കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി. ഇടയ്ക്കിടെ അവർ കൂടിക്കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു. ക്രമേണ രേവതിക്ക് ടോണിയോട് പ്രണയം തോന്നി. യാദൃച്ഛികമായി അതറിഞ്ഞ ജാസ്മിൻ അകെ തളർന്നു. രേവതി സ്വഭാവദൂഷ്യം ഉള്ള പെണ്ണാണെന്നു ജാസ്മിൻ ടോണിയെ ധരിപ്പിച്ചു. അതുകേട്ടപ്പോൾ ടോണി രേവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ തീരുമാനിച്ചു. താൻ ജാസ്മിനുമായി പ്രണയത്തിലാണെന്നും അവൾക്ക് ഇഷ്ടമില്ലാത്തതിനാൽ രേവതിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്നും ടോണി രേവതിയെ ധരിപ്പിച്ചു. കലിപൂണ്ട രേവതി ജാസ്മിൻ ചീത്തപെണ്ണാണെന്നു ടോണിയെ ധരിപ്പിച്ചു. അതിനു തെളിവായി സതീഷിനോടൊപ്പം അവൾ കിടക്കയിൽ കിടക്കുന്ന ദൃശ്യം രഹസ്യമായി പകർത്തിയത് ടോണിയെ കാണിച്ചുകൊടുത്തു. ടോണി അതുകണ്ട് അന്തം വിട്ടു. ടോണിയുടെ ആഗ്രഹപ്രകാരം രേവതി ടോണിയെ ക്കൊണ്ടുപോയി സതീഷിനെ പരിചയപ്പെടുത്തി. ടോണിക്ക് ജാസ്മിനോട് അടങ്ങാത്ത പക തോന്നി. എങ്കിലും അയാൾ അവളോട് സ്നേഹം അഭിനയിച്ചു . ഒരുനാൾ ടോണി ജാസ്മിനെയുംകൊണ്ട് എറണാകുളത്തു കറങ്ങി . അവിടെ സതീഷിനെ ജാസ്മിനു കാണിച്ചുകൊടുക്കാനായി അയാളുടെ ഓഫിസിലേക്ക് ചെന്നു. (തുടര്‍ന്നു വായിക്കുക)
വിസിറ്റേഴ്സ് റൂമിൽ ഇരിക്കുമ്പോൾ ജാസ്മിന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ടോണി കാണാന്‍ വന്നിരിക്കുന്നത് സതീഷിനെയാണെന്ന സത്യം. തന്റെ ഒരു സുഹൃത്ത് എന്നതിനപ്പുറം ടോണി ഒരു വിശദീകരണവും നല്‍കിയിരുന്നില്ല.
ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് വിസിറ്റേഴ്സ് റൂമിന്‍റെ വാതില്‍ തുറക്കപ്പെട്ടു.
മുമ്പില്‍ പ്രത്യക്ഷപ്പെട്ട ആളെ കണ്ടതും ജാസ്മിന്‍ ഒന്ന് ഞെട്ടി . ജാസ്മിനെ കണ്ടപ്പോള്‍ സതീഷും വല്ലാതായി. എങ്കിലും ടോണിക്ക് സംശയമുണ്ടാകാതിരിക്കാൻ ഇരുവരും പരിചയഭാവം കാണിച്ചില്ല . രണ്ടുപേരുടെയും മുഖത്ത് പെട്ടെന്നുണ്ടായ ഭാവമാറ്റം ടോണി ശ്രദ്ധിച്ചെങ്കിലും അറിയാത്തമട്ടിൽ നിന്നതേയുള്ളൂ .
ജാസ്മിനെ മൈൻഡ് ചെയ്യാതെ ‘ഹലോ ടോണി’ എന്നു വിളിച്ചുകൊണ്ടു സതീഷ് വന്നു ടോണിയ്ക്കു ഹസ്തദാനം ചെയ്തു.
ഷേക്ക് ഹാന്‍ഡു കൊടുത്തിട്ട് ടോണി ജാസ്മിനെ വിളിച്ചു പരിചയപ്പെടുത്തി.
“ഇത് ജാസ്മിന്‍. എന്‍റെ ഒരു ഫ്രണ്ടാ. .”
