കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി. ഇടയ്ക്കിടെ അവർ കൂടിക്കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു. ക്രമേണ രേവതിക്ക് ടോണിയോട് പ്രണയം തോന്നി. യാദൃച്ഛികമായി അതറിഞ്ഞ ജാസ്മിൻ അകെ തളർന്നു .. (തുടര്‍ന്നു വായിക്കുക)
ജാസ്മിന്‍ ഒരു പ്രതിമ കണക്കെ ചലനമറ്റു നില്‍ക്കുന്നതു കണ്ടപ്പോള്‍ രേവതി ചോദിച്ചു:
“താനെന്താ അന്തം വിട്ടു കുന്തം വിഴുങ്ങിയ മാതിരി നില്‍ക്കുന്നേ? താന്‍ അയാളുടെ വീട്ടില്‍ ചെന്നു പറഞ്ഞു ഇത് കൊളവാക്കിയേക്കരുതേ .”
സമനില വീണ്ടെടുത്ത് ജാസ്മിൻ പറഞ്ഞു :
“എന്‍റെ ചേച്ചീ, ഞാനൊരു സത്യം പറയട്ടെ. അയാളു ചേച്ചിയെ പൊട്ടൻ കളിപ്പിക്കുവാ. നാട്ടിലൊരാളുമായിട്ട് അയാളുടെ കല്യാണം ഉറപ്പിച്ചിട്ട് നാളു കുറെയായി.”
“നേരോ?” രേവതി ഉത്കണ്ഠയോടെ ആരാഞ്ഞു.
” സത്യം. ചേച്ചിക്കു വേറാരേം കിട്ടിയില്ലേ കമ്പനി കൂടാന്‍? അയാള് പറ്റിക്കുവാ ചേച്ചിയെ ”
രേവതി ഒരു നിമിഷനേരം ആലോചിച്ചു നിന്നു.
”സത്യമാണോ നീ പറഞ്ഞത് ?”
”സത്യം . പഠിത്തം കഴിഞ്ഞാൽ ഉടനെ കല്യാണമാ ”
അത് പറഞ്ഞിട്ട് അവൾ വേഷം മാറാൻ പോയി . വേഷം മാറിയിട്ട് നേരേ ബാത്റൂമിലേക്കു പോയി. ബാത്റൂമില്‍ കയറി വാതിലടച്ചിട്ട് കണ്ണും മുഖവും നന്നായി കഴുകി .
രേവതി പറഞ്ഞതു സത്യമാണോ? ഒരുപാടു പ്രതീക്ഷകളും മോഹങ്ങളും സമ്മാനിച്ചിട്ട് ടോണി തന്നെ കൈ ഒഴിയുമോ? ഏയ് ഇല്ല. രേവതി നുണ പറഞ്ഞതാണ്. തന്നെ പറ്റിക്കാൻ . അങ്ങനെ വിശ്വസിക്കാനായിരുന്നു അവള്‍ക്കിഷ്ടം.
ടവ്വലെടുത്തു മുഖം തുടച്ചിട്ട് പുറത്തിറങ്ങിയപ്പോൾ മുറിയില്‍ രേവതിയും ചിഞ്ചുവും ഉണ്ടായിരുന്നില്ല.
തളര്‍ന്ന മനസ്സോടെ അവള്‍ കട്ടിലിലിൽ വന്നിരുന്നു . മനസ്സു നീറുകയാണ്.
കഴിഞ്ഞ തവണ കണ്ടപ്പോള്‍ ടോണി രേവതിയെക്കുറിച്ച് അഭിപ്രായം ചോദിച്ചത് എന്തിനാണ്? സുഹൃത്തിന് കല്യാണം ആലോചിക്കാനാണെന്നു പറഞ്ഞതു നുണയല്ലേ? തന്നെ വഞ്ചിക്കുകയായിരുന്നോ ടോണി ?
