മാന്തോപ്പിൽ തറവാടിന്റെ മുറ്റത്ത് ഒരു വലിയ പന്തൽ ഉയർന്നു !
പന്തലിന്റെ മദ്ധ്യത്തിൽ, വെള്ളത്തുണി വിരിച്ച മേശയിൽ , അലങ്കരിച്ച ശവപ്പെട്ടിയിൽ തോമസിന്റെ ചേതനയറ്റ ശരീരം പൊതുദർശനത്തിനു വച്ചിരിക്കുന്നു. വെള്ള ഷർട്ടും വെള്ളമുണ്ടും അണിഞ്ഞു കയ്യിൽ ക്രൂശിത രൂപവുമായി മിഴികൾ പൂട്ടി കിടക്കുകയാണ് തോമസ് .
മേരിക്കുട്ടിയും അലീനയും ജാസ്മിനും അടുത്തിരുന്ന് ഏങ്ങിയേങ്ങി കരയുന്നുണ്ട് . ക്ഷീണിതമായ ആ മുഖങ്ങളിൽ കണ്ണീരൊഴുകിയ പാടുകൾ തെളിഞ്ഞു കാണാം.
തോമസിന് അന്തിമോപചാരമർപ്പിക്കാൻ ആളുകൾ വന്നും പോയുമിരുന്നു. കോളജില്‍ നിന്ന് ജാസ്മിന്റെ സഹപാഠികളും അദ്ധ്യാപകരും വന്ന് മൃതദേഹത്തിൽ റീത്ത് വച്ചു പ്രാർത്ഥിച്ചു. കൂട്ടുകാരികളെ കണ്ടതും ജാസ്മിൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി . തളർന്നു വീഴാൻ തുടങ്ങിയ അവളെ സഹപാഠികൾ താങ്ങി . ആശ്വാസവാക്കുകൾ പറഞ്ഞു സമാധാനിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളൊക്കെ വിഫലമായി. രേവതിയും ചിഞ്ചുവും രാജിയും അവൾക്കു മുഖം കൊടുക്കാതെ മാറിനിന്നതേയുള്ളൂ.
സംസ്കാരശുശ്രൂഷകൾക്കു സമയമായപ്പോൾ പള്ളിയിൽ നിന്ന് അച്ചനും കപ്യാരും എത്തി. അപ്പോഴേക്കും പന്തലിൽ ആളുകൾ നിറഞ്ഞു കവിഞ്ഞിരുന്നു .
പ്രാർത്ഥന കഴിഞ്ഞു തോമസിന്റെ ഭൗതികശരീരം പന്തലിൽ നിന്നെടുക്കാൻ നേരം ജാസ്മിനും അലീനയും മേരിക്കുട്ടിയും പപ്പക്ക് അന്ത്യചുംബനം നൽകി. പപ്പയെ കെട്ടിപ്പിടിച്ചു ജാസ്മിൻ പതം പെറുക്കി കരഞ്ഞു.
തോമസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാൽനടയായാണ് പള്ളിയിലേക്ക് നീങ്ങിയത് .പെട്ടിയുടെ ഒരറ്റത്ത് ടോണിയും പിടിച്ചിരുന്നു.
തോമസിനെ യാത്രഅയക്കാൻ പള്ളിമുറ്റത്തും ഒരുപാട് ആളുകൾ കാത്തുനിന്നിരുന്നു. സെമിത്തേരിയിലെ പ്രാർത്ഥന കഴിഞ്ഞു പെട്ടി അടച്ചതും അലീനയും ജാസ്മിനും പൊട്ടി കരഞ്ഞു . മേരിക്കുട്ടി മാനസികനില തെറ്റിയതുപോലെ ഓരോന്നു പുലമ്പിക്കൊണ്ടിരുന്നു. മൃതശരീരം കല്ലറയിലേക്ക് ഇറക്കിയപ്പോൾ അവസാനമായി ഒരിക്കൽക്കൂടി കാണാൻ ജാസ്മിൻ എത്തിനോക്കി. പെട്ടിയുടെ മുകളിലേക്ക് ഒരുപിടി മണ്ണ് വാരിയിട്ടിട്ട് വാടിത്തളർന്ന ചേമ്പിൻതണ്ടുപോലെ അവൾ കൂട്ടുകാരിയുടെ തോളിലേക്ക് ചാഞ്ഞു .
എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും ജാസ്മിന്‍ കുഴഞ്ഞു വീണുപോയിരുന്നു. താന്‍ കാരണമാണു പപ്പ മരിച്ചതെന്ന കുറ്റബോധം അവളെ വല്ലാതെ തളർത്തി . ആ വിവാഹത്തിനു താന്‍ സമ്മതിയ്ക്കാതിരുന്നത് പപ്പയെ ഒരുപാടു വേദനിപ്പിച്ചു കാണും! ആ വേദന താങ്ങാനാവാതെയല്ലേ പപ്പ മരിച്ചത്? സ്വര്‍ഗ്ഗത്തിലിരുന്ന് പപ്പ തന്നെ ശപിക്കുന്നുണ്ടാവില്ലേ ? ഒരുപാട് ചിന്തകൾ അവളുടെ മനസിൽ കിടന്നു പുകഞ്ഞു കത്തി .
കിടപ്പുമുറിയിലെ കട്ടിലിൽ കിടന്ന് ചങ്കുപൊട്ടി അവള്‍ കരയുന്നതു കണ്ടപ്പോൾ ആഗ്നസും അനുവും അടുത്തുവന്നിരുന്നു ആശ്വസിപ്പിയ്ക്കാന്‍ നോക്കി. അവളുടെ ഹൃദയത്തിന്റെ വേദന കുറയ്ക്കാൻ പക്ഷേ , ആരുടേയും ആശ്വാസവാക്കുകൾക്കു കഴിഞ്ഞില്ല .
ഇരുട്ടു വീണപ്പോഴേയ്ക്കും ബന്ധുക്കളും അയല്‍ക്കാരും ഒന്നൊന്നായി പിരിഞ്ഞു .
ജാസ്മിന്‍റെ അമ്മാവന്‍ കുര്യാക്കോസും, അമ്മായിയും, ആഗ്നസും, അനുവും ടോണിയും മാത്രം അവര്‍ക്ക് ആശ്വാസം പകരാന്‍ ആ വീട്ടില്‍ തങ്ങി.
ജാസ്മിന്റെ കരച്ചില്‍ അടങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ കുര്യാക്കോസ് പറഞ്ഞു.
“മരിച്ചുപോയവരെ ഓര്‍ത്ത് ഇനി ഇങ്ങനെ കരഞ്ഞു പിഴിഞ്ഞിരുന്നിട്ടെന്താ കാര്യം ? അവരു തിരിച്ചു വര്വോ? എണീറ്റുപോയി ഇത്തിരി ചൂടുകഞ്ഞി കുടിക്കാൻ നോക്ക് … ഇന്നലെ മുതല് വയറു പട്ടിണിയല്ലേ ?”
അത് കേട്ടതും ആഗ്നസ് അടുക്കളയില്‍ ചെന്ന് ചൂടുകഞ്ഞിയും അച്ചാറും വിളമ്പി ഡൈനിങ് ടേബിളിൽ വച്ചു . എന്നിട്ടു വന്നു അലീനയെയും ജാസ്മിനെയും മേരിക്കുട്ടിയെയും പിടിച്ചെഴുന്നേല്പിച്ചുകൊണ്ടുപോയി ടേബിളിനു സമീപം കസേരയിലിരുത്തി . അലീനയും മേരിക്കുട്ടിയും കഞ്ഞികുടിക്കാൻ തുടങ്ങിയെങ്കിലും ജാസ്മിൻ കഴിക്കാൻ കൂട്ടാക്കാതെ മേശയിലേക്കു മുഖം ചായ്‌ച്ചു കിടന്നതേയുള്ളു . ഒടുവിൽ ടോണി വന്നു നിർബന്ധിച്ചപ്പോഴാണ് അവൾ അല്പമെങ്കിലും കഴിച്ചത്.
