Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 26

1722
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 26

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ടോണി ആതിരയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.
“ആനന്ദിക്കുക പ്രിയ പുത്രീ… ആത്മവിഭൂഷിത മണവാട്ടി… നിന്നെയിതാ മണവാളന്‍… മണവറയിങ്കല്‍ നയിച്ചുവല്ലോ…”
മിന്ന് കെട്ടിന്റെ നേരത്ത് വാദ്യോപകരങ്ങളുടെ അകമ്പടിയോടെ ഗായകസംഘം ആലപിച്ച മനോഹരമായ പാട്ട് കേട്ടപ്പോള്‍ ജാസ്മിന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുതുളുമ്പി. തലയിൽ ഷാൾ പുതച്ച്‌ ,തല അൽപ്പം ചെരിച്ച് , അൽത്താരയിലെ ക്രൂശിതരൂപത്തിലേക്കു മിഴികള്‍ നട്ട് , പള്ളിയുടെ ഏറ്റവും പിന്നറ്റത്തായി കൈകൾ കൂപ്പി നില്‍ക്കുകയായിരുന്നു അവൾ. മിഴിയോരങ്ങളില്‍ രണ്ടുതുള്ളി കണ്ണീര്‍ പളുങ്കുമണികള്‍ പോലെ പുറത്തേക്കൊഴുകാന്‍ വെമ്പി നിന്നിരുന്നു.
പള്ളിയിലെ തിരുക്കര്‍മ്മങ്ങളിലോ പ്രാര്‍ത്ഥനകളിലോ ആയിരുന്നില്ല അവളുടെ മനസ്സ് അപ്പോൾ . ടോണിയോടൊപ്പം കളിയും ചിരിയും തമാശകളുമായി നടന്ന ആ പഴയദിനങ്ങളായിരുന്നു മനസ് നിറയെ. ഇനി അതെല്ലാം ഓർമ്മയുടെ ചെപ്പിൽ ഒതുക്കണമല്ലോ എന്നോർത്തപ്പോൾ ഉള്ളൊന്നു തേങ്ങി.

പള്ളിയിലെ തിരുക്കർമ്മങ്ങൾ കഴിഞ്ഞ് ആളുകള്‍ പുറത്തേക്കിറങ്ങുന്നതു കണ്ടപ്പോഴാണ് ഓര്‍മ്മകളുടെ ലോകത്തു നിന്ന് അവള്‍ പടിയിറങ്ങി പള്ളിയിലേക്ക് വന്നത്. ഷാളുകൊണ്ട് മിഴികൾ തുടച്ചിട്ട് മറ്റുള്ളവരോടൊപ്പം അവളും വെളിയിലേക്കിറങ്ങി.

ചിത്തിരപുരത്തെ പരിചയക്കാരും സ്നേഹിതരുമൊക്കെ വന്ന് അവളോടു കുശലം പറയുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു. ഉള്ളിലെ പ്രയാസം മറച്ചുപിടിച്ചുകൊണ്ട് അവള്‍ എല്ലാവരെയും നോക്കി ചിരിക്കുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്തു.

നേര്‍ച്ചയിട്ടിട്ട് ടോണി ആതിരയോടൊപ്പം പള്ളിക്കകത്തുനിന്ന് ഇറങ്ങിവരുന്നത് കണ്ടപ്പോൾ കരഞ്ഞു പോകാതിരിക്കാന്‍ ചുണ്ടുകള്‍ കടിച്ചമർത്തി. വധൂവരന്മാരുടെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർമാർ തലങ്ങും വിലങ്ങും ഓടി നടക്കുകയാണ് .

തന്റെ മുഖം ക്യാമറയിൽ പതിയരുതെന്ന ആഗ്രഹത്തോടെ അവൾ ഒരു മരത്തിനു മറവിലേക്ക് മാറി നിന്നു .
കണ്ണുകള്‍ നാലുപാടും ചുറ്റിത്തിരിഞ്ഞപ്പോൾ, ആള്‍ക്കൂട്ടത്തിനിടയില്‍ അലീനയുടെ മുഖം കണ്ടു. കണ്ടതേ ഓടി അടുത്തു ചെന്നു. പരിചയക്കാരോടു കുശലം പറഞ്ഞു നില്‍ക്കുകയായിരുന്നു അലീന.
