Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 10

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 10

1220
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 10

ഓഫീസ് റൂമിലെ റിവോൾവിങ് കസേരയില്‍ ചാരി ഇരുന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് ആലോചിച്ചു.
ആരായിരിക്കും ആ കൊല നടത്തിയത്?
സാഹചര്യത്തെളിവുകള്‍ ശ്രീദേവിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പക്ഷേ, അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് എല്ലാവശവും പരിശോധിക്കേണ്ടേ? സോളിഡായ എന്തെങ്കിലും തെളിവു കണ്ടെത്തേണ്ടേ? എത്ര പോക്കിരിയാണെങ്കിലും സ്വന്തം ഭര്‍ത്താവിനെ ഏതെങ്കിലും ഭാര്യ ഇത്ര നിഷ്ഠൂരമായി കൊല്ലുമോ? അഥവാ കൊല്ലണമെന്നാഗ്രഹിച്ചിരുന്നെങ്കില്‍ എളുപ്പമുള്ള മറ്റെത്രയോ വഴികളുണ്ടായിരുന്നു? ഭാര്യ ഇരുമ്പുവടികൊണ്ട് തലക്കടിച്ചു കൊന്നു എന്നുപറഞ്ഞാൽ അതത്ര എളുപ്പം വിശ്വസിക്കാൻ പറ്റുന്നുമില്ല .
മോഹന്‍ദാസ് മേശവലിപ്പില്‍നിന്ന് ആ കര്‍ച്ചീഫെടുത്ത് തിരിച്ചും മറിച്ചും നോക്കി.
ഇതുകൊണ്ടെന്തു പ്രയോജനം? പട്ടിക്കു മുഴുവന്‍തേങ്ങ കിട്ടിയതുപോലെ വെറുതെ സൂക്ഷിക്കാമെന്നു മാത്രം.
കര്‍ച്ചീഫ് മേശപ്പുറത്തേക്കിട്ടിട്ട് സി.ഐ., സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ വറുഗീസിനെ ഫോണില്‍ വിളിച്ചു.
“എന്താ സാര്‍?”
“താങ്കള്‍ അത്യാവശ്യമായി ഇവിടെ വരെ വരണം. ജീപ്പെടുത്തോ. രണ്ടോ മൂന്നോ പോലീസുകാരേം കൂട്ടിക്കോ. ഒരു സ്ഥലംവരെ പോകാനാ.”
“യേസ് സര്‍.”
പത്തു മിനിറ്റിനുള്ളില്‍ എസ്.ഐ. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയുടെ വാതിൽക്കൽ എത്തി .
സി.ഐ. വരാന്തയിൽ കാത്തുനില്‍പുണ്ടായിരുന്നു.
എസ്.ഐ. ജീപ്പില്‍ നിന്നിറങ്ങിയിട്ടു സി.ഐ.യ്ക്കു സല്യൂട്ടടിച്ചു.
“നമുക്ക് ആ മര്‍ഡര്‍ക്കേസിലെ സുകുമാരന്‍റെ വീടുവരെ ഒന്നു പോകണം. ജീപ്പിലേക്കു കേറിക്കോ.”
എസ്.ഐ.യെ കൂട്ടിക്കൊണ്ട് സി.ഐ. ജീപ്പില്‍ കയറി സുകുമാരന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു.
വീട്ടുമുറ്റത്ത് ജീപ്പ് വന്നുനിന്നതും സി.ഐ. ചാടിയിറങ്ങി വീട്ടിലേക്ക് ഓടി കയറി. പിന്നാലെ എസ്.ഐ. ജോണ്‍ വറുഗീസും.
വണ്ടിയുടെ ശബ്ദം കേട്ടതും ശ്രീദേവി വന്നു വാതില്‍ തുറന്നു.
പോലീസുകാരെ കണ്ട് അവള്‍ ഒന്നമ്പരന്നു .
“സുകുമാരന്‍റെ മര്‍ഡറുമായി ബന്ധപ്പെട്ട് കുറച്ചുകാര്യങ്ങള്‍ കൂടി ഞങ്ങള്‍ക്കറിയണം.”
മോഹന്‍ദാസ് പറഞ്ഞു.
“വരൂ.”
ശ്രീദേവി അവരെ അകത്തേക്കു ക്ഷണിച്ചു.
