ഒരു കൊടുങ്കാറ്റുപോലെയാണ് ആഗ്നസ് വീട്ടിലേക്ക് മടങ്ങിച്ചെന്നത്!
ടോണിയും ആതിരയും വീട്ടിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ.
ഗേറ്റ് അടഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ മനസ്സിലായി ആള്‍ എത്തിയിട്ടില്ലെന്ന് .
“ചേട്ടായിയും ചേച്ചീം വന്നില്ലാന്നു തോന്നുന്നു.”
അനു അങ്ങനെ പറഞ്ഞപ്പോള്‍ ആഗ്നസ് പ്രതിവചിച്ചു:
“അച്ചിവീട്ടില്‍ സുഖിച്ചു കിടക്കുകയാവും. ഇങ്ങു വരട്ടെ.”
“എന്നാലും അലീനേച്ചിയെ ഒന്നു കാണണമെന്നു ചേട്ടായിക്ക് തോന്നിയില്ലല്ലോ അമ്മേ .”
“ആ പെണ്ണിന്റെ തടവറയിലാ അവനിപ്പം. നീ പറഞ്ഞപോലെ നമുക്ക് ചേരുന്ന ഒരു ബന്ധമായിരുന്നില്ല മോളെ അത് .”
താക്കോലെടുത്തു വാതില്‍ തുറന്ന് ആഗ്നസും അനുവും അകത്തുകയറി. വേഷം മാറിയിട്ട് ആഗ്നസ് അടുക്കളയിലേക്കു പോയി.
”ഞാൻ ചേട്ടായിയെ ഒന്ന് വിളിച്ചു നോക്കട്ടെ അമ്മേ ?” അനു ചോദിച്ചു.
”ങ്ഹാ നോക്ക് . എവിടെപ്പോയിക്കിടക്കുവാന്ന് അറിയാല്ലോ ”
അനു മൊബൈൽ എടുത്തു ടോണിയുടെ നമ്പർ ഞെക്കി.ബെൽ ഉണ്ട് . പക്ഷേ നോ റെസ്പോൺസ്.
”എടുക്കുന്നില്ല അമ്മേ. അതിരേച്ചിയെ വിളിക്കട്ടേ അമ്മേ ?”
” വേണ്ട . അവൾക്കിങ്ങോട്ടൊന്നു വിളിക്കാൻ തോന്നിയില്ലല്ലോ. അവർക്കിഷ്ടമുള്ളപോലെ ചെയ്യട്ടെ. . ഇനി ആരേം വിളിക്കണ്ട ” ആഗ്‌നസ് ദേഷ്യത്തിലായിരുന്നു .
മൂന്നു മണി കഴിഞ്ഞപ്പോള്‍ മുറ്റത്ത് കാര്‍ വന്ന ശബ്ദം കേട്ടു. ആഗ്നസ് ജനാലയിലൂടെ നോക്കി.
ടോണിയും ആതിരയും കാറില്‍ നിന്നിറങ്ങുകയാണ്.
അതുകണ്ടപ്പോൾ ആഗ്നസിനു ദേഷ്യമാണു തോന്നിയത്. നന്ദിയില്ലാത്ത മനുഷ്യന്‍!
ടോണി മുറിയിലേക്കു കയറിവന്നപ്പോള്‍ ആഗ്നസ് മുഖം കറുപ്പിച്ചു നില്ക്കുകയായിരുന്നു. ടോണിക്കു കാര്യം പിടികിട്ടി.
