ഗേറ്റുകടന്ന് ജാസ്മിന്‍ മുറ്റത്തേക്കും അവിടെ നിന്ന് സിറ്റൗട്ടിലേക്കും കയറി.
ഡോര്‍ബെല്ലില്‍ വിരലമര്‍ത്തി കാത്തു നിന്നപ്പോൾ വാതില്‍ തുറന്നതു ഈപ്പന്റെ അമ്മ ശോശാമ്മ!
അപ്രതീക്ഷിതമായി ജാസ്മിനെ കണ്ടതും അവര്‍ ഒന്നു പരുങ്ങി. അതു മറച്ചുവയ്ക്കാൻ വിഫലമായ ഒരു ശ്രമം നടത്തിയിട്ട് മുഖത്ത് ചിരി വരുത്തി .
“മോളായിരുന്നോ? ഞാന്‍ വിചാരിച്ചു കറണ്ടിന്‍റെ റീഡിംഗ് എടുക്കാൻ വന്ന ആളായിരിക്കുമെന്ന്. കേറി വാ.”
ജാസ്മിന്‍ അകത്തേയ്ക്കു കയറി. അവളുടെ കണ്ണുകള്‍ നാലുപാടും പരതി.
”ചേച്ചി എവിടെ?” അകത്തുകയറിയ ഉടനെ അവൾ ചോദിച്ചു .
“മോളു തനിച്ചേ വന്നുള്ളോ?”
ജാസ്മിന്റെ ചോദ്യത്തിന് ഒരു മറുചോദ്യമായിരുന്നു മറുപടി .
“ഉം”
“എന്താ പെട്ടെന്ന്?”
“ചേച്ചിയെ ഒന്നു കാണണമെന്നു തോന്നി. ചേച്ചി എവിടെ?”
“അവളൊരു ബന്ധുവീട്ടില്‍ പോയിരിക്ക്വാ. രണ്ടു ദിവസം കഴിഞ്ഞേ വരൂ.”
ശോശാമ്മയുടെ മുഖത്തെ വെപ്രാളം ജാസ്മിന്‍ ശ്രദ്ധിച്ചു. പറയുന്നതു കള്ളമാണെന്നു മുഖം കണ്ടാലറിയാം.
“എവിടെ? ഏതു വീട്ടില്‍…?”
ജാസ്മിന്‍ നെറ്റി ചുളിച്ചു.
“ഈപ്പന്‍റെ വകേല് ഒരമ്മാവന്‍റെ….”
ശോശാമ്മ തപ്പിത്തടയുന്നതു കണ്ടപ്പോള്‍ ജാസ്മിനുറപ്പായി, പറയുന്നതു മുഴുവൻ പച്ചക്കള്ളമാണെന്ന് .
” മോളിരിക്ക് . ഞാൻ കുടിക്കാൻ നാരങ്ങാവെള്ളം എടുക്കാം ”
കൂടുതല്‍ ചോദ്യങ്ങള്‍ക്കവസരം കൊടുക്കാതെ ശോശാമ്മ പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു. നാരങ്ങാവെള്ളം എടുത്തുകൊണ്ടു വന്നപ്പോൾ സ്വീകരണമുറിയിലെ സെറ്റിയിൽ താടിക്കു കയ്യും കൊടുത്ത് ഇരിക്കുകയായിരുന്നു ജാസ്മിൻ .
”ചേച്ചി പോയ അമ്മാവന്റെ വീട് എവിടെയാ ?” നാരങ്ങാവെള്ളം വാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു
” അതങ്ങു ദൂരെയാ… കണ്ണൂര് ”
മുഖത്ത് നോക്കി കല്ല് വച്ച നുണ പറയുന്നത് കേട്ടപ്പോൾ അവൾക്കു ദേഷ്യവും സങ്കടവും വന്നു.
