Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 25

1679
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 25

കഥ ഇതുവരെ-
അയല്‍വാസികളായ ടോണിയും ജാസ്മിനും കൗമാരപ്രായം മുതല്‍ പ്രണയബദ്ധരായിരുന്നു. അവർ അത് രഹസ്യമായി സൂക്ഷിച്ചു. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ടോണി പിന്നീട് ജാസ്മിനെ കൈയൊഴിഞ്ഞു. മനംനൊന്ത് ജാസ്മിന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ടോണി ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു . നാട്ടിൽ ജാസ്മിനെപ്പറ്റി അപവാദങ്ങൾ പെരുകിയപ്പോൾ ജാസ്മിനും അമ്മയും വീടും പുരയിടവും വിറ്റ് ഹൈറേഞ്ചില്‍ കുറുക്കന്‍മല എന്ന കുഗ്രാമത്തില്‍ പുതിയ വീടു വാങ്ങി താമസമാക്കി. കുറുക്കന്‍മലയുടെ പുരോഗതിക്കായി ജാസ്മിന്‍ കർമ്മ രംഗത്തിറങ്ങി. (തുടര്‍ന്നു വായിക്കുക)


ആശുപത്രിയിലെ ഡ്യൂട്ടികഴിഞ്ഞു ഡോക്ടര്‍ ടോണി തിരിച്ചു വീട്ടിലെത്തിയപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു.
ഡൈനിംഗ് റൂമിലെ കസേരയിലിരുന്ന് അനു വിവാഹക്ഷണക്കത്തുകള്‍ കവറിനുള്ളിലാക്കി മേല്‍വിലാസമെഴുതിക്കൊണ്ടിരിക്കുകയാണ്. ആഗ്നസ് അടുക്കളയില്‍ കറി ചൂടാക്കുന്ന തിരക്കിലും .
കുളി കഴിഞ്ഞു തല തുവര്‍ത്തിക്കൊണ്ടു ടോണി ഡൈനിംഗ് റൂമിലേക്കു വന്നപ്പോള്‍ ആഗ്നസ് ഡൈനിംഗ് ടേബിളില്‍ അത്താഴ വിഭവങ്ങള്‍ നിരത്തുകയായിരുന്നു.
ടർക്കി ടവൽ കൊണ്ട് തല നന്നായി തുവർത്തിയിട്ടു ടോണി കൈകഴുകി കസേരയിൽ വന്നിരുന്നു .
“കല്യാണത്തിനു മേരിക്കുട്ടിയെയും ജാസ്മിനെയും വീട്ടില്‍പ്പോയി ക്ഷണിക്കണ്ടേ മോനേ?”
ടോണിയുടെ പ്ലേറ്റിലേക്കു കറി വിളമ്പുന്നതിനിടയില്‍ ആഗ്നസ് ചോദിച്ചു.
“ഓ അതിന്‍റെയൊന്നും ആവശ്യമില്ലമ്മേ. അവരങ്ങു മലമുകളിലല്ലേ. പോയാലും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാ. ഒരു ഇൻവിറ്റേഷൻ കാര്‍ഡിട്ടാല്‍ മതി.”
ചോറിലേക്ക് മീൻ ചാറ് ഒഴിച്ചിട്ടു ടോണി നന്നായി കുഴച്ചു . .
“പത്തിരുപത്തഞ്ചു വര്‍ഷം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞവരല്ലേ. നിന്‍റെ കല്യാണം കൂടണമെന്ന് മേരിക്കുട്ടിക്കും ജാസ്മിനും ഒരുപാട് ആഗ്രഹം കാണും.”
മകന്റെ മറുപടി കേൾക്കാൻ ആഗ്നസ് കാതുകൂർപ്പിച്ചു.
“ആഗ്രഹമുണ്ടെങ്കില്‍ കാര്‍ഡ് കിട്ടുമ്പം അവരു വരും അമ്മേ. അതിനു നേരിട്ടുപോയി വിളിക്കണോന്നില്ല.”
“അതു പോര ചേട്ടായി.” അനു ഇടയ്ക്കു കയറി പറഞ്ഞു: “നമ്മുടെ വീട്ടിലെ ആദ്യത്തെ കല്യാണമല്ലേ. നേരിട്ടു ചെന്നു വിളിക്കണം. അതാ അതിന്‍റെ മര്യാദ. മാത്രമല്ല, നമ്മള്‍ ഇതുവരെ ആ വീട്ടിലൊന്നു പോയിട്ടുമില്ലല്ലോ. ജാസേച്ചിയേം മേരിയാന്‍റിയേം കാണണമെന്ന് എനിക്കൊത്തിരി ആഗ്രഹമുണ്ട്.”
“നിനക്കത്ര ആഗ്രഹമാണെങ്കില്‍ നീയും അമ്മേം കൂടി പോയി വിളിച്ചോ. എനിക്കാശുപത്രീല്‍ പിടിപ്പതു പണിയുണ്ട്.” ടോണിയുടെ സ്വരത്തിലെ നീരസം ആഗ്നസ് തിരിച്ചറിഞ്ഞു .
ആഗ്നസും അനുവും മിഴിയോടു മിഴിനോക്കി. ടോണിക്കെന്തു പറ്റി? ഡോക്ടറായി കഴിഞ്ഞപ്പോള്‍ അവന്‍ ആകെ മാറിപ്പോയിരിക്കുന്നു. സംസാരത്തില്‍ പോലും ഒരുപാട് മാറ്റം !
ആഗ്‌നസ് പിന്നെയൊന്നും പറഞ്ഞില്ല .
ഒന്നും മിണ്ടാതെയിരുന്ന് ഭക്ഷണം കഴിച്ചിട്ട് ടോണി എണീറ്റു കൈകഴുകി അവന്‍റെ റൂമിലേക്കു പോയി.

