ഒരു വെള്ളിയാഴ്ച ദിവസം !
വൈകുന്നേരം കോളജ് വിട്ടു വീട്ടില്‍ ചെന്നപ്പോഴാണ് ജാസ്മിൻ അറിഞ്ഞത് , ടോണി വീട്ടിൽ വന്നിട്ടുണ്ടെന്ന്.
വേഷം മാറി, ചായ കുടിച്ചിട്ടവള്‍ നേരെ ടോണിയുടെ വീട്ടിലേയ്ക്കു ഓടി.
ടാപ്പിൽ നിന്ന് ഹോസിട്ടു മുറ്റത്തെ ചെടികള്‍ നനച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ടോണി. ജാസ്മിനെ കണ്ടതും അവൻ ഹോസ് അവളുടെ നേരെ തിരിച്ചു . അവളുടെ ചുരിദാറിൽ മുഴുവന്‍ വെള്ളം!
“എന്താ ഈ കാണിച്ചേ.”- അവള്‍ക്കു സങ്കടവും ദേഷ്യവും വന്നു. “ഞാന്‍ ആന്‍റിയോടു പറഞ്ഞു കൊടുക്കും.”
“ഇപ്പം കാണാന്‍ നല്ല രസംണ്ട്.” ടോണി ചിരിച്ചു.
മുഷ്ടി ചുരുട്ടി ഇടിയ്ക്കുമെന്നവള്‍ ആംഗ്യം കാണിച്ചിട്ട് വേഗം അകത്തേയ്ക്കു കയറി പോയി. ആഗ്നസിനോടു അവൾ പരാതി പറഞ്ഞു.
ആഗ്നസ് പുറത്തേയ്ക്കിറങ്ങി വന്നിട്ടു ടോണിയോടു ദേഷ്യപ്പെട്ടു.
“നീ എന്നതാടാ ഈ കൊച്ചിനെ കാണിച്ചേ?”
“ഞാനൊന്നും കാണിച്ചതല്ലമ്മേ. ആ പെണ്ണ് ഹോസിന്റെ മുൻപിലേക്ക് വന്നു കേറിനിന്നതാ .”
“എന്‍റീശോയെ! മുഖത്തു നോക്കി കള്ളം പറയുന്നതു കേട്ടില്ലേ ഈ പെരുംകള്ളൻ. “
കണ്ണുരുട്ടി, ചുണ്ടു കടിച്ചു രൂക്ഷമായി ജാസ്മിന്‍ ടോണിയെ നോക്കി .
“ഈ മനുഷ്യനോടു ഞാനിനി മിണ്ടുകേയില്ല…”
അവൾ മുഖം കറുപ്പിച്ചു.
“നിന്‍റെ കളീം തമാശേം കുറച്ചധികമാകുന്നുണ്ട്, കേട്ടോ . ”
ആഗ്നസ് മകനെ കുറെ വഴക്കുപറഞ്ഞു.
”വാ മോളെ ഞാൻ തോർത്തെടുത്തു തരാം. ഇനി അവന്റെ മുൻപിലേക്ക് പോകയേ വേണ്ട. വാ . ” അങ്ങനെ പറഞ്ഞിട്ട് ആഗ്‌നസ് അകത്തേക്ക് കയറിപ്പോയി.
”ഇതുപോലെ നുണ പറയുന്ന ആൾക്ക് മരിച്ചു ചെല്ലുമ്പം നരകമല്ലാതെ ഒരിക്കലും സ്വർഗം കിട്ടുകേല ”
ടോണിയെ നോക്കി കണ്ണുരുട്ടിയിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.
ടോണിക്ക് ചിരിവന്നു പോയി . കുസൃതി ഇത്തിരി കൂടിപ്പോയോ എന്ന് സംശയിച്ചു .
ചെടി നനച്ചു കഴിഞ്ഞിട്ട് ടോണി അകത്തേക്ക് കയറിചെന്നപ്പോൾ അനുവുമായി സംസാരിച്ചുകൊണ്ടു മുറിയിലിരിക്കുകയായിരുന്നു ജാസ്മിൻ .
ടോണിയെ കണ്ടിട്ടും കണ്ടഭാവം നടിച്ചില്ല അവൾ. മുഖം കറുപ്പിച്ചു ഗൗരവത്തോടെ ഇരുന്നതേയുള്ളൂ.