”അമ്മേടെ മുഖം കണ്ടാലറിയാം പറയുന്നത് നുണയാണെന്ന് .ചേച്ചിക്കെന്താ പറ്റീതെന്നു സത്യം പറ?”
ജാസ്മിന്‍റെ സ്വരം കനത്തു.
ശോശാമ്മ ഒരു നിമിഷം ആലോചിച്ചു നിന്നു.
എല്ലാം തുറന്നു പറയുന്നതല്ലേ നല്ലത്? ഇവള്‍ എല്ലാം അറിഞ്ഞിട്ടാണു വന്നതെന്നു തോന്നുന്നു.
“ചേച്ചിയെ നിങ്ങളെന്തു ചെയ്തുന്നു പറ ?”
ജാസ്മിന്‍റെ ശ്വാസഗതി വർദ്ധിക്കുന്നത് ശോശാമ്മ കണ്ടു.
“മോളു വാ…”
ജാസ്മിനെ കൂട്ടിക്കൊണ്ടു ശോശാമ്മ മുകളിലത്തെ നിലയിലേയ്ക്കു പോയി.
ഒന്നാം നിലയിൽ , കിഴക്കുവശത്തുള്ള കിടപ്പു മുറി വെളിയില്‍ നിന്നു ഓടാമ്പലിട്ടിരിക്കുകയായിരുന്നു.
ഓടാമ്പലെടുക്കുന്നതിനു മുൻപ്, തിരിഞ്ഞു അപേക്ഷാഭാവത്തില്‍ ജാസ്മിനെ നോക്കി ശോശാമ്മ പറഞ്ഞു.
“മോള് ഒച്ച വച്ച് പ്രശ്നം ഉണ്ടാക്കരുത് .”
അതു കേട്ടതും ജാസ്മിന്റെ ഉല്‍കണ്ഠ വര്‍ദ്ധിച്ചു.
ശോശാമ്മ മെല്ലെ വാതിലിന്റെ ഓടാമ്പൽ എടുത്തു . എന്നിട്ട് സാവധാനം വാതിൽ തുറന്നു.
നെഞ്ചിടിപ്പോടെ ജാസ്മിന്‍ മുറിയിലേയ്ക്കു നോക്കി.
മുറിയുടെ ഒരു കോണില്‍ പേടിച്ചരണ്ട മുഖഭാവത്തോടെ അലീന കൂനിക്കൂടി ഇരിയ്ക്കുന്നു. അഴിഞ്ഞുലഞ്ഞമുടി പാറിപ്പറന്നു കിടക്കുന്നു. മുഷിഞ്ഞ ഹൗസ്കോട്ടായിരുന്നു വേഷം!
തൊട്ടടുത്ത് പാത്രത്തിൽ കഞ്ഞിയും പയറും ഇരിപ്പുണ്ട് . പ്രഭാത ഭക്ഷണത്തിന്റെ അവശിഷ്ടമാണെന്നു കണ്ടാലറിയാം .
ജാസ്മിന്‍ തിരിഞ്ഞു ചോദ്യഭാവത്തിൽ ശോശാമ്മയെ നോക്കി. ശോശാമ്മ പറഞ്ഞു.
“രണ്ടാഴ്ച മുമ്പ് അവളുടെ മാനസിക നില തകരാറിലായി. എപ്പഴും ചിരീം വര്‍ത്തമാനോം ഒക്കെയായിരുന്നു. പരസ്പരബന്ധമില്ലാതെ ഓരോന്നു പറഞ്ഞോണ്ടിരിക്കും. ആശുപത്രീല്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. പാരമ്പര്യമായിട്ടുണ്ടായതാന്നാ ഡോക്ടറു പറഞ്ഞത്. കല്യാണത്തിനു മുന്‍പും ഉണ്ടായിട്ടുണ്ടല്ലോ. ഗുളിക കൊടുക്കുന്നുണ്ട്. .”
