ദീര്‍ഘനാളായി ആള്‍താമസമില്ലാതെ കിടക്കുന്ന വീടാണെന്ന് ഒറ്റനോട്ടത്തില്‍ അറിയാം.
ജാസ്മിന്‍ കാറില്‍നിന്നിറങ്ങി മെല്ലെ നടന്നു വരാന്തയിലേക്കു കയറി. പൊടുന്നനേ, വരാന്തയില്‍നിന്ന് ഒരു പാമ്പ് ഇഴഞ്ഞു പടിയിലൂടെ ഇറങ്ങി തൊടിയിലേക്കു പാഞ്ഞുപോയി.
ജാസ്മിന്‍ ഭയന്ന് പിന്നാക്കം ചാടി. കുട്ടികളും പേടിച്ചു പോയിരുന്നു. അവരുടെ കാല്‍ച്ചുവട്ടിലൂടെയാണ് പാമ്പ് ഇഴഞ്ഞുപോയത്. ഭയന്ന് വിറച്ച് അവര്‍ പപ്പയെ കെട്ടിപ്പിടിച്ചു നില്കുമ്പോൾ ജയിംസ് പറഞ്ഞു.
“ഇവിടാരുമില്ലെന്നു തോന്നുന്നു. നമുക്ക് തിരിച്ചുപോയേക്കാം.”
ചുറ്റുവട്ടത്ത് ആരെങ്കിലുമുണ്ടോന്ന് ജാസ്മിന്‍ നാലുപാടും കണ്ണോടിച്ചു . അപ്പോള്‍ പറമ്പില്‍നിന്ന് ഒരാള്‍ അങ്ങോട്ടു നടന്നുവരുന്നതു കണ്ടു. അയാള്‍ അടുത്തു വന്നതും ജാസ്മിന്‍ ചോദിച്ചു:
“ഇവിടെ താമസിച്ചിരുന്ന ഡോക്ടര്‍ ടോണി?”
“അയ്യോ അവരു വീടുവിറ്റു പോയിട്ട് ഒരുപാട് കാലം ആയല്ലോ . ഇത് ഇപ്പം ഒരമേരിക്കക്കാരന്‍റെ കൈയിലാ.”
“ചേട്ടന്‍…?”
“ഞാനിതിന്‍റെ നോട്ടക്കാരനാ. നിങ്ങളെ മനസ്സിലായില്ലല്ലോ?”
ജാസ്മിന്‍ സ്വയം പരിചയപ്പെടുത്തി. എന്നിട്ടു ചോദിച്ചു:
”ഇവിടിപ്പം ആരും താമസമില്ലേ ?”
”ഇല്ല . ഞാൻ ഇടയ്ക്കിടെ വന്നു നോക്കീട്ടു പോകും ”
“ഞങ്ങളീ വീടിന്‍റെ അകത്തൊന്നു കേറി കണ്ടോട്ടെ?”
“അതിനെന്താ.”
അയാള്‍ താക്കോലെടുത്ത് വാതില്‍ തുറന്നുകൊടുത്തു. ജാസ്മിന്‍ സാവധാനം അകത്തേക്കു കയറി. മേരിക്കുട്ടിയും ജയിംസും മക്കളും മുറ്റത്തു നിന്നതേയുള്ളൂ.
അകത്ത് ഇരുട്ടായിരുന്നു. അവള്‍ ലൈറ്റിട്ടു. തറ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ചുമരിലെല്ലാം ചിതല്‍ കയറിയിട്ടുണ്ട്. ടോണി കിടന്ന മുറിയിലേക്കു കയറിയപ്പോള്‍ സങ്കടം അണപൊട്ടാതിരിക്കാൻ അവള്‍ ചുണ്ടുകള്‍ കടിച്ചമര്‍ത്തി.
