Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 35

1602
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 35

കല്യാണം കഴിഞ്ഞതോടെ ജാസ്മിന്‍ ഏറെ സന്തോഷവതിയായി കാണപ്പെട്ടു. ജയിംസ് സ്നേഹസമ്പന്നനാണ് . ഹൃദ്യമായ പെരുമാറ്റവും നല്ല ഇടപെടലും . താന്‍ അനുഭവിച്ച വേദനകള്‍ക്ക് ഒടുവില്‍ ദൈവം പ്രതിഫലം തന്നല്ലോ എന്ന ആഹ്ലാദമായിരുന്നു മനസിൽ.
ഒരു ദിവസം ജയിംസ് അവളോടു പറഞ്ഞു:
“കല്യാണം കഴിഞ്ഞ് ഹണിമൂണിന് നമ്മളെങ്ങും പോയില്ലല്ലോ. നമുക്കൊരു ടൂറു പോയാലോ?”
“ഞാനിത് അങ്ങോട്ടു പറയാനിരിക്ക്വായിരുന്നു. ” ജാസ്മിന് വലിയ സന്തോഷമായി .
”എവിടാ പോകേണ്ടത് ?”
ഒരുപാടു ദൂരെയൊന്നും വേണ്ട. രണ്ടോ മൂന്നോ ദിവസം അടിച്ചു പൊളിച്ചു താമസിക്കാൻ പറ്റിയ ഒരു സ്ഥലം! അതു മതി.”
“എങ്കില്‍ ഇവിടുന്ന് പത്തു മുപ്പതു കിലോമീറ്റര്‍ ദൂരെ ഒരു ടൂറിസ്റ്റു കേന്ദ്രമുണ്ട്. മഞ്ചാടിക്കുന്ന്. തടാകവും പൂന്തോട്ടവുമൊക്കെയുള്ള ഒരു നല്ല സ്ഥലം. താമസിക്കാന്‍ പറ്റിയ ഹോട്ടലുമുണ്ട്. “
“എങ്കില്‍ അതു മതി. നമുക്കു രണ്ടുപേര്‍ക്കും സ്വസ്ഥമായിരുന്നു സ്നേഹം പങ്കുവയ്ക്കാന്‍ പറ്റിയ ഒരു സ്ഥലം. അത്രയേ ഞാനാഗ്രഹിക്കുന്നുള്ളൂ.”
ജാസ്മിന്‍ ഭര്‍ത്താവിന്‍റെ തോളിലേക്കു ശിരസുചായ്ച്ചു. ജെയിംസ് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു ഒരു ചുംബനം നൽകി .

തിങ്കളാഴ്ച പുലര്‍ച്ചെ അവര്‍ മഞ്ചാടിക്കുന്നിലേക്കു പുറപ്പെട്ടു. ജയിംസിന്‍റെ സ്വന്തം കാറിലായിരുന്നു യാത്ര.
പോകുന്ന വഴി ജയിംസ് വാതോരാതെ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ തമാശകളും ചിരിയും. സമയം പോയത് അറിഞ്ഞതേയില്ല.
മഞ്ചാടിക്കുന്നിലെത്തി, ഒരു ഹോട്ടലില്‍ റൂം എടുത്തിട്ട് അവര്‍ കുളിച്ചു ഫ്രഷായി. പിന്നെ ഭക്ഷണം കഴിച്ചിട്ടു കുറേനേരം വിശ്രമിച്ചു. പതുപതുത്ത ഫോം ബെഡിൽ ശരീരം ശരീരത്തോടു ചേര്‍ത്തു കിടക്കുമ്പോള്‍ ജാസ്മിന്‍ ചോദിച്ചു:
“ചിത്തിരപുരത്തെ പെണ്ണ് കുറുക്കന്‍മലയിലെത്തുമെന്നും പുത്തന്‍പുരയ്ക്കലെ ചെറുക്കന്‍ അവളെ കല്യാണം കഴിക്കുമെന്നും സ്വപ്നത്തിലെങ്കിലും വിചാരിച്ചിരുന്നോ?”