ഭര്‍ത്താവിന്റെ വേര്‍പാട് മേരിക്കുട്ടിയെയും വല്ലാതെ തളര്‍ത്തിയിരുന്നു . ആ കണ്ണുകള്‍ പിന്നീട് തോര്‍ന്നതേയില്ല. തോമസിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ജാസ്മിന്റെ തലയിൽ കെട്ടിവച്ചു അവർ കൂടെക്കൂടെ അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
” ആ കല്യാണത്തിന് നീ സമ്മതിക്കാതിരുന്നതുകൊണ്ടുമാത്രമാ പപ്പ ഇത്രവേഗം നമ്മളെ വിട്ടുപോയത് ”
ആ കുറ്റപ്പെടുത്തൽ അവളുടെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി . ആ വീട്ടിലെ കളിയും ചിരിയും അതോടെ അസ്തമിച്ചു. മേരിക്കുട്ടി ആരോടും അധികം സംസാരിക്കാതെയായി. ജാസ്മിൻ പപ്പയുടെ ഫോട്ടോ എടുത്തുവച്ച് അതില്‍ നോക്കിയിരുന്നു മിഴിനീരൊഴുക്കും .
വൈകാതെ ഹോസ്റ്റലില്‍ നിന്ന് പെട്ടിയും സാമാനങ്ങളുമെടുത്ത് അവൾ വീട്ടിലേക്കു താമസം മാറ്റി.
ഒരു ദിവസം മേരിക്കുട്ടിയുടെ സഹോദരൻ കുര്യാക്കോസ് പതിവില്ലാതെ വീട്ടില്‍ വന്നു. അലീനയ്ക്ക് ഒരു വിവാഹാലോചനയുമായാണ് വന്നത്.
ചെക്കന്‍ രണ്ടാം കെട്ടുകാരനാണ്. വയസു മുപ്പത്തിഏഴ് . ആദ്യവിവാഹത്തിൽ ആറുവയസുള്ള ഒരു മകനുണ്ട്. സ്ത്രീധനമായി ഇഷ്ടമുള്ളതു കൊടുത്താല്‍ മതി. ചെക്കന്റെ വീതത്തില്‍ മൂന്നേക്കർ സ്ഥലവും ഇരുനില വാര്‍ക്കവീടുമുണ്ട്.
കുര്യാക്കോസ് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ജാസ്മിന്‍ പറഞ്ഞു.
“എന്തൊക്കെ ഒണ്ടെന്നു പറഞ്ഞാലും ആളു രണ്ടാംകെട്ടുകാരനല്ലേ അങ്കിള്‍? പേരെങ്കില്‍ വയസു മുപ്പത്തേഴും “
“എന്നാ നീ പോയി ഒരൊന്നാംകെട്ടുകാരനെ കൂട്ടിക്കൊണ്ടുവാ .” കുര്യാക്കോസ് അവളെ നോക്കി കണ്ണുമുഴുപ്പിച്ചു. ” കെട്ടു രണ്ടായാലും മൂന്നായാലും അയാള്‍ക്ക് സുഖമായി ജീവിയ്ക്കാനുള്ള സ്വത്തുണ്ട്. ദൈവം സഹായിച്ച് ആരോഗ്യത്തിനും കുറവില്ല. അതുപോരെ ?”
”പോരാ ”
” പിന്നെ എന്നാ വേണം ? അമ്പാനിയുടെ മകനെ കൊണ്ടുവരണോ ?”രൂക്ഷമായി നോക്കിക്കൊണ്ടു കുര്യക്കോസ് തുടർന്നു : ”ഒരു പാട് ആലോചനകള്‍ വന്നതല്ലേ ? ഒന്നെങ്കിലും നടന്നോ? ഇപ്പം വയസെത്രയായീന്നാ വിചാരം? പഠിപ്പും ജോലിം ഇല്ലാത്ത പെണ്ണിനെ പിച്ചക്കാര്‍ക്കു പോലും വേണ്ടാത്ത കാലമാ. പോരെങ്കിൽ ഭ്രാന്തുപിടിച്ചു ആശുപത്രീൽ കിടന്ന പെണ്ണും . ”
”അങ്കിൾ എന്താ ഈ പറയുന്നേ ?” ജാസ്മിന് ദേഷ്യം വന്നു .