ലൈറ്റിട്ടിട്ട് ചുറ്റുംനോക്കി. ഭാര്‍ഗവിനിലയം പോലെ ഒഴിഞ്ഞുകിടക്കുന്നു ആ മുറി. ഒരുപാടു കഥകള്‍ പറയാനുണ്ട് ഈ മുറിക്ക്. തന്നെ ആദ്യമായി ടോണി ചുംബിച്ചത് ഈ റൂമില്‍ വച്ചാണ്. ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം അവൻ തുറന്നുപറഞ്ഞതും ഈ മുറിയില്‍ വച്ചാണ്. വേണ്ട അതൊന്നും ഇനി ഓര്‍ക്കണ്ട .
താനിപ്പോൾ മറ്റൊരാളുടെ ഭാര്യയല്ലേ? കഴിഞ്ഞതൊന്നും കുത്തിപ്പൊക്കിഇനി മനസു വൃണപ്പെടുത്തണ്ട. ആ സംഭവങ്ങളുടെ ഒരു കണിക ഇനി മനസിൽ സൂക്ഷിക്കാൻ പാടില്ല . കർച്ചീഫുകൊണ്ട് കണ്ണു തുടച്ചിട്ട് അവള്‍ തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോഴാണ് കണ്ടത്, ചുമരില്‍ താന്‍ പണ്ടു വരച്ചിട്ട ഒരു രേഖാചിത്രം. ടോണിയുടെ മുഖവും കുരങ്ങന്‍റെ ഉടലുമായി ഒരു കുസൃതി ചിത്രം. അവ്യക്തമെങ്കിലും തിരിച്ചറിയാനാവുന്ന വിധം ഇപ്പോഴും അതവിടെയുണ്ട്. നോക്കി നിന്നപ്പോള്‍ ഹൃദയത്തിൽ ഒരു മുള്ളു കൊണ്ട വേദന തോന്നി.
എല്ലാ മുറികളിലും കയറി നോക്കിയിട്ട് ജാസ്മിന്‍ വെളിയിലേക്കിറങ്ങി.
ആ സമയം അയല്‍വീട്ടിലെ ദേവസ്യാച്ചന്‍ അങ്ങോട്ടു നടന്നുവരുന്നത് അവള്‍ കണ്ടു. അടുത്തുവന്നു മേരിക്കുട്ടിയെയും ജാസ്മിനെയും നോക്കിയിട്ട് അയാള്‍ ഹൃദ്യമായി ചിരിച്ചു.
“നിങ്ങളിങ്ങോട്ടു വന്നിട്ടുണ്ടെന്നു മോന്‍ പറഞ്ഞു. എന്നാപ്പിന്നെ പഴയ പരിചയക്കാരെയൊന്നു കണ്ടിട്ടുപോകാല്ലോന്നോര്‍ത്തു .”
“വളരെ സന്തോഷം. പഴയ അയല്‍ക്കാരേം പരിചയക്കാരേം കാണാന്‍ വേണ്ടിയാ ഞങ്ങളും ഇങ്ങോട്ടു വന്നത്.” മേരിക്കുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു.
വിശേഷങ്ങള്‍ തിരക്കിയശേഷം ജയിംസിനെ ചൂണ്ടി ജാസ്മിന്‍ പറഞ്ഞു:
“ഇതെന്‍റെ ഹസ്ബന്‍റാ. ജയിംസ്.” എന്നിട്ട് മക്കളെ രണ്ടുപേരെയും അടുത്തേക്കു വിളിച്ചു ചേര്‍ത്തു നിറുത്തിയിട്ടു തുടര്‍ന്നു: “ഇതെന്‍റെ മക്കള്‍ ശീതളും അഖിലും.”
“ആളാകെ മാറിപ്പോയീട്ടോ.” മുഖത്തേക്കു സൂക്ഷിച്ചു നോക്കി മന്ദഹാസത്തോടെ ദേവസ്യാച്ചന്‍ പറഞ്ഞു
“പത്തു പന്ത്രണ്ടു വര്‍ഷായില്ലേ. പ്രായത്തിന്‍റെ മാറ്റം കാണാതിരിക്കില്ലല്ലോ.” ജാസ്മിന്‍ ചിരിച്ചു.