”ഹലോ മാഡം , പിണങ്ങിയോ ?”
ജാസ്മിൻ അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.
കൂടുതലൊന്നും പറയാതെ ടോണി അവന്റെ മുറിയിലേക്ക് പോയി .
കുറച്ചു നേരം കഴിയുമ്പോൾ ടോണി വീണ്ടും വരുമെന്നും എന്തെങ്കിലും ചോദിയ്ക്കുമെന്നും പ്രതീക്ഷിച്ച് ജാസ്മിന്‍ കാത്തിരുന്നു.
പ്രതീക്ഷ തെറ്റിയപ്പോള്‍ അവള്‍ക്കസ്വസ്ഥതയായി. വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ മനസു വെമ്പുന്നു.
താന്‍ ഓടിക്കിതച്ചെത്തിയതു തന്നെ ടോണിയോടു സംസാരിയ്ക്കാനാണ്. പക്ഷെ, മിണ്ടില്ലെന്നു പറഞ്ഞിട്ട് ഇനി അങ്ങോട്ടുചെന്നു മിണ്ടുന്നതെങ്ങനെ?
പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. താന്‍ തന്നെ പരാജയം സമ്മതിച്ചേക്കാം. അവൾ എണീറ്റ് ടോണിയുടെ മുറിയിലേക്ക് ചെന്നു .
“ടോണി എപ്പഴാ വന്നത്?”
”അപ്പം വായിൽ നാക്കൊണ്ടല്ലേ ?”
“എനിക്ക് ശരിക്കും ദേഷ്യം വന്നു ട്ടോ . കാണാൻ ഓടിക്കിതച്ചു വന്നപ്പഴാ ഒരു കുസൃതിത്തരം.” സ്വരം താഴ്ത്തി അവൾ പറഞ്ഞു.
ടോണി ചിരിച്ചതേയുള്ളൂ.
“ഡോക്ടറാകാന്‍ പോകുന്നേന്‍റെ ഗമയായിരിക്കും. എന്‍റടുത്തുവേണ്ടാട്ടോ ഇതൊന്നും . നല്ല ഇടി വച്ചു ഞാൻ തരും.”
കൈ ചുരുട്ടി, ഇടിയ്ക്കുമെന്ന് അവള്‍ ആംഗ്യം കാണിച്ചു.
” ഇഷ്ടമുള്ളവരുടെ ദേഹത്തല്ലേ എനിക്ക് വെള്ളം തെറിപ്പിക്കാൻ പറ്റൂ. വഴിയേ പോകുന്ന പെണ്ണിന്റെ മേത്തു വെള്ളം ചീറ്റിച്ചാൽ അവര് അടി തരില്ലേ ”
”നനഞ്ഞു കുതിർന്നു നിൽക്കുന്നത് കാണാൻ നല്ല രസമാ അല്ലേ ? അതൊന്നും ഇപ്പ വേണ്ടാട്ടോ . കല്യാണം കഴിഞ്ഞിട്ടാകാം അതുപോലുള്ള കളിയും തമാശയുമൊക്ക. ”
”അതിന് ഇനി എത്രകാലം കൂടി കാത്തിരിക്കണം കൊച്ചേ ” സ്വരം താഴ്ത്തി ടോണി ചോദിച്ചു.
” ഞാൻ പറഞ്ഞല്ലോ , ചേച്ചിയുടെ കല്യാണം വേഗം നടക്കാൻ പ്രാർത്ഥിക്കാൻ ”
”എന്നും പ്രാർത്ഥിയ്ക്കുണ്ട് . ദൈവം പ്രാർത്ഥനാ കേൾക്കണ്ടേ ? അതുപോട്ടെ , ഞാനിട്ട മോതിരം വിരലിലുണ്ടല്ലോ അല്ലേ ?” അവളുടെ കൈപിടിച്ചുയർത്തി വിരലിലേക്കു നോക്കിയിട്ടു സ്വരം താഴ്ത്തി ടോണി ചോദിച്ചു.
“പിന്നില്ലേ . മരിക്കുന്നതുവരെ അതീ വിരലിൽ കാണും . അത് കാണുമ്പോഴൊക്കെ ഞാൻ ടോണിയെ ഓർക്കും.”
