Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 19

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 19

1191
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 19

മൂടിക്കെട്ടിയ ആകാശം!
സ്കൂള്‍ അങ്കണത്തിന്റെ കിഴക്കുവശത്ത് പടര്‍ന്നു നില്‍ക്കുന്ന ബദാം മരത്തിന്‍റെ ചില്ലയിലിരുന്ന് ഒരു പച്ചക്കിളി ചിലച്ചു.
തളര്‍ന്ന കാലുകള്‍ നീട്ടി സുമിത്ര വരാന്തയില്‍നിന്നു മുറ്റത്തേക്കിറങ്ങി.
ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഒരുനിമിഷം കളി നിറുത്തി സുമിത്ര ടീച്ചറെ നോക്കിനിന്നു.
കാറിനടുത്തേക്ക് അവള്‍ നടന്നടുക്കുമ്പോൾ പിന്നില്‍ നിന്ന് സ്നേഹാര്‍ദ്രമായ ഒരു വിളിയൊച്ച.
“ടീച്ചറേ…”
സുമിത്ര തിരിഞ്ഞുനോക്കി.
ആറാം ക്ലാസില്‍ പഠിക്കുന്ന കുസൃതിക്കുടുക്കകയാണ്. ഒരിക്കല്‍, താന്‍ കരഞ്ഞതെന്തിനാണെന്നു ചോദിച്ച മിടുക്കിപ്പെണ്ണ്!
“ടീച്ചറു പോവ്വാണോ?”
” ഉം ”
”ഇനി പഠിപ്പിക്കാൻ വരില്ലേ ?” അവളുടെ മുഖത്തെ സങ്കടം തിരിച്ചറിഞ്ഞപ്പോൾ സുമിത്ര വിങ്ങിപ്പൊട്ടി.
അതു കണ്ടപ്പോള്‍ കുട്ടിയുടെയും കണ്ണുനിറഞ്ഞു. അവള്‍ ഓടിവന്ന് ടീച്ചറിന്‍റെ കരം പിടിച്ചുകൊണ്ട് പറഞ്ഞു:
“പോവണ്ട ടീച്ചറേ…”
സുമിത്ര അവളെ തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി, ആ താടി പിടിച്ചുയര്‍ത്തി ഇടറിയ സ്വരത്തില്‍ പറഞ്ഞു.
“എന്നേക്കാള്‍ നല്ല ടീച്ചറു വരും; മോളെ പഠിപ്പിക്കാന്‍.”
“വേണ്ട. എനിക്കീ ടീച്ചറു മതി. എനിക്കൊത്തിരി ഇഷ്ടാ ടീച്ചറിനെ “
ആ കുരുന്നിന്‍റെ സ്നേഹം കണ്ടപ്പോള്‍ സുമിത്രയ്ക്കവളെ വാരിയെടുത്ത് കൂടെ കൊണ്ടുപോകണമെന്നു തോന്നിപ്പോയി.
കുനിഞ്ഞ് ആ കൊച്ചു കവിളില്‍ ഒരു മുത്തം നല്‍കിയിട്ടു അവള്‍ പറഞ്ഞു:
“ഈ സ്നേഹം ഞാന്‍ ഒരിക്കലും മറക്കില്ലാ ട്ടോ.” വിങ്ങിപ്പൊട്ടിക്കൊണ്ടവള്‍ തുടര്‍ന്നു: “ന്റെ മോളു നന്നായിട്ടു പഠിക്കണം . പഠിച്ചു വല്യ ആളാകണം. വല്യ ആളാകുമ്പം ഈ ടീച്ചറിനെ മറക്ക്വോ?”
“ഇല്ല.”
സുമിത്രയുടെ മിഴികളില്‍ നിന്നടര്‍ന്നുവീണ ഒരു തുള്ളി കണ്ണീര്‍ പെണ്‍കുട്ടിയുടെ ദേഹത്തു വീണു പടര്‍ന്നു.
“ടീച്ചറു കരയുന്നതു കാണാൻ എനിക്കിഷ്ടമല്ല.”