” നീയാ നിന്റെ അപ്പനെ കൊന്നത് . ഇനി അമ്മയെയും കൂടി കൊല്ലണോ നിനക്ക് ?” കുര്യാക്കോസ് മേരിക്കുട്ടിനെ നോക്കി തുടർന്നു :
”മേരിക്കുട്ടി പറ, എന്താ ചെയ്യേണ്ടത്?”
“അതിപ്പം അലീനേടെ സമ്മതം ചോദിയ്ക്കാതെ…” മേരികുട്ടി തപ്പി തടഞ്ഞു.
”എന്നാ വിളിച്ചു ചോദിക്ക് ”
സംസാരം കേട്ട് , കിടപ്പുമുറിയിലായിരുന്ന അലീന ഡ്രോയിങ് റൂമിലേക്ക് വന്നു.
“അമ്മയ്ക്കിഷ്ടാണെങ്കില്‍ അയാളോടു വരാന്‍ പറഞ്ഞോളൂ.”
അതു കേട്ടപ്പോള്‍ കുര്യാക്കോസിന്‍റെ മുഖം തെളിഞ്ഞു:
“അങ്ങനാ വിവരമുള്ള പെണ്ണുങ്ങള്. ചെക്കനിത്തിരി പ്രായം കൂടീന്നുള്ളത് ഒരു കുറവല്ല . അലീനേം എല്ലാം തെകഞ്ഞവളല്ലല്ലോ. എത്ര ആലോചനവന്നതാ. പെണ്ണ് മാനസിക നില തെറ്റി ആശുപത്രിയിൽ കിടന്നതാണെന്നു കേൾക്കുമ്പം വരുന്നവരൊക്കെ ജീവനുംകൊണ്ട് പായുകാ ”
അമ്മാവന്റെ സംസാരം കേട്ടപ്പോള്‍ ജാസ്മിനു വല്ലാതെ ദേഷ്യംവന്നു.
“അതൊക്കെ ഇപ്പം പറയുന്നതെന്തിനാ?”
“പറയുമ്പം എല്ലാം പറയയണമല്ലോ ?”
അലീനയുടെ കണ്ണു നിറഞ്ഞത് ജാസ്മിന്‍ ശ്രദ്ധിച്ചു. അവള്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
‘സത്യം പറ ചേച്ചീ . ചേച്ചിയ്ക്കിഷ്ടമാണോ ഈ ആലോചന ?”
“ഇഷ്ടമാണെന്നവളു പറഞ്ഞല്ലോ? പിന്നെ നിനക്കെന്താടി ഇത്ര ചൊറിച്ചില്?”
കുര്യാക്കോസ് കണ്ണുരുട്ടിക്കൊണ്ട് ജാസ്മിന്റെ അടുത്തേക്ക് പാഞ്ഞു വന്നു. ജാസ്മിന്‍ അമ്മയെയും അങ്കിളിനെയും മാറി മാറി നോക്കിക്കൊണ്ടു പറഞ്ഞു .
“നിങ്ങള്‍ക്കെല്ലാവര്‍ക്കും ചേച്ചിയെ ഇവിടുന്നു എങ്ങനെങ്കിലും ഒന്നിറക്കി വിടണമെന്നേയുള്ളൂ . ചേച്ചീടെ ഭാവിയെപ്പറ്റി ആരും ഒന്നും ചിന്തിയ്ക്കുന്നില്ല.”