“ചേച്ചീ…” – ജാസ്മിന്‍ വന്നു കൈയില്‍ പിടിച്ചപ്പോഴാണ് അലീന അവളെ കണ്ടത്.
“ങ്ഹ… കൊച്ചേ.., നീ എവിടായിരുന്നു? ഞാന്‍ നിന്നെ നോക്കി ഓടി നടക്ക്വായിരുന്നു ഇത്രനേരവും . പള്ളിക്കകത്തു നിന്നെ കണ്ടില്ലല്ലോ ? നീ എവിടാ നിന്നത് ?”
”ഞാൻ ഏറ്റവും പിറകിലായിരുന്നു ചേച്ചി . ചേച്ചി എപ്പഴാ വന്നത്?.”
”താലി കെട്ടുന്നേനു തൊട്ടു മുൻപാ ഞാൻ എത്തിയത് . ഏറ്റവും മുൻപിലുണ്ടായിരുന്നു. അമ്മ എവിടെ?” – അലീന ആകാംക്ഷയോടെ നാലുപാടും നോക്കി.
‘ഇവിടെ എവിടെയോ ഒണ്ട്. ങ്ഹ… ചേച്ചി തനിച്ചേ വന്നുള്ളോ? ചേട്ടൻ വന്നില്ലേ ?”
” ചേട്ടന്‍ വേറൊരു കല്യാണത്തിനു പോയിരിക്ക്വാ.” – അലീന ഒരു കള്ളം പറഞ്ഞു.
”വന്നേ.., വിശേഷങ്ങളൊക്കെ ചോദിക്കട്ടെ.”
അവളെ വിളിച്ച് ഒരു മാവിന്റെ ചുവട്ടിലേക്കു മാറ്റി നിറുത്തിയിട്ട് അലീന വിശേഷങ്ങള്‍ തിരക്കി.
“ചേട്ടനേം കൂട്ടി ചേച്ചിക്കു കുറുക്കന്‍മലയിലേക്ക് ഒന്ന് വരാന്‍ മേലായിരുന്നോ. ഞങ്ങൾ എന്നും നോക്കി ഇരിക്കുമായിരുന്നു . ഇന്ന് വരും നാളെ വരും എന്നോർത്ത് ”.
“ചേട്ടനിപ്പം തീരെ വയ്യ മോളേ. ഷുഗറ് പ്രഷറ് കൊളസ്ട്രോള് …, ഇല്ലാത്ത രോഗങ്ങളൊന്നുമില്ല . യാത്ര ചെയ്യാനൊക്കെ ബുദ്ധിമുട്ടാ.”
“അമ്മ എല്ലാ ദിവസവും ചേച്ചീടെ കാര്യം പറയും. അവിടെ മൊബൈലിനു റേഞ്ചില്ലാത്തതു കാരണം ആരുടേം വിശേഷങ്ങളറിയാന്‍ പറ്റുന്നില്ല ചേച്ചി . ആ ഒരു ബുദ്ധിമുട്ടേ ഉള്ളൂ ഞങ്ങൾക്ക് അവിടെ.”
“അതൊരു വല്യ പ്രശ്നമാ. ഞാന്‍ എന്നും നിങ്ങടെ കാര്യം ഓര്‍ക്കും. ഒന്നുവിളിക്കാന്‍ പറ്റുന്നില്ലല്ലോന്ന്. അയൽ വീട്ടിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ച് അവരെ കൂടെക്കൂടെ ശല്യപ്പെടുത്തുന്നത് എന്തിനാന്നോർത്താ ഞാൻ വിളിക്കാതിരുന്നത് ”
“ചേച്ചി ഒത്തിരി മെലിഞ്ഞുപോയീട്ടോ. എന്നാ പറ്റി? ഭക്ഷണമൊന്നും ശരിക്ക് കഴിക്കുന്നില്ലേ?”
“മനസ്സു സന്തോഷമായിട്ടിരുന്നെങ്കിലല്ലേ കൊച്ചേ ശരീരവും നന്നാവൂ. ”
അവര്‍ സംസാരിച്ചു നില്‍ക്കുമ്പോൾ എവിടെനിന്നോ മേരിക്കുട്ടിയും അവിടെ പാഞ്ഞെത്തി.
