Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 29

1524
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 29

കഥ ഇതുവരെ-
അയല്‍ക്കാരായ ടോണിയും ജാസ്മിനും ഒരുകുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹത്തിൽ കഴിഞ്ഞവരാണ് . കൗമാരപ്രായം മുതല്‍ ഇരുവരും പ്രണയബദ്ധരായിരുന്നു. ഇത് വീട്ടുകാർക്ക് അറിയില്ലായിരുന്നു . ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ടോണി പിന്നീട് ജാസ്മിനെ കൈയൊഴിഞ്ഞു. മനംനൊന്ത് ജാസ്മിന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. അതോടെ അവളെപ്പറ്റി നാട്ടിൽ കെട്ടുകഥകൾ പ്രചരിച്ചു. നാട്ടുകാരുടെ അപവാദകഥകൾ പെരുകിയപ്പോൾ ജാസ്മിനും അമ്മയും വീടുവിറ്റ് ഹൈറേഞ്ചില്‍ കുറുക്കന്‍മല എന്ന കുഗ്രാമത്തില്‍ വീടു വാങ്ങി താമസമാക്കി. എം.ഡി. ബിരുദമെടുത്ത് ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച ടോണി ആതിര എന്ന പണക്കാരിപ്പെണ്ണിനെ വിവാഹം കഴിച്ചു . ഭര്‍ത്താവിന്‍റെ പീഡനത്തില്‍ മനംനൊന്ത് ജാസ്മിന്‍റെ ചേച്ചി അലീനയുടെ മാനസികനില തെറ്റി. അവരെ ആശുപത്രിയിലാക്കാന്‍ ജാസ്മിൻ അപേക്ഷിച്ചിട്ടും അവളുടെ ഭര്‍ത്താവ് തയ്യാറായില്ല. (തുടര്‍ന്നു വായിക്കുക)


ആശുപത്രിയില്‍ പേഷ്യന്‍റ്സിന്‍റെ തിരക്കൊഴിഞ്ഞു. രണ്ടോ മൂന്നോ മെഡിക്കല്‍ റെപ്പുമാര്‍ പുറത്തു കാത്തുനില്‍പ്പുണ്ട്. അവരെയും കൂടി പറഞ്ഞു വിട്ടാൽ ഇന്നത്തെ ജോലി തീര്‍ന്നു.

ടോണി വാച്ചില്‍ നോക്കി. മണി ഏഴരയാകുന്നു. ഇന്ന് നേരത്തേ വീട്ടില്‍ പോകണം. സെക്കന്‍ഡ് ഷോയ്ക്കു പോകാമെന്ന് ആതിരയ്ക്കു വാക്കുകൊടുത്തിട്ടു പോന്നതാണ്. അതു തെറ്റിച്ചാല്‍ അവള്‍ മുഖം വീർപ്പിക്കും.

മെഡിക്കല്‍ റെപ്പുമാരെ ഓരോരുത്തരെയായി അകത്തേക്ക് വിളിച്ചു. പുതിയ പ്രൊഡക്റ്റുകളെക്കുറിച്ചുള്ള അവരുടെ വിശദീകരണം കേട്ട്, സാമ്പിള്‍മരുന്നുകള്‍ വാങ്ങി വച്ചിട്ട് വേഗം പറഞ്ഞയച്ചു.വാഷ്ബേസിനില്‍ വന്ന് കണ്ണുംമുഖവും കഴുകിയിട്ടു പുറത്തേക്കിറങ്ങിയപ്പോള്‍ മണി എട്ട്.

