സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മുറ്റത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസിന്‍റെ ജീപ്പ് വന്നു നിന്നു.
അപ്പോള്‍ നേരം അഞ്ചുമണി കഴിഞ്ഞിരുന്നു.
സ്കൂളും പരിസരവും വിജനമാണ്. ഹെഡ്മിസ്ട്രസിന്‍റെ റൂമിലിരുന്ന് സിസ്റ്റര്‍ തെരേസ എന്തോ എഴുതുന്നുണ്ട്.
സി.ഐ. പോലീസുകാരെ വെളിയില്‍ നിറുത്തിയിട്ട് തിടുക്കത്തില്‍ ഹെഡ്മിസ്ട്രസിന്‍റെ മുറിയിലേക്ക് നടന്നു.
വാതില്‍ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുഖം കണ്ടതും സിസ്റ്റര്‍ തെരേസ എഴുത്തു നിര്‍ത്തി ആകാംക്ഷയോടെ നോക്കി.
“സിസ്റ്റര്‍ ഇതുവരെ പോയില്ലേ?”
ചിരിച്ചുകൊണ്ട് കൊണ്ട് സി.ഐ. അകത്തുകയറി സിസ്റ്ററിനഭിമുഖമായി കസേരയില്‍ ഇരുന്നു.
“കുറച്ചു ജോലി പെന്‍ഡിംഗുണ്ടായിരുന്നു. ”
സിസ്റ്റര്‍ പേന അടച്ചു പെന്‍സ്റ്റാന്‍ഡില്‍ വച്ചു.
“ഞാനിപ്പ വന്നത് ഒന്നു രണ്ടു കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാ.”
സി.ഐ. അതു പറഞ്ഞപ്പോള്‍ സിസ്റ്ററിന്‍റെ ജിജ്ഞാസ വര്‍ധിച്ചു.
“എന്താ…?”
“സുമിത്ര എന്നു പേരുള്ള ഒരധ്യാപിക ഇവിടെ പഠിപ്പിക്കുന്നുണ്ടോ?”
“ഉണ്ടല്ലോ. എന്തേ?”
“എത്ര നാളായി അവരിവിടെ വന്നിട്ട്?”
“രണ്ടുമാസം കഴിഞ്ഞു.”
“അവരെങ്ങനാ പഠിപ്പിക്കാന്‍?”
“നന്നായിട്ടു പഠിപ്പിക്കും. കുട്ടികള്‍ക്കൊക്കെ വല്യ ഇഷ്ടമാ.”
“അവരുടെ സ്വഭാവം?”
“നല്ല സ്വഭാവമാ. എന്തേ?”
“ഒന്നുമില്ല. ഇവിടെ സ്റ്റേഷനറിക്കട നടത്തിക്കൊണ്ടിരുന്ന ഒരു സുകുമാരന്‍ മരിച്ച വിവരം സിസ്റ്റർ അറിഞ്ഞുകാണുമല്ലോ ?”
“ഉവ്വ്, അറിഞ്ഞു ?”
“ഈ സുകുമാരനും സുമിത്രേം തമ്മില്‍ പരിചയമുണ്ടോ?”
“എനിക്കറിയില്ല .”
“ആരോടു ചോദിച്ചാല്‍ അറിയാന്‍ പറ്റും?”
“സ്റ്റാഫ് റൂമില്‍ അവളുടെ തൊട്ടടുത്തിരിക്കുന്ന രണ്ടു ടീച്ചേഴ്സുണ്ട്. ജൂലിയും സൗമിനിയും. ഞാനവരുടെ ഫോണ്‍ നമ്പര്‍ തരാം. അവരെ വിളിച്ചു ചോദിച്ചാല്‍ ചിലപ്പം അറിയാന്‍ പറ്റിയേക്കും.”