“നിന്നെ നോക്കി ഈ പ്രദേശം മുഴുവന്‍ ഞാന്‍ നടന്നു. ഹൊ, എത്രനാളായി എന്‍റെ കൊച്ചിനെ ഒന്നു കണ്ടിട്ട്.” – മേരിക്കുട്ടി അലീനയുടെ കരം പുണര്‍ന്ന് കവിളില്‍ വാത്സല്യത്തോടെ തഴുകിയിട്ട് പറഞ്ഞു. ”നീ എല്ലും തോലുമായിപ്പോയല്ലോ കൊച്ചേ ? എന്നാ പറ്റി നിനക്ക് ? ”
”ഒരുപാട് വിഷമങ്ങളില്ലേ അമ്മേ മനസിൽ ”
”ആ വിഷമങ്ങളൊക്കെ മാറിക്കോളും മോളെ. അമ്മ പ്രാർത്ഥിക്കുന്നുണ്ട്, എന്നും . ഇപ്പം ചികിത്സ വല്ലതും ഉണ്ടോ ?
”ഉം ” അവൾ തലയാട്ടി .
കുഞ്ഞുണ്ടാവാത്തതിന്റെ വിഷമമാണ് അവൾ പ്രകടിപ്പിച്ചതെന്ന ധാരണയിലായിരുന്നു മേരിക്കുട്ടിയുടെ സംസാരം. അലീന അത് തിരുത്താൻ പോയില്ല.
വിശേഷങ്ങള്‍ പറഞ്ഞു കുറേനേരം അവര്‍ ആ മാവിൻ ചുവട്ടിൽ നിന്നു.
സദ്യയ്ക്കു സമയമായപ്പോള്‍ മൂന്നുപേരും ഓഡിറ്റോറിയത്തിലേക്കു നടന്നു. ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ് ആളുകള്‍ ഉണ്ടായിരുന്നു . ഒരുപാട് വിഭവങ്ങൾ നിരത്തി , ഗംഭീര സദ്യയായിരുന്നു ഒരുക്കിയിരുന്നത്. ജാസ്മിന്‍ വളരെ കുറച്ചു ഭക്ഷണമേ കഴിച്ചുള്ളൂ.
ഭക്ഷണം കഴിഞ്ഞു കൈകഴുകിക്കൊണ്ടിരുന്നപ്പോൾ മേരിക്കുട്ടി പറഞ്ഞു:
“ടോണിയെ കണ്ട് ഒന്നു വർത്തമാനം പറയണ്ടേ ? വാ.., ഇപ്പഴാണേൽ വലിയ തിരക്കില്ല ”
”അമ്മ പൊയ്‌ക്കോ . ഞാൻ വരുന്നില്ല ” ജാസ്മിൻ പറഞ്ഞു
”അതെന്താ? ”
” ടോണിക്ക് നമ്മളോട് ഇപ്പം പഴയ സ്നേഹമൊന്നുമില്ലമ്മേ. ഉണ്ടായിരുന്നെങ്കില്‍ കല്യാണം വിളിക്കാന്‍ ടോണീം കൂടി വരില്ലായിരുന്നോ.”
“അതവനു തിരക്കായതുകൊണ്ടല്ലേ? അതൊക്കെ നീ കാര്യായിട്ടെടുത്തിരിക്കുവാ ?”
“അമ്മ പോയിസംസാരിച്ചിട്ട് പോരെ. ഞാന്‍ വരുന്നില്ല.”
”നിനക്കെന്താ അവനോട് ഇത്ര ദേഷ്യം”
” പഴയ ടോണിയല്ല അമ്മേ ആ മനുഷ്യൻ ഇപ്പം . ഡോക്ടറായതിന്റെ അഹങ്കാരവും തലക്കനവും ഇപ്പം ഒരുപാടുണ്ട് ”
”എന്തൊക്കെയായാലും അവനെ കണ്ട് ഒന്ന് വിഷ് ചെയ്യാതെ പോകുന്നത് ശരിയല്ല മോളെ .”