നിഷ്കളങ്കമായ ആ സ്നേഹപ്രകടനത്തിനുള്ള സമ്മാനം കെട്ടിപ്പിടിച്ചൊരുമ്മയായിരുന്നു. “എനിക്കുവേണ്ടി പ്രാര്‍ഥിക്കണം ട്ടോ മോളേ..”
“ടീച്ചറു പോവണ്ട.”
അവള്‍ ആ കൈയില്‍ മുറുകെ പിടിച്ചു.
“പോണം മോളേ…, പോകാതിരിക്കാന്‍ പറ്റില്ല .. “
കൈ വിടുവിച്ചിട്ട് അവള്‍ കാറിന്‍റെ അടുത്തേക്ക് നടന്നു.
സ്റ്റാഫ് റൂമിന്‍റെ മുമ്പിലെ വരാന്തയില്‍ അധ്യാപകര്‍ ആ രംഗം നോക്കിനില്‍പ്പുണ്ടായിരുന്നു.
ദൂരെനിന്ന് എല്ലാവരെയും നോക്കി അവൾ മൗനമായി യാത്രചോദിച്ചു.
സതീഷ് കാറിനകത്തു ഡ്രൈവര്‍ സീറ്റില്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
പിന്‍വാതില്‍ തുറന്ന് അകത്തുകയറിയിട്ട് അവള്‍ ഡോര്‍ വലിച്ചടച്ചു.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും തലവെളിയിലേക്കിട്ടു അവള്‍ ആ കുട്ടിയെ ഒന്നുകൂടി നോക്കി.
അവള്‍ അവിടെ തന്നെ നില്‍ക്കുകയാണ്, തന്നെ നോക്കി.
സുമിത്ര തല പിൻവലിച്ചിട്ട് ഇടതുകൈയിൽ ശിരസുതാങ്ങി കീഴ്പോട്ടു നോക്കി ഇരുന്നു.
കാര്‍ സാവധാനം റിവേഴ്സെടുത്തിട്ട് വലതുവശത്തേക്ക് തിരിച്ചു. ഗേറ്റുകടന്ന് അത് റോഡിലേക്കിറങ്ങി.
ഗേറ്റിനു വെളിയില്‍ കുറെ ആളുകള്‍ കൂടിനില്‍പ്പുണ്ടായിരുന്നു.
സതീഷിന്‍റെ കാറുകണ്ടതും രണ്ടു യുവാക്കള്‍ മുമ്പിലേക്കെടുത്തു ചാടി കൈയുയര്‍ത്തി വണ്ടി തടഞ്ഞു.
സതീഷ് സഡന്‍ബ്രേക്കിട്ടു കാറു നിറുത്തി.
“ആ ഗ്ലാസൊന്നു താഴ്ത്തിക്കേ ചേട്ടാ. സുകുമാരന്‍റെ കൊലയാളിയെ ഞങ്ങളൊന്നു കാണട്ടെ.”
യുവാക്കള്‍ വിന്‍ഡ്ഗ്ലാസില്‍ കൈകൊണ്ടിടിച്ചു.
വിന്‍ഡ്ഗ്ലാസ് താഴ്ത്തിയിട്ട് സതീഷ് യുവാക്കളെ നോക്കി അപേക്ഷാഭാവത്തില്‍ പറഞ്ഞു.
“ദയവുചെയ്ത് ഉപദ്രവിക്കരുത്. പ്ലീസ് മുൻപീന്നു മാറി നിൽക്ക് . ഞാനൊന്ന് പൊക്കോട്ടെ “
“ആ ചരക്കിനെ റോഡിലേക്ക് ഒന്നിറക്കി നിറുത്തിക്കേ ചേട്ടാ. ഞങ്ങളൊന്നു കാണട്ടെ ആ മുഖം “
ഒരാള്‍ അകത്തേക്ക് തലയിട്ടു പിന്നിലേക്ക് നോക്കി.
സുമിത്ര സാരിത്തലപ്പുകൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു.
“പ്ലീസ്… അവരാകെ തളര്‍ന്നിരിക്ക്വാ. ദയവുചെയ്ത് ഉപദ്രവിക്കരുത്.”
