പിറ്റേന്ന് ചൊവ്വാഴ്ച !
വൈകുന്നേരം സ്കൂള്‍വിട്ടു സുമിത്ര വീട്ടില്‍ ചെന്നപ്പോള്‍ പതിവില്ലാതെ സതീഷ് വീട്ടിലുണ്ടായിരുന്നു.
സ്വീകരണമുറിയില്‍ സതീഷും മഞ്ജുളയും ഭവാനിയും എന്തോ ഗൗരവമായ ചര്‍ച്ചയാണ്.
സുമിത്രയെ കണ്ടതും അവര്‍ സംസാരം നിറുത്തി. എല്ലാവരുടെയും മുഖത്ത് വിഷാദഭാവം! എന്തോ പന്തികേട് തോന്നിയെങ്കിലും സുമിത്ര ഒന്നും ചോദിച്ചില്ല . ഒന്ന് പുഞ്ചിരിച്ചിട്ട് അവൾ മുകളിലേക്ക് പോകാന്‍ സ്റ്റെയര്‍കെയ്സിനടുത്തെത്തിയപ്പോൾ മൃദുവായ സ്വരത്തിൽ മഞ്ജുള വിളിച്ചു.
“സുമിത്ര ഒന്നു നിന്നേ.”
പിടിച്ചു നിറുത്തിയതുപോലെ അവള്‍ നിന്നു.
മഞ്ജുള അടുത്തു ചെന്ന് സ്റ്റെയർ കേസിന്റെ കൈവരിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
“പോലീസ് സ്റ്റേഷനീന്നു വിളിച്ചിരുന്നു. ആ കേസിനെപ്പറ്റി കൂടുതലെന്തോ അറിയാനായിട്ട് നാളെ പത്തുമണിക്ക് പോലീസ് ക്ലബിൽ ചെല്ലണമെന്ന്.”
അതു കേട്ടതും കരയാന്‍ തുടങ്ങി അവള്‍.
“പ്രശ്നമൊന്നുമില്ലന്നേ. എന്തോ കുറച്ചു കാര്യങ്ങള്‍കൂടി ചോദിക്കാനുണ്ടെന്ന്. അതറിയാൻ വേണ്ടീട്ടു മാത്രമാ. ” സതീഷ് സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു .
സുമിത്ര ഒന്നും മിണ്ടിയില്ല. അവള്‍ കരച്ചിലൊതുക്കാന്‍ പാടുപെടുകയായിരുന്നു.
“ജയനെ വിവരമറിയിച്ചിട്ടുണ്ട്.” സതീഷ് തുടർന്നു: “അവന്‍ രാവിലെ ഇങ്ങെത്തും.”
സാരിത്തലപ്പുകൊണ്ട് മുഖംപൊത്തി കരഞ്ഞുകൊണ്ട് ,സ്റ്റെയര്‍കെയ്‌സ് കയറി അവൾ മുകളിലേക്ക് പോയി .
സതീഷും മഞ്ജുളയും പരസ്പരം നോക്കി വിഷാദമൂകരായി നിന്നു.
മുറിയിലേക്ക് കയറി വാതിലടച്ചിട്ടു സുമിത്ര കിടക്കയിലേക്ക് വീണു.
മരിച്ചാലോ എന്നുപോലും അവള്‍ ചിന്തിച്ചു പോയി.
മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്തിട്ടു മേശപ്പുറത്തേക്കു വച്ചു. ജയേട്ടൻ വിളിച്ചാൽ കാര്യങ്ങൾ പറയാനുള്ള കരുത്തുണ്ടാവില്ല തനിക്ക് എന്നവളോർത്തു .
അന്ന് അത്താഴം കഴിച്ചില്ല അവള്‍. മഞ്ജുള വന്നു നിര്‍ബന്ധിച്ചെങ്കിലും സുമിത്ര താഴേക്കു ചെല്ലാൻ പോലും കൂട്ടാക്കിയില്ല.
രാത്രി മുഴുവന്‍ മൗനമായി കരഞ്ഞു.
വെളുപ്പിന് എണീറ്റപ്പോള്‍ കാലുകള്‍ നിലത്തുറയ്ക്കുന്നില്ലെന്നു തോന്നി.
വീണ്ടും കട്ടിലിലിലേക്ക് ചാഞ്ഞു.
