ആ വാര്‍ത്ത താങ്ങാനാവാത്ത ഷോക്കായിരുന്നു അലീനയ്ക്ക്.
ഈപ്പച്ചന് ഇനി കുഞ്ഞുങ്ങളുണ്ടാവില്ലെന്ന്! വായ് പൊളിച്ച് , ഭർത്താവിനെ തുറിച്ചു നോക്കി നിൽക്കെ ഈപ്പച്ചൻ പറഞ്ഞു .
”ബൈക്കപകടത്തിൽ എന്റെ ഭാര്യയെ കൊണ്ടുപോയ കൂട്ടത്തിൽ അച്ഛനാകാനുള്ള എന്റെ കഴിവും ദൈവം എടുത്തോണ്ട് പോയി. ”
അലീനയുടെ കണ്ണുകളിൽ തീ ആളി .
” എല്ലാം ഒളിച്ചു വച്ചിട്ട് നിങ്ങൾ എന്നെ ചതിക്കയായിരുന്നു അല്ലേ ? ദുഷ്ടനാ നിങ്ങൾ… ദുഷ്ടൻ..! ”
വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട് അവൾ ഭർത്താവിനെ അവജ്ഞയോടെ നോക്കി.
” നീ വല്യ മാലാഖയൊന്നും ചമയണ്ട..” ഈപ്പച്ചൻ തുടർന്നു :”നീ ഭ്രാന്ത് പിടിച്ചു ആശുപത്രിയിൽ കിടന്ന് കഥകളൊക്കെ എനിക്കും അറിയാം . അത് നീയും നിന്റെ അമ്മയും ഒളിച്ചു വച്ചില്ലേ എന്നിൽ നിന്ന്? എന്നിട്ടു വല്യ പുണ്യാളത്തി ചമയുന്നു ഇപ്പം . കെട്ടാച്ചരക്കായി വീട്ടില്‍ നിന്നപ്പം സ്ത്രീധനമൊന്നും ചോദിയ്ക്കാതെ വന്നു കെട്ടിക്കൊണ്ടു പോന്നതാണോ ഞാന്‍ ചെയ്ത കുറ്റം? എന്നെ കൊണ്ടു കൂടുതലൊന്നും പറയിപ്പിക്കാതെ പൊയ്‌ക്കോ ”
ഈപ്പച്ചന്‍ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചിട്ട് അലീനയെ പാളി നോക്കി.
അവൾ അയാളെ തന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു.
“നോക്കി പേടിപ്പിയ്ക്ക്വാണോ?” ഈപ്പന്റെ സ്വരം മാറി.” ഒരു കാര്യം പറഞ്ഞേയ്ക്കാം. സ്നേഹിച്ചാല്‍ ഈപ്പന്‍ കരളു പറിച്ചു തരും . വെറുത്താല്‍….” അതു പൂര്‍ത്തിയാക്കാതെ ഈപ്പന്‍ നിറുത്തി.
അലീനയുടെ മിഴികളിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകുന്നത് കണ്ടപ്പോൾ അയാള്‍ പറഞ്ഞു.
“ഇയാളെന്തിനാ വിഷമിക്കുന്നെ ? നമുക്കുണ്ടല്ലോ ഒരു കുഞ്ഞ്? നീ പ്രസവിച്ചില്ലെന്നല്ലേയുള്ളൂ. സ്വന്തം കുഞ്ഞിനെപ്പോലെ നിനക്കവളെ സ്നേഹിച്ചൂടേ? അങ്ങനെ സ്നേഹിച്ചാൽ സ്വന്തം അമ്മയെപ്പോലെ അവൻ
നിന്നെയും സ്നേഹിക്കും .”
അതിനു മറുപടി പറയാതെ അവൾ കിടപ്പുമുറിയില്‍ നിന്നിറങ്ങിപ്പോയി.
ശോശാമ്മ പറമ്പിലേക്ക് പോയതായിരുന്നു. അവര്‍ തിരിച്ചു വന്നപ്പോള്‍ ഡൈനിംഗ് റൂമിലെ കസേരയിലിരുന്നു മിഴിനീർ ഒഴുക്കുന്ന മരുമകളെയാണ് കണ്ടത്.
“എന്തു പറ്റിമോളെ?”