“ഈ ഡോക്ടറുപണി ഒരു വല്ലാത്ത കുരിശാ അമ്മേ. രാവിലെ മരിച്ചടക്കിനു വരാനായിട്ടു തുടങ്ങുമ്പഴാ ആശുപത്രീന്ന് ഒരു കോള്‍. ഒരെമര്‍ജന്‍സി കേസ് . ഒഴിവാക്കാന്‍ കഴിയുന്നതും നോക്കി. സമ്മതിക്കണ്ടേ. ഒരാളുടെ ജീവന്റെ പ്രശ്നമാണല്ലോന്നു ഓർത്തപ്പം പോകാമെന്നു വച്ചു. അതു ഭാഗ്യമായി. സമയത്തു ചെന്നതുകൊണ്ട് ഒരു കൊച്ചിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ഒരു പാവപ്പെട്ട വീട്ടിലെ നാലു വയസുള്ള ഒരു കൊച്ചായിരുന്നു. തലകറങ്ങി വീണതാ. ഞാൻ കൃത്യസമയത്ത് എത്തിയതുകൊണ്ടു ആ പാവത്തിന്റെ ജീവൻ രക്ഷപെട്ടു ”
അമ്മ മറുപടി ഒന്നും പറയാതിരിക്കുന്നത് കണ്ടപ്പോൾ ടോണി തുടർന്നു .
”ഒരു ഡോക്ടർ ആകണ്ടായിരുന്നൂന്ന് ഇപ്പം തോന്നിപ്പോകുവാ . സ്വന്തക്കാരുടെ മരിച്ചടക്കിനു പോലും പോകാൻ പറ്റാത്ത സ്ഥിതിയായി.”
ടോണി വിദഗ്ധമായി ഒരു നുണ കെട്ടിച്ചമച്ചു പറയുന്നത് കേട്ടപ്പോൾ ആതിരയ്ക്ക് ഉള്ളില്‍ ചിരി വന്നുപോയി. കൊള്ളാം. നന്നായിരിക്കുന്നു അഭിനയം. ആള് നല്ല നടൻ തന്നെ .
“ങ്ഹ… ശവമടക്കിന് ഒരുപാടാളുകളുണ്ടായിരുന്നോ അമ്മേ ? ”
”ഉം ” ആഗ്നസ് മൂളിയതല്ലാതെ കൂടുതലൊന്നും പറഞ്ഞില്ല.
”വരാന്‍ പറ്റാത്തതില്‍ എനിക്ക് ഒരുപാട് വിഷമമുണ്ട്.”
ടോണി ദുഃഖം അഭിനയിച്ചു.
“ചേട്ടായിയെ എല്ലാരും അന്വേഷിച്ചു.”
അനു പറഞ്ഞു.
“ഡോക്ടര്‍മാരുടെ ജീവിതം ഇങ്ങനാ കൊച്ചേ . സ്വന്തം കാര്യത്തിന് ഒരിക്കലും സമയം കിട്ടില്ല. സ്വസ്ഥതയില്ലാത്ത ജോലിയാ.”
”മേരി ആന്റി വന്നു സങ്കടം പറഞ്ഞു . ചേട്ടായി ആന്റിയെ വിളിച്ചു കാര്യം പറയണം ”
” പറയാം..ഞാൻ ഈ വേഷം ഒന്ന് മാറിക്കോട്ടെ ”
അതു പറഞ്ഞിട്ട് ടോണി വേഷം മാറാന്‍ മുറിയിലേക്ക് പോയി.
പിന്നാലെ ചെന്നിട്ട് ആതിര ചിരിച്ചുകൊണ്ട് സ്വരം താഴ്ത്തി പറഞ്ഞു:
“മിടുക്കനാ അഭിനയിക്കാന്‍. നന്നായിരുന്നുട്ടോ. സിനിമേൽ ചാൻസ് കിട്ടും “
”അമ്മ മുഖം കറുപ്പിച്ചിരിക്കുന്നതു കണ്ടില്ലായിരുന്നോ നീ ? വെള്ളമടിച്ചു കിറുങ്ങിപ്പോയ കാരണം രാവിലെ എണീല്‍ക്കാന്‍ വൈകി. അതുകൊണ്ട് വരാൻ പറ്റിയില്ല എന്ന് എനിക്ക് പറയാന്‍ പറ്റ്വോ? അങ്ങനെ പറഞ്ഞാൽ അപ്പം കിട്ടില്ലേ ചെകിട്ടത്ത് ഒരെണ്ണം. ഒരു ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞൂന്നു പറഞ്ഞപ്പം അമ്മേടെ ഭാവം മാറിയത് നീ ശ്രദ്ധിച്ചോ ?”