സതീഷ് യാചിച്ചു.
“ഇങ്ങോട്ടിറക്കി നിറുത്തു ചേട്ടാ . എല്ലാവരുമൊന്നു കാണട്ടെ ഞങ്ങടെ സുകുമാരനെ കൊന്ന ആ സുന്ദരിക്കുട്ടിയെ .”
ഒരാൾ ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ചുവലിച്ചു.
“പ്ലീസ് കുഴപ്പമുണ്ടാക്കരുത്.”
സതീഷ് ആകെ വിയര്‍ത്തു. കാറിനുചുറ്റും ആളുകളുടെ എണ്ണം കൂടിവരുന്നതു കണ്ടപ്പോള്‍ പ്രശ്നം വഷളാകുമെന്ന് അയാള്‍ക്കു തോന്നി.
“ഒന്നിങ്ങിറക്കി നിറുത്ത് ചേട്ടാ. കാണട്ടെ എല്ലാവരും.”
ഒരു താടിക്കാരന്‍ സതീഷിനെ നോക്കി രോഷത്തോടെ പറഞ്ഞു.
“ഇങ്ങെറങ്ങി വാടീ ചരക്കേ…”
വേറൊരാള്‍ മുഷ്ടി ചുരുട്ടി കാറിനിട്ട് ആഞ്ഞൊരിടി!
സതീഷ് ഡോർ തുറന്നു വെളിയിലേക്കിറങ്ങിയിട്ടു ആളുകളെ നോക്കി കൈകൂപ്പി യാചിച്ചു.
“പ്ലീസ്… അല്‍പം മനുഷ്യത്തം കാണിക്കണം. അകത്തിരിക്കുന്നത് ഒരു പാവം സ്ത്രീയാ.”
ഒരുത്തന്‍ മുമ്പോട്ടുചാടിയിട്ടു കോപത്തോടെ ചോദിച്ചു: “ഞങ്ങടെ സുകുമാരേട്ടനെ ഒറ്റയടിക്കു കൊന്നവളാണോ പാവം? ഇറക്കി നിറുത്തടോ അവളെ ഇങ്ങോട്ട്.”
അയാള്‍ ഡോര്‍ഹാന്‍ഡിലില്‍ പിടിച്ച് ആഞ്ഞുവലിക്കുകയും ഇടിക്കുകയും ചെയ്തു.
“പ്ലീസ്… ഞാന്‍ നിങ്ങടെ കാലുപിടിക്കാം. ഉപദ്രവിക്കരുത്.”
“താനും അവളും കൂടിയാണോ സുകുമാരനെ തട്ടിയത്?”
“മലര്‍ന്നുകിടക്കുന്നതു കണ്ടില്ലേ മദാലസ.”
“എത്രയാ ചേട്ടാ അവളുടെ റേറ്റ്?”
കമന്‍റുകള്‍ കേട്ട്, കണ്ണടച്ച് ഒരു ജീവച്ഛവംപോലെ ഇരുന്നതേയുള്ളൂ സുമിത്ര! അവളുടെ മുഖവും ദേഹവും കുടുകുടെ വിയർത്തു
സതീഷ് വല്ലാതെ വിഷമിച്ചു. സുമിത്രയെ എങ്ങനെയൊന്നു രക്ഷപ്പെടുത്തി കൊണ്ടുപോകും?
സതീഷിന്‍റെ യാചനയും അപേക്ഷയും ഫലം കണ്ടില്ല.
ആളുകളുടെ എണ്ണം കൂടുകയാണ്.
സംഭവം കേട്ടറിഞ്ഞ് സ്കൂളില്‍ നിന്ന് തോമസ് സാറും സക്കറിയാ മാഷും സിസ്റ്റര്‍ തെരേസയും അങ്ങോട്ടുവന്നു.
തോമസ് സാര്‍ ആളുകളെ ശാന്തരാക്കി പറഞ്ഞു വിടാൻ ആവതു ശ്രമിച്ചു
“ഒരു പെണ്ണല്ലേ അവര്‍. അല്‍പം കരുണ കാണിച്ചൂടേ നിങ്ങള്‍ക്ക്?”