ചുമലിൽ കൈവച്ചുകൊണ്ടു അവര്‍ സൗമ്യസ്വരത്തിൽ ചോദിച്ചു . ഒന്നുമില്ലെന്നു പറഞ്ഞു അലീന ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ശോശാമ്മ നിര്‍ബ്ബന്ധിച്ചപ്പോള്‍ അവള്‍ സത്യം തുറന്നു പറഞ്ഞു.
“ഇതൊരു വല്യകാര്യായിട്ട് മനസ്സിൽ കൊണ്ടു നടക്കണ്ട മോളെ ! നിനക്കു ലാളിയ്ക്കാനും ഓമനിയ്ക്കാനും ഇവിടെ ജോസ്‌കുട്ടിയില്ലേ ? അവന്‍ നീലീമേടെ കുഞ്ഞാണെങ്കിലും നിന്നെ അമ്മയെപ്പോലെയല്ലേ കാണുന്നത്? നിന്റെ വയറ്റില്‍ പിറന്നില്ലാന്നല്ലേയുള്ളൂ.?”
“എന്തൊക്കെ പറഞ്ഞാലും എന്‍റെ ചോരയിലുള്ള കുഞ്ഞിനെപ്പോലെയാകുമോ അമ്മച്ചീ ജോസ്‌കുട്ടി ? അവന്‍ വളര്‍ന്ന കുട്ടിയല്ലേ? അവനറിയാല്ലോ അവന്‍റെ സ്വന്തം അമ്മയല്ല ഞാനെന്ന്.”
“ഒക്കെ ശരിയാ. എന്നാലും എനിക്കുറപ്പുണ്ട് അവന്‍ നിന്നെ സ്നേഹിയ്ക്കാതിരിക്കില്ലാന്ന്. നിലീമേടെ അതേ സ്വഭാവമാ അവനും.”
“അമ്മേം മകനും എപ്പഴും നീലിമേടെ കാര്യം പറഞ്ഞോണ്ടിരുന്നോ .” അലീനയ്ക്കു ദേഷ്യം വന്നു.” അവരു മരിച്ചു മണ്ണടിഞ്ഞില്ലേ? ഇനി ജീവിച്ചിരിക്കുന്നവരേക്കുറിച്ചു പറ അമ്മച്ചി .”
”നിലീമ ഇങ്ങനൊന്നും സംസാരിക്കില്ലായിരുന്നു.”
“ദേ പിന്നേം നീലിമ . ഞാന്‍ അലീനയാ അമ്മേ. ജീവിച്ചിരിക്കുന്ന എന്നെക്കുറിച്ചു പറ ഇനി.”
“പറയാന്‍ കൊള്ളാവുന്ന എന്തെങ്കിലുമൊന്നു കാണിച്ചു താ. എന്നിട്ടു പറയാം ”
അതു പറഞ്ഞിട്ട് ശോശാമ്മ അടുക്കളയിലേയ്ക്കു പോയി.
അലീന പല്ലുഞെരിച്ചിട്ട് എണീറ്റ് വെളിയിലേക്കിറങ്ങി .
ആ സമയം സിറ്റൗട്ടിലെ കസേരയിൽ ദൂരേക്ക് മിഴികൾ നട്ട് ഈപ്പന്‍ ഇരിപ്പുണ്ടായിരുന്നു. അലീനയെ കണ്ടതും അയാള്‍ പറഞ്ഞു.
“സ്ക്കൂള്‍ വിട്ട് ജോസ്‌മോൻ വരുമ്പോള്‍ എന്നോടുള്ള ദേഷ്യം അവനോടു തീർത്തേക്കരുത് .”ആജ്ഞ പോലെയായിരുന്നു ആ വാക്കുകൾ .
ഒന്നും മിണ്ടാതെ മുറ്റത്തെ അയയില്‍ ഉണങ്ങാൻ വിരിച്ചിട്ടിരുന്ന തുണികള്‍ എടുത്തു മടക്കി അകത്തേയ്ക്കു കൊണ്ടുപോയി അലീന.
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു.
“നാളെ ഞാന്‍ എന്‍റെ വീടു വരെ ഒന്നു പോക്വാ.”
“ഇവിടുത്തെ വിശേഷങ്ങള് ചെന്ന് വിളമ്പാനായിരിക്കും.”
