സാരികൊണ്ട് കഴുത്തില്‍ കുടുക്കിട്ട്, മേശയില്‍ കയറിനിന്ന് സാരിയുടെ മറ്റേ അറ്റം ഫാനിലേക്കു കെട്ടാൻ നോക്കുന്ന അലീനയെ കണ്ട് മേരിക്കുട്ടിയും ജാസ്മിനും നിലവിളിച്ചു.
ഈപ്പന്‍ ഓടിപ്പോയി അടുക്കളയില്‍ നിന്നു കത്തിയെടുത്തുകൊണ്ടുവന്ന്, മേശയില്‍ ചാടിക്കയറി സാരി രണ്ടായി മുറിച്ചു . തറയിലേക്കു വീണ അലീനയെ മേരിക്കുട്ടിയും ജാസ്മിനും ചേര്‍ന്നു താങ്ങിയതുകൊണ്ട് അപകടമൊഴിവായി.
അലീനയെ താങ്ങിപ്പിടിച്ചുകൊണ്ടുവന്നു കട്ടിലില്‍ കിടത്തി . ഈപ്പനും വല്ലാതെ ഭയന്നുപോയി. അലീന വല്ലാതെ കിതയ്ക്കുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍ ഈപ്പനോടു പറഞ്ഞു:
“ചേച്ചിയെ ആശുപത്രീല്‍ കൊണ്ടുപോകണം. വേഗം പോയി ഒരു വണ്ടി വിളിക്ക് ചേട്ടാ.”
“അവള്‍ക്കൊന്നും പറ്റിയില്ലല്ലോ. പിന്നെന്തിനാ ആശുപത്രീല്‍ പോകുന്നേ? പട്ടി കിതയ്ക്കുന്ന പോലെ കിതയ്ക്കുന്നുണ്ടെന്നുള്ളതല്ലാതെ വേറൊന്നും അവള്‍ക്കു പറ്റീട്ടില്ല.”
ഈപ്പന്‍ കണ്ണുതുറിച്ച് ജാസ്മിനെ നോക്കി.
“പറ്റിയോ ഇല്ലോയോന്ന് ഡോക്ടര്‍ പറയട്ടെ. ആശുപത്രീല്‍ കൊണ്ടുപോണം. കൊണ്ടുപോയേ പറ്റൂ.”
ജാസ്മിന്‍ ശാഠ്യം പിടിച്ചപ്പോള്‍ ശോശാമ്മ മകനോടു പറഞ്ഞു:
“ഒരു ഓട്ടോ വിളിക്കെടാ. ഇനി ആശുപത്രീല്‍ കൊണ്ടുപോയില്ലെന്നുള്ള പരാതി വേണ്ട.”
ജാസ്മിനെ ക്രുദ്ധനായി ഒന്നു നോക്കിയിട്ട് ഈപ്പന്‍ മൊബൈല്‍ എടുത്ത് നമ്പര്‍ ഞെക്കി.
പതിനഞ്ചു മിനിറ്റിനുള്ളില്‍ ഒരു ഓട്ടോറിക്ഷ വീട്ടുമുറ്റത്തു വന്നു നിന്നു. അലീനയെ എണീപ്പിച്ചു കൈപിടിച്ചുകൊണ്ടുവന്ന് ഓട്ടോയില്‍ കയറ്റിയിരുത്തി ജാസ്മിന്‍. അവളുടെ ഇരുവശത്തുമായി മേരിക്കുട്ടിയും ജാസ്മിനും ഇരുന്നു. ഓട്ടോ മുമ്പോട്ടു നീങ്ങി. പിന്നാലെ ബൈക്കില്‍ ഈപ്പനും ആശുപത്രിയിലേക്ക് പുറപ്പെട്ടു
.
കാഷ്വാല്‍റ്റിയിലെ ഡോക്ടര്‍ പരിശോധിച്ചിട്ട് ഭയപ്പെടാനൊന്നുമില്ലെന്നു പറഞ്ഞപ്പോഴാണ് മേരിക്കുട്ടിക്കും ജാസ്മിനും ശ്വാസം നേരെ വീണത് . എങ്കിലും നിരീക്ഷണത്തിനായി അന്ന് അവിടെ അഡ്മിറ്റു ചെയ്തു. മേരിക്കുട്ടിയും ജാസ്മിനും അവളോടൊപ്പം ആശുപത്രിയില്‍ തങ്ങി. ഈപ്പന്‍ രാത്രി തന്നെ വീട്ടിലേക്കു മടങ്ങി.
