Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 6

1476
0
ഒടുവിൽ ഒരുദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 6

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാര്‍ അറിയാതെ ആ പ്രണയം അവര്‍ മനസ്സില്‍ സൂക്ഷിച്ചു. ടോണിക്കു പപ്പയില്ല. അമ്മയും ഒരു പെങ്ങളും മാത്രം. ടോണി എംബിബിഎസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ജാസ്മിന്‍റെ ചേച്ചി അലീനയുടെ വിവാഹം നടക്കാത്തതില്‍ ദുഃഖിതരായിരുന്നു മാതാപിതാക്കള്‍. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ജാസ്മിനെ കോളജ്ഹോസ്റ്റലിലാക്കി അവളുടെ പപ്പ . രേവതി വര്‍മ്മയും ചിഞ്ചു അലക്സുമായിരുന്നു അവളുടെ റൂംമേറ്റ്സ്. മൂല്യങ്ങള്‍ക്കു വിലകല്പിക്കാതെ, ജീവിതം പരമാവധി ആസ്വദിക്കണമെന്ന ചിന്താഗതിക്കാരായ രണ്ടു പെൺകുട്ടികൾ . ഒരു നാള്‍ രേവതി എറണാകുളത്തുള്ള തന്‍റെ വീട്ടില്‍ ജാസ്മിനെ കൂട്ടി കൊണ്ടുപോയി. തന്‍റെ സുഹൃത്തായ സതീഷിന് അവളെ കാഴ്ച വയ്ക്കുക എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം . രേവതിയുടേത് കപടസ്നേഹമാണെന്ന സത്യം ജാസ്മിന്‍ തിരിച്ചറിഞ്ഞില്ല (തുടര്‍ന്നു വായിക്കുക)

ഉച്ചയ്ക്കു വിഭവസമൃദ്ധമായ ഊണാണ് രേവതി എല്ലാവർക്കും ഒരുക്കിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം. ജാസ്മിന്‍റെ പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പുന്നതിനിടയിൽ രേവതി പറഞ്ഞു:
“ഫോര്‍മാലിറ്റിയൊന്നും നോക്കണ്ടാട്ടോ . വയറു നിറച്ചു കഴിച്ചോണം . ഞങ്ങടെ ചീഫ് ഗസ്റ്റാ താന്‍.”
പണക്കാരുടെ മക്കള്‍ക്ക് ഇത്രയും സ്നേഹമോ എന്ന് ജാസ്മിന്‍ അദ്ഭുതപ്പെട്ടു.
ഭക്ഷണം കഴിച്ച് എഴുന്നേറ്റു കൈകഴുകിയിട്ടു ജാസ്മിന്‍ തിരിഞ്ഞു രേവതിയെ നോക്കി പറഞ്ഞു:
“എനിക്കിന്നു തന്നെ വീട്ടില്‍ പോകണം.”
“ങ്ഹ. അതു പറയാന്‍ വിട്ടു പോയി . മമ്മി ഇത്തിരി വൈകിയേ വരൂന്നു കുറച്ചു മുമ്പ് വിളിച്ചു പറഞ്ഞു. ജാസിനെ കാണണമെന്ന് മമ്മിക്കു വല്യ ആഗ്രഹമുണ്ട്. അതുകൊണ്ട് നാളെ പോയാ മതീന്ന് പ്രത്യേകം പറയണമെന്ന് മമ്മി പറഞ്ഞു.”
“അയ്യോ… അതു ശരിയാവില്ല. പപ്പ വഴക്കു പറയും. എനിക്കിന്നു തന്നെ പോകണം.”
“പപ്പയോടു ഞാന്‍ സംസാരിക്കാം. ആ നമ്പര്‍ ഡയല്‍ ചെയ്ത് മൊബൈല്‍ ഇങ്ങു താ.” – രേവതി മൊബൈലിനായി കൈനീട്ടി.
“അല്ല.., അത്… അതു ശരിയാവില്ല.”
“എന്തു ശരിയാവില്ലെന്ന്? എന്‍റെ മമ്മിയെ കാണണമെന്ന് ജാസിനാഗ്രഹമില്ലേ? മമ്മിക്കാണേല്‍ ജാസിനെ കണ്ടേ പറ്റൂന്നാ! പ്ലീസ്, മമ്മീടെ ആഗ്രഹമൊന്നു സാധിച്ചുകൊടുക്ക്. തന്നെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ മമ്മി നിര്‍ബന്ധിച്ചത്?”
ജാസ്മിന്‍ ധര്‍മ്മസങ്കടത്തിലായി. എന്തു പറയണമെന്നറിയാതെ അവള്‍ വിഷമിക്കുന്നതു കണ്ടപ്പോള്‍ രേവതി തുടര്‍ന്നു:
“നീ തനിച്ചല്ലല്ലോ ഇവിടെ ; ഞങ്ങളെല്ലാരുമില്ലേ ? നമുക്ക് അടിച്ചു പൊളിച്ചു ഇന്നിവിടെ കഴിയാന്നേ . ഇതൊക്കെയല്ലേ മോളെ ജീവിതത്തിലെ ഒരു സന്തോഷം.”
“ഞാന്‍ പപ്പയോടൊന്നു ചോദിക്കട്ടെ.”
ജാസ്മിന്‍ മൊബൈല്‍ എടുത്തു നമ്പര്‍ ഞെക്കിയപ്പോള്‍ രേവതി പറഞ്ഞു:
“പപ്പ സമ്മതിച്ചില്ലെങ്കില്‍ ഫോണിങ്ങു തരണേ. ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചോളാം.”
ജാസ്മിന്‍ തലയാട്ടിയിട്ട് ഫോണ്‍ കാതോടു ചേര്‍ത്തു. പപ്പയെ ലൈനില്‍ കിട്ടി. ജാസ്മിന്‍ കാര്യം പറഞ്ഞെങ്കിലും പപ്പ സമ്മതിച്ചില്ല. ഒടുവില്‍ ഫോണ്‍ രേവതിക്കു കൈമാറി. അവളുടെ സ്നേഹമസൃണമായ സംസാരത്തില്‍ തോമസിന്‍റെ മനസ്സു മാറി. അനുമതി കിട്ടിയപ്പോള്‍ ജാസ്മിനും സന്തോഷമായി.
“ഇപ്പം സമാധാനമായില്ലേ?” – രേവതി ചോദിച്ചു.
“ഉം” -പുഞ്ചിരിച്ചുകൊണ്ടു അവൾ തലയാട്ടി.
ഭക്ഷണം കഴിച്ചിട്ട് എല്ലാവരും മുകളിലത്തെ നിലയിലേക്കു പോയി.

നഗരത്തിന്‍റെ തിരക്കില്‍നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്തായിരുന്നു ആ വീട്. ബാല്‍ക്കണിയില്‍ വന്നുനിന്നു ജാസ്മിന്‍ നാലുപാടും നോക്കി. എത്ര മനോഹരമായ കാഴ്ചകള്‍. ദൂരെ ബഹുനിലക്കെട്ടിടങ്ങള്‍. ഇതുപോലൊരു വീട് തനിക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അവൾ ആശിച്ചു പോയി.

ദൂരേക്കു മിഴികള്‍ നട്ടു നില്‍ക്കുമ്പോള്‍ അവള്‍ ടോണിയെക്കുറിച്ചോര്‍ത്തു:
ടോണി ഡോക്ടറായി കഴിയുമ്പോള്‍ ഏതെങ്കിലും വലിയ ആശുപത്രിയില്‍ ജോലി കിട്ടും. നല്ല ശമ്പളവും കിട്ടും. ആ കാശുകൊണ്ട് ഇതുപോലൊരു വീടുവച്ച് സുഖമായി കഴിയണം. ഒരു ഡോക്ടറുടെ ഭാര്യയായി അഭിമാനത്തോടെയും ആഹ്ലാദത്തോടെയും ജീവിക്കണം. ഓര്‍ത്തപ്പോള്‍ അവളുടെ ഹൃദയം പൂത്തു തളിര്‍ത്തു.
“ജാസെന്താ ഇവിടെ വന്നു തനിച്ചു നില്‍ക്കുന്നേ?” – പിന്നില്‍ രേവതിയുടെ ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു ജാസ്മിന്‍ .
“ഞാനിങ്ങനെ ഓരോ കാഴ്ച കണ്ട്…”
“റൂമിലേക്കു വാ. നമുക്കവിടെ വര്‍ത്തമാനം പറഞ്ഞിരിക്കാം.”
രേവതിയുടെ പിന്നാലെ ജാസ്മിന്‍ മുറിയിലേക്കു ചുവടുകള്‍ വച്ചു. വിശാലമായ കിടപ്പുമുറിയിലേക്കു പ്രവേശിച്ചപ്പോള്‍ രേവതി പറഞ്ഞു.
“ഇതെന്‍റെ ബെഡ് റൂമാ ട്ടോ .”
അവൾ ചുറ്റും കണ്ണോടിച്ചു. എത്ര മനോഹരമായ റൂം. വലിയൊരു ടിവി ചുമരിനോടു ചേര്‍ത്തു വച്ചിട്ടുണ്ട്.
ചിഞ്ചു റിമോട്ടെടുത്ത് ടിവി ഓണ്‍ ചെയ്തു. എന്നിട്ട് അവരുടെ സമീപം മറ്റൊരു കസേരയില്‍ വന്നിരുന്നു. റിമോട്ടില്‍ ടിവി മോഡ് മാറ്റിയപ്പോള്‍ സ്ക്രീനില്‍ സിനിമ തെളിഞ്ഞു. ഒരു ഇംഗ്ലീഷ് മൂവിയാണ്. ജാസ്മിനു താത്പര്യം തോന്നിയില്ലെങ്കിലും വെറുതെ സ്ക്രീനിലേക്ക് നോക്കിയിരുന്നു.

തെല്ലു കഴിഞ്ഞപ്പോള്‍ മനസ്സിലായി അത് കാണാൻ കൊള്ളില്ലാത്ത ഒരു സിനിമയാണെന്ന്. ജാസ്മിനു വേവലാതിയായി. പാപമല്ലേ താന്‍ ചെയ്യുന്നത്? ആരെങ്കിലും ഈ സമയത്ത് ഇങ്ങോട്ടു കയറി വന്നാല്‍ തന്നെപ്പറ്റി എന്തു വിചാരിക്കും? ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കാണാന്‍ ഒരു മടിയുമില്ലേ ! കഷ്ടം! .
“ഞാന്‍ ബാല്‍ക്കണിയില്‍ കണ്ടേക്കാം. സിനിമ കഴിയുമ്പം വന്നു വിളിച്ചേരെ.”
ജാസ്മിന്‍ എണീറ്റു.
“സിനിമ ഇഷ്ടപ്പെട്ടില്ല ?” ചിഞ്ചു ചോദിച്ചു.
“ഇതുപോലുള്ള സിനിമ കാണുന്നതു പാപമാ.”
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
“നീ വല്ല കന്യാസ്ത്രീം ആകേണ്ട പെണ്ണാ.”
ഊര്‍മ്മിള അവളെ കണക്കിന് കളിയാക്കി.
“അവിടിരുന്നു കാണ് കൊച്ചേ.” – ചിഞ്ചു അവളെ ബലമായി പിടിച്ച് അരികിൽ ഇരുത്തി.
ടിവി സ്ക്രീനിലേക്കു നോക്കാതെ അവള്‍ കീഴ്പ്പോട്ടു നോക്കിയിരുന്നതേയുള്ളൂ . ചങ്കിടിപ്പ് അങ്ങേയറ്റം കൂടിയിരുന്നു. മുഖം വിയര്‍ത്തൊഴുകി. സിനിമാ തീര്‍ന്നപ്പോഴാണ് അവളുടെ ശ്വാസം നേരേ വീണത്. ചിഞ്ചുവും ഊര്‍മ്മിളയും ഓരോന്ന് പറഞ്ഞു അവളെ ഒരുപാട് കളിയാക്കി.
“നമുക്കൊരു ജീവിതമല്ലേയുള്ളൂ കൊച്ചേ . അത് പരമാവധി ആസ്വദിച്ചു ജീവിക്കണം. ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതം ” ഊര്‍മ്മിള അവളുടെ തോളിൽ തട്ടിയിട്ട് പറഞ്ഞു.
“അതൊക്കെ വലിയ വീട്ടിലെ ആളുകളുടെ ആഗ്രഹങ്ങളല്ലേ. ഞാന്‍ ഒരു കൊച്ചുവീട്ടില്‍ ജനിച്ച ഒരു പാവം പെണ്ണാ. ദൈവത്തിന്റെ പാതയില്‍നിന്നു മാറി ഇതുവരെ സഞ്ചരിച്ചിട്ടില്ല. ഇനിയൊട്ടു സഞ്ചരിക്കാനും ആഗ്രഹമില്ല.” തെല്ലു നീരസത്തോടെയാണ് അവൾ അങ്ങനെ പറഞ്ഞത് .
“ചത്തുകഴിഞ്ഞാല്‍ ചീഞ്ഞു പോകുന്ന ബോഡിയല്ലേ ? സൂക്ഷിച്ചുവയ്ക്കാനൊന്നും കൊള്ളില്ലല്ലോ . .” ഊർമ്മിള അവളുടെ കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു .
അത് കേട്ടപ്പോൾ അവൾക്കു ദേഷ്യമാണ് തോന്നിയത് . എങ്കിലും ഒന്നും മിണ്ടിയില്ല.

നേരം സന്ധ്യയായി.
രേവതിയുടെ അമ്മയെ കാണാഞ്ഞപ്പോള്‍ ജാസ്മിന്‍ ചോദിച്ചു:
“മമ്മി ഇനിയും വന്നില്ലല്ലോ രേവു ചേച്ചി .”
“ഓ … അതു പറയാന്‍ വിട്ടുപോയി. മമ്മി രാത്രി വൈകിയേ എത്തൂന്നു കുറച്ചു മുമ്പ് വിളിച്ചു പറഞ്ഞിരുന്നു . സാരമില്ല. നമുക്കിവിടെ അടിച്ചുപൊളിച്ചു കഴിയാന്നേ.” – രേവതി പറഞ്ഞു.
ജാസ്മിനു ഭയം തോന്നി! രാത്രിയില്‍ പെണ്ണുങ്ങള്‍ തനിയെ ഈ വീട്ടില്‍ കഴിയാനോ? ഇവര്‍ക്കൊന്നും ഒരു പേടിയുമില്ലേ? ഇന്നുതന്നെ വീട്ടിലേക്കു മടങ്ങിയേക്കാമായിരുന്നു. കഷ്ടമായിപ്പോയി .

അവൾ വല്ലാതെ അസ്വസ്ഥയായി കാണപ്പെട്ടു. അവളുടെ വിഷമം കണ്ടപ്പോൾ രേവതി പറഞ്ഞു
”നീ വല്ലാതെ വിഷമിക്കുന്നല്ലോ കൊച്ചേ ? ആദ്യമായിട്ടാണോ വേറൊരു വീട്ടിൽ പോയി താമസിക്കുന്നേ ?”
”ഉം . ഒറ്റയ്ക്ക് ഇതുവരെ പരിചയമില്ലാത്ത ഒരു വീട്ടിൽ പോയി കിടന്നിട്ടില്ല ”
” ഇത് പരിചയമില്ലാത്ത വീടല്ലല്ലോ . എന്റെ സ്വന്തം വീടല്ലേ . നിന്റെ വീട്ടിൽ കിടക്കുന്നപോലെ നിനക്കിവിടെ കിടക്കാം ” രേവതി അവളെ ചേർത്ത് പിടിച്ചു കവിളിൽ ഒരു മുത്തം നൽകി . ജാസ്മിന് തെല്ല് ആശ്വാസം തോന്നി .

രാത്രി ഏഴരയായപ്പോള്‍ മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. കാറില്‍നിന്നിറങ്ങിയത് സുമുഖനായ ഒരു ചെറുപ്പക്കാരന്‍. പാന്‍റ്സും ഫുള്‍സ്ലീവ് ഷര്‍ട്ടുമായിരുന്നു അയാളുടെ വേഷം. രേവതി ചെന്നു വാതില്‍ തുറന്ന് അയാളെ അകത്തേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു.
“ആളെവിടെ?”- വന്നപാടെ അയാള്‍ തിരക്കിയത് ജാസ്മിനെയാണ്.
“ആർത്തി പിടിക്കണ്ട . കക്ഷി മുകളിലുണ്ട്.”
ആ സമയം ചിഞ്ചു അങ്ങോട്ടു വന്നു.
“ഓര്‍മ്മയുണ്ടോ ഈ മുഖം?” പുഞ്ചിരിച്ചുകൊണ്ടു ചിഞ്ചു ചോദിച്ചു.
“ചിഞ്ചു അലക്സ്. മറക്കാന്‍ പറ്റില്ലല്ലോ ഈ മുഖം.” ചിഞ്ചുവിനെ നോക്കി അയാൾ ചിരിച്ചു.
“നിങ്ങളു വർത്തമാനം പറഞ്ഞിരിക്ക് . ഞാന്‍ അവളെ വിളിച്ചോണ്ടു വരാം.”- അങ്ങനെ പറഞ്ഞിട്ട് രേവതി മുകളിലേക്കുള്ള പടികൾ കയറി.
കിടപ്പുമുറിയില്‍ ഊര്‍മ്മിളയുമായി സംസാരിച്ചിരിക്കുകയായിരുന്നു ജാസ്മിന്‍ . രേവതി പറഞ്ഞു:
“എന്‍റെ ഒരു കസിന്‍ വന്നിട്ടുണ്ട്. സതീഷ്. സബ്കളക്ടറാ. ജാസ് വാ. ഞാന്‍ പരിചയപ്പെടുത്താം.”
“യ്യോ വേണ്ട. ഞാന്‍ വരുന്നില്ല.” അവൾ കൈ ഉയർത്തി ക്ഷണം നിരസിച്ചു
“പേടിയാണോ? അങ്ങേരു നിന്നെ പിടിച്ചു വിഴുങ്ങുവൊന്നുമില്ല. വാ… വന്നു പരിചയപ്പെട്. പഠിത്തം കഴിയുമ്പം ഒരു ജോലി കിട്ടാന്‍ അങ്ങേരു വിചാരിച്ചാല്‍ എളുപ്പമാ.”
” ഞാൻ വരുന്നില്ല . എനിക്ക് പേടിയാ ”
”എന്തിനാ പേടിക്കണേ ?. അയാള് നിന്നെ പിടിച്ചു വിഴുങ്ങുവൊന്നുമില്ല ”
ജാസ്മിന്‍റെ കൈയില്‍ പിടിച്ചു വലിച്ച് അവള്‍ താഴേക്കുകൊണ്ടുപോയി.
ജാസ്മിനെ കണ്ടതും സതീഷിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ മുമ്പു കണ്ടിട്ടേയില്ല. സിനിമാനടി തോറ്റുപോകും! രേവതി വര്‍മ്മയ്ക്ക് ഒരായിരം നന്ദി!
“ഇതു സതീഷ് കുമാർ ഐ.എ.എസ്. സബ് കളക് ടറാ . ജാസിന് എന്താഗ്രഹമുണ്ടെങ്കിലും ഇദ്ദേഹം സാധിച്ചുതരും. അത്രയ്ക്കു പിടിപാടുള്ള ആളാ.”
ജാസ്മിന്‍ തെല്ലുഭയത്തോടെ ആ മുഖത്തേക്കു ഒന്നു നോക്കിയിട്ട് വിമ്മിട്ടത്തോടെ നിന്നു.
“ഇതു ജാസ്മിന്‍. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ഹോസ്റ്റലിലെ എന്‍റെ റൂം മേറ്റ്.”
“ഹായ്” ഷെയ്ക്ഹാന്‍ഡിനായി സതീഷ് കൈ നീട്ടിയെങ്കിലും ജാസ്മിന്‍ കൈകൊടുത്തില്ല. അയാള്‍ ഒന്നു ചമ്മി. ആ ചമ്മല്‍ കണ്ടപ്പോൾ രേവതി പറഞ്ഞു:
“ഇവളൊരു പഴഞ്ചന്‍ രീതിക്കാരിയാ. നാട്ടിന്‍പുറത്തു വളര്‍ന്ന ഒരു നാടന്‍ പെണ്ണ്. പുതിയ രീതികളൊന്നും അവൾക്കു പരിചയമില്ല.”
“നിങ്ങടെ കൂടെയല്ലേ താമസം. പുതിയ രീതികളൊക്കെ സാവധാനം പഠിച്ചോളും.”
അതു പറഞ്ഞിട്ട് അയാള്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.

ജാസ്മിനോടു കുറേനേരം വര്‍ത്തമാനം പറഞ്ഞിരുന്നു സതീഷ് . അദ്ദേഹത്തിന്‍റെ മാന്യമായ പെരുമാറ്റവും സൗമ്യമായ സംസാരവും കണ്ടപ്പോള്‍ അവളുടെ ഉള്ളിലെ ഭീതി വിട്ടുമാറി. തലക്കനമോ ജാടയോ ഇല്ലാത്ത ഒരു സാദാ മനുഷ്യനാണ് അയാൾ എന്ന് മനസിലായപ്പോൾ ബഹുമാനം തോന്നി. ഇടയ്ക്ക് സതീഷ് തമാശ പറഞ്ഞപ്പോള്‍ ജാസ്മിന്‍ അറിയാതെ ചിരിച്ചുപോയി.

വളരെപ്പെട്ടെന്നുതന്നെ ജാസ്മിന്‍റെ മനസ്സ് കീഴടക്കാൻ സതീഷിനു കഴിഞ്ഞു. അയാളുടെ ഓരോ ചലനവും സംസാരവും അത്ര സൂക്ഷ്മതയോടെയും സംശയത്തിന്‍റെ കണികപോലും ഇല്ലാത്ത രീതിയിലുമായിരുന്നു. രേവതി അവരുടെ സംസാരവും തമാശകളും മൊബൈലിൽ പകര്‍ത്തിക്കൊണ്ടിരുന്നു. മനസ്സിലെ ആശങ്കയും ഭീതിയും മാറിയപ്പോള്‍ ജാസ്മിന്‍ സതീഷിനോട് കൂടുതൽ അടുപ്പം കാണിക്കുകയും ഫ്രീയായി സംസാരിക്കുകയും ചെയ്തു.

ചിരിയും താമാശയുമായി നേരം പോയത് അറിഞ്ഞതേയില്ല .
ഒൻപതുമണിയായപ്പോൾ അത്താഴം റെഡി.
എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത് . ആ സമയമൊക്കെ ജാസ്മിനോടു സംസാരിക്കാനായിരുന്നു സതീഷിനു കൂടുതല്‍ താത്പര്യം. അതുകണ്ടപ്പോള്‍ ചിഞ്ചു പറഞ്ഞു:
“ഞാനൊരു കാര്യം പറയട്ടെ. നമുക്കു ജാസിനെ സതീഷിനു കല്യാണം ആലോചിച്ചാലോ?”
അതു കേട്ടതും ജാസ്മിന്‍ വല്ലാതായി.
“എനിക്കു നൂറുവട്ടം ഇഷ്ടമാ.” – സതീഷ് വെട്ടിത്തുറന്നു പറഞ്ഞു.
“നമുക്കു വേറെന്തെങ്കിലും സംസാരിക്കാം.”
ആ സംസാരം തുടരാൻ ജാസ്മിൻ താത്പര്യം കാണിച്ചില്ല.
“ഞാനൊരു തമാശ പറഞ്ഞതല്ലേ കൊച്ചെ . ഇതുപോലൊരു തൊട്ടാവാടി പെണ്ണിനെ ഞാൻ ആദ്യായിട്ട് കാണുവാ ” ചിഞ്ചു അവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു .
പിന്നെ ആരും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല . ആ സമയം രേവതി ഫ്രിഡ്ജുതുറന്നു നാലഞ്ചുകുപ്പി ബിയര്‍ എടുത്തു മേശപ്പുറത്തു വച്ചു. സതീഷ് അതു പൊട്ടിച്ചു ഗ്ലാസിലേക്കു പകര്‍ന്നു. ഒരു ഗ്ലാസെടുത്തു ജാസ്മിനു നീട്ടി.
“യ്യോ… എനിക്കു വേണ്ട. ഞാന്‍ കഴിക്കുകേല.”
“ഇതു മദ്യമൊന്നുമല്ല. ബീയറാ. സോഡ കുടിക്കുന്ന എഫക്ടേയുള്ളൂ. ചുമ്മാ കളിക്കാതെ അങ്ങോട്ടു പിടിക്കു കൊച്ചേ.” സതീഷ് നിര്‍ബന്ധിച്ചപ്പോള്‍ ജാസ്മിന്‍ ധര്‍മ്മസങ്കടത്തിലായി. അവൾ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോൾ സതീഷ് പറഞ്ഞു .
“ചെവിക്കു പിടിച്ചു ഞാനൊരു കിഴുക്കു തരും ട്ടോ. ഇതങ്ങു പിടിച്ചേ .” -സതീഷിന്‍റെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് അറിയാതെ വഴങ്ങിപ്പോയി അവള്‍. ഗ്ലാസ് വാങ്ങി കയ്യിൽ പിടിച്ചുകൊണ്ടു അവൾ ഇരുന്നു .
ചിയേഴ്സ് പറഞ്ഞു മറ്റുള്ളവരെല്ലാം ഗ്ളാസ് കാലിയാക്കിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഗ്ളാസ് കയ്യിൽ പിടിച്ചു വെറുതെ ഇരുന്നതേയുള്ളൂ ജാസ്മിൻ
” അങ്ങോട്ട് കഴിക്കു മോളെ ” സതീഷ് അവളുടെ കൈ പിടിച്ചു ഗ്ളാസ് ചുണ്ടോടു ചേർത്തു . മനസില്ലാ മനസോടെ അവൾ അതു കുടിച്ചു. ചുണ്ടു തുടച്ചിട്ട് അവള്‍ പറഞ്ഞു:
“ഇനി എനിക്ക് വേണ്ടാട്ടോ.”
“വേണ്ട.. ഇനി ആരും നിർബന്ധിക്കില്ല ”
പിന്നെ ആരും നിര്‍ബന്ധിച്ചില്ല അവളെ .

രേവതിയും ഊർമ്മിളയുമൊക്കെ കുപ്പിക്കണക്കിനു ബിയര്‍ അകത്താക്കുന്നതു കണ്ടപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടുപോയി. ഇങ്ങനെയുമുണ്ടല്ലോ പെണ്ണുങ്ങൾ!
