Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 11

1253
0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 11

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി. ഇടയ്ക്കിടെ അവർ കൂടിക്കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു. ക്രമേണ രേവതിക്ക് ടോണിയോട് പ്രണയം തോന്നി. യാദൃച്ഛികമായി അതറിഞ്ഞ ജാസ്മിൻ അകെ തളർന്നു. രേവതി സ്വഭാവദൂഷ്യം ഉള്ള പെണ്ണാണെന്നു ജാസ്മിൻ ടോണിയെ ധരിപ്പിച്ചു. അതുകേട്ടപ്പോൾ ടോണി രേവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ തീരുമാനിച്ചു. (തുടര്‍ന്നു വായിക്കുക)

പിറ്റേന്നും രേവതി ടോണിയെ ഫോണിൽ വിളിച്ചു . ടോണി പക്ഷേ, സംസാരിയ്ക്കാനൊട്ടും താത്പര്യം കാണിച്ചില്ല. ശല്യപ്പെടുത്തരുതെന്നു പറഞ്ഞിട്ട് വേഗം കോൾ കട്ട് ചെയ്തു .

അതോടെ ജാസ്മിനോടുള്ള ദേഷ്യവും പകയും ഇരട്ടിച്ചു അവള്‍ക്ക് . രേവതിയുടെ ശകാരവും ശാപവാക്കുകളും കേട്ട് നിശ്ശബ്ദമായി കരയാനേ ജാസ്മിന് കഴിഞ്ഞുള്ളു . രേവതിയുടെ മുറിയില്‍ നിന്ന് തന്നെ മാറ്റണമെന്ന് അവൾ വാർഡനോട് ആവശ്യപ്പെട്ടെങ്കിലും വാർഡൻ അത് നിരസിച്ചു.
ഹോസ്റ്റല്‍ ജീവിതം മടുത്തു എന്ന് അവൾ പപ്പയോടു പലവട്ടം പറഞ്ഞു നോക്കി . തോമസ് പക്ഷേ, അവളെ വീട്ടിലേക്കു പോരാനനുവദിച്ചില്ല.
“ഒരു വര്‍ഷം അവിടെ നിന്ന് അച്ചടക്കോം, കൃത്യനിഷ്ഠയുമൊക്കെ ഒന്ന് പഠിയ്ക്ക്. എന്നിട്ടിങ്ങു പോരാം.”
അതുകേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത് ! അച്ചടക്കവും കൃത്യനിഷ്ഠയും പഠിയ്ക്കാന്‍ പറ്റിയ സ്ഥലം തന്നെ .

ഹോസ്റ്റലില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നു ജാസ്മിനു തോന്നി. രേവതിയുടേയും ചിഞ്ചുവിന്‍റേയും ഗ്യാങ്ങിലാണ് എല്ലാ പെണ്ണുങ്ങളും. അവര്‍ക്കു വാരിയെറിയാന്‍ ഇഷ്ടംപോലെ പണമുണ്ടല്ലോ!

ഒരു ദിവസം രാജിയുടെ മുറിയില്‍ വച്ച് രേവതി ഊര്‍മ്മിളയോടും രാജിയോടുമായി പറഞ്ഞു.
“അങ്ങനെ ചുമ്മാ വിടുവൊന്നുമില്ല ഞാൻ അവളെ . ശരിക്കും ഒരു പാഠം പഠിപ്പിക്കും ”
“എന്തിനാടോ ആ കൊച്ചിനെ വിഷമിപ്പിക്കുന്നേ ? “
രാജിയ്ക്കു സഹതാപമായിരുന്നു.
”ടോണിയോടു എന്നെപ്പറ്റി അപവാദം പറഞ്ഞ് അവൾ നാറ്റിച്ചില്ലേ ? അതിനു ഒരു പണികൊടുക്കണ്ടേ ?”
അന്നു വൈകുന്നേരം രേവതി വീണ്ടും ടോണിയ്ക്കു ഫോണ്‍ ചെയ്തു.
“താൻ എന്തുദേശിച്ചാ ഇത് ? ” ടോണി ചൂടായി ” എന്നെ ശല്യപ്പെടുത്തരുതെന്നു നൂറുവട്ടം തന്നോട് ഞാന്‍ പറഞ്ഞതല്ലേ ? പിന്നെന്തിനാ നാണമില്ലാതെ വീണ്ടും വീണ്ടും ഇങ്ങനെ വിളിക്കുന്നേ ? ” ടോണി കോൾ കട്ട് ചെയ്യാനൊരുങ്ങിയപ്പോൾ അവൾ പറഞ്ഞു .
”പ്ലീസ് ടോണി.., കട്ട് ചെയ്യരുത് . ഞാൻ പറയുന്നതൊന്നും കേട്ടിട്ട് കട്ട് ചെയ്തോ . പ്ലീസ് . എന്റെ അവസാനത്തെ റിക്വെസ്റ്റാ .”
”ഇയാൾക്കെന്താ പറയാനുള്ളത് . വേഗം പറഞ്ഞു തുലക്ക് . എനിക്ക് വേറെ പണിയുണ്ട് ”
“എനിയ്ക്കു ടോണിയെ നേരിട്ടൊന്നു കണ്ടു സംസാരിയ്ക്കണം. അതു കഴിഞ്ഞിട്ട് അവസാനിപ്പിക്കാം നമുക്ക് ഈ ഫ്രണ്ട്ഷിപ്പ്”
”എനിക്കയാളെ കാണാൻ ഇഷ്ടമില്ല ”
”അത്രക്കും വെറുത്തുപോയോ എന്നെ ? പ്ലീസ് ..എന്റെ ലാസ്റ്റ് റിക്വസ്റ്റാ . ഒന്ന് കണ്ടാൽ മാത്രം മതി . വേറൊന്നും വേണ്ട . അത്രയെങ്കിലും ഒരു കാരുണ്യം കാണിച്ചൂടേ?”