മേരിക്കുട്ടിയുടെ കരം പുണര്‍ന്നു നെഞ്ചോടു ചേര്‍ത്തു പിടിച്ചു കൊണ്ട് അലീന വിതുമ്പി.
“എന്നോടു ക്ഷമിക്കണം അമ്മേ. സഹിക്കാന്‍ പറ്റാതെ വന്നപ്പം ചെയ്തുപോയതാ. എന്നോട് ക്ഷമിക്കണം. “
“അതിനു നീ തെറ്റൊന്നും ചെയ്തില്ലല്ലോ മോളേ . നിന്‍റെ സ്ഥാനത്തു ഞാനാണെങ്കിലും ആ സാഹചര്യത്തില്‍ അങ്ങനെയേ ചെയ്യൂ. എന്തൊരു ക്രൂരനാ ഈപ്പച്ചൻ .”
“അമ്മയെ വിഷമിപ്പിക്കണ്ടാല്ലോന്നു കരുതി എന്‍റെ ദുഃഖങ്ങള്‍ ഞാനിന്നുവരെ അമ്മയോടു പറഞ്ഞിട്ടില്ല. കുഞ്ഞുണ്ടാകാത്തത് എന്‍റെ കുറ്റംകൊണ്ടാണെന്നു ഞാന്‍ പറഞ്ഞത് അമ്മയെ കരയിക്കണ്ടല്ലോന്നു കരുതി മാത്രമാ. ആദ്യരാത്രിമുതൽ ഇന്നുവരെ എനിക്ക് ദുഃഖം മാത്രമേ ആ വീട്ടിൽ നിന്ന് കിട്ടിയിട്ടുള്ളൂ അമ്മേ “
“ചേച്ചി ഇനി ആ വീട്ടില്‍ താമസിക്കണ്ട. ഞങ്ങളുടെ കൂടെ കുറുക്കന്‍മലയ്ക്കു പോരെ. ” – അലീനയുടെ നെറ്റിയില്‍ തലോടിക്കൊണ്ട് ജാസ്മിന്‍ പറഞ്ഞു.
“എത്രകാലം എനിക്കവിടെ വന്നു നില്‍ക്കാന്‍ പറ്റും? വേണ്ട കൊച്ചേ . ഞാൻ ഇനി നിങ്ങൾക്കും കൂടി ഒരു ഭാരമാവണ്ട “
“എത്ര കാലം വേണേലും ചേച്ചിക്കവിടെ നില്‍ക്കാം. ഇവിടെ നിന്നാല്‍ ഇനിയും കണ്ണീരുകുടിക്കേണ്ടി വരും.”
അലീന ഒന്നും മിണ്ടിയില്ല. കണ്ണുകള്‍ പൂട്ടി അവൾ കിടന്നു. ആ മുഖത്തേക്കു നോക്കി ജാസ്മിനും മേരിക്കുട്ടിയും നിശ്ശബ്ദരായി ഇരുന്നു,കുറേനേരം. അലീന സാവധാനം ഉറക്കത്തിലേക്കു വീണു.
“ചേച്ചി ഉറങ്ങീന്നു തോന്നുന്നു. നമുക്കും കിടക്കാം അമ്മേ.” – തൊട്ടടുത്ത കട്ടിലില്‍ മേരിക്കുട്ടിയും ജാസ്മിനും ഉറങ്ങാനായി കിടന്നു.
പിറ്റേന്ന് രാവിലെ ഈപ്പന്‍ വന്നു. മുഖം കടന്നല്‍ കുത്തിയതുപോലെ ഗൗരവഭാവത്തിലായിരുന്നു.
“കുറച്ചു ദിവസം അലീന ഞങ്ങടെ കൂടെ വന്നു താമസിക്കട്ടെ.” – മടിച്ചു മടിച്ചാണ് മേരിക്കുട്ടി ഈപ്പനോട് തന്റെ ആഗ്രഹം പറഞ്ഞത്.
