Home Entertainment ഒടുവിൽ ഒരുദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 5

ഒടുവിൽ ഒരുദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 5

1247
0
ഒടുവിൽ ഒരുദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 5

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരെ അറിയിക്കാതെ ആ പ്രണയം അവര്‍ മനസ്സില്‍ സൂക്ഷിച്ചു. ടോണി എംബിബിഎസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ടോണിക്കു പപ്പയില്ല. അമ്മയും ഒരു പെങ്ങളും മാത്രം. ജാസ്മിന്‍റെ ചേച്ചി അലീനയുടെ വിവാഹം നടക്കാത്തതില്‍ ദുഃഖിതരായിരുന്നു മാതാപിതാക്കള്‍. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ജാസ്മിനെ കോളജ് ഹോസ്റ്റലിലാക്കി പപ്പ . രേവതിവര്‍മ്മയും ചിഞ്ചു അലക്സുമായിരുന്നു ഹോസ്റ്റലില്‍ അവളുടെ റൂംമേറ്റ്സ്. ധാർമ്മികമൂല്യങ്ങള്‍ക്കു യാതൊരു വിലയും കല്പിക്കാതെ, ജീവിതം പരമാവധി ആസ്വദിക്കണമെന്ന പുരോഗമനചിന്താഗതിക്കാരായിരുന്നു ഇരുവരും. എല്ലാ ദുശ്ശീലങ്ങളുമുള്ള രണ്ടു പെണ്‍കുട്ടികള്‍. ജാസ്മിനെ വശത്താക്കി നിര്‍ബന്ധിച്ച് അവര്‍ മദ്യം കുടിപ്പിച്ചു . (തുടര്‍ന്നു വായിക്കുക)


“ഏയ്, ജാസ്…. എണീറ്റേ.”
ചിഞ്ചു കുലുക്കിവിളിച്ചപ്പോഴാണ് ജാസ്മിന്‍ കണ്ണുതുറന്നത്.
“മണി എട്ടാകുന്നു. കോളജില്‍ പോകണ്ടേ?”
ചാടിയെണീറ്റ് അവള്‍ വാച്ചില്‍ നോക്കി. ശരിയാണ്. എട്ടാകാന്‍ പത്തുമിനിറ്റു കൂടി മാത്രം. തിടുക്കത്തിൽ മുടി ഒതുക്കിക്കെട്ടിവച്ചിട്ട് അവള്‍ വേഗം എണീറ്റ് ബാത്ത്റൂമിലേക്കു ഓടി.
ഷവറില്‍നിന്നു തണുത്ത ജലം ദേഹത്തു വീണപ്പോള്‍ തലേരാത്രിയിലെ സംഭവം ഓര്‍മ്മയില്‍ തെളിഞ്ഞു.
ദൈവമേ! തെറ്റല്ലേ താന്‍ ചെയ്തത്? ആരൊക്കെ നിര്‍ബന്ധിച്ചാലും മദ്യം കഴിക്കരുതായിരുന്നു . പപ്പയോ അമ്മയോ അറിഞ്ഞാല്‍? ടോണി അറിഞ്ഞാല്‍? ആരും അറിയാതിരിക്കണേ കര്‍ത്താവേ എന്ന് അവള്‍ മനസ്സിൽ പ്രാര്‍ത്ഥിച്ചു. ചെയ്ത തെറ്റിന് അവള്‍ മനസ്സുരുകി കര്‍ത്താവനോടു മാപ്പു ചോദിച്ചു. ഇനി ഒരിക്കലും മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തു.
കുളി കഴിഞ്ഞു വന്നപ്പോള്‍ രേവതി ചോദിച്ചു:
“എങ്ങനുണ്ടായിരുന്നു ഇന്നലത്തെ സാധനം? സുഖായിട്ടുറങ്ങാന്‍ പറ്റിയില്ലേ?”
“പ്ലീസ് ..,ഇനി എന്നെ അതിനു നിര്‍ബന്ധിക്കരുത് ട്ടോ ” ദയനീയഭാവത്തില്‍ അവള്‍ കെഞ്ചി.
“ഇല്ല. ഇന്നലെ ആദ്യായതുകൊണ്ട് നിര്‍ബന്ധിച്ചതാ. ഇഷ്ടമില്ലെങ്കില്‍ ഇനി ഞങ്ങടെ കൂടെ കൂടണ്ട.”