അടുത്തമാസം പന്ത്രണ്ടാം തീയതിയാണ് വിവാഹം. വധു അബ്കാരി കോണ്‍ട്രാക്ടര്‍ പാപ്പച്ചന്‍റെ മകള്‍ ആതിര. ആതിര കാഴ്ച്ചയിൽ ഒരുപാട് സുന്ദരിയല്ല. ഇരുനിറം. പൂച്ചവാലുപോലെ ഇത്തിരി മാത്രം മുടി. തടിച്ച ശരീരം. ഡിഗ്രി കഷ്ടിച്ചാണു പാസ്സായത്.
ടോണിക്ക് ഈ ആലോചനയില്‍ അത്ര താത്പര്യമില്ലായിരുന്നു. പക്ഷേ, പണത്തിന്‍റെ മുമ്പില്‍ ആഗ്നസ് വീണുപോയി. ടോണിയുടെ പഠനത്തിനും മറ്റുമായി ഒരുപാട് രൂപ കടമെടുക്കേണ്ടി വന്നിരുന്നു. അതൊക്കെ വീട്ടണ്ടേ? പുതിയൊരു വീട് പണിയണ്ടേ ? പണത്തേക്കാള്‍ വലുതല്ലല്ലോ സൗന്ദര്യം . ഇങ്ങനെയൊക്കെയാണ് ആഗ്‌നസ് ചിന്തിച്ചത് .

സ്ത്രീധനമായി രണ്ടുകോടി രൂപയും ഒരു ഹോണ്ട സിറ്റി കാറുമാണ് ഓഫർ ചെയ്തിരിക്കുന്നത്. അതൊരു വലിയ തുകയാണെന്ന് ആഗ്‌നസ് ചിന്തിച്ചു. അമ്മയുടെ നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നു ടോണി.
ടൗണിലെ പള്ളിയിലാണ് വിവാഹം. വിവാഹത്തിന്‍റെ ചെലവുകളെല്ലാം പാപ്പച്ചന്‍ വഹിച്ചുകൊള്ളാമെന്ന് ഏറ്റപ്പോൾ ആഗ്നസിന് പിന്നൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല .

“നമുക്കു രണ്ടുപേര്‍ക്കുംകൂടി ശനിയാഴ്ച കുറുക്കന്‍മലയ്ക്കുപോയാലോ അമ്മേ? കല്യാണവും വിളിക്കാം, അവരുടെ വീടും സ്ഥലവുമൊന്നു കാണുകയും ചെയ്യാം.” – അനു അവളുടെ ആഗ്രഹം പറഞ്ഞു.
“പോകാം മോളെ. കൊച്ചുന്നാളില്‍ ഒരുപാടു തവണ അവനെ ചുമന്നോണ്ടു നടന്നിട്ടുള്ളതാ മേരിക്കുട്ടി. പെരുന്നാളിനും മറ്റും കൊണ്ടുപോയി എന്തുമാത്രം കളിപ്പാട്ടങ്ങളും മിട്ടായിയും വാങ്ങിച്ചുകൊടുത്തിരിക്കുന്നു. എനിക്കതൊന്നും മറക്കാൻ പറ്റുകേല . നമുക്ക് നേരിട്ടു ചെന്നു വിളിക്കണം. ഇല്ലെങ്കില്‍ അതു നന്ദികേടാ.”
ആഗ്നസിനും അനുവിന്‍റെ അതേ അഭിപ്രായമായിരുന്നു.
”ചേട്ടായി വരുന്നില്ലെങ്കിൽ വേണ്ട . നമുക്ക് പോകാം അമ്മേ. അല്ലെങ്കിലും ചേട്ടായിക്ക് ഈയിടെയായി വല്യഗമയാ . ഇപ്പം എന്നോട് മിണ്ടാൻ പോലും വല്യ വാലാ ”
ആഗ്‌നസ് മറുപടി ഒന്നും പറഞ്ഞില്ല .

ശനിയാഴ്ച രാവിലെ അവര്‍ കുറുക്കന്‍ മലയിലേക്കു തിരിച്ചു. വളഞ്ഞും പുളഞ്ഞും പോകുന്ന, കുത്തനെയുള്ള റോഡുകണ്ടപ്പോള്‍ അനുവിനു ഭയം തോന്നി. ഈ കുന്നിന്‍റെ നെറുകയിലാണോ ആഗ്നസ് ആന്‍റിയുടെ താമസം? ഹോ ! വല്ലാത്ത മല തന്നെ !