“ഒന്നും വിളമ്പാനോ പറയാനോ അല്ല . അമ്മയെയും ജാസ്മിനെയും കണ്ടിട്ട് ഒരു പാടു നാളായി.”
“പൊയ്ക്കൊ. പക്ഷെ ഒരു കണ്ടീഷന്‍. എനിക്കു കുഞ്ഞുണ്ടാവില്ലെന്ന വിവരം നമ്മള്‍ മൂന്നുപേരുമല്ലാതെ നാലാമതൊരാൾ അറിയരുത്. അറിഞ്ഞാല്‍ അന്നു തീരും നിന്റെ ജീവിതം. “
അലീന ഭയന്ന് പോയി.
അവള്‍ തിരിഞ്ഞു കിടന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധമാണ് മുറിയിലാകെ . അവള്‍ക്കു ശ്വാസം മുട്ടി. സങ്കടവും ദേഷ്യവും വന്നു. ഈപ്പന്റെ കൂര്‍ക്കം വലി കേട്ടപ്പോൾ അവൾ തലയണയില്‍ മുഖം അമർത്തി ഏങ്ങി ഏങ്ങി കരഞ്ഞു. ഒരു പെണ്ണിനും ഇങ്ങനെയൊരു ദുർഗതി വരുത്തരുതേ കർത്താവേ എന്ന് അവൾ മനസിൽ പ്രാർത്ഥിച്ചു .
പിറ്റേന്ന് അലീന വീട്ടില്‍ പോയി.
ദൂരെ നിന്ന് നടന്നു വരുന്നതു കണ്ടതേ ജാസ്മിന്‍ ഓടിച്ചെന്നു കരം പുണര്‍ന്നു.
“ചേട്ടന്‍ പോന്നില്ലേ ചേച്ചീ?”
“ഇല്ല. എങ്ങോ അത്യാവശ്യമായിട്ടു പോകണംന്നു പറഞ്ഞു. “
“ആളെങ്ങനെ? പുറമെ കാണുന്നതുപോലെയാണോ അകത്തും?”
“ഏയ് . എന്നോടെന്തു സ്നേഹമാണെന്നോ?” അലീന അമര്‍ഷം ഉള്ളിലൊതുക്കിയിട്ട് തുടർന്നു : ”സ്നേഹിച്ചു സ്നേഹിച്ച് എന്നെ തിന്നുകളയുമോന്നാ പേടി.”
“അത്രയ്ക്കും ഇഷ്ടാ?”
“ഉം…”
”ഇപ്പം വിഷമമൊക്കെ മാറിയോ ”
” ഉം ”
”എന്റെ പ്രാർത്ഥനകൊണ്ടാ ”
ചേച്ചിയുടെ കൈപിടിച്ച് വീട്ടിലേയ്ക്കു കയറുമ്പോൾ അവൾ തുടർന്നു .
“ആദ്യം കണ്ടപ്പം ആളൊരു മൂര്‍ഖനാണോന്നു ഞാൻ സംശയിച്ചു പോയി . ഇപ്പം സന്തോഷമായി “
അലീന ഒന്നും പറഞ്ഞില്ല.
വരാന്തയിലേക്ക് കയറിയപ്പോള്‍ മേരിക്കുട്ടി അകത്തുനിന്നു പുറത്തേക്ക് ഇറങ്ങി വന്നു .
“സുഖമാണോ മോളേ?” അവർ വന്നു അലീനയുടെ കരം പുണർന്നു .
“ഉം…”
അലീന മുഖത്ത് ചിരി വരുത്താൻ പാടുപെട്ടു .
“ഈപ്പച്ചനും അമ്മച്ചിക്കും നിന്നോട് സ്നേഹമാണോ?”
“എന്നെ ജീവനാ അമ്മേ “
“ഇപ്പം സമാധാനമായില്ലേ? കല്യാണത്തിനു മുമ്പ് എന്തൊരു പേടിയായിരുന്നു നിനക്ക്. രണ്ടാംകെട്ടുകാരനാന്നുള്ള ഒരു കുറവേയുള്ളൂ. ഒരു കുഞ്ഞൊക്കെയായി കഴിയുമ്പേം ആ വിഷമോം വേദനേം ഒക്കെ മാറിക്കോളും. “
അലീന ഒന്നും മിണ്ടിയില്ല .