ശരീരം വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഫാനിട്ടു. കുറേനേരം ഓരോന്നാലോച്ചിരുന്നിട്ട് അവള്‍ എണീറ്റു പുസ്തകമെടുത്തു തുറന്നു. ഒന്നും വായിക്കാന്‍ പറ്റുന്നില്ല. മനസ്സു നേരേ നിന്നെങ്കിലല്ലേ തലയിലേക്ക് വല്ലതും കയറൂ. പുസ്തകം അടച്ചു വച്ചിട്ട് അവള്‍ മേശയില്‍ മുഖം ചായ്ചു കിടന്നു.
ഈ സമയം രാജിയുടെ റൂമില്‍ ചിഞ്ചുവും രേവതിയും ഊര്‍മ്മിളയും ഗൗരവമായ ചര്‍ച്ചയായിരുന്നു.
“എന്റെ ബലമായ വിശ്വാസം അവരു തമ്മില്‍ ലവ് ആണെന്നാ” – ചിഞ്ചു പറഞ്ഞു.
“ഏയ് . അങ്ങനെയായിരുന്നെങ്കില്‍ ആദ്യം കണ്ടപ്പഴേ ടോണി എന്നെ ഒഴിവാക്കില്ലായിരുന്നോ? ഫോണ്‍ വിളിക്കുമ്പം എടുക്കാതിരിക്കില്ലായിരുന്നോ?” ഒന്നു നിറുത്തിയിട്ട് രേവതി തുടര്‍ന്നു: “അവന്‍റെ കല്യാണം നിശ്ചയിച്ചൂന്ന് അവളു പറഞ്ഞത് നുണയാ. അവളുടെ മുഖം കണ്ടാലറിയാം അത് ”
“ഒരു പക്ഷേ അവള്‍ക്ക് അയാളോടു പ്രേമമായിരിക്കും. തിരിച്ചിങ്ങോട്ടില്ലായിരിക്കും. ” രാജി പറഞ്ഞു.
“അത് നേരാ . എന്തായാലും എനിക്കിപ്പം ഇതൊരു വാശിയായി. ” – രേവതി ഉറച്ച തീരുമാനത്തിലായിരുന്നു .
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ജാസ്മിന്‍റെയും രേവതിയുടെയും മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ടോണിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു ഇരുവരുടെയും മനസിൽ.
ഒരു ഫ്രണ്ട്ഷിപ്പാണെങ്കില്‍പ്പോലും രേവതിയുമായി ടോണി അടുക്കുന്നത് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല ജാസ്മിന്. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞു കിടന്ന്, ഏറെ വൈകിയാണവള്‍ ഉറങ്ങിയത്.
രേവതിയും ടോണിയും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത ഹോസ്റ്റലില്‍ പാട്ടായി. കൂട്ടുകാരികള്‍ ടോണിയുടെ പേരു പറഞ്ഞു രേവതിയെ കളിയാക്കുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍റെ നെഞ്ചുവിങ്ങി കഴച്ചു.
“രേവതി നന്ദി പറയേണ്ടത് ഇവളോടാ. ഇവളു കാരണമല്ലേ ടോണിയെ കാണാനും പരിചയപ്പെടാനും ഇട വന്നത് .”
ജാസ്മിനെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു രേവതിയെ നോക്കി ഊര്‍മ്മിള പറഞ്ഞു.
“കല്യാണം കഴിയുമ്പം ഞാനിവള്‍ക്കു ഗംഭീരമായിഒരു ട്രീറ്റു കൊടുക്കുന്നുണ്ട്.”
രേവതി അത് പറഞ്ഞപ്പോൾ ദേഹത്തു തീ കോരിയിട്ടതുപോലെ തോന്നി ജാസ്മിന്.
”ചേച്ചിയെ അയാള് പറ്റിക്കുവാ ” ജാസ്മിൻ പറഞ്ഞു.
”ഏയ് . അത്രക്കും ദുഷ്ടനൊന്നുമല്ല ടോണി. കുറെ നാളായില്ലേ ഞാൻ കാണാൻ തുടങ്ങിയിട്ട് ” രേവതി പറഞ്ഞു.
