തെല്ലുനേരം കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. സതീഷിന്റെ ഭാര്യ മഞ്ജുളയായിരുന്നു വാതിൽക്കൽ.
ജയദേവനെ കണ്ടതും അവർ ഹൃദ്യമായി ചിരിച്ചു.
“ബെല്ലു കേട്ടപ്പം തോന്നി നിങ്ങളായിരിക്കുമെന്ന്.”
അവർ സുമിത്രയെ നോക്കി.
ജയദേവന്റെ പിന്നിൽ ബാഗും തോളിലിട്ട് തെല്ലു സങ്കോചത്തോടെ നില്‍ക്കുകയാണവൾ .
“നാണിക്ക്വൊന്നും വേണ്ട. ആളെകണ്ടിട്ടില്ലെങ്കിലും വിശേഷങ്ങളൊക്കെ അറിയാം. അകത്തേക്ക് വാ “
മഞ്ജുളയുടെ ക്ഷണം സ്വീകരിച്ച് ജയദേവനും സുമിത്രയും അകത്തേക്കു കയറി.
വിശാലമായ സ്വീകരണമുറി എത്ര മനോഹരമായി ഒരുക്കിയിരിക്കുന്നു!
തറയില്‍ വിലകൂടിയ ഇറ്റാലിയന്‍ മാര്‍ബിള്‍. ഷോകേസില്‍ വിദേശനിര്‍മിത ഫാന്‍സി ഐറ്റംസ്!
ചുമരിനുള്ളിലെ അലങ്കാരമത്സ്യങ്ങളുടെ അക്വേറിയം ട്യൂബ് ലൈറ്റിന്‍റെ പ്രകാശത്തില്‍ തിളങ്ങുന്നു.
“ഇരിക്ക്.”
സോഫയിലേക്ക് കൈചൂണ്ടിക്കൊണ്ട് മഞ്ജുള പറഞ്ഞു.
ജയന്‍ ആദ്യം ഇരുന്നു. തൊട്ടടുത്ത് സുമിത്രയും.
“മോൻ എവിടെ ?”
ജയന്‍ ചോദിച്ചു.
“ഉറങ്ങ്വാ. ” മഞ്ജുള സുമിത്രയെ നോക്കി ചിരിച്ചുകൊണ്ട് തുടര്‍ന്നു: “ജോലി കിട്ടിക്കഴിഞ്ഞു കല്യാണം മതീന്നുള്ള നിർബന്ധത്തിലായിരുന്നു അല്ലേ ? ഇനിയിപ്പം വൈകാതെ ഞങ്ങൾക്കൊരു സദ്യ ഉണ്ണാല്ലോ. “
അമ്പട കള്ളാ, എല്ലാം പറഞ്ഞു കേൾപ്പിച്ചിരുന്നു അല്ലേ? മനസിൽ അങ്ങനെ പറഞ്ഞിട്ട് സുമിത്ര ജയദേവനെ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് മഞ്ജുള കാണാതെ ജയന്‍റെ തുടയിലൊരു നുള്ളുകൊടുത്തു.
”സതീഷ് എപ്പ വരും ? ” ജയദേവൻ ചോദിച്ചു
”കടയിൽ തിരക്കായതുകൊണ്ടു അല്പം വൈകുമെന്ന് പറഞ്ഞു ”
ഇതിനിടയിൽ കുഞ്ഞുണർന്നു കരഞ്ഞു .
” ഞാനിപ്പ വരാമേ ”
മഞ്ജുള വേഗം കിടപ്പുമുറിയിലേക്ക് പോയി.
“അതേയ്…” സുമിത്ര ജയദേവന്‍റെ നേരെ തിരിഞ്ഞു: “എന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇവിടെ വന്നു വിളമ്പീട്ടുണ്ടോ?”
“വിളമ്പാതിരിക്കാന്‍ പറ്റുമോ? അവന്‍ എന്‍റെ ബെസ്റ്റുഫ്രണ്ടാ. കോളജ് ഹോസ്റ്റലില്‍ എന്‍റെ റൂമേറ്റായിരുന്നു. ഞങ്ങളു തമ്മില്‍ പറയാത്ത രഹസ്യങ്ങളൊന്നുമില്ല.”
