Home Feature വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

1129
0
വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

തൂവെള്ള വസ്ത്രം ധരിച്ച്, ചുണ്ടിൽ പുഞ്ചിരിയുമായി നിങ്ങളുടെ അരികിൽ വന്നു കൈപിടിച്ചുയർത്തി പൾസും പ്രഷറും നോക്കുന്ന നഴ്‌സിനെ മനസിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ആ കരസ്പർശമേൽക്കുമ്പോൾ തന്നെ പാതിരോഗം പമ്പകടക്കില്ലേ? അതാണ് നേഴ്‌സിന്റെ ശക്തി. പക്ഷേ , കണ്ണീരൊഴിയാത്ത കട്ടിലിനരികിലേക്ക് കാരുണ്യത്തിന്റെ കൈത്തിരിയുമായി കടന്നു വരുന്ന അവർ ഇപ്പോൾ കണ്ണീർക്കടലിനു നടുവിൽ ആണ് . അധികൾക്കും വ്യാധികള്‍ക്കും നടുവിൽ, ധീരതയോടെ നിന്ന് അനേകം ജീവിതങ്ങൾക്ക് ആശ്വാസം പകരുന്ന അവർ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.

സമയത്തു ഭക്ഷണം കഴിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ എന്തിന്, ഒന്നിരിക്കാൻ പോലും നേരം കൊടുക്കാതെ കഷ്ടപ്പെടുത്തി പണിയെടുപ്പിച്ചിട്ട് അർഹമായ ശമ്പളം കൊടുക്കുന്നില്ലെങ്കിൽ ആ ജോലിയെ എന്ത് പേരിട്ടു വിളിക്കണം? ആതുരശുശ്രൂഷ എന്നോ അടിമവേലയെന്നോ? സംസഥാനത്തെ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും ഇപ്പോൾ നടക്കുന്നത് രണ്ടാമത് പറഞ്ഞതാണ്. തുല്യ യോഗത്യയും സർവീസ് ദൈർഘ്യവുമുള്ള സർക്കാർ മേഖലയിലെ നഴ്‌സുമാർ ഉയർന്ന സ്കെയിലിൽ ശമ്പളം വാങ്ങി അല്ലലില്ലാതെ ജീവിക്കുമ്പോൾ കോടതി നിർദ്ദേശിച്ചിട്ടുള്ള മിനിമം ശമ്പളമെങ്കിലുംകിട്ടാൻ അവർക്ക് അര്ഹതയില്ലേ? പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് പി പി ഇ കിറ്റിനുള്ളിൽ ശ്വാസം മുട്ടി നിന്ന് ജോലി ചെയ്യുമ്പോൾ .

സ്വകാര്യ ആശുപത്രി ഉടമകളുടെ ചൂഷണത്തിനും പീഡനത്തിനും വിധേയരായി രാവും പകലും അടിമകളെപ്പോലെ ജോലി ചെയ്യാൻ വിധിക്കപ്പെട്ട ആതുരശുശ്രൂഷകരുടെ വേദനകളും യാതനകളും കാണാൻ സർക്കാരിനും കഴിഞ്ഞില്ല എന്നതാണ് സങ്കടകരം.

Also read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി

നാല് വര്‍ഷത്തോളം ഒരു പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ചു പരിശീലനം കഴിഞ്ഞെത്തുന്ന നഴ്‌സുമാര്‍ക്ക് പ്രതിദിനം കിട്ടുന്നതാകട്ടെ 300 മുതൽ 500 രൂപ വരെ. ഇവിടെ കൂലിപ്പണിയെടുക്കുന്ന ബംഗാളിക്ക്‌ കിട്ടും പ്രതിദിനം 600 മുതല്‍ 1000 രൂപ വരെ. കല്യാണ സദ്യക്ക് വിളമ്പാൻ പോകുന്ന ടീനേജുകാരന് കിട്ടും അറുനൂറും ഭക്ഷണവും. ചുമട്ടു തൊഴിലാളിക്കും കർഷക തൊഴിലാളിക്കുമെല്ലാം സർക്കാർ മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട് . പക്ഷേ നേഴ്‌സുമാരുടെ കാര്യം വരുമ്പോൾ സർക്കാരും ആശുപത്രിക്കാരും മുഖം തിരിക്കുന്നു .

സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ ജീവിതം ദുരിതപൂർണ്ണമാണ്‌ . ചില ആശുപത്രികളിൽ അവർക്കു പന്ത്രണ്ട്‌ മണിക്കൂറിലധികം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടി വരാറുണ്ടെന്ന്‌ ആശുപത്രി അധികൃതർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇവർക്കാകട്ടെ അർഹതപ്പെട്ട കൂലി കിട്ടുന്നില്ലെന്ന് മാത്രമല്ല ജോലി സുരക്ഷിതത്വവുമില്ല. പഠിക്കാനായി ബാങ്കുകളിൽ നിന്ന്‌ വിദ്യാഭ്യാസ വായ്പയെടുത്തവർക്ക്‌ ആശുപത്രിയിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് വായ്പ അടച്ചു തീർക്കാൻ പോലും പറ്റാത്ത സ്ഥിതിയാണിന്ന് . മകളെ നേഴ്‌സാക്കി ആ വരുമാനം കൊണ്ട് ജീവിതം പച്ചപിടിപ്പിക്കാമെന്ന് കരുതിയ മാതാപിതാക്കൾ ഇന്ന് കണ്ണീർ കടലിലാണ്. ഇഷ്ടമില്ലാതിരുന്നിട്ടും മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നഴ്‌സിംഗ് പഠിക്കാൻ പലരും ഇറങ്ങിത്തിരിക്കുന്നത് ഉടനെ ഒരു ജോലികിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ മാത്രമാണ് . ജോലിക്കു കയറിക്കഴിയുമ്പോഴാണ് ഇവിടുത്തെ യാതനകളും ദുരിതങ്ങളും അവർ തിരിച്ചറിയുന്നതും കിട്ടുന്ന ശമ്പളം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തികയുന്നില്ല എന്ന സത്യം മനസിലാക്കുന്നതും. അർഹമായ ശമ്പളം കിട്ടാതെ വന്നപ്പോൾ പ്രഗത്ഭരായ നേഴ്‌സുമാർ ജനിച്ചവീടും നാടും വിട്ട് അന്യരാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധിതരായി.

Also read : എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ.

മറ്റേതൊരു തൊഴിലും പോലെയല്ല നഴ്‌സിംഗ് ജോലി എന്ന് നമുക്കറിയാം. മനുഷ്യന്റെ വേദനകളും യാതനകളുമായി ബന്ധപ്പെട്ടു കിടക്കുന്നു അത് . വെള്ളയുടുപ്പിട്ട മാലാഖാമാർക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് മലവും മൂത്രവും ഛർദ്ദിയും ചോരയും മരണവുമൊക്കെയാണ്. ചിരിക്കുന്ന മുഖങ്ങളെക്കാൾ കൂടുതൽ കരയുന്ന കണ്ണുകളാണ് അവർ കാണുന്നത്. ജോലി കഴിഞ്ഞു വീട്ടിൽ വന്നു മനസമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിയുമോ അവർക്ക് ? കണ്ണടക്കുമ്പോൾ മുൻപിൽ തെളിയുന്നത് ജീവനുവേണ്ടിയുള്ള മനുഷ്യന്റെ പിടയലും നിലവിളിയുമൊക്കെയല്ലേ ?