“ഓ; ആയിക്കോട്ടെ !എവിടെപ്പോയി താമസിച്ചാലും എനിക്കൊരു പരാതീം ഇല്ല. ഞാനൊട്ട് അന്വേഷിക്കാനും വരില്ല.”
“ചേച്ചിയോടു കുറച്ചുകൂടിയൊക്കെ കരുണ കാണിക്കണം ചേട്ടാ.” – ജാസ്മിന്‍ യാചിച്ചു.
“ഞാന്‍ ഇവളെ തല്ലുകയോ തെറി പറയുകയോ ഒന്നും ചെയ്തിട്ടില്ല . ഇന്നലെ അത്രയും പറയേണ്ടി വന്നത് കാര്യങ്ങള്‍ നിങ്ങള്‍ക്കു കൂടി ബോധ്യപ്പെടാന്‍ വേണ്ടീട്ടാ. ഇനി ആ വിഷയം സംസാരിച്ചാല്‍ വീണ്ടും നമ്മളു തമ്മില്‍ ഒടക്കേണ്ടി വരും. അതുകൊണ്ട് അതു വിട്. ഇനി അതിനെപ്പറ്റി പറയണ്ട “
ജാസ്മിന്‍ പിന്നെയൊന്നും മിണ്ടിയില്ല. അന്നു തന്നെ അലീനയെ ഡിസ്ചാര്‍ജു ചെയ്തു. വീട്ടിലെത്തിയ ഉടനെ അവള്‍ ഡ്രസും മറ്റും ബാഗില്‍ നിറച്ചു പോകാന്‍ റെഡിയായി. ഈപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല ആ സമയം. ബാഗെടുത്ത് അലീന ശോശാമ്മയുടെ അടുത്തു വന്നു യാത്ര ചോദിച്ചു.
“പോട്ടെ അമ്മേ?”
“എന്നു തിരിച്ചു വരും?” – ശോശാമ്മയുടെ ചോദ്യത്തിനു മറുപടി പറയാനാവാതെ അലീന ജാസ്മിന്‍റെ നേരേ നോക്കി.
“ഒരു മാസം കഴിയുമ്പം വിട്ടേക്കാം അമ്മേ.” ജാസ്മിനാണ് മറുപടി പറഞ്ഞത്.
“അത്രയും ദിവസം നിക്കണോ? കഞ്ഞീം കറീം വെക്കാന്‍ ഇവിടാളില്ലെന്ന ഓര്‍മ്മ വേണം. നടുവേദനകൊണ്ട് എനിക്കാണെങ്കില്‍ നേരേ നില്ക്കാന്‍ വയ്യ. ങ്ഹ… ഇഷ്ടമുള്ളപോലെ ചെയ്യ്.”
മുഖത്തേക്കു നോക്കാതെയാണ് ശോശാമ്മ അതു പറഞ്ഞത്.
പിന്നൊന്നും പറയാതെ, അലീനയെയും കൂട്ടി മേരിക്കുട്ടിയും ജാസ്മിനും പുറത്തേക്കിറങ്ങി.
ബസിലിരിക്കുമ്പോള്‍ ചേച്ചിയുടെ ദുര്‍വ്വിധിയോര്‍ത്തു സങ്കടപ്പെടുകയായിരുന്നു ജാസ്മിന്‍. ഭര്‍ത്തൃവീട്ടില്‍ ചേച്ചി സന്തോഷത്തോടെ കഴിയുകയാണെന്നാണ് താനും അമ്മയും ഇത്രയും കാലം കരുതിയിരുന്നത്. കൊച്ചുന്നാളിലും ചേച്ചിക്കു ദുഃഖമേയുണ്ടായിരുന്നുള്ളൂ. പപ്പയ്ക്കുപോലും ഇഷ്ടമില്ലായിരുന്നു ചേച്ചിയെ. എത്ര ആലോചനകൾ വന്നതാണ് . ഒന്നും ശരിയായില്ല. ഒടുവിൽ തലയിൽ വന്നു കയറിയത് ഒരു പിശാച് !പാവം! സ്വന്തം വയറ്റില്‍ പിറന്ന ഒരു കുഞ്ഞിനെ ലാളിക്കാനുള്ള യോഗംപോലും എന്റെ ചേച്ചിക്കു ദൈവം കൊടുത്തില്ലല്ലോ
അവൾ ദീഘമായി ഒന്ന് നിശ്വസിച്ചു .