”നീ മിണ്ടിപ്പോകരുത്.” മേരിക്കുട്ടി മകളെ ശാസിച്ചു. “നീ കാരണമാ പപ്പാ മരിച്ചത്. ഇനി എന്റെ ശവം കൂടി കാണണോ നിനക്ക് ? എന്തു ചെയ്യണമെന്നു ഞങ്ങള് തീരുമാനിച്ചോളാം. നീ അഭിപ്രായം പറയണ്ട ”
“തീരുമാനിച്ചോ. പക്ഷേ ചേച്ചീടെ ഇഷ്ടം കൂടി നോക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ.”
“എനിക്കിഷ്ടമാ. ഏതു കോന്തനെ കൊണ്ടുവന്നാലും ഞാന്‍ തലകുനിച്ചു തന്നേയ്ക്കാം. പോരെ ?എന്നെപ്രതി ആരും ഇനി ഇവിടെ വഴക്കു കൂടണ്ട.”
അത്രയും പറഞ്ഞിട്ട് അലീന വേഗം മുറിയിലേയ്ക്കു കയറിപ്പോയി.
കുര്യാക്കോസിനു സന്തോഷമായി.
മേരിക്കുട്ടിയ്ക്കു സന്തോഷമോ ദുഃഖമോ തോന്നിയില്ല. എങ്ങനെയും മകളുടെ കഴുത്തില്‍ ഒരു താലി വീണു കാണണമെന്നേ അവര്‍ ആഗ്രഹിച്ചുള്ളൂ.
ചേച്ചിയുടെ ദുര്‍വിധിയോര്‍ത്ത് ജാസ്മിന്‍ സങ്കടപ്പെട്ടു. പപ്പ മരിച്ചതോടെ അമ്മയ്ക്ക് എല്ലാവരോടും ദേഷ്യമാണ്. താനും ചേച്ചിയും അമ്മയുടെ കണ്ണില്‍ ഇപ്പോൾ ഒരുഭാരമാണ് .
ഒരു രണ്ടാം കെട്ടുകാരനെ കല്യാണം കഴിച്ചാല്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ പറ്റുമോ ചേച്ചിയ്ക്ക്?
താന്‍ ഡോക്ടര്‍ ടോണിയെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോള്‍ ചേച്ചിയ്ക്കു സങ്കടം വരില്ലേ?
കുര്യാക്കോസങ്കിള്‍ പോയി കഴിഞ്ഞപ്പോള്‍ ജാസ്മിന്‍ അലീനയുടെ അടുത്തു ചെന്നു.
“ഈ ആലോചന വേണോ ചേച്ചീ? അയാളു രണ്ടാം കെട്ടുകാരനല്ലേ?”
അതു കേട്ടു മേരിക്കുട്ടി മുറിയിലേക്കു പാഞ്ഞു വന്നിട്ടു അവളോട് ദേഷ്യപ്പെട്ടു.
“ഇനി ഓരോന്നു പറഞ്ഞ് അവളുടെ മനസുമാറ്റാന്‍ നോക്കിക്കോ” മേരികുട്ടി ജാസ്മിനെ നോക്കി കൈചൂണ്ടി അലറി “ഒരു കാര്യം പറഞ്ഞേക്കാം. കല്യാണം ഉറപ്പിച്ചിട്ട് എന്നെയെങ്ങാനും നാണം കെടുത്തിയാല്‍ കിണറ്റില്‍ ചാടി ഞാൻ ചാകും . പിന്നെ നിങ്ങൾക്ക് അപ്പനും കാണില്ല അമ്മയും കാണില്ല .”
അലീന ഭയന്നു പോയി.
“അമ്മ പേടിക്കണ്ട . ആര് എന്തൊക്കെ പറഞ്ഞാലും അമ്മക്കിഷ്ടപ്പെടുന്ന ആളിനെ ഞാന്‍ വേണ്ടാന്നു പറയില്ല. ”
“ഒരു പാട് ആഗ്രഹിച്ചാ ഒന്നും നടക്കിയേല മോളേ. എന്റെ കണ്ണടയുന്നേനു മുമ്പ് നിങ്ങളെ രണ്ടുപേരെയും ഒരു കരപറ്റിയ്ക്കണ്ടേ ? എന്‍റെ കണ്ണടഞ്ഞാ നിങ്ങളെ ആരു നോക്കും.?”