“ഒരിക്കലുമില്ല. എല്ലാം ദൈവനിശ്ചയം.”
”ഇനി ഒരു കല്യാണമേ ഇല്ല എന്ന് നിശ്ചയിച്ചുകൊണ്ടാ ചിത്തിരപുരത്തുനിന്നു ഞാൻ ഇങ്ങോട്ട് പോന്നത് . പക്ഷെ കുറുക്കൻമലയിൽ വന്നപ്പോൾ എന്റെ ജീവിതം മാറി മറിഞ്ഞു .”
”ദൈവം തലയിൽ വരച്ചത് മനുഷ്യന് മാറ്റാൻ പറ്റില്ലല്ലോ ”
” എന്തായാലൂം സ്നേഹനിധിയായ ഒരു ഭർത്താവിനെ ദൈവം എനിക്ക് കൊണ്ട് തന്നല്ലോ .സന്തോഷമായി ”
“നല്ലവരെ ദൈവം ഒരിക്കലും കൈവിടില്ല. ആദ്യം കുറെ കഷ്ടപ്പാടുകള്‍ സമ്മാനിച്ചാലും.”
”ഇനി സന്തോഷത്തിന്റെ നാളുകളായിരിക്കും വരാൻ പോകുന്നത് അല്ലെ ?”
”അതെ ജാസ് . ദൈവം നമ്മളെ കൈവിടില്ല . ഈ നാട്ടിലുള്ളവർക്ക് നമ്മൾ നന്മകൾ മാത്രമല്ലേ ചെയ്തിട്ടുള്ളൂ.”
” അതിന്റെ പ്രതിഫലമായാണ് ദൈവം ഈ മുത്തിനെ എനിക്ക് തന്നത് ” അവൾ ഭർത്താവിന്റെ കവിളിൽ സ്നേഹത്തോടെ തഴുകി.
”അതെ. പ്രതിഫലമായി ഒരു പവിഴത്തെ ദൈവം എനിക്കും തന്നു ” അത് പറഞ്ഞിട്ട് അവളുടെ അധരങ്ങളിൽ അവൻ അമർത്തി ചുംബിച്ചു.
വിശേഷങ്ങള്‍ പറഞ്ഞ്, ഹൃദയം ഹൃദയത്തോടു ചേര്‍ത്തുവച്ച് അവര്‍ ഒന്നു മയങ്ങി. നാലുമണിക്ക് എണീറ്റ് ഡ്രസുമാറിയിട്ട് അവര്‍ പുറത്തേക്കിറങ്ങി.
പ്രകൃതിദൃശ്യങ്ങൾ കണ്ട് എല്ലായിടത്തും ചുറ്റിനടന്നു. പിന്നെ തടാകത്തിലൂടെ ഒരു ബോട്ടുയാത്ര. മനോഹരമായ റോസാപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ഗാര്‍ഡനിലൂടെ ജയിംസിന്‍റെ കൈപിടിച്ചു നടക്കുമ്പോള്‍ ജാസ്മിന്‍ ഓര്‍ത്തു. ഭൂമിയിലെ പറുദീസയാണ് ഈ സ്ഥലം. എത്ര മനോഹരമായ കാഴ്ചകൾ . പാര്‍ക്കിലെ പുല്‍പ്പരപ്പിലിരുന്ന് അവര്‍ വിശേഷങ്ങള്‍ പറഞ്ഞു. നിന്നും ഇരുന്നും സെല്‍ഫിയെടുത്തു. ഇരുട്ടു പരന്നപ്പോഴാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്.
കുളിയും ഭക്ഷണവും കഴിഞ്ഞു ഫോം ബെഡിൽ ഒരുമിച്ചു കിടക്കുമ്പോൾ ജാസ്മിൻ പതിയെ വിളിച്ചു
”ജെയിംസ് ”
”എന്താ മോളെ ” ജെയിംസ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
”ഈ സ്നേഹത്തിനു ഞാനെന്താ പ്രതിഫലമായിട്ടു തരേണ്ടത് ”
”ഈ ശരീരവും ഈ മനസും മാത്രം മതി . വേറൊന്നും വേണ്ട ”
ജെയിംസ് അവളെ വികാരവായ്‌പോടെ ചേർത്തു പിടിച്ചു കവിളിൽ ഒരു ചുംബനം നൽകി.