ഒരു മാസം….
സന്തോഷകരമായ ഒരു മാസം വളരെപ്പെട്ടെന്നു കടന്നുപോയതു പോലെ അലീനയ്ക്കു തോന്നി. ഭർതൃ വീട്ടിലേക്കു മടങ്ങിച്ചെല്ലുന്ന കാര്യമോര്‍ത്തപ്പോള്‍ അവള്‍ക്കു കരച്ചില്‍ വന്നു. പക്ഷേ പോകാതിരിക്കാനാവില്ലല്ലോ.
“ചേച്ചീ… കുറച്ചു നാളുകൂടി ഇവിടെ നിന്നിട്ടു പോയാല്‍ പോരേ?” ജാസ്മിൻ ആരാഞ്ഞു
“എന്റെ കൊച്ചേ ഇപ്പത്തന്നെ ഒരുപാട് വൈകി. ചെല്ലുമ്പം കേള്‍ക്കാം ചേട്ടന്‍റേം അമ്മേടേം ശകാരം. നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല മോളേ “
“അയാളിത്രേം ക്രൂരനാണെന്നു ഞാന്‍ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ലാട്ടോ. ചേച്ചി ഒന്നും ഞങ്ങളോടു സൂചിപ്പിച്ചുമില്ലല്ലോ.”
“എന്തു സൂചിപ്പിക്കാന്‍? കഴുത്തില്‍ താലി വീണുപോയില്ലേ. പിന്നെ സൂചിപ്പിച്ചിട്ടെന്നാ പ്രയോജനം? അമ്മേടേം നിന്‍റെം കുറച്ചു കണ്ണീരു കാണാമെന്നു മാത്രം . അത് വേണ്ടാന്നു ഞാൻ തീരുമാനിച്ചു . “
അലീന ഒരു ദീര്‍ഘശ്വാസം വിട്ടു.
പിറ്റേന്നു രാവിലെ അവള്‍ വീട്ടിലേക്കു മടങ്ങി. ബസു കയറ്റി വിടാന്‍ ജാസ്മിന്‍ ബസ്സ്റ്റോപ്പുവരെ വന്നിരുന്നു. . വണ്ടിയിലേക്കു കയറുന്നതിനുമുമ്പ് അനിയത്തിയുടെ കൈപിടിച്ചുകൊണ്ട് അലീന സങ്കടത്തോടെ പറഞ്ഞു:
“ഈപ്പച്ചന്‍ നന്നാകാന്‍ വേണ്ടി എന്റെ മോള് പ്രാര്‍ത്ഥിക്കണം കേട്ടോ .”
“ഉം…” വിതുമ്പലോടെ അവള്‍ മൂളി.
“ഇനി എന്നാ നിന്നെ ഒന്നും കാണാന്‍ പറ്റ്വാ കൊച്ചേ ?”
“ഇടയ്ക്കു ചേച്ചി ഇങ്ങോട്ടൊന്നു വാ…”
“വിടിയേല മോളേ..ഈപ്പച്ചൻ അത്രയ്ക്ക് ദുഷ്ടനാ. ആരെയും ഫോൺ വിളിക്കാൻ പോലും സമ്മതിക്കുകേലാ”
“കേറുന്നെങ്കിൽ വേഗം കേറ് ” കിളി ധൃതി കൂട്ടിയപ്പോള്‍ ജാസ്മിനോടു പോകട്ടെ എന്നു പറഞ്ഞിട്ട് അലീന വേഗം ചവിട്ടുപടിയിലേക്കു കാലെടുത്തു വച്ചു. കിളി ഡബിള്‍ ബെല്‍ അടിച്ചിട്ട് അവളെ ഇടതു കൈകൊണ്ടു വട്ടം ചുറ്റി അകത്തേക്കു തള്ളി .
വീട്ടില്‍ ചെന്നു കയറിയതേ ഈപ്പന്‍ പരിഹാസത്തോടെ ചോദിച്ചു:
“സുഖായിരുന്നോ കുറുക്കന്‍ മലയിലെ താമസം?”