സിസ്റ്റര്‍ മേശവലിപ്പില്‍നിന്ന് ഡയറി എടുത്തു തുറന്നു. അതിൽ നോക്കിയിട്ട് ഒരു കടലാസെടുത്ത് ജൂലിയുടെയും സൗമിനിയുടെയും ഫോണ്‍ നമ്പര്‍ കുറിച്ച് സി ഐ ക്കു കൈമാറി.
“എന്താ സംഗതി?”
“ഏയ് ഒന്നുമില്ല. ആ കൊലപാതകവുമായി ബന്ധപ്പെട്ട് സുകുമാരനെ പരിചയമുള്ള എല്ലാവരേം ഞങ്ങളു ചോദ്യം ചെയ്യുന്നുണ്ട്. അവരു തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നൂന്ന് ഒരിന്‍ഫര്‍മേഷന്‍ ഞങ്ങള്‍ക്കു കിട്ടി. അതു ശരിയാണോന്നറിഞ്ഞിട്ട് അവരെ ചോദ്യം ചെയ്താ മതീല്ലോന്നു കരുതിയാ. സ്ത്രീകളെ നമ്മളു വെറുതെ ഹരാസ് ചെയ്യാന്‍ പാടില്ലല്ലോ. പ്രത്യേകിച്ച് കല്യാണം കഴിയാത്ത ഒരു അധ്യാപികയെ .”
“സുമിത്രയെക്കുറിച്ച് ഇവിടെല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്.”
“അഭിപ്രായം മോശമായിട്ടല്ല ഞാന്‍ വന്നത്. സുകുമാരന്‍റെ കൊലയാളിയെ കണ്ടുപിടിക്കാന്‍ സഹായകമായ എന്തെങ്കിലും സൂചന കിട്ടുമോന്നറിയാന്‍ വേണ്ടിയാ. അവരു തമ്മില്‍ പരിചയമുണ്ടെങ്കില്‍ മാത്രം അവരെ ചോദ്യം ചെയ്താ മതീല്ലോ”
“സൗമിനിയേം ജൂലിയേം വേണമെങ്കില്‍ ഇവിടുന്നു വിളിക്കാം.”
സിസ്റ്റർ ലാൻഡ് ഫോണ്‍ നീക്കിവച്ചുകൊടുത്തു.
“നോ താങ്ക്സ്. ഞാൻ പിന്നെ വിളിച്ചോളാം “
സി.ഐ. എണീറ്റിട്ടു തുടര്‍ന്നു:
“ഞാനിവിടെ വന്നന്വേഷിച്ച കാര്യം ആരോടും പറയണ്ട. പറഞ്ഞാ ആളുകളു തെറ്റിദ്ധരിക്കും. അതുകൊണ്ടാ ഈ സമയത്തു വന്നത്.”
“ഏയ്, ഞാനാരോടും പറയില്ല. എന്‍റെ സ്റ്റാഫിനെക്കുറിച്ച് മോശമായ ഒരഭിപ്രായമുണ്ടായാല്‍ എനിക്കും കൂടിയല്ലേ അതിന്റെ നാണക്കേട്.”
“വരട്ടെ.”
സിസ്റ്ററിനോട് യാത്രപറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി.
ജീപ്പിന്‍റെ സമീപം വന്നുനിന്ന് സി.ഐ. ആലോചിച്ചു.
സൗമിനി , ജൂലി. രണ്ടുപേരില്‍ ആരെ കാണണം ആദ്യം?
ജൂലിയായിക്കോട്ടെ.
മൊബൈല്‍ എടുത്ത് ജൂലിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. വീട് എവിടാണെന്ന് കൃത്യമായി മനസിലാക്കിയശേഷം അദ്ദേഹം ജീപ്പില്‍ ചാടിക്കയറി വണ്ടി വിടാന്‍ നിര്‍ദേശം നല്‍കി.
ഒരിരമ്പലോടെ ജീപ്പ് മുമ്പോട്ട് കുതിച്ചു.
ആ വാഹനം പിന്നീട് വന്നു നിന്നത് ജൂലി ടീച്ചറിന്‍റെ വീട്ടുപടിക്കല്‍!
