക്കാരും ചാനലുകാരുമൊക്കെ വാര്‍ത്തയ്ക്കുവേണ്ടി ഓടിനടക്ക്വാ.”
“അറസ്റ്റുചെയ്ത് കസ്റ്റഡീലെടുത്താല്‍ കുറ്റം സമ്മതിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു സര്‍. നമ്മൾ എത്രയോ കുറ്റങ്ങൾ ഇതുപോലെ സമ്മതിപ്പിച്ചിരിക്കുന്നു. തട്ടിക്കൂട്ടി ഒരു ചാർജു ഷീറ്റുണ്ടാക്കിക്കൊടുത്താൽ നമ്മുടെ പണി കഴിഞ്ഞില്ലേ ? പിന്നെ കോടതി തീരുമാനിക്കട്ടെ കുറ്റം ചെയ്തോ ഇല്ലയൊന്ന് “
സിഐ ധൈര്യം പകർന്നു.
“എന്നാപ്പിന്നെ അങ്ങനെ ചെയ്യ്. എങ്ങനെയെങ്കിലും ഈ ഫയലൊന്നു ക്ലോസ് ചെയ്യണ്ടേ. എത്ര നാളായി ഇതിന്റെ പിറകെ നടക്കുന്നു ” എസ് പി പറഞ്ഞു .
“സാറു ധൈര്യായിട്ടിരിക്ക്. പോലീസിനൊരാക്ഷേപവും വരാത്ത രീതിയില്‍ ഈ കേസ് ഞങ്ങളു കൈകാര്യം ചെയ്തോളാം.”
എസ്ഐ പറഞ്ഞു
“ഓക്കെ… പ്രൊസീഡ്.”
എസ്പി അനുവാദം നല്‍കിയതും ഹരിദാസും മോഹന്‍ദാസും ജോണ്‍ വറുഗീസും എണീറ്റു
വെളിയിലേക്കിറങ്ങി ജീപ്പില്‍ കയറി.

* * * ****** ***** *****

കല്യാണത്തിന് ഇനി രണ്ടാഴ്ച കൂടി മാത്രം! ക്ഷണിക്കേണ്ടവരെയെല്ലാം ക്ഷണിച്ചു കഴിഞ്ഞു. എങ്കിലും മനസില്‍ സുമിത്ര ഒരുവട്ടംകൂടി ഓട്ടപ്രദക്ഷിണം നടത്തി. ആരെയെങ്കിലും വിട്ടുപോയോ? വിട്ടുപോയാല്‍ അവര്‍ക്കു പിന്നെ പിണക്കവും പരിഭവവുമാകും.
ക്ഷണക്കത്ത് നിവര്‍ത്തിപ്പിടിച്ച് സുവര്‍ണലിപികളിലേക്ക് മിഴികള്‍ നട്ട് അവള്‍ ഏറെനേരം ഇരുന്നു.
രാത്രി അത്താഴം കഴിക്കാനായി എല്ലാവരും മേശയ്ക്കു ചുറ്റുമിരിക്കുമ്പോള്‍ സതീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“കല്യാണത്തിന് മൂന്നുദിവസം മുമ്പേ വീടുപൂട്ടി ഞങ്ങളു ഫാമിലിയായിട്ടങ്ങോട്ട് വരും കേട്ടോ ?”
“അതിനെന്താ? അതു സന്തോഷമുള്ള കാര്യമല്ലേ. വരണം. വന്നില്ലെങ്കിലേ എനിക്ക് വിഷമമുണ്ടാകൂ.”
“സ്വര്‍ണം എത്ര എടുത്തു?”
മഞ്ജുളയ്ക്ക് അതാണറിയേണ്ടത്.
“നൂറ്റൊന്നു പവന്‍.”
“വിളിക്കാനുള്ളോരെയൊക്കെ വിളിച്ചോ?” സതീഷ് ചോദിച്ചു.
“ഉം. മിക്കവാറും എല്ലാവരെയും വിളിച്ചു “
“എന്നുമുതലാ ലീവ്?”
“അടുത്ത തിങ്കളാഴ്ച മുതല് .”
“സ്കൂളീന്ന് എല്ലാരും വര്വോ കല്യാണത്തിന്?” – മഞ്ജുളയുടെ ചോദ്യം.
“വരുമെന്നാ പറഞ്ഞേ ”
കുശലം പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല.
എണീറ്റ് കൈകഴുകിയിട്ട് സുമിത്ര പടികള്‍ കയറി തന്‍റെ റൂമിലേക്ക് പോയി.
പിറ്റേന്ന് ബുധനാഴ്ച.