“ഞാന്‍ സുഖവാസത്തിനു പോയതല്ലല്ലോ ചേട്ടാ . എന്‍റമ്മേടേം അനിയത്തീടേം കൂടെ കുറച്ചു ദിവസം താമസിക്കാന്‍ പോയതല്ലേ?”
“അവിടങ്ങു സ്ഥിരമായി അങ്ങ് താമസിച്ചോളാന്‍ മേലായിരുന്നോ? എന്തിനാ തിരിച്ചു വന്നത്?”
“ഇങ്ങനൊന്നും സംസാരിക്കരുത് ചേട്ടാ. ഞാന്‍ ചേട്ടന്‍റെ ഭാര്യയല്ലേ? ഇത്തിരിയെങ്കിലും സ്നേഹം കാണിച്ചൂടേ എന്നോട്?”
“സ്നേഹം കാണിക്കാന്‍ പറ്റിയ ഒരുചരക്ക് “
പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല. അകത്തേക്കു കയറിപ്പോയി.
വേഷം മാറിയിട്ട് അടുക്കളയിലേക്കു ചെന്നപ്പോള്‍ നൂറുകൂട്ടം പണികള്‍ അവളെ ഏല്പിക്കാനായിട്ട് ശോശാമ്മ. റെഡിയാക്കി വച്ചിട്ടുണ്ടായിരുന്നു. ഒരു മടിയും കൂടാതെ പറഞ്ഞ പണികളെല്ലാം അലീന ചെയ്തു.
ഒരുദിവസം വൈകുന്നേരം!
ജോസ്മോന്‍ സ്കൂളില്‍നിന്നു വന്നപ്പോള്‍ അലീന, മാസമുറയുടെ ശാരീരികഅസ്വാസ്ഥ്യം മൂലം കിടപ്പുമുറിയില്‍ വയ്യാതെ കിടക്കുകയായിരുന്നു. നല്ല വയറു വേദനയുമുണ്ട്. ശോശാമ്മ ഒരു ബന്ധുവീട്ടിൽ പോയതായിരുന്നു .
ബാഗ് മേശപ്പുറത്തു വച്ചിട്ട് ജോസ്മോന്‍ വിളിച്ചു പറഞ്ഞു:
“അമ്മേ കാപ്പി…”
“അമ്മയ്ക്കു വയ്യ മോനേ. കാപ്പി അടുക്കളയിലിരുപ്പുണ്ട്. മോന്‍ അതു ഗ്ലാസിലേക്കു ഒഴിച്ചു കുടിച്ചോ. കഴിക്കാന്‍ കൊഴുക്കട്ട ഉണ്ടാക്കി വച്ചിട്ടുണ്ട്. അതും എടുത്തോ.”
അലീന കിടപ്പുമുറിയില്‍നിന്നു വിളിച്ചു പറഞ്ഞു.
“എനിക്കറിയാന്‍ വയ്യമ്മേ. അമ്മ വന്ന് എടുത്തുതാ.”
“മോന്‍ ഡ്രസ് മാറീട്ടുവാ. അപ്പോഴേക്കും അമ്മ എണീറ്റു വരാം.”
ദേഷ്യം വന്ന ജോസ്മോന്‍ അതു കേള്‍ക്കാതെ നേരെ അടുക്കളയിലേക്കു ചെന്നു. ഗ്ലാസിലേക്കു ചായ പകരുന്നതിനിടയില്‍ കൈതട്ടി ഗ്ലാസ് മറിഞ്ഞു ചായ കാലിലേക്കു വീണു. കാല്‍ പൊള്ളിയപ്പോള്‍ അവനുറക്കെ കരഞ്ഞു.
അലീന ബദ്ധപ്പെട്ട് എണീറ്റു ചെന്ന് അവനെ എടുത്തു അശ്വസിപ്പിച്ചു. എന്നിട്ട് കാല്‍ തണുത്ത വെള്ളത്തിൽ കഴുകി. പൊള്ളലിനുള്ള മരുന്നു പുരട്ടി കട്ടിലിൽ കൊണ്ടുവന്നു കിടത്തി .