“ഓ. അല്ലെങ്കില്‍ സത്യം പറഞ്ഞാ എന്തു സംഭവിക്കുമെന്നാ ടോണി പറയുന്നത്? അമ്മ ടോണിയെ എടുത്തങ്ങു വിഴുങ്ങുവോ ? ഇത്രയ്ക്കു പേടിയാണോ ടോണിക്ക് അമ്മയെ ?”
”അമ്മയല്ലേ . നമുക്ക് പിണക്കാൻ .പറ്റുമോ ”
“എല്ലാക്കാലത്തും അമ്മേടെ ചൊല്‍പ്പടിക്കു നില്‍ക്കാതെ സ്വന്തം കാലിൽ നില്ക്കാൻ നോക്കണം.. ടോണിക്ക് അതിനുള്ള സാമര്‍ത്ഥ്യക്കുറവുണ്ട്.”
ആതിര അത് പറഞ്ഞപ്പോള്‍ ടോണിക്ക് ദേഷ്യം തോന്നി . തന്‍റെ കഴിവിനെയാണിവൾ ചോദ്യം ചെയ്തിരിക്കുന്നത്. തെല്ലു നേരം അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിനിന്നു.
”നോക്കണ്ട. ഞാൻ പറഞ്ഞത് സത്യമാ . ടോണിക്ക് ഇത്തിരി പ്രാപ്തിക്കുറവുണ്ട് . കല്യാണം കഴിഞ്ഞാൽ പിന്നെ ആണുങ്ങൾ അമ്മക്കല്ല , വൈഫിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.”
”രണ്ടു പേരെയും ഒരുപോലെ കാണണമെന്നാ എന്റെ പോളിസി ”
”ആ പോളിസിയും വച്ചോണ്ടിരുന്നാൽ നമ്മൾ തമ്മിൽ മുട്ടൻ വഴക്കുണ്ടാക്കേണ്ടി വരും ”
രസിക്കാത്ത മട്ടിൽ ആരതി അങ്ങനെ പറഞ്ഞിട്ട് കസേരയിലിരുന്നു.
ആ സമയം ആഗ്നസ് അടുക്കളയിൽ നിന്ന് ടോണിയെ ഉറക്കെ വിളിച്ചു. ആതിര പറഞ്ഞു.
“ചെല്ല് ചെല്ല്. ഇല്ലെങ്കില്‍ തള്ള മുഖം കറുപ്പിക്കും.”
ടോണി ഒന്നും മിണ്ടാതെ അമ്മയുടെ അടുത്തേക്കു പോയി.
“ഹോ ..ഇങ്ങനെയൊരു കോന്തൻ .”
പിറുപിറുത്തുകൊണ്ട് ആതിര കൈയിലിരുന്ന ഹാന്‍ഡ്ബാഗ് മേശയിലേക്കു വലിച്ചെറിഞ്ഞു .
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവിന്‍റെ നെഞ്ചില്‍ വിരലുകളോടിച്ചുകൊണ്ട് ആതിര ചോദിച്ചു.
“ഞാനൊരു കാര്യം പറഞ്ഞാല്‍ ടോണി കേള്‍ക്ക്വോ?”
“എന്താ?”
“ഈ പഴഞ്ചൻ വീടുംപറമ്പും വിറ്റിട്ട് നമുക്ക് പട്ടണത്തിലൊരു വീടുവാങ്ങി അങ്ങോട്ട് താമസം മാറ്റാം. ആശുപത്രീൽ പോകാനും വരാനും ടോണിക്ക് അതാ സൗകര്യം.”
“തറവാടു വില്ക്കാന്‍ അമ്മ സമ്മതിക്കില്ല. “
“ടോണി പറഞ്ഞു സമ്മതിപ്പിക്കണം.”