എട്ടരയായപ്പോള്‍ ജയദേവന്‍റെ കാര്‍ വീട്ടുമുറ്റത്ത് വന്നുനിന്നു.
ജയന്‍ ചാടിയിറങ്ങി സിറ്റൗട്ടിലേക്ക് ഓടിക്കയറി.
അപ്പോഴേക്കും സതീഷും മഞ്ജുളയും സിറ്റൗട്ടിലേക്ക് വന്നിരുന്നു.
“എന്താ… എന്താ ഇവിടുണ്ടായേ?”
ജയന്‍ ഉത്കണ്ഠയോടെ തിരക്കി.
നടന്ന കാര്യങ്ങള്‍ സതീഷ് ജയദേവനോട് വിശദീകരിച്ചു.
സംഭവം കേട്ടപ്പോള്‍ ജയദേവന്‍ രോഷം കൊണ്ടു.
“പണ്ടെന്നോ പരിചയമുണ്ടെന്നു പറഞ്ഞ് ഇങ്ങനെ ഹരാസ് ചെയ്യണോ? അവര്‍ക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ഇങ്ങോട്ടുവന്നു ചോദിക്കണം. അതല്ലേ അതിന്‍റെ മര്യാദ? പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കുന്നത് എന്ത് ന്യായമാ ? “
“പോലീസിനുണ്ടോ ന്യായവും മര്യാദയും? കണ്ണില്‍ ചോരയില്ലാത്ത വര്‍ഗമല്ലേ.”
സതീഷിനും അമര്‍ഷമായിരുന്നു.
“അവളെന്നാ പറയുന്നു? ഞാൻ രാത്രി വിളിച്ചപ്പം ഫോൺ സ്വിച് ഓഫായിരുന്നു “
“ഭയങ്കര കരച്ചിലാ. ഇന്നലെ സ്കൂളീന്നു വന്നിട്ട് ഒരു സാധനം കഴിച്ചിട്ടില്ല.” മഞ്ജുള പറഞ്ഞു.
ജയന്‍ ഡ്രോയിംഗ് റൂമിലേക്ക് കയറിയിട്ട് തിടുക്കത്തില്‍ സ്റ്റെയര്‍കെയ്സ് കയറി സുമിത്രയുടെ മുറിയുടെ വാതില്‍ക്കല്‍ ചെന്നു മുട്ടി വിളിച്ചു.
“സുമീ… “
ജയദേവന്‍റെ ശബ്ദം കേട്ടതും സുമിത്ര എണീറ്റ് ചെന്ന് വാതില്‍ തുറന്നു.
കരഞ്ഞുകലങ്ങിയ കണ്ണുകളും കനം തൂങ്ങിയ മുഖവും കണ്ടപ്പോള്‍ ജയനു സങ്കടം വന്നു.
“എന്താ മോളെ പ്രശ്നം?”
അതിനു മറുപടി ആ നെഞ്ചിലേക്കു ശിരസ്സ് ചേർത്ത് ഒരു പൊട്ടിക്കരച്ചിലായിരുന്നു.
“കരയാന്‍ മാത്രം ഒന്നുമുണ്ടായില്ലല്ലോ?” ജയന്‍ അവളുടെ ചുമലില്‍ തലോടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: “പോലീസ് ക്ലബിൽ വരെ ഒന്നു ചെല്ലണമെന്നല്ലേ പറഞ്ഞുള്ളൂ. നമുക്ക് പോയിട്ടിങ്ങു പോരാം.”
“ഞാനൊരു തെറ്റും ചെയ്തിട്ടില്ല ജയേട്ടാ…”
അവള്‍ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു.
“അതെനിക്കറിയാം മോളേ. പോലീസെന്നാ പറഞ്ഞാലും ഞാന്‍ നിന്നെ സംശയിക്ക്വൊന്നുമില്ല. വാ… മോളു വന്നു വല്ലതും കഴിക്ക്.”
ആളിക്കത്തുന്ന തീയിലേക്ക് അല്‍പം വെള്ളമൊഴിച്ചതുപോലെ ജയദേവന്‍റെ ആ വാക്കുകള്‍ സുമിത്രയ്ക്ക് ഒരുപാട് ആശ്വാസം പകർന്നു .
ജയദേവന്‍ അവളെ താഴേക്ക് കൂട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു.
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിട്ട് സുമിത്ര പോയി വേഷം മാറി.
