തിക്കുറിശ്ശി സുകുമാരൻ നായർ ഓർമ്മയായിട്ട് ഇന്ന് കാൽനൂറ്റാണ്ട് . മലയാളസിനിമയിലെ
ആദ്യത്തെ സൂപ്പർസ്റ്റാർ തിക്കുറിശ്ശിയാണ്. അദ്ദേഹത്തിന്റെ ജീവിതനൗക 200 ദിവസം ഓടി ചരിത്രം സൃഷ്ടിച്ചു. സ്കൂൾ മാസ്റ്റർ, പരീക്ഷ എന്നീ ചത്രങ്ങളിലെ അഭിനയവും മറക്കാൻ കഴിയുന്നതല്ല. 47 വർഷത്തിനിടെ 700 ചിത്രങ്ങളിൽ വേഷം. ഏതാനും സിനിമകൾക്ക് കഥ തിരക്കഥ സംഭാഷണം ഗാനങ്ങൾ. ഏതാനും ചിത്രങ്ങൾ സംവിധാനം ചെയ്തു.
1950കളിലാണ് നാടകലോകത്തുനിന്നും തിക്കുറിശ്ശി സിനിമയിലെത്തിയത്. സ്വന്തം നാടകമായ
“സ്ത്രീ” തിരക്കഥയാക്കി അതിലെ നായകവേഷവും അണിഞ്ഞെങ്കിലും ചിത്രം പരാജയമായി.
അടുത്ത ചിത്രമായ ജീവിതനൗകയിൽ നായക വേഷമിട്ട് ചരിത്ര താളുകളിൽ ഇടം നേടി .
ജീവിതനൗക ഹിന്ദിയടക്കം നാലുഭാഷകളിലേയ്ക്കു ഡബ്ബ് ചെയ്തിറക്കി. അവിടെയും വിജയം കൈവരിയ്ക്കാൻ ചിത്രത്തിനു കഴിഞ്ഞു. 1952 ൽ ഇറങ്ങിയ നവലോകം വലിയ വിജയമായില്ലെങ്കിലും ആ വർഷം തന്നെ ഇറങ്ങിയ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങളുടെ വിജയം തിക്കുറിശ്ശിയെ സിനിമയിൽ നിലനിർത്തി. വിശപ്പിന്റെ വിളി എന്ന സിനിമയിലാണ് അബ്ദുൾഖാദർ എന്ന നടനെ പ്രേംനസീർ എന്നു പേരു മാറ്റി തിക്കുറിശ്ശി അവതരിപ്പിയ്ക്കുന്നത്. ആ പേർ പിന്നീട് മലയാള സിനിമയിലെ നിത്യഹരിത നാമമായിത്തീർന്നു.
ഹരിശ്ചന്ദ്രയിലെ ആത്മവിദ്യാലയമേ എന്ന പാട്ട് കേള്‍ക്കുമ്പോൾ കമുകറ പുരുഷോത്തമൻ മാത്രമല്ല തോല്‍വസ്ത്രങ്ങളുമണിഞ്ഞ് ചുടലക്ക് തീ കൂട്ടുന്ന തിക്കുറിശ്ശിയും മലയാളികളുടെ മനസ്സിൽ തെളിയും. ജീവിത നൗകയിലെ സോമൻ, മിഥുനത്തിലെ കുറുപ്പ് മാസ്റ്റർ, കാഴ്ചക്കപ്പുറത്തെ പരമു പിള്ള, വരവേല്പിലെ ആപല്‍ബാന്ധവൻ ഗോവിന്ദനൻ നായർ, തിക്കുറിശ്ശി അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധി.1996- ൽ റിലീസ് ചെയ്ത ഏപ്രിൽ 19 ആണ് തിക്കുറിശ്ശി അവസാനമായി അഭിനയിച്ച സിനിമ.