“ടോണി ഇന്നു നേരത്തേ പോക്വാണോ?” എതിരെ വന്ന ഡോക്ടര്‍ ശ്രീജിത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു.
“ശ്രീമതിയേയും കൊണ്ട് ഇന്ന് സിനിമയ്ക്കു പോകാന്നു വാക്കുകൊടുത്തിട്ടാ പോന്നത്.”
“അത് നന്നായി … ഇടക്കൊക്കെ ഒരു റിലാക്സേഷന്‍ നല്ലതാ. . ഇങ്ങനെയൊക്കെയല്ലേ നമ്മൾ ഡോക്ടർമാർക്ക് ഭാര്യമാരെ ഒന്ന് സന്തോഷിപ്പിക്കാൻ പറ്റൂ .”
പുഞ്ചിരിച്ച്‌, തലകുലുക്കിയിട്ട് ടോണി വേഗം പുറത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ ആശുപത്രിവളപ്പില്‍നിന്നു റോഡിലേക്കുരുണ്ടു. സ്റ്റീരിയോയില്‍നിന്നൊഴുകിവരുന്ന മനോഹരമായ സംഗീതം ആസ്വദിച്ചുകൊണ്ടാണ് അയാള്‍ വണ്ടി ഓടിച്ചത് . വീടിനു മുമ്പിലെ പോര്‍ച്ചില്‍ കാര്‍ വന്നു നിന്നതും ആതിര പുറത്തേക്ക് ഇറങ്ങി വന്നു.
“ഞാന്‍ വിചാരിച്ചു ഇന്നും പറ്റിക്കുമെന്ന്.”
”എന്നും അങ്ങനെ പറ്റിക്കാൻ പറ്റുമോ. ഇന്ന് ഞാൻ ചടപടാന്നു പേഷ്യന്റ്‌സിനെയെല്ലാം പറഞ്ഞുവിട്ടു ”
”അത് നന്നായി. വന്നില്ലായിരുന്നെങ്കിൽ എനിക്ക് ഒത്തിരി വിഷമമായേനെ ”
മന്ദഹാസത്തോടെ ആതിര ടോണിയുടെ കൈയില്‍നിന്നു ബാഗ് വാങ്ങി. സിനിമയ്ക്കു പോകാന്‍ കുളിച്ചു വേഷം മാറി മേക്കപ്പിട്ടു നില്‍ക്കുകയായിരുന്നു അവള്‍.
“ടോണിയെ കാണാന്‍ ഒരു ഗസ്റ്റുവന്നിട്ടുണ്ട് “
അകത്തേക്ക് കയറുന്നതിനു മുൻപ് ആതിര പറഞ്ഞു.
ആര് എന്ന ആകാംക്ഷയില്‍ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.
”പഴേ ഫ്രണ്ടാ. ചെന്നു നോക്ക്.”
ആരാണെന്നറിയാനുള്ള ജിജ്ഞാസയോടെ ടോണി വേഗം വരാന്തയിലേക്കും അവിടെനിന്നു മുറിയിലേക്കും കയറി. സ്വീകരണമുറിയില്‍ ആരെയും കണ്ടില്ല. നേരേ കിച്ചണിലേക്കു നടന്നു. കിച്ചണില്‍, മീല്‍സേഫിന്‍റെ മറവില്‍ വിളറിയ മന്ദഹാസവുമായി നില്‍ക്കുന്ന അതിഥിയെ കണ്ടതും ടോണിയുടെ ഉള്ളൊന്നു പിടഞ്ഞു.
ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു, തന്നെ കാണാൻ വന്നിരിക്കുന്നത് ജാസ്മിനാണെന്ന്.
“സര്‍പ്രൈസായിരിക്കുന്നല്ലോ? ഗസ്റ്റ് വന്നിട്ടുണ്ടെന്നു ആതിര പറഞ്ഞപ്പം വേറാരോ ആണെന്നാ ഞാന്‍ കരുതിയേ . . തനിച്ചേയുള്ളോ?”
പുറമേ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടു ടോണി ചോദിച്ചു.