”അമ്മ പോയി വിഷ് ചെയ്തിട്ട് പോരെ. ഞാൻ വരുന്നില്ല ”
”ഞാനും വരുന്നില്ല ” അലീനയും പറഞ്ഞു.
മേരിക്കുട്ടി എത്ര നിര്‍ബന്ധിച്ചിട്ടും ജാസ്മിനും അലീനയും കൂടെ പോരാൻ തയ്യാറായില്ല .
ഒടുവിൽ മേരിക്കുട്ടി തനിയെ സ്റ്റേജിനടുത്തേക്കു നടന്നു.
സുഹൃത്തുക്കളോട് കുശലം പറഞ്ഞും തമാശകൾ പൊട്ടിച്ചും സ്റ്റേജിൽ ചിരിച്ചു കളിച്ചു നിൽക്കുകയായിരുന്നു ടോണിയും ആതിരയും. മേരിക്കുട്ടി സ്റ്റേജിലേക്ക് കയറിച്ചെന്ന് അവന്റെ കരം പിടിച്ചു. മേരിക്കുട്ടിയെ കണ്ടതും ടോണിയുടെ കണ്ണുകള്‍ വിടര്‍ന്നു.
“ങ്ഹ. ആന്‍റി എപ്പ വന്നു? തനിച്ചേയുള്ളോ?”
”ജാസ്മിനും അലീനയുമുണ്ട്. അവരു പുറത്താരോടോ സംസാരിച്ചുകൊണ്ടു നിൽക്കുവാ ”
ടോണി മേരിക്കുട്ടിയെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ടു ആതിരക്കു പരിചയപ്പെടുത്തി.
”ഇത് മേരി ആന്റി . പത്തിരുപത്തഞ്ചു വർഷം ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരാ ഞങ്ങൾ . തൊട്ടടുത്ത വീടായായിരുന്നു. കുറച്ചുനാള് മുൻപ് വീട് വിറ്റ് ഇവര് ഹൈറേഞ്ചിലേക്ക് പോയി. ഇപ്പം കുറുക്കൻമലയിലാ താമസം ”
മേരിക്കുട്ടി ആതിരയുടെ കൈ പിടിച്ചു ഹൃദ്യമായി ചിരിച്ചു. എന്നിട്ട് അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.
”എന്റെ സ്വന്തം മോനെപോലെയായിരുന്നു ടോണി .ഒരു ആൺകൊച്ചില്ലാത്തതിന്റെ വിഷമം ഇവനാ മാറ്റിയത്. ”
ആതിര ചിരിച്ചതേയുള്ളൂ.
“ഇന്നു തന്നെ മടങ്ങ്വോ ആന്റീ ?” – ടോണി ആരാഞ്ഞു.
”ഇപ്പം നേരം ഒരുപാടായില്ലേ. ഇന്നിനി ബസു കിട്ടുകേല. രാവിലെ പോകാന്നു വിചാരിക്കുവാ .”
“അതാ നല്ലത്. ഇന്ന് അലീനയുടെ വീട്ടില്‍ പോയി താമസിച്ചിട്ട് രാവിലെ പോയാല്‍ മതി ആന്റീ . ഒരുപാട് കാലായില്ലേ ഈ നാട്ടിലൊക്കെ വന്നിട്ട് . എല്ലാവരെയും കണ്ടു വർത്തമാനം പറഞ്ഞു സാവകാശം പോയാൽ മതി.”
മേരിക്കുട്ടി ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അങ്ങനെയൊരു പ്രതികരണം. ഇന്നു തന്‍റെ വീട്ടില്‍ കിടക്കാമെന്നു ടോണി പറയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയിലായിരുന്നു കല്യാണത്തിന് വന്നതും. പ്രതീക്ഷ തെറ്റിയപ്പോൾ മനസ് ഒന്ന് പിടഞ്ഞു .
“എന്നാ ഞാൻ പോട്ടെ മോനെ ?.”
” ങ് ഹാ .. അലീനയോടും ജാസ്മിനോടും എന്റെ അന്വേഷണം പറഞ്ഞേക്കണേ ”
മേരിക്കുട്ടി ദുർബലമായി തലകുലുക്കിയതേയുള്ളൂ .