മോഹന്‍ദാസ് ചാടിയിറങ്ങി വീട്ടിലേക്ക് ധൃതിയില്‍ നടന്നു.
ജൂലി വെളിയില്‍ നില്‍പ്പുണ്ടായിരുന്നു.
മോഹൻദാസിനെ അവര്‍ അകത്തു ക്ഷണിച്ചിരുത്തി.
സി ഐ പറഞ്ഞു:
“ഞാനധികം ബുദ്ധിമുട്ടിപ്പിക്കുന്നില്ല. ഒന്നുരണ്ടു ചോദ്യങ്ങള്‍ക്കു പെട്ടെന്നു മറുപടി പറഞ്ഞാല്‍ ഞാൻ പൊക്കോളാം. മരിച്ച സുകുമാരനില്ലേ, അതായത് സ്കൂള്‍ ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിക്കൊണ്ടിരുന്ന സുകുമാരന്‍. അയാളും സുമിത്ര ടീച്ചറും തമ്മില്‍ പരിചയമുണ്ടായിരുന്നോ?”
“അവര് ഒരേ കോളജില്‍ പഠിച്ചവരാന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.”
“ഇവിടെ വച്ച് അവരു തമ്മില്‍ കാണാറുണ്ടായിരുന്നോ?”
“വല്ലപ്പോഴുമൊക്കെ സംസാരിക്കാറുണ്ടായിരുന്നു.”
“ഇവിടെ അവരു തമ്മില്‍ വല്ല ഇടപാടുകളും ഉണ്ടായിരുന്നോ?”
“എന്നുവച്ചാല്‍?”
“എന്നുവച്ചാല്‍… അങ്ങോട്ടുമിങ്ങോട്ടുമൊരടുപ്പം.”
“അയാള്‍ക്കു ടീച്ചറിനോടെന്തോ അടുപ്പമുണ്ടായിരുന്നെന്ന് തോന്നുന്നു . പക്ഷേ, ടീച്ചറു മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.”
“ഇതു ടീച്ചറു പറഞ്ഞറിഞ്ഞതാണോ അതോ നേരിട്ട് കണ്ടതാണോ ?”
“ടീച്ചറ് പറഞ്ഞതാ.”
മോഹന്‍ദാസ് പോക്കറ്റില്‍ നിന്ന് ഒരു കര്‍ച്ചീഫെടുത്ത് ജൂലിയെ കാണിച്ചുകൊണ്ട് ചോദിച്ചു.
“ഈ കര്‍ച്ചീഫ് ആരുടേതാണെന്നറിയാമോ ?”
അവരതുവാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടു പറഞ്ഞു.
“ഇതാണോയെന്നറിയില്ല. ഇതുപോലൊരെണ്ണം സുമിത്ര ടീച്ചറിനുണ്ടായിരുന്നു.”
“ഇത്ര കൃത്യമായി ഓർക്കാൻ കാരണം?”
“ഈ എംബ്രോയിഡറി വര്‍ക്കു കണ്ടപ്പം എനിക്ക് പുതുമ തോന്നിയിരുന്നു. ഇതെവിടുന്നു വാങ്ങിച്ചതാണെന്ന് ഞാന്‍ അന്നു ചോദിക്ക്വേം ചെയ്തിരുന്നു.”
“എവിടുന്നു വാങ്ങിച്ചതാന്നാ പറഞ്ഞത്?”
“ടീച്ചറിന്‍റെ നാട്ടിലുള്ള ഏതോ കടയില്‍ നിന്നാ.”
“ഇതേ ഡിസൈന്‍ തന്നെയായിരുന്നോ?”
“അതെ. ഇതൊരു പ്രത്യേകതയുള്ള ഡിസൈൻ ആയതുകൊണ്ടാ ഞാനത് ശ്രദ്ധിച്ചത് ”
സി.ഐ. കര്‍ച്ചീഫ് തിരികെ വാങ്ങിയിട്ട് മടക്കി പോക്കറ്റില്‍ നിക്ഷേപിച്ചു.