മേരിക്കുട്ടി സഹതാപത്തോടെ മകളെ നോക്കി.
“അതിനു അമ്മയോട് എനിക്കു ദേഷ്യമൊന്നും ഇല്ലല്ലോ ! എന്‍റെ തലേവര പോലെയേ എല്ലാം നടക്കൂ.” അലീനയുടെ കണ്ഠം ഇടറി .
ജാസ്മിന്‍ എല്ലാം കേട്ട് ചിന്താമൂകനായി താടിക്കു കയ്യും കൊടുത്തു നിന്നതേയുള്ളു .
പിറ്റേ ശനിയാഴ്ച ടോണി വീട്ടില്‍ വന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അവള്‍ ഓടി അവന്റെ വീട്ടിൽ ചെന്നു .
വീടിന്‍റെ കിഴക്കുവശത്ത് പറമ്പിൽ വാഴ നടുകയായിരുന്നു ടോണി. ജാസ്മിന്‍ ഉത്സാഹത്തോടെ അടുത്തു ചെന്നു.
“നല്ല ആളാ! വന്നിട്ട് ഇത്രേം നേരായിട്ടും എന്നെ ഒന്ന് വന്നു കാണാന്‍ തോന്നിയില്ലല്ലോ . ഒന്ന് വിളിക്കപോലും ചെയ്തില്ല ” അവൾ പരിഭവം പറഞ്ഞു.
”നേരം കിട്ടിയില്ല.”
“പപ്പ മരിച്ചു കഴിഞ്ഞപ്പം ഞങ്ങളെയൊക്കെ മറന്നോ?”
“ആരെയൊക്കെ മറന്നാലും എനിയ്ക്കു നിന്നെ മറക്കാന്‍ പറ്റ്വോ? എന്നെ സ്നേഹിച്ചു കൊന്നവളല്ലേ നീ.”
“സ്നേഹിച്ചു കൊന്നവളോ? പുതിയ വാക്കുകളൊക്കെ എവിടുന്നു കിട്ടി? അതൊരു സുഖമില്ലാട്ടോ. കൊല്ലുകാന്നൊക്കെ കേള്‍ക്കുമ്പം ഒരു പേടിയാ തോന്നുക.”
“പേടിയ്ക്കാന്‍ പോകുന്നല്ലേയുള്ളൂ.”
“അതെന്താ അങ്ങനെ പറഞ്ഞത്?”
“അല്ല….നമ്മുടെ ലവ് അഫയര്‍ അമ്മ അറിയുമ്പം…” ടോണി ഉരുണ്ടു കളിച്ചു.
“അമ്മ എതിര്‍ക്കില്ലാന്നെനിക്കുറപ്പാ. മകള് ഒരു ഡോക്ടറെ പ്രേമിക്കുന്നൂന്ന് കേട്ടാ ഏതമ്മയാ സന്തോഷിക്കാതിരിക്ക്യാ? അതും നല്ലസ്വാഭാവക്കാരനായ, ചെറുപ്പം മുതലേ അറിയാവുന്ന ഒരു പയ്യനെ . പോരെങ്കില്‍ സ്ത്രീധനോം കൊടുക്കണ്ട. ജാതീം മതോം ഒന്നു തന്നെയുമാ. പിന്നെന്താ തടസം?”
“സ്ത്രീധനം വേണ്ടാന്നാരു പറഞ്ഞു?”
ടോണി ചിരിച്ചുകൊണ്ട് ചോദിച്ചു .
“ഞാന്‍ പറഞ്ഞു. ” ജാസ്മിന്‍ ഗൗരവം നടിച്ചുകൊണ്ടു തുടര്‍ന്നു. “നയാ പൈസ സ്ത്രീധനമായിട്ട് എന്‍റെ കയ്യീന്ന് കിട്ടുമെന്ന് വിചാരിക്കണ്ട . അതോര്‍ത്ത് എന്റെ പൊന്നുമോന്‍ മനപ്പായസം ഉണ്ണണ്ടാട്ടോ . ചിലപ്പം കുറച്ചു സ്വർണം തരുവായിരിക്കും . അത്രേയുള്ളൂ. ”
“എങ്കില്‍ വേറെ പയ്യനെ നോക്കിയാ മതി.”