ജാസ്മിന് ആശ്വാസമായി.
“പിന്നെ… ഇതാരോടും പറഞ്ഞേക്കരുത്. മേട്രന്‍ അറിഞ്ഞാല്‍ നമ്മളെ എല്ലാവരെയും ഇവിടുന്നു പറപറപ്പിക്കും . ” – ചിഞ്ചു പറഞ്ഞു.
“എന്റെ വീട്ടിലറിഞ്ഞാല്‍ പപ്പ എന്നെ തല്ലിക്കൊല്ലും.” – ജാസ്മിന്‍റെ ഭയം വിട്ടു മാറിയിരുന്നില്ല.
“നമ്മള്‍ അഞ്ചുപേരുമല്ലാതെ പുറത്ത് ഒരു കുഞ്ഞുപോലും അറിയില്ല. ധൈര്യായിട്ടിരിക്ക്.”
രേവതി ധൈര്യം പകര്‍ന്നു.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ഡ്രസുമാറി അവര്‍ കോളജിലേക്കു പുറപ്പെട്ടു. അന്നു മുഴുവന്‍ ജാസ്മിന്‍ മൂഡോഫ് ആയിരുന്നു. താന്‍ വലിയൊരു പാപം ചെയ്തു എന്ന തോന്നല്‍ അവളുടെ മനസിനെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു.
അന്നു രാത്രിയില്‍ വീണ്ടും രേവതിയും ചിഞ്ചുവും ഊര്‍മ്മിളയും രാജിയും സമ്മേളിച്ചു. ഇത്തവണ ജാസ്മിന്‍റെ മുറിയിലായിരുന്നു ആഘോഷം. ജാസ്മിനെ ക്ഷണിച്ചെങ്കിലും അവള്‍ ക്ഷണം നിരസിച്ചു.
എല്ലാവരും ആവശ്യത്തിലേറെ മദ്യം അകത്താക്കി. ലഹരി മൂത്തപ്പോള്‍ പിന്നെ പാട്ടും നൃത്തവുമായി. ജാസ്മിനു ദേഷ്യം വന്നു. ഒന്നും വായിക്കാന്‍ പറ്റുന്നില്ല. പുസ്തകം അടച്ചുവച്ചിട്ട് അവള്‍ കട്ടിലില്‍ വന്നിരുന്നു. മദ്യലഹരിയില്‍ പെണ്ണുങ്ങള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ടപ്പോള്‍ സങ്കടം വന്നു അവള്‍ക്ക്‌ . ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കാന്‍ പപ്പ കണ്ടെത്തിയ സ്ഥലം കേമം തന്നെ.
മെല്ലെ അവള്‍ കിടക്കയിലേക്കു ചാഞ്ഞു. വൈകാതെ ഉറക്കത്തിലേക്കു വീണു.


വെള്ളിയാഴ്ച വൈകുന്നേരം ജാസ്മിന്‍ വീട്ടില്‍ വന്നു. മേരിക്കുട്ടിയും അലീനയും ഹോസ്റ്റലിലെ വിശേഷങ്ങള്‍ തിരക്കി. എല്ലാവരോടും നല്ല അഭിപ്രായമാണവള്‍ പറഞ്ഞത്.
“നിന്റെ റൂംമേറ്റ്സൊക്കെ എങ്ങനെ?” – അലീന ആരാഞ്ഞു.
“പീജിയ്ക്കു പഠിക്കുന്ന രണ്ടു ചേച്ചിമാരാ. എന്നെ ഒരനിയത്തിയെപ്പോലെയാ അവരു കാണുന്നത്.”
“അപ്പം നിന്‍റെ ജീവിതത്തിന് ഇനി ഒരു അടുക്കും ചിട്ടയും ഒക്കെ ഉണ്ടായിക്കോളും അല്ലേ?”
“ഇവിടെന്താ എനിക്ക് അടുക്കും ചിട്ടയുമില്ലായിരുന്നോ? ഒന്നു പോ ചേച്ചി.”
ജാസ്മിന്‍ എണീറ്റ് അവളുടെ മുറിയിലേക്കു പോയി.