“സുമിത്രയെക്കുറിച്ച് ടീച്ചറിന്‍റെ അഭിപ്രായം എന്താ?”
“നല്ല ടീച്ചറാണ്.”
“അടുത്തനാളില്‍ അവരുടെ പെരുമാറ്റത്തില്‍ വല്ല മാറ്റവും?”
“കുറെ ദിവസമായിട്ട് ആളാകെ ഡെസ്പാ. എപ്പഴും കരച്ചിലുതന്നെ. ഞാനന്വേഷിച്ചപ്പം അറിഞ്ഞത് നിശ്ചയിച്ച കല്യാണം മുടങ്ങിപ്പോയതുകൊണ്ടാന്നാ.”
“കല്യാണം നിശ്ചയിച്ചിരുന്നോ?”
“ഉം.”
“ആരുമായിട്ട്?”
“അവളുടെ മുറച്ചെറുക്കനുമായിട്ട്. നേരത്തെ തീരുമാനിച്ചുവച്ചിരുന്നതാ.”
“മുടങ്ങാന്‍ കാരണം.?”
“അതറിയില്ല.”
“എത്രനാളായി അവർ മൂഡ് ഓഫ് ആയിട്ട് ?”
“ഒരാഴ്ചയായിക്കാണും.”
“അതിനുമുമ്പ് ഹാപ്പിയായിരുന്നോ?”
“ഉം.”
“താങ്ക്യു.”
സി.ഐ. എണീറ്റു.
“എന്താ സാര്‍ പ്രശ്നം?
“പ്രശ്നമൊന്നുമില്ല. സുകുമാരനെ പരിചയമുള്ള വ്യക്തികളുടെയെല്ലാം ഡീറ്റെയില്‍സ് കളക്ട് ചെയ്യുന്ന കൂട്ടത്തില്‍ ഇതുംകൂടി കളക്ട് ചെയ്തെന്നേയുള്ളൂ. പിന്നെ, ഞാനിവിടെ വന്നതും സംസാരിച്ചതുമൊന്നും പുറത്താരോടും പറയണ്ട. സുമിത്രയോടും. പോലീസുകാരു കാരണം അവര്‍ക്കൊരു പേരുദോഷമുണ്ടാകരുതല്ലോ.”
“ഉം .”
“താങ്ക്യു. വരട്ടെ.”
യാത്രപറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി ജീപ്പിനടുത്തേക്ക് നടന്നു.
സുമിത്ര രാവിലെ സ്കൂളിലെത്തിയപ്പോള്‍ സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ കൂട്ടംകൂടിനിന്ന് അടക്കിപ്പിടിച്ച സംസാരം.
സുമിത്രയെ കണ്ടതും സംസാരം നിറുത്തി എല്ലാവരും സീറ്റില്‍ വന്നിരുന്നു.
എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സുമിത്രയ്ക്ക് മനസിലായി. പോലീസ് തന്നെ അന്വേഷിച്ച് വീട്ടില്‍ വന്ന കാര്യം ഇവര്‍ അറിഞ്ഞിരിക്കുമോ?
സീറ്റില്‍ വന്നിരുന്നിട്ട് അവള്‍ മേശവലിപ്പു തുറന്നു ഹാന്‍ഡ്ബാഗ് അതിനുള്ളില്‍ വച്ചു.
“എന്താ എല്ലാവരും ഇന്നൊരു മൗനം?”
അടുത്തിരുന്ന ജൂലിയോട് അവള്‍ സ്വരം താഴ്ത്തി ചോദിച്ചു.
“ഒന്നുമില്ല.”
പിന്നെ ഒന്നും ചോദിച്ചില്ല അവള്‍.