കൂടുതൽ സംസാരിക്കാൻ അവസരം കൊടുക്കാതെ ടോണി സുഹൃത്തുക്കളുടെ അടുത്തേക്കു നീങ്ങിയത് കണ്ടപ്പോൾ മേരിക്കുട്ടി സ്റ്റേജിൽ നിന്നിറങ്ങി അലീനയുടെയും ജാസ്മിന്റെയും അടുത്തേക്ക് ചെന്നു .
“ടോണി എന്നാ പറഞ്ഞു അമ്മേ ?” ജാസ്മിൻ ആകാംക്ഷയോടെ തിരക്കി.
“ഓ… പഴയ സ്നേഹവും അടുപ്പവുമൊന്നും അവനിപ്പം ഇല്ല മോളെ . നീ പറഞ്ഞതു ശരിയാ. അവന്‍ ഒരുപാടു മാറിപ്പോയി. പഴയ ടോണിയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല ഇപ്പം ”
“അവരൊക്കെ വല്യ ആളായിപ്പോയില്ലേ അമ്മേ. കുഞ്ഞുന്നാളിലത്തെ സ്നേഹം വലുതാവുമ്പം അതേപടി കിട്ടുമെന്നു ആരും പ്രതീക്ഷിക്കരുത് .” ജാസ്മിന്‍ നിര്‍വ്വികാരതയോടെ പറഞ്ഞു.
“കുഞ്ഞുന്നാളില്‍ അവന് എന്നോടായിരുന്നു അവന്‍റെ അമ്മയോടുള്ളതിനേക്കാൾ കൂടുതല്‍ സ്നേഹം . ആന്‍റി ആന്‍റീന്നു വിളിച്ച് എപ്പഴും എന്റെ പിറകേ നടക്കുമായിരുന്നു. എന്തോരം പലഹാരം ഉണ്ടാക്കി കൊടുത്തിട്ടുള്ളതാ ഞാൻ അവന് ” ഒരു നെടുവീര്‍പ്പിട്ടു മേരിക്കുട്ടി തുടർന്നു:
”ഇന്ന് അവന്റെ വീട്ടിൽ കിടന്നിട്ടു നാളെ പോകാമെന്ന് അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു . അവനതു പറഞ്ഞില്ലെന്നു മാത്രമല്ല ഞാൻ എങ്ങാനും അവന്റെ വീട്ടിലേക്കു വലിഞ്ഞുകേറി വരുമോന്നു ഭയപ്പെട്ടതുപോലെയായിരുന്നു അവന്റെ സംസാരം. ”
“സാരമില്ലമ്മേ. എന്‍റെ കൂടെ പോരെ രണ്ടുപേരും . ഇന്ന് എന്റെ വീട്ടിൽ വന്നു കിടന്നിട്ടു രാവിലെ തിരിച്ചു പോകാം.” – അലീന പറഞ്ഞു
“പഴയ വീടും പറമ്പുമൊക്കെ ഒന്നു കാണണമെന്നുണ്ടായിരുന്നു എനിക്ക്.” മേരിക്കുട്ടി പറഞ്ഞു .
“വേണ്ടമ്മേ , കണ്ടാ സങ്കടം വരും . കാണാതിരിക്കുന്നതാ നല്ലത്. ആഗ്നസാന്‍റിയോടും അനുവിനോടും യാത്ര പറഞ്ഞിട്ട് നമുക്കുടനെ മടങ്ങാം.” – ജാസ്മിന്‍ ധൃതി കൂട്ടി.
“പോകാം മോളെ . ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല. പഴയ ആൾക്കാരൊക്കെ എത്ര പെട്ടെന്നാ മാറിപ്പോയത് ”
”അമ്മയ്ക്ക് അതിപ്പഴാ മനസിലായത് അല്ലേ ?” ജാസ്മിൻ ചിരിച്ചു.
മേരിക്കുട്ടി പിന്നെ ഒന്നും മിണ്ടിയില്ല .
എല്ലാവരെയും കണ്ട് യാത്ര പറഞ്ഞിട്ട് അവര്‍ അലീനയുടെ വീട്ടിലേക്കു തിരിച്ചു.
