” വിഷ് യു മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ ” .
ഷെയ്ക് ഹാൻഡ് കൊടുത്ത്, പിറന്നാൾ ആശംസകൾ നേർന്നിട്ട് ബാലചന്ദ്രൻ അജിത്മോന് സമ്മാനപ്പൊതി നീട്ടി. രണ്ടുകൈയും നീട്ടി സന്തോഷത്തോടെ അവന്‍ അതു വാങ്ങി.
“ഞങ്ങളു ക്ലോസ് ഫ്രണ്ട്സാ.”
അജിതിനെ തന്നിലേക്ക് ചേര്‍ത്തുപിടിച്ച് , സുമിത്രയെ നോക്കി ചിരിച്ചു കൊണ്ട് ബാലചന്ദ്രന്‍ പറഞ്ഞു.
“അറിയാം. സ്കൂള്‍ വിട്ടുവന്നാല്‍ നേരെ അങ്ങോട്ടേക്കല്ലേ.”
പുഞ്ചിരിച്ചു കൊണ്ട് സുമിത്ര പ്രതിവചിച്ചു.
“ഇവന്‍ മിടുക്കനാ. മിടുമിടുക്കന്‍. എല്ലാക്കാര്യത്തിലും നല്ല ചുണയും ഉത്സാഹവുമാ . എനിക്കൊത്തിരി ഇഷ്ടമാ ഇവനെ. അതുകൊണ്ടു ഞാൻ പറഞ്ഞിട്ടുണ്ട് എല്ലാദിവസവും വൈകുന്നേരം എന്നെ കാണാൻ വരണമെന്ന് ”
വാത്സല്യത്തോടെ അദ്ദേഹം അവന്റെ തലയിൽ തലോടി.
“സിനിമേല്‍ ചാന്‍സ് കൊടുക്കാമെന്നു പറഞ്ഞ് പറ്റിച്ചു വച്ചിരിക്ക്വാ അല്ലേ?”
ചിരിച്ചുകൊണ്ട് സുമിത്ര ചോദിച്ചു.
“അങ്ങനെ പറ്റിക്കാന്‍ പറ്റ്വോ എന്‍റെ കുട്ടനെ. അല്ലേടാ . നോക്കിക്കോ, ഞാനിവനെ ഒരു സൂപ്പർ സ്റ്റാറാക്കും .”
“അങ്ങനെ സ്വപ്നം കണ്ടുനടക്ക്വാ ആള് .”
“ആട്ടെ. എന്നെക്കുറിച്ചുള്ള സംശയങ്ങളൊക്കെ മാറിയോ? ആദ്യദിവസം ഞാനിവിടെ വന്നപ്പം ഈ വായ്ക്കകത്തു നാവില്ലായിരുന്നു. എന്തൊരു സ്ത്രീയാണെന്ന് ഞാനോർത്തു പോയി ”
ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഒരു പരിചയവുമില്ലാത്ത ഒരാളു കേറിവന്ന് ഓരോന്നു ചോദിച്ചപ്പം… “
“എന്നെയല്ലേ പരിചയമില്ലാത്തത്. എനിക്കു പരിചയമുണ്ടായിരുന്നു. കൊച്ചുന്നാളില്‍ എത്രവട്ടം ഈ കൈയില്‍ തൂങ്ങിനടന്നതാ. തുമ്പിയെ പിടിച്ചുതരണമെന്നു പറഞ്ഞു എല്ലാ ദിവസവും ശല്യം ചെയ്തത് ഞാനിപ്പഴും ഓർക്കുന്നു.”
“എനിക്കൊന്നും ഓര്‍മവരുന്നില്ല.”
” എങ്ങനെ ഓർക്കാന. തീരെ കൊച്ചല്ലായിരുന്നോ അന്ന്. ” ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു :” സത്യം പറഞ്ഞാല്‍ ഇനി ഇങ്ങോട്ട് വരില്യാന്നു ഞാന്‍ തീരുമാനിച്ചിരുന്നതാ. അത്രയ്ക്ക് വിഷമംതോന്നി ആദ്യം വന്നു പോയപ്പം . ഒന്ന് കയറി ഇരിക്കാൻ പോലും പറയാഞ്ഞപ്പം മനസ് ഒരുപാട് വേദനിച്ചു. പിന്നെ ഇവന്റെ സ്നേഹം കണ്ടപ്പഴാ എന്റെ തീരുമാനം മാറ്റിയത് .”