പിറ്റേന്നു രാവിലെ അവള്‍ ആഗ്നസ് ആന്‍റിയെ കാണാന്‍ അവരുടെ വീട്ടിൽ പോയി. അപ്പോള്‍ ടോണി വീട്ടിലുണ്ടായിരുന്നു. ജാസ്മിന്‍ അദ്ഭുതം കൂറി.
“ടോണി എപ്പ വന്നു?”
“ഇന്നലെ രാത്രി.”
“വരുമെന്ന് എന്നോട് പറഞ്ഞില്ലല്ലോ? ”
”താനും പറഞ്ഞില്ലല്ലോ. ”
”എനിക്കു ഭാഗ്യം ഒണ്ട്. കാണാനൊത്തല്ലോ.”
“ഹോസ്റ്റല്‍ജീവിതം എങ്ങനെ?”
“കുഴപ്പമില്ല. എല്ലാരും നല്ല സ്നേഹമുള്ളവരാ. ഫോണ്‍ ചെയ്തപ്പം ഞാന്‍ പറഞ്ഞിരുന്നല്ലോ.”
“അവിടെ മദ്യോം മയക്കുമരുന്നുമുണ്ടെന്നു കേട്ടല്ലോ? നേരാണോ?”
ജാസ്മിന്‍ ഒന്നു ഞെട്ടി. ടോണി എല്ലാം അറിഞ്ഞോ? ഉള്ളിലെ അങ്കലാപ്പ് പുറത്തു പ്രകടിപ്പിക്കാതെ അവള്‍ പറഞ്ഞു:
“കുന്തമാ. ആരാ ഈ പച്ചക്കള്ളം പറഞ്ഞേ ? വളരെ സ്ട്രിക്റ്റാ അവിടെ. സംശയമുണ്ടെങ്കില്‍ ടോണി വന്നു നോക്ക്.”
“അല്ല ഞാന്‍ വെറുതെ ഒരു പടക്കം പൊട്ടിച്ചതാ . ഇപ്പം മിക്ക ഹോസ്റ്റലുകളിലും ഇതൊക്കെയുണ്ടേ . കാശൊള്ള വീട്ടിലെ പെമ്പിള്ളേര്‍ക്കും ആമ്പിള്ളേർക്കും ജീവിതം ആസ്വദിക്കാൻ ഇതൊക്കെ വേണമല്ലോ.”
“അങ്ങനെയുള്ള പെണ്ണുങ്ങളൊന്നും അവിടെയില്ല. എല്ലാരും പാവങ്ങളാ.”
“എങ്കില്‍ നല്ലത്. ഞങ്ങടെ കോളജിലെ ചില പെണ്ണുങ്ങൾ ശരീരം വരെ വിൽക്കുന്നുണ്ടെന്നാ ഓരോരുത്തര് പറയുന്നത്. ”
“കഷ്ടം! പ്രാര്‍ത്ഥനയും കുർബാനയുമൊന്നും ഇല്ലാത്തതുകൊണ്ടാ അങ്ങനൊക്കെ ചെയ്യാന്‍ തോന്നുന്നത്. ടോണി അങ്ങനെയുള്ള പെമ്പിള്ളേരുടെ പിറകെയൊന്നും പോയേക്കരുത് കേട്ടോ ? പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതെന്ന്‌ എന്നും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിച്ചിട്ടേ കിടക്കാവൂ. രാവിലെ എണീക്കുമ്പഴും പ്രാര്‍ത്ഥിക്കണം. ആട്ടെ, ഞായറാഴ്ച പള്ളീല്‍ പോകാറുണ്ടോ?”
“വല്ലപ്പഴും.”
“വല്ലപ്പഴും പോരാ. എല്ലാ ഞായറാഴ്ചയും പോകണം. അതൊരു നാണക്കേടായിട്ടു കാണണ്ട ടോണി . കൂട്ടുകാരാരും ഇല്ലെങ്കിലും ടോണി തനിച്ചെങ്കിലും പോകണം . പോക്വോ?”
“ഉം . ” ചിരിച്ചുകൊണ്ട് അവൻ തലകുലുക്കി.