സിസ്റ്റര്‍ തെരേസ അഭ്യർത്ഥിച്ചു
“അവളുടെ മുഖമൊന്നു കണ്ടാ ഉരുകിപ്പോക്വോ സിസ്റ്ററേ?”
ഒരാള്‍ സിസ്റ്ററിന്‍റെ മുമ്പിലേക്കു ചാടി രോഷത്തോടെ ചോദിച്ചു.
“അതല്ല..”ٹ
“ഏതല്ല? സിസ്റ്ററു സിസ്റ്ററിന്‍റെ പണി നോക്കി പോ. ഇത് ഞങ്ങള് കൈകാര്യം ചെയ്തോളാം ”
പിന്നെ തെരേസ സിസ്റ്റർ ഒന്നും മിണ്ടിയില്ല.
ആളുകള്‍ പിരിയില്ലെന്നു കണ്ടപ്പോള്‍ സതീഷ് പിന്‍വാതില്‍ തുറന്നുപിടിച്ചിട്ട് ദേഷ്യത്തോടെ പറഞ്ഞു:
“കാണേണ്ടവരൊക്കെ വന്നു കാണ്.”
നൊടിയിടയ്ക്കുള്ളില്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു യുവാവ് മുമ്പോട്ടുചാടിയിട്ട് സുമിത്രയുടെ കൈപിടിച്ച് വെളിയിലേക്കൊരു വലി.
”ഇങ്ങോട്ട് ഇറങ്ങിവാടീ …. മോളെ ” ഒരു പച്ചത്തെറി.
അപ്രതീക്ഷിതമായ ആ വലിയില്‍ സുമിത്ര കാറിനകത്തുനിന്ന് റോഡിലേക്ക് മറിഞ്ഞു വീണു.
സതീഷും തോമസ് സാറും സഖറിയാ മാഷും കൂടി അവളെ പിടിച്ചെണീല്‍പ്പിച്ച് കാറിനകത്തു കയറ്റി ഇരുത്തി. എന്നിട്ട് ഡോര്‍ ആഞ്ഞടച്ചു.
സതീഷ് ആളുകളെ നോക്കി രോഷത്തോടെ ചോദിച്ചു.
“നിങ്ങളു മനുഷ്യരോ അതോ മൃഗങ്ങളോ?”
“തനിക്കെന്താ ഇവളോടിത്ര സിമ്പതി? തന്‍റെ വെപ്പാട്ടിയാ ഇവളെന്ന് ഈ നാട്ടിലെല്ലാർക്കും അറിയാം ?”
അതു പറഞ്ഞവന്റെ നേരെ നോക്കി പല്ലിറുമ്മിയിട്ട് സതീഷ് ഡോര്‍ തുറന്നു ഡ്രൈവര്‍സിറ്റില്‍ കയറി ഇരുന്നു.
ഡോര്‍ വലിച്ചടച്ചിട്ട് അയാള്‍ വണ്ടി സ്റ്റാര്‍ട്ടുചെയ്തു.
രണ്ടും കല്‍പിച്ച് കാറ് റെയ്‌സ് ചെയ്തപ്പോൾ മുമ്പില്‍ നിന്ന യുവാക്കള്‍ സൈഡിലേക്ക് മാറി.
പിന്നെ ഒരു നിമിഷം വൈകിയില്ല. വണ്ടി മുമ്പോട്ടുകുതിച്ചു.
എവിടെനിന്നോ ഒരു കല്ല് കാറിന്‍റെ പിന്‍ഭാഗത്തെ തകിടില്‍ വന്നുകൊണ്ടു.
സതീഷ് ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തി ചവിട്ടി.
അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ശ്വാസം നേരെ വീണത്.
റിയര്‍വ്യൂ ഗ്ലാസിലൂടെ സതീഷ് പിന്നിലേക്ക് നോക്കി.
ഇടതുകൈകൊണ്ട് മുഖംപൊത്തി, കുമ്പിട്ടിരുന്ന് ഏങ്ങിയേങ്ങി കരയുകയാണ് സുമിത്ര.