മേശവലിപ്പില്‍നിന്ന് പുസ്തകം എടുത്ത് തുറന്നു വായനയില്‍ മുഴുകി.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് ഡിവൈഎസ്പി ഹരിദാസിന്‍റെ മുമ്പില്‍ സുകുമാരന്‍ കൊലക്കേസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് വായിച്ച ശേഷം ഹരിദാസ് ചോദിച്ചു.
“അപ്പം സംശയിക്കുന്നവരുടെ ലിസ്റ്റില്‍ സുകുമാരന്‍റെ ഭാര്യയും പിന്നെ സുമിത്ര എന്ന അധ്യാപികയും മാത്രം. അല്ലേ?”
“അതെ സാര്‍. സംഭവദിവസം സുകുമാരന്‍റെ വീട്ടുമുറ്റത്തുനിന്നു കിട്ടിയ കര്‍ച്ചീഫ് സുമിത്രേടെയാണെന്നു സ്കൂളിലെ ഒരു ടീച്ചര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.”
“ഓകെ. വാദത്തിനുവേണ്ടി അതവരുടെയാണെന്നു സമ്മതിക്കുന്നു. അതു നേരത്തെ നഷ്ടപ്പെട്ടുപോയതാണെന്നു സുമിത്ര പറഞ്ഞാലോ?”
”അങ്ങനെ പറഞ്ഞില്ലല്ലോ സാര്‍. അതുപോലൊരു തൂവാല അവര്‍ക്കില്ല എന്ന് അവര്‍ കട്ടായം പറഞ്ഞു. ആ സമയം അവരുടെ മുഖം വിയര്‍ക്കുകയും ശ്വാസഗതി വര്‍ധിക്കുകയും ചെയ്തതു ഞാന്‍ ശ്രദ്ധിച്ചു.”
“അതു പോലീസിനെ കണ്ടതുകൊണ്ടുള്ള ഭയം കൊണ്ടാകും.”
“അല്ല സാര്‍. സുകുമാരന്‍ മരിച്ചതിനുശേഷം സുമിത്ര വല്ലാതെ വിഷാദമൂകയായിരുന്നൂന്നു സ്കൂളിലെ ചില ടീച്ചേഴ്സ് പറഞ്ഞു. അതിന്‍റെ കാരണമായിട്ടവരു പറഞ്ഞത് നിശ്ചയിച്ച അവരുടെ കല്യാണം മുടങ്ങിപ്പോയതുകൊണ്ടാന്നാ. പക്ഷേ, ഞാനന്വേഷിച്ചപ്പം അറിഞ്ഞത് കല്യാണം മുടങ്ങീട്ടില്ല, അച്ഛൻ മരിച്ചതുകൊണ്ടു അതു മാറ്റിവച്ചിട്ടേയുള്ളൂന്നാ. അപ്പം വിഷാദത്തിന്‍റെ ശരിയായ കാരണം അതല്ല. പുറത്തുപറയാന്‍ പറ്റാത്ത മറ്റു എന്തോ ഉണ്ട്.”
“സംഭവസ്ഥലത്തുനിന്നു കിട്ടിയ മുടി അവരുടേതല്ലെന്നല്ലേ ഫോറൻസിക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.”
“അതെ. അതു ശ്രീദേവിയുടെയാണ്. പക്ഷേ, അവര്‍ക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ല.”
“ശ്രീദേവിയെ വിശദമായിട്ടു ചോദ്യം ചെയ്തോ?”
“ഉവ്വ്! ഞാന്‍ മനസിലാക്കിയിടത്തോളം അവര്‍ക്കിതില്‍ പങ്കില്ലെന്നാ കാണുന്നത്. പക്ഷേ, സാഹചര്യത്തെളിവുകള്‍ അവര്‍ക്കെതിരാ. അതുകൊണ്ട് പൂര്‍ണമായും അവരെ ഒഴിവാക്കാനും വയ്യ. അറസ്റ്റ് ചെയ്യണമെങ്കില്‍ വ്യക്തമായ ഒരെവിഡന്‍സു കിട്ടേണ്ടേ സര്‍?”