അവളുടെ കണ്ണുകൾ നിറഞ്ഞതു മേരിക്കുട്ടി ശ്രദ്ധിച്ചുമില്ല .
അമ്മ കാണാതെ അവൾ കണ്ണുകള്‍ ഒപ്പി.
അകത്തു ചെന്ന് വേഷം മാറിയിട്ടു വന്ന് അവള്‍ മേരിക്കുട്ടിയുടെയും ജാസ്മിന്‍റെയും അടുത്തിരുന്നു കുശലം പറഞ്ഞു. അടുക്കള ജോലിയിൽ അമ്മയെ സഹായിക്കാൻ കൂടി . ജാസ്മിന്‍ ഏതുനേരവും അലീനയുടെ പിന്നാലെ ചുറ്റിപ്പറ്റി ഓരോന്നു ചോദിച്ചുകൊണ്ടു നടക്കുകയായിരുന്നു.
സന്ധ്യക്ക് വരാന്തയിലെ അരഭിത്തിയിലിരുന്നു സംസാരിക്കുന്നതിനിടയിൽ മേരിക്കുട്ടി അലീനയോട് ചോദിച്ചു.
”വിശേഷം വല്ലതുമായോ മോളെ ?”
മൂക്കറ്റം കുടിച്ചിട്ട് രാത്രി വന്നു ചത്തപോലെ കിടന്നുറങ്ങുന്നവനിൽ നിന്ന് എന്ത് വിശേഷം ഉണ്ടാകാനാണ് അമ്മേ എന്ന് ചോദിക്കണമെന്ന് ഓർത്തതാണ് അലീന . അമ്മയെ വേദനിപ്പിക്കണ്ടല്ലോന്ന് കരുതി അവൾ ഒന്നുമില്ലമ്മേ എന്ന് പറഞ്ഞിട്ട് അവിടെ നിന്ന് എണീറ്റ് പോയി . ഇനിയും അവിടെ ഇരുന്നാൽ പൊട്ടിക്കരഞ്ഞു പോയേക്കുമെന്ന് അവൾക്കു തോന്നി.
മകള്‍ക്കുവേണ്ടി മേരിക്കുട്ടി അന്ന് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.
രാത്രിയില്‍ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിയ്ക്കുമ്പോള്‍ മേരിക്കുട്ടി പറഞ്ഞു.
“ഇനി ജാസ്മിന്‍റെ കല്യാണം കൂടി ഒന്നു നടന്നു കണ്ടാല്‍ എനിക്കു സന്തോഷമായി . വൈകാതെ അതും നടത്തണം. എന്‍റെ കണ്ണടഞ്ഞാല്‍ ആരുണ്ട് ഇവളെ നോക്കാന്‍?”
“എനിക്കിപ്പം കല്യാണമൊന്നും വേണ്ട. സമയമാവുമ്പം ഞാനങ്ങുപറഞ്ഞേക്കാം.”
“അവളാരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടാകും അമ്മേ .”
അലീന പറഞ്ഞു.
“ഉണ്ടോ മോളെ?”
“ഒണ്ടൊണ്ട്. ഒരു രാജകുമാരനെ. ഏഴു കുതിരകളെ പൂട്ടിയ സ്വര്‍ണ്ണവണ്ടിയില്‍ അയാളു വരും. മാന്തോപ്പിലെ ജാസ്മിനെ എനിക്കു കെട്ടിച്ചുതരാമോ മേരിക്കുട്ടീന്നു ചോദിച്ച്.” അത് പറഞ്ഞിട്ട് അവൾ കുടുകുടെ ചിരിച്ചു.
“മനസിലാരേലും ഒണ്ടേല്‍ നേരത്തെ പറയണെ! കല്യാണം ഉറപ്പിച്ചു കഴിഞ്ഞ് ഓരോ പ്രശ്നമുണ്ടാക്കി എന്നെ നാറ്റിച്ചേക്കരുത് .”
മേരിക്കുട്ടി മുന്നറിയിപ്പു നല്‍കി.
” ഇപ്പം ആരുമില്ലമ്മേ . ഇനി ഉണ്ടായാൽ അപ്പം പറഞ്ഞേക്കാം . പോരെ ?”