”സോറി. അതോർത്തു പിന്നെ ഞാൻ ഒരുപാട് വിഷമിച്ചു. എനിക്ക് ചിലപ്പം അങ്ങനെയാ. വേണ്ട ബുദ്ധി വേണ്ടപ്പോൾ തോന്നില്ല. അതുകൊണ്ടു ഒരുപാട് ദുരിതങ്ങളും ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നു. ”
”കുറെയൊക്കെ ഞാനറിഞ്ഞു. ”
”ആര് പറഞ്ഞു? ”
”കുറച്ചു ദിവസമായില്ലേ ഞാനീ നാട്ടിൽ വന്നിട്ട്. ഇവിടുത്തെ ആളുകള് ആദ്യം കാണുമ്പം പറയുന്നത് നല്ല വാർത്തകളായിരിക്കില്ലല്ലോ ”
”എല്ലാം എന്റെ വിധി.”
”തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മൾ ആരെയും ഭയക്കേണ്ട . എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ പുറത്തുവരും. ”
”അങ്ങനെയൊരു പ്രതീക്ഷയൊന്നുമില്ല ഇനി എനിക്ക്.”
“മനസു ശുദ്ധമാണെങ്കിൽ ദൈവം കൂട്ടിനുണ്ടാകും. നിരപരാധികളെ ഈശ്വരൻ ഒരിക്കലും ശിക്ഷിക്കില്ല. ”
”ശിക്ഷ ഒരുപാട് അനുഭവിച്ചു . ഇതിൽക്കൂടുതൽ ഇനി ഒന്നും അനുഭവിക്കാനില്ല ”
“മനസില്‍ ഒരുപാട് വേദനകളും വിഷമങ്ങളുമുണ്ടല്ലേ?” ബാലചന്ദ്രന്‍ ചോദിച്ചു.
“ഉം . സത്യം പറഞ്ഞാല്‍ അതുകൊണ്ടൊക്കെയാ ആദ്യം വന്നപ്പം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്നത്.”
”എല്ലാവരുടെയും ജീവിതത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇതുപോലുള്ള വിഷങ്ങൾ ഉണ്ടാകും. ”
സുമിത്ര പിന്നെ ഒന്നും പറഞ്ഞില്ല. വെറുതെ ആലോചിച്ചു നിന്നതേയുള്ളൂ.
“എല്ലാ വിഷമങ്ങളും മാറൂന്നേ. ദൈവം എല്ലാറ്റിനും ഒരു വഴിയുണ്ടാക്കിത്തരും.”
”അങ്ങനെ ഒരു പ്രതീക്ഷ ഇനി ഇല്ല. ങ്ഹ, വന്ന കാലില്‍ നില്‍ക്കാതെ അകത്തേക്കിരിക്കാം.”
സുമിത്ര ക്ഷണിച്ചു.
“ആയിക്കോട്ടെ.”
ബാലചന്ദ്രന്‍ സ്വീകരണമുറിയിലേക്ക് കയറുന്നതിനിടയില്‍ ചോദിച്ചു: “പരിചയം പറഞ്ഞ് ആദ്യം ഞാനിവിടെ വന്നപ്പം എന്തോ തട്ടിപ്പുമായി വന്നതാണെന്നല്ലേ സുമിത്ര വിചാരിച്ചത്?”
“സത്യം പറഞ്ഞാൽ അങ്ങനെയും ഒരു സംശയമുണ്ടായിരുന്നു.”
“അതിപ്പഴുമുണ്ടോ?”
“ഏയ്…”
സ്വീകരണമുറിയിലെ കസേരയിലിരുന്നു ബാലചന്ദ്രൻ . തൊട്ടടുത്ത് അജിത്മോനും.
“നേരം ഒരുപാടായി. ഞാന്‍ ചോറ് എടുത്തു വയ്ക്കാം . നിങ്ങളു വര്‍ത്തമാനം പറഞ്ഞിരിക്ക്”
അതു പറഞ്ഞിട്ട് സുമിത്ര കിച്ചണിലേക്ക് വലിഞ്ഞു.
ബാലചന്ദ്രന്‍ അജിത്മോനോട് കുശലം പറഞ്ഞുകൊണ്ട് സ്വീകരണമുറിയിലിരുന്നു.