അയാളുടെ കൈകൾ വസ്ത്രത്തിനുള്ളിലൂടെ നീങ്ങുന്നതറിഞ്ഞപ്പോൾ ജാസ്മിന് രോമാഞ്ചമുണ്ടായി.അവൾ പറഞ്ഞു .
” ഹോട്ടൽ മുറിയാണ് . ഒളിക്യാമറയോ മറ്റോ ഉണ്ടോന്നു നോക്കിയോ ?”
”നീ പറഞ്ഞത് നേരാ . ഞാനൊന്നു നോക്കട്ടെ ”
ജെയിംസ് എണീറ്റ് മുറിമുഴുവൻ സൂക്ഷ്മ പരിശോധന നടത്തി . ഒന്നും കണ്ടില്ല.
” കട്ടിലിനെപ്പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ” കട്ടിലിന്റെ നാലുവശത്തും അയാൾ സൂക്ഷ്മ പരിശോധന നടത്തി.
” കാണാത്ത രീതിയിൽ എവിടെങ്കിലുമൊക്കെ വച്ചിട്ടുണ്ടാവുമോ ആവോ ” ജാസ്മിന് ഭയം.
” ഉണ്ടെങ്കിൽ പിടിച്ചോണ്ടുപോയി അവര് കണ്ടു ആസ്വദിക്കട്ടെന്നേ ”
”അവരതു കൊണ്ടുപോയി വാട്ട്സ് ആപ്പിലൂടെ കൈമാറിയാലോ? ഇപ്പം അതാണല്ലോ എല്ലാവരുടെയും പണി ”
”അങ്ങനെ നോക്കിയാൽ നമുക്ക് ഇവിടെ ജീവിക്കാൻ[പറ്റില്ല”
ജെയിംസ് വന്ന് അവളോടൊപ്പം ഒട്ടിച്ചേർന്നു കിടന്നു.


മൂന്ന് ദിവസത്തെ സുഖവാസത്തിനു ശേഷം കാറില്‍ മടങ്ങുമ്പോള്‍ ജാസ്മിന്‍ പറഞ്ഞു:
“മൂന്നു ദിവസം കണ്ണടച്ചു തുറന്നപോലെ പോയി. ഇടയ്ക്കിടെ ഇനീം നമുക്കിവിടെ വരണം ട്ടോ.”
“അത്രയ്ക്ക് ഇഷ്ടപ്പെട്ടോ ഈ സ്ഥലം ?.”
”ഉം ”
” അധികം ദൂരമില്ലല്ലോ . ഇടയ്ക്കിടെ വരാം .ഭാര്യയുടെ സന്തോഷമല്ലേ ഭർത്താവിന്റെയും സന്തോഷം ”
” സ്നേഹമുള്ള ഭർത്താക്കന്മാരെ അങ്ങനെ ചിന്തിക്കൂ ”
” എല്ലാക്കാലത്തും ഞാൻ സ്നേഹമുള്ള ഒരു ഭർത്താവായിരി’ക്കും ജാസ് ”
” എങ്കിൽ ഞാൻ ഭാഗ്യവതി ”
വർത്തമാനം പറഞ്ഞുകൊണ്ട് അവർ യാത്ര തുടർന്നു .
പത്തു കിലോമീറ്ററോളം വനത്തിലൂടെയായിരുന്നു യാത്ര. വനത്തിലേക്കു പ്രവേശിച്ചപ്പോഴേക്കും ഇരുട്ടു വീണിരുന്നു. ജയിംസ് കാറിന്‍റെ സ്പീഡു കുറച്ചു.
ആകാശത്തു നല്ല മഴക്കാറ് ഉണ്ടായിരുന്നു .