അന്നു വൈകിട്ട് ജാസ്മിന്‍ ടോണിക്കു ഫോണ്‍ ചെയ്തു. ശനിയാഴ്ച അത്യാവശ്യമായി വീട്ടില്‍ വരണമെന്നു പറഞ്ഞപ്പോള്‍ അവനുല്‍ക്കണ്ഠയായി.
“എന്താ ഇത്ര അത്യാവശ്യം?”
“വരുമ്പം പറയാം. വരാതിരിക്കരുത്. വന്നില്ലേല്‍ ഞാന്‍ പിണങ്ങും”
ടോണി എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ കാര്യം വെളിപ്പെടുത്തിയില്ല.
അന്നു രാത്രിയില്‍ അവള്‍ ഒരുപാടു ദുസ്സ്വപ്നങ്ങള്‍ കണ്ടു. പേടിപ്പെടുത്തുന്ന ഭീകര സ്വപ്നങ്ങൾ .
ശനിയാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ ടോണി എത്തിയിട്ടുണ്ടായിരുന്നു. വടക്കേപ്പറമ്പിലെ നാട്ടുമാവിന്‍റെ ചുവട്ടിലിരുന്ന്, ഇരുവരും വിശേഷങ്ങള്‍ പങ്കുവച്ചു.
“പറ, എന്തിനാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്?” ടോണിക്ക് ജിജ്ഞാസ കൂടി .
“ഞാനൊരു കാര്യം ചോദിച്ചാല്‍ ടോണി സത്യം പറയുവോ?”
“ഞാനിന്നുവരെ നിന്നോടു കള്ളം പറഞ്ഞിട്ടുണ്ടോ ?”
“അല്ല… അതല്ല…” ജാസ്മിന്‍ തപ്പിത്തടഞ്ഞു. എങ്ങനെ ചോദിക്കണമെന്ന് അവള്‍ക്കൊരു രൂപം കിട്ടിയില്ല.
“ഏതല്ല? ഇയാളെന്താ ഇങ്ങനെ കിടന്നു പരുങ്ങുന്നത്? എന്താന്ന് വച്ചാൽ ചോദിക്ക് “
“രേവതിച്ചേച്ചി ടോണിയെ കാണാന്‍ വന്നിട്ടുണ്ടോ?” അപ്രതീക്ഷിതമായ ആ ചോദ്യം ടോണിയെ കുഴക്കി . എന്തു മറുപടി പറയണമെന്ന് പെട്ടെന്ന് ഒരു രൂപം കിട്ടിയില്ല.
“വന്നിട്ടുണ്ടോന്ന്?”
“ഒരിക്കല്‍.”
“എന്തിന്?”
“എങ്ങോ പോയിട്ടു വന്നപ്പം വഴീല്‍ വച്ചു കണ്ടു. കണ്ടപ്പം സംസാരിച്ചു. അത്രേയുള്ളൂ.”
“അവളു ഫോണ്‍ ചെയ്യാറില്ലേ?”
“ചിലപ്പഴൊക്കെ. ഞാനധികം സംസാരിക്കാറില്ല. വെറുതെ നേരമ്പോക്കിന് അവൾ ഓരോന്ന് പറയും. അത്രേയുള്ളൂ ”
പ്രശ്നം നിസ്സാരവല്കരിക്കാൻ ഒരു ശ്രമം നടത്തി ടോണി.
“ടോണിക്കറിയുവോ , ഹോസ്റ്റലിലിപ്പം ഇതു പാട്ടായിരിക്ക്വാ. നിങ്ങളു തമ്മില്‍ ലവ് ആണെന്ന് ! അവള് തന്നെയാ ഇത് പറഞ്ഞു പരത്തീത്. കേട്ടപ്പം എന്റെ ചങ്കു തകർന്നു പോയി ”-ജാസ്മിന്‍റെ വാക്കുകളില്‍ സങ്കടവും രോഷവും.