ചോറും കറികളും ടേബിളില്‍ നിരത്തിയിട്ട് സുമിത്ര വന്നു രണ്ടുപേരെയും ഊണുകഴിക്കാൻ ക്ഷണിച്ചു.
ബാലചന്ദ്രനും അജിത്മോനും എണീറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നു.
കൈകഴുകിട്ട് ഡൈനിംഗ് ടേബിളിനു സമീപം കസേരയില്‍ വന്നിരിക്കുമ്പോഴാണ് ടേബിളിൽ നിരത്തിയിരിക്കുന്ന വിഭവങ്ങൾ ബാലചന്ദ്രൻ കണ്ടത് .
”ആഹാ , ഇതൊരുപാട് വിഭവങ്ങളുണ്ടല്ലോ ”
ബാലചന്ദ്രന്‍ ഓരോന്നും കുറേശ്ശേ എടുത്ത് ടേസ്റ്റ് നോക്കി.
“നന്നായിരിക്കുന്നു കേട്ടോ . ഒക്കെ തന്നത്താനുണ്ടാക്കിയതാ? ”
“ഉം.”
”വെരി ഗുഡ്. ”
സുമിത്രയ്ക്ക് സന്തോഷം തോന്നി.
ഊണുകഴിക്കുന്നതിനിടയില്‍ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു ബാലചന്ദ്രന്‍. എല്ലാറ്റിനും മനസുതുറന്നു മറുപടി പറഞ്ഞു അവൾ . ഊണുകഴിഞ്ഞ് എണീല്‍ക്കുമ്പോഴേക്കും പരസ്പരം കൂടുതല്‍ അടുത്തു കഴിഞ്ഞിരുന്നു.
കൈകഴുകിയിട്ട് ബാലചന്ദ്രന്‍ തിരിഞ്ഞപ്പോള്‍ ടവ്വൽ നീട്ടിക്കൊണ്ട് സുമിത്ര.
ടവ്വല്‍ വാങ്ങി കൈതുടയ്ക്കുമ്പോള്‍ ബാലചന്ദ്രന്‍ പറഞ്ഞു:
“ഊണ് അടിപൊളിയായിരുന്നുട്ടോ. ഒരുപാട് കാലം കൂടിയാ ഇത്രയും രുചിയുള്ള കറികൾ കൂട്ടി ഊണ് കഴിക്കുന്നത്.”
പ്രശംസ കേട്ട് സുമിത്ര വാനോളം ഉയർന്നു.
‘ചോറും കറികളുമൊക്കെ ചെറുപ്പം മുതലേ ഉണ്ടാക്കി പഠിച്ചതു കൊണ്ടു ഇപ്പം ഒന്നിനും ബുദ്ധിമുട്ടില്ല ”
” അങ്ങനെവേണം പെണ്ണുങ്ങൾ . ഇപ്പഴത്തെ പെണ്ണുങ്ങളോട് ഇതൊക്കെ പറഞ്ഞാൽ തല്ലാൻ വരും. അവർക്കീ നൂഡിൽസും കീഡിൽസുമൊക്കെയല്ലേ ഉണ്ടാക്കാനറിയൂ .അതാവുമ്പോൾ ചൂടുവെള്ള ത്തിലേക്കിട്ടിട്ട് ഇളക്കി ഒന്നിങ്ങെടുത്താൽ മതിയല്ലോ ”
സുമിത്ര ചിരിച്ചതേയുള്ളൂ.
“വിളിച്ചതിനും ഊണ് തന്നതിനും ഒരുപാട് ഒരുപാട് നന്ദി .”
മറുപടിയായി പുഞ്ചിരിച്ചതേയുള്ളൂ അവൾ.
“വരട്ടെ കുട്ടാ ? “
അജിത്മോനോട് യാത്രപറഞ്ഞിട്ട് പുറത്തേക്കിറങ്ങാന്‍ ഭാവിച്ചപ്പോള്‍ അജിത് പറഞ്ഞു:
“ഇനീം വരില്ലേ ബാലേട്ടന്‍?”
“തീര്‍ച്ചയായും! എന്‍റെ പഴയ അയല്‍ക്കാരല്ലേ . നിങ്ങളു മറന്നാലും എനിക്ക് മറക്കാന്‍ പറ്റില്ലല്ലോ.”
”ഇനി മറക്കില്ല ” അത് പറഞ്ഞിട്ട് സുമിത്ര ചിരിച്ചു.