”ഓർക്കണം . അതിനാ അത് ഈ വിരലിൽ ഇട്ടു തന്നത് ” ടോണി അവളുടെ കവിളിൽ സ്നേഹത്തോടെ ഒരു നുള്ളു കൊടുത്തു.
കുറേനേരം കൂടി അവിടിരുന്നു വിശേഷങ്ങൾ പറഞ്ഞിട്ട് ജാസ്മിൻ പോകാനായി എണീറ്റു . ആന്റിയോട് യാത്രപറയാൻ അടുക്കളയിലേക്കു ചെന്നപ്പോൾ ആഗ്നസ് പറഞ്ഞു. ” മോളെ പോകല്ലേ , ചായ എടുക്കുന്നു . ചായ കുടിച്ചിട്ട് പോകാം ”
ജാസ്മിൻ വേണ്ടെന്നു പറഞ്ഞെങ്കിലും ആഗ്നസിന്റെ നിർബന്ധത്തിനു വഴങ്ങി ചായ കുടിച്ചു അവൾ .
തിരിച്ചു വീട്ടില്‍ ചെന്നു കയറിയപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു . മേരിക്കുട്ടി മുറ്റത്തു നോക്കി നിൽപ്പുണ്ടായിരുന്നു. അവർ ദേഷ്യപ്പെട്ടു.
“ഈ നേരം വരെ എന്തെടുത്തിരിക്ക്വായിരുന്നു നീ അവിടെ ? ”
”ചുമ്മാ അനുവുമായി വർത്തമാനം പറഞ്ഞിരിക്കുവാരുന്നു അമ്മേ .”
”നീ കൊച്ചുകുട്ടിയൊന്നുമല്ല. കളിച്ചു നടക്കേണ്ട പ്രായമൊക്കെ കഴിഞ്ഞു. ”
“ഓ….” അതിഷ്ടപ്പെടാത്ത മട്ടിൽ നീട്ടി ഒന്ന് മൂളിയിട്ട് അവള്‍ അകത്തേയ്ക്കു കയറിപ്പോയി.
മുറിയിലിരുന്ന് ചുരിദാർ തയ് ക്കുകയായിയിരുന്നു അലീന അപ്പോള്‍.
“നീ എന്താ വൈകീത്?” തയ്ക്കുന്നതിനിടയില്‍ അലീന ചോദിച്ചു.
“അനുവുമായിട്ടു ഇത്തിരിനേരം വര്‍ത്തമാനം പറഞ്ഞിരുന്നു.”
“ടോണി എന്തു പറഞ്ഞു?”
“ആ….ഞാനയാളോട് ഒരുപാടൊന്നും സംസാരിച്ചില്ല. ഈയിടെയായിട്ട് ആൾക്ക് വല്യ ഗമയാ . മെഡിസിനു പഠിയ്ക്കുന്നേന്‍റെ അഹങ്കാരമാ . ആരു മൈന്‍ഡു ചെയ്യുന്നു ആ മനുഷ്യനെ . ”
“നിങ്ങളു തമ്മില്‍ പിണങ്ങിയോ?”
“എനിക്ക് ഇണക്കവുമില്ല പിണക്കവുമില്ല .”
അലീനയ്ക്ക് തെല്ലും സംശയമുണ്ടാകാതിരിയ്ക്കാന്‍ വേണ്ടിയാണ് അവൾ അങ്ങനെ പറഞ്ഞത് . അലീന അതു വിശ്വസിച്ചു എന്നു കണ്ടപ്പോള്‍ ജാസ്മിന് വിഷമം തോന്നി . പാവം ചേച്ചി . കള്ളവും കപടവും അറിയാത്ത മണ്ടിപ്പെണ്ണ് . ചേച്ചിയ്ക്ക് ഒരു നല്ല ഭര്‍ത്താവിനെ ദൈവം കൊടുത്തിരുന്നെങ്കില്‍! ഹൃദയം നിറയെ സ്നേഹവും നല്ല ആരോഗ്യവും സമ്പത്തുമുള്ള ഒരു ചെറുപ്പക്കാരനെ!
എത്ര ആലോചനകള്‍ വന്നതാണ്! ഒന്നും ശരിയായില്ല. പഠിപ്പോ, ജോലിയോ, സൗന്ദര്യമോ ഉണ്ടായിരുന്നെങ്കില്‍ ആരെങ്കിലും പണ്ടേ കെട്ടിക്കൊണ്ടുപോയേനെ! ചേച്ചിയ്ക്ക് എന്തുമാത്രം വിഷമം കാണും. പലപ്പോഴും കരയുന്നത് കണ്ടിട്ടുണ്ട് .