“പട്ടണത്തിലെ താമസമൊന്നും അമ്മയ്ക്കിഷ്ടാവില്ല. അതാലോചിക്കാതിരിക്കുന്നതാ ഭംഗി. ഈ വീടും സ്ഥലവും അമ്മേടെ പേരിലാ. അതുകൊണ്ട് അമ്മ സമ്മതിക്കാതെ ഇത് വിൽക്കാൻ പറ്റില്ല “
“അമ്മ സമ്മതിക്കുന്നില്ലെങ്കില്‍ വേണ്ട. എന്‍റെ സ്ത്രീധനക്കാശുകൊണ്ട് നമുക്കൊരു വീടുവാങ്ങി അങ്ങോട്ടു താമസം മാറ്റാം .”
“അമ്മയെ തനിച്ചാക്കിയിട്ടോ?”
“തനിച്ചാക്കണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ? അമ്മ നമ്മുടെ കൂടെ വരുന്നെങ്കില്‍ വന്നോട്ടെ. എന്തായാലും നമുക്കിവിടെ നിന്നു താമസം മാറ്റണം.”
“എന്താ പെട്ടെന്നിങ്ങനെയൊരു തോന്നല്‍?”
“പെട്ടെന്നല്ല. കുറച്ചുനാളായി ഞാനാലോചിക്കാന്‍ തുടങ്ങീട്ട്.” ഒന്നു നിറുത്തിയിട്ട് ആതിര തുടര്‍ന്നു. “ഈയിടെയായി അമ്മയുടെ സംസാരവും പ്രവൃത്തിം ഒന്നും എനിക്കത്ര പിടിക്കുന്നില്ല.”
“എന്തുണ്ടായി? അമ്മ ദേഷ്യപ്പെടുകയോ വഴക്കുപറയുകയോ വല്ലോം ചെയ്തോ?”
“എന്‍റെ രീതികളൊന്നും അമ്മയ്ക്കു പിടിക്കുന്നില്ല. ഞാനിങ്ങോട്ടു വലിഞ്ഞു കേറി വന്നപോലെയാ തള്ളേടെ ചിലപ്പോഴത്തെ സംസാരം . .വഴക്കുണ്ടാക്കി പോകുന്നതിനേക്കാള്‍ നല്ലതല്ലേ സന്തോഷത്തോടെ പോകുന്നത്.”
“ഞാനമ്മയോടൊന്നു സംസാരിക്കട്ടെ. .”
ടോണി അവളെ സമാധാനിപ്പിച്ചു.
പിറ്റേന്ന് ആതിര കുളിക്കാൻ ബാത് റൂമിൽ കയറിയപ്പോൾ ടോണി അമ്മയോട് വീടുവില്ക്കുന്ന കാര്യം സംസാരിച്ചു.
ആഗ്നസ് പൊട്ടിത്തെറിച്ചു.
“തറവാടു വില്ക്കണമെന്നു പറയാന്‍ നിനക്കെങ്ങനെ തോന്നീടാ? ആരാ നിനക്കീ ദുര്‍ബുദ്ധി ഉപദേശിച്ചുതന്നത്?”
“ആരും ഉപദേശിച്ചതല്ല. പട്ടണത്തിലാവുമ്പം എനിക്കു വരാനും പോകാനും സൗകര്യമാണല്ലോന്ന് കരുതി പറഞ്ഞതാ . അതുമല്ല, ഈ പഴഞ്ചന്‍ വീട്ടില്‍ ഇനിം കിടക്കുകാന്നു പറഞ്ഞാല്‍ എന്‍റെ ഇപ്പോഴത്തെ നിലയ്ക്കും വിലയ്ക്കും മോശമല്ലേ ?”
“അത്ര കുറച്ചിലാണെങ്കില്‍ നീയും കെട്ട്യോളും കൂടി പൊയ്‌ക്കോ. ഞാനും അനുവും ഇവിടെ കഴിഞ്ഞോളാം. ഞങ്ങള്‍ക്കൊരു കുറച്ചിലുമില്ല.”