”എനിക്ക് ഇയാളെ കാണാൻ ഇഷ്ടമില്ലെന്നു പറഞ്ഞില്ലേ ? പിന്നെന്തിനാ വീണ്ടും വീണ്ടും നാണമില്ലാതെ ഇങ്ങനെ പറയുന്നേ ?”
“അങ്ങനെ പറയരുത് ടോണി . ദിസ് ഈസ് മൈ ലാസ്‌റ് ആൻഡ് ഫൈനൽ റിക്വസ്റ്റ് ..പ്ളീസ്. ഉപേക്ഷിക്കരുത് ”
രേവതി വീണ്ടും വീണ്ടും യാചിക്കുന്നതു കേട്ടപ്പോള്‍ ടോണിയ്ക്കു മനസലിവു തോന്നി.
“ഓകെ. ഞാൻ എവിടെ വരണം ?”
വരേണ്ട ദിവസവും സമയവും സ്ഥലവും രേവതി പറഞ്ഞു. ടോണി സമ്മതം മൂളിയപ്പോൾ രേവതിയ്ക്കു സന്തോഷമായി.
”എന്തു തിരക്കുണ്ടെങ്കിലും വരണം . വാരാതിരിക്കരുത് ”
”വരും . തന്റെ അവസാനത്തെ ആഗ്രഹമല്ലേ , സാധിച്ചു തന്നില്ലെന്നു വേണ്ട ”
അത് പറഞ്ഞിട്ട് ടോണി കോൾ കട്ട് ചെയ്തു .
നിശ്ചിത ദിവസം, പറഞ്ഞ സ്ഥലത്തു രേവതി കാറുമായി എത്തി. ടോണി നേരത്തെതന്നെ എത്തിയിരുന്നു .
രണ്ടു പേരും അടുത്തുള്ള റസ്റ്റോറന്‍റിലെ ആളൊഴിഞ്ഞ ഫാമിലി റൂമില്‍ സമ്മേളിച്ചു. രണ്ടു കോഫിക്ക് ഓർഡർ കൊടുത്തിട്ട് ടോണി പറഞ്ഞു .
“പറ. ഇയാള്‍ക്കെന്താ സംസാരിയ്ക്കാനുള്ളത്.”
“ആളു ഗൗരവത്തിലാണല്ലോ.”
രേവതി അവനെ ചിരിപ്പിയ്ക്കാന്‍ ശ്രമിചെങ്കിലും ടോണിയ്ക്കു ചിരി വന്നില്ല.
“എന്താന്നു വച്ചാല്‍ പറഞ്ഞു തൊലയ്ക്ക്”
അവന് ക്ഷമ കേട്ടു . അതു കേട്ടപ്പോൾ രേവതിയുടെ മുഖം മ്ലാനമയമായി .
“പറഞ്ഞു തൊലയ്ക്കെന്നോ?” രേവതി ദുഖത്തോടെ അയാളുടെ കണ്ണുകളിലേയ്ക്കു നോക്കി. “ടോണി എങ്ങനെയാ ഇത്രേം മാറിപ്പോയേ? എന്‍റെ സ്വരം കേള്‍ക്കുന്നതുപോലും ഇഷ്ടമല്ലാത്ത രീതീല്‍…. ?”
രേവതിയുടെ കണ്ണുകൾ നിറയുന്നതു ടോണി ശ്രദ്ധിച്ചു.
“ഇയാളൊന്നും വിചാരിയ്ക്കരുത്. ഞാന്‍ തുറന്നങ്ങു പറയാം. ജാസ്മിനും ഞാനും തമ്മില്‍ പണ്ടു മുതലേ സ്നേഹമാ . ഞങ്ങളു കല്യാണം കഴിയ്ക്കാൻ തീരുമാനിച്ചി രിക്കുന്നതുമാ. തന്നെ അച്ഛന്‍ സ്നേഹിച്ചില്ല. അമ്മ സ്നേഹിച്ചില്ല. കൂടപ്പിറപ്പു സ്നേഹിച്ചില്ല എന്നൊക്കെ പറഞ്ഞതു കൊണ്ടാ താനുമായി ഒരു ഫ്രണ്ട്ഷിപ്പിനു ഞാന്‍ സമ്മതിച്ചത്. പക്ഷേ താനതു ദുരുപയോഗപ്പെടുത്തുമെന്നു ഞാന്‍ വിചാരിച്ചില്ല. എന്തായാലും ഇയാളുമായിട്ടു ഇനിയൊരു ഫ്രണ്ട്‌ ഷിപ്പില്ല ”
രേവതി ഒരു നിമിഷനേരം വായ്‌പൊളിച്ചിരുന്നപ്പോയി.
ജാസ്മിനും ടോണിയും തമ്മില്‍ സ്നേഹമാണെന്ന അറിവ് അവളെ വല്ലാതെ ഉലച്ചു .
