Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 36

1810
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 36

കഥ ഇതുവരെ –
അയല്‍ക്കാരായ ടോണിയും ജാസ്മിനും കൗമാരപ്രായം മുതല്‍ പ്രണയബദ്ധരായിരുന്നു. വീട്ടുകാർ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു . എന്നാൽ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ടോണി ജാസ്മിനെ കൈയൊഴിഞ്ഞു. ആ മനോവിഷമത്തിൽ ജാസ്മിൻ ആത്മഹത്യക്ക് ശ്രമിച്ചു . ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച ടോണി ആതിര എന്ന പണക്കാരിയെ വിവാഹം കഴിച്ചു. ജാസ്മിനും അമ്മയും വീടുവിറ്റ് ഹൈറേഞ്ചില്‍ കുറുക്കന്‍മല എന്ന ഗ്രാമത്തില്‍ താമസമാക്കി. ആതിരയുടെ നിര്‍ബന്ധം മൂലം തറവാടും പറമ്പും വിറ്റിട്ട് പട്ടണത്തില്‍ പുതിയ വീടുവാങ്ങി താമസമാക്കി ടോണി. മനസ്സില്ലാമനസ്സോടെ അമ്മയും പെങ്ങളും ടോണിയുടെ കൂടെ താമസമാക്കി. തറവാടു വിറ്റു കിട്ടിയ തുകയിൽ ടോണിയുടെ പെങ്ങള്‍ അനുവിന്‍റെ ഷെയര്‍ അവളുടെ പേരില്‍ ബാങ്കിലിടണമെന്ന് അമ്മ നിര്‍ബന്ധിച്ചെങ്കിലും ടോണി ചെവിക്കൊണ്ടില്ല. ആതിര ടോണിയുടെ അമ്മയെയും പെങ്ങളെയും തീര്‍ത്തും അവഗണിച്ചു. കുറുക്കന്‍മലയിലെ ജയിംസ് എന്ന യുവാവ് ജാസ്മിനെ വിവാഹം കഴിച്ചു. ബാങ്കില്‍നിന്ന് പണം കടമെടുത്തു ജയിംസും ജാസ്മിനും കൂടി ഒരു റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാല തുടങ്ങി. (തുടര്‍ന്നു വായിക്കുക)

പന്ത്രണ്ടു വര്‍ഷങ്ങള്‍!
പന്ത്രണ്ടു വര്‍ഷങ്ങള്‍ കണ്ണടച്ചു തുറന്നതുപോലെ കടന്നുപോയി എന്നു ജാസ്മിനു തോന്നി!
പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയില്‍ എന്തുമാത്രം മാറ്റങ്ങള്‍!
ഇരുന്നെണീറ്റപ്പോലെ കോടികളുടെ സ്വത്തിന്റെ ഉടമയായി താൻ മാറി .
റെഡിമെയ്‌ഡ്‌ വസ്ത്രനിര്‍മ്മാണശാല, ടെക്സ്റ്റൈല്‍ ഷോപ്പ്, ആശുപത്രി… അവിശ്വസനീയമായിരിക്കുന്നു തന്‍റെ വളര്‍ച്ച എന്ന് ജാസ്മിൻ ഓർത്തു.
തിരിഞ്ഞു നോക്കിയപ്പോള്‍ ജാസ്മിന് അദ്ഭുതവും ആഹ്ലാദവും തോന്നി. ഒരു തലമുറകൊണ്ടു നേടാന്‍ കഴിയാത്ത വളര്‍ച്ചയല്ലേ ഒരു വ്യാഴവട്ടം കൊണ്ടുണ്ടായത്. ദൈവം സഹായിച്ച് തൊട്ടതെല്ലാം പൊന്നായി മാറി. ഒരു ബിസിനസ് പോലും നഷ്ടത്തിൽ കലാശിച്ചില്ല. കടമെടുത്താണെങ്കിലും തുടങ്ങിയതൊക്കെ വൻ വിജയമായി. തിരിച്ചടവ് മുടങ്ങിയില്ലെന്നു മാത്രമല്ല, പുതിയ ബിസിനസുകൾ തുടങ്ങാൻ ദൈവം വഴികാട്ടുകയും ചെയ്തു.