“അമ്മ ചൂടാവാതെ. ഞാനൊരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. അമ്മയ്ക്കിഷ്ടമില്ലെങ്കില്‍ പോകുന്നില്ല.”
“ഇഷ്ടമില്ലെന്നു മാത്രമല്ല, മരിക്കുന്നതുവരെ ഞാനീ വീട്ടിലേ താമസിക്കൂ. എന്റെ കെട്ടിയോൻ ഉണ്ടാക്കിയ വീടാ ഇത് “
ടോണി പിന്നെ ഒന്നും മിണ്ടിയില്ല. മിണ്ടിയിട്ട് കാര്യമില്ലെന്നു തോന്നി.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമ്മയുടെ തീരുമാനം ടോണി ആതിരയെ അറിയിച്ചു.
”ഈ പഴഞ്ചന്‍ വീട്ടില്‍ അമ്മ തനിയെ താമസിച്ചോട്ടെ. എനിക്കു വയ്യ ഈ കുടിലില്‍ കിടക്കാന്‍.
അമ്മയ്ക്കു വാശിയാണെങ്കില്‍ എനിക്കും വാശിതന്നെ. ഇങ്ങനെയൊരു മൂശേട്ട തള്ള ”
“അമ്മയേക്കുറിച്ചങ്ങനെയൊന്നും പറയരുത്. തറവാട് വില്ക്കാന്‍ ആര്‍ക്കാ മനസ്സുണ്ടാവുക? ഒരുപാടുകാലം ചവിട്ടിനടന്ന മണ്ണല്ലേ?”
“മണ്ണും കെട്ടിപ്പിടിച്ച് അമ്മ ഇവിടെ കിടന്നോട്ടെ . എനിക്കു വയ്യ ഈ കുശിനാപ്പില്‍ കഴിയാന്‍. തല്ക്കാലം നമുക്ക് ഒരു വാടക വീട്ടിലേക്കു മാറാം “
“അമ്മയെ ഉപേക്ഷിച്ചിട്ടോ ?”
”ടോണിക്ക് അമ്മയാണോ ഞാനാണോ വലുത് ?”
“എനിക്കു രണ്ടുപേരും ഒരുപോലാ .”
“അതാ കുഴപ്പം . അമ്മേടെ കാലിന്റെ ചുവട്ടീന്നു മാറാനുള്ള കരുത്തില്ല. എന്തിനാ ഇങ്ങനെ ആണാണെന്നു പറഞ്ഞു നടക്കുന്നേ ?”
“ഞാനൊന്നുകൂടി അമ്മയോടു സംസാരിച്ചുനോക്കാം.”
“പോത്തിന്‍റെ ചെവീല്‍ വേദമോതിയിട്ടെന്താ കാര്യം ?”
ആതിര കലിതുള്ളി തിരിഞ്ഞു കിടന്നു . ടോണി കൈ എടുത്തു അവളെ ചുറ്റി തന്നിലേക്ക് ചേർത്ത് കിടത്താൻ നോക്കിയപ്പോൾ അവൾ ഈർഷ്യയോടെ കൈ തട്ടി മാറ്റി .
ടോണിക്കു വിഷമം തോന്നി .ചെകുത്താനും കടലിനും ഇടയിലായിപോയല്ലോ താൻ . ആതിര പിടിവാശിക്കാരിയാണ്. അവള്‍ എന്താഗ്രഹിച്ചാലും അതു നടത്തിയേ അടങ്ങൂ.
ഒരുകണക്കിന് അവള്‍ പറയുന്നതല്ലേ ശരി എന്ന് ഓർത്തു . പട്ടണത്തിലേക്കു താമസം മാറ്റുന്നതല്ലേ തനിക്കും സൗകര്യം?
എങ്ങനെയും അമ്മയെ പറഞ്ഞു സമ്മതിപ്പിക്കണം.
പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ ടോണി ഒരിക്കല്‍കൂടി അമ്മയോട് ഈ കാര്യം പറഞ്ഞു.
ആഗ്നസിന് അതു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അവര്‍ സമ്മതിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ടോണിക്കു ദേഷ്യം വന്നു.