കുറുക്കന്‍ മലയിലെത്തിയപ്പോള്‍ നേരം മൂന്നുമണി. അഡ്രസ് എഴുതിയ കടലാസ് കൈവശമുണ്ടായിരുന്നതിനാല്‍ വീടു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഓട്ടോറിക്ഷയില്‍ മുറ്റത്തു വന്നിറങ്ങിയപ്പോള്‍ ആഗ്നസിനു സംശയം തോന്നി. ഇതുതന്നെയാണോ വീട്? ഒരുപാട് പഴയ വീടാണല്ലോ!
ഡോര്‍ ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ അടുക്കളയില്‍ ചായ തിളപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന മേരിക്കുട്ടി ടർക്കി ടവ്വലിൽ കൈതുടച്ചിട്ടു വേഗം വന്ന് വരാന്തയിലേക്കുള്ള വാതില്‍ തുറന്നു. അപ്രതീക്ഷിതമായി ആഗ്നസിനെയും അനുവിനെയും കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു.
“കര്‍ത്താവേ, ഇതാര്!” അതിശയത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും മേരിക്കുട്ടി വരാന്തയിലേക്കിറങ്ങി അനുവിനെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു : “എന്‍റെ അനുക്കുട്ടിയല്ലേ ഇത്! എത്ര നാളായി കണ്ടിട്ട്. ഞങ്ങള്‍ എന്നും നിങ്ങളുടെ കാര്യം പറയുമായിരുന്നു .” ആഗ്നസിനെ നോക്കി ചിരിച്ചുകൊണ്ട് മേരിക്കുട്ടി ചോദിച്ചു:
“ടോണി വന്നില്ലേ?”
“ഇല്ല . അവന് ആശുപത്രീല്‍ പിടിപ്പതു പണിയാ. നിന്നു തിരിയാന്‍ നേരമില്ല. പുതിയ ആശുപത്രിയാ . അവിടുത്തെ മുഖ്യ ഡോക്ടറാ. ”
“ജാസേച്ചി എവിടെ?” – അനു നാലുചുറ്റും നോക്കിയിട്ടു ചോദിച്ചു.
“എന്‍റെ മോളേ അവളിപ്പം ഇവിടുത്തെ വല്ല്യ നേതാവാ. പൊതുപ്രവര്‍ത്തനോം പ്രസംഗോം ഒക്കെയായിട്ടു നടക്ക്വാ ആള്. ഇവിടുത്തെ പിള്ളേരുടെ കണ്ണിലുണ്ണിയാ. ഇന്നെന്തോ പള്ളീല് മീറ്റിംഗുണ്ടെന്നു പറഞ്ഞ് രാവിലെ പോയതാ. അതെങ്ങനാ ഇപ്പം വീട്ടിലിരിക്കാന്‍ നേരമില്ലല്ലോ അവൾക്ക് ”
“ചിത്തിരപുരത്തു മിണ്ടാമൂളിയായി നടന്ന പെണ്ണ് ഇവിടെ വന്ന് ഈ നാട്ടുകാരെ മുഴുവൻ കൈയിലെടുത്തെന്നോ ? അത്ഭുതമായിരിക്കുന്നല്ലോ ?” – ആഗ്നസ് ചിരിച്ചു.
“ഈ നാട്ടുകാരുടെ പ്രിയപ്പെട്ട പെണ്ണാ അവളിപ്പം . പള്ളീലെ അച്ചനും വല്യ കാര്യമാ . കെ സി വൈ എൽ ന്‍റെ യൂണിറ്റ് പ്രസിഡന്റാ. കഴിഞ്ഞ ഞായറാഴ്ച്ച അവളുടെ പ്രസംഗം ഉണ്ടായിരുന്നു പള്ളീൽ . എല്ലാവരും എന്തൊരു കയ്യടിയായിരുന്നെന്നോ . ഞാൻ പോലും അതിശയിച്ചു പോയി, ഇങ്ങനെ പ്രസങ്ങിക്കാൻ ഇവൾ എങ്ങനെ പഠിച്ചൂന്ന് ഓർത്ത് . ” ഒന്ന് നിറുത്തിയിട്ട് മേരിക്കുട്ടി തുടർന്നു : ”എന്റെ ആനീ ചിത്തിരപുരത്തെ ആളുകളെപ്പോലെയല്ല ഇവിടുള്ളോര്. നല്ല സ്നഹമുള്ള മനുഷ്യരാ. എന്തു സഹായവും ചെയ്യും. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇന്നുവരെ ഉണ്ടായിട്ടില്ല. ങ്ഹ…വന്ന കാലിൽ നിൽക്കാതെ . നിങ്ങളകത്തേക്കു കേറി ഇരിക്ക്.”
മേരിക്കുട്ടി അവരെ അകത്തേക്കു വിളിച്ചു സ്വീകരണമുറിയില്‍ കയറ്റി ഇരുത്തി. അഭിമുഖമായി മേരിക്കുട്ടിയും ഇരുന്നിട്ട് വീട്ടിലെയും നാട്ടിലെയും വിശേഷങ്ങള്‍ തിരക്കി.
മേരിക്കുട്ടി വീടുവിറ്റു പോന്നതിനുശേഷം ചിത്തിരപുരം ഗ്രാമത്തിലുണ്ടായ വിശേഷങ്ങള്‍ ഒന്നൊഴിയാതെ പറഞ്ഞു കേള്‍പ്പിച്ചു ആഗ്നസ്. കുറുക്കന്‍ മലയിലെ വിശേഷങ്ങള്‍ മേരിക്കുട്ടിയും പറഞ്ഞു.

അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുമ്പോള്‍ ജാസ്മിന്‍ കയറി വന്നു. ആഗ്നസിനെയും അനുവിനെയും കണ്ടപ്പോള്‍ അവള്‍ക്ക് അതിശയവും ആഹ്ലാദവും.
“ഇതു സര്‍പ്രൈസായിരിക്കുന്നല്ലോ?” ഓടിവന്നു അനുവിന്റെ കവിളിൽ ഇരുകരങ്ങളും ചേർത്തിട്ടു പറഞ്ഞു : ”എന്‍റെ അനൂട്ടിയുടെ മുഖം ഒരുപാടങ്ങു മാറിപ്പോയല്ലോ. ഇപ്പം നല്ല സുന്ദരിക്കുട്ടിയായീട്ടോ.”
അവളുടെ കരം പിടിച്ചിട്ടു തിരിഞ്ഞു ആഗ്നസിന്‍റെ നേരേ നോക്കി ചോദിച്ചു.
“സുഖാണോ ആന്‍റീ?”
“സുഖാണോന്നു ചോദിച്ചാ സുഖാ. സുഖം അല്ലേന്നു ചോദിച്ചാ അല്ല. സുഖവും ദുഃഖവുമൊക്കെ ഇങ്ങനെ മാറീം മറിഞ്ഞും വരുകല്ലേ . മോള് ഒരുപാട് ക്ഷീണിച്ചു പോയല്ലോ.”
“അതെങ്ങനാ വീട്ടിലിരിക്കാന്‍ നേരമുണ്ടോ അവള്‍ക്ക്. വെയിലുംകൊണ്ടു നടപ്പല്ലേ ഓരോ കാര്യത്തിനായിട്ട്. പള്ളീലെ അച്ചന്റെ അടുത്ത ആളാ. എല്ലാ കാര്യങ്ങളും അച്ചന്‍ ഇവളെയാ ഏല്പിക്കുന്നത് . ” – മേരിക്കുട്ടി പറഞ്ഞു.
“ഇന്നെന്തായിരുന്നു പള്ളീല്?” ആഗ്നസ് ചോദിച്ചു
” ഇവിടുത്തെ കൃഷിക്കാര്‍ക്കായിട്ട് സ്വാശ്രയ വിപണിയെക്കുറിച്ചൊരു ക്ലാസുണ്ടായിരുന്നു ആന്റി. . കൃഷി ഓഫീസറാ ക്ലാസെടുത്തത്. ഇവിടുള്ളോര് പാവങ്ങളായതുകൊണ്ട് അവര്‍ ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ നിസ്സാരവിലയ്ക്ക് പട്ടണത്തിലുള്ളോരു വന്നു പറ്റിച്ചു വാങ്ങിച്ചോണ്ടു പോകും. അതുകൊണ്ട് ഇടനിലക്കാരില്ലാതെ അവരുടെ കാര്‍ഷികവിളകള്‍ ഇവിടെ ത്തന്നെ സംഭരിച്ചു ലേലം ചെയ്തു വില്‍ക്കാനുള്ള ഒരു സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാ ഞങ്ങൾ ഇപ്പം .”
“അതു നല്ല കാര്യാ മോളേ. നാട്ടുകാര്‍ക്കു ഗുണമുള്ള കാര്യങ്ങളു ചെയ്താല്‍ അവര്‍ അതിന്‍റെ നന്ദീം സ്നേഹോം കാണിക്കും.” – ആഗ്നസ് പറഞ്ഞു.
“ഇവിടുള്ളോര്‍ക്ക് എന്നെ ഇപ്പം വല്യ ഇഷ്ടാ ആന്‍റീ. ങ്ഹ… നീയിപ്പം പഠിക്കുന്നുണ്ടോ കൊച്ചേ ?”
ജാസ്മിന്‍ അനുവിന്‍റെ നേരേ തിരിഞ്ഞു.
”കുറച്ചുനാളു കമ്പ്യൂട്ടറു പഠിച്ചു. ഇപ്പം ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടീച്ചറായിട്ടു ജോലി ചെയ്യ്വാ.”
“ങ്ഹാഹാ… ടീച്ചറാണോ. മിടുക്കി.”
അവര്‍ കുശലം പറഞ്ഞിരിക്കുമ്പോള്‍ മേരിക്കുട്ടി പോയി ചായ ഉണ്ടാക്കിക്കൊണ്ടുവന്നു. ചായ കുടിച്ചു കഴിഞ്ഞിട്ട് ജാസ്മിന്‍ അനുവിനോടു പറഞ്ഞു:
“വാ. നമുക്കൂ ഈ സ്ഥലമൊക്കെ ഒന്നു ചുറ്റിക്കറങ്ങി കണ്ടിട്ടു വരാം. നല്ല രസമാ കാണാന്‍.”