നല്ലതു ചെയ്‌താൽ നല്ലത് തമ്പുരാൻ തരുമെന്ന് പറയുന്നത് എത്രയോ ശരിയാണ് .
ഇതിനിടയില്‍ രണ്ടു കുഞ്ഞുങ്ങളെയും ദൈവം തന്നനുഗ്രഹിച്ചു. നന്മയുടെ പാതയില്‍നിന്നു വ്യതിചലിക്കാതെ ജീവിച്ചതുകൊണ്ട് ഈശോ തന്ന സമ്മാനങ്ങളാണ് എല്ലാം.
ജയിംസ് ഇടയ്ക്കിടെ പറയും:
“താന്‍ എന്‍റെ ജീവിതപങ്കാളിയായി വന്നില്ലായിരുന്നെങ്കില്‍ ഇപ്പഴും ആ മലമുകളില്‍ കിടന്നു ഞാന്‍ കഷ്ടപ്പെട്ടേനെ. ദൈവം കൊണ്ടുത്തന്ന നിധിയാ താന്‍ എനിക്ക്.”
അതു കേള്‍ക്കുമ്പോള്‍ ജാസ്മിന്റെ മനസ് സന്തോഷത്താൽ നിറഞ്ഞു തുളുമ്പും. തന്നെ അംഗീകരിക്കാനും സ്നേഹിക്കാനും ഒരു നല്ല മനുഷ്യനെ ദൈവം കൈപിടിച്ച് തന്നല്ലോ എന്ന സന്തോഷവും സംതൃപ്തിയും !

നഗരത്തിനടുത്ത് എല്ലാ സൗകര്യങ്ങളുമുള്ള ഇരുനിലവീട്. ഒന്നു മൂളുകയേ വേണ്ടൂ. പരിചാരകര്‍ ഓടിയെത്തും. എന്തൊരു സ്നേഹവും വിനയവുമാണവര്‍ക്ക്. പണമുണ്ടായപ്പോൾ സ്നേഹവും ബഹുമാനവും താനെ കയറി വന്നു. ഒക്കെ ദൈവാനുഗ്രഹമാണ്. അമ്മയുടെയും തന്‍റെയും കണ്ണീരിന് കര്‍ത്താവ് നല്‍കിയ പ്രതിഫലം.
തനിച്ചിരിക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ ദുരിതങ്ങളും വേദനകളും ജാസ്മിന്റെ മനസിലേക്ക് ഓടിക്കയറിവരും. ഈ സൗഭാഗ്യത്തില്‍ പങ്കുചേരാന്‍ പപ്പയും ചേച്ചിയും ഇല്ലാതെ പോയല്ലോ എന്ന ദുഃഖം ! സ്വര്‍ഗ്ഗത്തിലിരുന്ന് അവര്‍ എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും!.
ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്കു ചിറകടിച്ചു പറന്നപ്പോള്‍ പഴയ സംഭവങ്ങള്‍ ഒന്നൊന്നായി അവളുടെ മനസ്സില്‍ തെളിഞ്ഞു.
ടോണി…
ടോണി ഇപ്പോള്‍ എവിടെയായിരിക്കും?
ഏതെങ്കിലും വലിയ ആശുപത്രിയില്‍ ചീഫ് ഫിസിഷ്യനായി വിരാജിക്കുകയാവും. ഭാര്യയും കുട്ടികളുമൊക്കെയായി സന്തോഷത്തോടെ അടിച്ചുപൊളിച്ചു ജീവിക്കുകയാവും. ചിലപ്പോള്‍ തന്നെക്കാള്‍ ഉയര്‍ന്ന നിലയിലാകും. പ്രഗത്ഭനായ ഡോക്റ്ററല്ലേ. പണം വരവിനു കുറവില്ലല്ലോ .