ജയദേവന്‍റെ പിന്നാലെ അവള്‍ കാറിലേക്ക് കയറുമ്പോള്‍ മഞ്ജുള പറഞ്ഞു:
“ഒന്നും പേടിക്കണ്ടാട്ടോ. സത്യായിട്ടുള്ള കാര്യങ്ങളങ്ങു പറഞ്ഞാ മതി. നമ്മള് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ “
കാര്‍ മുമ്പോട്ടുനീങ്ങി.
പോകുന്നവഴി ഓരോന്നു പറഞ്ഞ് അവള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു ജയന്‍.
പോലീസ് ക്ലബ് കോമ്പൗണ്ടില്‍ കാര്‍ വന്നുനിന്നതും സുമിത്രയുടെ നെഞ്ച് പടപടാ ഇടിക്കാന്‍ തുടങ്ങി.
“നീ ഇവിടെ ഇരുന്നാ മതി. ഞാന്‍ പോയി അന്വേഷിച്ചിട്ടു വരാം.”
വിന്‍ഡ് ഗ്ലാസ് താഴ്ത്തി വച്ചിട്ട് ജയദേവന്‍ ഡോര്‍ തുറന്നു വെളിയിലിറങ്ങി.
വാതിലിനു മുൻപിൽ നിന്ന പോലീസുകാരനോട് അയാൾ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. അകത്തേക്കു കയറിക്കൊള്ളാന്‍ അനുവാദം കിട്ടിയതും ജയന്‍ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ് മുറിയിൽ ഇരിപ്പുണ്ടായിരുന്നു . അദ്ദേഹം പറഞ്ഞു:
“സി.ഐ. ഉടനെ വരും. അവരെ ഇങ്ങോട്ടു വിളിച്ചോ. ഇവിടെ ഇരിക്കാം .”
ജയദേവന്‍ വെളിയിലേക്കിറങ്ങി കാറിന്റെ ഡോർ തുറന്ന് സുമിത്രയെ വിളിച്ചിറക്കി, അവരെയും കൂട്ടിക്കൊണ്ടു സ്വീകരണമുറിയിലേക്കു വന്നു.
സ്വീകരണമുറിയിലെ സെറ്റിയിൽ രണ്ടുപേരും അടുത്തടുത്ത് ഇരുന്നു.
പതിനഞ്ചു മിനിറ്റ് പിന്നിട്ടിട്ടും സി.ഐ. വരാഞ്ഞപ്പോള്‍ ജയന്‍ അസ്വസ്ഥനായി. അയാള്‍ സുമിത്രയെ നോക്കിയപ്പോൾ മിഴികൾ പൂട്ടി അഗാധമായ ചിന്തയിലായിരുന്നു അവൾ
“ഉറങ്ങിയോ?”
ഞെട്ടി കണ്ണുതുറന്നു സുമിത്ര .
“സി.ഐ. ഇതുവരെ വന്നില്ലല്ലോ . വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു, തെണ്ടി ” ജയൻ രോഷം കടിച്ചമർത്തി
സുമിത്ര ചലനമില്ലാതെ ഒരു പാവകണക്കെ ഇരുന്നതേയുള്ളൂ.
“വിഷമിക്കാനൊന്നുമില്ലെന്നേ. സി.ഐ. വരുമ്പം ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞോളാം.”
അതിനും പ്രതികരണമില്ല.
അരമണിക്കൂര്‍ കൂടി കഴിഞ്ഞിട്ടാണ് സി.ഐ. വന്നത്. അയാള്‍ ആരെയും ഗൗനിക്കാതെ നേരെ അകത്തേക്ക് പോയി.
പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വന്ന് ജയനോട് സുമിത്രയേയും കൂട്ടി അകത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.
ജയദേവന്‍ സുമിത്രയെ വിളി ച്ചെഴുന്നേൽപ്പിച്ചിട്ടു അവരെയും കൂട്ടി അടുത്തമുറിയിലേക്കു നടന്നു .
“എന്തു ചോദിച്ചാലും പേടിക്കാതെ ഉള്ള കാര്യങ്ങൾ അങ്ങു പറഞ്ഞേക്കണം. നമുക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ലല്ലോ “
ജയന്‍ ധൈര്യം പകര്‍ന്നു.