”മതി. പക്ഷെ ജോലിയും കൂലിയും കുടുംബമഹിമയും ഉള്ളവനായിരിക്കണം. മതവും നമ്മുടെയായിരിക്കണം . ”
” സ്നേഹിക്കുവാണെങ്കിൽ അമ്മയ്ക്ക് ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ സ്നേഹിക്കൂ ”
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോൾ ജാസ്മിന്‍ ആലോചിച്ചു.
ടോണിയുമായുള്ള സ്നേഹബന്ധം അമ്മയോടു പറയണോ?
വേണ്ട.
സമയമാകുമ്പോള്‍ ഒരറേഞ്ച്ഡ് മാര്യേജ് പോലെ കാര്യങ്ങള്‍ നീക്കിയാല്‍ മതി. ബ്രോക്കര്‍ മുഖേന ഒരാലോചന. ടോണി മുന്‍കൈ എടുത്തു വേണ്ട രീതിയിൽ എല്ലാം ചെയ്തുകൊള്ളും .
ജാസ്മിന്‍ ഗുഢമായി ഒന്നു ചിരിച്ചു.
അവധിയ്ക്ക് ടോണി വീട്ടില്‍ വന്നപ്പോള്‍ ജാസ്മിന്‍ പറഞ്ഞു.
“എന്‍റെ കല്യാണം നടത്താന്‍ അമ്മ തിടുക്കം കൂട്ട്വാ. ടോണി അമ്മയെ ഒന്നു സോപ്പിട്ടു നിന്നോണെ. അമ്മയ്ക്ക് ടോണിയെക്കുറിച്ച് നല്ല അഭിപ്രായം തോന്നിയാലേ എന്നെ പിടിച്ചങ്ങട് തരൂ.”
“അത്രക്കു വെലകൂടിയ ചരക്കാണോ ഇത്?” – ടോണിക്ക് പിടിച്ചില്ല ആ സംസാരം .
“പിന്നെ. എത്ര ബ്രോക്കർമാരാ കല്യാണാലോചനയുമായിട്ടു ഇപ്പം വരുന്നതെന്നറിയാമോ ? “
“എന്നിട്ട്?”
“എന്നിട്ടെന്താ, വന്നവരെയൊക്കെ വന്നവഴിയേ ഞാന്‍ ഓടിച്ചു വിട്ടു. എനിക്കീ കോന്തനെ മതി .” അത് പറഞ്ഞിട്ട് എന്തോ തമാശ പറഞ്ഞ മട്ടിൽ അവൾ ചിരിച്ചു .ടോണിക്ക് പക്ഷെ ചിരി വന്നില്ല .
ടോണി അവളെ തുറിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.
“ങ്ഹ….കഴിഞ്ഞ ദിവസം നമ്മുടെ സതീഷ് മേനോന്‍ ഇയാളെക്കുറിച്ചു ചോദിച്ചിരുന്നു.”
“ഏതു സതീഷ് ?”
“ങ്ഹ….എറണാകുളത്തു വച്ചു ഞാന്‍ പരിചയപ്പെടുത്തിയില്ലേ..? അയാള്.”
ജാസ്മിന്‍ ഒന്നു നടുങ്ങി. ആ നടുക്കം ടോണി മനസിലാക്കി.
“അയാളെന്തു ചോദിച്ചു?”
“താനാളു സ്മാര്‍ട്ടാന്ന് . തന്നെ കാണാന്‍ അയാൾക്ക് കൊതിയാവുന്നൂന്ന്.”
“ഛെ! പോകാന്‍ പറ ആ തെണ്ടിയോട്. അന്നു കണ്ടതേ എനിക്കു തോന്നിയിരുന്നു അയാളു ശരിയല്ലാന്ന്. ആ നോട്ടോം വര്‍ത്തമാനോം – ഒന്നും ശരിയല്ല.”
ടോണി അതിനു മറുപടി പറയാതെ അവളെ നോക്കി വികൃതമായി ചിരിച്ചു . അതു കണ്ടപ്പോള്‍ ജാസ്മിനു അങ്കലാപ്പായി.
“എന്താ ചിരിക്കണേ?”