“ഞാന്‍ സ്കൂളില്‍ ചെന്ന് എല്ലാരോടും പറയും, ബാലേട്ടന്‍ എന്റെ വീട്ടില്‍ വന്നൂന്ന്.”
“ങ്ഹ… ഇതിനിടെ ഒരു കാര്യം ചോദിക്കാന്‍ മറന്നു.” സുമിത്രയുടെ നേരെ തിരിഞ്ഞ് ബാലചന്ദ്രന്‍ തുടര്‍ന്നു: “സിനിമേലഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അജിതിനോട് പറഞ്ഞിരുന്നോ?”
“ഏയ്. അത് ഞാനൊരു തമാശ പറഞ്ഞതല്ലേ.”
സുമിത്ര ചമ്മലോടെ നാണം കുണുങ്ങി നിന്നു.
“ആഗ്രഹമുണ്ടെങ്കില്‍ ഞാൻ ചാന്‍സ് വാങ്ങിത്തരാം.”
“യ്യോ. വേണ്ട. എനിക്കിനി ഒരാഗ്രഹവുമില്ല. ഇങ്ങനെയൊക്കെയങ്ങു ജീവിച്ചു പോയാൽ മതി. ”
“ഓക്കെ. ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളൂ. സിനിമാഫീൽഡിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് . എപ്പഴെങ്കിലും അങ്ങനെ ആഗ്രഹം തോന്നിയാൽ എന്നോട് പറയാൻ മടിക്കേണ്ട കേട്ടോ. ഈ മുഖവും രൂപവുമൊക്കെ ഒരു സിനിമാ നടിക്ക് പറ്റിയതാ”’
”അതുമാത്രം പോരല്ലോ. അഭിനയിക്കാൻ കൂടി അറിയണ്ടേ? എനിക്കത് ഒട്ടും വഴങ്ങില്ല. ”
” സൗന്ദര്യം ഉണ്ടെങ്കിൽ അഭിനയം താനേ വന്നുകൊള്ളും. ഇതിപ്പം കാണാൻ നല്ല സുന്ദരിയല്ലേ ”
അതുകേട്ടപ്പോൾ സന്തോഷം കൊണ്ട് ഒരു മുഴം ഉയർന്നുപോയി അവൾ.
” ഞാൻ മുഖസ്തുതി പറഞ്ഞതല്ല കേട്ടോ. ആരുകണ്ടാലും ഒന്ന് നോക്കിപ്പോകും . ഞാൻ ആദ്യം കണ്ടപ്പം അതിശയിച്ചു പോയി. പഴയ ആ നരുന്തു പെണ്ണാണോ എന്റെ മുൻപിൽ നിൽക്കുന്നതെന്ന് .”
സുമിത്ര ചിരിച്ചതേയുള്ളു .
” വരട്ടെ ”
യാത്ര പറഞ്ഞിട്ടു ബാലചന്ദ്രന്‍ പുറത്തേക്കിറങ്ങി. വരാന്തയില്‍നിന്ന് മുറ്റത്തേക്കിറങ്ങി അയാള്‍ നടന്നകലുന്നത് സുമിത്ര വാതിക്കൽ നോക്കിനിന്നു.
എത്ര നല്ല മനുഷ്യന്‍!
എത്ര ഹൃദ്യവും മാന്യവുമായ പെരുമാറ്റം! നല്ല സംസാരം !
താന്‍ ഭയപ്പെട്ടതുപോലെ അനാവശ്യമായ ഒരു നോട്ടമോ വാചകമോ ഒന്നുമുണ്ടായില്ല.
“എങ്ങനുണ്ട് ചേച്ചീ എന്റെ ബാലേട്ടന്‍? ” അജിത് ഞെളിഞ്ഞുനിന്നു ചോദിച്ചു .
“നിനക്കെന്തു തോന്നുന്നു?”
“എനിക്കൊരുപാട് ഇഷ്ടായി. നല്ല താമശക്കാരനല്ലേ? ഊണുകഴിച്ചുകൊണ്ടിരുന്നപ്പം എന്തുമാത്രം തമാശകളാ പറഞ്ഞത്. ബാലേട്ടന്‍ ചേച്ചിയെ കല്യാണം കഴിച്ചിരുന്നെങ്കില്‍ എന്ന് ഞാൻ അപ്പം ഓർത്തുപോയി .”
“ഒന്ന് പോടാ ചെക്കാ .”