“വല്യ നിലേലാന്നു കേട്ടു . ഇപ്പം എവിടാ താമസം?”
ജാസ്മിന്‍ സ്ഥലപ്പേരു പറഞ്ഞു.
“ഇവിടുന്നു പോയപ്പം യോഗോം തെളിഞ്ഞു അല്ലേ? ഞാനിപ്പഴും പഴേ സ്ഥിതിയില്‍തന്നെ. മേലോട്ടുമില്ല. കീഴോട്ടുമില്ല. അങ്ങനെയങ്ങു ജീവിച്ചുപോകുന്നു.”
“ഇവിടെ താമസിച്ചിരുന്ന ടോണി…?”
“അവരിത് വിറ്റിട്ട് ടൗണിലേക്കു താമസം മാറ്റീരുന്നു. ഇപ്പം അവിടുന്നും പോയീന്നു കേള്‍ക്കുന്നു. . ചിലരു പറയുന്നു മലബാറിലെങ്ങാണ്ടാണെന്ന്. അവന്‍ കെട്ടിയ ആ പെണ്ണ് ഒരു ഗുണമില്ലാത്തതാ. അവളായിരുന്നു വീടു ഭരണം. കല്യാണം കഴിഞ്ഞതോടെ അവന്‍റെ കഷ്ടകാലം തുടങ്ങി.”
“ഒരുപാട് കാലായോ ഇവിടുന്നു പോയിട്ട്?”
“ങ്ഹ… അവന്റെ കല്യാണം കഴിഞ്ഞ് ഒരുവർഷം തികയുന്നേനു മുൻപേ പോയി. ആദ്യം അവനും ഭാര്യയും കൂടി വാടക വീട്ടിലേക്കു താമസം മാറ്റി. ആഗ്നസും അനുവും കുറച്ചുകാലം തനിച്ചിവിടെ താമസിച്ചു . അതിനിടയിൽ ഈ വീട്ടിൽ ഒരു കള്ളൻ കേറി ആ കൊച്ചിന്റെ നാലുപവന്റെ മാല മോഷ്ടിച്ചോണ്ടു പോയി . അത് കഴിഞ്ഞപ്പം അവരും ടോണീടെ കൂടെ പോയി താമസിച്ചു . അധികം താമസിയാതെ ഈ സ്ഥലവും വീടും വിറ്റു .”
”അനുവിന്റെ കല്യാണം കഴിഞ്ഞോ? ”
” അറിയില്ല . എന്തായാലൂം ഞങ്ങളെ ആരെയും കല്യാണത്തിന് വിളിച്ചില്ല. ” ദേവസ്യാച്ചൻ ചിരിച്ചു .
കുറേനേരം കൂടി വിശേഷങ്ങള്‍ പറഞ്ഞിട്ട് ജാസ്മിനും മേരിക്കുട്ടിയും യാത്ര പറഞ്ഞു. തിരിച്ചുപോകാനായി അവര്‍ കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ദേവസ്യാച്ചന്‍ മടിച്ചു മടിച്ചു ചോദിച്ചു:
“എന്‍റെ മോന്‍ ഡിഗ്രി കഴിഞ്ഞിട്ടു വെറുതെ നില്‍ക്കുവാ. മോളുടെ കമ്പനീല്‍ എവിടെങ്കിലും അവനൊരു ജോലി കൊടുക്കാമോ?”
ജാസ്മിന്‍ ഭര്‍ത്താവിനെ നോക്കി.
“പറ്റുമെങ്കില്‍ എങ്ങനെയെങ്കിലും ഒന്നു സഹായിക്കണം. ജീവിക്കാന്‍ വല്യ ബുദ്ധിമുട്ടാ മോളെ.”
ദേവസ്യാച്ചന്‍ കൈകൂപ്പി യാചനാഭാവത്തില്‍ ഇരുവരെയും മാറിമാറി നോക്കി.