സുകുമാരന്‍ മരിച്ചുകിടന്ന മുറിയില്‍ കയറി സി.ഐ.യും എസ്.ഐ.യും വിശദമായി ഒരു പരിശോധന കൂടി നടത്തി. അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും തുമ്പുകിട്ടുമോ എന്നാണു നോക്കിയത് . യാതൊന്നും പക്ഷേ, കിട്ടിയില്ല.
ശ്രീദേവി എല്ലാം നോക്കി നില്‍പുണ്ടായിരുന്നു.
“നിങ്ങളിങ്ങു വന്നേ.”
ലാത്തിചൂണ്ടി അവരെ വിളിച്ചിട്ട് മോഹന്‍ദാസ് സ്വീകരണമുറിയില്‍ വന്നിരുന്നു.
ശ്രീദേവി ഭയന്ന്, സ്വീകരണമുറിയുടെ ചുമരിനോട് ചേര്‍ന്ന് ഭവ്യതയോടെ നിന്നു.
‘സുകുമാരന് ശത്രുക്കളുള്ളതായിട്ടു മുമ്പ് ഞങ്ങൾ വന്നപ്പം പറഞ്ഞിരുന്നല്ലോ? ആരൊക്കെയായിരുന്നു ആ ശത്രുക്കള്‍?”
“എല്ലാരുമായിട്ട് വഴക്കായിരുന്നു.”
“കൊല്ലാന്‍ തക്ക വൈരാഗ്യമുള്ള ആരെങ്കിലും?”
“അങ്ങനെയാരെങ്കിലുമുള്ളതായിട്ട് അറിയില്ല.”
“അയല്‍ക്കാരുമായിട്ടൊക്കെ എങ്ങനാ?”
“ഇങ്ങോട്ടാരും വരാറുമില്ല, അങ്ങോട്ടു പോകാറുമില്ല.”
“രാത്രി ഗേറ്റു പൂട്ടാറില്ലേ?”
“ഇല്ല.”
“സി.ഐ. പോക്കറ്റില്‍നിന്ന് കര്‍ച്ചീഫെടുത്ത് അവരുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു:”
“ഈ തൂവാല ആരുടെയാണെന്ന് ഐഡന്‍റിഫൈ ചെയ്യാന്‍ പറ്റുമോന്നു നോക്കിക്കേ.”
“അറിയില്ലെന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു.”
” ഒന്നുകൂടി സൂക്ഷിച്ചൊന്നു നോക്ക്. എന്തെങ്കിലും അടയാളമോ തുന്നലോ.. ” സി.ഐയ്ക്ക് ദേഷ്യം വന്നു.
ശ്രീദേവി കര്‍ച്ചീഫ് വാങ്ങി തിരിച്ചും മറിച്ചും നോക്കി.
“ഇല്ല സാര്‍.”
അവളതു തിരികെ കൊടുത്തു.
”നിങ്ങൾ എന്തൊക്കെയോ ഒളിച്ചുവയ്ക്കുണ്ട് . മുഖത്ത് നോക്കിയാൽ ഞങ്ങൾക്കറിയാം. പോലീസിനെ പറ്റിക്കാൻ അത്ര എളുപ്പമല്ല കേട്ടോ ”
കര്‍ച്ചീഫ് മടക്കി പോക്കറ്റിലിട്ടുകൊണ്ട് മോഹന്‍ദാസ് പറഞ്ഞു .
”ഇല്ല സാർ . ഒന്നും ഒളിച്ചുവയ്ക്കുന്നില്ല ”
“സുകുമാരന്‍ നിങ്ങളെ എന്നും ഉപദ്രവിക്കുമായിരുന്നോ?”
“മിക്കപ്പോഴും.”
“ശ്രീദേവിക്കയാളെ കൊല്ലണമെന്നു തോന്നിയിട്ടുണ്ടോ? എപ്പഴെങ്കിലും?”
” ഒരിക്കലുമില്ല.”
‘രണ്ടിലൊരാള്‍ മരിച്ചെങ്കിലേ നിങ്ങളുടെ ദുരിതം തീരുന്നു നിങ്ങള്‍ അയല്‍പക്കത്തുള്ള ചിലരോടൊക്കെ പറഞ്ഞെന്നു കേട്ടല്ലോ ?”