“ഹലോ…”
ഒരു പരിചയവും ഭാവിയ്ക്കാതെ സതീഷ് ഷേക്ക് ഹാന്‍ഡു നല്‍കാന്‍ കൈ നീട്ടിയപ്പോള്‍ ജാസ്മിന്‍ കൈകൂപ്പി അഭിവാദ്യം ചെയ്തു.
തീക്കനലില്‍ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അവൾ അപ്പോൾ .
“ഇദ്ദേഹം സതീഷ് . എന്‍റെ ഫ്രണ്ടാ.. ” ടോണി സതീഷിനെ ജാസ്മിന് പരിചയപ്പെടുത്തി.
ജാസ്മിൻ ഒന്നും മിണ്ടിയില്ല .
എത്രയും വേഗം ഇവിടെ നിന്നു പോകണം. ഇവിടെ നില്ക്കുന്ന ഓരോ നിമിഷവും താന്‍ ഉരുകിതീരുകയാണെന്നവൾക്കു തോന്നി .
ടോണിയും സതീഷും കുശലം പറഞ്ഞിരിയ്ക്കുമ്പോള്‍ ജാസ്മിന്റെ ഹൃദയം പടപടാ ഇടിക്കുകയായിരുന്നു .
“ജാസ്മിന്‍റെ വീടെവിടെ?”
പെട്ടെന്നുള്ള ആ ചോദ്യം കേട്ടു ജാസ്മിന്‍ ഞെട്ടി മുഖം ഉയര്‍ത്തി.
അമര്‍ഷം ഉള്ളിലൊതുക്കിയിട്ട് അവള്‍ സ്ഥലപ്പേരു പറഞ്ഞു.
“വീട്ടിലാരൊക്കെയുണ്ട്?”
ഒരു പരിചയവുമില്ലാത്ത മട്ടിലുള്ള ആ ചോദ്യം അവള്‍ക്ക് ആശ്വാസം പകര്‍ന്നു.
“പപ്പയും അമ്മയും ചേച്ചിയും”
“പപ്പയ്ക്കെന്താ ജോലി?”
“കൃഷിയാ.”
“ചേച്ചി?”
“പ്രത്യേകിച്ച് ജോലിയൊന്നുമില്ല .”.
കുശലാന്വേഷങ്ങൾക്കു ശേഷം സതീഷിനോടു യാത്ര പറഞ്ഞിട്ടു ടോണി വെളിയിലിറങ്ങി.
അപ്പോഴാണവളുടെ ശ്വാസം നേരെ വീണത്.
ഗോവണിപ്പടികളിറങ്ങുമ്പോള്‍ ടോണി ചോദിച്ചു.
“സതീഷ് ആള് സ്മാർട്ടല്ലേ ?”
“ഉം.” മറുപടി ഒരു മൂളലിലൊതുക്കി.
ജാസ്മിന്‍റെ സര്‍വ്വ സന്തോഷവും നഷ്ടമായിരുന്നു . യാന്ത്രികമായിരുന്നു പിന്നീടെല്ലാം.
പാര്‍ക്കില്‍, ബീച്ചില്‍, റസ്റ്റോറന്‍റില്‍, ഐസ്ക്രീം പാര്‍ലറില്‍…..എല്ലായിടത്തും അവള്‍ ഗ്ലൂമിയായി കാണപ്പെട്ടു.
ഐസ്ക്രീം പാര്‍ലറില്‍ ഇരിയ്ക്കുമ്പോള്‍ ടോണി ചോദിച്ചു.
“സതീഷിനെ കണ്ടിട്ടിറങ്ങിയപ്പം മുതലു ഞാന്‍ ശ്രദ്ധിയ്ക്ക്വാ. താന്‍ വല്ലാതെ മൂഡോഫായല്ലോ?”
“നമ്മളു പോന്ന കാര്യം വീട്ടിലറിയുമോന്നുള്ള പേടിയാ ടോണി.”
അതു കള്ളമാണെന്നു ടോണിയ്ക്കറിയാമായിരുന്നു. എത്ര വിദഗ്ദ്ധമായി ഇവള്‍ അഭിനയിക്കുന്നു ! കൊള്ളാം! മിടുക്കിപ്പെണ്ണ് തന്നെ !
“സതീഷ് ഒരുപാട് പിടിപാടുള്ള ആളാ . പഠിത്തം കഴിഞ്ഞാൽ നിനക്കൊരു ജോലി അയാള് ശരിയാക്കിത്തരും . അതുകൊണ്ടുകൂടിയാ അയാളെ ഒന്നു കാണിയ്ക്കാന്‍ നിന്നെ കൊണ്ടുവന്നത്.”