ജയിംസ് പോക്കറ്റില്‍നിന്ന് വിസിറ്റിംഗ് കാര്‍ഡ് എടുത്തു നീട്ടിയിട്ടു പറഞ്ഞു:
“ഈ അഡ്രസില്‍ അവനോട് ഒരപേക്ഷ അയയ്ക്കാന്‍ പറ.”
“ഓ…”
ജോലി ഉറപ്പായി എന്ന മട്ടിൽ ദേവസ്യാച്ചന്‍ കാര്‍ഡു വാങ്ങിയിട്ട് ഭവ്യതയോടെ നിന്നു.
കാര്‍ റിവേഴ്സെടുത്തിട്ട് വന്നവഴിയേ അവര്‍ തിരിച്ചുപോയി.
ചിത്തിരപുരം പള്ളിയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. പപ്പയുടെ കല്ലറയില്‍ പോയിനിന്നു കുറേനേരം പ്രാര്‍ത്ഥിക്കണം.
വഴിയില്‍ പരിചയക്കാരെയും പഴയ സ്നേഹിതരെയുമൊക്കെ കണ്ടപ്പോള്‍ കാറുനിറുത്തി കുശലം പറയുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു.
സെമിത്തേരിയുടെ സമീപം കാറു പാര്‍ക്കു ചെയ്തിട്ട് എല്ലാവരും ഇറങ്ങി സെമിത്തേരിയിലേക്കു നടന്നു. പപ്പയുടെ ശവക്കല്ലറ ആകെ കാടുപിടിച്ചു കിടക്കുന്നു. കണ്ടപ്പോള്‍ സങ്കടം വന്നു ജാസ്മിന്. മേരിക്കുട്ടി ദുഃഖം നിയന്ത്രിക്കാനാവാതെ സാരിത്തലപ്പ് കടിച്ചു വിങ്ങിപ്പൊട്ടി .
കല്ലറയ്ക്കു ചുറ്റുമുണ്ടായിരുന്ന കരിയിലകളും കാട്ടുചെടികളും നീക്കം ചെയ്തിട്ട് ജാസ്മിന്‍ കൊണ്ടുവന്ന പൂക്കള്‍ കല്ലറയ്ക്കു മുകളില്‍ ഭംഗിയായി അലങ്കരിച്ചു വച്ചു. പിന്നെ കണ്ണടച്ചു കൈകൂപ്പി നിന്ന് എല്ലാവരും പപ്പയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു.
“പോകാം.”
ജയിംസ് വിളിച്ചപ്പോഴാണ് ജാസ്മിന്‍ പ്രാര്‍ത്ഥന നിറുത്തി കണ്ണു തുറന്നത്. സിമിത്തേരിയില്‍ നിന്നിറങ്ങിയിട്ട് അവര്‍ നേരേ പള്ളിക്കകത്തേക്കു നടന്നു. പള്ളിക്കകത്തു മുട്ടുകുത്തിനിന്ന് കുറേ നേരം പ്രാര്‍ത്ഥിച്ചു. നേര്‍ച്ചിയിട്ടിട്ട് പുറത്തേക്കിറങ്ങി.
“നമുക്ക് അച്ചനെ ഒന്നു കണ്ടിട്ടു പോകാം.”
ജാസ്മിന്‍റെ ആഗ്രഹത്തിന് എതിര് നിന്നില്ല ജയിംസ്. എല്ലാവരും പള്ളിമേടയില്‍ ചെന്ന് അച്ചനെ കണ്ടു. പരിചയമില്ലാത്ത അച്ചനാണ്. കുശലാന്വേഷണങ്ങള്‍ക്കുശേഷം 50000 രൂപ ബാഗിൽ നിന്നെടുത്തു അച്ചന്റെ കയ്യിൽ ഏല്പിച്ചുകൊണ്ടു ജാസ്മിൻ പറഞ്ഞു.