“നോക്കിക്കോട്ടെ?”
“നോക്കിക്കോ…”
“ചക്കരേ തേനേന്നു വിളിച്ചു പിന്നെ പിറകെ വന്നേക്കരുത്.”
“ഇല്ല….”
“അയ്യടാ, അങ്ങനിപ്പം നോക്കുന്നില്ല. എനിക്കീ പയ്യനെ തന്നെ മതി . ”
മുഷ്ടിചുരുട്ടി ടോണിയുടെ പുറത്തു മൃദുവായി ഒന്നിടിച്ചിട്ട് ജാസ്മിന്‍ തുടര്‍ന്നു. “മനസിലു വേറെ വല്ല വിചാരോം ഒണ്ടെങ്കില്‍ അത് ഇപ്പഴേ കളഞ്ഞേക്ക് കേട്ടോ. ഈ ജാസ്മിൻകുട്ടിയെയല്ലാതെ വോറൊരാളെ ചിന്തിക്കുകപോലും ചെയ്തേക്കരുത് ”
ടോണി വികൃതമായി ചിരിച്ചു . ഉള്ളിൽ അമർഷം തിളച്ചുപൊന്തിയെങ്കിലും പാടുപെട്ടു നിയന്ത്രിച്ചു . അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ആലോചിച്ചു നില്കുന്നത് കണ്ടപ്പോൾ അവൾ ചോദിച്ചു
“ആശാന്‍ എന്താലോചിക്ക്യാ?”
ആ ചോദ്യം അവനെ ചിന്തയില്‍ നിന്നുണര്‍ത്തി.
“ഒന്നുമില്ല.”
”കുറച്ചു നേരം മനസു വേറെങ്ങോ ആയിരുന്നല്ലോ?”
“ഞാന്‍ പെട്ടെന്നു തന്‍റെ പപ്പയെ കുറിച്ചോര്‍ത്തുപോയി.”
ടോണി ഒരു കള്ളം പറഞ്ഞു.
” അക്കാര്യം എന്നെ ഓര്‍മ്മിപ്പിയ്ക്കാതെ. എനിയ്ക്കു സങ്കടം വരും.. ങ്ഹ…ടോണി അറിഞ്ഞോ. ചേച്ചിക്കൊരു കല്യാണാലോചന.”
“എവിടുന്ന്?”
അവള്‍ എല്ലാം വിശദീകരിച്ചിട്ടു പറഞ്ഞു.
“ചേച്ചിയ്ക്കാകെ സങ്കടമാ. എന്നാലും അമ്മയെ വിഷമിപ്പിയ്ക്കാതിരിക്കാന്‍ സന്തോഷം അഭിനയിക്ക്വാ ”
ടോണി ഒന്നും മിണ്ടിയില്ല.
“ടോണീടെ അഭിപ്രായമെന്താ? ഈ കല്യാണം നടത്തണോന്നാണോ വേണ്ടെന്നാണോ?”
“എന്‍റഭിപ്രായത്തില്‍ ഇതാലോചിക്കേണ്ടത് ഇയാള്‍ക്കാ. കേട്ടിട്ട് ഇത് ഇയാള്‍ക്ക് നന്നായിട്ട് ചേരും.”
“ഇടിച്ചു ചമ്മന്തിയാക്കും, ട്ടോ.” കൈ ചുരുട്ടിക്കൊണ്ട് അവള്‍ ടോണിയുടെ നേരെ വന്നപ്പോൾ ടോണി പിന്നോക്കം മാറി .