ഒരിക്കല്‍ ഒരാലോചന ഉറപ്പിച്ചതാണ്! ആരോ അപവാദം പറഞ്ഞുപരത്തി അതു മുടക്കി.
പപ്പയ്ക്കാണെങ്കില്‍ ചേച്ചിയുടെ കാര്യം പറയുമ്പോള്‍ ദേഷ്യമാണ് . അമ്മക്ക് എന്നും ചേച്ചിയെ ഓർത്ത് കരയാനേ നേരമുള്ളൂ.
“നീ കുളിയ്ക്കുന്നില്ലേ കൊച്ചേ..”
അലീനയുടെ ചോദ്യം കേട്ടപ്പോഴാണ് ജാസ്മിന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.
“കുളിയ്ക്കാന്‍ പോക്വാ ചേച്ചീ…”
അടുക്കളയിൽ ചെന്ന് വെളിച്ചെണ്ണക്കുപ്പി എടുത്തു തുറന്നു കയ്യിലേക്ക് എണ്ണ പകർന്ന് തലയില്‍ തിരുമ്മിപ്പിടിപ്പിച്ചിട്ട് അവൾ കുളിമുറിയിലേയ്ക്കു നടന്നു.
* * * * * * * * * *
ഒരു ശനിയാഴ്ച!
തോമസ്, പറമ്പില്‍ വാഴ നട്ടുകൊണ്ടിരുന്നപ്പോള്‍ ബ്രോക്കര്‍ പൈലി കയറിവന്നു. കൂടെ നാല്പതിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരാളുമുണ്ടായിരുന്നു.
പൈലി തോമസിനെ വിളിച്ചുമാറ്റി നിറുത്തിയിട്ടു പറഞ്ഞു.
“അലീനയെ പെണ്ണു കാണാന്‍ വന്നതാ. ഇത്തിരി പ്രായക്കൂടുതലുണ്ട്. അതു പ്രശ്നമില്ലെങ്കില്‍ നമുക്കിതു നടത്താം. ”
“പെണ്ണിനെ കണ്ട് ഇഷ്ടപ്പെടാതെ എങ്ങനെയാ നടത്താന്നു പറയുക ?” തോമസ് നെറ്റി ചുളിച്ചു.
“അയാൾക്കു പെണ്ണിന്റെ സൗന്ദര്യവും ആകൃതിയും ഒന്നും ഒരു പ്രശ്നമല്ലെന്നേ . സ്ത്രീധനം ഇരുപതു ലക്ഷം കൊടുക്കണം . അയാളിപ്പ നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസിന് കാശിന്‍റെ ഇത്തിരി ഷോര്‍ട്ടേജുണ്ട്. അതുകൊണ്ടാ അയാൾ അത്രേം ചോദിക്കുന്നത് . ഇത് നടന്നാ നിങ്ങടെ ഭാഗ്യമാണെന്ന് കരുതിക്കോ. നല്ല ഗെറ്റപ്പ് ഫാമിലിയാ. തങ്കം പോലത്തെ സ്വഭാവവും.”
” പ്രായം ഇത്തിരി കൂടുതലല്ലേ ?”
”ഏഴോ എട്ടോ വയസു ഒരു കൂടുതലാണോ ? കണ്ടാൽ അത്രേം തൊന്നുകേലന്നേ. ഇത് നടന്നാൽ ലോട്ടറി അടിച്ചൂന്ന് കരുതിയാൽ മതി . അത്രയ്ക്ക് ബെസ്ററ് ഫാമിലിയാ ” പൈലി പയ്യന്റെ ഫാമിലിയെക്കുറിച്ചു ഒരു വിവരണം നൽകി.
“ഞാനവളോടൊന്നു ചോദിയ്ക്കട്ടെ.”
തൂമ്പ മരത്തിൽ ചാരി വച്ചിട്ട് തോമസ് അകത്തു ചെന്ന് ഭാര്യയോടും അലീനയോടും വിവരം പറഞ്ഞു. ജാസ്മിനും അപ്പോൾ മുറിയിലുണ്ടായിരുന്നു.