ആഗ്നസ് ആന്‍റിയും അനുവും….? എത്രനാളായി അവരെ കണ്ടിട്ട് !
ഒന്നു കാണാന്‍ കൊതിയാവുന്നു .. അനുവിന് കുട്ടികള്‍ എത്രയായിക്കാണും? ഭര്‍ത്താവിനെന്തായിരിക്കും ജോലി? കല്യാണത്തിനു തന്നെ ക്ഷണിച്ചില്ലല്ലോ . അകന്നിരിക്കുമ്പോള്‍ ബന്ധങ്ങളും അകന്നുപോകുമെന്നു പറയുന്നത് എത്രയോ ശരിയാണ്.

വീടും പുരയിടവും വിറ്റു പോരുമ്പോള്‍ ഒരു പൊതി അവലോസുണ്ടയുമായി അനു ഓടിവന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്. തന്നെ മറന്നുകാണുമായിരിക്കുമോ അവള്‍ ഇപ്പോള്‍?

ജനിച്ച വീടും ഓടിക്കളിച്ചു നടന്ന മുറ്റവുമൊക്കെ ഒന്നു കാണണമെന്നു തോന്നി ജാസ്മിന്. താന്‍ പോന്നതിനുശേഷം ചിത്തിരപുരത്തിനുണ്ടായ മാറ്റങ്ങള്‍ ഒന്നു കാണണ്ടേ?
ജയിംസിനോട് ആഗ്രഹം പറഞ്ഞപ്പോള്‍ അയാള്‍ക്കും ജാസിന്റെ പഴയ വീടു കാണാന്‍ മോഹം.
“നമുക്ക് അമ്മയേയും കുട്ടികളെയും കൂട്ടി നാളെത്തന്നെ പോകാം.” – ജയിംസ് പറഞ്ഞു.
“ഉം.” ജാസ്മിനു സന്തോഷമായി.
അമ്മയുടെ പഴയ വീടു കാണാന്‍ പോകുന്നു എന്നു കേട്ടപ്പോള്‍ ജാസ്മിന്‍റെ മൂത്തമകന്‍ അഖിലിനും ഇളയമകള്‍ ശീതളിനും വലിയ സന്തോഷം. അഞ്ചാം ക്ലാസിലാണ് അഖില്‍ പഠിക്കുന്നത്. ശീതള്‍ ഒന്നിലും.

പിറ്റേന്നു പുലര്‍ച്ചെ അവര്‍ കാറില്‍ ചിത്തിരപുരത്തേക്കു തിരിച്ചു. കുട്ടികള്‍ വലിയ ആഹ്ലാദത്തിലായിരുന്നു.
ഏറെ നേരത്തെ യാത്രയ്ക്കുശേഷം കാര്‍ ചിത്തിരപുരം ഗ്രാമത്തിലേക്കു പ്രവേശിച്ചു. വിന്‍ഡ് ഗ്ലാസ് താഴ്ത്തി വച്ചിട്ട് ജാസ്മിന്‍ വെളിയിലേക്കു നോക്കി.

പണ്ട് സ്കൂളില്‍ പോയിക്കൊണ്ടിരുന്ന റോഡ്, വീതികൂട്ടി പുതുതായി ടാറു ചെയ്തിരിക്കുന്നു . ഇരുവശങ്ങളിലും എത്രയോ പുതിയ കെട്ടിടങ്ങളാണുയര്‍ന്നിരിക്കുന്നത്. ചിത്തിരപുരത്തിന്‍റെ മുഖച്ഛായ തന്നെ പാടേ മാറിയിരിക്കുന്നു.