സുമിത്ര അവന്‍റെ ചെവിയിലൊരു നുള്ളുകൊടുത്തു. “പോയിരുന്നു വല്ലതും പഠിക്കാന്‍ നോക്ക്. വേണ്ടാത്ത ചിന്തകളുമായിട്ടു നടക്കാതെ. “
“എനിക്കറിയാം ചേച്ചിക്ക് ബാലേട്ടനെ ഇഷ്ടാന്ന്. ഇന്നത്തെ വർത്തമാനം കണ്ടപ്പം എനിക്ക് തോന്നി ”
” വേണ്ടാതീനം പറയാതെ ഒന്ന് പോകുന്നുണ്ടോ ചെക്കാ ”
”സത്യം പറ . ചേച്ചിക്കിപ്പം ഇഷ്ടമല്ലേ ബാലേട്ടനെ ?”
”ഇഷ്ടമാണെങ്കിൽ നീ കല്യാണം കഴിപ്പിച്ചു തരുമോ ?”
”ഞാൻ വേണേൽ ബാലേട്ടനോട് പറയാം. ”
” മിണ്ടിപ്പോയേക്കരുത് കേട്ടോ . അങ്ങനെയെങ്ങാനും പറഞ്ഞൂന്നറിഞ്ഞാൽ പിന്നെ നിന്നെ ഞാൻ അങ്ങോട്ട് വിടുകയേയില്ല ”
”ഞാനൊന്നും പറയുന്നില്ലേ. ”
” പിന്നെ, ബാലേട്ടനെ വിളിച്ചു ഊണ് കൊടുത്ത കാര്യം ആരോടും പറയണ്ട ട്ടോ. ഓരോന്ന് കിട്ടാൻ വേണ്ടി നോക്കിയിരിക്കുവാ ആളുകള്. ”
” ഉം, ബാലേട്ടൻ തന്ന സമ്മാനം എന്താണെന്ന് ഞാൻ ഒന്ന് പോയി നോക്കട്ടെ ”
അജിത്മോന്‍ അവന്‍റെ മുറിയിലേക്ക് ഓടി. സുമിത്ര കിച്ചണിലേക്കും പോയി.
ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുമിത്ര ബാലചന്ദ്രനെക്കുറിച്ചോര്‍ക്കുകയായിരുന്നു.
കൊച്ചുന്നാളില്‍ തന്‍റെ കൈപിടിച്ചു നടന്ന ചെക്കനായിരുന്നൂന്നു പറഞ്ഞതു നേരാണോ? എത്ര ആലോചിച്ചിട്ടും ഓര്‍മയിലേക്ക് വരുന്നില്ല ആ ചെക്കനെ. കള്ളം പറഞ്ഞതാവാനിടയില്ല. എന്തിനാണ് കള്ളം പറയുന്നത് ? തന്‍റെ പ്രീതി പിടിച്ചുപറ്റീട്ട് ആ മനുഷ്യന് എന്തുകിട്ടാനാണ് ?
ഏതായാലും കണ്ടിടത്തോളം ആളൊരു മാന്യനാണെന്നു തോന്നുന്നു. എന്നാലും, ഒരു പരിധിവിട്ട് അടുക്കണ്ട. നാട്ടുകാരെക്കൊണ്ട് ഇനിയും ഓരോന്നു പറയിപ്പിക്കേണ്ടല്ലോ. ബാലചന്ദ്രനെ വീട്ടിൽ വിളിച്ചു സൽക്കരിച്ച കാര്യം ആരും അറിയാതിരിക്കട്ടെ.
പീലിപ്പോസിന്‍റെ ചായക്കട!
ഒരു ഗ്ളാസ് കട്ടൻ ചായയും മുമ്പില്‍ വച്ച് പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു ബാലചന്ദ്രന്‍.
ആ സമയത്താണ് ശ്രീകുമാര്‍ അങ്ങോട്ട് കയറിവന്നത്.
“സാറെന്താ ഇന്നു കട്ടന്‍ചായയാക്കിയത്?”
ബാലചന്ദ്രന്‍റെ സമീപം കസേരയിൽ ഇരുന്നുകൊണ്ട് ശ്രീകുമാര്‍ ചോദിച്ചു.
“പാലുതീര്‍ന്നു. ങ്ഹ… ശ്രീക്കുട്ടനു വേണോ ഒരു ചായ ?”
“ആയിക്കോട്ടെ; സാറു സന്തോഷത്തോടെ വാങ്ങിത്തരുന്നതല്ലേ. കുടിച്ചേക്കാം.”