”പഴയസ്നേഹമൊന്നും ഇപ്പം ടോണിക്കില്ല . എന്നാ പറ്റി ഒരു മ്ലാനത ? ”
‘ഏയ് , പ്രത്യേകിച്ചൊന്നുമില്ല ”
പറമ്പിലെ പണി നിറുത്തിയിട്ട് തൂമ്പയുമായി ടോണി വീട്ടിലേയ്ക്കു നടന്നു. ഓരോന്നു സംസാരിച്ചുകൊണ്ട് ഒപ്പം ജാസ്മിനും.
തൂമ്പ വിറകുപുരയിൽ വച്ചിട്ട് ടോണി കയ്യും കാലും നന്നായി കഴുകി.
ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആഗ്നസും അനുവും പള്ളിയില്‍ ധ്യാനത്തിനു പോയിരിക്കയായിരുന്നു.
ടോണിയോടൊപ്പം ജാസ്മിന്‍ അയാളുടെ കിടപ്പുമുറിയിലേക്ക് കയറി. മുറി ആകമാനമൊന്നു വീക്ഷിച്ചിട്ട് അവള്‍ സ്വാതന്ത്ര്യത്തോടെ കബോർഡിലിരുന്ന ഒരോ സാധനങ്ങളുമെടുത്തു നോക്കിയിട്ട് തിരികെ അവിടെതന്നെ വച്ചു .
പെട്ടെന്നാണ് ഒരു പെൻഡ്രൈവ് കബോർഡിൽ ഇരിക്കുന്നതവള്‍ കണ്ടത്.
“ഇതിനകത്തെന്താ, സിനിമയാണോ ടോണി ?”
പെൻഡ്രൈവ് എടുത്തു ടോണിയുടെ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു .
“ഉം.”
“എന്തു സിനിമയാ?”
“ഒരു ഹൊറര്‍ മൂവിയാ . കാണണോ?”
“പേടിക്ക്വോ?”
“പേടിക്കുകമാത്രമല്ല. പേടിച്ചു കരയും. “
“ഇംഗ്ലീഷാ?”
“അല്ല, മലയാളമാ.”
“മലയാളമോ? എന്താപേര്?”
“ഇരട്ട മുഖമുള്ള യക്ഷി.”
“അങ്ങനെയൊരു സിനിമയേക്കുറിച്ചു ഞാന്‍ കേട്ടിട്ടേയില്ലല്ലോ? പുതിയതാണോ ?”
” റിലീസായതല്ല ”
”ആരൊക്കെയാ അഭിനയിക്കുന്നത്?”
“എല്ലാം പുതുമുഖങ്ങളാ .”
“ഒന്ന് കാണിക്ക്വോ ? പ്ലീസ്.”
ജാസ്മിന്‍ നിര്‍ബ്ബന്ധിച്ചു.
“ഇയാളു പേടിച്ചു ബോധം കെട്ടു വീഴും.”
“ടോണി അടുത്തിരിക്കുമ്പം എനിക്കു പേടിയോ. ഇതാ ലാപ്ടോപ്പിലേക്കു കുത്തി ഒന്ന് കാണിച്ചേ . നോക്കട്ടെ പേടിയ്ക്കുമോന്ന്. “
ജാസ്മിന്‍ ഒട്ടും വിചാരിച്ചില്ല ഈ ‘സിനിമ’യിലെ കഥാപാത്രങ്ങള്‍ താനും, സതീഷും രേവതിയും ചിഞ്ചുവുമെല്ലാമാണെന്ന സത്യം.
ടോണി ഒരു നിമിഷം ആലോചിച്ചു.
ഇപ്പോള്‍ ഇത് കാണിയ്ക്കണോ ? കാണിയ്ക്കാം. കണ്ടു ഞെട്ടി വിറക്കട്ടെ അവൾ . ടോണി ഐസക് ഒരു വിഢിയല്ലെന്ന് അവൾ മനസിലാക്കട്ടെ.
ടോണി എണീറ്റ് മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് തുറന്നു പവർ സ്വിച്ചിൽ വിരൽ അമർത്തി . അത് ബൂട്ട് ചെയ്തു വരുന്നത് നോക്കി ജാസ്മിൻ അവന്റെ സമീപം കസേര വലിച്ചിട്ടിരുന്നു .
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14