”ഈ ഇടവകയിലെ ഏതെങ്കിലും പാവപ്പെട്ട പെങ്കൊച്ചിന്റെ കല്യാണം നടത്താനായിട്ടു ഈ പൈസ വിനിയോഗിക്കണം . ഞാൻ തന്നതാണ് പള്ളീൽ വിളിച്ചു പറയുകയൊന്നും വേണ്ട ”
”ഓ ”
അച്ചനു സന്തോഷമായി. എല്ലാവരുടെയും തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ച് അച്ചന്‍ അവരെ യാത്രയാക്കി.
കാര്‍ ചിത്തിരപുരം ഗ്രാമം വിട്ടുപോന്നപ്പോള്‍ മേരിക്കുട്ടി സീറ്റിലേക്ക് ചാരി ഇരുന്നിട്ട് സാരിത്തലപ്പു കടിച്ച് നിശബ്ദമായി കരയുകയായിരുന്നു.
“അമ്മച്ചിക്ക് ഈ നാടുവിട്ടു പോകാന്‍ തോന്നുന്നില്ല അല്ലേ ?” – അഖില്‍ ചോദിച്ചു.
മേരിക്കുട്ടി ഒന്നും മിണ്ടിയില്ല.
”അമ്മക്ക് വിഷമമായോ?”
ജാസ്മിന്റെ ചോദ്യത്തിനും മറുപടി ഇല്ല.
രാത്രി വൈകിയാണവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. മേരിക്കുട്ടി ആകെ തളര്‍ന്ന് അവശയായിരുന്നു. അമ്മയുടെ മനസ്സിന്‍റെ വിഷമം ജാസ്മിനെയും വേദനിപ്പിച്ചു. ഉറങ്ങാന്‍ കിടന്നപ്പോള്‍ ജാസ്മിന്‍ ഭര്‍ത്താവിനോട് പറഞ്ഞു:
“പഴയ വീടും പരിചയക്കാരെയുമൊക്കെ കണ്ടപ്പം അമ്മയ്ക്കാകെ പ്രയാസമായി. അമ്മയെ കൊണ്ടുപോകേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. “
“അമ്മയ്ക്കാ വീടിനോടത്ര ഇഷ്ടമായിരുന്നോ ?”
”പിന്നില്ലേ. അമ്മയെ പപ്പ കെട്ടിക്കൊണ്ടു വന്നു കയറിയ വീടല്ലേ . പത്തുമുപ്പതു വർഷം ചവിട്ടി നടന്ന മണ്ണ് . അത് വിറ്റിട്ട് പോരാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു എനിക്കും അമ്മയ്ക്കും . എന്നെക്കുറിച്ചു ആളുകൾ അപവാദം പറഞ്ഞപ്പോൾ നിൽക്കക്കള്ളിയില്ലാതെ വിറ്റതാ . അവിടെ കിടന്നാൽ എന്റെ കല്യാണം നടക്കില്ലെന്നു പറഞ്ഞു അമ്മ എന്നും കരയുവായിരുന്നു പോരെങ്കിൽ പപ്പയെ അടക്കിയതും ആ ഇടവകയിലെ പള്ളിയിലാണല്ലോ ”
”അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്കത് തിരികെ വാങ്ങിച്ചാലെന്താ?”
“ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു. അമ്മയ്ക്കു മാത്രമല്ല. എനിക്കുമുണ്ട് ആ വീടിനോട് ഒരാത്മബന്ധം. അതു വാങ്ങ്വാണെങ്കില്‍ എനിക്ക് ഒരുപാടു സന്തോഷമാകും.”
“അമ്മയോട് ഇപ്പം ഇക്കാര്യം പറയണ്ട. അവരതു വില്‍ക്കാന്‍ തയ്യാറാകുമോ എന്ന് ആദ്യം അന്വേഷിക്കാം. ആശിപ്പിച്ചിട്ട് കിട്ടിയില്ലെങ്കില്‍ അമ്മയ്ക്കതു കൂടുതല്‍ വിഷമമാകില്ലേ .”
“ചോദിക്കുന്ന വില കൊടുക്കേണ്ടി വരും.”