ശോശാമ്മയുടെ കരണത്തൊന്നു പൊട്ടിക്കാനാണു അവൾക്കു തോന്നിയത്! പാരമ്പര്യമായിട്ടുണ്ടായതാണുപോലും! മാനസികമായി പീഢിപ്പിച്ചു ഭ്രാന്തുപിടിപ്പിച്ചിട്ടു പാരമ്പര്യത്തിന്‍റെ പേരു പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിയ്ക്കയാണ് ഈ ദുഷ്ട.
“ചേച്ചീ….”
ആര്‍ദ്രമായ ആ വിളിയൊച്ച അലീനയുടെ കാതില്‍ തട്ടിയെങ്കിലും അവള്‍ പ്രതികരിച്ചില്ല.
പേടിച്ചരണ്ട് , ഏതോ ഭീകരജീവിയെ കാണുന്നതുപോലെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുകയായിരുന്നു അവള്‍. ജാസ്മിന്‍ മെല്ലെ അവളുടെ അടുത്തേയ്ക്കു നടന്നു ചെന്നു .
അലീന ഭയന്ന്, നിരങ്ങി നിരങ്ങി പിന്നോട്ടു മാറി. അവളുടെ ശരീരം കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു .
ജാസ്മിന്‍റെ കൈത്തലം അവളുടെ ദേഹത്ത് സ്പര്‍ശിച്ചതും പൊള്ളലേറ്റപോലെ അവള്‍ ഒന്ന് പിടഞ്ഞു.
“എന്നെ മനസിലായില്ലേ ചേച്ചീ…? ഞാന്‍ ജാസ്മിനാ…”
കണ്ണുതുറിച്ച്, ഒന്നും മിണ്ടാതെ നോക്കിയിരുന്നതേയുള്ളൂ അവൾ.
ജാസ്മിന്‍ എന്തൊക്കെ ചോദിച്ചിട്ടും അവള്‍ ഒരക്ഷരം മിണ്ടിയില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജാസ്മിൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയത്.
മുറി അടച്ചു ഓടാമ്പലിടുന്നതിനിടയിൽ ശോശാമ്മ പറഞ്ഞു
“രണ്ടു മൂന്നു മാസത്തെ ചികിത്സ കൊണ്ടേ ഭേദമാകൂന്നാ ഡോക്ടര്‍ പറഞ്ഞത്.”
“ഇങ്ങനെ മുറിയ്ക്കകത്തു പൂട്ടിയിട്ടാല്‍ എങ്ങനെ ഭേദമാകുമെന്നാ ?”
കരച്ചിലിനിടയിൽ അവൾ ചോദിച്ചു.
“ഭ്രാന്തു പിടിച്ചവരെ പിന്നെ എന്നാ ചെയ്യണം? ചുമന്നോണ്ട് നടക്കണോ ?”
”ഏതെങ്കിലും നല്ല ആശുപത്രിയിലാക്കണം ” ജാസ്മിന്റെ സ്വരം കനത്തു .
” വട്ടു പിടിച്ച ഒരു പെണ്ണിനെ എന്റെ മോന്റെ തലേൽ കെട്ടി ഏല്പിച്ചിട്ട് ഇപ്പം എന്നോട് ദേഷ്യപ്പെടുന്നോ? എന്റെ മോൻ അനുഭവിക്കുന്ന വേദന നീയെന്താ മനസിലാക്കാത്തെ ? നാണക്കേടുകൊണ്ട് അവനിപ്പം പുറത്തിറങ്ങി നടക്കാൻ മേലെന്നായി ”
ശോശാമ്മയ്ക്കും ദേഷ്യം വന്നു.