“നിങ്ങളു തമ്മില്‍ സ്നേഹമാണെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു ടോണീ. ഒരിക്കല്‍ പോലും ജാസ്മിൻ ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ല . ഞാന്‍ ചോദിച്ചപ്പം ഒരു കൂടപ്പിറപ്പിനേപ്പോലെയാ അവളു ടോണിയെ കാണുന്നതെന്നാ എന്നോട് പറഞ്ഞത് “
രേവതിയുടെ മനസ് ഇടിഞ്ഞു.
“ആരോടും പറയണ്ടാന്നു ഞാൻ തന്നെയാ അവളോട് പറഞ്ഞത് . ഞങ്ങടെ വീട്ടിൽ പോലും ഇത് അറിയില്ല . അതുകൊണ്ടാ തന്നോടും ഞാനിതു പറയാതിരുന്നത് ”
ഒരു നിമിഷനേരത്തേയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല രേവതിയ്ക്ക്. മനസു വല്ലാതെ തളർന്നു പോയിരുന്നു. ടോണി തുടർന്നു :
“നമ്മള്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന്‍റെ കാര്യം ഇയാളെന്തിനാ ഹോസ്റ്റലിൽ എല്ലാരോടും പറഞ്ഞേ? ഇതു വെളിയിലാരും അറിയരുതെന്നു തന്നോടു ഞാൻ ആദ്യമേ പറഞ്ഞതല്ലേ? താനൊരു പെണ്ണല്ലേ? താനൊന്നാലോചിച്ചു നോക്ക്, ഏതെങ്കിലുമൊരു പെണ്ണിനിഷ്ടപ്പെടുമോ അവളു കല്യാണം കഴിയ്ക്കാന്‍ പോകുന്ന പുരുഷന്‍ വേറൊരു പെണ്ണുമായിട്ട് ഫ്രണ്ട്ഷിപ്പ് കൂടുന്നത്?”
“ഞാൻ പറഞ്ഞല്ലോ . നിങ്ങളു തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നെന്ന് . ഞാൻ ചോദിച്ചപ്പം അങ്ങനെ ഒരു അടുപ്പം ഇല്ലെന്നാ അവളെന്നോട് പറഞ്ഞത് ”’
“എന്നാ ഇപ്പം അറിഞ്ഞല്ലോ ? നമുക്കീ ചാപ്റ്റര്‍ ഇവിടെ ക്ളോസ് ചെയ്യാം . മേലിൽ എന്നെ ഇനി വിളിക്കരുത് ”
രേവതി ഒന്നും മിണ്ടിയില്ല. അവളുടെ കണ്‍കോണുകളില്‍ രണ്ടു മിഴിനീര്‍ മുത്തുകള്‍ തങ്ങി നില്‍ക്കുന്നതു ടോണി കണ്ടു.
“കഴിഞ്ഞ തവണ ജാസ്മിന്‍ എന്നെ കണ്ടപ്പം തന്നെക്കുറിച്ചു ഒരുപാട് പരാതി പറഞ്ഞു. താന്‍ കാരണം കോളജിലും ഹോസ്റ്റലിലുമൊക്കെ അവള്‍ക്കിപ്പം തല ഉയര്‍ത്തി നടക്കാന്‍ പറ്റാതായീന്ന് . എന്തിനാ ആ കൊച്ചിനെ നീയിങ്ങനെ വേദനിപ്പിക്കുന്നേ ? നീയുമായിട്ടു ഒരു ഫ്രണ്ട്ഷിപ്പു ഇനി വേണ്ടാന്ന് അന്ന് തീരുമാനിച്ചതാ ഞാൻ . അവള്‍ക്കിഷ്ടമില്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല. അത് നീ പ്രതീക്ഷിക്കണ്ട ”
രേവതി മുഖം കുമ്പിട്ടിരുന്നിട്ട് ടോണി കാണാതെ പല്ലു ഞെരിച്ചു. ജാസ്മിനോടുള്ള പക അവളുടെ ഉള്ളിൽ കനലായി എരിയുകയായിരുന്നു . പെട്ടെന്ന് മുഖം ഉയർത്തി അവൾ ചോദിച്ചു .
“ടോണി വിചാരിയ്ക്കുന്നുണ്ടോ, ജാസ്മിന്‍ ടോണിയെ ആത്മാര്‍ത്ഥമായിട്ടു സ്നേഹിയ്ക്കുന്നുണ്ടെന്ന്?”
“അവളുടെ ആത്മാര്‍ത്ഥതയേപ്പറ്റി പറഞ്ഞ് എന്നെ അവളിൽ നിന്ന് അകറ്റാമെന്നു നീ വിചാരിയ്ക്കണ്ട. ഓർമ്മവച്ചനാൾ മുതലറിയുന്നതാ ഞാനവളെ. ഇയാള്‍ക്കു വേറെ വല്ലോം പറയാനുണ്ടെങ്കിൽ പറ ”
ടോണിയുടെ സ്വരം കനത്തു.
രേവതി പുച്ഛഭാവത്തിൽ ഒന്ന് ചിരിച്ചു . എന്നിട്ട് ടോണിയെ സഹതാപത്തോടെ നോക്കികൊണ്ടു പറഞ്ഞു:
“ടോണി ഇപ്പഴും പഴേ നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരു ശുദ്ധ ഹൃദയനാ . ഒരു പെണ്ണിന്‍റെ ഹൃദയം ഒരു പെണ്ണിനേ കാണാൻ പറ്റൂ ടോണി. ജാസ്മിന്‍റെ ഹൃദയം എനിയ്ക്കു നന്നായിട്ടറിയാം. ഒന്നുമല്ലെങ്കിലും അഞ്ചാറു മാസമായില്ലേ ഞാനവളുടെ മുറീല്‍ താമസിയ്ക്കുന്നു.”