കുറേനേരം അവര്‍ പരസ്പരം വിശേഷങ്ങള്‍ പറഞ്ഞിരുന്നു. പിന്നെ എണീറ്റുപോയി ആഗ്നസിനോടും അനുവിനോടും കുശലം പറഞ്ഞു. ഹോസ്റ്റലിലെ വിശേഷങ്ങളൊക്കെ അവരെ പറഞ്ഞു കേള്‍പ്പിച്ചു. അവിടെനിന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടാണവള്‍ വീട്ടിലേക്കു മടങ്ങിയത്.

രണ്ടുദിവസം വീട്ടില്‍ താമസിച്ചപ്പോള്‍ പിന്നെ ഹോസ്റ്റലിലേക്കു പോകാന്‍ മടിയായി. മനസ്സില്ലാമനസ്സോടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അവള്‍ ഹോസ്റ്റലിലേക്കു മടങ്ങിയത് .
മേരിക്കുട്ടി കൊടുത്തുവിട്ട പലഹാരങ്ങള്‍ രേവതിക്കും ചിഞ്ചുവിനും അവള്‍ പങ്കുവച്ചു.
“ജാസിന്‍റെ വീട്ടില്‍ ഒരു ദിവസം ഞങ്ങളെ ഒന്ന് കൊണ്ടുപോക്വോ?” – പലഹാരം കഴിക്കുന്നതിനിടയില്‍ ചിഞ്ചു ചോദിച്ചു.
“ഷുവര്‍. അടുത്ത തവണ പോകുമ്പം ഞാന്‍ കൊണ്ടുപോകാം.”
“നിങ്ങടെ നാടും നാട്ടുകാരെയുമൊക്കെ എനിക്കൊന്നു കാണണം. ആ പ്രദേശത്തേക്കൊന്നും ഞാൻ വന്നിട്ടില്ല “
“ഞങ്ങളൊന്നും വലിയ പണക്കാരല്ല. വീടൊക്കെ ചെറുതാ.” – ജാസ്മിന്‍ പറഞ്ഞു.
“ചെറിയ വീടാ എനിക്കിഷ്ടം. എന്തായാലും ഒരു ദിവസം അവിടെ കിടന്നിട്ടേ ഞങ്ങളു പോരൂ ട്ടോ .”
”അത് സന്തോഷമുള്ള കാര്യമല്ലേ ”
അടുത്ത ആഴ്ച അവള്‍ വീട്ടില്‍ പോയപ്പോള്‍ ചിഞ്ചുവും രേവതിയും ഒപ്പമുണ്ടായിരുന്നു. ജാസ്മിന്‍റെ പുരയിടവും പറമ്പിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പുഴയുമൊക്കെ അവര്‍ ചുറ്റി നടന്നു കണ്ടു. രണ്ടുപേരും നല്ല അടക്കവും ഒതുക്കവും സ്നേഹവുമുള്ളവരാണെന്നു മേരിക്കുട്ടിക്കു തോന്നി. രാത്രി ഏറെ നേരം അവര്‍ വിശേഷങ്ങള്‍ പറഞ്ഞിരുന്നു.
“ജാസ് ഞങ്ങള്‍ക്ക് സ്വന്തം അനിയത്തിയേപ്പോലെയാ. ഇത്രേം നല്ലൊരു കൊച്ചിനെ ഞങ്ങള്‍ കണ്ടിട്ടേയില്ല.”
രേവതിയുടെ പ്രശംസകേട്ട് ജാസ്മിന്‍ ഒരുമുഴം ഉയര്‍ന്നു. മേരിക്കുട്ടിക്കും അലീനയ്ക്കും ഒരുപാട് സന്തോഷമായി.
അടുത്തദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് ചിഞ്ചുവും രേവതിയും യാത്രപറഞ്ഞു ഹോസ്റ്റലിലേക്കു മടങ്ങി.


ഹോസ്റ്റലിലെ താമസം ക്രമേണ ജാസ്മിന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. ചിഞ്ചുവിന്‍റെയും രേവതിയുടെയും നിര്‍ബന്ധത്തിനു വഴങ്ങി കുറച്ചൊക്കെ മോഡേണ്‍ ആവാന്‍ അവള്‍ ശ്രമിച്ചു. ഇടയ്ക്ക് അവരോടൊപ്പം പുറത്തുപോയി ഐസ്ക്രീമോ ബര്‍ഗറോ ഒക്കെ കഴിക്കും. ആ സ്നേഹബന്ധം കൂടുതല്‍ ദൃഢതരമായി. ഒരു ദിവസം രേവതി പറഞ്ഞു:
“ജാസിന്‍റെ വീട്ടില്‍ ഞങ്ങളു വന്നു. ഇനി ജാസിനെ എന്റെ വീട്ടിലേക്കു ഞാന്‍ ക്ഷണിക്ക്വാ. അടുത്ത ശനിയാഴ്ച നമുക്കു പോകാംട്ടോ.”