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഉറക്കം വന്നു അവള്‍ക്ക്. കണ്ണുകള്‍ അടഞ്ഞുപോകുന്നതു കണ്ടപ്പോള്‍ രേവതി പറഞ്ഞു:
“ജാസിനുറക്കം വരുന്നുണ്ടല്ലേ. വാ…. ഞാന്‍ ബെഡ് വിരിച്ചു തരാം. സുഖായിട്ടു കിടന്നൊന്നുറങ്ങ് “
അവളെ കൂട്ടിക്കൊണ്ട് രേവതി മുകളിലത്തെ നിലയിലേക്കു പോയി.
ജാസ്മിൻ പോയിക്കഴിഞ്ഞപ്പോള്‍ ചിഞ്ചു സതീഷിനോടു പറഞ്ഞു:
“സബ്കളക്ടറാന്നു പറഞ്ഞത് ആ മണ്ടിപ്പെണ്ണു വിശ്വസിച്ചിരിക്ക്വാ. അതാ ഇത്രയ്ക്കു സ്നേഹവും ബഹുമാനവും .”
“അവസരത്തിനൊത്തു ഉയരാൻ രേവതിക്കറിയാം. കുറേനാളായില്ലേ അവളെ ഞാൻ പരിചയപ്പെട്ടിട്ട്.”- ചിരിച്ചുകൊണ്ടു സതീഷ് പറഞ്ഞു.
”എന്തൊരു പഞ്ചാര വർത്തമാനമായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ആളെ വീഴിച്ചില്ലേ . സമ്മതിച്ചിരിക്കുന്നു ”
” ഈ സതീഷ് ഇതുപോലെ എത്രയോ പെണ്ണുങ്ങളെ വീഴിച്ചിട്ടുള്ളതാ ” അയാൾ സ്വയം അഭിമാനം കൊണ്ടു.

ജാസ്മിനെ കിടക്കയില്‍ കിടത്തി ഫാന്‍ ഓണ്‍ ചെയ്തിട്ടു രേവതി പുറത്തിറങ്ങി വാതില്‍ ചാരി. പെട്ടെന്നു തന്നെ ജാസ്മിന്‍ ഉറക്കത്തിലേക്കു വീണു.
രാത്രിയില്‍ എപ്പോഴോ ഉണര്‍ന്നപ്പോള്‍ ആരുടെയോ കൈകള്‍ ദേഹത്ത് സ്പർശിക്കുന്നതുപോലെ അവള്‍ക്കു തോന്നി. രേവതിയാണോ എന്ന് ഒരുനിമിഷം സംശയിച്ചു. മുറിയില്‍ കനത്ത ഇരുട്ടായിരുന്നു.
സ്പര്‍ശനം വഴി തെറ്റുന്നു എന്നു മനസിലായപ്പോള്‍ അവള്‍ കൈ എടുത്തു മാറ്റി.
“മോളേ…” സൗമ്യമായ ഒരു പുരുഷശബ്ദം.
ജാസ്മിന്‍ ചാടിപ്പിടഞ്ഞെണീറ്റ് ലൈറ്റിടാന്‍ സ്വിച്ച് പരതി. കണ്ടില്ല.
“മോളേ പേടിക്കണ്ട. ഞാനാ..,സതീഷ്.”
ഇരുട്ടില്‍ ആ ശബ്ദം കേട്ടതും അവള്‍ പരിഭ്രാന്തിയോടെ പിടഞ്ഞെണീറ്റ് കട്ടിലില്‍നിന്നു താഴേക്ക് ചാടി . തപ്പിത്തടഞ്ഞു സ്വിച്ച് കണ്ടുപിടിച്ചു ലൈറ്റ് ഓണ്‍ ചെയ്തു.
വളിച്ച ചിരിയുമായി സതീഷ് കട്ടിലില്‍ കുത്തിയിരിക്കുന്നു! അവൾ ഉറക്കെ കരഞ്ഞു. അടുത്ത നിമിഷം അയാള്‍ ചാടിയിറങ്ങി വന്ന് അവളെ വട്ടം പിടിച്ച് വായ് പൊത്തി
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി Ignatious Kalayanthani (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here