“എന്നെയും അവളെയും തമ്മിൽ അകറ്റാൻ താൻ പല അടവുകളും പ്രയോഗിക്കുമെന്ന് എനിക്കറിയാം . അത് പ്രതീക്ഷിച്ചു തന്നെയാ ഞാനിപ്പം വന്നതും . ആ പരിപ്പ് ഈ കലത്തിൽ വേവൂല്ല . തനിക്കു വേറെവല്ലതും പറയാനുണ്ടോ ?”
”ടോണി ഒരു പച്ചപ്പാവം ആയിപ്പോയല്ലോ . കഷ്ടം . സത്യത്തിൽ എനിക്ക് ഇപ്പം സഹതാപം തോന്നുന്നു. ” ഒരു ദീർഘശ്വാസം വിട്ടിട്ടു അവൾ തുടർന്ന്: ”ടോണി പറഞ്ഞല്ലോ, താന്‍ കല്യാണം കഴിയ്ക്കാന്‍ പോകുന്ന പുരുഷന്‍ മറ്റൊരു പെണ്ണുമായി ഫ്രണ്ട്ഷിപ്പ് കൂടുന്നത് ഒരിക്കലും ആ പെണ്ണ് ഇഷ്ടപ്പെടില്ലെന്ന്. നേരാ. തന്‍റെ സ്വത്തു വേറൊരാള്‍ കൈക്കലാക്കുന്നത് ഒരു പെണ്ണിനും ഇഷ്ടമല്ല. ഞാൻ സമ്മതിക്കുന്നു. ഇനി ഞാൻ തിരിച്ചൊന്നു ചോദിച്ചോട്ടെ. താന്‍ കല്യാണം കഴിയ്ക്കാന്‍ പോകുന്നപെണ്ണ് മറ്റൊരു പുരുഷന്‍റെ കിടക്ക പങ്കിട്ടിട്ടുണ്ടെന്നു അറിഞ്ഞാല്‍ എന്തായിരിക്കും ആ പുരുഷന്റെ പ്രതികരണം?”
അതുകേട്ടു ടോണി പൊട്ടിച്ചിരിച്ചു .
” നീ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് . ആ പരിപ്പ് ഈ കലത്തിൽ വേവില്ലെന്നു ഞാൻ പറഞ്ഞില്ലേ . അതങ്ങെടുത്തു വാങ്ങി വച്ചേക്ക് . നിനക്ക് വേറെന്തെകിലും പറയാനുണ്ടോ ? ഇല്ലെങ്കിൽ നമുക്ക് പിരിയാം .”
ടോണിയുടെ നേരെ നോക്കി താടിക്കു കൈ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു .
”ഞാനിപ്പം എന്ത് പറഞ്ഞാലും ടോണി വിശ്വസിക്കില്ലെന്ന് എനിക്കറിയാം . പക്ഷെ ടോണി ഒരു കാര്യം ഓർക്കണം . പുറമെ കാണുന്ന ചിരിയും സ്നേഹവുമൊക്കെ എല്ലാവരുടെയും ഉള്ളിലും കാണുമെന്നു വിചാരിക്കരുത് . ആരും അറിയില്ലെന്നു കണ്ടാല്‍ എന്തിനും മടിയ്ക്കാത്ത ഒരു പാടു പെണ്ണുങ്ങളും ആണുങ്ങളും നമുക്കു ചുറ്റുമുണ്ട് ടോണി.
ചാസ്റ്റിറ്റിയ്ക്കൊന്നും ഇപ്പം ആരും വല്യ വിലയൊന്നും കല്പിയ്ക്കുന്നില്ല . മെഡിക്കല്‍ കോളേജില്‍ പഠിയ്ക്കുന്ന ടോണിയോടു ഞാനിതൊക്കെ പറഞ്ഞുതരണോ?”
“ഇയാൾ ആരെക്കുറിച്ചാ ഈ പറയുന്നേ ?”
“ജാസ്മിനേക്കുറിച്ചു പറഞ്ഞാല്‍ ടോണി വിശ്വസിക്കില്ലല്ലോ! നിങ്ങളു തമ്മില്‍ കൊച്ചുനാള്‍ മുതല്‍ അറിയുന്നതല്ലേ . അവളുടെ ഹൃദയം തുറന്നു വച്ച് കണ്ടതുമല്ലേ .”
കളിയാക്കും മട്ടില്‍ രേവതി അങ്ങനെ പറഞ്ഞപ്പോൾ ടോണിയുടെ നെറ്റി ചുളിഞ്ഞു . ഹൃദയമിടിപ്പ് കൂടി .
“തനിക്കെന്താ പറയാനുള്ളതെന്നു വച്ചാൽ പറ ” ടോണിക്കു ഉത്കണ്ഠയായി.
”ഞാൻ പറഞ്ഞാൽ ടോണി വിശ്വസിക്കില്ലെല്ലോ ”
”ഇയാൾക്ക് എന്താ പറയാനുള്ളത് ” ടോണിയുടെ ശ്വാസഗതി കൂടുന്നത് രേവതി തിരിച്ചറിഞ്ഞു .