” അമ്മ ഒരു കാര്യം ചെയ്യ് . ഈപ്പൻ ചേട്ടനെ വിളിച്ചു പറ ആശുപത്രിയിലാക്കാൻ . സഹായത്തിനു ഞാൻ കൂടെ നിന്നോളാം. നിങ്ങൾക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കില്ല ”
”എന്റെ കൊച്ചേ ആശുപത്രിയിലാക്കേണ്ട ആവശ്യമില്ലെന്നാ ഡോക്ടർ പറഞ്ഞത് ”
”ഇങ്ങനെ കിടന്നാൽ ചേച്ചി മരിച്ചുപോകും അമ്മേ”
”മരിച്ചാൽ അങ്ങ് മരിക്കട്ടെന്ന് വയ്ക്കണം . കുട്ടികളൊന്നും ഇല്ലാത്തതുകൊണ്ട് ആർക്കും നഷ്ടമൊന്നുമില്ലല്ലോ ”
അതുകേട്ടപ്പോൾ ആ മുഖത്തേക്ക് കാർക്കിച്ചു തുപ്പനാണ് അവൾക്കു തോന്നിയത് . ഇങ്ങനെ പറയാൻ ഒരമ്മക്ക് എങ്ങനെ കഴിയുന്നു ?
ശോശാമ്മയുടെ പിന്നാലെ പടികള്‍ ഇറങ്ങി അവൾ താഴേക്കു വന്നു . ശോശാമ്മ നേരെ അടുക്കളയിലേക്കു പോയി.
സ്വീകരണമുറിയില്‍ നിന്നിട്ട് ജാസ്മിൻ ആലോചിച്ചു. എന്തു ചെയ്യണം ഇനി ? ചേച്ചിയെ ഈ സ്ഥിതിയിലിട്ടിട്ട് മടങ്ങിപ്പോകാന്‍ മനസനുവദിക്കുന്നില്ല. ഒരുപാട് ക്ഷീണിച്ചു പോയിരിക്കുന്നു ചേച്ചി . ശരിക്കു ഭക്ഷണം പോലും കഴിക്കുന്നുണ്ടാവില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ഉറപ്പായിട്ടും ചേച്ചി മരിച്ചുപോകും.
ആലോചിച്ചിരുന്നപ്പോള്‍ അവള്‍ക്കു തോന്നി കുര്യാക്കോസ് അങ്കിളിനെ പോയി കണ്ടു സഹായം ചോദിച്ചാലോ എന്ന് . അങ്കിളാണല്ലോ ഈ ആലോചന കൊണ്ടുവന്നതും കല്യാണം നടത്തിത്തന്നതും.
ആരോടും യാത്ര ചോദിക്കാതെ, അവള്‍ വേഗം പുറത്തേക്കിറങ്ങി റോഡിലേക്കു നടന്നു.
കുര്യാക്കോസിന്‍റെ നാട്ടിലേക്കുള്ള ബസിലിരിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു. അങ്കിളും കൈയൊഴിഞ്ഞാല്‍ എന്തു ചെയ്യും ?
ജാസ്മിന്‍ കയറിച്ചെന്നപ്പോള്‍, മുറ്റത്തു കൂട്ടിയിട്ടിരുന്ന തേങ്ങകള്‍ ഓരോന്നെടുത്തു കുലുക്കി നോക്കി നല്ലതും ചീത്തയും തിരിക്കുകയായിരുന്നു കുര്യാക്കോസ്. ജാസ്മിനെ കണ്ടതും അയാള്‍ വെളുക്കെ ചിരിച്ചു.
“എന്താ മോളേ വിശേഷം?”
“ഒരു വിശേഷമുണ്ട് അങ്കിള്‍” അടുത്തേക്ക് നടന്നുവന്നിട്ട് അവൾ കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം കേട്ടശേഷം കുര്യാക്കോസ് ചോദിച്ചു:
“ഞാനിപ്പം എന്നാ ചെയ്യണം?”
“ചേച്ചിയെ ഏതെങ്കിലും നല്ല ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യാന്‍ അങ്കിള്‍ ഈപ്പൻ ചേട്ടനോടു പറയണം. സഹായത്തിനു ഞാന്‍ കൂടെ നിന്നോളാം.”