“ഇങ്ങനെയൊരു ഫ്രണ്ടിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ലല്ലോ.”
“പറയേണ്ട സാഹചര്യം വന്നിട്ടില്ലല്ലോ!”
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മഞ്ജുള തിരികെ ഡ്രോയിംഗ്റൂമിലേക്ക് വന്നു.
കുറേനേരം വിശേഷങ്ങൾ പറഞ്ഞിരുന്നിട്ട് മഞ്ജുള അവരെ ചായ കഴിക്കാൻ ഡൈനിങ് റൂമിലേക്ക് ക്ഷണിച്ചു .
ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു ഡൈനിങ്ങ് ടേബിളിൽ.
ജയദേവന്‍ പക്ഷേ, അധികമൊന്നും കഴിച്ചില്ല. ചായയും ബിസ്കറ്റും ഒരു കഷണം ഹല്‍വയും മാത്രം.
ചായസല്‍ക്കാരം കഴിഞ്ഞ് മഞ്ജുള സുമിത്രയെ കൂട്ടിക്കൊണ്ട് മുകളിലത്തെ നിലയിലേക്ക് പോയി. അവിടെയാണ് സുമിത്രയ്ക്ക് താമസിക്കാനുള്ള മുറി ഒരുക്കിയിരിക്കുന്നത്.
വാതില്‍ തുറന്നുകൊടുത്തിട്ട് മഞ്ജുള പറഞ്ഞു.
“വേഷം മാറിയിട്ട് ഒന്നു കുളിച്ച് ഫ്രഷാക്. യാത്രാക്ഷീണമൊക്കെ മാറട്ടെ. സോപ്പും തോര്‍ത്തുമൊക്കെ ബാത്റൂമിലുണ്ട്. പിന്നെ എന്താവശ്യമുണ്ടെങ്കിലും ചോദിയ്ക്കാൻ മടിക്കണ്ട ,കേട്ടോ ”
“ഉം.”
സുമിത്ര തലകുലുക്കി.
മഞ്ജുള പടികളിറങ്ങി താഴേക്ക് പോയി .
സുമിത്ര വന്നു കട്ടിലിൽ ഇരുന്നു കുറേനേരം. ജയനെ കാണാഞ്ഞപ്പോൾ അവൾ എണീറ്റ് പുറത്തേക്കിറങ്ങി, സ്റ്റെയർ കെയ്സിന് സമീപം വന്നു താഴേക്കു നോക്കി .
സതീഷിന്‍റെ അമ്മ ഭവാനിയുമായി സംസാരിച്ചു നില്‍ക്കുകയാണ് ജയന്‍.
“ശ്ശ്ശ്…”
സുമിത്രയുടെ വിളികേട്ട് ജയദേവന്‍ തല ഉയര്‍ത്തി മുകളിലേക്ക് നോക്കി.
”എന്റെ ബാഗും സാധങ്ങളുമെല്ലാം ആ കാറിൽ നിന്ന് ഒന്ന് എടുത്തുകൊണ്ടു വരുവോ ?”
”ങ്ഹാ ” സംസാരം നിറുത്തിയിട്ട് ജയദേവൻ പുറത്തേക്കുപോയി. കാറിൽ നിന്ന് ബാഗും സാമാനങ്ങളുമെല്ലാം എടുത്തു കൊണ്ടുവന്നു സുമിത്രയുടെ മുറിയിൽ വച്ചു .
“ജയേട്ടനും കൂടി ഇന്നിവിടെ താമസിക്കണം കേട്ടോ ?”
സുമിത്ര പറഞ്ഞു
“നിനക്കു പേടിയാകുന്നുണ്ടോ?”
“പേടിയൊന്നുമില്ല. എന്നാലും വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. നാളെ എന്നെ സ്‌കൂളിൽ കൊണ്ടാക്കീട്ടു പോയാൽ മതീട്ടോ “
“ഞാന്‍ എല്ലാം സതീഷിനെ പറഞ്ഞേല്‍പ്പിച്ചേക്കാം. അവന്‍ നിന്നെ സ്കൂളില്‍ കൊണ്ടാക്കും. അവന്റെ റെക്കമെൻഡേഷനിലാ ഈ ജോലി നിനക്കു കിട്ടീത്.”
“അത് വേണ്ട. ജയേട്ടനും കൂടി വരണം എന്റെ കൂടെ .”
“എനിക്ക് അത്യാവശ്യമായിട്ട് ഇന്ന് പോകണം. സതീഷ് നിന്നെ കൊണ്ടാക്കും . അവൻ എന്റെ ബെസ്ററ് ഫ്രണ്ടാ “
” കഷ്ടം ഒണ്ടു കേട്ടോ .”
”എന്ത് കഷ്ടം . ” ജയദേവന്‍ മുറിയിലേക്ക് നോക്കി: “ഇതാണോ നിന്‍റെ മുറി?”
“ഉം.”
“അടിപൊളിയാണല്ലോ.”
ജയന്‍ നാലുചുറ്റും നോക്കിയിട്ടു പറഞ്ഞു.
“ഇവിടൊരു ബുദ്ധിമുട്ടും നിനക്ക് ഉണ്ടാകില്ല. സ്വന്തം വീട്ടില്‍ താമസിക്കുന്നപോലെ കഴിയാം.”
സുമിത്രയുടെ മുഖം പ്രസാദിച്ചില്ല. ജയന്‍ പറഞ്ഞു:
“ഇവിടാ താമസിക്കുന്നതെന്ന് തല്‍ക്കാലം അമ്മയോട് പറയേണ്ട, ട്ടോ . ഫോണ്‍ ചെയ്യുമ്പം ഹോസ്റ്റലിലാന്നു പറഞ്ഞാ മതി. ഇല്ലെങ്കിൽ അമ്മക്ക് ചിലപ്പം വിഷമമാകും “
“എന്തോ… എനിക്കൊട്ടും സന്തോഷം തോന്നുന്നില്ല. ഹോസ്റ്റലില്‍ താമസിച്ചാ മതിയായിരുന്നു.”
“ഈ വിഷമോം പ്രയാസോം ഒക്കെ രണ്ടുദിവസം കഴിയുമ്പം അങ്ങു മാറൂന്നേ.”
“എന്നാലും…”
“എന്ത് എന്നാലും?”
ജയദേവന്‍ അടുത്തുചെന്ന് അവളെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു. എന്നിട്ട് ആ കവിളില്‍ സ്നേഹമധുരമായ ഒരു ചുംബനം നല്‍കി. ” പോകുന്നതിനുമുമ്പ് ഇരിക്കട്ടെ എന്റെ വക ഒരു സ്നേഹസമ്മാനം ”
ഒരു കൊച്ചുകുട്ടിയെപ്പോലെ നിശബ്ദയായി, നിശ്ചലയായി നിന്നതേയുള്ളൂ സുമിത്ര. ജയന് അത്ഭുതം തോന്നി. അവള്‍ ദേഷ്യപ്പെടുമെന്നായിരുന്നു വിചാരിച്ചത്. ചുംബനത്തിന്‍റെ മാധുര്യം അവള്‍ ശരിക്കും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.
വാച്ചില്‍ നോക്കിയിട്ടു ജയദേവന്‍ പറഞ്ഞു:
“നേരം ഒരുപാടായി. ഞാന്‍ പോട്ടെ ?.”
സുമിത്ര അനുവാദം നല്‍കിയില്ല.
പോകേണ്ടെന്ന് അവളുടെ കണ്ണുകള്‍ യാചിക്കുകയായിരുന്നു.
“രണ്ടാഴ്ച കഴിഞ്ഞ് ഞാനിങ്ങോടിയെത്തെൂല്ലേ മോളേ.”
സുമിത്രയുടെ കവിളില്‍ സ്നേഹത്തോടെ ഒന്നു നുള്ളിയിട്ട് ജയദേവന്‍ തിരിഞ്ഞുനടന്നു.
സ്റ്റെയര്‍കെയ്സിറങ്ങി അയാള്‍ താഴേക്കു നടക്കുമ്പോള്‍ സുമിത്രയും പിന്നാലെയുണ്ടായിരുന്നു.
സതീഷിന്‍റെ അമ്മ ഭവാനിയോടും മഞ്ജുളയോടും യാത്രപറഞ്ഞിട്ട് ജയദേവന്‍ വെളിയിലേക്കിറങ്ങി.
കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ടുചെയ്തിട്ട് തല വെളിയിലേക്കിട്ട് അയാള്‍ സുമിത്രയെ കൈകാട്ടി അടുത്തേക്ക് ക്ഷണിച്ചു.
സുമിത്ര ഓടി അടുത്തുചെന്നു.
“കണ്ണീരൊലിപ്പിച്ച് ഇവിടെ ഒരു സീനുണ്ടാക്കരുത്. സതിക്കും മഞ്ജുവിനും അതു വിഷമമാകും.”
ഇല്ല എന്ന അര്‍ഥത്തില്‍ അവള്‍ തലയാട്ടി.
കാറു മുമ്പോട്ടുനീങ്ങിയതും കൈവീശി അവള്‍ യാത്രാ മംഗളം നേര്‍ന്നു.
കാറു കണ്ണില്‍നിന്നു മറയുന്നതുവരെ അവൾ മുറ്റത്തു തന്നെ നിന്നു.
പിന്നെ, ഒന്ന് നെടുവീര്‍പ്പിട്ടിട്ട് തിരിഞ്ഞു സിറ്റൗട്ടിലേക്ക് കയറി.
ഡ്രോയിംഗ് റൂമിന്‍റെ വാതില്‍ക്കല്‍ കുഞ്ഞിനെ മാറോടു ചേര്‍ത്തു മഞ്ജുള നില്‍പ്പുണ്ടായിരുന്നു ആ സമയം .
“വിഷമമായോ?”
മഞ്ജുള ചോദിച്ചു.
“ഏയ്.”
മുഖത്തു ചിരിവരുത്തി അവൾ . എന്നിട്ട് കുഞ്ഞിന്‍റെ നേരെ നോക്കി.
“എന്താ മോന്‍റെ പേര്?”
“ശരിക്കൊള്ള പേര് അഭിജിത്തെന്നാ . ഞാന്‍ അഭിക്കുട്ടാന്നു വിളിക്കും. സതിയേട്ടൻ കണ്ണാന്നും “
മഞ്ജുള ചിരിച്ചുകൊണ്ട് പറഞ്ഞു.
സുമിത്ര രണ്ടു കൈയും നീട്ടിയിട്ടു കുഞ്ഞിന്‍റെ മുഖത്തേക്കു നോക്കി വിളിച്ചു: “ചക്കരമുത്തിങ്ങു വന്നേ.”
സുമിത്രയെ നോക്കി ചിരിച്ചിട്ട് രണ്ടു കൈയും നീട്ടി അവന്‍ അവളുടെ കൈകളിലേക്ക് കുതിച്ചു.
സുമിത്ര അവനെ വാരിയെടുത്തു കവിളില്‍ ഒരു മുത്തം നല്‍കി.
“അതിശയമായിരിക്കുന്നു. ഇവന്‍ ആരുടേം കൂടെ അങ്ങനെ പോകാറുള്ളതല്ല.”
മഞ്ജുള അത്ഭുതപ്പെട്ടു.
“നമ്മളു തമ്മില്‍ പണ്ടേ ഫ്രണ്ട്സായിരുന്നു. അല്ലേടാ കണ്ണാ …”
അഭികുട്ടനെയും തോളത്തിട്ട് സുമിത്ര വെളിയിലേക്കിറങ്ങി കുറച്ചുനേരം ഉദ്യാനത്തിലൂടെ നടന്നു.
പുറത്ത് ഇരുട്ടുവീണപ്പോള്‍ തിരികെ മുറിയിലേക്ക് കയറി.
കുഞ്ഞിനെ മഞ്ജുളയുടെ കൈയില്‍ കൊടുത്തിട്ട് അവള്‍ പടികൾ കയറി മുകളിലേക്ക് പോയി.
മുറിയില്‍ കയറി വാതില്‍ ചാരിയിട്ട് അവൾ അമ്മക്ക് ഫോൺ ചെയ്തു. പിന്നെ ബാഗുതുറന്ന് സാധനങ്ങളെല്ലാം എടുത്ത് അലമാരയില്‍ അടുക്കിവച്ചു. പിന്നെ കുറച്ചുനേരം പുസ്തകം വായിച്ചിരുന്നു.
മനസു നേരെ നില്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ പുസ്തകം മടക്കി വച്ചിട്ട് അവള്‍ എണീറ്റു.
മുറിയോട് ചേര്‍ന്ന് ഒരു ബാല്‍ക്കണിയുണ്ട്. അവിടെ നിന്നാല്‍ പുറത്തെ കാഴ്ചകള്‍ കാണാം.
അവൾ ബാല്‍ക്കണിയിലേക്കിറങ്ങി വെറുതെ താഴേക്കു നോക്കി നിന്നു.
പുറത്ത് ഇരുട്ട് വീണിരുന്നു!
സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ റോഡും അതിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളും കാണാം . നോക്കി നിൽക്കാൻ നല്ല രസം .
റോഡിനെതിര്‍വശത്തുള്ള വീട്ടില്‍ നിന്ന് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടതും അവളുടെ കണ്ണുകള്‍ അങ്ങോട്ടുനീണ്ടു.
കുഞ്ഞിനെ തോളത്തിട്ടു കൊണ്ട് ഒരു സ്ത്രീ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. കുഞ്ഞുകിടന്നു കരയുകയാണ്.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുഞ്ഞുറങ്ങി. സ്ത്രീ അകത്തേക്കു കയറിപ്പോയി.
സുമിത്ര തിരികെ മുറിയിലേക്ക് കയറി വാതിലടച്ചു. എന്നിട്ടവൾ കസേരയിൽ വന്നിരുന്ന് സ്കൂളിനെക്കുറിച്ചോര്‍ത്തു.
നല്ല സ്കൂളായിരിക്കുമോ? കന്യാസ്ത്രീകള്‍ നടത്തുന്നതല്ലേ. മോശമായിരിക്കാന്‍ വഴിയില്ല.
നന്നായിട്ടു പഠിപ്പിക്കണം! പഠിപ്പിച്ച് നല്ല ടീച്ചറെന്ന പേരെടുക്കണം. എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റണം .
അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ പുറത്ത് മഞ്ജുളയുടെ വിളിയൊച്ച.
” സുമിത്രേ.”
സുമിത്ര ചെന്നു വാതില്‍ തുറന്നു.
“ബോറടിക്കുന്നുണ്ടെങ്കില്‍ താഴേയ്ക്കുവാ. ടീവീല്‍ സിനിമയുണ്ട്.”
മഞ്ജുള പറഞ്ഞു.
“ഞാനങ്ങോട്ട് വരാന്‍ തുടങ്ങ്വായിരുന്നു.”
വാതിലടച്ചിട്ട് സുമിത്ര മഞ്ജുളയുടെ പിന്നാലെ താഴേക്കു നടന്നു.
“ടീച്ചിംഗ് വല്യ ഇഷ്ടാണല്ലേ?” പടികളിറങ്ങുന്നതിനിടയിൽ മഞ്ജുള ചോദിച്ചു.
“അതെ ചേച്ചീ. കൊച്ചുനാള്‍ മുതലുള്ള എന്‍റെ ആഗ്രഹമാ ഒരു ടീച്ചറാകുകാന്നുള്ളത്. ദൈവാനുഗ്രഹം കൊണ്ടതു സാധിച്ചു.”
“ഒരുപാട് ആപ്ലിക്കന്‍റ്സുണ്ടായിരുന്നു. സതിയേട്ടന്‍ സ്ട്രോങ്ങായി പിടിച്ചതുകൊണ്ടു കിട്ടീതാ.”
മഞ്ജുള പറഞ്ഞു.
“എനിക്കറിയാം… ജയേട്ടന്‍ എല്ലാം എന്നോട് പറഞ്ഞിരുന്നു. വെരിവെരി താങ്ക്സ് ട്ടോ…”
സ്റ്റെയര്‍കെയ്സിറങ്ങി അവർ ഡ്രോയിംഗ് റൂമില്‍ എത്തി.
അഭികുട്ടൻ ഡ്രോയിംഗ് റൂമില്‍ കളിപ്പാട്ടങ്ങളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സുമിത്ര ഓടിച്ചെന്ന് അവനെ വാരിയെടുത്തു.
“അവന്റെ മേലുമുഴുവന്‍ അഴുക്കാ.”
മഞ്ജുള പറഞ്ഞു
“സാരംല്യ. അല്ലേടാ കുട്ടാ.”
അവന്റെ കുഞ്ഞിക്കവിളില്‍ ഒരു മുത്തം നല്‍കിയിട്ടു സുമിത്ര തുടര്‍ന്നു:
“ഞങ്ങളു വെളിയിലൊന്നു കറങ്ങിയിട്ടു വരാം; അല്ലേടാ ചക്കരേ.”
അഭിക്കുട്ടനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് സുമിത്ര വെളിയിലേക്കിറങ്ങി.
അവനോട് ഓരോരോ തമാശകള്‍ പറഞ്ഞ്, കളിച്ചും ചിരിച്ചും മുറ്റത്ത് നില്‍ക്കുമ്പോള്‍ ഗേറ്റുകടന്ന് ഒരു കാര്‍ വരുന്നു!
കാറിന്‍റെ വെളിച്ചം കണ്ടതും അഭിക്കുട്ടനെ എടുത്തുകൊണ്ട് സുമിത്ര അകത്തേക്കോടി.
മഞ്ജുളയും ഭവാനിയും അടുക്കളയിലായിരുന്നു.
“ആരോ വരുന്നുണ്ട്.”
“സതിയേട്ടനായിരിക്കും.”
മഞ്ജുള ജോലി നിറുത്തി ടര്‍ക്കി ടവ്വലെടുത്തു കൈ തുടച്ചിട്ടു വേഗം ഡ്രോയിംഗ് റൂമിലേക്ക് ചെന്നു.
പ്രതീക്ഷ തെറ്റിയില്ല.
കൈയില്‍ ഒരു ബാഗുമായി സതീഷ് മുറിയിലേക്ക് കയറി വരുന്നു.
“ജയൻ പോയി അല്ലേ?”
സതീഷ് ചോദിച്ചു.
“ഉം. ഞാനൊരുപാടു നിര്‍ബന്ധിച്ചതാ സതിയേട്ടൻ വന്നിട്ടു പോകാന്ന് “
“അവന്‍ എന്നെ വിളിച്ചിരുന്നു.”
മഞ്ജുള വന്ന് സതീഷിന്‍റെ കൈയില്‍നിന്ന് ബാഗ് വാങ്ങി മുറിയിൽ കൊണ്ടുപോയി വച്ചു .
“എവിടെ അവന്‍റെ പെണ്ണ്? ഞാനിതുവരെ കണ്ടിട്ടില്ല ആളെ ” സതീഷ് പറഞ്ഞു
“കിച്ചണിലുണ്ട്.”
സതീഷ് നേരെ കിച്ചണിലേക്ക് നടന്നു.
പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ ഭവാനിയുടെ സമീപം അടുക്കള സ്ലാബില്‍ ചാരി നില്‍ക്കുകയായിരുന്നു സുമിത്ര. അവളുടെ തോളത്തായിരുന്നു അഭിക്കുട്ടൻ .
“ങ്ഹാഹാ… വന്നതേ മോനുമായിട്ടു ചങ്ങാത്തം കൂടിയോ?”
സുമിത്ര ചിരിച്ചതേയുള്ളൂ.
“സുമിത്ര കൈനീട്ടീതേ അവന്‍ ചാടിച്ചെന്നു.” മഞ്ജുള പറഞ്ഞു.
“വിഷമമൊക്കെ മാറിയോ? വല്ലാത്ത വീര്‍പ്പുമുട്ടലാന്ന് മൊബൈലില്‍ വിളിച്ചപ്പം അവന്‍ എന്നോട് പറഞ്ഞു.”
ലജ്ജപുരണ്ട പുഞ്ചിരിയായിരുന്നു അതിനു മറുപടി.
“വിഷമിക്കാനൊന്നുമില്ല. സ്വന്തം വീടുപോലെ കരുതിയാ മതി. ഞാനും ജയനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചവന്‍ പറഞ്ഞിട്ടില്ലേ?”
“ഉം…”
“എന്താവശ്യമുണ്ടെങ്കിലും ഞങ്ങളോട് പറഞ്ഞാ മതി കേട്ടോ?”
അതു പറഞ്ഞിട്ട് സതീഷ് വേഷം മാറാനായി കിടപ്പുമുറിയിലേക്ക് പോയി.