“ജയേട്ടന്‍ എന്‍റടുത്തുണ്ടാവണം ട്ടോ…”
“തീര്‍ച്ചയായും. “
ജയന്‍റെ പിന്നാലെ ഒരു ജീവച്ഛവംപോലെ അവള്‍ അടുത്ത മുറിയിലേക്ക് കയറി.
സി.ഐ.യും എസ്.ഐ.യും തമ്മില്‍ ഏതോ കേസ് ഡിസ്കസ് ചെയ്യുകയായിരുന്നു ആ സമയം . സുമിത്രയെ കണ്ടതും അദ്ദേഹം ഫയല്‍ മടക്കി.
സി.ഐ. ജയദേവന്‍റെ നേരെ നോക്കി ചോദിച്ചു:
“നിങ്ങളാരാ?”
സുമിത്രയുടെ കസിനാണ്.
“പേര്?”
“ജയദേവന്‍.”
“നിങ്ങളു വെളിയിലു നിന്നാമതി.”
“അല്ല… അത്… ഇവളു വല്ലാതെ ഭയന്നിരിക്കുകയാണ് സര്‍. തനിച്ചിരിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥയിലല്ല.”
“തനിച്ചല്ലല്ലോ. ഞങ്ങളൊക്കെയില്ലേ ഇവിടെ?”
“സാറെന്താന്നു വച്ചാല്‍ ചോദിച്ചോ. ഞാനിവിടെ മാറി നിന്നോളാം.”
“അതു പറ്റില്ലല്ലോ ജയാ. നിങ്ങളുടെ മുമ്പില്‍വച്ച് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാവില്ലേ അവർക്ക് ?”
“അങ്ങനൊന്നുമില്ല സാര്‍. ആ മര്‍ഡര്‍ കേസുമായി ഇവള്‍ക്കൊരു ബന്ധോം ഇല്ല.”
“എന്നു നിങ്ങളങ്ങു പറഞ്ഞാ മതിയോ? ബന്ധമുണ്ടോ ഇല്ലയോന്നൊക്കെ ഞങ്ങളു തീരുമാനിച്ചോളാം. താന്‍ വെളിയിലേക്കിറങ്ങ്. “
സി.ഐ.യുടെ ശബ്ദം കനത്തു.
“അല്ല. സര്‍… അത്…”
“ഒന്നിറങ്ങിപ്പോടോ .”
ഒരു ഗര്‍ജനമായിരുന്നു. സുമിത്ര ഭയന്നു വിറച്ചുപോയി.
“സര്‍… പ്ലീസ്….”
പിന്നെന്തെങ്കിലും പറയുന്നതിനുമുമ്പേ ഒരു പോലീസുകാരന്‍ വന്നു ജയനെ പിടിച്ചു വെളിയിലേക്കു കൊണ്ടുപോയി.
സുമിത്രയും കരഞ്ഞുകൊണ്ട് പിന്നാലെ പോകാൻ ഒരുങ്ങിയപ്പോൾ സി ഐ തടഞ്ഞു :
” നിങ്ങൾ എങ്ങോട്ടാ ? നിങ്ങൾ അവിടെ നിൽക്ക് .”
“സാർ പ്ലീസ്… ഞാന്‍ തനിച്ചിവിടെ നില്‍ക്കില്ല. ജയേട്ടനെ കൂടി ഇങ്ങു വിളിക്ക്” – സുമിത്ര യാചിച്ചു.
“നിങ്ങളെ തല്ലാനോ കൊല്ലാനോ കൊണ്ടുവന്നതല്ല. അടങ്ങിയിരിക്ക്.” സുമിത്രയെ ശാസിച്ചിട്ട് സി.ഐ. ഒരു വനിതാ പോലീസുകാരിയെ നോക്കി പറഞ്ഞു.
“ഇവരെ മുകളിലേക്ക് കൊണ്ടുപോ .”
അതു കേട്ടതും സുമിത്രയുടെ കരച്ചില്‍ അണപൊട്ടി.
വനിതാ പോലീസുകാരി വന്ന് അവളെ ബലമായി പിടിച്ചു മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി.
പ്രതികളെ ചോദ്യം ചെയ്യുന്ന പ്രേതാലയം പോലുള്ള ഒരു മുറിയിൽ കൊണ്ടുപോയി ഇരുത്തി അവളെ . മുറിയുടെ നടുക്ക് ഒരു വലിയ ബള്‍ബ് താഴേക്ക് തൂങ്ങി കിടപ്പുണ്ട് . അതിനു കീഴെയാണ് ചോദ്യം ചെയ്യാനുള്ള വേദി ഒരുക്കിയിരിക്കുന്നത് . ഒറ്റനോട്ടത്തിലേ പേടിയുണര്‍ത്തുന്ന ഭീതിദമായ അന്തരീക്ഷം!