“അയാള് നാളെ എന്റെ വീട്ടിൽ വരും. എന്നെ കാണാന്‍.അപ്പം തന്നെക്കൂടി ഒന്ന് കാണണമെന്ന് പറഞ്ഞു . “
“എന്തിന് ?.” അവളുടെ നെഞ്ചിടിപ്പ് കൂടി .
“തന്നെ ഒരുപാട് ഇഷ്ടമാ അയാൾക്ക് . അയാൾ എന്നോട് അത് തുറന്നു പറഞ്ഞു. നമ്മൾ തമ്മിലുള്ള സ്നേഹബന്ധം അയാൾക്കറിയില്ലല്ലോ. ഞാനതൊട്ടു പറയാനും പോയില്ല ”
“അതു കേട്ടിട്ട് ടോണി ഒന്നും പറഞ്ഞില്ലേ?”
“അല്ല….അയാളു പറയ്വാ. തന്നെ ഇതിനുമുമ്പ് അയാളു കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നുമൊക്കെ. എനിക്കു മനസിലായി അതു കള്ളമാണെന്ന്. തന്നെ എവിടെവച്ച് അയാളു കാണാനാ.? അഥവാ കണ്ടിരുന്നെങ്കില്‍ താനെന്നോടു പറയാതിരിക്ക്വോ? വെറുതെ പുളുവടിക്ക്വാന്നേ”
ജാസ്മിന്‍ വിയര്‍ക്കുകയായിരുന്നു.
”ആ മനുഷ്യനൊടെനിക്കിപ്പം വെറുപ്പാ തോന്നുന്നത്! അയാളുമായി അടുക്കാന്‍ കൊള്ളില്ല ടോണി. ആ ഫ്രണ്ട്ഷിപ്പ് ടോണിക്ക് വേണ്ട . ”
“ആളു ശുദ്ധനാ. ”
“ശുദ്ധനായതുകൊണ്ടാണോ എന്നെ കാണണംന്നു പറഞ്ഞത്.?”
“അതിപ്പം കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെ ഏതൊരു യുവാവിനും കാണണംന്നാഗ്രഹമുണ്ടാകില്ലേ ?”
“എനിക്കയാളെ കാണണ്ട. എന്‍റടുത്തേയ്ക്കു കൊണ്ടുവരികേം വേണ്ട.”
“ഒന്നു കണ്ടിട്ടു പോട്ടെടോ. അയാളുടെ ആഗ്രഹമല്ലേ.”
“ടോണിയ്ക്കു വേറൊരു പണീംല്ലേ? “
ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് അവൾ അവിടെ നിന്നെണീറ്റുപോയി.
ടോണി ഉള്ളില്‍ ഗൂഢമായി ഒന്ന് ചിരിച്ചു.
അടുത്ത ദിവസം സതീഷ് വരുമ്പോള്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കണം. അയാളുടെ മുൻപിൽ വച്ച് അവളുടെ മുഖം മൂടി വലിച്ചു കീറണം. തന്‍റെ മുമ്പില്‍ പതിവൃത ചമഞ്ഞവളല്ലേ? ടോണി ഒരു വിഡ്ഢിയല്ലെന്നു അവൾ മനസ്സിലാക്കട്ടെ.അവൻ മനസിൽ ചില പദ്ധതികൾ പ്ലാൻ ചെയ്തു.
പിറ്റേന്ന് സതീഷ് ടോണിയുടെ വീട്ടില്‍ വന്നു. അവര്‍ സംസാരിച്ചിരിക്കുന്നതിനിടിയില്‍ ടോണി ജാസ്മിനു ഫോണ്‍ ചെയ്തിട്ട് അത്യാവശ്യമായി തന്‍റെ വീട്ടില്‍ വരണമെന്നു പറഞ്ഞു . സതീഷ് വന്ന കാര്യം മിണ്ടിയതേയില്ല.
പത്തു മിനിറ്റിനുള്ളില്‍ ജാസ്മിന്‍ ടോണിയുടെ വീട്ടില്‍ ഓടിക്കിതച്ചെത്തി. വരാന്തയില്‍ കയറിയപ്പോള്‍ അകത്ത് ആരുടെയോ സംസാരം കേട്ടു.
ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ടോണി സതീഷുമായി സ്വീകരണമുറിയിൽ സംസാരിച്ചിരിക്കുന്നു . അവളുടെ ഉള്ളൊന്നു കാളി .(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16