ശരിയോ തെറ്റോ , പൂജാപുഷ്പം , പളുങ്കുപാത്രം , നഴ്സ് , സരസ്വതി ,അച്ഛൻറെ ഭാര്യ , ഉർവ്വശി ഭാരതി തുടങ്ങിയ ചിത്രങ്ങൾ തിക്കുറിശ്ശി സംവിധാനം ചെയ്തു.
വിരലുകളില്ലാത്ത വിദ്വാന്റെ കൈയ്യിൽ വീണയെന്തിനു നല്കി, കാർക്കൂന്തൽ കെട്ടിലെന്തിനു വാസനത്തൈലം, തുളളിത്തുളളി നടക്കുന്ന കളളിപ്പെണ്ണ , കാമിനീ നിൻകാതരമിഴികളിൽ, ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ തുടങ്ങി ഒരുപാടു ഹിറ്റ് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. പ്രേംനസീർ , മധു , ബഹദൂർ , ജോസ് പ്രകാശ് , ജയൻ തുടങ്ങിയ നടന്മാർക്ക് ആ പേരുകൾ നൽകിയത് തിക്കുറിശ്ശി ആയിരുന്നു .
നാടകത്തിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെ കർട്ടന് പിന്നിലേക്ക് മാറ്റിയത് തിക്കുറിശ്ശി ആണത്രേ.
തിക്കുറിശ്ശിയുടെ കഥകളിലും പാട്ടുകളിലും പ്രസംഗങ്ങളിലുമെല്ലാം സെക്സിന്റെ അതിപ്രസരം ഉണ്ടായിരുന്നുവത്രേ . ശ്രീ നാരായണഗുരുവിന്റെ ശിഷ്യൻ സുഗുണാനന്ദ സ്വാമികൾ ‘പന്തുകൊണ്ടെൻ ഹൃദയം തകർന്നു പോയ് ‘ എന്ന സമസ്യ പൂരിപ്പിക്കാൻ തിക്കുറിശ്ശിയോട് പറഞ്ഞപ്പോൾ ഇങ്ങനെയായിരുന്നു പൂരിപ്പിച്ചു കൊടുത്തതത്രേ.
”അന്തിനേരമൊരുനാൾ ഞാനാ –
ചന്ത തൻ വഴി നടന്നുപോകവെ
ദന്തി കാമിനിയൊരുത്തി തൻ മുല
പ്പന്തു കൊണ്ടെൻ ഹൃദയം തകർന്നു പോയ് ”
തന്റെ നാടിന്റെ പേര് തിക്കുറിച്ചി എന്ന് ആയിരുന്നെങ്കിലും അത് ഒരു ഭംഗി കുറവ് പോലെ തോന്നിയത് കൊണ്ട് താനാണ് തിക്കുറിശ്ശി എന്ന് ആക്കിയത് എന്നും പിന്നീട് നാട്ടുകാർ ആ പേര് സ്വീകരിക്കുകയായിരുന്നു എന്നും ആത്മകഥയിലെ ‘ച്ചി ‘യും ‘ശ്ശി ‘യും എന്ന അധ്യായത്തിൽ അദ്ദേഹം പറയുന്നുണ്ട് .
1972ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡു നേടിയ തിക്കുറിശ്ശിയെ 1973 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം 1995ൽ അദ്ദേഹത്തെ തേടിയെത്തി.
1997 മാര്‍ച്ച് 11ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. “മഹാനടൻ തിക്കുറിശി സുകുമാരൻ നായർ” എന്നൊരു ജീവചരിത്രഗ്രന്ഥം പെരുന്താന്നി ബാലചന്ദ്രൻ നായർ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവലംബം : വിവിധ മാധ്യമങ്ങൾ
Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്
Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !
Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും
Also Read ചില ഹോട്ടലിൽ കയറി മസാലദോശയ്ക്ക് ഓർഡർ കൊടുക്കുമ്പോൾ ചോദിക്കാതെ കൊണ്ടുവരുന്ന.
Also Read “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു.