വളരെ എളുപ്പത്തിൽ ക്യാച്ചുകൾ വിട്ടുകളയുന്ന താരമാണ് ശ്രീശാന്ത് എന്ന ഉത്തപ്പയുടെ പരിഹാസത്തിനു ചുട്ട മറുപടിയുമായി ശ്രീശാന്ത്. ഹലോ ആപ്പ് ഇൽ സംസാരിക്കവെ ആണ് ശ്രീയുടെ മറുപടി.2007ല്‍ ഇന്ത്യ ചാംപ്യന്മാരായ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചത് ശ്രീശാന്തിന്റെ ക്യാച്ചായിരുന്നു. എന്നാല്‍ ഈ ക്യാച്ച് ശ്രീ നഷ്ടപ്പെടുത്തുമോയെന്ന് അന്നു താന്‍ ഭയപ്പെട്ടിരുന്നതായും ദൈവം നേരത്തേ തീരുമാനിച്ചതു കൊണ്ടാണ് ലോകകപ്പ് ഇന്ത്യക്കു ലഭിച്ചതെന്നുമായിരുന്നു ഉത്തപ്പ ബിബിസിയുടെ ദൂസരയെന്ന പരിപായില്‍ പറഞ്ഞത്.
മിസ്ബാഹ് സ്‌കൂപ്പ് ഷോട്ടായിരുന്നു കളിച്ചത്. അത് മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി. അപ്പോഴാണ് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ആരാണ് ഫീല്‍ഡറെന്നു ശ്രദ്ധിച്ചത്. അവിടെയുണ്ടായിരുന്നത് ശ്രീശാന്തായിരുന്നു. അതുവരെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതിന്റെ പേരിലായിരുന്നു ശ്രീശാന്ത് അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ചും വളരെ സിംപിളായ ക്യാച്ച് പോലും അവന്‍ പാഴാക്കും. സിംപിള്‍ ക്യാച്ചുകള്‍ പോലും ശ്രീശാന്ത് കൈവിടുന്നത് താന്‍ കണ്ടിട്ടുള്ളതായും ഉത്തപ്പ പറഞ്ഞിരുന്നു.
എട്ടു വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ നാലോ, അഞ്ചോ ക്യാച്ചുകള്‍ മാത്രമേ താന്‍ നഷ്ടപ്പെടുത്തിയിട്ടുള്ളൂവെന്ന് ശ്രീശാന്ത് വ്യക്തമാക്കി. പ്രൊഫഷണല്‍ കരിയറില്‍ ഒരുപക്ഷെ 10-15 ക്യാച്ചുകള്‍ മാത്രമേ താന്‍ പാഴാക്കിയിട്ടുള്ളൂ. പരിശീലനത്തിനിടെ ജോണ്ടി റോഡ്‌സ് പോലും ക്യാച്ചുകള്‍ പാഴാക്കാറുണ്ടെന്നും 37 കാരനായ ശ്രീശാന്ത് പറഞ്ഞു.
കരിയറില്‍ ഇതുവരെ ഉത്തപ്പ എത്ര ക്യാച്ചുകളെടുത്തെന്ന് തനിക്കറിയില്ല. കഴിഞ്ഞ സീസണില്‍ കേരളത്തിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. വളരെ അനായാസ ക്യാച്ചുകള്‍ പോലും ഉത്തപ്പ നഷ്ടപ്പെുത്തിയതായി അന്നു പരാതികളുണ്ടായിരുന്നു.അധികം വൈകാതെ തന്നെ കേരള ടീമിനൊപ്പം താന്‍ ചേരുകയും ഉത്തപ്പയോടൊപ്പം കളിക്കുകയും ചെയ്യും. തന്റെ ബൗളിങില്‍ ക്യാച്ച് നഷ്ടപ്പെടുത്തരുതെന്നാണ് ഇപ്പോള്‍ ഉത്തപ്പയോടു പറയാനുള്ളത്. കഴിഞ്ഞ സീസണില്‍ ഒരുമിച്ച കളിച്ച ജൂനിയര്‍ താരങ്ങള്‍ ക്യാച്ച് കൈവിട്ടതിന്റെ പേരില്‍ ഒന്നും നിങ്ങളോട് പറഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍ അടുത്ത സീസണില്‍ തന്റെ ബൗളിങിലാണ് ക്യാച്ച് നഷ്ടമാക്കുന്നതെങ്കില്‍ താന്‍ എന്തു ചെയ്യുമെന്ന് നിനക്കറിയാമെന്നും ശ്രീശാന്ത് പറഞ്ഞു.
ഈ സെപ്റ്റംബറിൽ കളിക്കളത്തിലേക്കു തിരിച്ചു വരുന്ന ശ്രീശാന്ത് അതിനുള്ള കഠിന പ്രയത്നത്തിലാണ്. ഒരു അങ്കത്തിനുള്ള ബാല്യം ഇനിയും തന്നിൽ അവശേഷിക്കുന്നുണ്ട് എന്ന് തന്നെയാണ് ശ്രീശാന്തും അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.