“നീയിവിടെ നില്‍ക്ക്. ഞാന്‍ ഈപ്പനെ ഒന്നു വിളിച്ചു നോക്കാം.” – ഫോണ്‍ ചെയ്യാനായി കുര്യാക്കോസ് അകത്തേക്കു കയറിപ്പോയി. ജാസ്മിന്‍ മുറ്റത്തു നിന്നതേയുള്ളൂ. അല്പനേരം കഴിഞ്ഞ് അയാള്‍ ഇറങ്ങി വന്നിട്ടു പറഞ്ഞു:
“ഈപ്പനുമായി ഞാന്‍ സംസാരിച്ചു. അവന്‍ പറയുന്നത് അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നാ. ഡോക്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ “
“ചേച്ചി മരിച്ചു കാണണമെന്നാഗ്രഹിക്കുന്നവര്‍ അങ്ങനെയല്ലേ പറയൂ അങ്കിള്‍?”
“എനിക്കയാളോടു പറയാനല്ലേ പറ്റൂ കൊച്ചേ .. അയാളുടെ ഭാര്യയുടെ കാര്യം തീരുമാനിക്കുന്നത് അയാളല്ലേ?”
“ചേച്ചി പട്ടിണികിടന്നു മരിച്ചോട്ടേന്നാണോ അങ്കിളും പറയുന്നത്?”
“എനിക്ക് എന്തുചെയ്യാൻ പറ്റും മോളേ ?”
“അങ്കിളു പോയി ചേച്ചിയെ ഒന്നു കാണ്. അപ്പം മനസ്സിലാകും ചേച്ചീടെ സ്ഥിതി. “
“നീയെന്തിനാ എന്നോട് ക്ഷോഭിക്കുന്നെ? ഈപ്പന്‍റെ സമ്മതം കൂടാതെ എനിക്കവളെ പിടിച്ചോണ്ടു പോയി ആശുപത്രീൽ അഡ്മിറ്റു ചെയ്യാന്‍ പറ്റ്വോ?”
“അങ്കിളല്ലേ ഈ ആലോചന കൊണ്ടുവന്നതും കല്യാണത്തിനു നിര്‍ബന്ധിച്ചതും.”
“അതിന്?”
“ആപത്തു നേരത്തു കൈ യൊഴിയുന്നതു കഷ്ടമാണ്.”
“എന്നാ ഞാനെടുത്തു തലേല്‍ ചുമന്നോണ്ടു നടക്കാം. ” കുര്യാക്കോസ് ദേഷ്യപ്പെട്ടിട്ട് വീണ്ടും തേങ്ങാ എടുത്തു കുലുക്കി നോക്കി തരം തിരിക്കാൻ തുടങ്ങി,
ഇനി അവിടെ നിന്നിട്ടു പ്രയോജനമില്ലെന്നു ജാസ്മിനു തോന്നി.
നേരം നാല് മണി കഴിഞ്ഞിരുന്നു. ഇന്നിനി മടങ്ങിയാല്‍ ഇരുട്ടുന്നതിനു മുമ്പ് കുറക്കന്‍മലയിലെത്താന്‍ പറ്റില്ല. എവിടെ തങ്ങും ഈ രാത്രിയിൽ ? ഈ വീട്ടിൽ കഴിയാൻ മനസ് അനുവദിക്കുന്നില്ല.
പെട്ടെന്ന് ഓര്‍ത്തു. ടോണിയുടെ വീട്ടിലേക്കു പോയാലോ? അലീനയുടെ ദയനീയാവസ്ഥ കേള്‍ക്കുമ്പോള്‍ ടോണിക്കു മനസലിവു തോന്നില്ലേ? കൊച്ചുന്നാളില്‍ ഒന്നിച്ചു കളിച്ചു നടന്നവരല്ലേ അവര്‍? അലീനേച്ചീന്നു വിളിച്ച് ആ കൈയില്‍ തൂങ്ങി നടക്കുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അലീയുടെ കൈ പിടിച്ചാണ് ടോണി ആദ്യമായി ഒന്നാം ക്ലാസിൽ പോയത്. പെരുന്നാളിന് ചേച്ചി അവനു വാങ്ങിക്കൊടുത്ത ബലൂണും പീപ്പിയുമൊക്കെ ഇപ്പോഴും മനസിലുണ്ട്. ആ സ്നേഹം അവൻ തിരിച്ചങ്ങോട്ടും കാണിക്കാതിരിക്കുമോ?