അലീനയുടെ വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടിതുടങ്ങിയിരുന്നു. ഈപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല . ശോശാമ്മ വന്ന് അവരെ സ്വീകരിച്ച് അകത്ത് കയറ്റിയിരുത്തി.
അലീന പോയി വേഷം മാറിയിട്ട് അമ്മയ്ക്കും ജാസ്മിനും മാറാനുള്ള വസ്ത്രങ്ങള്‍ എടുത്തു കൊടുത്തു. ജോസ് മോനെ അടുത്തു വിളിച്ചിരുത്തി ജാസ്മിനും മേരിക്കുട്ടിയും കുശലാന്വേഷണം നടത്തി..
രാത്രി ഒമ്പതുമണി കഴിഞ്ഞപ്പോഴാണ് ഈപ്പന്‍ കയറി വന്നത്. നന്നായി മദ്യപിച്ചിരുന്നു. വേച്ചു വേച്ച് അയാള്‍ വരാന്തയില്‍നിന്നു മുറിയിലേക്കു കയറി വരുന്നതുകണ്ടപ്പോള്‍ ജാസ്മിന്‍ വായ് പൊളിച്ചു നിന്നുപോയി . ഇങ്ങനെയൊരു ഭര്‍ത്താവിനെയാണോ ദൈവമേ തന്‍റെ ചേച്ചിക്കു കിട്ടിയത്?
മേരിക്കുട്ടിയും അമ്പരന്നു നിൽക്കുകയായിരുന്നു.
മുഴുക്കുടിയനായ ഒരുവനെയാണ് തന്റെ മകൾക്കു ഭർത്താവായി കിട്ടിയത് എന്ന് അപ്പോഴാണ് അവർക്കു മനസിലായത്.
കസേരയില്‍ തട്ടി വീഴാന്‍ തുടങ്ങിയ ഈപ്പനെ അലീന വന്നു താങ്ങി. മുഖമുയര്‍ത്തി നോക്കിയപ്പോഴാണ് ഡൈനിംഗ് റൂമില്‍ നിന്ന് അടുക്കളയിലേക്കുള്ള വാതിലിനടുത്ത് മേരിക്കുട്ടിയും ജാസ്മിനും നില്‍ക്കുന്നത് അയാള്‍ കണ്ടത്.
“ങ്ഹ… ഇതാര്… എന്‍റമ്മായിയമ്മയും അനിയത്തിയുമോ ? എപ്പ വന്നു? കുറുക്കന്‍മലയിലെന്നാ ഒണ്ട് വിശേഷം? ഇപ്പഴും ആനേം കടുവേം ഒക്കെ വരാറുണ്ടോ?” ഒറ്റ വായിൽ ഒരുപാട് ചോദ്യങ്ങൾ . വാക്കുകള്‍ കുഴഞ്ഞിരുന്നു. മേരിക്കുട്ടി മറുപടി ഒന്നും പറഞ്ഞില്ല .
” നിങ്ങളെ കാണാന്‍ കുറുക്കന്‍മലയിലേക്കു പോകണം പോകണംന്നു പറഞ്ഞ് എന്‍റെ കെട്ട്യോള് എപ്പഴും വഴക്കാ . കുറുക്കന്‍മല! ആ പേരു കേള്‍ക്കുമ്പഴേ എനിക്ക് ശര്‍ദ്ദിക്കാന്‍ വരും.”
അലീന കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു. മേരിക്കുട്ടിയും ജാസ്മിനും പ്രതിമകണക്കെ നിന്നതേയുള്ളൂ. ഈപ്പന്‍ മേരിക്കുട്ടിയുടെ അടുത്തേക്കു വന്നിട്ടു പറഞ്ഞു:
‘നിങ്ങടെ മോളുണ്ടല്ലോ, അലീന. അവളു പെഴയാ. എന്‍റെ ആദ്യഭാര്യ നീലിമേടെ നൂറിലൊന്നു സ്നേഹംപോലും അവള്‍ക്കെന്നോടില്ല. എന്നെ സ്നേഹിക്കണ്ട. എന്‍റെ മോനെയെങ്കിലും സ്നേഹിച്ചൂടെ അവള്‍ക്ക്? പറ, സ്നേഹിച്ചൂടെ? “
മേരിക്കുട്ടി അടികിട്ടിയതുപോലെ നിന്നുപോയി. ഈപ്പന്‍ തുടര്‍ന്നു: “എന്തിനാ നിങ്ങള്‍ ഈ കുരിശ് എന്‍റെ തലേലേക്ക് കെട്ടിവച്ചു തന്നത്? . കെട്ടാച്ചരക്കായി നിന്നുപോയപ്പോൾ അതെന്റെ തലേൽ ഇരിക്കട്ടേന്ന് വിചാരിച്ചു അല്ലേ ?”