”പെണ്ണിനെ കാണാതെ കാശുമാത്രം ചോദിച്ചു വരുന്നോര്‍ക്ക് കൊടുക്കാന്‍ ഇവിടെ പെണ്ണില്ലെന്നു പറഞ്ഞേയ്ക്ക് പപ്പാ. എന്‍റെ ചേച്ചിയെന്താ കെട്ടാച്ചരക്കാണോ വില്പനയ്ക്കു വയ്ക്കാന്‍? ” ജാസ്മിന്‍ പൊട്ടിത്തെറിച്ചു.
“നീ മിണ്ടാതിരി മോളെ..” മേരിക്കുട്ടി ശാസിച്ചു.
“മോളെന്തു പറയുന്നു?” തോമസ് അലീനയുടെ നേരെ നോക്കി.
“പപ്പയ്ക്കിഷ്ടാണെങ്കില്‍ വിളിച്ചോണ്ടു പോരെ….”
“വേണ്ട.” ജാസ്മിന്‍ തീര്‍ത്തു പറഞ്ഞു. “പപ്പ അയാളോടു പോകാന്‍ പറ. പെണ്ണുകെട്ടി കാശുണ്ടാക്കാന്‍ നടക്കുന്നു ഒരു തെണ്ടി. അവനെ ഈ വീട്ടിലേക്കേ കേറ്റണ്ട . “
ജാസ്മിന്‍ തീർത്ത് പറഞ്ഞപ്പോൾ തോമസ് പരാജിതനായി. അയാൾ ഇറങ്ങിച്ചെന്നു പൈലിയോട് കാര്യങ്ങള്‍ പറഞ്ഞു.
‘ പെണ്ണ് മൂത്തു നരച്ചവിടെ നിൽക്കുകയേയുള്ളു . അവസാനം വല്ല രണ്ടാം കെട്ടുകാരനെയും കൊണ്ട് കെട്ടിച്ചു വിടാം. ഞാനേ ഒരുപാട് കല്യാണം നടത്തിയിട്ടുള്ള ആളാ . നോക്കിക്കോ അവള് നിങ്ങളെ കുറെ വെള്ളം കുടിപ്പിക്കും. ”
ദേഷ്യപ്പെട്ടാണ് പൈലി മടങ്ങിപ്പോയത് .
തോമസ് വല്ലാതായി . അയാളുടെ കണ്ണുകൾ നിറഞ്ഞു.
അലീന എണീറ്റുപോയി കിടക്കയിൽ മുഖംചേര്‍ത്തു കിടന്നു വിതുമ്പി. ജാസ്മിന്‍ അടുത്തുചെന്നിരുന്ന് ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു.
“ചേച്ചിക്കു നല്ല ആലോചന വരും ചേച്ചീ. വേളാങ്കണ്ണി മാതാവിന് ഞാനൊരു നേര്‍ച്ച നേര്‍ന്നിട്ടുണ്ട്. മാതാവെന്റെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല.”
“ഞാനൊരു ശാപം കിട്ടിയ പെണ്ണായിപ്പോയല്ലോ കൊച്ചേ …” അലീന പതംപെറുക്കി കരയുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍റേയും കണ്ണുനിറഞ്ഞുപോയി. പാവം ചേച്ചി! ടോണി തന്നെ സ്നേഹിക്കുന്നതുപോലെ ഏതെങ്കിലുമൊരു നല്ല ചെക്കന്‍ ചേച്ചിയേയും ഒന്ന് സ്നേഹിച്ചിരുന്നെങ്കില്‍ . വെറുതെ ആശി യ്ക്കാനല്ലേ കഴിയൂ. ചേച്ചിയ്ക്ക് പഠിപ്പും, സൗന്ദര്യവും ഒന്നും ദൈവം കൊടുത്തില്ലല്ലോ! മനസിനു പിടിച്ച ഒറ്റ ആലോചനപോലും ഇതുവരെ വന്നിട്ടില്ല.
ജാസ്മിന്‍ എണീറ്റു അടുക്കളയിലേയ്ക്കു ചെന്നു. അടുക്കളയുടെ ഒരു കോണില്‍ നിന്ന് മേരിക്കുട്ടിയും, ആരും കാണാതെ കരയുകയായിരുന്നു. ജാസ്മിനെ കണ്ടതേ അവര്‍ കണ്ണ് തുടച്ചു
“അമ്മേം കരയ്വാണോ?”