“ഉം”
“മേരിയാന്‍റിക്ക് എന്തുണ്ടു വിശേഷം?”
“പ്രത്യേകിച്ചൊന്നുമില്ല.”
“അങ്ങോട്ടൊന്നു വരണമെന്ന് ഒരുപാടുനാളായി ഞാന്‍ വിചാരിക്കുന്നു. സമയം കിട്ടണ്ടെ. തിരക്കോടു തിരക്കാ. ഈ ഡോക്ടര്‍ പണി വേണ്ടായിരുന്നൂന്ന് ചിലപ്പം തോന്നീട്ടുണ്ട് .”
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
”അവള് നിന്‍റെ ഒരു സഹായം തേടി വന്നതാടാ .”
നുറുക്കിയ മീന്‍കഷണങ്ങള്‍ പെറുക്കി ചീനച്ചട്ടിയിലേക്കിടുന്നതിനിടയില്‍ ആഗ്നസ് പറഞ്ഞു.
“എന്താ?”
ടോണി ജാസ്മിനെ നോക്കിയെങ്കിലും ആഗ്നസ് ആന്റി പറയട്ടെ എന്ന് വിചാരിച്ചു അവൾ മൗനമായി നിന്നതേയുള്ളു .
ആഗ്നസ് എല്ലാം വിശദമായി പറഞ്ഞു.
അലീനയുടെ സമനില തെറ്റിയതും അടച്ചു പൂട്ടിയ മുറിയില്‍ അവളെ ഒറ്റയ്ക്കിട്ടു ഭർത്താവ് പീഡിപ്പിക്കുന്നതുമെല്ലാം.
“നീ നാളെപോയി അവളെ ഒന്നു കാണ്.”
“എനിക്ക് നിന്നു തിരിയാന്‍ നേരമില്ലമ്മേ. നാളെ ശനിയാഴ്ച ഒരുപാട് തിരക്കുള്ള ദിവസമാ. “
“എങ്കില്‍ മറ്റന്നാളുപോയി കാണ്. അന്ന് അവധി ദിവസമല്ലേ. അവളുടെ സ്ഥിതി വളരെ കഷ്ടമാന്നാ ഇവളു പറയുന്നത്.”
“ആഴ്ചയില്‍ ആകെ കിട്ടുന്നത് ഒരു ഞായറാഴ്ചയാ. അന്ന് എനിക്കു നൂറുകൂട്ടം എന്‍ഗേജ്മെന്‍റ്സാ.” ടോണി ജാസ്മിനെ നോക്കി ചോദിച്ചു:
“അല്ല, ഞാനിപ്പം അവിടെ ചെന്നിട്ട് എന്തു ചെയ്യാനാ?”
“ചേച്ചിയെ ആശുപത്രീല്‍ അഡ്മിറ്റു ചെയ്തില്ലെങ്കില്‍ ജീവൻ അപകടത്തിലാകും . അത്രയ്ക്കു ദയനീയമാ ചേച്ചീടെ സ്ഥിതി. കണ്ടാൽ സങ്കടം വരും . മെലിഞ്ഞു എല്ലും തോലുമായി ഒരു അസ്ഥികൂടം പോലാ ഇരിക്കുന്നത്.”
ജാസ്മിന്‍റെ ശബ്ദം ഇടറുകയും കണ്ണുകള്‍ നിറയുകയും ചെയ്തു .
“അതിന് ഈപ്പച്ചനില്ലേ അവിടെ?”
“ചേട്ടന് ഇപ്പം ചേച്ചിയെ ഇഷ്ടമല്ല. ഒരുപാട് ഉപദ്രവിക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ആഗ്രഹമാ ചേട്ടന്‌ .”
“ഞാന്‍ ഈപ്പനു ഫോണ്‍ ചെയ്തു വിവരമന്വേഷിച്ചിട്ടു വേണ്ടതു ചെയ്തോളാം.”
ആ വിഷയത്തെപ്പറ്റി കൂടുതല്‍ സംസാരിക്കാൻ താല്പര്യം കാണിക്കാതെ ടോണി പിന്‍വലിഞ്ഞു.
കുളി കഴിഞ്ഞു വന്ന് ടോണി ഭക്ഷണം കഴിക്കാനിരുന്നു. ആതിരയും അനുവും ജാസ്മിനുമുണ്ടായിരുന്നു അടുത്ത്. ആഗ്നസ് എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി. ടോണിയുടെ പ്ലേറ്റിലേക്കു ചോറു വിളമ്പുന്നതിനിടയില്‍ പറഞ്ഞു:
“ഇവളു കഷ്ടപ്പെട്ടു വന്നതല്ലേടാ ഇത്ര ദൂരം. എങ്ങനെയെങ്കിലും സമയമുണ്ടാക്കി നീ ചെല്ല്. കൊച്ചുന്നാളില്‍ നിന്നെ ജീവനായിരുന്നു അലീനയ്ക്ക്. അവളുടെ കൈപിടിച്ചാ നീ ആദ്യമായി സ്‌കൂളിലേക്ക് പോയത് . ഓർക്കുന്നില്ലേ ?”
“ഞാനവിടെ ചെന്നിട്ട് എന്തു ചെയ്യാനാ അമ്മേ?”
“ചേച്ചിയെ ഏതെങ്കിലും നല്ല ആശുപത്രിയില്‍ ഒന്ന് അഡ്മിറ്റാക്കിത്തന്നാല്‍ മതി. ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാം. “
ജാസ്മിന്‍ അപേക്ഷാഭാവത്തില്‍ ടോണിയെ നോക്കി. എന്നിട്ടു മറുപടി കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു.
“ഞാനന്വേഷിച്ചിട്ട് വേണ്ടതു ചെയ്യാന്നു പറഞ്ഞല്ലോ. ഇതിൽക്കൂടുതൽ ഞാനെന്താ പറയേണ്ടത്.? ” – ടോണിക്ക് ദേഷ്യം വന്നു.
“ഇപ്പം തന്നെ ഈപ്പൻ ചേട്ടനെ ഒന്നു വിളിച്ചൂടേ?”
ജാസ്മിന്‍ കെഞ്ചി.
“അത്ര അത്യാസന്നനിലേലാണെങ്കില്‍ അങ്ങു മരിക്കട്ടേന്നു വയ്ക്കണം. അല്ലെങ്കിൽ തന്നെ കുട്ടികളുണ്ടാവില്ലാത്ത അവർ ഇനി ആര്‍ക്കുവേണ്ടിയാ ജീവിക്കുന്നത്? ഒരുപാട് വേദന അനുഭവിക്കാതെ പെട്ടെന്ന് പോകട്ടെന്നു വയ്ക്കണം . ”
”നീ എന്നതാടാ ഈ പറയുന്നേ ? പറ്റുമെങ്കിൽ പോയി സഹായിക്ക്. ഇല്ലെങ്കിൽ വേണ്ട . വൃത്തികെട്ട വർത്തമാനം പറയാതിരി”ആഗ്നസ് ശാസിച്ചു.
”ഞാൻ ഒള്ള കാര്യമല്ലേ അമ്മേ പറഞ്ഞത് ? പെണ്ണുങ്ങളെ കെട്ടിക്കുമ്പം നല്ലചെറുക്കനെക്കൊണ്ട് കെട്ടിക്കണം . കണ്ട അണ്ടനും അടകോടാനുമൊക്കെ പെണ്ണിനെ പിടിച്ചുകൊടുത്താൽ ഇങ്ങനെയിരിക്കും.”
ഹൃദയത്തിലേക്കു ഒരു കഠാര ആഴ്ന്നു ഇറങ്ങിയതുപോലെ തോന്നി ജാസ്മിന്. ടോണിയില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിലായിരുന്നു അവൾ . വന്നത് അബദ്ധമായല്ലോ എന്നോർത്തു !
സ്വന്തം കുഞ്ഞാങ്ങളയെപ്പോലെയായിരുന്നു ചേച്ചി ടോണിയെ സ്നേഹിച്ചിരുന്നത്. കുഞ്ഞുന്നാളില്‍ അവള്‍ക്കെന്തു കിട്ടിയാലും ഒരു പങ്ക് ടോണിക്കു കൊണ്ടുപോയി കൊടുക്കുമായിരുന്നു. എന്നിട്ട് ഇപ്പോള്‍, അവള്‍ക്കൊരാപത്തു വന്നപ്പോള്‍ പറയുന്നതു കേട്ടില്ലേ? മരിച്ചുപോയാൽ പോകട്ടെ എന്ന് .