പക്ഷേ… ടോണിയെ കാണാന്‍ ഒരു വൈമുഖ്യം! കണ്ടുമുട്ടുമ്പോള്‍ താന്‍ കരഞ്ഞുപോയാലോ? ആതിരയ്ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ ആ കുടുംബം തകരില്ലേ? താൻ അതിനു വഴി ഒരുക്കണോ ?
പോകണോ വേണ്ടയോ എന്ന വടംവലിക്കൊടുവില്‍ പോകാമെന്ന് അവള്‍ തീരുമാനിച്ചു. ചേച്ചിയുടെ ദയനീയമുഖം മനസില്‍ നിന്നു മായുന്നില്ല. അതോര്‍ക്കുമ്പോള്‍ ഒരു രാത്രിപോലും ഇനി മനഃസമാധാനത്തോടെ ഉറങ്ങാനും പറ്റുമെന്ന് തോന്നുന്നില്ല.
പോകാം! ടോണിയെ പോയി കണ്ടു കാര്യങ്ങള്‍ പറയാം. നാളെ കൈയോടെ കൂട്ടിക്കൊണ്ടുപോയി അലീനയുടെ സ്ഥിതി കാണിച്ചുകൊടുക്കാം. അതു കാണുമ്പോള്‍ കാര്യങ്ങള്‍ ബോധ്യമാകും ടോണിക്ക്. അവന്‍ ഒരു ഡോക്ടറല്ലേ. ഒറ്റ നോട്ടത്തിൽ അവനു എല്ലാം മനസിലാവുമല്ലോ. ടോണി പറഞ്ഞാൽ ഈപ്പന് അനുസരിക്കാതിരിക്കാനാവില്ല.
ഉറച്ച തീരുമാനത്തോടെ ജാസ്മിന്‍ തിരിഞ്ഞു നടന്നപ്പോള്‍ പിന്നില്‍ കുര്യാക്കോസിന്‍റെ ശബ്ദം.
“നീ പോക്വാണോ?”
മറുപടി പറഞ്ഞില്ല അവള്‍. തിരിഞ്ഞു നോക്കാനും പോയില്ല.
“സന്ധ്യയായില്ലേ. നീ ഇങ്ങോട്ടു വാ. നാളെ പോകാം.”
അതുകേട്ടതായി ഭാവിച്ചില്ല .
”നീയിങ്ങു വാ കൊച്ചേ . അമ്മായി പള്ളീൽ പോയിട്ട് ഇപ്പം ഇങ്ങെത്തും ” അവൾ നിന്നില്ല.
“രാത്രിയിൽ ആലോചിച്ചിട്ടു നമുക്ക് വേണ്ടതു ചെയ്യാം. നീ ഇങ്ങോട്ടു വാ ‘.”
കുര്യാക്കോസിന്‍റെ വാക്കുകളൊന്നും അവളുടെ ചെവിയില്‍ ഏശിയില്ല. അവള്‍ ഗേറ്റു കടന്നു നടന്നു. റോഡിലേക്ക്.
“പറഞ്ഞാല്‍ കേള്‍ക്കില്ലെങ്കില്‍ നിന്‍റിഷ്ടംപോലെ ചെയ്യ്.”
കുര്യാക്കോസ് ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട്
പിന്നെയും തേങ്ങാ തരം തിരിക്കാൻ തുടങ്ങി
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27














