” കേൾക്കണോ ടോണിക്ക് ? ”
”ഉം ”
”ഞാന്‍ പറയുന്നതു ടോണി ശാന്തമായിട്ട് കേള്‍ക്കണം. ” രേവതി സൗമ്യസ്വരത്തില്‍ തുടർന്നു . “എന്‍റെ സ്വന്തം ബ്രദറിനോടെന്നപോലെ പറയുകയാ. ടോണിയ്ക്ക് സമാധാനവും സന്തോഷവും കിട്ടണമെന്നാഗ്രഹമുണ്ടെങ്കില്‍ ടോണി വേറേതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ചോ. ഇതു നമുക്കു വേണ്ട ടോണീ.” ടോണിയുടെ കൈ പിടിച്ചുകൊണ്ടവൾ തുടര്‍ന്നു. “ഞാന്‍ അസൂയകൊണ്ടു പറയ്വാന്നു വിചാരിയ്ക്കരുത്. ആരും തൊടാത്ത ഭക്ഷണം കിട്ടാനുള്ളപ്പം മറ്റൊരാളു കഴിച്ചതിന്‍റെ ബാക്കി കഴിയ്ക്കണോ ടോണി ?”
“ഷട്ട് അപ് യുവര്‍ ബ്ലഡി മൗത്ത്!”
ടോണി പൊട്ടിത്തെറിച്ചു.
“നീ എന്താടി എന്നേക്കുറിച്ചു വിചാരിച്ചത്? നിന്‍റെ കുത്തിത്തിരുപ്പു വിശ്വസിച്ചു ഞാനവളെ ആട്ടിയോടിച്ചിട്ടു നിന്നെ വന്നു കെട്ടുമെന്നോ ? റൂം മേറ്റായി കിട്ടിയതു രണ്ടു അലവലാതിപ്പെണ്ണുങ്ങളെയാണെന്നു അവൾ എന്നോട് പറഞ്ഞപ്പം ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല . നിനക്കെയ്ഡ്സാണു വരെയല്ലേടീ ഹോസ്റ്റലിലെല്ലാരും പറയുന്നത്.” മനോനിലതെറ്റിയവനെപോലെ ടോണി എന്തൊക്കെയോ വിളിച്ചു കൂവി.
രേവതിയ്ക്കു ദേഷ്യം തിളച്ചുപൊന്തിയെങ്കിലും പാടുപെട്ടു നിയന്ത്രിച്ചു.
“ചൂടാവാതെ ടോണീ. ഇതു റസ്റ്റോറന്‍റാ. ആരെങ്കിലും കേള്‍ക്കും. കൂള്‍ ഡൗണ്‍.. ശാന്തമായിട്ടിരുന്നു സംസാരിക്ക്‌ ”
“സോറി…”
സമനില വീണ്ടെടുത്തിട്ടു ടോണി ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞതല്പം കൂടിപ്പോയില്ലേ എന്നൊരു തോന്നൽ .ഒരു പെണ്ണിനോടങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഛെ . പെട്ടെന്നുണ്ടായ ദേഷ്യത്തിൽ …വേണ്ടായിരുന്നു ആ വാചകം.
”ടോണി പറഞ്ഞതു നേരാ …. എനിക്കെയ്ഡ്സാ… എന്‍റടുത്തിരുന്നാല്‍ ടോണിയ്ക്കും അതു പകരും. നമുക്കു പിരിയാം ടോണി ”
സങ്കടം നിയന്ത്രിയ്ക്കാനാവാതെ രേവതി കരഞ്ഞു. ഇടതു കൈകൊണ്ടു വായ് പൊത്തി കരച്ചിൽ ഒതുക്കാൻ ഏറെ ബുദ്ധിമുട്ടി അവള്‍ .
കസേരയില്‍ നിന്നെണീറ്റിട്ടവള്‍ പറഞ്ഞു.
“നമുക്കു പോകാം.”
ടോണിയ്ക്കു വല്ലാത്ത കുറ്റബോധം തോന്നി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങനെ പറഞ്ഞുപോയി. പാടില്ലായിരുന്നു . ഒരു പെണ്ണിനോടു അങ്ങനെ പറയാൻ പാടില്ലായിരുന്നു .
“താനിരിക്ക്…”
ടോണി അവളെ പിടിച്ചു ബലമായി കസേരയില്‍ ഇരുത്തിയിട്ടു തുടര്‍ന്നു.
“പെട്ടെന്നു ദേഷ്യം വന്നപ്പം എന്തോ പറഞ്ഞുപോയി. ഐ ആം സോറി “
അവളുടെ കരം പിടിച്ചുകൊണ്ടു അവൻ ക്ഷമ ചോദിച്ചു
“ടോണി എന്നെ അടിച്ചാലും ഇടിച്ചാലും എനിക്കും വെഷമമില്ല. പക്ഷേ എയ്ഡ്സാണെന്നൊക്കെ പറഞ്ഞ് എന്നെ അപമാനിച്ചപ്പം … എനിക്കതു സഹിക്കാൻ പറ്റുന്നില്ല ടോണി. ഞാൻ ഒരു പ്രോസ്റ്റിട്യൂട്ടാണെന്നല്ലേ അതിനർത്ഥം ?”
രേവതി ഏങ്ങലടിച്ചു.
”അതു കളേടൊ. ഞാന്‍ ക്ഷമ ചോദിച്ചില്ലേ? ഇനി ആ കണ്ണീരു തുടച്ചു കള “
മേശപ്പുറത്തിരുന്ന അവളുടെ കർച്ചീഫെടുത്തു ടോണി അവൾക്കു നീട്ടി. അത് വാങ്ങി അവൾ മിഴികള്‍ തുടച്ചു.