വേണ്ട. പഴയതൊക്കെ മറക്കാം. ഓര്‍ത്താല്‍ ചിലപ്പോൾ ഹൃദയം പൊട്ടി മരിച്ചുപോകും താൻ . സ്വന്തക്കാർ പോലും തള്ളിപ്പറഞ്ഞ സ്ഥിതിക്ക് അയൽക്കാരനിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ .
അവളുടെ മിഴികളില്‍നിന്ന് അറിയാതെ ഒരു തുള്ളി കണ്ണീര്‍ ഡൈനിംഗ് ടേബിളില്‍ വീണു പടര്‍ന്നു.

ടോണി കൂടുതലൊന്നും സംസാരിച്ചില്ല. മൗനമായി ഇരുന്ന് അത്താഴം കഴിച്ചു.
“ചേട്ടാ വേഗം കഴിക്ക്. ഇല്ലെങ്കിൽ അങ്ങുചെല്ലുമ്പോഴേക്കും സിനിമ പാതിയാകും .” – ആതിര ധൃതി കൂട്ടി.
“ജാസ്മിന്‍ വരുന്നോ സിനിമയ്ക്ക്?”
വരില്ലെന്ന് അറിയാമായിരുന്നിട്ടും ടോണി വെറുതെ ഒന്ന് ക്ഷണിച്ചു.
“ഇല്ല.”
ധൃതിയില്‍ ഭക്ഷണം കഴിച്ചിട്ട് ടോണി എണീറ്റു കൈകഴുകി. ആതിരയേയും കൂട്ടി പുറത്തേക്കിറങ്ങി കാറില്‍ കയറി നേരേ തിയേറ്ററിലേക്കു പുറപ്പെട്ടു.
ജാസ്മിന്‍റെ മിഴികളില്‍ നിന്നു കുടുകുടെ കണ്ണുനീര്‍ ഒഴുകുന്നതു കണ്ടപ്പോള്‍ ആഗ്നസ് വന്നു ചുമലിൽ തലോടി ആശ്വസിപ്പിച്ചു .
“സാരമില്ല മോളെ. എല്ലാം ശരിയാകും. മോള് സമാധാനായിട്ടിരിക്ക്. അലീനയ്ക്കൊന്നും പറ്റില്ല. നമുക്കെല്ലാവർക്കും കർത്താവിനോട് ഉള്ളുരുകി പ്രാർത്ഥിക്കാം. “
അടുത്തക്ഷണം നിയന്ത്രണം വിട്ട് അവള്‍ പൊട്ടിക്കരഞ്ഞു പോയി. ശിരസ്സു ടേബിളില്‍ അമര്‍ത്തി ഏങ്ങി ഏങ്ങി കരയുന്നതു കണ്ടപ്പോൾ അനു അവളെ പിടിച്ചെഴുന്നേല്പിച്ചു കിടപ്പുമുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി.