എസ്.ഐ. ചോദിച്ചു.
“അത് സങ്കടം വന്നപ്പം പറഞ്ഞതാ. ഞാനങ്ങനെ മനസില്‍ ചിന്തിച്ചിട്ടു പോലുമില്ല .”
“അയാളൊന്നു മരിച്ചുകിട്ടിയാല്‍ കൊള്ളയിരുന്നൂന്ന് നിങ്ങളാഗ്രഹിച്ചിട്ടില്ലേ?”
“ഏതെങ്കിലും ഭാര്യ അങ്ങനെ ആഗ്രഹിക്ക്വോ സാര്‍? ഭര്‍ത്താവ് എത്ര ദുഷ്ടനാണെങ്കിലും?”
“അങ്ങനെ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുണ്ട്. നിങ്ങളു പത്രമൊക്കെ വായിക്കാറില്ലേ?”
“എനിക്കങ്ങനെ ചിന്തിക്കാന്‍പോലും പറ്റില്ല.”
“ഞങ്ങള്‍ക്ക് എല്ലാ വഴികളും ചിന്തിക്കണം. ദൈവംതമ്പുരാനെവരെ സംശയിക്ക്വേം ചെയ്യും”
സി.ഐ. എണീറ്റു. എന്നിട്ട് പറഞ്ഞു:
“എന്തൊക്കെയായാലും കൊല നടത്തിയ ആ ആളിനെ ഞങ്ങള് കണ്ടുപിടിക്കും. രക്ഷപെട്ടൂന്നു ആരും കരുതണ്ട “
ശ്രീദേവിയുടെ മുഖഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്നു സി ഐ നോക്കി. പക്ഷേ, ഒരു ഭാവമാറ്റവുമുണ്ടായില്ല അവര്‍ക്ക്.
“തീര്‍ച്ചയായും പിടിക്കണം സര്‍. എന്‍റെയും കൂടി ആഗ്രഹമാണത്. ഇപ്പത്തന്നെ ആള്‍ക്കാരു എന്നെപ്പറ്റി ഓരോന്നു പറയുന്നുണ്ട്. എനിക്കതു കേള്‍ക്കുമ്പം സങ്കടം വരും. കൊലയാളിയെ സാറ് കണ്ടു പിടിക്കണം “
“സുകുമാരന്‍റെ കടയില്‍ കൂലിക്കായി ആരെയെങ്കിലും വച്ചിരുന്നോ ?”
“ഇല്ല.”
“ഇപ്പം കട അടഞ്ഞുകിടക്ക്വാ?”
“അത് തൊട്ടടുത്ത കടക്കാരനു വിറ്റു.”
“നിങ്ങളാണോ വിറ്റേ?”
“അതെ.”
അപ്പം കൊലയാളിയെക്കുറിച്ച് യാതൊരറിവും നിങ്ങൾക്ക് ഇല്ല അല്ലേ?
“എനിക്കൊന്നും അറിയില്ല സാർ .”
“എന്തെങ്കിലും സൂചന കിട്ടിയാല്‍ ഞങ്ങളെ അറിയിക്കാന്‍ മടിക്കരുത്.”
“തീര്‍ച്ചയായും.”
“വാ ജോണേ.”
എസ്.ഐയേയും വിളിച്ചുകൊണ്ട് സി.ഐ. പുറത്തേക്കിറങ്ങി.
വീടും പരിസരവും അവര്‍ ഒരിക്കല്‍ക്കൂടി അരിച്ചുപെറുക്കി. പുതുതായി യാതൊന്നും പക്ഷേ, കിട്ടിയില്ല. എസ്.ഐ. പറഞ്ഞു.
“സര്‍ നമ്മളെന്തിനാ ഇത്ര കഷ്ടപ്പെടുന്നേ? ശ്രീദേവിയെ അറസ്റ്റുചെയ്ത് ചാര്‍ജുഷീറ്റ് തയാറാക്കാം. നമുക്കൊരു പ്രതിയെ കിട്ടിയാല്‍ പോരേ? അവരു നിരപരാധിയാണെങ്കില്‍ കോടതീല്‍ തെളിയിക്കട്ടെ.”