ജോസ്മോൻ ഏങ്ങലടിച്ചു ഓരോന്ന് പറഞ്ഞു അലീനയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
” സാരമില്ല മോനെ , ഇത്തിരി കഴിയുമ്പം വേദന മാറിക്കോളും ”
ജോസ്‌മോൻറെ കവിളിൽ തഴുകി അവൾ ആശ്വസിപ്പിച്ചു.
അവളുടെ കൈ തട്ടി മാറ്റിയിട്ട് ജോസ്മോൻ പറഞ്ഞു
” നിങ്ങൾ എന്റെ അമ്മയല്ല . അതുകൊണ്ടാ എന്നോട് സ്നേഹമില്ലാത്തത് . എനിക്ക് വേണ്ട നിങ്ങളെ . പപ്പാ വരുമ്പം ഞാൻ പറയും, ഈ അമ്മയെ എനിക്ക് വേണ്ടാന്ന് . പൊയ്ക്കോ എന്റടുത്തു നിൽക്കണ്ട ”
നെഞ്ചിൽ ഒരു സൂചി കയറുന്നതുപോലെ തോന്നി അലീനക്ക്. അവൾ ഓർത്തു .സ്വന്തം രക്തത്തിൽ പിറന്ന ഒരു കുഞ്ഞായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ? തൻ എത്ര സ്നേഹിച്ചിട്ടും സ്നേഹത്തിന്റെ ഒരു കണികയെങ്കിലും ഈ മകനിൽ നിന്ന് തനിക്കു കിട്ടുന്നില്ലല്ലോ! ഇതൊന്നും പറഞ്ഞാൽ ഈപ്പന് മനസിലാവില്ല . വിങ്ങുന്ന ഹൃദയവുമായി അവൾ മുറിയിൽ നിന്നിറങ്ങി.
അന്നു രാത്രി മദ്യപിച്ചാണ് ഈപ്പന്‍ കയറി വന്നത്. ജോസ് മോൻ കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങളെല്ലാം പപ്പയോട് പറഞ്ഞു .സംഭവം കേട്ടതേ രോഷാകുലനായി ഈപ്പന്‍ ചീത്തവിളിച്ചുകൊണ്ട് അലീനയെ തലങ്ങും വിലങ്ങും തല്ലി.
”എന്റെ കൊച്ചിനെ കൊല്ലാൻ ഭാവിച്ചാണോടീ നിന്റെ പുറപ്പാട്?. അതിനു മുൻപേ നിന്നെ ഞാൻ കൊന്നു കുഴിച്ചുമൂടും ”
പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ പോവാതെ, ഒരു മിണ്ടാപ്രാണിയേപ്പോലെ എല്ലാം സഹിച്ചു നിശബ്ദമായി നിന്നതേയുള്ളൂ അലീന.
അന്ന് രാത്രി അവളെ ഒറ്റക്കാക്കി ഈപ്പനും ജോസ്‌മോനും മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്.
പ്രഭാതം!
അസ്വസ്ഥമായ മനസ്സോടെയാണ് ജാസ്മിന്‍ അന്ന് ഉറക്കമുണര്‍ന്നത്. രാത്രിയില്‍ ഭീകരമായ ഒരു സ്വപ്നം കണ്ടിരുന്നു അവള്‍. താന്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ അലീനയുടെ ചീഞ്ഞളിഞ്ഞ ശവശരീരം റോഡരുകില്‍ പട്ടികള്‍ കടിച്ചു വലിക്കുന്ന ഭീകര രംഗം! ഹൊ! എന്തൊരു ഭയാനക സ്വപ്നമായിരുന്നു. എന്തേ ഇങ്ങനെയുള്ള ദുസ്വപ്നങ്ങൾ കാണുന്നത് ? ചേച്ചിക്ക് വല്ലതും പറ്റിയോ ? കിടക്കയില്‍നിന്ന് എണീറ്റിട്ട് ജാസ്മിന്‍ വരാന്തയിലെ കസേരയില്‍ വന്നിരുന്നു.
“നീ എന്നാ ആലോചിച്ചിരിക്ക്വാ.”
അമ്മ പിന്നിൽ വന്നു നിന്നത് അവള്‍ കണ്ടില്ലായിരുന്നു.
“ഞാനിന്നലെ രാത്രി ഒരു സ്വപ്നം കണ്ടു അമ്മേ.”