ഉറക്കം വന്നില്ല അവള്‍ക്ക്. നേരം പുലര്‍ന്നിരുന്നെങ്കില്‍ മടങ്ങിപ്പോയേക്കാമായിരുന്നു എന്നോര്‍ത്തു. പ്രതീക്ഷയോടെ വന്നപ്പോൾ ടോണിയും കൈയൊഴിഞ്ഞല്ലോ. ഇത്രയേയുള്ളൂ ബന്ധങ്ങൾക്ക് വില .

കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു വിധം നേരം വെളുപ്പിച്ചു .
പുലര്‍ച്ചെ, ടോണി ഉണരുന്നതിനു മുമ്പേ, എണീറ്റ് ആഗ്നസിനോടു യാത്ര പറഞ്ഞിട്ട് അവള്‍ പടിയിറങ്ങി.

കുറക്കന്‍മലയിലെത്തിയപ്പോള്‍ നേരം ഉച്ചയായിരുന്നു. അമ്മയോടു കാര്യങ്ങള്‍ എല്ലാം വിശദമായി പറഞ്ഞു. അലീനയുടെ സ്ഥിതി കേട്ടപ്പോള്‍ മേരിക്കുട്ടി വാവിട്ടു കരഞ്ഞു.
“ന്‍റെ മോളെ എനിക്കൊന്നു കാണണം കൊച്ചേ .”
കരഞ്ഞുകൊണ്ട് നിലത്തു കുത്തിയിരുന്ന് മേരിക്കുട്ടി ശിരസിൽ കൈ അമർത്തി .
“കണ്ടാല്‍ സങ്കടം കൂടുകയേയുള്ളമ്മേ. അത്രയ്ക്കു കോലം കെട്ടുപോയി ചേച്ചി.”
“ന്നാലും… ന്‍റെ മോനെപ്പോലെ കരുതിയിരുന്ന അവന്‍ അങ്ങനെ പറഞ്ഞല്ലോ മോളേ…”
ടോണിയുടെ വാക്കുകളാണ് മേരിക്കുട്ടിയെ ഏറെ വേദനിപ്പിച്ചത്.
”പിറന്നനാള്‍ മുതല്‍ ഒക്കത്തേറ്റി നടന്നതാണവനെ. കടയില്‍നിന്ന് പപ്പ പലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവരുമ്പോള്‍ ഒരു പങ്ക് അവനു കൊടുക്കാന്‍വേണ്ടി ഞാൻ മാറ്റി വയ്ക്കുമായിരുന്നു”. കരച്ചിലിനിടയിൽ പഴയ കഥകള്‍ ഒന്നൊന്നായി മേരിക്കുട്ടി പുറത്തേക്കു എടുത്തിട്ടപ്പോള്‍ ജാസ്മിന്‍ പറഞ്ഞു.
“നമ്മള്‍ അങ്ങോട്ടു കൊടുക്കുന്ന സ്നേഹം അതേഅളവിൽ തിരിച്ചങ്ങോട്ടു കിട്ടുമെന്നു പ്രതീക്ഷിക്കരുതമ്മേ.. ടോണി ഒരുപാട് വളര്‍ന്നു പോയില്ലേ. നമ്മുടെ കൈയെത്തുന്നതിലും ഉയരത്തില്. പഴയതൊക്കെ അമ്മ മറന്നുകള ”
ജാസ്മിന്‍ ഒരു നെടുവീർപ്പിട്ടു .
“എനിക്കെന്‍റെ മോളെ ഒന്നു കാണണമല്ലോ കൊച്ചേ?”
മേരിക്കുട്ടി ദീനതയോടെ ജാസ്മിനെ നോക്കി.
“നാളെ നമുക്കു പോകാം അമ്മേ. അമ്മ പറഞ്ഞാല്‍ ചിലപ്പം ചേച്ചിയെ അഡ്മിറ്റാക്കിയേക്കും. ഇല്ലെങ്കിൽ നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം. പോലീസുകാര് വന്നു കാണുമ്പം അവർക്കു കാര്യങ്ങൾ മനസിലാവും”
ജാസ്മിന്‍ അമ്മയുടെ ചുമലിൽ തലോടി സമാധാനിപ്പിച്ചു.
പിറ്റേന്നു രാവിലെ ജാസ്മിനും മേരിക്കുട്ടിയുംകൂടി പള്ളിയില്‍പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ടു. അലീനക്കുവേണ്ടി അൽഫോൻസാമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ കൈക്കൂപ്പി നിന്ന് അവർ കുറേനേരം പ്രാർത്ഥിച്ചു .

തിരിച്ചുവരുമ്പോള്‍ രാഘവന്‍നായരുടെ ഭാര്യ ദേവിക ഗേറ്റിനരികിൽ നിന്ന് കൈകൊട്ടി അവരെ വിളിച്ചു. രണ്ടുപേരും തിരിഞ്ഞ് നോക്കി.
“ഒരു ശോശാമ്മ വിളിച്ചിരുന്നു. അത്യാവശ്യമായി അങ്ങോട്ടു തിരിച്ചു വിളിക്കാന്‍ പറഞ്ഞു.”
അതുകേട്ടതും ജാസ്മിന്‍റെ നെഞ്ചൊന്നു കാളി . ചേച്ചിക്ക് എന്തെങ്കിലും സംഭവിച്ചോ?
“അമ്മ പൊയ്ക്കോ. ഞാന്‍ പോയി വിളിച്ചിട്ടു വന്നേക്കാം .”
മേരിക്കുട്ടിയെ വീട്ടിലേക്കു പറഞ്ഞുവിട്ടിട്ട് ജാസ്മിന്‍ രാഘവന്‍നായരുടെ വീട്ടിലേക്കു നടന്നു. അകത്തു കയറി ഈപ്പന്‍റെ വീട്ടിലേക്കുള്ള നമ്പര്‍ ഡയൽ ചെയ്തു. അങ്ങേത്തലക്കൽ ശോശാമ്മയാണ് ഫോണ്‍ എടുത്തത്.