ടോണി ഒരു നുണ പറഞ്ഞു.
“എനിക്കയാളുടെ ജോലിയൊന്നും വേണ്ട ” സതീഷിനേക്കുറിച്ചു പറയുന്ന ഓരോ വാചകവും സൂചിമുന പോലെ അവളുടെ ഹൃദയത്തില്‍ തറയ്ക്കുകയായിരുന്നു.
“നമുക്കു പോകാം ടോണി. നേരം ഒരുപാടായി.”
“പോകാം.”
ടോണി എണീറ്റു. ബില്‍ പേ ചെയ്തിട്ടു പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ടോണി ചോദിച്ചു.
“എറണാകുളത്തു ഇതിനുമുമ്പ് താന്‍ വന്നിട്ടുണ്ടോ, ?”
“ഇല്ല”
അതു കേട്ടപ്പോള്‍ കരണത്തൊന്നു പൊട്ടിക്കാനാണ് അവനു തോന്നിയത് . രേവതിയുടെ വീട്ടിൽ വന്നു ഒരു രാത്രി അന്തിയുറങ്ങിയിട്ട് ഇവൾ മുഖത്തു നോക്കി പറയുന്നത് കേട്ടില്ലേ ? എറണാകുളത്തു വന്നിട്ടില്ലെന്ന് ! ഇവൾ എന്തുമാത്രം കള്ളം പറഞ്ഞിട്ടുണ്ടാവും തന്നോട് ? .
അവളെ ഹോസ്റ്റലില്‍ തിരിച്ചെത്തിച്ചപ്പോള്‍ അഞ്ചര മണി കഴിഞ്ഞിരുന്നു.
ജാസ്മിനോടു ഗുഡ് ബൈ പറഞ്ഞിട്ട് അപ്പോള്‍ തന്നെ ടോണി ഹോസ്റ്റലിലേക്ക് മടങ്ങി.
റൂമില്‍ വന്നിരുന്നപ്പോഴാണ് ജാസ്മിനു സമാധാനമായത്.
ഭാഗ്യംകൊണ്ട് ടോണി ഒന്നും അറിഞ്ഞില്ല. സതീഷ് പരിചയഭാവം കാണിച്ചിരുന്നെങ്കില്‍ താന്‍ ചുറ്റിപ്പോയേനെ.
ജഗ്ഗിൽ നിന്ന് രണ്ടു ഗ്ലാസ് വെള്ളമെടുത്ത് അവള്‍ ഒറ്റയിരിപ്പിനു കുടിച്ചു.
ഒരിക്കലും കാണരുതെന്നാഗ്രഹിച്ച ആ മുഖം വീണ്ടും കാണാനിടയായല്ലോ !
ടോണിയ്ക്കെങ്ങനെ കിട്ടി ഈ വൃത്തികെട്ടവനെ സുഹൃത്തായിട്ട് ?
വേണ്ടായിരുന്നു ഈ കൂടിക്കാഴ്ച..
ടോണിയോടു എല്ലാം തുറന്നു പറഞ്ഞാലോ?
എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നു ചോദിച്ചാൽ എന്ത് മറുപടി പറയും ?
തന്റെ ശരീരം കളങ്കപ്പെട്ടിട്ടില്ലെന്നു പറഞ്ഞാല്‍ ടോണി വിശ്വസിക്കുമോ ? വിശ്വസിക്കില്ല. താൻ വഞ്ചകിയാണെന്നേ കരുതൂ .
വേണ്ട. ടോണി അതറിയണ്ട. ടോണിയെ നഷ്ടപ്പെടുന്ന കാര്യം തനിക്കു ചിന്തിയ്ക്കാനേ വയ്യ.
ഒരു ശനിയാഴ്ച്ച ദിവസം!
ഹോസ്റ്റലില്‍ നിന്നു ജാസ്മിൻ വീട്ടില്‍ വന്നപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.
മേരിക്കുട്ടി അടുക്കളയില്‍ വട്ടയപ്പം ഉണ്ടാക്കുന്ന തിരക്കിലാണ് . തോമസ് ഓടി നടന്ന് മച്ചിലെ മാറാലയും മറ്റും തൂത്തു വീട് വൃത്തിയാക്കുന്നു .