അമ്പലക്കുളത്തിനടുത്തു കാര്‍ നിറുത്തിയിട്ട് അവര്‍ വെളിയിലിറങ്ങി നാലുപാടും നോക്കി. അമ്പലമുറ്റത്തെ വലിയ ആല്‍മരം അതേപടി തന്നെ നില്പുണ്ട്.
പഴയ പരിചയക്കാരും നാട്ടുകാരുമൊക്കെ അടുത്തു വന്നു കുശലം പറഞ്ഞു. തന്നെ കൗതുകത്തോടെ നോക്കിനിന്ന ഒരു ചെക്കനെ ജാസ്മിന്‍ ശ്രദ്ധിച്ചു. അത് അപ്പുക്കുട്ടനല്ലേ? അവനെ അടുത്തേക്കു വിളിച്ചിട്ട് അവള്‍ ചോദിച്ചു:
“നീ അപ്പുക്കുട്ടനല്ലേ?”
“ഉം.” അവന്‍ തലയാട്ടി.
ദൈവമേ! ജാസ്മിന്‍ അതിശയിച്ചുപോയി. കൊച്ചുന്നാളില്‍ താന്‍ എടുത്തുകൊണ്ടു നടന്ന കുട്ടിയാണ്. എന്തുമാത്രം വളര്‍ന്നിരിക്കുന്നു ഇവന്‍.
“എന്നെ ഓര്‍മ്മയുണ്ടോടാ നിനക്ക്.”
തന്നിലേക്കു ചേര്‍ത്തുനിറുത്തി വാത്സല്യപൂര്‍വ്വം അവന്‍റെ പുറത്തു തലോടിക്കൊണ്ടു ചോദിച്ചു.
ഇല്ല എന്ന അര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി.
“എങ്ങനെ ഓര്‍ക്കാനാ. ഞാനിവിടുന്നു പോകുമ്പം നിനക്കു മൂന്നുവയസ്സ്.”
ബാഗില്‍നിന്നു കുറെ മിഠായി എടുത്തു ജാസ്മിന്‍ അവനു നീട്ടി. രണ്ടു കൈയും നീട്ടി അവനതു വാങ്ങി.
“നിന്‍റച്ഛനിപ്പം എന്നാ ചെയ്യുന്നു?”
“അച്ഛന്‍ മരിച്ചുപോയി.”
“കര്‍ത്താവേ, ദിവാകരേട്ടന്‍ മരിച്ചുപോയോ? എന്തായിരുന്നു അസുഖം?”
“ക്യാന്‍സറായിരുന്നു.”
“അമ്മ?”
“വീട്ടിലുണ്ട്.”
ബാഗില്‍നിന്ന് രണ്ടായിരത്തിന്‍റെ രണ്ടു നോട്ടെടുത്ത് അവനു നീട്ടിക്കൊണ്ടു പറഞ്ഞു:
“ഇതമ്മയ്ക്കു കൊടുത്തേക്കു കേട്ടോ? മറക്കരുത് “
“ഉം.” തലകുലുക്കിക്കൊണ്ട് അവന്‍ നോട്ട് വാങ്ങി.
അടുത്തുവന്ന എല്ലാവരോടും ക്ഷേമാന്വേഷണം നടത്തിയിട്ട് ജാസ്മിന്‍ കാറില്‍ കയറി. ഡോര്‍ വലിച്ചടച്ചിട്ട് പിന്‍സീറ്റിലിരുന്ന മേരിക്കുട്ടിയോട് ചോദിച്ചു:
“അമ്മ കണ്ടില്ലേ അപ്പുക്കുട്ടനെ? എന്തുമാത്രം മാറിയിപ്പോയിരിക്കുന്നു അവന്‍റെ മുഖം. അല്ലേ അമ്മേ ?”
മറുപടി കേള്‍ക്കാഞ്ഞപ്പോള്‍ ജാസ്മിന്‍ തിരിഞ്ഞു പിന്നിലേക്കു നോക്കി. ബാക്ക് സീറ്റിലേക്കു ചാരിയിരുന്നു കണ്ണടച്ചു നിശ്ശബ്ദമായി കരയുകയായിരുന്നു മേരിക്കുട്ടി.