ഹർത്താലും പണിമുടക്കും അവധിദിനങ്ങളുമൊക്കെയായി മാസത്തിലെ പാതി ദിവസങ്ങൾ വീട്ടിലിരുന്നിട്ട് ശമ്പളത്തിന് പുറമെ കിമ്പളവും വാങ്ങി ആർമാദിച്ചു കഴിയുന്ന വൈറ്റ് കോളർ തൊഴിലാളികൾക്ക് മനസിലാവില്ല വെള്ളരിപ്രാവുകളുടെ ദുഃഖം. ബന്തായാലൂം ബസ് പണിമുടക്കായാലും ജോലിക്കു ഹാജരായില്ലെങ്കിൽ കിട്ടുന്നത് മേലധികാരിയുടെ ശകാരവും ചോരുന്നത് അവരുടെ കീശയും .

ഓരോ ജീവൻ രക്ഷിക്കപ്പെടുമ്പോഴും ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഓരോ വ്യക്തി സുഖംപ്രാപിക്കുമ്പോഴും ഓരോ രോഗിക്കും ശ്രദ്ധയും കൈത്താങ്ങും ലഭിക്കുമ്പോഴും അതിന്‍റെ പിന്നിൽ നമ്മുടെ നഴ്‌സിങ്‌ സ്റ്റാഫിന്‍റെ കരങ്ങളുണ്ട് എന്ന വസ്തുത നാം പലപ്പോഴും വിസ്മരിച്ചുപോകുന്നു. രോഗികൾക്ക് വേണ്ട മാനസികവും വൈകാരികവുമായ ആശ്വാസം കിട്ടുന്നത് നഴ്സുമാരിലൂടെയാണ്. അവരാണ്‌ രോഗികളോടൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്‌.

Also read  വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

ഡോക്ടർ രോഗം ഭേദമാക്കുമ്പോൾ നഴ്‌സ്‌ ആ രോഗിയെ നിരന്തരം ശുശ്രൂഷിക്കുകയാണു ചെയ്യുന്നത്‌. ശരീരത്തിന്‍റെ മാത്രമല്ല മനസ്സിന്‍റെയും മുറിവുണക്കുന്നത്‌ അവരാണ്. രോഗി ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന നൊമ്പരങ്ങളും വിഷമങ്ങളും മനസ്സിലാക്കി അവരെ സഹായിക്കുന്ന എത്രയോ നല്ല നഴ്‌സുമാർ നമ്മുടെ സ്വകാര്യ ആശുപത്രികളിലുണ്ട് .

അമിത ജോലിയുടെ സമ്മർദത്താൽ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ തളർച്ച അവഗണിച്ചാണ് പല നേഴ്‌സുമാരും രോഗിയെ പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതെന്നോർക്കണം. ആർദ്രതയോടും കരുണയോടും കൂടി രോഗിയെ പരിചരിക്കുന്ന നഴ്‌സിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഒരു യന്ത്രത്തിനും ആവില്ല. പ്രഗത്ഭരും പരിചയസമ്പന്നരുമായ നഴ്‌സുമാർക്ക് ചില സന്ദർഭങ്ങളിൽ ഡോകടർമാരെപ്പോലും അതിശയിപ്പിക്കാൻ പറ്റും. അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ അടിയന്തിര ഘട്ടങ്ങളിൽ കൃത്യമായ പരിചരണവും ഔഷധവും നൽകി പല വിലപ്പെട്ട ജീവനുകളും അവർ രക്ഷിച്ചിട്ടുമുണ്ട് . പക്ഷേ ഡോക്ടർക്കു കൊടുക്കുന്ന ആദരവിന്റെ പാതിയെങ്കിലും നമ്മൾ നേഴ്‌സുമാർക്ക് കൊടുക്കുന്നുണ്ടോ?

Also read ഭാര്യക്കും ഭർത്താവിനും സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