ബാഗ് മുറിയിലെ മേശപ്പുറത്തു കൊണ്ടുപോയി വച്ചിട്ട് ജാസ്മിന്‍ അടുക്കളയിലേയ്ക്കു ചെന്നു.
“എന്താ അമ്മേ ഇവിടെയൊരു പലഹാരത്തിന്‍റെ മണം…?”
“പപ്പയൊന്നും പറഞ്ഞില്ലേ നിന്നോട്?”
“ഇല്ല…”
“അലീനയ്ക്ക് ഒരു ആലോചന വന്നിട്ടുണ്ട്. ചെറുക്കന്‍ വന്നു കണ്ട് ഇഷ്ടപ്പെട്ടു പോയതാ. നമ്മളങ്ങോട്ടും പോയി. അന്വേഷിച്ചപ്പം കൊള്ളാവുന്ന കുടുംബക്കാരാ. പയ്യൻ കാഴ്ചയ്ക്കും മിടുക്കനാ . ഇന്നുച്ചകഴിഞ്ഞു ചെറുക്കന്‍റെ വീട്ടുകാരു വരും. അവര്‍ക്കിഷ്ടപ്പെട്ടാല്‍ ഒറപ്പിയ്ക്കാനിരിക്ക്വാ.”
“ചേച്ചിയ്ക്കിഷ്ടപ്പെട്ടോ?”
“ഞങ്ങളേക്കാള്‍ കൂടുതലിഷ്ടപ്പെട്ടത് അവൾക്കാ .”
”ഉവ്വോ. എന്നിട്ടു എന്നോട് ഇതൊന്നു പറഞ്ഞില്ലല്ലോ ”
”നീ ഇന്ന് വരുമെന്നറിയായിരുന്നല്ലോ ”
ജാസ്മിന് അടക്കനാവാത്ത സന്തോഷം .
”ചേച്ചി എവിടെ അമ്മേ? ”
” പിറകുവശത്തതു തുണി ഉണങ്ങാൻ ഇടുന്നു ”
അവള്‍ പിന്നാമ്പുറത്തേക്കുള്ള വാതിൽ തുറന്നു .
ഒരു മൂളിപ്പാട്ടും പാടി, അലക്കി വെളുപ്പിച്ച തുണികള്‍ പിന്നാമ്പുറത്തെ അയയില്‍ വിരിച്ചിടുകയായിരുന്നു അലീന.
ജാസ്മിന്‍ ഓടി അടുത്തു ചെന്നു.
“ഇന്നു വല്യ സന്തോഷത്തിലാണല്ലോ ചേച്ചി. പതിവില്ലാതെ ഒരു മൂളിപ്പാട്ടൊക്കെ?”
“നീ എപ്പ വന്നു കൊച്ചേ ?”
“ഇപ്പ വന്നു കേറീതേയുള്ളൂ.”
അവൾ ചേച്ചിയെ നോക്കി ചിരിച്ചുകൊണ്ടു തുടര്‍ന്നു. ” ഞാനറിഞ്ഞു വിശേഷം! ആളെങ്ങനെയുണ്ട് ചേച്ചി ?”
“ആ .., ഞാന്‍ നോക്കിയില്ല.”
അലീനയ്ക്കു നാണമായിരുന്നു .
“ഓ.., നോക്കിയില്ല . ഞാനിവിടെയുണ്ടായിരുന്നെങ്കില്‍ ശരിക്കും ഒന്ന് നോക്കിയേനെ. ആട്ടെ, ചേച്ചിക്കിഷ്ടപ്പെട്ടോ?”
”ഉം ”
” ആളെ എനിക്കൊന്നു കാണാൻ പറ്റിയില്ലല്ലോ ”
“എന്റെ മൊബൈലിൽ ഉണ്ട് ഫോട്ടോ .”
“ഉവ്വോ! എന്നിട്ടു അമ്മ അതു പറഞ്ഞില്ലല്ലോ?”
അടുത്ത നിമിഷം അവള്‍ അകത്തേയ്ക്കോടി. മേശപ്പുറത്തുനിന്നു അലീനയുടെ മൊബൈൽ എടുത്തു . നോക്കി. വാട്സ് ആപ്പിൽ സുമുഖനായ ഒരു യുവാവിന്റെ ഫോട്ടോ കണ്ടതും , മൊബൈലുമായി അവൾ നേരെ അലീനയുടെ അടുത്തേക്ക് പാഞ്ഞു
” ഇതാണോ ചേച്ചി ?”