“ഞാന്‍ പപ്പയോടൊന്നു ചോദിച്ചിട്ട്….”
“പപ്പ ഒന്നും പറയില്ലെന്നേ. പപ്പയ്ക്ക് ഞങ്ങളെ അറിയാവുന്നതല്ലേ.”
“എന്നാലും ചോദിക്കാതെ…”
“ജാസ് തനിച്ചല്ല. ചിഞ്ചുവും ഊര്‍മ്മിളയുമുണ്ട്. പിന്നെന്താ പേടിക്കാന്‍.”
“പേടിയായിട്ടല്ല. പപ്പയോടു ചോദിക്കാതെ ഞാനൊരിടത്തും പോകാറില്ല.”
”ഓക്കെ . പപ്പ സമ്മതിച്ചില്ലെങ്കിൽ ഫോൺ എനിക്ക് തരണേ . ഞാൻ സമ്മതിപ്പിച്ചോളാം”
”ഉം” അവൾ തലകുലുക്കി.
പിറ്റേന്ന് അവള്‍ ഫോണ്‍ ചെയ്തു പപ്പയോടു കാര്യം പറഞ്ഞു. തോമസ് ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ ജാസ്മിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അനുമതി നല്‍കി.
ശനിയാഴ്ച രാവിലെ അവര്‍ രേവതിയുടെ വീട്ടിലേക്കു പുറപ്പെട്ടു. ബസിലിരിക്കുമ്പോള്‍ ജാസ്മിന്‍ രേവതിയോടു പറഞ്ഞു.
“ഇന്നു തന്നെ എനിക്കു തിരിച്ചു പോകണം.”
“ബസ്റ്റോപ്പിൽ വന്നു ബസുകേറ്റി വിട്ടേക്കാം. പോരേ?”
“മതി”
ഉച്ചയ്ക്കു മുമ്പേ അവര്‍ വീട്ടിലെത്തി. വലിയൊരു ഇരുനില കെട്ടിടം . കൂറ്റന്‍ ഗേറ്റു കടന്നു മുറ്റത്തേക്കു കയറിയപ്പോള്‍ അതിശയിച്ചുപോയി ജാസ്മിന്‍! എത്ര മനോഹരമായ വീട്. തന്റെ വീടിന്റെ നാലിരട്ടിവലിപ്പമുണ്ട് . “നമ്മളിതാ സ്വര്‍ഗ്ഗത്തിന്‍റെ കവാടത്തിലെത്തിയിരിക്കുന്നു. എല്ലാ മഹതികള്‍ക്കും സ്വര്‍ഗ്ഗത്തിലേക്കു സ്വാഗതം.” – രേവതി ബാഗില്‍നിന്നു താക്കോലെടുത്തു വാതില്‍ തുറന്നിട്ട് അകത്തേക്കു ക്ഷണിച്ചു.
“ഇവിടെ വേറാരുമില്ലേ?”
അകത്തേക്കു കയറി ചുറ്റും നോക്കിയിട്ട് ജാസ്മിന്‍ ചോദിച്ചു.
“വേറാരാ? ഞാനും മമ്മിയുമല്ലേയുള്ളൂ. മമ്മി പുറത്തേക്കുപോയതാ. ഞാൻ വിളിച്ചായിരുന്നു. ഉടനെ വരൂന്നു പറഞ്ഞു.”
ചിഞ്ചു രേവതിയുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു ചിരിച്ചു.
മനോഹരമായ ടൈൽസ് വിരിച്ച തറയില്‍ ചവിട്ടാന്‍പോലും ജാസ്മിനു ഭയമായിരുന്നു. എത്ര ഭംഗിയുള്ള സ്വീകരണമുറി. സോഫയിലിരുന്നപ്പോള്‍ അതങ്ങു താഴ്ന്നുപോയി.