“പഴയ തറവാടും കെട്ടിപ്പിടിച്ച് അമ്മ ഇവിടിരുന്നോ. ഒരു വലിയ കാറ്റുവീശിയാല്‍ ഇടിഞ്ഞുവീഴും ഈ ചെറ്റപ്പുര. മുഴുവന്‍ ചിതലെടുത്തിരിക്ക്വല്ലേ?”
”ഇപ്പഴാണോ ഇതൊരു ചെറ്റപ്പുരയായിട്ട് നിനക്ക് തോന്നിയത് ? പെണ്ണ് കെട്ടിയാൽ മനുഷ്യൻ ഇങ്ങനെ മാറിപ്പോകുവോ ?
ആഗ്നസ് മകനെ തുറിച്ചു നോക്കി.
അടുത്ത മുറിയില്‍നിന്ന് ആതിര ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുവന്നിട്ട് പറഞ്ഞു:
“എന്തായാലും ഞങ്ങളിനി ഈ വീട്ടിൽ താമസിക്കാന്‍ ഉദ്ദേശിക്കുന്നില്ല . ഒന്നുകില്‍ അമ്മയ്ക്കു ഞങ്ങളുടെ കൂടെ വരാം. അല്ലെങ്കില്‍ തനിയെ ഇവിടെ താമസിക്കാം. എന്താ വേണ്ടതെന്ന് അമ്മ തീരുമാനിച്ചോ.”
“നീയാരാടി ഇതു പറയാന്‍?” ആഗ്നസ് ആതിരയുടെ നേരെ ചീറി. “എന്‍റെ മകന്‍ പറയട്ടെ എന്നെ വേണോ വേണ്ടായോന്ന് . കെട്ടിവന്ന പെണ്ണ് എന്നെ ഭരിക്കാൻ വരണ്ട. “
“ചോദിക്ക് ടോണി വരുന്നോ ഇല്ലായോന്ന് .”
ആതിര ടോണിയുടെ ചുമലിൽ പിടിച്ചു ഒരുന്തു കൊടുത്തു.
ടോണി ഒന്നും മിണ്ടിയില്ല .അതുകണ്ടപ്പോൾ അതിരക്ക് കലി കൂടി.
”ങും ..നട്ടെല്ലില്ലാത്ത മനുഷ്യൻ .അമ്മേടെ വാലിൽ തൂങ്ങി നടന്നോ ജീവിതകാലം മുഴുവൻ. ”
ചവിട്ടി തുള്ളിക്കൊണ്ടു അവൾ അവളുടെ മുറിയിലേക്കുപോയി. ടോണി ഭക്ഷണം കഴിച്ചിട്ട് മുറിയിലേക്ക് ചെന്നപ്പോൾ ആതിര രോഷത്തോടെ പറഞ്ഞു.
” ഒരാഴ്ചയ്ക്കുള്ളില്‍ ഈ വീട്ടില്‍നിന്നു താമസം മാറ്റണം. ഇല്ലെങ്കിൽ ഞാൻ എന്റെ വഴിക്ക് പോകും ”
അത് പറഞ്ഞിട്ട് അവൾ പോയി കട്ടിലിൽ കമിഴ്ന്നു കിടന്നു.
ടോണി ശാന്തമാക്കാൻ നോക്കിയെങ്കിലും അവൾ വാശിയിലായിരുന്നു .
അയാൾ ആശുപത്രിയിൽ പോയി കഴിഞ്ഞപ്പോൾ അവള്‍ ഫോണ്‍ ചെയ്ത് പപ്പയോട് കാര്യങ്ങള്‍ പറഞ്ഞു. പാപ്പച്ചനും അവളുടെ പക്ഷത്തായിരുന്നു.
“ഞാന്‍ ടോണിയോടു പറഞ്ഞു നോക്കാം മോളേ…”
പാപ്പച്ചൻ പറഞ്ഞു.