പൊടുന്നനെ തണുത്ത കാറ്റുവീശി. പിന്നാലെ മഴയും. മഴ ശക്തിപ്രാപിച്ചപ്പോള്‍ മുന്പോട്ടുള്ള യാത്ര ബുദ്ധിമുട്ടായി. കാര്‍ റോഡിന്‍റെ സൈഡില്‍ ഒതുക്കിനിറുത്തി.
“പേടിയാകുന്നല്ലോ ജയിംസ് . ഈ വനത്തിന്‍റെ നടുക്ക് നമ്മളു തനിച്ച്….! കുറച്ചു നേരത്തെ പോരായിരുന്നു; അല്ലേ ?”
“ഉം.”
വിജനമായ റോഡ് ! ചുറ്റും കൂരാകൂരിരുട്ട്. ചുറ്റുവട്ടത്തെങ്ങും ഒരു മനുഷ്യജീവി പോലുമില്ല . ഇരുവശങ്ങളിലും വലിയ മരങ്ങള്‍ മാത്രം.
“മഴ ഉടനെയെങ്ങും മാറുന്ന ലക്ഷണമില്ല.”
ജയിംസ് ടോര്‍ച്ചെടുത്തു പുറത്തേക്കു തെളിച്ചു നോക്കി.
പെട്ടെന്നാണ് റോഡില്‍ ഒരു കടലാസ് പൊതി കിടക്കുന്നതു കണ്ടത്.
“അങ്ങോട്ട് നോക്കിക്കേ. റോഡില്‍ ഒരു പൊതി കിടക്കുന്നത് കണ്ടോ?” ജെയിംസ് ഭാര്യയോട് പറഞ്ഞു.
”ശരിയാണല്ലോ ”
” നമുക്ക് അതൊന്നു എടുത്തു നോക്കാം.”
ജയിംസ് അങ്ങനെ പറഞ്ഞപ്പോള്‍ ജാസ്മിന്‍ തടഞ്ഞു.
“വേണ്ട ജയിംസ്. ഈ മഴയത്തു പുറത്തേക്കിറങ്ങേണ്ട .”
”അതെന്താണെന്നു ഒന്ന് നോക്കാം ”
”എന്തെങ്കിലുമാവട്ടെ . ഇപ്പം പുറത്തേക്കിറങ്ങേണ്ട . അവിടെ ഇരിക്ക് ” ജാസ്മിൻ അയാളെ പിടിച്ചിരുത്താൻ നോക്കി .
”നീ കൈ മാറ്റിക്കേ ”
ജാസ്മിന്‍റെ പിടി വിടു വിച്ചു ജയിംസ് ഡോര്‍ തുറന്നു വെളിയിലിറങ്ങി. അല്പം മുൻപോട്ടു നടന്നിട്ടു പൊതിയെടുത്തുകൊണ്ട് വേഗം തിരികെ വന്നു കാറില്‍ കയറി.
“എന്താ അത്. എനിക്ക് പേടിയാകുന്നല്ലോ ?” ജാസ്മിന് ഉത്കണ്ഠയായി.
ജയിംസ് കടലാസ് പൊതി അഴിച്ചു നോക്കി.
ഒരു പ്ലാസ്റ്റിക് ചതുരപ്പെട്ടി. അതിന്‍റെ അടപ്പു തുറന്നുനോക്കിയതും ഇരുവരുടെയും കണ്ണുകള്‍ അദ്ഭുതത്താല്‍ വിടര്‍ന്നു.
പെട്ടി നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍!
“ആരുടെയോ കൈയീന്നു കളഞ്ഞുപോയതാന്നു തോന്നുന്നു. നമുക്കിതു വേണ്ട ജയിംസ്.”
ജാസ്മിന്‍ അതിന്‍റെ മൂടി അടച്ചുകൊണ്ടു പറഞ്ഞു:
“ഒരു പക്ഷേ ദൈവം നമുക്കായി കൊണ്ടുവന്നു വച്ച സ്വര്‍ണ്ണമായിരിക്കും ഇത്. അല്ലെങ്കില്‍ ഈ സമയത്ത് കാറിവിടെ നിറുത്താനും ടോര്‍ച്ചടിച്ചു നോക്കാനും ദൈവം എന്നെ തോന്നിപ്പിക്കുമായിരുന്നോ?”