മൊബൈൽ അലീനയുടെ മുഖത്തിന് നേരെ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു
”ഉം ” ഫോട്ടോയിൽ നോക്കിയിട്ടു അവൾ മൂളി.
” കൊള്ളാം! ഇതിനു മുമ്പ് വന്ന കോന്തന്മാരേപ്പോലെയല്ല. ആള് സുന്ദരനാ. ആവശ്യത്തിനു വണ്ണവും പൊക്കവും ഉണ്ട് . എനിക്കൊരുപാട് ഇഷ്ടായി ട്ടോ ”
” എല്ലാർക്കും ഇഷ്ടപ്പെട്ടു ”.
” ഞാൻ പറഞ്ഞില്ലായിരുന്നോ ചേച്ചിക്ക് നല്ലൊരു ഭർത്താവിനെ കിട്ടുമെന്ന് . ഇപ്പം എന്റെ നാവു പൊന്നായില്ലേ ”
” അതിനു കല്യാണം നടന്നില്ലല്ലോ ”
” ഇത് നടക്കും ചേച്ചി. എന്റെ മനസു പറയുന്നു ഇത് നടക്കുമെന്ന്. ഞാൻ വേളാങ്കണ്ണി മാതാവിന് ഒരു നേർച്ച നേർന്നിട്ടുണ്ട് ”
ഫോട്ടോ സൂം ചെയ്തു സൂക്ഷിച്ചു നോക്കിയിട്ട് അവൾ തുടർന്നു.
“അടിപൊളിയാ ചേച്ചി. സ്വഭാവമെങ്ങനാന്നന്വേഷിച്ചോ? കുടിയോ, വലിയോ വല്ലതും ഉണ്ടോ ?”
“പപ്പ അന്വേഷിച്ചു. നല്ല സ്വഭാവമാന്നാ എല്ലാരും പറഞ്ഞെ “
പേരെന്നാ ചേച്ചീ?”
“ജോസ് “
“അലീന ജോസ് . നന്നായി ചേരൂട്ടോ.”
ജാസ്മിന്‍ ചേച്ചിയുടെ കവിളിലൊരു നുള്ളു കൊടുത്തു.
”നീ ചെന്ന് വല്ലതും കഴിക്കാൻ നോക്ക് കൊച്ചേ . വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ ”
” കഴിക്കലൊക്കെ പിന്നെയാകാം . വിശേഷങ്ങൾ അറിയട്ടെ. ജോലി ഒണ്ടോ കക്ഷിക്ക് ?”
“സഹകരണ ബാങ്കില്‍ ക്ലർക്കാ ”
”ആഹാ , കോളടിച്ചല്ലോ . സ്വത്ത് എന്തോരമുണ്ട് ?”
”ജോസിന്റെ വീതത്തിൽ നാലേക്കർ സ്ഥലമുണ്ടെന്നാ അവര് പറഞ്ഞത് ”
“ഇതിൽ കൂടുതൽ എന്നാ വേണം. കണ്ടോ ഒടെതമ്പുരാൻ ഒരു രാജകുമാരനെ കൊണ്ടു തന്നത് ”
അതിനു പ്രതികരണമായി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് അലീന ബക്കറ്റുമെടുത്തു കിണറിനരികിലേക്കു പോയി .
ജാസ്മിൻ തിരികെ അടുക്കളയിലേക്കു കയറി അമ്മയുടെ അടുത്ത് ചുറ്റിപ്പറ്റി നിന്ന് വിശേഷങ്ങൾ പങ്കുവച്ചു .
”നീ ഇതിനു പബ്ലിസിറ്റി ഒന്നും കൊടുക്കണ്ടാ ട്ടോ . ചുറ്റും ശത്രുക്കളാ . അതുകൊണ്ടാ സ്വന്തക്കാരെ പോലും വിളിക്കാതിരുന്നത് .”
”അതുമതി അമ്മേ . ആരെയും അറിയിക്കണ്ട. അസൂയക്കാരാ ചുറ്റും”
മൂന്നു മണിയായപ്പോള്‍ മുറ്റത്ത് ഒരു സ്വിഫ്റ്റ് കാറും ഒരു ഹ്യുണ്ടായി കാറും വന്നു നിന്നു.