“നോക്കിയാൽ പോര. ടോണിയെക്കൊണ്ട് പപ്പ സമ്മതിപ്പിക്കണം. ഇനി ഒരു നിമിഷംപോലും എനിക്കിവിടെ കഴിയാന്‍ വയ്യ.”
“ഓകെ. ഓകെ. ഞാനിപ്പത്തന്നെ അവനെ വിളിക്കാം.”
പാപ്പച്ചൻ നല്ലവാക്കുകൾ പറഞ്ഞു .അവളെ സമാധാനിപ്പിച്ചു
ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ട് ആതിര വന്നു കസേരയിലേക്കു ചാരി പല്ലുഞെരിച്ചു. .
ആഗ്നസ് വല്ലാത്ത മനോവ്യഥയിലായിരുന്നു.
തറവാടുവിറ്റിട്ടു പട്ടണത്തിലേക്ക് താമസം മാറ്റുന്ന കാര്യം ചിന്തിക്കാനേ കഴിയുമായിരുന്നില്ല അവര്‍ക്ക്.
പക്ഷേ…ടോണി പോയാല്‍…?
തനിച്ചു താമസിക്കാൻ പറ്റുമോ തനിക്ക് ഇവിടെ ?
പോകുമോ അവന്‍?
അമ്മയെ ഇട്ടിട്ട് അവന്‍ പോകുമോ?
ആഗ്നസ് ഒന്നു നെടുവിര്‍പ്പിട്ടു.
അന്ന് പകൽ മുഴുവൻ ആതിര മുറിക്കുള്ളിൽ തനിച്ചിരുന്നു . ഭക്ഷണം കഴിക്കാൻ ആഗ്നസ് ചെന്ന് വിളിച്ചെങ്കിലും അവൾഡൈനിംഗ് റൂമിലേക്ക് ചെല്ലാൻ കൂട്ടാക്കിയില്ല .ആവശ്യമുള്ള ഭക്ഷണം ഒരു പ്ളേറ്റിൽ എടുത്തുകൊണ്ടു വന്നു കിടപ്പുമുറിയിലിരുന്നു കഴിച്ചു.
രാത്രിയില്‍ ടോണി വന്നപ്പോള്‍ ആതിര ചോദിച്ചു.
“പപ്പ വിളിച്ചിരുന്നോ?”
“ഉം.” നിർവികാരമായി മൂളി
“എന്തു തീരുമാനിച്ചു?”
“അമ്മയെ പിണക്കിയിട്ടു മാറണോ?”
“വേണ്ട. ടോണി അമ്മേടെ കൂടെ ഇവിടെ താമസിച്ചോ. ഞാനെന്‍റെ പപ്പേടെ കൂടെ അവിടെയും താമസിച്ചോളാം. കാണണമെന്ന് തോന്നുമ്പം അങ്ങോട്ട് വന്നാൽ മതി “
“സാവകാശം അമ്മയെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിക്കാം.”
“ആ തള്ളയോടു അവിടെ അടങ്ങിയിരിക്കാന്‍ പറ. സംസ്കാരമില്ലാത്ത ജന്തു …”
“പതുക്കെ പറ. ..അമ്മ കേള്‍ക്കും. “
“കേട്ടാലെന്താ? എന്‍റെ തല വെട്ടിക്കളയുമോ?”
ടോണി ഒന്നും പറഞ്ഞില്ല.
“നാളെ ഞാനെന്‍റെ വീട്ടില്‍പ്പോക്വാ. ഇനി ഈ ചെറ്റപ്പുരയിലേക്കു ഞാനില്ല . പുതിയ വീട്ടിലേക്കു താമസം മാറ്റിയിട്ടേ ഞാന്‍ വരൂ.”
ടോണി അപ്പോഴും മിണ്ടിയില്ല.
വികാരവിക്ഷുബ്ധമായിരുന്നു അയാളുടെ മനസ്സ്.
പ്രശ്നം ഇത്രത്തോളം ഗുരുതരമാകുമെന്ന് ചിന്തിച്ചില്ല.