ടൗണില്‍ ബിസിനസാണ് സതീഷിന്. ഒരു തുണിക്കടയും ഹാർഡ്‌വെയർ ഷോപ്പും.
വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമേ ആയുള്ളൂ. അഭിജിത്തിനിപ്പോൾ വയസ് രണ്ട്.
സുമിത്ര ഓര്‍ത്തു.
ജയേട്ടനെപ്പോലെ സ്നേഹസമ്പന്നനാണ് സതീഷും. മഞ്ജുളചേച്ചിക്കു യോജിച്ച ഭര്‍ത്താവുതന്നെ!
സതീഷ് വേഷം മാറി, കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും അത്താഴം റെഡി.
ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു അത്താഴത്തിന്.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
സതീഷ് ഒരുപാട് കാര്യങ്ങള്‍ അവളോട് ചോദിച്ചു. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമെല്ലാം.
ഇടയ്ക്കു തമാശയും കളിയാക്കലും.
ഭക്ഷണം കഴിഞ്ഞ് എണീറ്റ് കൈകഴുകിയപ്പോഴാണ് സുമിത്രയുടെ ശ്വാസം നേരെ വീണത്.
ഉറങ്ങാൻ നേരമായപ്പോൾ എല്ലാവരോടും ഗുഡ്നൈറ്റ് പറഞ്ഞിട്ട് അവള്‍ മുകളിലേക്ക് പോയി.
മുറിയില്‍ കയറി വാതിലടച്ചിട്ട് അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.
ലൈറ്റ് ഓഫ് ചെയ്തിട്ട് വെറുതെ കണ്ണടച്ചു കിടന്നു.
ഉറങ്ങാൻ കഴിയുന്നില്ല.
വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെയുള്ള ഓർമ്മകളാണ് മനസുനിറയെ.
അമ്മ ഇപ്പോള്‍ ഉറങ്ങിക്കാണുമോ? ഉറങ്ങാന്‍ വഴിയില്ല. തന്നെക്കുറിച്ചോര്‍ത്തു വേവലാതിപ്പെട്ടു കിടക്കുകയാവും.
അജിത്മോന്‍ എട്ടുമണിക്കേ ഉറക്കം പിടിച്ചുകാണും. അവന്‍ അങ്ങനെയാണല്ലോ പതിവ്.
സുമിത്ര ഒന്നു തിരിഞ്ഞുകിടന്നു.
ഓരോന്നോര്‍ത്തു കിടന്ന് എപ്പോഴോ മയങ്ങി.
പാതിരാത്രിയില്‍ ആരുടെയോ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്.
ഏതോ സ്ത്രീയുടെ ദീനരോദനം?
എന്നെ കൊല്ലല്ലേ ചേട്ടാ എന്നുപറഞ്ഞ് ഒരു സ്ത്രീ നിലവിളിക്കുന്നു.
മുറ്റത്തു നിന്നാണോ ആ കരച്ചില്‍? മഞ്ജുളചേച്ചിയുടെ നിലവിളിയല്ലേ അത്?
സുമിത്ര വല്ലാതെ ഭയന്നുപോയി.
ഈശ്വരാ… ഈ മുറിയില്‍ താന്‍ ഒറ്റയ്ക്ക്! ലൈറ്റിടാന്‍പോലും പേടിയാകുന്നു.
ആരാണ് മഞ്ജുളയെ കൊല്ലാന്‍ ശ്രമിക്കുന്നത്?
സതീഷാണോ?
ഭയംകൊണ്ട് അവളുടെ ശരീരം കിലുകിലെ വിറച്ചു.
അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒച്ച നിലച്ചു.
അവർ മരിച്ചുകാണുമോ?
ശ്വാസം വിടാന്‍പോലും കഴിയാതെ സുമിത്ര കട്ടിലിൽ പകച്ചിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ പുറത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം!
ആരോ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് വരികയാണ്.
ദൈവമേ… തന്റെ മുറിയിലേക്കാണോ ആ മനുഷ്യന്‍റെ വരവ്?
വാതിലില്‍ ആരോ മുട്ടുന്നു…
സുമിത്ര കിലുകിലെ വിറച്ചു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2














