“ഏയ് ” മേരിക്കുട്ടി മുഖത്തു ചിരി വരുത്തിയിട്ട് പറഞ്ഞു ”നീ പോയി ആ കൊമ്പന്‍ ചീനിയേന്ന് ഇത്തിരി മുളകു പറിച്ചോണ്ടു വന്നേ.”
”അമ്മക്ക് സങ്കടം നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് എനിക്കറിയാം . സാരമില്ല അമ്മേ . എല്ലാം ശരിയാകും . ”
”ഉം . ശരിയാകും . നീ ചെന്നു മുളക് പറിച്ചോണ്ടു വാ ” അവരുടെ ശബ്ദം ഇടറിയിരുന്നു.
അമ്മയെ സമാധാനിപ്പിച്ചിട്ടു ജാസ്മിന്‍ പുറത്തേക്കു പോയി . മുളക് പറിച്ചു കൊണ്ട് വന്നു അമ്മക്ക് കൊടുത്തിട്ട് അവൾ അവളുടെ മുറിയിലേക്ക് പോയി .
അന്ന് രാത്രിയായപ്പോൾ അലീനയുടെ മുറിയില്‍ നിന്ന് എന്തോ ശബ്ദം കേട്ടു. മേരിക്കുട്ടിയും ജാസ്മിനും ഓടിച്ചെന്നപ്പോള്‍ അലീന സമനില തെറ്റിയതുപോലെ എന്തൊക്കെയോ പിച്ചും പേയും പറയുകയായിരുന്നു. മേരിക്കുട്ടി ഭയന്നുപോയി. ജാസ്മിന്‍ പുറത്തേക്കു ഓടിച്ചെന്ന് വരാന്തയിലിരുന്ന പപ്പയെ വിളിച്ചുകൊണ്ടുവന്നു. തോമസ് വന്നപ്പോഴും അലീന അതേ സ്ഥിതിയിലായിരുന്നു.
“ചേച്ചിയെ ആശുപത്രീല്‍ കൊണ്ടുപോകണം പപ്പാ…” ജാസ്മിന്‍ നിര്‍ബ്ബന്ധിച്ചു.
“നാട്ടുകാരൊക്കെ അറിഞ്ഞാല്‍ വെറുതെ ഓരോന്നു പറഞ്ഞു പരത്തും മോളെ .” തോമസ് വിസമ്മതം പ്രകടിപ്പിച്ചു.
“എന്നു വച്ച് ചേച്ചി ഇങ്ങനെ ഇരുന്നോട്ടെന്നാണോ ? പപ്പ പോയി വണ്ടി വിളിച്ചോണ്ടുവാ….” ആജ്ഞപോലെയായിരുന്നു അവളുടെ സ്വരം. തോമസിന് അനുസരിയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അയാൾ ഫോൺ ചെയ്തു ടാക്സി വിളിച്ചു വരുത്തി .
രാത്രിയില്‍, അലീനയെ കാറില്‍കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടറുടെ പരിശോധനയില്‍ പ്രശ്നം ഗുരുതരമല്ലെന്നു മനസിലായി.
പെട്ടെന്നുണ്ടായ മാനസികവിഷമത്തിൽ താത്കാലികമായി ഉണ്ടായ ഒരു മനോവിഭ്രാന്തി. രണ്ടു ദിവസം നിരീക്ഷണത്തിനായി അവളെ അഡ്മിറ്റാക്കി . രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ്ജുചെയ്തപ്പോൾ അലീനയ്ക്കു ഭ്രാന്താണെന്ന് ഒരു വാര്‍ത്ത, നാട്ടില്‍ പരന്നിരുന്നു .
ജാസ്മിന്റെ ചെവിയിലുമെത്തി ആ വാർത്ത . അവൾ ഒരു പാടുനേരമിരുന്നു കണ്ണീരൊഴുക്കി . നല്ലൊരു വിവാഹ ജീവിതം സ്വപ്നം കാണാനുള്ള യോഗം പോലും ചേച്ചിക്ക് ദൈവം നിഷേധിക്കുന്നതെന്തേ ? അവൾ ദൈവത്തോട് പരിഭവം പറഞ്ഞു കരഞ്ഞു.