അമ്മയേയും പെങ്ങളെയും ഉപേക്ഷിച്ചിട്ട് ഭാര്യയോടൊപ്പം മാറിത്താമസിക്കുക എന്നുപറഞ്ഞാല്‍ നാട്ടുകാരെന്തു വിചാരിക്കും? കല്യാണം കഴിഞ്ഞിട്ട് ഒരുവർഷം പോലും തികയുന്നതിനുമുമ്പേ ഇങ്ങനെയൊരു മാറ്റം വേണോ?
ടോണി ആതിരയോട് തന്‍റെ മനോവേദന പറഞ്ഞു. ആതിര സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു:
“നാട്ടുകാര് തെറ്റായി ഒന്നും വിചാരിക്കില്ല ടോണി. അഥവാ വിചാരിച്ചാല്‍ നമുക്കെന്താ ചേതം?”
ടോണി ഒന്നും മിണ്ടിയില്ല.
പിറ്റേന്ന് ആതിര അവളുടെ വീട്ടില്‍ പോയി. ടോണി എത്ര പറഞ്ഞിട്ടും അനുസരിക്കാൻ കൂട്ടാക്കിയില്ല അവൾ .
അതോടെ ടോണി കൂടുതൽ അസ്വസ്ഥനായി കാണപ്പെട്ടു.
വൈകാതെ ആതിരയുടെ പപ്പ പാപ്പച്ചൻ പട്ടണത്തിൽ നല്ലൊരു വീട് വാടകയ്ക്ക് എടുത്തു. കുറെ ഫര്‍ണിച്ചറുകളും വാങ്ങിയിട്ടു. ആതിരയ്ക്കു സന്തോഷമായി. അവള്‍ ടോണിയെ വിളിച്ചു സന്തോഷ വാർത്ത പറഞ്ഞു.
“അടുത്തയാഴ്ചതന്നെ നമുക്കങ്ങോട്ടു മാറണം ടോണി.”
“അമ്മ സമ്മതിക്കുന്നില്ല ആതിരേ ”
” ഒരു കണക്കിനു അമ്മ വരാതിരിക്കുന്നതാ നല്ലത്. നമുക്കൊരു ശല്യാവില്ലല്ലോ. ഇഷ്ടമുള്ളപ്പം പോകാനും വരാനും ആരുടെയും അനുവാദം ചോദിക്കേണ്ടല്ലോ . ടോണി ഒന്നാലോചിച്ചു നോക്ക് “
“ഈ വീട്ടിൽ ആണായിട്ട് ഞാൻ മാത്രമല്ലേയുള്ളൂ. അമ്മയെ നോക്കേണ്ടത് എന്റെ കടമയല്ലേ .”
“നോക്കേണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ ? അമ്മ വരുന്നെങ്കിൽ വന്നോട്ടെ . എല്ലാ സൗകര്യങ്ങളുമുള്ള നല്ല വീടാ. ടോണിക്ക് ഹോസ്പിറ്റലില്‍ പോകാനും വരാനും വളരെ എളുപ്പമാ. “
ആതിര പിന്നെയും ഓരോന്ന് പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ ടോണി സമ്മതം മൂളി.
താമസിയാതെ ടോണിയും ആതിരയും പട്ടണത്തിലെ വാടക വീട്ടിലേക്കു താമസം മാറ്റി ..ആഗ്നസും അനുവും കൂടെ പോകാൻ തയ്യാറായില്ല .
.നിറകണ്ണുകളോടെയാണ് ടോണി അമ്മയോട് യാത്ര പറഞ്ഞു പടി ഇറങ്ങിയത് . അവർ പോയി കഴിഞ്ഞപ്പോൾ ആഗ്നസും അനുവും നെഞ്ചുപൊട്ടി കരഞ്ഞു.
” നമ്മൾ രണ്ടു പെണ്ണുങ്ങൾ മാത്രം എങ്ങനെ ഇവിടെ കഴിയും അമ്മേ? ”
അനുവിന്റെ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല ആഗ്നസിന്
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30