“എങ്ങനുണ്ട് എന്‍റെ വീട്?” -രേവതി വന്നു ജാസ്മിന്‍റെ സമീപം ഇരുന്നിട്ട് തോളില്‍ കൈവച്ചുകൊണ്ട് ചോദിച്ചു.
“അടിപൊളി. എനിക്കൊരുപാടിഷ്ടായി.”
രേവതി എണീറ്റിട്ട് എല്ലാവരോടുമായി ചോദിച്ചു:
“കുടിക്കാന്‍ എന്താ വേണ്ടത്? ഹോട്ടോ കോള്‍ഡോ?”
“ഇപ്പം കോള്‍ഡുമതി. ഹോട്ട് പിന്നെയാകാം.”
ചിഞ്ചുവാണ് മറുപടി പറഞ്ഞത്.
“നിങ്ങളിവിടിരുന്ന് കാറ്റു കൊള്ള്. ഞങ്ങള്‍ പോയി എടുത്തോണ്ടു വരാം.”
ഫാനിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് രേവതി ഊര്‍മ്മിളയെയും വിളിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി. ഫ്രിഡ്ജ് തുറന്ന് ഫ്രൂട്ട്സ് എടുക്കുന്നതിനിടയില്‍ രേവതി ഊര്‍മ്മിളയോടു പറഞ്ഞു:
“അവള്‍ ഇന്നുതന്നെ പോകണമെന്നു പറഞ്ഞു ബഹളം വയ്ക്കുമോ, ആവോ “
“എന്നാ ബഹളം വച്ചാലും വിടരുത്. എന്തെങ്കിലും സൂത്രം പറഞ്ഞ് ഇവിടെ പിടിച്ചു നിറുത്തണം. പറഞ്ഞു മയക്കാന്‍ നീ മിടുക്കിയാണല്ലോ.”
“മെരുങ്ങാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള ഇനമാ. നാട്ടിന്‍പുറത്തുകാരിയായതുകൊണ്ട് ജീവിതമൂല്യങ്ങളെക്കുറിച്ചൊക്കെ വലിയ കാഴ്ചപ്പാടാ കക്ഷിക്ക്. ബോയ്ഫ്രണ്ടിനോടൊപ്പം ചുറ്റിക്കറങ്ങി നടക്കുന്നതൊക്കെ പാപമാണെന്നു വിചാരിക്കുന്ന ഒരു മണ്ടിപ്പെണ്ണ് . ഒരാണിനു ഷേക്ക്ഹാന്‍ഡു കൊടുക്കാന്‍പോലും പേടിയാ. ഒരിക്കല്‍ എന്‍റെ ഒരു ഫ്രണ്ടിനെ പരിചയപ്പെടുത്തിയപ്പം അവന്‍ ഷേക്ഹാന്‍ഡുകൊടുക്കാന്‍ കൈ നീട്ടിയിട്ട് ഇവളു കൊടുത്തില്ല. അല്ല , പച്ചക്കറി മാത്രം തിന്നു ജീവിക്കുന്ന ആളിനോട് ചിക്കന്‍കറീടെ രുചി പറഞ്ഞാല്‍ മനസ്സിലാകുമോ?”
“അപ്പം ഇന്നു രാത്രി അവളു ചിക്കന്‍കറി കൂട്ടുമോ?” – ചിരിച്ചു കൊണ്ട് ഊര്‍മ്മിള ചോദിച്ചു.
“അതൊക്കെ സതീഷിന്‍റെ സാമര്‍ത്ഥ്യംപോലെയിരിക്കും. അവനിതാദ്യത്തെ പെണ്ണൊന്നുമല്ലല്ലോ. ആരെയും വാചകമടിച്ചു വീഴിക്കാൻ അവന്‍ മിടുക്കനല്ലേ.”
“രാത്രി കരച്ചിലും പിഴിച്ചിലുമൊന്നും ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു.”
“ഒന്നും ഉണ്ടാകില്ല. നീ ധൈര്യമായിട്ടിരിക്ക്.”
ഫ്രൂട്ട് ജ്യൂസ് ഉണ്ടാക്കി ഗ്ലാസുകളില്‍ നിറച്ച് രണ്ടുപേരും തിരികെ സ്വീകരണമുറിയിലേക്കു വന്നു.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here