“വിവരമില്ലാത്ത തെണ്ടികളാ. കാര്യാക്കണ്ട.”
തിരിഞ്ഞുനോക്കാതെ സതീഷ് പറഞ്ഞു.
അതു കേട്ടതും സുമിത്രയുടെ സങ്കടം ഇരട്ടിച്ചു . ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു:
“എനിക്കെന്‍റെ വീട്ടില്‍ പോണം.”
“വീട്ടില്‍ ചെന്നിട്ട് ഞാന്‍ ജയനെ വിളിക്കാം. ഇപ്പം സമാധാനായിട്ടിരിക്ക്.”
സതീഷ് ആശ്വസിപ്പിക്കാന്‍ നോക്കി.
സുമിത്രയുടെ നെഞ്ചു വിങ്ങി കഴയ്ക്കുകയായിരുന്നു.
താന്‍ കാരണം എത്രപേരാണ് അപമാനിക്കപ്പെട്ടത്!
പാവം സതീഷേട്ടന്‍!
ഒരു സഹോദരനെപ്പോലെ തന്നെ സ്നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ആ നല്ലമനുഷ്യനും താന്‍മൂലം പേരുദോഷമുണ്ടായല്ലോ!
അവള്‍ക്ക് അവളോടുതന്നെ വെറുപ്പുതോന്നി.
പോര്‍ച്ചില്‍ കാറുവന്നുനിന്നതും സുമിത്ര ഡോര്‍ തുറന്നു പുറത്തിറങ്ങി.
സിറ്റൗട്ടിലേക്ക് ഓടിക്കയറിയിട്ട് അവള്‍ സ്വീകരണ മുറിയിലേക്ക് പ്രവേശിച്ചു.
സുമിത്രയെ കണ്ടതും മഞ്ജുള ഡൈനിംഗ് റൂമില്‍നിന്നു സ്വീകരണ മുറിയിലേക്ക് വന്നു.
“എന്തിനായിരുന്നു ചെല്ലാന്‍ പറഞ്ഞത്?”
സുമിത്ര ഒന്നും മിണ്ടാതെ നിന്നപ്പോള്‍ മഞ്ജുവിന് ഉത്കണ്ഠയായി.
“എന്താ സുമീ…?”
അങ്ങനെ ചോദിച്ചുകൊണ്ട് അവള്‍ അടുത്തേക്കുവന്നു.
അപ്പോഴേക്കും സതീഷ് സ്വീകരണമുറിയിലേക്ക് വന്നിരുന്നു.
മഞ്ജുള ചോദ്യരൂപേണ സതീഷിനെ നോക്കി.
ഇപ്പോഴൊന്നും ചോദിക്കേണ്ട എന്ന് സതീഷ് ഭാര്യയെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് സുമിത്രയെ നോക്കി പറഞ്ഞു.
“സുമിത്ര മുറിയിലേക്ക് പൊയ്ക്കോ.”
അവള്‍ സ്റ്റെയര്‍കെയ്സു കയറാന്‍ തുടങ്ങിയപ്പോഴാണ് കൈമുട്ടുപൊട്ടി ചോര പൊടിഞ്ഞിരിക്കുന്നതു മഞ്ജുള കണ്ടത്.
“ഇതെന്തുപറ്റി കൈമുട്ടേല്‍?”
മഞ്ജുള ഓടിച്ചെന്ന് കൈമുട്ടു പിടിച്ചുനോക്കി.
“വല്ലിടത്തും വീണോ?”
ഒരു പൊട്ടികരച്ചില്‍.
മഞ്ജുള സതീഷിനെ നോക്കി.
“ഇത്തിരി പ്രശ്നമുണ്ടായി. വിശദമായിട്ടു പിന്നെ പറയാം. സുമിത്ര ഇപ്പം പൊയ്ക്കോ.”
അവള്‍ സ്റ്റെയര്‍കെയ്സ് കയറി മുറിയിലേക്ക് പോയി.
“എന്തുപറ്റി സതിയേട്ടാ?”
മഞ്ജുള ഉദ്വേഗത്തോടെ സതീഷിനെ നോക്കി.