അതുകേട്ടതും അലീന പൊട്ടിക്കരഞ്ഞുകൊണ്ട് കിടപ്പുമുറിയിലേക്കോടി.
ജാസ്മിന് ഉള്ളില്‍ രോഷം തിളച്ചുപൊന്തിയെങ്കിലും പാടുപെട്ട് നിയന്ത്രിച്ചു.
“എനിക്കിവളെ ഭാര്യയായി വച്ചോണ്ടിരിക്കണമെന്ന് ഒട്ടും ആഗ്രഹമില്ല. വേണോങ്കില്‍ കൊണ്ടുപൊയ്ക്കോ, കുറുക്കന്‍ മലയിലേക്കോ, ചെകുത്താന്‍ മലയിലേക്കോ, ഏതു നരകത്തിലേക്കെങ്കിലും. എനിക്ക് വേണ്ട ആ സാധനത്തിനെ “
“ഇതിനുമാത്രം പറയാന്‍ ഇപ്പം എന്താ ഉണ്ടായേ?” – മേരിക്കുട്ടി ചോദിച്ചു.
“എന്താ ഉണ്ടായതെന്നോ? നിങ്ങടെ മോള്‍ക്ക് എന്‍റെ ജോസ് മോനെ ഇഷ്ടമല്ല. അവള്‍ക്ക് അവളുടെ ചോരയിലൊരു കുഞ്ഞുവേണം. അതു നടക്കിയേലെന്ന് ആദ്യദിവസം തന്നെ ഞാൻ അവളോടു പറഞ്ഞതാ. എനിക്കിനി കുട്ടികളുണ്ടാവില്ല. അതു കേട്ടപ്പം മുതല് അവള്‍ക്കെന്നോട് കലിയാ. ആ കലി ഇപ്പം എന്‍റെ മോനോടു കാണിച്ചുകൊണ്ടിരിക്കുവാ ആ ശവം ”
“കുട്ടികളുണ്ടാവില്ലെന്ന കാര്യം കല്യാണത്തിനു മുമ്പ് പറയാരുന്നില്ലേ ചേട്ടന്?”
ജാസ്മിനാണ് അതു ചോദിച്ചത്.
“ബ്ഭ! മനസ്സില്ലായിരുന്നു പറയാന്‍.” ഈപ്പന്‍ ജാസ്മിന്‍റെ നേരേ ചീറി. “നിന്റെ ചേച്ചി ഭ്രാന്തു പിടിച്ച് ആശുപത്രീല്‍ കെടന്ന കാര്യം നീ എന്നോട് പറഞ്ഞോ? പറഞ്ഞില്ലല്ലോ? എന്താ പറയാതിരുന്നേ ?”
“ചേച്ചി പാവമാ ചേട്ടാ…ഇങ്ങനൊക്കെ പറഞ്ഞു ചേച്ചിയെ വേദനിപ്പിക്കരുത്.” – ജാസ്മിൻ അപേക്ഷാഭാവത്തില്‍ പറഞ്ഞു.
“ഓ… ഒരു പാവം! ഞാന്‍ വേറേം പെണ്ണിന്‍റെ കൂടെ കിടന്നിട്ടുണ്ട് . എന്‍റെ നീലിമേടെ ഏഴയലത്തു വര്യേല ഈ ശവം .” ഈപ്പന്‍ കുറച്ചുകൂടി അടുത്തു നിന്നിട്ടു സ്വരം താഴ്ത്തി പറഞ്ഞു: “ഇവിടെ വേറെ ചില ആമ്പിള്ളേരുമായിട്ട് അവള്‍ക്കു ചില ഇടപാടുകളുണ്ടെന്നും ഞാന്‍ കേട്ടു. നാട്ടുകാര് പലതും പറഞ്ഞു നടക്കുന്നുണ്ട് . ഒരു ദിവസം കയ്യോടെ പൊക്കും ഞാൻ രണ്ടെണ്ണത്തിനേം .”