ജയിംസിന് അതുപേക്ഷിക്കാന്‍ മനസ്സുവന്നില്ല.
“നമ്മുടെ സത്യസന്ധത പരീക്ഷിക്കാന്‍ ദൈവം നടത്തിയ പരീക്ഷണമാണ് ഇതെന്നു ചിന്തിച്ചൂടെ? നമുക്കിതു വേണ്ട ജയിംസ്. ഇവിടിട്ടു പോകാം .”
” ഇവിടിട്ടി ട്ടു പോയാൽ പുറകെ വരുന്ന ആരെങ്കിലും എടുത്തോണ്ടുപോകും ”
” എങ്കിൽ നമുക്കിതുകൊണ്ടുപോയി പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിക്കാം ”
ഒരു നിമിഷനേരം ജയിംസ് ചിന്താമൂകനായി. എന്ത് ചെയ്യണം ?
“ഇതു തിരിച്ചുകൊടുത്താല്‍ ദൈവം നമുക്ക് വേറെ ഒരുപാട് സൗഭാഗ്യങ്ങള്‍ തരും ജയിംസ്.” – ജാസ്മിന്‍ ഭര്‍ത്താവിന്‍റെ കൈപിടിച്ചുകൊണ്ടു യാചിച്ചു .
”ഇത് ദൈവം നമുക്കു നേരിട്ട് തന്നതാണെന്നു ചിന്തിച്ചൂടെ ?”
”അല്ല ജെയിംസ് . ഇത് ദൈവത്തിന്റെ ഒരു പരീക്ഷണമാണ് . ഇതെടുത്താൽ പിന്നെ നമുക്ക് ഒരിക്കലും സന്തോഷം കിട്ടില്ല ”
ജാസ്മിന്‍ പറഞ്ഞതാണ് ശരിയെന്നു ജയിംസിനു തോന്നി. വഴിയില്‍ കിടന്നു കിട്ടിയതാണെങ്കില്‍പ്പോലും മറ്റൊരാളുടെ മുതലല്ലേ ? അത് സ്വന്തമാക്കുന്നത് മോഷണത്തിനു തുല്യമായ തെറ്റാണ്.
“നീ പറഞ്ഞതാ ശരി. ഈ സ്വര്‍ണ്ണം നമുക്കുവേണ്ട. ഇതെടുത്താല്‍ പിന്നെ മനഃസമാധാനത്തോടെ ഒരു ദിവസംപോലും നമുക്കു കിടന്നുറങ്ങാന്‍ പറ്റില്ല.”
“അതെ ജെയിംസ് . ദൈവത്തിന്‍റെ ഒരു പരീക്ഷയാണിത്. ആ പരീക്ഷയില്‍ നമ്മള്‍ തോല്‍ക്കാന്‍ പാടില്ല. ഇതു നാളെത്തന്നെ പോലീസ്സ്റ്റേഷനില്‍ കൊണ്ടുപോയി ഏല്പിക്കണം. അവരത് ഉടമസ്ഥരെ കണ്ടുപിടിച്ചു കൊടുത്തോളും.”
മഴ തെല്ലു കുറഞ്ഞു എന്നു കണ്ടപ്പോള്‍ ജയിംസ് കാര്‍ സ്റ്റാര്‍ട്ടു ചെയ്തു.
വീട്ടിലെത്തിയപ്പോള്‍ മണി എട്ട്. സ്വര്‍ണ്ണം കളഞ്ഞുകിട്ടിയ കാര്യം ജയിംസ് മറ്റാരോടും പറഞ്ഞില്ല.
പിറ്റേന്നു രാവിലെ സ്വര്‍ണ്ണപ്പെട്ടി അയാള്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഏല്പിച്ചു.
സബ് ഇന്‍സ്പെക്ടര്‍ ഷാഹുൽ ഷേക്ഹാന്‍ഡ് കൊടുത്തു ജയിംസിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു .
“ഇങ്ങനെയുള്ള ആള്‍ക്കാരെ ഇക്കാലത്തു കണ്ടുകിട്ടുക ബുദ്ധിമുട്ടാ. ഈ സത്യസന്ധതയ്ക്കു ദൈവം നിങ്ങള്‍ക്കു പ്രതിഫലം തരും.”
”താങ്ക് യു സാർ ”
സന്തോഷം നിറഞ്ഞ മനസ്സോടെയാണ് ജയിംസ് പോലീസ് സ്റ്റേഷനില്‍നിന്നു മടങ്ങിയത്.
അന്നു രാത്രി ജാസ്മിനോടൊപ്പം ഉറങ്ങാന്‍ കിടന്നപ്പോള്‍ ജയിംസ് പറഞ്ഞു:
“നമുക്കെന്തെങ്കിലും ഒരു ബിസിനസ് തുടങ്ങിയാലോ?”
“എന്തു ബിസിനസാ ജയിംസ്?”
ഭാര്യയുടെ കവിളിൽ തഴുകിക്കൊണ്ടു ചോദിച്ചു.
“ഒരു റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാല തുടങ്ങിയാലോ. ഷര്‍ട്ടും ഹൗസ്കോട്ടും പാവാടയുമൊക്കെ തുന്നി തുണിക്കടയില്‍ കൊണ്ടുപോയി വില്‍പനയ്ക്കു വയ്ക്കുക. കുറച്ചുപേര്‍ക്കു ജോലിയും കിട്ടും. നമുക്കൊരു വരുമാനവുമാകും.”
“അതിനൊക്കെ ഒരുപാട് കാശുവേണ്ടേ?”
“വേണം. വീടും പറമ്പും പണയപ്പെടുത്തി പത്തിരുപത്തഞ്ചുലക്ഷം രൂപ ലോണ്‍ എടുക്കണം.വേണ്ടിവന്നാൽ കുറച്ചു സ്ഥലം വില്‍ക്കുകയും ചെയ്യാം. തുടങ്ങുമ്പം വിപുലമായിട്ടു തുടങ്ങാം.”
“അതൊക്കെ റിസ്കല്ലേ ജയിംസ്?”
“റിസ്കില്ലാതെ ഒരു ബിസിനസും തുടങ്ങാന്‍ പറ്റില്ല. ദൈവം സഹായിച്ചാല്‍ നമുക്കു നേട്ടമാകും. കളഞ്ഞു കിട്ടിയ സ്വർണം നമ്മളു തിരിച്ചുകൊടുത്തില്ലേ . ദൈവം നമ്മളെ അനുഗ്രഹിക്കാതിരിക്കുമോ ? “
“ദൈവം അനുഗ്രഹിക്കും എന്ന് എനിക്കുറപ്പാ . പക്ഷേ പപ്പ സമ്മതിക്കുമോ?”
“അതൊക്കെ ഞാന്‍ സമ്മതിപ്പിച്ചോളാം. നിന്‍റെ സപ്പോര്‍ട്ടു വേണം എനിക്ക്.”
“ഞാനെന്താ ചെയ്യേണ്ടത്?”
“പ്രാര്‍ത്ഥിക്കണം. നഷ്ടം വരാതിരിക്കാന്‍ മനസുരുകി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണം.”
“തീര്‍ച്ചയായും. ജയിംസിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്‍റെ എല്ലാ സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും ഉണ്ടാകും. അതിനല്ലേ എന്നെ ഭാര്യയായി ദൈവം ജയിംസിനു തന്നത്.”
ജാസ്മിന്‍ ഭര്‍ത്താവിന് ധൈര്യം പകര്‍ന്നു.
വൈകാതെ റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാലയ്ക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജയിംസ്. സ്ഥലം വാങ്ങി കെട്ടിടം പണി തുടങ്ങി . സമഗ്രമായ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകാരത്തിനായി വ്യവസായ വകുപ്പിനു സമര്‍പ്പിച്ചു. അതിന് അംഗീകാരം കിട്ടിയപ്പോള്‍ ജയിംസിനു സന്തോഷമായി. വീടും പുരയിടവും പണയപ്പെടുത്തി ബാങ്കില്‍നിന്ന് ലോണ്‍ സംഘടിപ്പിച്ചു.