“എന്റെ മനസ്സു ചത്തുപോയി. എന്നെ ഇനി ഒന്നിനും കൊള്ളില്ല.” മുറിയിലിരുന്നു ആരോടെന്നില്ലാതെ അലീന പിറുപിറുക്കുമ്പോള്‍ അവളുടെ രണ്ടു മിഴികളും നിറഞ്ഞൊഴുകുകയായിരുന്നു. ജാസ്മിൻ ചേച്ചിയെ ആശ്വസിപ്പിക്കാൻ ആവതു ശ്രമിച്ചെങ്കിലും അവളുടെ മനസിന് ശാന്തി കിട്ടിയില്ല.
* * * * * * *
ഒരു ദിവസം രാത്രിയില്‍ എല്ലാവരും അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തോമസ് ജാസ്മിനോടു പറഞ്ഞു.
“അടുത്തയാഴ്ച മുതല്‍ നിന്നെ ഹോസ്റ്റലിലാക്കാന്‍ പോക്വാ. എങ്കിലേ നിന്റെ ജീവിതത്തിന് ഒരടുക്കും ചിട്ടേം ഉണ്ടാവൂ . പഠിയ്ക്കാനും സമയം കിട്ടും.”
“എന്താ പപ്പയ്ക്കു പെട്ടെന്നിങ്ങനെ തോന്നീത്?” ജാസ്മിന്‍ ചോദിച്ചു.
“പെട്ടെന്നല്ല. കുറേ നാളായി ഞാനാലോചിക്ക്വാ. പഠിച്ചു വല്ല ജോലീം കിട്ടീങ്കിലേ ഇപ്പഴത്തെ കാലത്ത് രക്ഷയുള്ളൂ. ഇല്ലെങ്കില്‍ അലീനേ പോലെ ഗതികിട്ടാ പെണ്ണായി നീയും ഇവിടെ നില്ക്കേണ്ടിവരും.” അതു കേട്ടപ്പോള്‍ അലീന വേഗം അവിടെ നിന്ന് എണീറ്റുപോയി.
“പപ്പയെന്താ ഈ പറഞ്ഞേ? കഷ്ടംണ്ട്. ചേച്ചീടെ കുറ്റം കൊണ്ടാണോ ചേച്ചി ഇങ്ങനെ നില്ക്കുന്നേ?”
“ഞാനൊരുദാഹരണം പറഞ്ഞെന്നേയുള്ളൂ. അവളുടെ ഗതി അങ്ങനെയായിപ്പോയി. എന്താ ചെയ്യാ. നിന്‍റെ ഭാവിയിലേ ഇനി എനിക്കൊരു പ്രതീക്ഷയുള്ളൂ. ഇവിടിരുന്നാല്‍ ഓരോന്നോര്‍ത്തു നീയും പഠിയ്ക്കത്തില്ല. ഞാനാലോചിച്ചപ്പം ഹോസ്റ്റലിലാക്കുന്നതാ നല്ലതെന്നു തോന്നി.”
” ഞാൻ ഹോസ്റ്റലിലേക്കില്ല . ഇവിടുന്നു പോയി വന്നു പഠിച്ചോളാം . എനിക്കതാ ഇഷ്ടം ” ജാസ്മിൻ തുറന്നു പറഞ്ഞു.
”ഞാനൊരു തീരുമാനമെടുത്തു കഴിഞ്ഞു . അതിനിനി മാറ്റമില്ല . നിനക്ക് സമ്മതമല്ലെങ്കിൽ ഞാനെന്റെ വഴിക്കിറങ്ങിപ്പോകും. പറഞ്ഞേക്കാം ” തോമസ് ദേഷ്യപ്പെട്ടിട്ട് അവിടെ നിന്ന് എണീറ്റ് പോയി
ജാസ്മിനു ദുഃഖം തോന്നി. ഹോസ്റ്റലിലേയ്ക്കു മാറിയാല്‍ ടോണിയെ പിന്നെ കാണാനൊക്കില്ല. ഇപ്പോഴുള്ള സ്വാതന്ത്ര്യമെല്ലാം നഷ്ടപ്പെടും.