അനുവിനെ വിളിച്ചുകൊണ്ട് അവള്‍ പുറത്തേക്കു പോയി. ആ പ്രദേശമാകെ ചുറ്റി നടന്ന് അവളെ കാണിച്ചു കൊടുത്തു. അനുവിന് ആ പ്രദേശം ഇഷ്ടമായി. പ്രത്യേകിച്ച് പാറയുടെ മുകളില്‍നിന്നു താഴേക്ക് നോക്കുമ്പോള്‍ താഴ്വാരത്തു കാണുന്ന ദൃശ്യങ്ങള്‍.
“ഒരാഴ്ച ഇവിടെ താമസിച്ചിട്ടു പോയാ മതീട്ടോ.” പാറപ്പുറത്ത് കാറ്റുകൊണ്ടിരിക്കുമ്പോള്‍ ജാസ്മിന്‍ പറഞ്ഞു.
“നല്ല കാര്യായി.” അനു ചിരിച്ചു.
ചിരിയും തമാശകളും വിശേഷങ്ങളുമായി ഒരുപാടു നേരം അവര്‍ പാറപ്പുറത്തു ചിലവഴിച്ചു. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മേരിക്കുട്ടി ജാസ്മിനെ വഴക്കു പറഞ്ഞു. കപ്പ പുഴുങ്ങിയതും മീന്‍കറിയും ടേബിളില്‍ നിരത്തി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായിരുന്നു.
കൈകഴുകിയിട്ട് അനുവും ജാസ്മിനും ടേബിളിനരികില്‍ കസേരയിലിരുന്നു. കപ്പ തിന്നുന്നതിനിടയില്‍ ആഗ്നസ് ജാസ്മിനെ നോക്കി പറഞ്ഞു:
“അറിഞ്ഞായിരുന്നോ. ടോണീടെ കല്യാണമാ. അടുത്ത മാസം പന്ത്രണ്ടാംതീയതി. അതിനു ക്ഷണിക്കാന്‍ കൂടിയാ ഞങ്ങളിപ്പം വന്നത്.”
ജാസ്മിന്‍ ഒരു നിമിഷനേരം നിശ്ചലമായി.
“അനു പറഞ്ഞില്ലായിരുന്നോ?” – ആഗ്നസ് ചോദിച്ചു.
“ഇല്ല.”
“അമ്മ പറയട്ടേന്നോര്‍ന്ന് ഞാനക്കാര്യം ഒന്നും പറഞ്ഞില്ലമ്മേ .” അനു പറഞ്ഞു.
ആഗ്നസ് എല്ലാ കാര്യങ്ങളും വിശദീകരിച്ചു. എന്നിട്ടു പറഞ്ഞു.
“രണ്ടുപേരും തലേന്നു തന്നെ എത്തിയേക്കണം. ടോണി പ്രത്യേകം പറഞ്ഞിട്ടുണ്ട്.”
“ഉം.”
ദുര്‍ബലമായി അവൾ തലകുലുക്കി. ഭക്ഷണം കഴിഞ്ഞ് എണീറ്റു കൈകഴുകിയിട്ട് അവള്‍ വരാന്തയിലെ കസേരയില്‍ പോയി ഇരുന്നു. പിന്നീട് ആരോടും അധികം സംസാരിച്ചില്ല അവള്‍.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ജാസ്മിന്‍റെ ഹൃദയം തേങ്ങുകയായിരുന്നു . ഒരുപാടുകാലം മനസ്സില്‍ കൊണ്ടുനടന്ന രൂപം ഇനി മറ്റൊരാളുടെ സ്വന്തമാകുന്നു . ഓര്‍ക്കുമ്പോള്‍ ചങ്കിനകത്ത് എവിടെയോ ഒരു നൊമ്പരം.
എന്തിനാണ് താൻ നൊമ്പരപ്പെടുന്നത്? മനസാക്ഷി അവളോട് ചോദിച്ചു. ഹൃദയത്തിൽ നിന്നു പണ്ടേ എടുത്തു മാറ്റിയതല്ലേ ആ ചിത്രം ? പിന്നെന്തിനു വിഷമിക്കണം ? അയാളിനി വേറെ പെണ്ണിനെ കല്യാണം കഴിച്ചു സുഖായിട്ടു ജീവിക്കട്ടെ. സ്നേഹവും സൗന്ദര്യവും സമ്പത്തുമുള്ള പെണ്ണിനെ. താൻ എന്തിന് അതിൽ ദുഖിക്കണം ? മനസിനെ പിടിച്ചുകെട്ടാൻ നന്നേ പാടുപെട്ടു ജാസ്മിൻ. .
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് അവള്‍ ഒന്നു തിരിഞ്ഞു കിടന്നു.
പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണം കഴിച്ചിട്ട് ആഗ്നസും അനുവും യാത്ര പറഞ്ഞു പിരിഞ്ഞു.