തെല്ലുനേരത്തേയ്ക്ക് ആരും ഒന്നും മിണ്ടിയില്ല. ഒടുവില്‍ ടോണിയാണു മൗനം ഭേദിച്ചത്.
“ജാസ്മിനെക്കുറിച്ച് ഇയാളു പറഞ്ഞതു കേട്ടപ്പം എനിക്കും സഹിക്കാന്‍ പറ്റിയില്ല.”
“സ്നേഹിക്കുന്ന പെണ്ണിനേക്കുറിച്ച് വേറൊരു പെണ്ണ് കുറ്റം പറയുന്നത് ഒരാണിനും സഹിയ്ക്കാന്‍ പറ്റില്ല ടോണി . പറഞ്ഞാ വിശ്വസിക്കേലെന്നും എനിക്കറിയാം .” ഒരു നിമിഷം നിർത്തിയിട്ട് രേവതി തുടര്‍ന്നു. “ഒരു പെണ്ണിന്‍റെ ഭാവി നശിപ്പിയ്ക്കാന്‍ മാത്രം ക്രൂര ഹൃദയമുള്ള ഒരാളല്ല ഞാൻ . ടോണിയോടുള്ള എന്റെ ആത്മാര്‍ത്ഥതകൊണ്ടു പറഞ്ഞതാ ഞാനിതെല്ലാം . ഇനി ടോണിക്ക് വിശ്വസിയ്ക്കുകയോ വിശ്വസിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം.”
രേവതി എണീറ്റു.
“ഇയാളു പറഞ്ഞത് സത്യമാണെന്നു തെളിയിയ്ക്കാന്‍ ഇയാളുടെ കയ്യിൽ തെളിവുവല്ലതുമുണ്ടോ ”
അതു കേട്ടതും രേവതിയുടെ മുഖത്ത് ഒരു പ്രകാശം വീണു . അവൾ ഇരുന്നിട്ട് ടോണിയെ നോക്കി അർത്ഥഗർഭമായി ഒന്ന് പുഞ്ചിരിച്ചു .
“ഇപ്പഴാ ടോണി ഒരു ആണായത് . ഈ ചോദ്യം എന്തുകൊണ്ട് ടോണി ഇതുവരെ ചോദിച്ചില്ല എന്ന് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. “
ടോണിയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിയിട്ട് കനത്ത ശബ്ദത്തിൽ രേവതി ചോദിച്ചു.
“തെളിയിച്ചാല്‍ ടോണി എനിയ്ക്ക് എന്തു തരും?”
“എന്തും തരും.”
“അങ്ങനൊന്നും ആര്‍ക്കും വാക്കുകൊടുക്കരുത് കേട്ടോ? ” മന്ദഹസിച്ചുകൊണ്ടു രേവതി തുടര്‍ന്നു. “എനിക്കൊന്നും തരണ്ട . ഇയാളെന്നെ വെറുക്കാതിരുന്നാല്‍ മാത്രം മതി. വേറൊന്നും വേണ്ട. ഒന്നും ”
അത് കേട്ടപ്പോൾ ടോണിയ്ക്കു ആധിയായി . രേവതി പറഞ്ഞതു സത്യമാണോ? ഒരിക്കലും അത് സത്യമാകാതിരിയ്ക്കട്ടെ എന്നവൻ ദൈവത്തോട് പ്രാർത്ഥിച്ചു
“ടോണി ഇപ്പം ഫ്രീയല്ലേ? നമുക്കെന്‍റെ വീട്ടിലേയ്ക്കു പോകാം. ഇവിടുന്നു കുറച്ചു ദൂരമേയുള്ളൂ ”
“എന്തിന്?”
“തെളിവ് കാണണ്ടേ ടോണിക്ക് ?”
“വീട്ടിലെന്തിരിയ്ക്കുന്നു?
“അറക്കുന്നതിനു മുമ്പു പിടയ്ക്കാതെ. ടോണി എന്‍റെ കൂടെ വാ…”
“ഓകെ”
ബില്ലു പേ ചെയ്തിട്ട് റസ്റ്റോറന്‍റില്‍ നിന്നിറങ്ങി അവര്‍ രേവതിയുടെ കാറില്‍ കയറി.
റസ്റ്റോറന്‍റിന്റെ ഗേറ്റു കടന്ന് കാര്‍ റോഡിലേക്കിറങ്ങിയപ്പോള്‍ രേവതി പറഞ്ഞു.
“സ്നേഹിയ്ക്കുന്ന പുരുഷനോട് ഒരു പെണ്ണും എല്ലാ സത്യവും തുറന്നു പറയില്ല ടോണി….”
മൗനം ദീക്ഷിച്ചതേയുള്ളൂ ടോണി . അയാളുടെ മനസ് ആർത്തലക്കുന്ന സമുദ്രം പോലെ പ്രക്ഷുബ്ദമായിരുന്നു അപ്പോൾ. എന്ത് തെളിവാണ് ഇവൾ കാണിക്കാനിരിക്കുന്നത്?
മുക്കാൽ മണിക്കൂർ നേരത്തെ യാത്രക്കുശേഷം അവർ രേവതിയുടെ വീട്ടിലെത്തി .
ഗേറ്റു കടന്ന് കാര്‍ മുറ്റത്തേക്ക് കയറിയപ്പോൾ ടോണി അതിശയതോടെ നാലുചുറ്റും നോക്കി . എത്ര വലിയ വീട് !