മുറിയിലേക്ക് കയറിയതേ പാതി ജീവന്‍ പോയി സുമിത്രയ്ക്ക്. ഭയംകൊണ്ട് അവളുടെ മുഖവും ദേഹവും വിയര്‍ത്തു. കാലുകൾ കിലുകിലെ വിറച്ചു .
“അങ്ങോട്ടിരുന്നോ…”
ബള്‍ബിനു കീഴെ ഇട്ടിരുന്ന കസേരയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പോലീസുകാരി പറഞ്ഞു.
സുമിത്ര ഇരിക്കാന്‍ മടിച്ചപ്പോള്‍ പോലീസുകാരി വന്നു ബലമായി അവളെ പിടിച്ചിരുത്തി.
രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ സി.ഐ. മോഹന്‍ദാസും എസ്.ഐ. ജോണ്‍ വറുഗീസും രണ്ടു പോലീസുകാരും അങ്ങോട്ടുവന്നു.
സി.ഐ. ലൈറ്റ് ഓൺ ചെയ്തിട്ട് ഒരു കസേര വലിച്ചിട്ട് സുമിത്രയുടെ അരികില്‍ ഇരുന്നു. എന്നിട്ട് കുറച്ചുനേരം ഒന്നും മിണ്ടാതെ സുമിത്രയുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു.
സിംഹത്തിന്‍റെ മുമ്പിലകപ്പെട്ട മാന്‍പേടയെപ്പോലെ ഭയന്നുവിറച്ചുപോയി സുമിത്ര.
“എന്നെ ഒന്നും ചെയ്യരുതേ …. ഞാനല്ല സുകുമാരനെ കൊന്നത്. എന്‍റമ്മയാണെ സത്യം. മരിച്ചുപോയ എന്റച്ഛനാണെ സത്യം. എനിക്കാ സംഭവവുമായി ഒരു ബന്ധോം ഇല്ല സര്‍. പ്ലീസ്… എന്നെ ഒന്ന് വിശ്വസിക്ക്. ഞാനല്ല അയാളെ കൊന്നത് “
അവള്‍ കൈകൂപ്പി യാചിച്ചു. ആ കൈകൾ കിലുകിലെ വിറച്ചു .
“കൂള്‍ ഡൗണ്‍, കൂള്‍ ഡൗണ്‍ ! നിങ്ങളെ തല്ലാനോ, കൊല്ലാനോ കൊണ്ടുവന്നതല്ല . ആ കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമെന്ന് ഞങ്ങൾക്ക് വ്യക്തമായിട്ടറിയാം . അതു ഞങ്ങളോട് പറഞ്ഞേ പറ്റൂ. കഴിഞ്ഞതവണ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്നു ചോദ്യം ചെയ്തപ്പം കുറെയേറെ കള്ളം നിങ്ങളെന്നോട് പറഞ്ഞു. ഞാനതൊക്കെ വിശ്വസിച്ചങ്ങു പോയീന്നു നിങ്ങളു കരുതി . അല്ലേ? ഇയാളു വിചാരിക്കുന്നതുപോലെ പോലീസുകാരത്ര ഉണ്ണാക്കന്മാരൊന്നുമല്ല .” സി ഐ പറഞ്ഞു
“സത്യായിട്ടും എനിക്കാ കൊലപാതകവുമായി ഒരു ബന്ധോം ഇല്ല സര്‍.”
“പിന്നെന്തിനാ നിങ്ങളെന്നോട് കള്ളം പറഞ്ഞേ? കർച്ചീഫ് നിങ്ങളുടെയല്ലെന്ന് ?”
“തെറ്റുപറ്റിപ്പോയി. ക്ഷമിക്കണം. .”
സുമിത്ര കൈകൂപ്പി കരഞ്ഞുകൊണ്ട് അപേക്ഷിച്ചു .