“അതെങ്ങനാ ജോണേ. സോളിഡായ എന്തെങ്കിലും എവിഡെന്‍സ് കിട്ടാതെ…”
“എവിഡന്‍സ് നമുക്കെന്തെങ്കിലുമുണ്ടാക്കാം സര്‍. മുന്‍പ് പല കേസുകളിലും എവിഡൻസ്‌ നമ്മളൊണ്ടാക്കീട്ടുണ്ടല്ലോ. എങ്ങനെയെങ്കിലും ഈ കേസ് അവസാനിപ്പിച്ചു ഫയല് ക്ളോസ് ചെയ്യാം.”
“അവരു ഭര്‍ത്താവിന്‍റെ പീഢനം ഒരുപാട് സഹിച്ചിട്ടുള്ള ഒരു പാവം സ്ത്രീയായിട്ടാ എനിക്കു തോന്നുന്നത്. ഇത് ചുമ്മാ അവരുടെ തലേൽ കെട്ടിവച്ചാൽ ദൈവം ക്ഷമിക്കുമോ നമ്മളോട് “
“അതൊക്കെ അവരുടെ അഭിനയമായിരിക്കും സര്‍. സാഹചര്യത്തെളിവുകൾ അവർക്കെതിരാണല്ലോ “
“ആയിരിക്കാം. പക്ഷേ, സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയെ അറസ്റ്റു ചെയ്യാൻ പറ്റുമോ?. അവരെ കണ്ടിട്ട് എനിക്ക് സഹതാപം തോന്നുന്നു.”
“പോലീസുകാര്‍ക്കു സെന്‍റിമെന്‍റ്സ് പാടില്ലെന്നാണല്ലോ സാറു ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.”
എസ്.ഐ. ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതൊക്കെ ശരിയാ. എന്തായാലും നമുക്കൊരു ഫൈനല്‍ അറ്റമ്പ്റ്റുകൂടി നടത്താം. ജോണ്‍ ജീപ്പിലേക്ക് കേറ്.’
എസ്.ഐ. ജീപ്പില്‍ കയറി ഇരുന്നു. തൊട്ടടുത്ത് സി.ഐ. മോഹന്‍ദാസും.
ജീപ്പ് സുകുമാരന്‍റെ കടയിലേക്ക് വിടാന്‍ നിര്‍ദേശം കിട്ടിയതും ഡ്രൈവര്‍ വണ്ടി എടുത്തു.
കടയുടെ മുമ്പില്‍ ആ വാഹനം വന്നുനിന്നു.
പോലീസ് ജീപ്പ് കണ്ടപ്പോള്‍ പരിസരത്തുണ്ടായിരുന്നവര്‍ അടുത്തുകൂടി.
സി.ഐ.യും എസ്.ഐ.യും ചാടിയിറങ്ങി ധൃതിയില്‍ കടയിലേക്ക് കയറി.
കടയുടമ വാസുദേവന്‍ എണീറ്റു ഭവ്യതയോടെ വണങ്ങി.
“ഇതായിരുന്നോ സുകുമാരന്‍റെ കട?”
“അതേ.”
“ഇതു നിങ്ങളു വാങ്ങിച്ചോ?”
“ഉം.”
“സുകുമാരന്‍ ആളെങ്ങനായിരുന്നു. നല്ല സ്വഭാവക്കാരനായിരുന്നോ?”
മോഹന്‍ദാസ് കടയിലേക്ക് കയറി ചുറ്റും നോക്കിയിട്ടു ചോദിച്ചു.
“സ്വഭാവത്തെക്കുറിച്ച് എനിക്കറിയില്ല സാര്‍.”
‘അയാളോടാര്‍ക്കെങ്കിലും വൈരാഗ്യമുള്ളതായിട്ടറിയാമോ?”
”അറിയില്ല സാര്‍.”
“നിങ്ങള്‍ക്കാര്‍ക്കെങ്കിലുമറിയാമോ?”
ചുറ്റുംകൂടിനിന്ന ആളുകളോട് സി.ഐ. ചോദിച്ചു.
ആരും ഒന്നും മിണ്ടിയില്ല.
“അറിയാങ്കില്‍ പറ. സംശയമുള്ളോരുടെ പേരുപറഞ്ഞാലും മതി. ഞങ്ങളന്വേഷിച്ചോളാം. നിങ്ങളൊന്നും സഹകരിക്കുന്നില്ലെങ്കില്‍ ഈ കേസ് തെളിയിക്കാന്‍ പറ്റാതെ വരും.”