രണ്ടു കാറിൽ നിന്നുമായി പത്തു പേർ വെളിയിലേക്കിറങ്ങി.
അഞ്ചു സ്ത്രീകളും നാല് പുരുഷന്മാരും, പിന്നെ ബ്രോക്കര്‍ പൈലിയും.
തോമസ് ഇറങ്ങിച്ചെന്ന് അവരെ ഹാർദ്ദവമായി അകത്തേയ്ക്കു ക്ഷണിച്ചു.
സ്വീകരണമുറിയിൽ വന്നിരുന്നു അവർ വിശേഷങ്ങള്‍ പറഞ്ഞു .
ജാസ്മിന്‍ അലീനയെ അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു.
മുഖത്ത് പ്രൗഡറിട്ട്, ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ടു പരമാവധി സുന്ദരിയാക്കാന്‍ അവള്‍ ശ്രമിച്ചു.
തെല്ലു കഴിഞ്ഞപ്പോള്‍ സ്വീകരണമുറിയിലിരുന്ന സ്ത്രീകള്‍ അകത്തേ മുറിയിലേക്ക് കയറിവന്നു. മേരിക്കുട്ടിയോടവര്‍ കുശലം പറഞ്ഞു .
ജാസ്മിനെ കണ്ടതും ജോസിന്റെ അമ്മ ഹൃദ്യമായി ചിരിച്ചു.
”അനിയത്തിയാ അല്ലെ ”
”ഉം ”
അവളോടു കുറെ നേരം സംസാരിച്ചു . ഹോസ്റ്റലിലെ വിശേഷങ്ങളും പഠനകാര്യങ്ങളുമൊക്കെ ചോദിച്ചു .
എല്ലാവരും സ്നേഹമുള്ളവരാണെന്നു ജാസ്മിനു തോന്നി.
മേരിക്കുട്ടി കപ്പില്‍ ചായ പകരുകയായിരുന്നു ആ സമയം .
”എന്നാ കുട്ടിയെ വിളിക്ക് . ഇവർക്ക് പോകാൻ ധൃതിയുണ്ട് ” പൈലി പറഞ്ഞു.
തോമസിന്റെ വിളി കേട്ടപ്പോൾ ചായ നിറച്ച ട്രേയുമായി അലീന സ്വീകരണ മുറിയിലേയ്ക്കു ചെന്നു.
എല്ലാ കണ്ണുകളും അവളുടെ മുഖത്ത്.
ചെറുക്കന്‍റെ അമ്മ, അച്ചായന്‍, അമ്മാവന്‍, പെങ്ങള്‍, അളിയന്‍ …… ഓരോരുത്തരെയായി വന്നവരിൽ ഒരാൾ പരിചയപ്പെടുത്തി.
എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് അലീന ഭവ്യതയോടെ മറുപടി പറഞ്ഞു.
“അലീനേടെ ഒരു ഫോട്ടോ വേണമെന്ന് ജോസ് പറഞ്ഞിരുന്നു .”
ജോസിന്റെ അമ്മയാണതു പറഞ്ഞത്.
”ജോസിന്റെ വാട്ട്സ് ആപ്പിൻ അയച്ചാൽ പോരെ ?”
തോമസ് ചോദിച്ചു .
”മതി മതി ”
ചടങ്ങുകഴിഞ്ഞ് എല്ലാവരും പോകാനിറങ്ങിയപ്പോള്‍ ജോസിന്റെ പപ്പ തോമസിനെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു.
“ഞങ്ങള്‍ക്കു ഇനി ആലോചിക്കാനൊന്നുമില്ല . ഇനിയിപ്പം ഇവിടുന്നാരെങ്കിലും അങ്ങോട്ട് വന്നു കാണാനുണ്ടെങ്കിൽ അതാവാം .”
“ഇവിടുന്നിനി ആരും വരാനില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ ഇനിയങ്ങുറപ്പിയ്ക്കാം. എന്നാ സൗകര്യമെന്നു വച്ചാ, ദിവസം പറഞ്ഞാൽ മതി . ഞങ്ങൾ അങ്ങോട്ട് വരാം.”
അയാള്‍ മറ്റുള്ളവരോടാലോചിച്ചിട്ട് തീയതി പറഞ്ഞു.