“എന്തു സ്വപ്നം?”
ജാസ്മിന്‍ അതു വിശദീകരിച്ചു. എന്നിട്ടു പറഞ്ഞു.
“എന്‍റെ മനസു പറയുന്നു, ചേച്ചിക്കെന്തോ പറ്റീന്ന്.”
“എന്നാ പറ്റാന്‍? വേണ്ടാത്തതൊക്കെ ചിന്തിച്ചു കിടന്നിട്ടാ ഓരോന്നു കാണുന്നത്. കിടക്കുന്നേനു മുമ്പ് കുരിശു വരച്ചിട്ടു കിടക്കണം.”
“എന്തോ …, എന്റെ മനസ്സിന് ഒരു സന്തോഷമില്ലമ്മേ. ഞാന്‍ രാഘവന്‍ ചേട്ടന്‍റെ വീട്ടില്‍പോയി ചേച്ചിക്ക് ഒന്നു ഫോണ്‍ ചെയ്തിട്ടു വരാം.”
“ങ്ഹ… ചെല്ല്. നിന്‍റെ സംശയം തീരട്ടെ.”
ഉടന്‍ തന്നെ ഡ്രസു മാറിയിട്ട് അവള്‍ രാഘവന്‍നായരുടെ വീട്ടില്‍ ചെന്ന് അലീനയ്ക്കു ഫോണ്‍ ചെയ്തു. ഫോണെടുത്തത് ശോശാമ്മയായിരുന്നു.
“ഞാന്‍ ജാസ്മിനാ. അലീനേടെ അനിയത്തി. ചേച്ചിക്കൊന്നു കൊടുക്ക്വോ?”
“അവളിവിടില്ല. പുറത്തേക്കു പോയതാ.”
“എപ്പ വരും?”
“അറിയില്ല . എന്തെങ്കിലും പറയാനാണെങ്കിൽ എന്നോടു പറഞ്ഞേരെ. അവള് വരുമ്പം ഞാന്‍ പറഞ്ഞേക്കാം.”
“നേരിട്ടു പറയേണ്ട കാര്യാ.”
“എന്നാൽ അവള് വരുമ്പം വിളിച്ചൂന്നു ഞാൻ പറഞ്ഞേക്കാം.” അത് പറഞ്ഞതും ഫോണ്‍ കട്ടായി.
ജാസ്മിന്‍ അമ്പരന്നു നിന്നുപോയി. ചേച്ചിക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെ അവള്‍ ഉറപ്പിച്ചു. ഇല്ലെങ്കില്‍ ഇത്ര രാവിലെ ചേച്ചി എവിടെ പോയതാണ്? അറിയില്ലെന്ന് ശോശാമ്മ പറഞ്ഞതെന്തിന് ? ശോശാമ്മ എന്തോ ഒളിക്കുന്നുണ്ട്. സംസാരത്തില്‍ അതു പ്രകടമാണ്. പെട്ടെന്നു ഫോണ്‍ വയ്ക്കുകയും ചെയ്തല്ലോ!
അന്ന് പല സമയത്തായി മൂന്നു തവണ ഫോണ്‍ ചെയ്തപ്പോഴും അലീന സ്ഥലത്തില്ലെന്ന മറുപടിയാണ് ശോശാമ്മ പറഞ്ഞത് . എവിടെപ്പോയി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല താനും . ചേച്ചിക്ക് എന്തോ പറ്റിയിട്ടുണ്ട് എന്നവൾ തീർച്ചയാക്കി . .
“ഞാനൊന്നു പോയി അന്വേഷിച്ചിട്ടു വരട്ടെ അമ്മേ?” – ജാസ്മിന്‍ അമ്മയോട് അനുവാദം ചോദിച്ചു.
“ഒറ്റയ്ക്കോ…”
“ഉം.”
“പേടിയില്ലേ നിനക്ക്?”
“എന്തിനാ പേടിക്കണെ? ഞാന്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ.”
“എന്നാ നാളെ ചെന്നൊന്ന് അന്വേഷിച്ചിട്ടു വാ.”
പിറ്റേന്നു പുലര്‍ച്ചെ അവള്‍ ഈപ്പന്‍റെ വീട്ടിലേക്കു പുറപ്പെട്ടു.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26