Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 9

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 9

1413
0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 9

കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാൻ തീരുമാനമെടുത്തു. (തുടര്‍ന്നു വായിക്കുക)


കോളജ് ഹോസ്റ്റലില്‍ ടോണിയുടെ റൂം പാര്‍ട്ട്ണറായിരുന്നു അരുണ്‍ രാധാകൃഷ്ണന്‍. എപ്പോഴും വിഷാദമൂകനായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍. ആ വിഷാദത്തിനു പിന്നില്‍ ശോകാര്‍ദ്രമായ ഒരു കഥയുണ്ട്.
പ്ലസ്ടുവിനു പഠിക്കുമ്പോള്‍ അരുണ്‍ കൂടെ പഠിച്ചിരുന്ന മീര എന്ന പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. മെഡിസിന് അഡ്മിഷന്‍ കിട്ടിയപ്പോഴും ആ ബന്ധം തുടര്‍ന്നു. പഠനം കഴിഞ്ഞാല്‍ ഉടനെ വിവാഹം എന്ന പരസ്പര ധാരണയില്‍ ആ പ്രണയം വളര്‍ന്നു പന്തലിച്ചു.

അങ്ങനെയിരിക്കെ അരുണിന് ഒരുനാള്‍ മീരയുടെ ഒരു ഫോണ്‍ വന്നു. അവളുടെ വിവാഹം നിശ്ചയിച്ചുവത്രേ. അച്ഛന്‍റെ നിര്‍ബന്ധത്തിനു മുമ്പില്‍ കീഴടങ്ങേണ്ടി വന്നു എന്ന ന്യായീകരണവും കുറെ ക്ഷമാപണവും. പിന്നെ കുറെ കരച്ചിലും കണ്ണീരും. വരന്‍ വിദേശത്ത് എന്‍ജിനീയര്‍. പ്രതിമാസം നാല് ലക്ഷം രൂപ ശമ്പളം. അന്നു മുതല്‍ അരുണിന് പെണ്‍വര്‍ഗ്ഗത്തോടു പകയാണ്, ദേഷ്യമാണ്.
“നീ സ്നേഹിക്കുന്നുണ്ടല്ലോ ഒരാളെ. നീ നോക്കിക്കോ. അവളു നിന്നെ ചതിക്കും”- ഒരിക്കല്‍ ടോണിയോട് അരുൺ പറഞ്ഞു.
അതുകേട്ട് ടോണി ചിരിച്ചു.
“നിന്‍റെ മീരയെപ്പോലല്ലടാ എന്‍റെ ജാസ്മിൻ . ഓര്‍മ്മ വച്ചനാള്‍ മുതല്‍ കാണുന്നതാ ഞാനവളുടെ ഹൃദയം. അതില്‍ നിറയെ സ്നേഹം മാത്രമേയുള്ളൂ.”
“പണത്തിന്റെ പിറകെ പോകാത്ത ഏതു പെണ്ണാടാ ഈ ലോകത്തുള്ളത് ? എല്ലാ പെണ്ണുങ്ങളും വഞ്ചകികളാ.”
ടോണി അവന്റെ തോളിൽ തട്ടിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു
”നിന്നെ ഒരു പെണ്ണ് തേച്ചിട്ടുപോയി എന്നു വച്ചു എല്ലാപെണ്ണുങ്ങളും അങ്ങനെയാണെന്ന് വിചാരിക്കരുത് . ”
അരുൺ കൂടുതലൊന്നും പറഞ്ഞില്ല.

അടുത്ത തവണ ജാസ്മിനെ കണ്ടപ്പോള്‍ ടോണി അരുണിന്റെ കാമുകി അവനെ തേച്ചിട്ടു പോയ കഥ അവളോട് പറഞ്ഞു. അതു കേട്ടപ്പോള്‍ ജാസ്മിന്‍ ചോദിച്ചു:
“ഞാന്‍ ടോണിയെ തേച്ചിട്ടു പോയി വേറൊരാളെ കല്യാണം കഴിക്കുമെന്നു ടോണി വിചാരിക്കുന്നുണ്ടോ?”
“ഒരിക്കലുമില്ല.”
“എനിക്കതു കേട്ടാല്‍ മതി.” ഒന്ന് നിറുത്തിയിട്ട് അവൾ തുടർന്നു ”എന്റെ ഈ ശരീരവും മനസ്സും ടോണിക്കു മാത്രമുള്ളതാ. അതിനു കഴിയാതെ വന്നാല്‍ ഞാൻ കല്യാണം കഴിക്കാതെ ജീവിക്കുകയേയുള്ളൂ .”
“എനിക്കതറിയാം . ഞാന്‍ നിന്നെ സംശയിച്ചിട്ടൊന്നുമല്ല ഈ കഥ പറഞ്ഞത്. അവന്‍റെ പെണ്ണ് അവനെ തേച്ചിട്ടു പോയ ഒരു കഥ പറഞ്ഞെന്നേയുള്ളൂ.”
” അങ്ങനെ തേയ്ക്കുന്ന പെണ്ണുങ്ങള് ഒരുപാടുണ്ടാകും . എന്നെ അക്കൂട്ടത്തിൽ പെടുത്തേണ്ട ”
” ഇല്ല പൊന്നേ ”
ജാസ്മിന് ആശ്വാസമായി.
വിശേഷങ്ങളും ഹൃദയവികാരങ്ങളും പങ്കുവച്ചു കുറേനേരം ഇരുന്നു അവർ . പിരിയാൻ നേരം ജാസ്മിന്‍ ഓര്‍മ്മിപ്പിച്ചു:
“ആ കൂട്ടുകാരനോടു പറഞ്ഞേക്ക്. മീരേം ജാസ്മിനും തമ്മില്‍ ഒരുപാട് വിത്യാസം ഉണ്ടെന്ന്.”
ടോണി ചിരിച്ചതേയുള്ളൂ.


ഒരു ശനിയാഴ്ച.
സന്ധ്യാനേരത്ത് ടോണി ഹോസ്റ്റല്‍ മുറിയിലിരുന്നു വായിക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. എടുത്തുനോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍. അക്സപ്റ്റു ചെയ്തിട്ടു ഫോണ്‍ കാതോടു ചേര്‍ത്തു:
ഹലോ…”
“ഹലോ…” അപരിചിതമായ ഒരു സ്ത്രീശബ്ദം
“ആരാ?”
“ഈ ശബ്ദം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?”
ടോണി ഓര്‍ക്കാന്‍ ശ്രമിച്ചു.
“ഓര്‍മ്മ വരുന്നില്ല.”
” ശരിക്കും ഒന്നോർത്തുനോക്കിക്കേ ”
”പിടികിട്ടുന്നില്ലല്ലോ ”
”നമ്മൾ തമ്മിൽ ഒരുപാടുനേരം സംസാരിച്ചിട്ടുണ്ട് ”
”രേവതി….?”
” യെസ് . രേവതിവർമ്മ . ജാസിന്റെ റൂം മേറ്റ് ”
“എന്തേ ?”
“എനിക്കു ടോണിയെ നേരിട്ടൊന്നു കാണണമല്ലോ?”
“എന്താ വിശേഷം?”
“അതു നേരിട്ടു കാണുമ്പം പറയാം. ഞാനൊരു സ്ഥലം പറയാം. നാളെ ഉച്ചയ്ക്കു പന്ത്രണ്ടുമണിക്ക് ടോണി അവിടെ വന്നു നില്‍ക്കാമോ? ഞാനങ്ങോട്ടു വന്നു കണ്ടോളാം .”
“എവിടാ വരേണ്ടത്?”
അവള്‍ കൃത്യമായ സ്ഥാനം പറഞ്ഞു. വരാമെന്ന് ടോണി പറഞ്ഞപ്പോൾ കൂടുതലൊന്നും പറയാതെ അവള്‍ ഫോണ്‍ കട്ടു ചെയ്തു.
ടോണിക്ക് ഉത്കണ്ഠയായി. എന്തായിരിക്കും രേവതിക്കു പറയാനുള്ളത്? ജാസ്മിന്‍റെ കാര്യം വല്ലതുമായിരിക്കുമോ? ഹോസ്റ്റലിലെ അവളുടെ വല്ല പെരുമാറ്റ ദൂഷ്യവും ? ആ രാത്രി അയാള്‍ക്കുറക്കം വന്നതേയില്ല .

പിറ്റേന്നു നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്തു വന്നു ടോണി കാത്തുനിന്നു. കൃത്യം പന്ത്രണ്ടുമണിക്ക് ഒരു ഹ്യൂണ്ടായ് കാറില്‍ രേവതി അവിടെ വന്നിറങ്ങി. മോഡേണ്‍ വേഷം ധരിച്ചു ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ മേയ്ക്കപ്പിട്ട് സുസ്മേരവദയായിരുന്നു അവളുടെ വരവ്. ടോണിയെ കണ്ടതും അവള്‍ വശ്യമായി ചിരിച്ചു. ഷേക് ഹാൻഡ് കൊടുത്തിട്ടു ചോദിച്ചു .
“ഒരുപാടു നേരമായോ വന്നിട്ട്?”
“ഇല്ല .. ഇപ്പ വന്നതേയുള്ളൂ.”
“നമുക്ക് എവിടെയെങ്കിലും പോയി സ്വസ്ഥമായി ഇരുന്നു സംസാരിക്കാം. ടോണി കാറില്‍ കേറ്.”
അവള്‍ വാതില്‍ തുറന്നു പിടിച്ചു. ടോണി മുൻ സീറ്റിൽ കയറി. ഡ്രൈവര്‍ സീറ്റില്‍ രേവതിയും കയറി ഇരുന്നു.
“നമുക്കു ഹോട്ടല്‍ മൈമൂണിലേക്കു പോകാം. ലഞ്ച് എന്‍റെ വകയായിക്കോട്ടോ. എന്താ?”
“ആയിക്കോട്ടെ.”
കാര്‍ മുമ്പോട്ടു നീങ്ങിയപ്പോള്‍ രേവതി ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു. ടോണിയും ഓരോ കാര്യങ്ങള്‍ ചോദിച്ചു.
ഹോട്ടല്‍ മൈമൂണിലെ ഫാമിലി റൂമില്‍ രണ്ടുപേരും അടുത്തടുത്ത് ഇരിക്കുമ്പോൾ ടോണിക്കു തെല്ലു ഭയം തോന്നി. പരിചയക്കാരാരെങ്കിലും കണ്ടാല്‍? ജാസ്മിന്‍റെ ചെവിയില്‍ ഇതെങ്ങാനും എത്തിയാൽ ?
“ടോണിക്കെന്താ വേണ്ടത്?”
മെനു നോക്കിയിട്ട് രേവതി ചോദിച്ചു.
“എന്തായാലും വിരോധമില്ല.”
“ചിക്കന്‍ ബിരിയാണിയായാലോ?”
“ഓക്കെ.”
ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് രേവതി ടോണിയുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു കുറേനേരം. ടോണി വല്ലാതായി. എന്തേ ഈ നോട്ടത്തിന്‍റെ അര്‍ത്ഥം? അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ രേവതിയുടെ ചോദ്യം:
“ടോണി ഇപ്പം എന്താ വിചാരിക്കുന്നതെന്നു ഞാൻ പറയട്ടെ?”
” ഉം ”
”എന്തിനാ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് എന്നല്ലേ?”
“സത്യം .”
“ഹോസ്റ്റലില്‍ വച്ചു എന്നെ പരിചയപ്പെട്ടപ്പം ടോണിക്ക് എന്നെക്കുറിച്ച് എന്താ തോന്നിയത്?”
“നല്ല കുട്ടിയാണെന്നു തോന്നി.”
“ജാസ്മിന്‍ എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?”
“നല്ല അഭിപ്രായമാ പറഞ്ഞത്. സ്വന്തം അനിയത്തിയേപ്പോലെയാ നിങ്ങള്‍ രണ്ടുപേരും അവളെ കാണുന്നതെന്നു പറഞ്ഞു.”
“ഞാനൊരു വായാടിയാണെന്നു പറഞ്ഞില്ലേ?”
“ഇല്ല. മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. ങ്ഹ… കാണണമെന്നു പറഞ്ഞത്?…”
“അതാ പറഞ്ഞു വരുന്നത്. ടോണിക്കെന്‍റെ ഫാമിലി ഡീറ്റെയില്‍സ് അറിയാമോ?”
“എറണാകുളത്താ വീടെന്നും വലിയ കാശുകാരിയാന്നും അറിയാം. മറ്റൊന്നും അറിയില്ല.”
“പണമുണ്ടെന്നതു നേരാ. പക്ഷേ, ജീവിതത്തില്‍ സന്തോഷമോ സമാധാനമോ കിട്ടാത്ത ഒരു പെണ്ണാ ടോണി ഞാന്‍. സ്നേഹമെന്താണെന്നു ഞാനിതുവരെ അറിഞ്ഞിട്ടില്ല.” രേവതിയുടെ മിഴികള്‍ നിറയുകയും ശബ്ദം പതറുകയും ചെയ്തു. “ഓര്‍മ്മവച്ചനാളിലേ എന്റെ അച്ഛന്‍ എന്നെ ഉപേക്ഷിച്ചു പോയി വേറെ കല്യാണം കഴിച്ചു. അമ്മയ്ക്കെന്നെ സ്നേഹിക്കാന്‍ ഒട്ടും നേരമില്ലായിരുന്നു. റസിഡന്‍ഷ്യല്‍ സ്കൂളില്‍ വളര്‍ന്ന എനിക്ക് ആരില്‍ നിന്നും സ്നേഹം കിട്ടിയില്ല. കോളജില്‍ചേര്‍ന്നു കഴിഞ്ഞപ്പഴാ വിലക്കുകളും വിലങ്ങുകളുമില്ലാത്ത സ്വതന്ത്ര ലോകം എന്‍റെ മുമ്പില്‍ തുറന്നു കിട്ടിയത്. പക്ഷേ അപ്പോഴും എന്നെ സ്നേഹിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു . ഒരുപാടു രാത്രികളില്‍ ഞാനുണര്‍ന്നിരുന്നു കരഞ്ഞിട്ടുണ്ട്.” കണ്ണുകൾ തുടച്ചിട്ട് ഏങ്ങലടിച്ചുകൊണ്ട് അവള്‍ തുടര്‍ന്നു: “ഞാനീ തമാശപറയുന്നതും ചിരിക്കുന്നതുമൊക്കെ ഒരുപാടു വേദനകള്‍ ഉള്ളിലൊതുക്കിക്കൊണ്ടാണ് ടോണീ.”
അവളുടെ മിഴികള്‍ പൊട്ടി ഒഴുകുന്നതു കണ്ടപ്പോള്‍ ടോണിക്കു സഹതാപം തോന്നി. പാവം പെണ്ണ്.
“കണ്ണീരു തുടച്ചു കളയ്. ആരെങ്കിലും കാണും.” പരിസരത്തു ആരെങ്കിലും ഉണ്ടോന്ന് ടോണി ആശങ്കയോടെ നാലുചുറ്റും നോക്കി.
തിടുക്കത്തില്‍ ടൗവ്വലെടുത്തു കണ്ണുകള്‍ തുടച്ചിട്ട് അവള്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി, തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോന്ന് .
“സോറി. എന്‍റെ വിഷമംകൊണ്ടു പറഞ്ഞുപോയതാ. ടോണിയെ ഞാൻ ബോറടിപ്പിച്ചോ?” -വിളറിയ മന്ദഹാസത്തോടെ അവള്‍ ചോദിച്ചു.
“ഹേയ്…”
“ഞാനെന്തിനാ ഇതൊക്കെ ടോണിയോടു പറയുന്നതെന്ന് അദ്ഭുതപ്പെടുന്നുണ്ടാവും അല്ലേ?” ടോണിയുടെ കണ്ണുകളിലേക്കു നോക്കി അനുരാഗപാരവശ്യത്തോടെ അവള്‍ തുടര്‍ന്നു: “അച്ഛന്‍റെയും അമ്മയുടെയും സ്നേഹമറിയാതെ വളര്‍ന്ന എനിക്ക് ജീവിതത്തോടു തന്നെ വിരക്തിയായിരുന്നു .ഒരിടയ്ക്ക് എല്ലാവരോടും ദേഷ്യായിരുന്നു. പക്ഷേ ടോണിയെ പരിചയപ്പെട്ടതിനുശേഷം നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയതുപോലെ എനിക്കൊരു തോന്നല്‍. ഒരുപക്ഷേ ഈശ്വരനായിരിക്കാം ടോണിയെ എനിക്കു കാണിച്ചു തന്നത്.”
ടോണി ആശങ്കയോടെ അവളെ നോക്കി. ഇവൾ എന്താണ് പറഞ്ഞു വരുന്നത് ? എന്തിനുള്ള പുറപ്പാടാണ് ഈ പെണ്ണ്? പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങളാണോ? എങ്കില്‍ അത് അപകടമാണ്. മുളയിലെ നുള്ളിക്കളയണം.
“രേവതി വല്ലാതെ ഇമോഷണല്‍ ആണല്ലോ?”
“സോറി.”
കണ്ണുകള്‍ തുടച്ചിട്ട് അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
“മനസിലെ പ്രയാസംകൊണ്ട് എന്തൊക്കെയോ പറഞ്ഞുപോയി. ഇഷ്ടമുള്ളവരോടല്ലേ ഹൃദയം തുറന്നു സംസാരിക്കാൻ പറ്റൂ.”
അപ്പോഴേക്കും വെയിറ്റര്‍ ഫുഡുമായി എത്തി. ഭക്ഷണം കഴിക്കുന്നതിനിടയിലും അവള്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അവളുടെ സ്നേഹവും ബഹുമാനവും കണ്ടപ്പോള്‍ ടോണിക്കു സന്തോഷം തോന്നി. ഒറ്റനോട്ടത്തിലേ ഇഷ്ടപ്പെടാന്‍ മാത്രം തനിക്ക് ആകര്‍ഷണീയത ഉണ്ടെന്ന് അവൾ പറഞ്ഞത് കേട്ടപ്പോൾ ഉള്ളില്‍ അഭിമാനവും ആവേശവും തോന്നി.
ഭക്ഷണം കഴിഞ്ഞു കൈകഴുകുമ്പോള്‍ രേവതി പറഞ്ഞു:
“ഇടയ്ക്കിടെ ഞാന്‍ ഫോണിൽ വിളിക്കും. മനസിനു പ്രയാസം തോന്നുമ്പം ഇത്തിരിനേരം സംസാരിക്കാന്‍. ടോണിയോട് സംസാരിക്കുമ്പോൾ മനസിന് ഒരു സന്തോഷം കിട്ടും . ടോണിക്കതു ബുദ്ധിമുട്ടാകില്ലല്ലോ?”
“ഒരു ഫ്രണ്ട്ഷിപ്പാണുദ്ദേശിക്കുന്നതെങ്കില്‍ ഓക്കെ.”
“ഫ്രണ്ട്ഷിപ്പ് മതിയെങ്കില്‍ അങ്ങനെ. ഇഷ്ടമുള്ളവരോടു കുറച്ചുനേരം സംസാരിച്ചിരിക്കുന്നത് ഏതൊരു പെണ്ണിനും സന്തോഷമുള്ള കാര്യല്ലേ? ഫ്രണ്ട്ഷിപ്പായാലും ലവ് ആയാലും .”
ബില്ലു പേ ചെയ്തിട്ടു രേവതി പുറത്തേക്കിറങ്ങി. ഒപ്പം ടോണിയും. രണ്ടുപേരും ചെന്നു കാറില്‍ കയറി. കാര്‍ ഓടിക്കൊണ്ടിരുന്നപ്പോഴും രേവതി അവനോട് വായ് തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
ടോണിയെ ബസ്സ്റ്റോപ്പില്‍ ഡ്രോപ്ചെയ്തിട്ട് രേവതി കൈവീശി റ്റാറ്റാ പറഞ്ഞു . ടോണിയും കൈവീശി . കാര്‍ അകന്നു പോകുന്നതു നോക്കി ടോണി കുറേനേരം നിന്നു.
എന്തിനുള്ള പുറപ്പാടാണ് ഈ പെണ്ണ്?
ഹോസ്റ്റല്‍ മുറിയില്‍ വന്നിരുന്നിട്ട് ടോണി ആലോചിച്ചു. ഇതൊരു പരീക്ഷണമാണോ? തന്‍റെ മനസ്സിളകുമോ എന്നറിയാന്‍ ജാസ്മിന്‍ പറഞ്ഞുവിട്ടതാണോ അവളെ? ഏയ് ,അങ്ങനെ ആയിരിക്കില്ല. രേവതിക്ക് തന്നോട് ഒരു പ്രണയം തോന്നിക്കാണും . അത്ര തന്നെ !

പിറ്റേന്ന് രേവതി ടോണിയെ ഫോണിൽ വിളിച്ചു . കുറേനേരം അവള്‍ സംസാരിച്ചു. ടോണി അങ്ങോട്ടൊന്നും ചോദിച്ചില്ല. ഫോണ്‍ കട്ടു ചെയ്തപ്പോള്‍ അയാള്‍ ആലോചിച്ചു:
ഈ സൗഹൃദം അപകടത്തിലേക്കു നീങ്ങുമോ? ഏയ് ഇല്ല. ഇത് ഒരു ഫ്രണ്ട്ഷിപ് മാത്രമല്ലേ. അതിലെന്താണ് തെറ്റ് ? കിടക്കട്ടെ ഒരു പെണ്ണ് സഹൃദവലയത്തിൽ. വല്ലപ്പോഴും ആ കിളിശബ്ദം ഒന്ന് കേൾക്കാല്ലോ . ജാസ്മിന്‍ ഒന്നും അറിയണ്ട.

പിന്നീട് എല്ലാ ദിവസവും രേവതി ടോണിക്കു ഫോണ്‍ ചെയ്തുകൊണ്ടിരുന്നു.
എന്തൊക്കെയാണവള്‍ക്കറിയേണ്ടത്. നന്നായി പഠിക്കുന്നുണ്ടോ? കൂട്ടുകാരൊക്കെ എങ്ങനെ? എന്താണിന്നു കഴിച്ചത്? എന്നാണ് വീട്ടില്‍ പോകുന്നത്? അമ്മയോട് എന്റെ അന്വേഷണം പറയുമോ? അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍. ജാസ്മിനുപോലും ഇത്രയും സ്നേഹവും ആരാധനയും തന്നോട് ഇല്ലെന്നു ടോണിക്കു തോന്നിപ്പോയി.
അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ ടോണി ജാസ്മിനോടു രേവതിയെക്കുറിച്ചു തിരക്കി.
“നല്ല സ്വഭാവക്കാരിയാ. എന്തേ ചോദിച്ചേ?” – ജാസ്മിന്‍ ആകാംക്ഷയോടെ ടോണിയെ നോക്കി.
“എന്‍റെ ഫ്രണ്ടിന് അവളെ കല്യാണം ആലോചിക്കാനാ. എങ്ങനാ ഞാന്‍ നല്ല അഭിപ്രായം പറഞ്ഞേക്കട്ടെ ?”
” ഇത്തിരി നാക്കു കൂടുതലാന്നേയുള്ളൂ. പിന്നെ അല്പം മോഡേണുമാ. വേറെ കുഴപ്പമൊന്നുമില്ല. “
“ഇക്കാര്യം അവളോട് പറയണ്ടാട്ടോ.”
” ഒരിക്കലുമില്ല . പിന്നെ . രേവതിക്ക് എപ്പഴും ടോണീടെ കാര്യം പറയാനെ നേരമുള്ളൂ . അത് കേൾക്കുമ്പം എനിക്ക് ദേഷ്യം വരും . നമ്മളു തമ്മിലുള്ള അടുപ്പമൊന്നും ഞാനവളോടു പറഞ്ഞിട്ടില്ല.”
“പറയണ്ട. പറഞ്ഞാൽ അത് കൊളമാകും. പപ്പേടെ ചെവീലെങ്ങാനും എത്തിയാൽ പ്രശ്നമാകും.”
“എനിക്കതറിയാം. അതുകൊണ്ടാ ആരോടും പറയാത്തത്. കല്യാണത്തിന്‍റെ സമയമാകുമ്പം ഒരു സര്‍പ്രയിസായി നമുക്ക് പപ്പയോട് പറഞ്ഞാൽ മതി.”
“അതെ അതെ .” ടോണി തലകുലുക്കി.


രേവതിയും ടോണിയും തമ്മില്‍ പിന്നീട് പലതവണ കണ്ടുമുട്ടി. ആ സൗഹൃദം വളര്‍ന്നു.

ഒരു ദിവസം വൈകുന്നേരം കോളജില്‍നിന്നു ജാസ്മിന്‍ ഹോസ്റ്റലിൽ വന്നപ്പോള്‍, മുറിക്കകത്തുനിന്ന് രേവതിയും ചിഞ്ചുവും ടോണിയെക്കുറിച്ചു സംസാരിക്കുന്നതു കേട്ടു. പുറത്തുനിന്ന് അവള്‍ ചെവിയോര്‍ത്തു. രേവതി പറയുകയാണ്:
“വെറുതെ ഒരു ഫ്രണ്ട്ഷിപ്പിനു തുടങ്ങിയതാ. ഇപ്പം അതു ഒരു ലവ് ആയി മാറി. ”
”നീ ഭാഗ്യവതിയാ . ഒന്നാം തരം ഒരു ഡോക്ടറെയല്ലേ അടിച്ചെടുത്തത് ” ചിഞ്ചു അസൂയയോടെ പറഞ്ഞു .
ജാസ്മിന്‍ ഞെട്ടിപ്പോയി . ഉത്കണ്ഠയോടെയാണവള്‍ അകത്തേക്കു കയറിച്ചെന്നത്.
“നിങ്ങളേതു ടോണീടെ കാര്യമാ പറഞ്ഞത്?” ബാഗു മേശപ്പുറത്തേക്കു വയ്ക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“താനതു കേട്ടോ?” ചിഞ്ചു ചിരിച്ചുകൊണ്ടു തുടര്‍ന്നു:
“ഇവള്‍ക്ക് തന്‍റെ അയല്‍ക്കാരനുമായി ചെറിയൊരു പ്രേമം . അതിപ്പം മുറുകിയിരിക്ക്വാ. വൈകാതെ നമുക്കൊരു കല്യാണം കൂടാം.”
ഭൂമി പിളര്‍ന്നു താഴേക്കു പോകുന്നതുപോലെ തോന്നി ജാസ്മിന്.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here