കാറില്‍ കയറുന്നതിനു മുമ്പ് ജോസിന്റെ അമ്മ അലീനയെ അടുത്തേക്ക് വിളിച്ചു ചേർത്ത് നിറുത്തിട്ടു പറഞ്ഞു.
” എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കണം കേട്ടോ മോളെ ”
”ഉം ” അവൾ തലകുലുക്കി.
അവര്‍ പോയി കഴിഞ്ഞപ്പോള്‍ മേരിക്കുട്ടി പറഞ്ഞു :
”ഒടുവില്‍ ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു . ന്റെ മോൾക്ക് നല്ലൊരു ബന്ധം ദൈവം കൊണ്ടുവന്നു തന്നല്ലോ . ദൈവത്തിനു നീ നന്ദി പറയണം ട്ടോ ”
”ഉം ” അവൾ തലകുലുക്കി .
ജാസ്മിന്‍ ഓരോന്നു പറഞ്ഞു കളിയാക്കിക്കൊണ്ട് ചേച്ചിയുടെ പിന്നാലെ നടന്നു.
വിവാഹം ഉറപ്പിയ്ക്കുന്നതിന് നാല് ദിവസം മുമ്പ് ബ്രോക്കര്‍ പൈലി ഓടിക്കിതച്ച് തോമസിന്റെ വീട്ടിലെത്തി. ആ സമയം തോമസും മേരിക്കുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ . അലീന ആഗ്നസിനെ കാണാൻ ടോണിയുടെ വീട്ടിൽ പോയിരിക്കുക യായിരുന്നു
പൈലി തോമസിനെ വിളിച്ചു മുറ്റത്തരികിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലേക്ക് മാറ്റി നിറുത്തിയിട്ട് പറഞ്ഞു .”നിങ്ങൾ എന്നാ പണിയാ കാണിച്ചത്? ”
” എന്നാ, എന്നാ പറ്റി ” തോമസ് ഉല്കണ്ഠയോടെ നോക്കി.
” എന്തിനാ അലീനയുടെ ഫോട്ടോ ചോദിച്ചപ്പം അനിയത്തിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ അയച്ചു കൊടുത്തത്.”
“അതിനിപ്പം എന്നാ കൊഴപ്പം?”
“കൊഴപ്പമായി. ചെക്കനിപ്പം ചേടത്തിയെ വേണ്ട അനിയത്തിയെ മതിയെന്ന്. അതാണെങ്കില്‍ സ്ത്രീധനമായിട്ടു ഇഷ്ടമുള്ളത് കൊടുത്താൽ മതിയെന്നും പറഞ്ഞു.”
“അതെങ്ങനാ ശരിയാവുക ? ചേടത്തിക്കു ആലോചിച്ച പയ്യനെക്കൊണ്ട് അനിയത്തിയെ കെട്ടിക്കുകാന്നു പറഞ്ഞാൽ …?”
“ശരിയാകുകേലെങ്കിൽ ഈ കല്യാണം നടക്കിയേല. അത് പറയാൻ എന്നെ പറഞ്ഞു വിട്ടതാ. കാണാൻ മിടുക്കി അനിയത്തിയല്ലേ. ഫോട്ടോ കാണിച്ചപ്പം അനിയത്തിയാ മിടുക്കിയെന്നു ആരോ പറഞ്ഞു . അപ്പം ചെക്കന്റെ മനസു മാറി ”
ശ്വാസം നിലച്ചതുപോലെ തോമസ് സ്തബ്ധനായി നിന്നു. അതുകണ്ടപ്പോൾ പൈലി പറഞ്ഞു :
” അത് കുഴപ്പമില്ലെന്നേ . ഇത് അനിയത്തിക്കങ്ങു നടത്താം . സ്ത്രീധനമായിട്ടു ഇത്തിരി പൊന്നു കൊടുത്താൽ മതി. കാശൊന്നും വേണ്ട . അലീനക്ക് വേറെ നല്ല ഒന്നാംതരം പയ്യനെ ഞാൻ കണ്ടു പിടിച്ചോണ്ട് വരാന്നേ. ഒത്താൽ രണ്ടു പേരുടെയും കല്യാണം നമുക്ക് ഒറ്റപ്പന്തലിൽ നടത്താം . ”
മറുപടി പറയാൻ തോമസിന് വാക്കുകൾ കിട്ടിയില്ല .
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved)
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12