“ഓഹോ. അവളങ്ങനെ പറഞ്ഞു പരത്തിയോ? ആളു കൊള്ളാല്ലോ. ഞാൻ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല ”
“അവളു വെറും ചീപ്പാ ടോണീ. ഇല്ലാത്ത ദുശ്ശീലങ്ങളൊന്നുമില്ല. കോളജിലെ മുഴുവന്‍ ആമ്പിള്ളേരുമായിട്ടു അവള് ലൈനാ. എന്തൊക്കെയാ അവിടുള്ളോരു പറയുന്നേന്നറിയാമോ?” ടോണിയുടെ മുഖത്തേക്കു മുഖം അടുപ്പിച്ചിട്ട് സ്വരം താഴ്ത്തി അവള്‍ തുടര്‍ന്നു: “അവള്‍ക്ക് എയ്ഡ്സ് ഉണ്ടെന്നുവരെയാ അവിടെ ഓരോരുത്തര് പറയുന്നത്. അത്രയ്ക്ക് ചീപ്പാ”
“എന്നിട്ടു ഞാന്‍ നിന്നോടു ചോദിച്ചപ്പം നല്ല സ്വഭാവമാണെന്നാണല്ലോ നീ പറഞ്ഞത്?” – ടോണിയുടെ നെറ്റി ചുളിഞ്ഞു.
“എന്തിനാ എന്‍റെ റൂംമേറ്റിനെക്കുറിച്ചു മോശമായി പറയുന്നേന്നോര്‍ത്തു പറഞ്ഞതാ.”
“നിന്‍റെ വാക്കു വിശ്വസിച്ച് എന്‍റെ സുഹൃത്തിന് അവളെ കല്യാണം ആലോചിച്ചിരുന്നെങ്കിൽ അവന്‍റെ ജീവിതം തുലഞ്ഞേനേല്ലോ?”
അതിനു മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല അവൾക്ക് .
“ഇങ്ങനെ എന്തുമാത്രം കള്ളം നീ എന്നോടു പറഞ്ഞിട്ടുണ്ടാവും?” – ടോണി അവളെ തുറിച്ചു നോക്കി.
“ഞാന്‍ വേറൊരു കള്ളോം പറഞ്ഞിട്ടില്ല.”
“പിഴച്ച പെണ്ണിന്‍റെ കൂടെയാണോ നീ ഇത്രകാലവും താമസിച്ചുകൊണ്ടിരുന്നത്?”
“എനിക്കെന്തു ചെയ്യാന്‍ പറ്റും? ചെന്നപ്പം കിട്ടിയത് ആ മുറിയാ. മാറ്റിത്തരാന്‍ പറഞ്ഞിട്ടു വാർഡൻ തന്നില്ല. “
“അവളുടെകൂടെക്കൂടി നീയും വല്ല ചതിയിലും വീണോ?”
“അങ്ങനെ വീഴുമെന്നു ടോണി വിചാരിക്കുന്നുണ്ടോ? ടോണി എന്നെ കൊച്ചുന്നാള്‍ മുതല്‍ അറിയുന്നതല്ലേ?”
“അവളു മയക്കുമരുന്നും മദ്യവുമൊക്കെ ഉപയോഗിക്കാറുണ്ടോ?”
“എല്ലാം ഉണ്ട്. അതിനോട് സംസാരിക്കാൻ പോലും കൊള്ളില്ല . ടോണി ഇനി അവളെ കാണാനോ ഫോണ്‍ ചെയ്യാനോ ഒന്നും പോകരുത്. അവളു വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും ചെയ്യരുത്.”
“ഇതു നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവളെ മൈന്‍ഡു ചെയ്യുകയേയില്ലായിരുന്നു.” അവളുടെ ഇരു കരങ്ങളും കൂട്ടി പിടിച്ചിട്ടു ടോണി തുടര്‍ന്നു: “താന്‍ വിചാരിക്കുന്നതുപോലുള്ള ബന്ധമൊന്നും ഞാനും അവളും തമ്മിലില്ല. ഒരു ഫ്രണ്ട് ഷിപ്പുമാത്രം .”