സ്വീകരണമുറിയിലേയ്ക്കു കയറിയതും ടോണി ചോദിച്ചു.
“ഇവിടെ വേറാരുമില്ലേ”
“വേറാരാ ? അമ്മ പൊതുപ്രവര്‍ത്തനോം ആയിട്ടു നടക്ക്വല്ലേ. ഇപ്പം തിരുവനന്തപുരത്തു കാണും. അവിടെ വേറെ വീടുണ്ട്.”
അമ്മയോടുള്ള അവജ്ഞ അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു .
“ഇതു വലിയ വീടാണല്ലോ?”
“വീടു വലുതായിട്ടെന്താ കാര്യം? അച്ഛന്റേം അമ്മേടേം സ്നേഹം അനുഭവിയ്ക്കാനുള്ള യോഗം എനിക്കില്ലാതെപോയില്ലേ .”
രേവതി അയാളെ മുകളിലത്തെ നിലയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
ഒന്നാം നിലയിലെ ഒരു റൂം തുറന്നിട്ട് അവനെ അകത്തേയ്ക്കു ക്ഷണിച്ചു.
വിശാലവും മനോഹരവുമായ ഒരു കിടപ്പുമുറി.
“ടോണി ഇരിക്ക്…” സെറ്റിയിലേക്കു കൈ ചൂണ്ടി അവൾ പറഞ്ഞു
പതുപതുത്ത കുഷ്യനിട്ട സെറ്റിയില്‍ ടോണി ഇരുന്നു. തൊട്ടടുത്ത് രേവതിയും.
” ഞാനെന്തിനാ ടോണിയെ ഇവിടെ കൂട്ടി കൊണ്ടുവന്നതെന്നറിയാമോ ?”
ഇല്ല എന്ന അർത്ഥത്തിൽ അവൻ തലയാട്ടി .
“ഈ മുറിയില്‍, ദാ ആ കിടക്കയില്‍ ജാസ്മിന്‍ കിടന്നിട്ടുണ്ട്. ഒറ്റയ്ക്കല്ല, ഒരു പുരുഷനോടൊപ്പം.”
ടോണി ചാടി എണീറ്റു.
“താനെന്താ പറഞ്ഞേ ?”
”ഈ മുറിയില്‍, ആ കിടക്കയില്‍ ജാസ്മിന്‍ കിടന്നിട്ടുണ്ടെന്ന് ”
”നോ , ഞാനതു വിശ്വസിക്കിക്കില്ല ” ടോണി വികാരവിവശനായി .
കൂടുതലൊന്നും പറയാതെ അവൾ എണീറ്റ് അലമാര തുറന്നു. അതിനകത്തുനിന്ന് ഒരു പെൻഡ്രൈവ് എടുത്തു . അതു ടോണിയുടെ നേരെ നീട്ടിയിട്ടു പറഞ്ഞു.
”ആ ലാപ്പിൽ ഇതൊന്നു കുത്തിയിട്ട് , ഇതിനകത്തുള്ള ആ വീഡിയോ ഒന്ന് പ്‌ളേ ചെയ്തു നോക്ക് ” മേശപ്പുറത്തിരുന്ന ലാപ്ടോപ്പിലേക്കു കൈ ചൂണ്ടി കാണിച്ചു രേവതി .
“ഞാന്‍ പോയി ചായ ഇട്ടോണ്ട് വരാം. അപ്പോഴേക്കും ടോണി അതൊന്നു കാണ് . ”
ടോണി പെൻഡ്രൈവ് വാങ്ങി തിരിച്ചും മറിച്ചും നോക്കി സംശയിച്ചു നിൽക്കുമ്പോൾ രേവതി പറഞ്ഞു . ”കണ്ടു നോക്ക് . ബാക്കി പിന്നെ പറയാം ”
ടോണിയുടെ പ്രതികരണത്തിന് കാത്തു നിൽക്കാതെ രേവതി മുറിക്കു വെളിയിലേക്കിറങ്ങി . പടികളിറങ്ങി അവൾ താഴേക്കു പോയി .
രേവതി പോയിക്കഴിഞ്ഞപ്പോൾ ടോണി ലാപ് ഓൺ ചെയ്തിട്ട് പെൻഡ്രൈവ് കുത്തി . പെൻഡ്രൈവിലെ ഫോൾഡർ ഓപ്പൺ ചെയ്തു വീഡിയോ ഫയൽ എടുത്തു . റൈറ്റ് ക്ലിക് ചെയ്‌തിട്ടു വീഡിയോ പ്ലെ ചെയ്തു . മോണിറ്ററിൽ ദൃശ്യം തെളിഞ്ഞു .
സുമുഖനായ ഒരു യുവാവിനോടൊപ്പം ജാസ്മിന്‍ കുശലം പറഞ്ഞിരിക്കുന്ന വിഷ്വൽ ആയിരുന്നു ആദ്യം . യുവാവിന്‍റെ തമാശകള്‍ കേട്ടു പൊട്ടിച്ചിരിക്കുന്നു ജാസ്മിന്‍. ചിരിയും തമാശകളും വർത്തമാനവും . യുവാവ് എന്തോ തമാശ പറഞ്ഞപ്പോള്‍ തലതല്ലി ചിരിക്കുന്നു ജാസ്മിൻ ! അത്രയും കണ്ടതേ ടോണിയുടെ മുഖം ഇരുണ്ടു. ശ്വാസം ധൃതഗതിയിലായി.