“അമ്മ കരയ്വാണോ?”
“എനിക്ക്… എനിക്കാ വീട്ടിലേക്കു കേറിച്ചെല്ലുന്ന കാര്യം ഓര്‍ക്കാനേ വയ്യ മോളേ. പപ്പയുടെയും അലീനേടേം ഓര്‍മ്മകള്‍ എന്‍റെ മനസ്സിലേക്കു തികട്ടിക്കേറി വരും.”
അതുകേട്ടപ്പോള്‍ ജാസ്മിന്‍റെയും മനസ് കലങ്ങി. അമ്മ പറഞ്ഞതു ശരിയാണ്. ഓര്‍മ്മകള്‍ വേട്ടയാടും.
പപ്പയെയും ചേച്ചിയെയുമൊക്കെ ഓർമ്മവരും.
കാര്‍ വലത്തോട്ടു തിരിഞ്ഞ് ഒരു പോക്കറ്റ് റോഡിലേക്കു കയറി. ഇനി മുന്നൂറു മീറ്റര്‍ ദൂരമേയുള്ള പഴയ വീട്ടിലേക്ക്. പണ്ടു നടന്നുപോയ വഴികള്‍ കണ്ടപ്പോള്‍ മനസ്സിന്‍റെ കോണിലെവിടെയോ ഒരു നൊമ്പരം!
പോക്കറ്റ് റോഡില്‍ നിന്നു കാര്‍ വീട്ടുവളപ്പിലേക്കു പ്രവേശിച്ചു. അവിടെനിന്നു സാവധാനം മുറ്റത്തേക്കും.
വണ്ടി ഒതുക്കി പാര്‍ക്കു ചെയ്തിട്ട് ജയിംസ് ഇറങ്ങി. പിന്നാലെ ജാസ്മിനും മേരിക്കുട്ടിയും അഖിലും ശീതളും.
പിറന്നുവീണ വീട്ടിലേക്ക് മിഴികള്‍ നട്ട്, കാറില്‍ ചാരി തെല്ലുനേരം അവൾ അങ്ങനെ നിന്നു .. വരാന്തയില്‍ ചേച്ചി നില്‍ക്കുന്നതുപോലൊരു തോന്നല്‍! ഓര്‍ത്തപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദന തോന്നി.
ഒരു നെടുവീര്‍പ്പിട്ടിട്ട് അവള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. മുറ്റത്തരികിലെ മൂവാണ്ടന്‍ മാവ് ഏറെ വളര്‍ന്നിട്ടുണ്ട്. പണ്ടു കൈയെത്തും ദൂരത്തുനിന്ന് മാങ്ങ പറിച്ചതാണ്.
കിഴക്കുവശത്തെ ചെന്തെങ്ങില്‍ നിറയെ തേങ്ങകള്‍. താനും ചേച്ചിയും കൂടി നട്ടുവളര്‍ത്തിയ തെങ്ങാണ്.അതില്‍നിന്ന് ഒരു കരിക്കിട്ടു കുടിക്കാനുള്ള യോഗം തനിക്കുണ്ടായില്ലല്ലോ. നോക്കിനിന്നപ്പോള്‍ മിഴികൾ നിറഞ്ഞുപോയി.
“വാ… അമ്മേ …”
ശീതള്‍ കൈയില്‍ പിടിച്ചു വലിച്ചപ്പോള്‍ മുറ്റത്തുനിന്ന് അവള്‍ വരാന്തയിലേക്കു കയറി.
പഴയവീടിന് ഒരുപാടു മാറ്റങ്ങള്‍ വന്നിരിക്കുന്നു. ചുമരില്‍ പപ്പയുടെ ഫോട്ടോ തൂങ്ങിയിരുന്ന ആണിയില്‍ ഇപ്പോൾ മറ്റാരുടെയോ ഫോട്ടോ തൂങ്ങിക്കിടക്കുന്നു. പപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വീടായിരുന്നു.