രാവിലെ സ്കൂളില്‍ ചെന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ തമാശകളുമായി അടുത്തുകൂടി.
“ജയദേവന്‍ ഭാഗ്യവാനാ. നല്ലൊരു സുന്ദരിക്കുട്ടിയെയല്ലേ സ്വന്തമാക്കാന്‍ പോണത്.”
മേരി ടീച്ചറിന്‍റെ കമന്‍റുകേട്ട് സുമിത്ര ആകാശത്തോളം ഉയര്‍ന്നു.
“ഞങ്ങളിവിടുന്ന് സ്പെഷ്യല്‍ വണ്ടി വിളിച്ചാ വരാന്‍ പോണത്. ശാപ്പാട് ഉഗ്രനായിരിക്കണം,ട്ടോ. ഞങ്ങള് ക്രിസ്ത്യാനികള് വെജിറ്റേറിയന്‍ സദ്യ കഴിച്ചിട്ട് നാളുകുറെയായി.”
തോമസ് സാറു പറഞ്ഞു.
സുമിത്ര പുഞ്ചിരിച്ചതേയുള്ളൂ.
ജൂലിയും സൗമിനിയും അദ്യരാത്രിയെക്കുറിച്ചു ഓരോന്നു പറഞ്ഞ് കളിയാക്കി അവളുടെ തൊലി ഉരിച്ചു.
ഒരുപാട് ചിരിച്ചു അന്ന് അവൾ.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് സ്റ്റാഫ് റൂമിലിരിക്കുമ്പോല്‍ സുമിത്രയ്ക്ക് ഒരു ഫോണ്‍.
അങ്ങേതലയ്ക്കല്‍ അശ്വതിയാണെന്നറിഞ്ഞപ്പോള്‍ അവള്‍ ആഹ്ലാദത്തോടെ ചോദിച്ചു:
“നീ എവിടുന്നാ ഇപ്പം വിളിക്കുന്നേ?”
“ഞാനിവിടെ സുകുവേട്ടന്‍റെ വീട്ടീന്നാ. എനിക്ക്‌ അത്യാവശ്യമായി ഒന്ന് കാണണമല്ലോ നിന്നെ. ഇവിടം വരെ ഒന്നു വര്വോ?”
“ഉച്ചകഴിഞ്ഞെനിക്ക് ക്ലാസുണ്ടല്ലോ. നീ ഇങ്ങട് വാ…”
“അത് ശരിയാവില്ല . ഉച്ചകഴിഞ്ഞ് ലീവെടുത്ത് നീ ഇങ്ങോട്ട് വാ. എനിക്ക് നിന്നെ ഒന്നു കണ്ടേ പറ്റൂ.”
സുമിത്ര ഓര്‍ത്തു. പോലീസ് അന്വേഷിച്ചു ചെന്ന കാര്യം പറയാനായിരിക്കും അവള്‍ വിളിക്കുന്നത്. പോലീസുകാരു പറഞ്ഞാവും താനിവിടുണ്ടെന്ന് അവള്‍ അറിഞ്ഞതും. ചെല്ലാം! തന്‍റെ ഏറ്റവും അടുത്ത ഫ്രണ്ടല്ലായിരുന്നോ! കോളജീന്നു പോന്നതിനുശേഷം കണ്ടിട്ടില്ലല്ലോ . ഇപ്പോള്‍ രൂപവും ഭാവവുമൊക്കെ ഒരുപാട് മാറിക്കാണുമോ? എന്തായാലും കാണണം . മൂന്നുവർഷം ഒരു മുറിയിൽ കഴിഞ്ഞതല്ലേ.
”ഞാന്‍ ഉടനെ വരാം . നീ പോകല്ലേ “
ഹെഡ്മിസ്ട്രസിനോട് കാര്യം പറഞ്ഞു സുമിത്ര . പൊയ്ക്കൊള്ളാന്‍ അനുവാദം കിട്ടിയപ്പോൾ സന്തോഷമായി .
സ്റ്റാഫ് റൂമില്‍ വന്ന് ജൂലിയോടും സൗമിനിയോടും വിവരം പറഞ്ഞിട്ട് ബാഗുമെടുത്ത് അവള്‍ വെളിയിലേക്കിറങ്ങി.
ഒരു ഓട്ടോ പിടിച്ച് നേരെ സുകുമാരന്‍റെ വീട്ടിലേക്ക് വിട്ടു.
ഗേറ്റുകടന്ന് സുമിത്ര കയറിച്ചെല്ലുമ്പോള്‍ അശ്വതി സിറ്റൗട്ടില്‍ വെളിയിലേക്കു നോക്കി നില്‍പ്പുണ്ടായിരുന്നു.