“അലീനയുടെ സ്ഥിതി ഇത്തിരി മോശമാ. ഇന്നു രാവിലെ അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.”
ശോശാമ്മ അതു പറഞ്ഞപ്പോള്‍ ജാസ്മിന്‍റെ ശ്വാസഗതി അങ്ങേയറ്റമായി.
“ചേച്ചിക്ക് എന്താ പറ്റിയത്?”
“നിങ്ങള്‍ ഉടനെ ഇങ്ങോട്ടു വാ. ഇവിടെ വന്നിട്ടു കാര്യങ്ങൾ പറയാം.”
“ഏതാശുപത്രീലാ?”
“വീട്ടിലേക്കു വന്നാൽ മതി .” -അത് പറഞ്ഞതും ഫോണ്‍ കട്ടായി.
റിസീവര്‍ ക്രാഡിലില്‍ വച്ചിട്ട് അവള്‍ വേഗം പുറത്തേക്കിറങ്ങി. വീട്ടിലേക്കു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു അവള്‍. അമ്മയോടു വിവരം പറഞ്ഞതും പൊട്ടിക്കരഞ്ഞുപോയി അവള്‍.
“ന്‍റെ ചേച്ചിക്ക് ഒരിക്കലും സന്തോഷം കിട്ടിയില്ലല്ലോ അമ്മേ.” – അമ്മയുടെ തോളില്‍ ശിരസുവച്ച് അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു. മേരിക്കുട്ടിയും തളര്‍ന്നു പോയിരുന്നു.
“ഡ്രസു മാറ് അമ്മേ . നമുക്കു പോകാം .” മേരിക്കുട്ടിയെ പിടിച്ചു കൊണ്ടുപോയി വേഷം മാറിപ്പിച്ചു. ധൃതിയിൽ ജാസ്മിനും ഡ്രസ് മാറി.
ബസ്സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ മേരിക്കുട്ടി കണ്ണു തുടച്ചുകൊണ്ടു ചോദിച്ചു.
“ന്‍റെ മോളെ ജീവനോടെ എനിക്കൊന്നു കാണാന്‍ പറ്റുമോ കൊച്ചേ ?”
ജാസ്മിന്‍ ഒന്നും മിണ്ടിയില്ല. അവള്‍ക്കറിയാമായിരുന്നു, ചേച്ചി സ്വര്‍ഗ്ഗത്തിലേക്കു പോയി കാണുമെന്ന്.
ബസിലിരിക്കുമ്പോള്‍ ചേച്ചിയുടെ കണ്ണീരു പടര്‍ന്ന മുഖമായിരുന്നു ജാസ്മിന്‍റെ മനസ്സു നിറയെ. മുറിയിൽ പേടിച്ചരണ്ടിരിക്കുന്ന ആ രൂപം ഓർക്കാൻ കൂടി വയ്യ .

പാവം ചേച്ചി . പിറന്നു വീണപ്പോൾ മുതൽ അതിനു കണ്ണീരുമാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂല്ലോ !
വീട് അടുക്കുതോറും അവളുടെ നെഞ്ചിടിപ്പു കൂടിക്കൂടി വന്നു.
ബസ്സ്റ്റോപ്പില്‍നിന്ന് ഓട്ടോയിലായിരുന്നു യാത്ര.
ഗേറ്റിലെത്തിയപ്പോൾ കണ്ടു.
മുറ്റത്തും വരാന്തയിലുമൊക്കെ ആളുകള്‍ കൂടി നില്‍ക്കുന്നു. ജാസ്മിൻ ഒന്ന് നെടുവീർപ്പിടുക മാത്രമേ ചെയ്തുള്ളൂ .അവൾക്കറിയാമായിരുന്നു, ചേച്ചി ഈലോകത്തുനിന്ന് യാത്രപറഞ്ഞെന്ന് .
ഒരു ജീവച്ഛവം പോലെയാണ് അവൾ ഓട്ടോയില്‍നിന്നിറങ്ങിയത്.
ആളുകൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ മേരിക്കുട്ടിക്കും കാര്യം മനസിലായി. അവർ ദയനീയമായി മകളെ നോക്കിയപ്പോൾ ജാസ്മിൻ പറഞ്ഞു.
” ഉറക്കെ നിലവിളിച്ച്‌ അമ്മ ഒരു സീൻ ഉണ്ടാക്കരുത് . എല്ലാം വിധിയായി കരുതി സങ്കടം നിയന്ത്രിക്കാൻ നോക്കണം. ”
അത് കേട്ടതും മേരിക്കുട്ടി തളർന്നു നിലത്തിരുന്നുപോയി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here