ആളുകള്‍ പരസ്പരം നോക്കി പിറുപിറുത്തതല്ലാതെ ഒന്നും പറഞ്ഞില്ല.
സി.ഐ. പോക്കറ്റില്‍നിന്ന് കര്‍ച്ചീഫെടുത്തു വിടര്‍ത്തി കാണിച്ചുകൊണ്ടു ചോദിച്ചു.
“ഈ തൂവാലയാരുടേതാണെന്ന് ആർക്കെങ്കിലും വല്ല പിടിയുമുണ്ടോ?”
പരസ്പരം നോക്കിയതല്ലാതെ ആരും ഒന്നും മിണ്ടിയില്ല.
“വെറുതെ സമയം കളയണ്ട. പോകാം ജോണേ………..അറിയാമെങ്കില്‍ തന്നെ ഇവറ്റകളൊന്നും മിണ്ടില്ല. പോലീസെന്നു കോള്‍ക്കുമ്പം മുട്ടു വിറക്ക്വല്ലേ എല്ലാറ്റിന്‍റേം “
കര്‍ച്ചീഫ് മടക്കി പോക്കറ്റില്‍ നിക്ഷേപിച്ചിട്ട് സി.ഐ. കടയില്‍ നിന്നിറങ്ങി ജീപ്പില്‍ കയറി.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ഒരു യുവാവ് ഓടി അടുത്തുവന്നു.
“സര്‍ ഒരു കാര്യം പറഞ്ഞോട്ടെ?”
“യേസ്.”
“ആ തൂവാലയൊന്നു കാണിക്ക്വോ?”
സി.ഐ. പോക്കറ്റില്‍നിന്ന് തൂവാലയെടുത്ത് യുവാവിനു നീട്ടി.
അയാളതു വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടു ചോദിച്ചു:
“എന്‍റെ ഒരു സംശയം പറഞ്ഞോട്ടെ സര്‍?”
“തീർച്ചയായും .”
“ഒരുദിവസം ഈ സ്കൂളിലെ ഒരു ടീച്ചറ് ദാ ആ കടേന്ന് ഒരു സാധനം വാങ്ങിച്ചിട്ട് പുറത്തേക്കിറങ്ങിയപ്പം ഒരു കര്‍ച്ചീഫ് താഴെ വീണിരുന്നു. ഞാനാ അതെടുത്തു കൊടുത്തത്. ഇതുപോലൊരെണ്ണമായിരുന്നു അത്.”
“ഇതുപോലെയായിരുന്നൂന്ന് ഇത്ര കൃത്യമായി ഓര്‍ക്കാന്‍ കാരണം?”
“ഈ ഡിസൈന്‍ പുതുമയുള്ളതായി അന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടാ .”
“ആ ടീച്ചറിന്‍റെ പേരെന്താ?”
“പേരെനിക്കറിയില്ല. പക്ഷേ, ചങ്ങനാശേരീല്‍ കാര്‍ത്തിക ടെക്സ്റ്റയില്‍സ് നടത്തുന്ന സതീഷിന്‍റെ വീട്ടിലാ അവരു താമസിക്കുന്നതെന്നറിയാം. ഇവിടെ പുതുതായിട്ടു വന്ന ഒരു ടീച്ചറാ.”
അയാള്‍ കര്‍ച്ചീഫ് തിരികെ കൊടുത്തു.
“അവരും സുകുമാരനും തമ്മില്‍ പരിചയമുണ്ടോ?” എസ്.ഐ ചോദിച്ചു.
“ഉണ്ടെന്നു തോന്നുന്നു. ബസ് സ്റ്റോപ്പില്‍ അവരു സംസാരിച്ചു നില്‍ക്കുന്നതു കണ്ടിട്ടുണ്ട്”.
“ഈ ടീച്ചറു കല്യാണം കഴിച്ചതാണോ?”
സി.ഐ. ചോദിച്ചു.
“അല്ല.”
” ഈ സതീഷെവിടാ താമസിക്കുന്നത്?”
“സുകുമാരേട്ടന്‍റെ വീടിന്‍റെ നേരെ എതിര്‍വശത്തുള്ള ആ രണ്ടുനില വീട്ടിലാ.”
“അതായത് കൊല്ലപ്പെട്ട സുകുമാരന്‍റെ?”