ബാലചന്ദ്രന്‍ ശ്രീകുമാറിന് ഒരു ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തു.
പീലിപ്പോസ് ചായകൊണ്ടുവന്ന് ശ്രീകുമാറിന്റെ മുമ്പില്‍ വച്ചു.
” കഴിക്കാൻ വല്ലതും വേണോ ? പീലിപ്പോസ് ചോദിച്ചു
” ഒന്നും വേണ്ട ”
” എന്തെങ്കിലും കഴിക്ക് ശ്രീക്കുട്ടാ . കാശ് ഞാൻ കൊടുത്തോളാം ”
” എന്നാ ഒരു പരിപ്പുവട താ ”
പീലിപ്പോസ് ഒരു പരിപ്പുവട എടുത്തുകൊണ്ടു വന്നു കൊടുത്തു.
“ശ്രീക്കുട്ടാ.., ഞാന്‍ ആവശ്യപ്പെട്ട ഡീറ്റെയ്ല്‍സൊക്കെ കളക്ടു ചെയ്തോ? “- ബാലചന്ദ്രന്‍ അയാളുടെ ചെവിയിൽ ചോദിച്ചു.
“ഉവ്വ് സാറെ.”
“എന്നാല്‍ ഇന്ന് രാത്രി എന്റെ വീട്ടിലേക്ക് വരണം .”
“ഉം…”
ശ്രീകുമാര്‍ തലകുലുക്കി.
“പിന്നെ…. ഞാന്‍ പറഞ്ഞതോര്‍മ്മയുണ്ടല്ലോ? നമ്മളു തമ്മിലുള്ള ഇടപാടുകളൊന്നും ഒരീച്ചപോലും അറിയരുത് . അറിഞ്ഞാൽ തനിക്കീ നാട്ടിലുള്ള നിലയും വിലയും ഞാൻ കളയും . എന്റെ മൊബൈലിലുണ്ട് തന്റെ നിലയും വിലയും ”
“ഇല്ല സാറേ . ഞാൻ ആരോടും പറയില്ല . സാറിനെന്നെ പൂര്‍ണമായും വിശ്വസിക്കാം. ”
”ഒക്കെ ”
“നിങ്ങളുതമ്മില്‍ വല്യ സുഹൃത്തുക്കളായെന്നു തോന്നുന്നല്ലോ.”
പീലിപ്പോസ് ചോദിച്ചു.
“ശ്രീക്കുട്ടന്‍ മിടുക്കനാ. വിശ്വസിക്കാന്‍ കൊള്ളുന്നവന്‍. ഞാന്‍ ഇവന് എന്‍റെ സിനിമേലൊരു ചാന്‍സ് കൊടുക്കും. പീലിപ്പോസ് ചേട്ടന്‍ നോക്കിക്കോ. ഭാവിയിലിവനൊരു സൂപ്പര്‍സ്റ്റാറാ.”
“ഓ… പിന്നെ… ഒരു പണിയും ചെയ്യാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നവനാ സൂപ്പര്‍സ്റ്റാറാൻ പോകുന്നത് .” .
പീലിപ്പോസ് പുച്ഛത്തോടെ പറഞ്ഞു.
“നിങ്ങള് ബൂര്‍ഷ്വാകള് അങ്ങനെയേ പറയൂ. പാവപ്പെട്ടവരുടെ കഷ്ടപ്പാടും ദുരിതോം .അതനുഭവിച്ചവർക്കേ മനസിലാകൂ ” ശ്രീകുമാർ പറഞ്ഞു .
“ഓ നീ ഒരുപാട് അനുഭവിച്ചവനാ. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ പാതിരാത്രീല്‍ ചില വീട്ടിലൊക്കെ നീ കേറിച്ചെല്ലുന്ന കാര്യം ഈ നാട്ടിലെല്ലാവര്‍ക്കും അറിയാം. എന്നെക്കൊണ്ടു കൂടുതലൊന്നും പറയിപ്പിക്കണ്ട.”
ശ്രീകുമാര്‍ ചമ്മി. പിന്നൊന്നും മിണ്ടിയില്ല അയാള്‍. വേഗം ചായ കുടിച്ചിട്ട് എണീറ്റ് സ്ഥലം വിട്ടു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