പിന്നെ എല്ലാം ധൃതഗതിയിലായിരുന്നു.
തയ്യല്‍ മെഷീനുകളും യന്ത്രസാമഗ്രികളും കൊണ്ടു വന്നു ഫിറ്റു ചെയ്തു. പരിചയസമ്പന്നരായ കുറെ ജോലിക്കാരെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു അന്യനാടുകളില്‍നിന്നു കൊണ്ടുവന്ന് നിയമിച്ചു.


രാവിലെ എണീറ്റപ്പോള്‍ ജാസ്മിന് ഒരു മനംപിരട്ടല്‍, ഓക്കാനം.
പ്രഭാതഭക്ഷണം കഴിയ്കുന്നതിനിടയില്‍ ഛര്‍ദ്ദിക്കുക കൂടി ചെയ്തപ്പോള്‍ അവള്‍ ഉറപ്പിച്ചു. താന്‍ ഒരമ്മയാകാന്‍ പോകുന്നു.
”ആശുപത്രിയിൽ പോയി ഒന്ന് ഡോക്ടറെ കാണ് മോളെ ” ജയിംസിന്റെ അമ്മ സാറാമ്മ നിർബന്ധിച്ചു.
അവൾ ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോൾ ജെയിംസ് മുറിയിലേക്ക് കയറി വന്നു.
”സന്തോഷവാർത്തയായിരിക്കുമോ മോളെ കിട്ടുക ?”
” പിന്നല്ലാണ്ട് . എനിക്ക് നേരത്തെ ഒരു സംശയമുണ്ടായിരുന്നു ” ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു
” മഞ്ചാടിക്കുന്നിലെ മുത്തായിരിക്കും അല്ലേ ?” ചിരിച്ചുകൊണ്ട് ജെയിംസ് അങ്ങനെ പറഞ്ഞപ്പോൾ ജാസ്മിൻ പ്രതിവചിച്ചു
” മഞ്ചാടിക്കുന്നിലെ അല്ല, പുത്തൻപുരക്കലെ ”
”അല്ല ഞാൻ ഉദ്ദേശിച്ചത്‌ … ”
”ഉദ്ദേശിച്ചതൊക്ക മനസിലായി . മഞ്ചാടിക്കുന്നിൽ മാത്രമല്ലല്ലോ നമ്മൾ ഒന്നിച്ചു കിടന്നത് . കിന്നാരം പറയാതെ വേഗം പോയി ഡ്രസ് മാറ് ”
ജെയിംസ് പിന്നൊന്നും പറയാതെ വേഗം പോയി ഡ്രസ് മാറി വന്നു . അപ്പോഴേക്കും ജാസ്മിനും പോകാൻ റെഡിയായിരുന്നു.
ജയിംസിന്റെ സമീപം കാറിലിരിക്കുമ്പോൾ, ഡോക് ടർ പറയാൻ പോകുന്നത് സന്തോഷവാർത്ത ആയിരിക്കണേ എന്നായിരുന്നു അവളുടെ പ്രാർത്ഥന .
പ്രഗ്നന്‍സി ടെസ്റ്റിന്‍റെ റിസള്‍ട്ട് പോസിറ്റീവാണെന്നു കണ്ടപ്പോള്‍ രണ്ടുപേരുടെയും ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഡോക്ടർ പറഞ്ഞു :
”ഇനി എല്ലാ കാര്യത്തിലും ഒരു ശ്രദ്ധയും നോട്ടവുമൊക്കെ വേണം. വയറ്റിൽ ഒരു കുഞ്ഞുണ്ടെന്ന ബോധം എപ്പഴും ഉണ്ടായിരിക്കണം ”
”ഉം ” അവൾ തലകുലുക്കി
ഡോക്ടര്‍ കുറെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി.