“കുറച്ചുകൂടെ മര്യാദക്ക് സംസാരിച്ചൂടേ ചേട്ടന്? കള്ളുകുടിച്ചേച്ച്…” – ജാസ്മിനു വല്ലാതെ ദേഷ്യം വന്നു. അവള്‍ അവജ്ഞയോടെ അയാളെ നോക്കി.
“ബഭ. എന്‍റെ വീട്ടിക്കേറി വന്ന് എന്നെ മര്യാദ പഠിപ്പിക്കാന്‍ നീയാരാടീ?” ഈപ്പന്‍ ചീറി. “കുറുക്കന്‍ മലേല് എന്താ നിന്‍റെ തൊഴിലെന്ന് എല്ലാര്‍ക്കുമറിയാം. കാണാന്‍ കൊള്ളാവുന്ന ചരക്കായതുകൊണ്ട് നല്ല വരുമാനം കിട്ടുമല്ലോ.”
ജാസ്മിനു നിയന്ത്രിക്കാവാത്ത ദേഷ്യം വന്നു. തന്‍റെ അഭിമാനത്തെയാണയാള്‍ ചോദ്യം ചെയ്യുന്നത്. ഇത്രത്തോളം നീചനാണ് ഈ മനുഷ്യനെന്ന് സ്വപ്നത്തില്‍പോലും ചിന്തിച്ചില്ല. അവള്‍ പല്ലു ഞെരിച്ച് കണ്ണുതുറിച്ചു നോക്കിനിന്നു. ആ കണ്ണുകളില്‍ തീ ജ്വലിച്ചു. മേരിക്കുട്ടി എന്ത് ചെയ്യണമെന്നറിയാതെ തളര്‍ന്നു നില്‍ക്കുകയായിരുന്നു. വന്നത് അബദ്ധമായല്ലോ എന്നവർ ചിന്തിച്ചു.
ഈപ്പന്‍ പിന്നെയും ഓരോന്നു പുലമ്പി കൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ മേരിക്കുട്ടി പറഞ്ഞു.
“ഈപ്പന് അവളൊരു ഭാരമാണെങ്കില്‍ ഞാന്‍ അവളെ എന്‍റെ വീട്ടിലേക്കു കൊണ്ടുപൊയ്ക്കൊള്ളാം. എനിക്കുവേണം എന്‍റെ മകളെ. ഞാൻ ഉപേക്ഷിക്കില്ല എന്റെ കുഞ്ഞിനെ ” അത്രയും പറഞ്ഞപ്പോഴേക്കും മേരിക്കുട്ടി പൊട്ടിക്കരഞ്ഞുപോയി.
“കൊണ്ടുപൊയ്‌ക്കോ.., ഈ രാത്രി തന്നെ കൊണ്ടുപൊയ്ക്കോ. കൊണ്ടുപോയി ആർക്കെങ്കിലും കാഴ്ചവയ്ക്കുകയോ വിറ്റു കാശുണ്ടാക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോ . എനിക്കൊരു പരാതീം ഇല്ല.”
ഈപ്പന്‍ അതു പറഞ്ഞതും കിടപ്പുമുറിയില്‍ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടു. ശോശാമ്മ വേഗം കിടപ്പുമുറിയിലേക്കു പാഞ്ഞു. മേരിക്കുട്ടിയും ജാസ്മിനും ഉത്കണ്ഠയോടെ തിരിഞ്ഞു കിടപ്പു മുറിയിലേക്ക് നോക്കി.
“അയ്യോ, ഓടി വരണേ…”
ശോശാമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ട് മേരിക്കുട്ടിയും ജാസ്മിനും കിടപ്പുമുറിയിലേക്ക് ഓടി. പിന്നാലെ വേച്ചുവേച്ച് ഈപ്പനും.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here