പപ്പയുടെ മുമ്പില്‍ അവള്‍ കെഞ്ചിയെങ്കിലും തോമസ് സമ്മതിച്ചില്ല. പോയേ പറ്റൂ എന്നുറപ്പായപ്പോള്‍ അവള്‍ ടോണിയ്ക്കു ഫോൺ ചെയ്തു വിവരം പറഞ്ഞു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ ടോണി വീട്ടില്‍ പാഞ്ഞെത്തി. ജാസ്മിൻ അവളുടെ സങ്കടം മുഴുവൻ അവനോടു തുറന്നു പറഞ്ഞു .
“സാരമില്ല കൊച്ചേ . പപ്പേടെ ആഗ്രഹമല്ലേ . മോളു പോ. ഞാൻ ഇടയ്ക്കിടെ ഹോസ്റ്റലിൽ വന്നു കണ്ടോളാം . ഒരുകണക്കിന് അതാ കൂടുതല്‍ സൗകര്യം. ആരുടേയും ശല്യമില്ലാതെ നമുക്ക് സ്വതന്ത്രമായി സംസാരിക്കാല്ലോ ”
ടോണി സമാധാനിപ്പിച്ചു . അതു കേട്ടപ്പോള്‍ അവള്‍ക്കു ആശ്വാസമായി.
”മാസത്തിലൊരിക്കലെങ്കിലും എന്നെക്കാണാൻ വരണം ട്ടോ ”
”വരാന്നേ” കൈ ഉയർത്തി അവളുടെ മിഴികൾ തുടചിട്ട് ടോണി തുടർന്നു ” സമാധാനമായിട്ടു പോ ”
ടോണി അവളെ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടു .
പോകേണ്ട ദിവസമായി.
പപ്പയുടെ പിന്നാലെ ബാഗെടുത്തു പുറത്തേയ്ക്കിറങ്ങുമ്പോള്‍ മേരിക്കുട്ടിയും അലീനയും അനുഗമിച്ചു. അമ്മ മകള്‍ക്കു കുറെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കി.
നാലുമണികഴിഞ്ഞപ്പോൾ അവർ ഹോസ്റ്റലിലെത്തി. മുറ്റത്ത് കാർ വന്നുനിന്ന ശബ്ദം കേട്ടപ്പോള്‍ പതിനെട്ടാം നമ്പര്‍ റൂമിലെ താമസക്കാരിയായ ചിഞ്ചു ജനാലയ്ക്കരികില്‍ വന്നു പുറത്തേക്കു നോക്കി. ജാസ്മിന്‍ കാറിൽ നിന്നിറങ്ങുന്നതു കണ്ടപ്പോള്‍ അവള്‍ തിരിഞ്ഞു തന്റെ റൂം പാര്‍ട്ണറായ രേവതീ വര്‍മ്മയോടു പറഞ്ഞു.
“പുതിയ ആള് വരുന്നുണ്ട് ട്ടോ ”
അത് കേട്ടപ്പോൾ രേവതി എണീറ്റ് ജനാലയ്ക്കരികിലേയ്ക്കു വന്നു നോക്കി.
“കണ്ടിട്ട് ഒരു നാട്ടിൻ പുറത്തുകാരിയാണെന്നു തോന്നുന്നു . മെരുക്കി എടുക്കാന്‍ കുറെ പാടുപെടും.” രേവതി പറഞ്ഞു.
“മെരുക്കാന്‍ നീ മിടുക്കിയാണല്ലോ! നിന്റെ വാചകത്തിൽ വീഴാത്ത ആരാ ഉള്ളത് . രാജി വര്‍ഗീസ് വന്നപ്പം എന്തൊരു പഞ്ചപാവമായിരുന്നു. ഇപ്പം എങ്ങനായി?”
അവര്‍ സംസാരിച്ചിരിയ്ക്കുമ്പോള്‍ മേട്രനോടൊപ്പം ജാസ്മിന്‍ മുറിയിലേയ്ക്കു കയറി വന്നു.
രേവതി സൂക്ഷിച്ചുനോക്കി. ഒരു സുന്ദരിക്കുട്ടി. വെളുത്ത നിറം ! കടഞ്ഞെടുത്ത ശരീരം! സമൃദ്ധമായ മുടി . നീണ്ട വലിയ കണ്ണുകൾ
ഇവളെ ഈ മുറിയില്‍ കിട്ടിയത് ഭാഗ്യമായി എന്നു രേവതി ഓര്‍ത്തു.
(തുടരും …. )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)