പതിനൊന്നാം തീയതി രാത്രി ജാസ്മിനുറക്കം വന്നില്ല. ഓരോന്നോര്‍ത്തു നെടുവീര്‍പ്പിട്ടു കിടന്നു.
നാളെയാണ് ടോണിയുടെ വിവാഹം! കല്യാണവീട്ടില്‍ ഇപ്പോള്‍ പൊട്ടിച്ചിരികളും ആഹ്ലാദാരവങ്ങളുമായിരിക്കും. നാളെ ഈ നേരത്ത് ആതിര ടോണിയുടെ നെഞ്ചില്‍ മുഖം ചേര്‍ത്തു സ്വപ്നങ്ങള്‍ പങ്കുവച്ചു കിടക്കുകയാവും. ആ സ്ഥാനത്ത് താനായിരുന്നു കിടക്കേണ്ടിയിരുന്നത്. ദൈവം അതിന്‌ അനുവദിച്ചില്ല . സാരമില്ല. ദൈവം വിധിച്ചത് മനുഷ്യന് മാറ്റാൻ പറ്റില്ലല്ലോ .

കല്യാണത്തിനു പോകണമെന്ന് തനിക്ക് ഒട്ടും ആഗ്രഹമില്ല. പക്ഷേ, അമ്മ സമ്മതിക്കില്ല. പോകണമെന്ന് അമ്മയ്ക്ക് നിർബന്ധം . അമ്മയുടെ സ്വന്തം മകനെപ്പോലെയാണത്രേ ടോണി. രണ്ടു ദിവസം മുമ്പേ പോകാന്‍ അമ്മ തിടുക്കം കൂട്ടിയതാണ്. എന്തായാലും അമ്മയ്ക്കൊരു കൂട്ടായി താനും പോയേ പറ്റൂ.

അവൾ ഒന്ന് തിരിഞ്ഞു കിടന്നു . ഓരോന്നാലോചിച്ചു കിടന്ന് എപ്പോഴോ മയങ്ങി.

പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് അവര്‍ നാട്ടിലേക്കു പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കല്യാണം. നേരേ പള്ളിയിലേക്കാണവര്‍ പോയത്. പള്ളിയിലെത്തിയപ്പോള്‍ മണി രണ്ട് നാല്പത് .
പള്ളിയങ്കണത്തില്‍ ധാരാളം ആളുകളുണ്ടായിരുന്നു ! കാറുകളുടെ പ്രളയം. പരിചയക്കാരെയും കൂട്ടുകാരെയും അഭിമുഖീകരിക്കാന്‍ വിഷമം തോന്നിയതുകൊണ്ട് ജാസ്മിൻ ആളൊഴിഞ്ഞ കോണിലേക്കു മാറിനിന്നു.

അങ്ങനെ നില്‍ക്കുമ്പോള്‍ അലങ്കരിച്ച ഒരു കാര്‍ സാവധാനം പള്ളിമുറ്റത്തേക്ക് വരുന്നതവൾ കണ്ടു. ആ വാഹനം പള്ളി അങ്കണത്തിൽ വന്നു നിന്നു. കാറിന്‍റെ പിന്‍വാതില്‍ തുറന്ന് ആദ്യം ഇറങ്ങിയത് ആഗ്നസ്. തൊട്ടുപിന്നാലെ അനു. ആഗ്നസ് വന്നു മുന്‍വാതില്‍ തുറന്നു.

കോട്ടും സ്യൂട്ടുമണിഞ്ഞ് സുസ്മേരവദനനായി ടോണി കാറില്‍ നിന്നിറങ്ങുന്നത് കണ്ടപ്പോള്‍ ജാസ്മിന്‍റെ നെഞ്ചകം ഒന്നു പിടഞ്ഞു. കണ്ണുകള്‍ അറിയാതെ നിറഞ്ഞു. തൂവാലയെടുത്ത് മിഴികള്‍ തുടച്ചിട്ട് അവൾ കീഴ്പോട്ടുനോക്കി നിന്നു . (തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here