“അങ്ങനെ വഴിക്കുവാ . ചോദിക്കുന്നേന് സത്യായിട്ടുള്ള മറുപടി പറയണം .. ഇനി കള്ളം പറഞ്ഞു പറ്റിക്കാമെന്നു വിചാരിക്കണ്ട. എല്ലാ ഡീറ്റയിൽസും കളക്ട് ചെയ്തിട്ടാ നിങ്ങളെ ഇങ്ങോട്ടു വിളിപ്പിച്ചത് . സത്യം മാത്രമേ പറയാവൂ ”
സി ഐ യുടെ സ്വരം കനത്തു .
“ഉം…”
അവള്‍ തലകുലുക്കി.
ആ സമയം ഡിവൈഎസ്പി ഹരിദാസും അങ്ങോട്ട് കയറിവന്നു. ഡിവൈഎസ്പിയെ കണ്ടതും സിഐയും എസ്ഐയും പോലീസുകാരും എണീറ്റ് സല്യൂട്ടടിച്ചു.
“തുടങ്ങിയോ മോഹന്‍?”
ഹരിദാസ് ചോദിച്ചു.
“ഇല്ല. തുടങ്ങാന്‍ പോണതേയുള്ളൂ.”
“ഓകെ. കാരി ഓണ്‍.”
ഡിവൈഎസ്പി, സി.ഐ.യുടെ സമീപം കസേര വലിച്ചിട്ടിരുന്നു.
സി.ഐ. പിന്നിലേക്ക് തിരിഞ്ഞിട്ട് എസ്ഐയുടെ നേരെ കൈനീട്ടി. എസ്.ഐ. തന്‍റെ കൈയിലിരുന്ന തൂവാല സിഐയുടെ കൈയിലേക്ക് കൊടുത്തു.
രണ്ടു കൈകൊണ്ടും തൂവാല നിവര്‍ത്തി സുമിത്രയുടെ മുമ്പില്‍ പിടിച്ചുകൊണ്ട് സിഐ ചോദിച്ചു.
“ഈ കര്‍ച്ചീഫ് നിങ്ങളുടെയാണോ?”
തൊണ്ട വരളുന്നതുപോലെ തോന്നി സുമിത്രയ്ക്ക്. ഇനി കള്ളം പറഞ്ഞ് പിടിച്ചുനില്‍ക്കാനാവില്ല.
“അതെ…”
നമ്മൾ ജയിച്ചു എന്ന ഭാവത്തില്‍ സിഐ തിരിഞ്ഞ് ഡിവൈഎസ്പിയെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് തിരിഞ്ഞ് വീണ്ടും സുമിത്രയെ നോക്കി ചോദിച്ചു.
“അപ്പം നേരത്തെ ചോദിച്ചപ്പം നിങ്ങളുടേതല്ലെന്നു എന്തിനാ എന്നോട് കള്ളം പറഞ്ഞേ?”
അതിനു മറുപടിയില്ല.
“ഈ കര്‍ച്ചീഫ് ഞങ്ങളുടെ കൈയില്‍ എങ്ങനാ വന്നതെന്നറിയാമോ?”
“ഇല്ല.”
“മരിച്ച സുകുമാരന്‍റെ വീട്ടുമുറ്റത്തുനിന്ന് .”
സുമിത്രയുടെ ശ്വാസഗതി കൂടിയത് സിഐ ശ്രദ്ധിച്ചു.
“ഇനി പറ. ഇതെങ്ങനെയാ അയാളുടെ വീട്ടുമുറ്റത്തുവന്നത്?”
അവള്‍ക്ക് ചങ്കുപൊട്ടുന്നതുപോലെ പ്രയാസം തോന്നി. സി.ഐ. അതു മനസിലാക്കി
“കുടിക്കാന്‍ വെള്ളം വേണോ?”
“വേണ്ട.”
“എന്നാ തുറന്നുപറ. എങ്ങനെയാ ഇത് അയാളുടെ വീട്ടുമുറ്റത്ത് വന്നത്? സത്യം മാത്രമേ പറയാവൂ. സംഭവദിവസം സുകുമാരന്‍റെ വീട്ടില്‍ നിങ്ങളു പോയിരുന്നോ?”
“ഉം.” അവള്‍ തലയനക്കി.
“എപ്പം?”
“അയാളു മരിച്ച രാത്രി.”
“എത്ര മണിക്ക്?”
“പന്ത്രണ്ടുമണിയായിക്കാണും.”
“രാത്രി പന്ത്രണ്ടുമണി?”