“കൊടുക്കാം. എന്തുതന്നെയായാലും തറവാടല്ലേ, നഷ്ടപ്പെടുത്തണ്ട. ഇപ്പം കാശിനു ബുദ്ധിമുട്ടില്ലല്ലോ നമുക്ക് .. ബാങ്കുകാരാണെൽ കാശുമായി പുറകെ നടക്കുവാ. പണമുണ്ടാകുമ്പോൾ എല്ലാവരും പിന്നാലെ വരും . അതാണ് ലോകം . “
“ഈ നല്ല മനസ്സിന് ഞാനെങ്ങനെയാ നന്ദി പറയുക?”
“നന്ദിയുടെ ആവശ്യമില്ല ജാസ്. ഭാര്യയുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കേണ്ടത് ഒരു ഭര്‍ത്താവിന്‍റെ കടമയല്ലേ? നിന്‍റെ ഏതെങ്കിലും ആഗ്രഹം ഞാന്‍ സാധിച്ചു തരാതിരുന്നിട്ടുണ്ടോ? നമുക്കുണ്ടായ ഈ നേട്ടങ്ങളെല്ലാം നമ്മുടെ വിവാഹശേഷം കൈവന്നതാണെന്ന് ഓര്‍ക്കണം. ദൈവം അത്രമാത്രം നമ്മളെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടാണ് ദൈവം നിന്നെ ചിത്തിരപുരത്തുനിന്ന് കുറുക്കൻമലയിലെത്തിച്ചതും എന്റെ ഭാര്യയായി കൈപിടിച്ച് എന്നെ ഏൽപ്പിച്ചതും .ടോണി കെട്ടിക്കൊണ്ടു പോയിരുന്നെങ്കിൽ എനിക്ക് ഈ മുത്തിനെ കിട്ടുമായിന്നോ ? ഈ നേട്ടങ്ങളൊക്കെ ഉണ്ടാകുമായിരുന്നോ ?”
ജയിംസ് അവളെ തന്നിലേക്കു ചേര്‍ത്തുപിടിച്ച് സ്നേഹവായ്പോടെ ഒരു ചുംബനം നല്‍കി.
” ഈ സ്നേഹത്തിനു ഞാൻ എന്താ തിരിച്ചു അങ്ങോട്ട് തരുക ?”
”സ്നേഹം മാത്രം മതി മോളേ. വേറൊന്നും വേണ്ട ”
ജാസ്മിൻ ഭർത്താവിന്റെ കഴുത്തിൽ കൈ ചുറ്റി ചേർത്തുപിടിച്ചിട്ട് ഒരു മുത്തം നൽകി.
വീടുവില്‍ക്കാന്‍ തയ്യാറാണോ എന്നറിയാന്‍ പിറ്റേന്നുതന്നെ ജയിംസ് ഒരാളെ ചിത്തരപുരത്തേക്ക് അയച്ചു. ഭാഗ്യവശാല്‍, വീടുവില്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നു. വില പറഞ്ഞു ധാരണയിലെത്തി.
ആധാരം രജിസ്റ്റര്‍ ചെയ്യുന്ന സമയത്തു മാത്രമാണ് മേരിക്കുട്ടിയെ വിവരമറിയിച്ചത്. മേരിക്കുട്ടിയുടെ പേരിലാണ് ആ വീടുംപുരയിടവും രജിസ്റ്റര്‍ ചെയ്തത്.
”അമ്മയുടെ സ്വന്തം മണ്ണല്ലായിരുന്നോ . അതമ്മയുടെ പേരിൽ തന്നെയിരിക്കട്ടെ ”
ജെയിംസ് അത് പറഞ്ഞപ്പോൾ മേരിക്കുട്ടിയുടെ കണ്ണുകള്‍ സന്തോഷാധിക്യത്താല്‍ നിറഞ്ഞു തുളുമ്പി . അത് കണ്ടപ്പോൾ ജെയിംസ് പറഞ്ഞു.