“അതെ.”
“താങ്ക്യൂ. താങ്ക്യു വെരിമച്ച്.”
വണ്ടി വിടാന്‍ സി.ഐ. നിര്‍ദേശം നല്‍കി. ഡ്രൈവര്‍ ജീപ്പ് മുമ്പോട്ടെടുത്തു.
“ഒരു കച്ചിത്തുരുമ്പില്‍ പിടികിട്ടി, അല്ലേ ജോണേ?”
സി.ഐ.യുടെ മുഖത്ത് ഒരു പ്രകാശം!
“കര്‍ച്ചീഫ് അവരുടെ തന്നെയാണെന്ന് കണ്‍ഫേം ചെയ്തില്ലല്ലോ സാര്‍. ഇനി അഥവാ ആണെങ്കില്‍ തന്നെ ഡെഡ്ബോഡി കാണാന്‍ പോയപ്പം വീണുപോയതായിക്കൂടെന്നുണ്ടോ?”
“ഡെഡ്ബോഡി കാണാന്‍ അവരു പോയില്ലെങ്കിലോ?”
“എങ്കില്‍ തീർച്ചയായും സംശയിക്കാം. നമുക്ക് സ്കൂളില്‍ കേറി ടീച്ചറെ ഒന്നു കണ്ടാലോ സര്‍.”
“നോനോ. ഒരു കര്‍ച്ചീഫിന്‍റെ പേരുപറഞ്ഞ് സ്കൂളില്‍ ചെന്ന് അവരെ ചോദ്യം ചെയ്യുന്നതു ശരിയല്ല. പ്രത്യേകിച്ച് അവിവാഹിതയായ ഒരു സ്ത്രീയെ .”
“നെക്സ്റ്റ് സ്റ്റെപ്പ് എന്താണ് സര്‍?”
“നമുക്ക് മറ്റുചില കാര്യങ്ങള്‍ കൂടി അറിയണം”.
സി.ഐ. മൊബൈല്‍ എടുത്ത് ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് വിളിച്ചിട്ട് കാര്‍ത്തിക ടെക്സ്റ്റയില്‍സിലെ ഫോണ്‍ നമ്പര്‍ ചോദിച്ചു.


ആകെ അസ്വസ്ഥമായിരുന്നു സുമിത്രയുടെ മനസ് .
ഏകാഗ്രതയോടെ ക്ലാസില്‍ ഒന്നും പഠിപ്പിക്കാന്‍ കഴിയുന്നില്ല . മനസ് നേരെ നിന്നെങ്കിലല്ലേ ഏകാഗ്രത കിട്ടൂ.
പറയുന്നത് പൊട്ടത്തെറ്റുകള്‍. മിക്കപ്പോഴും തിരുത്തിക്കൊടുക്കുന്നതു കുട്ടികളാണ്.
ടീച്ചറിന് എന്തുപറ്റി എന്ന് കുട്ടികളും അമ്പരന്നു!
സ്റ്റാഫ്റൂമില്‍ വന്നിരിക്കുമ്പോഴും അവള്‍ മറ്റേതോ ലോകത്തായിരുന്നു.
സഹപ്രവര്‍ത്തകരുടെ തമാശകളിലും ചിരിയിലുമൊന്നും പങ്കുകൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവള്‍.
ഒരിക്കല്‍ സൗമിനി ടീച്ചര്‍ ചോദിച്ചു:
“രണ്ടുമൂന്നു ദിവസമായി ഞങ്ങളു ശ്രദ്ധിക്കുന്നു; സുമിത്രയ്ക്കെന്താ വല്ലാത്തൊരു വിഷാദം?”
“ഹേയ്… ഒന്നുമില്ല.”
“കല്യാണം മാറ്റിവച്ചേന്റെ വെഷമമാണോ?”
ഒരു വിങ്ങിപ്പൊട്ടലായിരുന്നു അതിനു മറുപടി.
സൗമിനി വല്ലാതായി.
“ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളൂ. കരയണ്ട. കല്യാണമൊക്കെ സമയത്തു നടക്കൂന്നേ. വിഷമിക്കണ്ട “
ടീച്ചര്‍ ആശ്വസിപ്പിച്ചു.