റിപ്പോര്‍ട്ടിലേക്ക് മിഴികളൂന്നി തെല്ലുനേരം മൗനമായി ഇരുന്നു ഡിവൈഎസ്പി.
“സുമിത്രയും സുകുമാരനും തമ്മില്‍ ബസ്സ്റ്റോപ്പില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതു കണ്ടവരുണ്ട്. അതവരും നിഷേധിക്കുന്നില്ല. അന്ന് അവരുടെ മുഖഭാവം ശ്രദ്ധിച്ച പലര്‍ക്കും എന്തോ പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നു.”
സി.ഐ. പറഞ്ഞു.
“അവരെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചൊന്നു വിശദമായി ചോദ്യം ചെയ്താലോ?”
ഹരിദാസ് ചോദിച്ചു.
“യേസ് സാര്‍. ഞാനും അതാ ഉദ്ദേശിച്ചത്. ഒറ്റയ്ക്കവരെ ഇരുത്തി ചോദ്യം ചെയ്താല്‍ കിളികിളിപോലെ അവരു സത്യം പറയും. അവിവാഹിതയായ ഒരു ടീച്ചറാണല്ലോന്നു കരുതിയാ ഞാനത്രയ്ക്കങ്ങടു പോകാതിരുന്നത്. പക്ഷേ, അവര് എന്‍റെ മുഖത്തുനോക്കി പച്ചക്കള്ളം പറഞ്ഞു, കര്‍ച്ചീഫ് അവരുടേതല്ലെന്ന്.”
“കൂടുതല്‍ സെന്‍റിമെന്‍റ്സൊന്നും ആരോടും കാണിക്കണ്ട. ടീച്ചറായാലും സാറായാലും കുറ്റം ചെയ്‌താൽ പിടിക്കണം . ഒരുകാര്യം ചെയ്യ് . നാളെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്ക് അവളെ. എന്നിട്ട് എന്‍റെയും കൂടി പ്രസൻസിൽ ക്വസ്റ്റ്യന്‍ ചെയ്യാം.”ഹരിദാസ് പറഞ്ഞു
“യേസ് സര്‍.”
സി.ഐ. എണീറ്റ് തൊപ്പിയെടുത്ത് തലയില്‍ വച്ചു.
“ഓ ഇപ്പഴാ ഒരു കാര്യം ഓര്‍ത്തത്. നാളെ എനിക്കൊരു എന്‍ഗേജുമെന്‍റുണ്ട്. മറ്റന്നാള്‍ രാവിലെ പതിനൊന്നുമണിക്കായിക്കോട്ടെ. ഇടയ്ക്ക് എന്നെയൊന്നു വിളിച്ച് ഓര്‍മിപ്പിച്ചാല്‍ മതി” – ഡിവൈഎസ്പി പറഞ്ഞു.
“ശരി സര്‍.”
“നമുക്കെത്രയും വേഗം ഒരു പ്രതിയെ ഉണ്ടാക്കണം. പത്രക്കാരൊക്കെ പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്ക്വാ. ഇനി പൗരസമിതിയാകും, ആക്ഷന്‍ കൗണ്‍സിലാകും, സമരമാകും. സമരം ചെയ്യാന്‍ ഒരു കാരണം കിട്ടാതെ പ്രതിപക്ഷപാര്‍ട്ടികളു തെക്കുവടക്ക് ഓടിനടക്ക്വാ. ഇലക്ഷനല്ലേ വരുന്നത്.”
“യേസ് സര്‍. നമുക്കുടനെ ഈ കേസിനൊരു തുമ്പുണ്ടാക്കാൻ പറ്റുമെന്നണ് എന്റെ പ്രതീക്ഷ . “
സല്യൂട്ടടിച്ചിട്ട് സി.ഐ. വെളിയിലേക്കിറങ്ങി ജീപ്പില്‍ കയറി.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11














