ആതുരസേവനം കച്ചവടമായി കാണരുതെന്ന മാര്‍പാപ്പയുടെ പ്രസ്താവന ഇക്കാലത്തു വളരെ പ്രസക്തമാണ് . മനുഷ്യന്റെ മഹത്വത്തെ ആദരിക്കാത്ത ആരോഗ്യ പരിരക്ഷാ നയങ്ങള്‍ മറ്റുള്ളവരുടെ ദുരിതങ്ങളെപ്പോലും ചൂഷണം ചെയ്യുന്ന മനോഭാവത്തിലേക്കാണ് നയിക്കുന്നത്. ആതുരരംഗത്ത് കച്ചവട സാധ്യത മാത്രം പരിഗണിക്കുമ്പോള്‍ രോഗികളെ ഉപയോഗശൂന്യരായി കണക്കാക്കേണ്ടി വരുന്നു. മനുഷ്യജീവൻ സംരക്ഷിക്കപ്പെടേണ്ടി വരുമ്പോള്‍ പണം മാത്രമായിരിക്കരുത് നോക്കേണ്ടത് . മാര്‍പാപ്പയുടെ ഈ പ്രസംഗം വത്തിക്കാന്റെ ഔദ്യോഗിക പത്രത്തിലൂടെയും റേഡിയോയിലൂടെയും പുറത്തു വന്നതോടെ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും അത് വർത്തയാക്കിയിരുന്നു. പക്ഷെ എന്ത് ഫലം?

ഇറാഖ് യുദ്ധകാലത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യൻ നേഴ്‌സുമാരുടെ കഥപറയുന്ന ഒരു മലയാള സിനിമ – ടേക്ക്ഓഫ് – ഏതാനും വർഷം മുൻപ് പുറത്തിറങ്ങുകയുണ്ടായല്ലോ. മരണം കൺമുൻപിൽ കാണുമ്പോഴും അതിലെ ഒരു കഥാപാത്രം കണ്ണീരോടെ പറയുന്ന ഡയലോഗുണ്ട് . ”ജീവനല്ല പ്രശ്നം. ജീവൻ രക്ഷപെട്ട് തിരികെ നാട്ടിലെത്തുമ്പോൾ ആദ്യത്തെ ദിവസം എന്റെ കുഞ്ഞു രക്ഷപെട്ടല്ലോ എന്ന ആശ്വാസം കൊള്ളുന്ന അപ്പനും അമ്മയും അടുത്ത ദിവസം മുതൽ നിരത്താൻ തുടങ്ങുന്ന പട്ടിണിയുടെയും പരിവട്ടത്തിന്റെയും കണക്കുകളാണ്. അതു മാത്രമാണ് പ്രശ്നം!” ആ കഥാപാത്രത്തിലൂടെ സംവിധായകൻ വെളിപ്പെടുത്തുന്നത് ജോലിക്കായി നഴ്‌സുമാരെ വിദേശത്തേക്കയച്ച നമ്മുടെ നാട്ടിലെ സാധാരണക്കാരായ മാതാപിതാക്കളുടെ ഹൃദയ നൊമ്പരമാണ് . വിദേശത്തു ജോലിചെയ്യുന്ന നഴ്‌സുമാരുടെ ആകുലതകളാണ്.

Also read  ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

പട്ടിയുടെയും പശുവിന്റെയുമൊക്കെ പ്രശ്നങ്ങളിൽ അതീവ ശ്രദ്ധകാണിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ എന്തുകൊണ്ടാണ് നേഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടാത്തത് ? തോരാത്ത കണ്ണീരും ഒഴിയാത്ത ആകുലതകളുമായി എക്കാലവും അവർ ജീവിക്കണമെന്നാണോ ? ഭൂമിയിലെ മാലാഖമാർക്ക് അവർ അര്‍ഹിക്കുന്ന വേതനവും ആനൂകൂല്യങ്ങളും നൽകാൻ മുൻകൈ എടുക്കേണ്ടത് ഭരിക്കുന്ന സർക്കാരാണ് . വിദേശ പണം വാരിക്കൊണ്ടുവരുവാന്‍ കയറ്റി അയക്കപ്പെടുന്ന യന്ത്രങ്ങളായി മാത്രം നഴ്സുമാരെ കണ്ടാല്‍ പോര. ആ വെള്ളരി പ്രാവുകളുടെ കണ്ണീരൊപ്പാന്‍ ഇനി ഒട്ടും വൈകികൂടാ.

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Also Read ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു

Also Read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here