കഴിക്കേണ്ട ഭക്ഷണം, ചെയ്യരുതാത്ത ജോലികള്‍, ഭര്‍ത്താവിന്‍റെ ചുമതലകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഡോക്ടര്‍ വിശദമായി പറഞ്ഞു. എന്നിട്ടു ജയിംസിനെ നോക്കി തുടര്‍ന്നു:
“ഇനിയുള്ള എട്ടുമാസക്കാലം ഭര്‍ത്താവിന്‍റെ സ്നേഹവും സാമീപ്യവും എപ്പഴും ഉണ്ടായിരിക്കണം. രാത്രി ഒരുമിച്ചു കിടന്നുറങ്ങണം. സ്നേഹത്തോടെ വയറില്‍ തലോടണം. കുഞ്ഞിനോടു സംസാരിക്കണം.. അമ്മയ്ക്കു കിട്ടുന്ന എല്ലാ പരിചരണവും വയറ്റില്‍ കിടക്കുന്ന കുഞ്ഞിനും കൂടി കിട്ടുന്നുണ്ടെന്നുള്ള ഒരു ബോധം എപ്പഴും മനസ്സില്‍ ഉണ്ടായിരിക്കണം.”
ജയിംസ് എല്ലാം തലകുലുക്കി സമ്മതിച്ചു.
ആശുപത്രിയില്‍നിന്നിറങ്ങി വീട്ടിലേക്കു മടങ്ങുമ്പോള്‍ ജയിംസ് പറഞ്ഞു:
”ഡോക്ടര്‍ പറഞ്ഞതു കേട്ടല്ലോ. ഇനി മനസ്സ് എപ്പഴും സന്തോഷമായിട്ടിരിക്കണംട്ടോ . ഇല്ലെങ്കിൽ അത് കുഞ്ഞിനെ ബാധിക്കും .”
“ആ സ്വർണം തിരിച്ചുകൊടുത്തില്ലായിരുന്നെങ്കില്‍ എനിക്കൊരിക്കലും സന്തോഷം കിട്ടുമായിരുന്നില്ല ജയിംസ്.”
“ഇപ്പം സന്തോഷമായില്ലേ?”
“ഒരു പാട്. സ്വർണം തിരിച്ചു കൊടുത്തതിന്‍റെ പ്രതിഫലമായിട്ടായിരിക്കും ദൈവം നമുക്കു ഒരു കുഞ്ഞിനെ വേഗം സമ്മാനിച്ചത്.”
“ബിസിനസ്സുകൂടി പച്ചപിടിച്ചാല്‍ നമ്മുടെ യോഗം തെളിയും.”
“പച്ച പിടിക്കും ജെയിംസ് . ദൈവം നമ്മുടെ കൂടെയുണ്ട് . എനിക്ക് ഒരുപാട് വിശ്വാസമുണ്ട്. നല്ലതു ചെയ്താല്‍ നല്ലതു തരും തമ്പുരാന്‍. ചിലപ്പം ഇത്തിരി വൈകുമെന്ന് മാത്രം ”
“ബിസിനസു ലാഭകരമായാല്‍ കുറച്ചു കാശ് പാവങ്ങള്‍ക്കു കൂടി കൊടുക്കണമെന്നാ എന്‍റെ ആഗ്രഹം. ” ജെയിംസ് പറഞ്ഞു .
”അങ്ങനെ നല്ലമനസുള്ളവരെ ദൈവം അനുഗ്രഹിക്കാതിരിക്കില്ല . ജയിംസിന്റെ ഹൃദയം കാണാൻ ദൈവത്തിനു കഴിയുമല്ലോ ”
”ഇനിയങ്ങോട്ട് നമ്മുടെ നല്ലകാലമാണെന്നങ്ങു പ്രതീക്ഷിക്കാം അല്ലെ ”
”തീർച്ചയായും ദൈവം അനുഗ്രഹിക്കും ജയിംസ്. എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. ജയിംസ് ധൈര്യായിട്ടിരിക്ക്.”
ജാസ്മിന്‍ ഭര്‍ത്താവിനു ധൈര്യം പകര്‍ന്നു.
ജയിംസിന്‍റെ കൈ പിടിച്ച് അവള്‍ കാറിനടുത്തേക്കു നടന്നു.;
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34


About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here