“നീ ആളാകെ മാറിപ്പോയല്ലോ മോളേ. ഇത്രയും തടി ഞാന്‍ പ്രതീക്ഷിച്ചില്ലാ ട്ടോ. മുഖവും വല്ലാണ്ടങ്ങു മാറി.”
ഓടിച്ചെന്ന് അശ്വതിയുടെ കരം പുണര്‍ന്ന് അവള്‍ ആഹ്ലാദത്തോടെ ആ മുഖത്തേക്ക് നോക്കി നിന്നു.
അശ്വതി മന്ദഹസിക്കുക മാത്രമേ ചെയ്തുള്ളൂ.
“പഴയ ആ ചിരീം തമാശകളുമൊക്കെ എവിടെപ്പോയെടി ? ആട്ടെ ,നിന്‍റെ കല്യാണം കഴിഞ്ഞോ?”
“ഉം…”
“എന്നെ കാണണമെന്നാഗ്രഹം തോന്നിയല്ലോ . സന്തോഷമായിട്ടോ.”
“നീ വാ.”
അശ്വതി അവളെ അകത്തേക്ക് ക്ഷണിച്ചു.
“ഒരുപാട് നേരായോ വന്നിട്ട്?”
അങ്ങനെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിയതും അവള്‍ നടുങ്ങി. സ്വീകരണമുറിയില്‍ ഡിവൈഎസ് പിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും.
സുമിത്ര സംശയത്തോടെ അശ്വതിയെ നോക്കി.
“പേടിക്കണ്ട. ഞങ്ങള് കൂട്ടിക്കൊണ്ടു വന്നതാ അശ്വതിയെ .”
സിഐ തുടർന്നു :
”സുമിത്രയുടെ പഴയ ഫ്രണ്ടല്ലേ. പോലീസ് സ്റ്റേഷനില്‍ വച്ചു പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണോന്ന് സുമിത്രേടെ സാന്നിധ്യത്തില്‍ തന്നെ ചോദിക്കാമെന്നു വിചാരിച്ചു . ദാ… അങ്ങോട്ടിരിക്ക്.”
സിഐ ചൂണ്ടിക്കാണിച്ച കസേരയില്‍ സുമിത്ര ഇരുന്നു. തൊട്ടടുത്ത് അശ്വതിയും.
“കോളജില്‍ സുമിത്രയുടെ റൂംമേറ്റായിരുന്ന അശ്വതി തന്നെയല്ലേ ഇത് ?”
അശ്വതിയെ ചൂണ്ടി ഡിവൈഎസ്പി ചോദിച്ചു.
“അതെ.”
“ഇനി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയണം .”
അശ്വതിയെ നോക്കി സിഐ പറഞ്ഞു.
“ഉം .”
“കോളജില്‍ പഠിക്കുന്ന കാലത്ത് അശ്വതിയുടെ സഹോദരന്‍, അതായത് കൊല്ലപ്പെട്ട സുകുമാരനും ഈ നില്‍ക്കുന്ന സുമിത്രയും തമ്മില്‍ സ്നേഹമായിരുന്നോ?”
“ഉം.”
“രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമായിരുന്നോ?”
“ഉം…”
ഉടന്‍ സുമിത്ര ചാടിപ്പറഞ്ഞു.
“സുകുമാരന് എന്നോട് സ്നേഹമായിരുന്നൂന്നുള്ളതു നേരാ. പക്ഷേ, ഞാനയാളെ ഒരു ബ്രദറിനെപ്പോലെയാ കണ്ടിരുന്നത്.”
“ആണോ അശ്വതി? “സിഐ ആരാഞ്ഞു.
“എനിക്കങ്ങനെയല്ല തോന്നിയത്. സുകുവേട്ടന്‍ അങ്ങനെയല്ലായിരുന്നു എന്നോട് പറഞ്ഞതും. അതുകൊണ്ടാണല്ലോ ഞങ്ങളു കല്യാണം ആലോചിച്ചത്.”
“കല്യാണം ആലോചിച്ചൂന്നുള്ളതു നേരാ. പക്ഷേ, ഞാന്‍ സുകുമാരനെ അങ്ങനെയൊരു രീതിയിലല്ല ഇഷ്ടപ്പെട്ടിരുന്നത്. അതിവളോട് ഞാന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.” സുമിത്ര പറഞ്ഞു.