ഹോസ്റ്റലിൽ ഒരു ഈച്ച അനങ്ങിയാൽ പോലും അതു തന്നോട് പറഞ്ഞിരുന്ന അവള്‍ എന്തുകൊണ്ട് ഈ വീട്ടില്‍ വന്നകാര്യം പറഞ്ഞില്ല? അതായിരുന്നു അപ്പോഴത്തെ അവന്റെ ചിന്ത . അവളോട് ഇത്രയേറെ സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്ന ആ ചെറുപ്പക്കാരന്‍ ആരാണ്?
തുടര്‍ന്നു വന്ന ദൃശ്യങ്ങള്‍ അവനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞു .
യുവാവിനോടൊപ്പം രാത്രിയിൽ ജാസ്മിനും ചിഞ്ചുവും രേവതിയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിയ്ക്കുന്നു. അയാളുടെ തമാശ കേട്ട് അവള്‍ പൊട്ടിച്ചിരിക്കുന്നു . അത് കണ്ടപ്പോൾ ടോണിക്ക് അടിമുതൽ മുടി വരെ പെരുത്തുകയറി .
അടുത്ത നിമിഷം യുവാവ് ഗ്ലാസിലേയ്ക്ക് ബിയര്‍ പകരുന്നു. ഒരു ഗ്ലാസ് എടുത്തു ജാസ്മിനു നീട്ടുമ്പോള്‍ അവള്‍ വേണ്ടെന്നു പറഞ്ഞു നിരസിയ്ക്കുന്നു. “ചെവിക്കു പിടിച്ചു ഞാനൊരു കിഴുക്കു തരുംട്ടോ. ഇതങ്ങു പിടിച്ചേ .” -യുവാവിന്റെ സ്നേഹാർദ്രമായ നിർബന്ധത്തിനു വഴങ്ങി അവൾ ഗ്ലാസ് വാങ്ങി കയ്യിൽ പിടിച്ചുകൊണ്ടു വെറുതെ ഇരിക്കുന്നു . ” അങ്ങോട്ട് കഴിക്കു മോളെ ” യുവാവ് ഗ്ളാസ് അവളുടെ ചുണ്ടോടു അടുപ്പിക്കുന്നു . അവൾ അത് ഒറ്റവലിക്ക് കുടിയ്ക്കുന്നു. ഇനി വേണ്ട എന്ന് പറഞ്ഞ് ഗ്ളാസ് മേശയിൽ വച്ചിട്ട് ഭക്ഷണം കഴിക്കുന്നു. ഭക്ഷണം കഴിച്ചിട്ട് ഉറക്കം വരുന്നു എന്ന് പറഞ്ഞു എണീറ്റു പോകുന്നു.
ടോണി വല്ലാതെ വിവശനായി ഇരുന്നു കിതച്ചു. മുഖവും ദേഹം കുടുകുടെ വിയര്‍ത്തു .
യുവാവിനോടൊപ്പം ജാസ്മിൻ കിടക്കയിൽ കിടക്കുന്ന ദൃശ്യമായിരുന്നു പിന്നീട് വന്നത് . അത് കണ്ടതും സകല നിയന്ത്രണങ്ങളും വിട്ട് അവൻ ചാടി എണീറ്റ് അലറി.
”നോ”
ഒരു ഭ്രാന്തനെപ്പോലെ അയാൾ ലാപ് ടോപ്പിനിട്ടു ആഞ്ഞ്‌ ഒരു തട്ട് കൊടുത്തിട്ടു ധൃതിയിൽ മുറിക്കു വെളിയിലിറങ്ങി . ഒച്ച കേട്ട് രേവതി മുകളിലേക്ക് കയറിവരുമ്പോൾ ടോണി തിടുക്കത്തിൽ സ്റ്റെയർ കേസ് ഇറങ്ങി താഴേക്ക് വരുകയായിരുന്നു. ടോണിയുടെ കൈപിടിച്ച് നിറുത്തിയിട്ട് രേവതി ചോദിച്ചു .
”പേടിച്ചു പോയോ ?”
അവൻ മിണ്ടിയില്ല .
ടോണി വല്ലാതെ കിതക്കുകയും വിയർക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ രേവതി അവനെ പിടിച്ചുകൊണ്ടുപോയി ഡൈനിങ് റൂമിലെ കസേരയിൽ ഇരുത്തി . എന്നിട്ട് ഫ്രിഡ്ജിൽ നിന്ന് ഒരു ഗ്ളാസ് തണുത്ത വെള്ളമെടുത്തു കുടിക്കാൻ കൊടുത്തു . അത് ഒറ്റവലിക്ക് കുടിച്ചിട്ട് അവൻ മുഖം കുമ്പിട്ടു താഴേക്കു നോക്കി ഇരുന്നു .
”ഇനിയും വേണോ തെളിവ് ? വേണമെങ്കിൽ കാണിക്കാം . ഹോസ്റ്റലിൽ ഇരുന്നു അവൾ ബിയർ കഴിക്കുന്നത് . കാണണോ ടോണിക്ക് ?”
”നോ . എനിക്കിനി ഒന്നും കാണണ്ട .” രണ്ടു കയ്യും ഉയർത്തി അവൻ തടഞ്ഞു .
ടോണിയുടെ ശരീരം വെട്ടി വിയർക്കുന്നത് കണ്ടപ്പോൾ ജാസ്മിൻ എണീറ്റ് ഫാനിന്റെ സ്പീഡ് കൂട്ടി.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved)

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here