“എന്ത് ഷിപ്പായാലും അവളുമായിട്ടൊരടുപ്പം വേണ്ട ടോണി. “
“നിറുത്തി. ഈ നിമിഷം എല്ലാം നിറുത്തി. നീ വിഷമിക്കാതിരിക്ക്. ഞാന്‍ നിന്നെ ഉപേക്ഷിച്ചിട്ട് അവളുടെ പിറകേ പോകുവൊന്നുമില്ല.”
ജാസ്മിന്‍റെ ചുട്ടുപഴുത്ത മനസില്‍ മഴത്തുള്ളി വീണ ഒരു അനുഭൂതി തോന്നി . മാവിലകളെ തഴുകി ഒരു തണുത്ത കാറ്റു വീശിയപ്പോള്‍ ജാസ്മിന്‍ പറഞ്ഞു:
“മഴയ്ക്കുള്ള കോളാന്നു തോന്നുന്നു. നമുക്ക് പോകാം.”
” നീ പേടിക്കണ്ട ട്ടോ . ഞാൻ ഇനി അവളുമായിട്ടു ഒരു ഫ്രണ്ട് ഷിപ്പുമില്ല ”
” ഇത് കേൾക്കാനാ ഞാൻ ഓടിക്കിതച്ചു വന്നത് ” ജാസ്മിന്റെ മുഖത്ത് ഒരു മന്ദഹാസം . അവൾതുടർന്നു ”എന്നും എന്നെ വിളിക്കണം ട്ടോ ?”
”ഉം ”
ജാസ്മിനും ടോണിയും എണീറ്റ് ഇരു വഴിക്കായി പിരിഞ്ഞു.
വീട്ടിലേക്കു നടക്കുമ്പോള്‍ ടോണി മനസ്സില്‍ ഒരു തീരുമാനമെടുത്തിരുന്നു. രേവതിയുമായുള്ള സൗഹൃദം ഇനി വേണ്ട. ജാസ്മിന്‍ പാവമാണ്. അവളുടെ മനസ്സു വേദനിക്കുന്ന ഒരു പ്രവൃത്തിയും തന്നിൽ നിന്ന് ഉണ്ടാവാൻ പാടില്ല . തന്നെ മാത്രം മനസ്സില്‍ പൂജിക്കുന്ന ആ പെണ്‍കൊച്ചിന്‍റെ ഹൃദയത്തില്‍ ഒരു പോറല്‍പോലും ഏല്‍ക്കാന്‍ പാടില്ല. താന്‍ അതിന് വഴിയൊരുക്കിക്കൂടാ.
അടുത്ത ദിവസം രേവതി ഫോണ്‍ ചെയ്തപ്പോള്‍ ടോണി പറഞ്ഞു:
“ഇനി എന്നെ വിളിച്ചു ശല്യം ചെയ്യരുത്. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്.”
അതു കേട്ടതും അവളുടെ മനസ് ഒന്ന് പിടഞ്ഞു .
“ഞാനൊരു ശല്യമാണെന്ന് ടോണിക്കു തോന്നിത്തുടങ്ങിയോ?”
“നമ്മളു തമ്മില്‍ പ്രേമമാണെന്ന് ഇയാള് ഹോസ്റ്റലിലും കോളജിലുമൊക്കെ പാട്ടാക്കി, അല്ലെ ? എനിക്ക് ഇയാളോടു പ്രേമമൊന്നുമില്ലെന്ന് പണ്ടേ ഞാൻ പറഞ്ഞതല്ലേ. ? പിന്നെന്തിനാ അങ്ങനൊക്കെ പറഞ്ഞു പരത്തിയെ ?”
“ആരാ ഇതു പറഞ്ഞേ? ഓ…. ജാസായിരിക്കും അല്ലേ?”