“നഷ്ടപ്പെട്ടു പോയതെല്ലാം, പണംകൊണ്ടു തിരികെ വാങ്ങാന്‍ പറ്റുന്നതാണെങ്കില്‍ നമുക്കു തിരിച്ചുപിടിക്കാം അമ്മേ.”
“എന്തെല്ലാം തിരിച്ചുപിടിച്ചാലും എന്‍റെ തോമാച്ചന്‍റേയും അലീനയുടെയും ജീവന്‍ തിരിച്ചു പിടിക്കാന്‍ പറ്റില്ലല്ലോ.”
“ജീവന്‍ മനുഷ്യന്‍റെ കരങ്ങളിലല്ലല്ലോ അമ്മേ . ദൈവത്തിന്‍റെ കൈകളിലല്ലേ. ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും. ഇന്നല്ലെങ്കില്‍ നാളെ നമ്മളും അങ്ങോട്ടു പോകേണ്ടവരല്ലേ.”
ജയിംസ് അമ്മയെ സമാധാനിപ്പിച്ചു.
തന്‍റെ ഭര്‍ത്താവിന്‍റെ മണ്ണ് തിരികെ കിട്ടിയതില്‍ മേരിക്കുട്ടി അതിയായി സന്തോഷിച്ചു. ആ മണ്ണില്‍ കിടന്നു മരിക്കണം തനിക്ക്. ഭര്‍ത്താവിന്‍റെ കല്ലറയില്‍ തനിക്കും അന്ത്യവിശ്രമം കൊള്ളണം.
ചിത്തിരപുരത്തെ മാന്തോപ്പില്‍ തറവാട്, ചോദിച്ച വിലകൊടുത്ത് ജാസ്മിന്‍ തിരികെ വാങ്ങി എന്ന് കേട്ടപ്പോള്‍ ചിത്തിരപുരംകാർക്ക് അദ്ഭുതമായിരുന്നു. തങ്ങള്‍ വിചാരിച്ചതിനേക്കാളുമപ്പുറം ജാസ്മിന്‍ വളര്‍ന്നു വലുതായിരിക്കുന്നു എന്ന് അപ്പോഴാണ് അവര്‍ക്കു ബോധ്യമായത്.
വീട് അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു . പഴയ വീടിന്‍റെ തനിമയും സൗന്ദര്യവും ചോര്‍ന്നുപോകാത്ത രീതിയിലാണ് പരിഷ്കരണം നടത്തിയത്. രണ്ടുമൂന്നു മുറികള്‍ പുതുതായി കൂട്ടിച്ചേര്‍ത്തു. മുറ്റത്തു താമരക്കുളവും മനോഹരമായ ഉദ്യാനവും ഉണ്ടാക്കി . വീടിനു ചുറ്റും പുതിയ കോമ്പൗണ്ട് വാള്‍ കെട്ടി. വീട്ടിലേക്കുള്ള റോഡ് ടൈല്‍ പാകി ഭംഗിയാക്കിയിട്ട് പുതിയൊരു ഗേറ്റും നിര്‍മ്മിച്ചു.
വിലകൂടിയ കുറെ ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും വാങ്ങി.
പണികള്‍ തീര്‍ത്തു പെയിന്‍റു ചെയ്തപ്പോള്‍ ചിത്തിരപുരത്തെ ഏറ്റവും മനോഹരമായ വീടായി മാറിയിരുന്നു മാന്തോപ്പില്‍ തറവാട്.
വൈകാതെ മേരിക്കുട്ടിയും ജാസ്മിനും കുട്ടികളും അങ്ങോട്ടു താമസം മാറ്റി. പഴയ തറവാട് തിരിച്ചുകിട്ടിയതില്‍ മറ്റെല്ലാവരേക്കാളും കൂടുതൽ സന്തോഷിച്ചത് മേരിക്കുട്ടിയായിരുന്നു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36














