ആഗതരെ കണ്ട് അകത്തുനിന്ന് ഗൃഹനാഥന്‍ പുറത്തേക്കിറങ്ങി വന്നു.
‘ആരാ’ എന്നു ചോദ്യരൂപത്തില്‍ ഗൃഹനാഥന്‍ എല്ലാവരെയും മാറിമാറി നോക്കി. ജയിംസ് എല്ലാവരെയും പരിചയപ്പെടുത്തി.
മുന്‍പ് ആ വീട്ടില്‍ താമസിച്ചിരുന്ന കുടുംബക്കാരാണെന്നു കേട്ടപ്പോള്‍ ഗൃഹനാഥന് സന്തോഷമായി.
അകത്തുനിന്ന് രണ്ടുമൂന്ന് ഫൈബര്‍ കസേര എടുത്തു വരാന്തയിലേക്കിട്ടിട്ട് അയാള്‍ പറഞ്ഞു:
”ഇരിക്ക്.”
ജയിംസ് മാത്രം കസേരയിൽ ഇരുന്നു. ഗൃഹനാഥനുമായി കുറച്ചു നേരം അയാള്‍ കുശലം പറഞ്ഞു.
“ഞാനീ വീടിന്‍റെ അകത്തൊന്നു കേറി കണ്ടോട്ടെ?”
ജാസ്മിന്‍ അനുമതി ചോദിച്ചു.
“അതിനെന്താ? എവിടെ വേണേലും കേറിക്കണ്ടോ.”
മക്കളുടെ കൈ പിടിച്ചുകൊണ്ട് അവൾ വീടിന്‍റെ അകത്തേക്കു കയറി. ഈ സമയം മേരിക്കുട്ടി മുറ്റത്തിനു ചുറ്റും ഓരോന്നു നോക്കി നടക്കുകയായിരുന്നു.
ജാസ്മിന്‍ എല്ലാ മുറികളിലും കയറി ഇറങ്ങി. താന്‍ കിടന്നുറങ്ങിയിരുന്ന മുറിയില്‍ കയറിയപ്പോള്‍ അവളുടെ നെഞ്ചു വിങ്ങിക്കഴച്ചു. താന്‍ എത്രയോ വര്‍ഷം കിടന്നുറങ്ങിയ മുറിയാണിത്. തന്‍റെ കട്ടില്‍ കിടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു മേശയാണ് കിടക്കുന്നത് . അറിയാതെ ഒരു തുള്ളി കണ്ണീര്‍ അടര്‍ന്നു മേശയില്‍ വീണു. പപ്പയുടെ കിടപ്പുമുറിയില്‍ കയറിയപ്പോള്‍ പൊട്ടിക്കരഞ്ഞു പോയി അവള്‍.
“അമ്മ കരയുന്നതെന്തിനാ?”
ശീതളിന്‍റെ ചോദ്യത്തിന് ജാസ്മിന്‍ മറുപടി ഒന്നും പറഞ്ഞില്ല. അവള്‍ ഷാളുകൊണ്ട് മിഴികള്‍ ഒപ്പി.
അടുക്കള വാതില്‍ തുറന്ന് അവള്‍ പിന്നാമ്പുറത്തേക്കിറങ്ങി. മേരിക്കുട്ടി അപ്പോള്‍ അവിടെനിന്ന് നിശബ്ദമായി കരയുന്നത് അവള്‍ കണ്ടു.
“അമ്മ ഇവിടെ വന്നു നിന്നു കരയ്വാണോ? മുറിയിലൊക്കെ ഒന്നു കേറി നോക്കമ്മേ.”
“ഞാന്‍ കേറുന്നില്ല മോളേ. എനിക്കതു കാണാനുള്ള കരുത്തില്ല..”