സംഭവിച്ചതെന്താണെന്ന് സതീഷ് വിശദമായി പറഞ്ഞു.
മഞ്ജുള താടിക്കു കൈ താങ്ങി ദുഃഖഭാരത്തോടെ നിന്നുപോയി.
“നീയങ്ങോട്ടൊന്നു ചെന്നേ. അവളു വല്ല ബുദ്ധിമോശോം കാണിച്ചാലോ.”
സതീഷിന്‍റെ നിര്‍ദേശപ്രകാരം മഞ്ജുള സ്റ്റെയര്‍കെയ്സ് കയറി മുകളിലേക്ക് ചെന്നു.
ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അവള്‍ അകത്തുകയറി.
സുമിത്ര കട്ടിലില്‍ തളര്‍ന്നു കിടക്കുകയായിരുന്നു.
മഞ്ജുള അടുത്തുചെന്ന് കട്ടിലിന്‍റെ ഓരത്ത് ഇരുന്നിട്ട് അവളുടെ ചുമലില്‍ കൈവച്ചു.
“കരയണ്ട. എണീറ്റുപോയി ആ കണ്ണും മുഖവുമൊക്കെ ഒന്നു കഴുകിക്കേ.”
അവൾ പ്രതികരിച്ചില്ല. കണ്ണീരൊഴുക്കി വെറുതെ കിടന്നതേയുള്ളൂ.
“കൈക്കു വേദനയുണ്ടോ?”
കൈപിടിച്ചുയര്‍ത്തി കൈമുട്ടിലെ മുറിവ് മഞ്ജുള നോക്കി.
സാരമായ പരിക്കില്ല.
“ഞാനിതൊന്നു കഴുകി മരുന്നുവയ്ക്കട്ടെ?”
പൊടുന്നനേ സുമിത്ര എണീറ്റു. മഞ്ജുളയുടെ നെഞ്ചിലേക്ക് ശിരസ് ചായ്ച്ച് അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു:
“എനിക്ക് എന്റെ വീട്ടില്‍ പോണം ചേച്ചീ. സതീഷേട്ടനോട് എന്നെ വീട്ടിൽ കൊണ്ടാക്കാൻ പറ “
“പോകാന്നേ. ജയനെ വിളിച്ചു പറയാം നാളെത്തന്നെ വരാന്‍. പോയി ആ മുഖമൊന്നു കഴുകിക്കേ.”
മഞ്ജുള അവളെ എണീപ്പിച്ചു ബാത്റൂമിലേക്ക് പറഞ്ഞു വിട്ടു.
മുഖം കഴുകിയിട്ടു തിരികെ വന്നപ്പോള്‍ മഞ്ജുള എന്തോ അലോചിച്ചു നില്‍ക്കുകയായിരുന്നു.
“ജയേട്ടനെ ഞാൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല ചേച്ചി . ചേച്ചി ഒന്ന് വിളിച്ചു പറയുവോ ഇങ്ങോട്ടു വരാൻ ?”
” പറയാം . മോള് സമാധാനായിട്ടിരിക്ക് ”
സുമിത്രയെ ആശ്വസിപ്പിച്ചിട്ടു മഞ്ജുള താഴേക്ക് പോയി . അവർ ഭര്ത്താവിനോട് കാര്യം പറഞ്ഞു
“ഞാനിപ്പം അവനെ വിളിച്ചു . ഒരു രണ്ടുദിവസം കൂടിഇവിടെ കഴിയട്ടേന്നു പറഞ്ഞു അവന്‍.”
”ഇതിപ്പം ആകെ പുലിവാലായല്ലോ ചേട്ടാ. ജയനവളെ വേണ്ടാന്നു വച്ചോ ?”
” ഏയ് . അവിടെ എന്തെങ്കിലും തിരക്കായിരിക്കും. അമ്മ ആശുപത്രിയിലല്ലേ ”
സതീഷ് അങ്ങനെ പറഞ്ഞെങ്കിലും മഞ്ജുളക്ക്‌ അതത്ര വിശ്വാസമായില്ല.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here