“സുകുവേട്ടന്‍ അങ്ങനെയൊന്നുമല്ലായിരുന്നു എന്നോട് പറഞ്ഞത്. സുകുവേട്ടന്‍ ആത്മാര്‍ഥമായിട്ടായിരുന്നു ഇവളെ സ്നേഹിച്ചത്. പക്ഷേ ഇവള്‍ക്കതൊരു നേരമ്പോക്കായിരുന്നൂ. സുകുവേട്ടനത് മനസിലായില്ല.”
”എന്റെ കല്യാണം നിശ്ചയിച്ചതാണെന്നു ഞാൻ നിന്നോട് പറഞ്ഞതല്ലേ അശ്വതി ?”
” നിങ്ങളു തമ്മിലൊരു തർക്കം വേണ്ട. ഞങ്ങൾക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി. അശ്വതിടെ വീട്ടിലെ ബാത്റൂമില്‍ സുമിത്ര കുളിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ഫോട്ടോ സുകുമാരന്‍റെ കൈയിലുണ്ടെന്നു പറഞ്ഞ് സുമിത്രയ്ക്ക് ഒരു ഊമക്കത്ത് വന്നിരുന്നോ?”
“ഇല്ല.” അശ്വതി പറഞ്ഞു.
“ഇല്ലേ അശ്വതി? ഞാന്‍ നിന്നെ കാണിച്ചു തന്നതല്ലേ ആ കത്ത് ? നീയതു മറന്നുപോയോ?” – സുമിത്ര ചോദിച്ചു.
“ഏതു കത്ത്? നീ എന്നോട് ഒരു കത്തിന്‍റേം കാര്യം പറഞ്ഞിട്ടില്ലല്ലോ?”
“നീയൊന്ന് ശരിക്ക് ഓര്‍ത്തുനോക്കിക്കേ അശ്വതി. ഞാനാ കത്ത് കാണിച്ചുതന്നതല്ലേ നിന്നെ?”
“നിനക്കെന്താ പറ്റീത്? സമനില തെറ്റിയതുപോലെ സംസാരിക്കാതെ സുമിത്രേ.”
“നീ ശരിക്കൊന്ന് ഓര്‍ത്തുനോക്കിക്കേ. ആ കത്ത് ഞാന്‍ നിന്നെ കാണിച്ചുതന്നതും നീ വീട്ടില്‍പ്പോയി അന്വേഷിച്ചിട്ടു വന്നിട്ട് അങ്ങനെയൊരു ഫോട്ടോ സുകുവേട്ടന്‍ എടുത്തിട്ടില്ലാന്ന് എന്നോട് പറഞ്ഞതുമൊക്കെ നീ ഓര്‍ക്കുന്നില്ലേ?ഇത്ര വേഗം മറന്നുപോയോ അതൊക്കെ ? ”
സുമിത്രയുടെ നെഞ്ചിടിപ്പ് കൂടി.
“നിന്നെ രക്ഷിക്കാൻ വേണ്ടി ഞാനിപ്പം ഇവരോട് ഒരു കള്ളം പറയണം. അത്രയെല്ലേ വേണ്ടൂ ? പറഞ്ഞേക്കാം “
അശ്വതി സിഐയുടെ നേരെ തിരിഞ്ഞിട്ട് തുടര്‍ന്നു.
“ശരിയാ സര്‍. അങ്ങനെയൊരു കത്ത് വന്നു. ഞാനതു മറന്നുപോയി.” സുമിത്രയുടെ നേരെ തിരിഞ്ഞിട്ട് അശ്വതി ചോദിച്ചു: “പോരേ? ഇത്രയും പറഞ്ഞാൽ പോരെ? “
സിഐ ചാടി എണീറ്റിട്ടു സുമിത്രയുടെ അടുത്തേക്ക് പാഞ്ഞു വന്നിട്ട് ചോദിച്ചു.
” പോലീസുകാരെല്ലാം ഉണ്ണാക്കന്മാരാണെന്നു വിചാരിച്ചോടി ….. മോളെ . നീ പറഞ്ഞ കെട്ടുകഥകളെല്ലാം വിശ്വസിച്ച് ഞങ്ങളു വാലും മടക്കി പോയീന്നു നീ കരുതിയോ? അശ്വതിയെ ഞങ്ങളു കണ്ടുപിടിക്കില്ലെന്നും ചോദ്യം ചെയ്യില്ലെന്നും കരുതിയോ ? ”
അവൾ സ്തംഭിച്ചിരുന്നു ഒരു നിമിഷം .
“യു ആര്‍ അണ്ടര്‍ അറസ്റ്റ് ”
അതു കേട്ടതും ഭൂമി പിളർന്നു താഴേക്ക് പോകുന്നതുപോലെ തോന്നി സുമിത്രയ്ക്ക്. (തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here