നിശ്ചയിച്ച കല്യാണം മാറിപ്പോയി എന്നാണ് സൗമിനി വിചാരിച്ചത്. അവള്‍ അതു രഹസ്യമായി മറ്റു ടീച്ചേഴ്സിനോട് പറയുകയും ചെയ്തു.
“പാവം! നല്ല കൊച്ചായിരുന്നു.” മേരി ടീച്ചര്‍ സഹതപിച്ചു.
വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ അവളെ ഓഫിസ് മുറിയിലേക്ക് വിളിപ്പിച്ചു.
“രണ്ടുമൂന്നു ദിവസമായിട്ട് സുമിത്രേടെ ക്ലാസിനെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായ അഭിപ്രായമാണല്ലോ. എന്നാ പറ്റി? “
ഒരു വിങ്ങിപ്പൊട്ടല്‍!
സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചിട്ട് അവള്‍ കീഴ്പോട്ട് നോക്കിനിന്നതേയുള്ളൂ.
“എന്തുപറ്റി ടീച്ചറിന്?”
“ഒന്നുമില്ല.”
“പിന്നെ കരയുന്നേ?”
“എനിക്ക് നല്ല സുഖമില്ല.”
“എന്നാ പറ്റീന്ന് പറ ?”
“ഇപ്പം എന്നോടൊന്നും ചോദിക്കരുത്. പ്ലീസ്..”.
“കല്യാണം മുടങ്ങിപ്പോയോ?”
അതു കേട്ടതും സുമിത്ര ഏങ്ങലടിച്ചു കരഞ്ഞുപോയി.
സിസ്റ്റര്‍ ചുമലില്‍ തട്ടി അവളെ ആശ്വസിപ്പിച്ചിട്ടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
പാടുപെട്ട് കരച്ചിലടക്കിയിട്ട് അവള്‍ പുറത്തേക്കിറങ്ങി.
വീട്ടുപടിക്കല്‍ വന്ന് ബസിറങ്ങിയപ്പോള്‍ ഗേറ്റിനടുത്ത് ഒരു പോലീസ് ജീപ്പ് കിടക്കുന്നതു കണ്ടു. സിറ്റൗട്ടിൽ രണ്ടോ മൂന്നോ പോലീസുകാരും നിൽപ്പുണ്ട്
അവളുടെ ഉള്ളൊന്നു കാളി.
ഈശ്വരാ! സുകുമാരന്‍റെ വീട്ടില്‍നിന്ന് ആ ഫോട്ടോകള്‍ പോലീസിന് കിട്ടിക്കാണുമോ?
വിറയ്ക്കുന്ന കാലുകള്‍ നീട്ടിയാണ് അവള്‍ ഗേറ്റുകടന്ന് മുറ്റത്തേക്ക് പ്രവേശിച്ചത്.
സിറ്റൗട്ടില്‍ കയറിയപ്പോള്‍ അകത്ത് ആരുടെയോ സംസാരം കേട്ടു.
ഉത്കണ്ഠ നിറഞ്ഞ മനസോടെ ഫ്രണ്ട് ഡോറിന്‍റെ കൈപിടി തിരിച്ച് അവള്‍ വാതില്‍ തുറന്നു.
ഡ്രോയിംഗ് റൂമില്‍ യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥനും സതീഷും!
ആരെയും ശ്രദ്ധിക്കാതെ അവള്‍ മുമ്പോട്ടുപോകാനൊരുങ്ങിയപ്പോള്‍ സി.ഐ. മോഹന്‍ദാസ് വിളിച്ചു.
“ഒന്നു നിന്നേ…”
സഡന്‍ബ്രേക്കിട്ടപോലെ അവള്‍ നിന്നു. എന്നിട്ട് തിരിഞ്ഞുനോക്കി.
“സുമിത്രയല്ലേ?”
“ഉം.” അവള്‍ തലകുലുക്കി.
“ഇങ്ങു വന്നേ…”
ഒരു യന്ത്രം കണക്കെ അവള്‍ സി.ഐ.യുടെ അടുത്തേക്ക് ചെന്നു.
“സുകുമാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാനാ ഞങ്ങള് വന്നത്.”
അതു കേട്ടതും ഭൂമി താഴ്ന്നു താന്‍ പാതാളത്തിലേക്ക് പോകുന്നതുപോലെ തോന്നി സുമിത്രയ്ക്ക്.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here