ജാസ്മിന്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
പറമ്പിലെ തേന്‍വരിക്കപ്ലാവില്‍ നിറയെ ചക്കകള്‍ തൂങ്ങിക്കിടക്കുന്നു. ചക്കപ്പഴത്തിന്‍റെ മണം വന്നപ്പോള്‍ അഖില്‍ പറഞ്ഞു:
“അമ്മേ എനിക്കു ചക്കപ്പഴം വേണം.”
കൊച്ചുന്നാളില്‍ ഗോവണി വച്ച് പ്ലാവില്‍ കയറി ചക്കയിട്ടിട്ടുള്ളത് അവള്‍ ഓര്‍ത്തു. ഒരിക്കല്‍ ഗോവണി മറിഞ്ഞു താഴെവീണപ്പോള്‍ പപ്പ എന്തുമാത്രം വഴക്കു പറഞ്ഞു.
“എനിക്കും ചക്കപ്പഴം വേണം അമ്മേ.” ശീതളും നിര്‍ബന്ധിച്ചപ്പോള്‍ ജാസ്മിന്‍ ഗൃഹനാഥനോട് ആഗ്രഹം പറഞ്ഞു.
പണ്ട് ചേച്ചിയും താനും മത്സരിച്ചു ചക്കപ്പഴം തിന്നത് അവൾ ഓർത്തു. എത്ര രസമായിരുന്നു ആ പഴയ കാലം.
വലിയൊരു തോട്ടി എടുത്തുകൊണ്ടുവന്ന് ഗൃഹനാഥന്‍ ചക്കപ്പഴും അടര്‍ത്തി താഴെയിട്ടു.
മുറിച്ചു ചുളകള്‍ അടര്‍ത്തി പ്ലേറ്റിലേക്ക് ഇട്ടപ്പോള്‍ അഖിലും ശീതളും കൊതിയോടെ എടുത്തെടുത്തു കഴിച്ചു. ജാസ്മിനും തിന്നു കൊതി തീരുവോളം. പണ്ടത്തെ മധുരത്തിന് ഒട്ടും കുറവുവന്നിട്ടില്ല. കുരു കളഞ്ഞ് പ്ലേറ്റില്‍ നിറച്ച് ജയിംസിനും മേരിക്കുട്ടിക്കും കൊടുത്തു കുറെ ചുളകള്‍. അവരും സ്വാദോടെ കഴിച്ചു.
എല്ലാം കണ്ടു കഴിഞ്ഞ്, മടങ്ങിപ്പോരാനായി കാറിനടുത്തേക്കു നടക്കുമ്പോള്‍ മേരിക്കുട്ടി പറഞ്ഞു.
“ഇവിടെ വരെ വന്ന സ്ഥിതിക്ക് നമുക്കു ടോണീടെ വീട്ടിലും കൂടി ഒന്നു കയറിയിട്ടു പോകാം.”
“ഉം.” ജാസ്മിന്‍ തലകുലുക്കി.
കാര്‍ തിരിച്ചിട്ടു റോഡിലേക്കിറക്കി. കുറച്ചു ദൂരം മുമ്പോട്ടോടിയിട്ട് അത് ഇടത്തോട്ടു തിരിഞ്ഞു ടോണിയുടെ വീട്ടുവളപ്പിലേക്കു പ്രവേശിച്ചു.
വണ്ടി മുറ്റത്തു കയറിയപ്പോള്‍ ജാസ്മിന്‍ അദ്ഭുതപ്പെട്ടുപോയി. മുറ്റം നിറയെ കാട് കയറിക്കിടക്കുന്നു . പഴകി ദ്രവിച്ച് പൊളിഞ്ഞു വീഴാറായി കിടക്കുന്നു ആ തറവാട് . ടോണിയും ആഗ്നസാന്‍റിയുമൊക്കെ ഇവിടെനിന്നു താമസം മാറിയോ? ഇതൊന്നും താന്‍ അറിഞ്ഞില്ലല്ലോ?
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here