“ആരു പറഞ്ഞാലും താന്‍ കാണിച്ചതു മോശമായിപ്പോയി. ഇയാള്‍ക്കു കുറച്ചു വിവരോം പക്വതേം ഒക്കെ ഉണ്ടെന്നാ ഞാന്‍ കരുതിയത്. ഇപ്പം മനസിലായി വെറും ചീപ്പാണെന്ന് . എനിക്കിയാളോട് സംസാരിക്കാൻ ഇഷ്ടമില്ല. ഇനി എന്നെ വിളിക്കുകയും ചെയ്യരുത് ”
പൊട്ടിത്തെറിച്ചിട്ട് ടോണി ഫോൺ കട്ട് ചെയ്തു.
രേവതി വല്ലാതെ അസ്വസ്ഥയായി. ജാസ്മിൻ തന്നെ ചതിച്ചല്ലോ ! വൃത്തികെട്ടവൾ ! ജാസ്മിനോടു കടുത്ത പക തോന്നി അവൾക്ക് .
തിങ്കളാഴ്ച ജാസ്മിന്‍ റൂമില്‍ വന്നപ്പോള്‍ ഒരു ഈറ്റപ്പുലിയെപ്പോലെ അവളുടെ നേരേ അവള്‍ ചീറി.
“ഞാനും ടോണിയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന് ഇയാള്‍ക്കെന്താ ഇത്ര കണ്ണിക്കടി?” അവളുടെ നേരേ വിരല്‍ ചൂണ്ടി രേവതി അലറി:
“ദേ ഒരു കാര്യം പറഞ്ഞേക്കാം. പൂച്ചപോലിരുന്നേച്ചു മറ്റേപ്പണി കാണിച്ചാല്‍ എന്റെ തനിസ്വഭാവം നീ കാണും. നന്ദിയില്ലാത്ത മൃഗം. നിന്നോട് സ്നേഹം കാണിച്ചത് എനിക്ക് പറ്റിയ തെറ്റ് ”
ജാസ്മിന്‍ കരഞ്ഞുപോയി.
“ഞാന്‍ ചിലപ്പം അയാളെ പ്രേമിക്കും, കല്യാണം കഴിച്ചെന്നുമിരിക്കും. ഇയാള്‍ക്കു നഷ്ടമൊന്നുമില്ലല്ലോ? നിന്‍റെ അയല്‍ക്കാരനാന്നുള്ള ബന്ധമല്ലേയുള്ളൂ, നീയും അയാളും തമ്മില്‍? പിന്നെന്തിനാ നിനക്കിത്ര കണ്ണിക്കടി ?”
രേവതിയുടെ ഉച്ചത്തിലുള്ള സംസാരംകേട്ട് അടുത്ത മുറികളിലെ താമസക്കാര്‍ അങ്ങോട്ടു വന്നു നോക്കി.
സമനിലതെറ്റിയപോലെ രേവതി ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു . വായില്‍ വന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട് രേവതി ചവിട്ടി ത്തുള്ളി ഊര്‍മ്മിളയുടെ റൂമിലേക്കു പോയി. മുറിവേറ്റ സിംഹത്തെപ്പോലെ അവള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എത്ര ശ്രമിച്ചിട്ടും രോഷം അടക്കാന്‍ കഴിയുന്നില്ല. പല്ലു ഞെരിച്ചുകൊണ്ടവള്‍ പറഞ്ഞു:
“ആ പെണ്ണിനെ നാണം കെടുത്തി തൊലി ഉരിച്ച് ഈ ഹോസ്റ്റലീന്ന് ഇറക്കിവിട്ടില്ലെങ്കില്‍ ഈ രേവതീവര്‍മ്മയുടെ പേര് പട്ടിക്കിട്ടോ “
രാജിയും ഊര്‍മ്മിളയും സ്തംഭിച്ചു നിന്നുപോയി. രേവതി ഒന്ന് തീരുമാനിച്ചാൽ .അത് നടത്തുമെന്ന് അവർക്കറിയാം.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved)
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9