“ഉം.”
“ഒറ്റയ്ക്കാണോ?”
“ഉം.”
സിഐ തിരിഞ്ഞ് ഡിവൈഎസ്പിയെ ഒന്നു നോക്കി. എന്നിട്ട് വീണ്ടും തിരിഞ്ഞ് സുമിത്രയെ നോക്കി ചോദിച്ചു.
“എന്തിനാ പോയേ?”
അതിനു മറുപടി പറയാനാവാതെ അവള്‍ വല്ലാതെ കിതച്ചു.
“പേടിക്കാതെ പറഞ്ഞോ. ഇവിടെ പറയുന്ന കാര്യങ്ങള്‍ ഒരുകാരണവശാലും ഞങ്ങള്‍ പുറത്തുപറയില്ല.”
”ഞാനല്ല സുകുമാരനെ കൊന്നത്” – വിക്കിവിക്കി അവള്‍ പറഞ്ഞു.
”എന്‍റെ ചോദ്യത്തിനുള്ള മറുപടി അതല്ലല്ലോ?”
സുമിത്ര എന്തോ പറയാനായി വായ് തുറന്നു. പക്ഷേ, മനസ് പിന്നെയും പിറകോട്ട് പിടിച്ചു വലിച്ചു.
“പറഞ്ഞോളൂ. സത്യം തുറന്നുപറഞ്ഞാല്‍ സുമിത്രയെ ഞങ്ങളു രക്ഷിക്കാം. ഒന്നും പേടിക്കണ്ട . നടന്ന കാര്യങ്ങൾ ധൈരായിട്ടു പറഞ്ഞോ . രക്ഷപ്പെടാനുള്ള വഴികൾ ഞങ്ങളുണ്ടാക്കി തരാം. പക്ഷേ സത്യമേ ഞങ്ങളോട് പറയാവൂ.”
ഡിവൈഎസ്പി ധൈര്യം പകര്‍ന്നു.
സുമിത്ര നാലുചുറ്റും നോക്കി. മറ്റുള്ളവരുടെ സാന്നിധ്യം അവള്‍ക്കു വിഷമമുണ്ടാക്കുന്നു എന്നു കണ്ടപ്പോള്‍ ഹരിദാസ് എല്ലാ പോലീസുകാരെയും അവിടെനിന്ന് പറഞ്ഞുവിട്ടു.
“ഇനി പറ. അന്നു രാത്രി എന്താ സംഭവിച്ചത്?”
കൈകൂപ്പി യാചനയോടെ അവള്‍ സിഐയേയും ഡിവൈഎസ്പിയേയും മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു.
“നടന്നതെന്താണെന്നു മുഴുവന്‍ ഞാന്‍ പറയാം. പക്ഷേ, ഒരപേക്ഷയുണ്ട്. വെളിയിലാരോടും ഇത് പറയരുത്. എന്‍റെ ജീവിതം തകര്‍ക്കരുത്. ഞാനൊരു പാവം പെണ്ണാണ് സാർ . എന്റെ ജയേട്ടൻ അറിഞ്ഞാൽ എന്നെ ഉപേക്ഷിക്കും . ഞാൻ പറയാൻപോകുന്നത് വേറാരും അറിയരുത് .”
“ഒരിക്കലുമില്ല. ഒരു പെണ്ണിന്‍റെ ജീവിതം തകര്‍ക്കാന്‍ മാത്രം ദുഷ്ടന്മാരൊന്നുമല്ല ഞങ്ങൾ . എന്നുമാത്രമല്ല സത്യം തുറന്നുപറഞ്ഞാല്‍ സുമിത്രയെ രക്ഷിക്കാനുള്ള വഴികളും ഞങ്ങളു പറഞ്ഞുതരാം.”
സിഐ ഒരടവു പ്രയോഗിച്ചു.
” രക്ഷിക്കുമോ സാർ ?”
” ഉറപ്പായിട്ടും . ” സി ഐ തുടർന്നു : ”നടന്നത് വള്ളിപുള്ളി തെറ്റാതെ ഇങ്ങോട്ടു പറ ”
ഒരു ദീർഘശ്വാസം വിട്ടിട്ട് സുമിത്ര ആ സംഭവം പറയാന്‍ തുടങ്ങി.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12














































