Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 5

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 5

1565
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 5

“ഞാൻ റൂമിലേക്ക് പോക്വാ . നാളെ പഠിപ്പിക്കാനുള്ളത് പ്രിപ്പേർ ചെയ്യണം ”
അങ്ങനെ പറഞ്ഞിട്ട് സുമിത്ര എണീറ്റു. അവളുടെ ശ്വാസഗതി വർദ്ധിച്ചിരുന്നു .
കൂടുതൽ എന്തെങ്കിലും ചോദിക്കാൻ മഞ്ജുളക്ക് അവസരം കൊടുക്കാതെ സുമിത്ര വേഗം സ്റ്റെയര്‍കെയ്സ് കയറി മുറിയിലേക്കുപോയി.
മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടിട്ടു അവള്‍ വന്നു കട്ടിലില്‍ ഇരുന്നു. ഇരു കൈകളും പിന്നിലേക്ക് കുത്തി വിവശയായി …
ഈശ്വരാ!
ആ ദുഷ്ടന്റെ മുമ്പിൽ വീണ്ടും വന്നുപെട്ടല്ലോ !
ഈ വീട്ടിൽ വന്നു താമസിക്കേണ്ടായിരുന്നു. അയാളുടെ കണ്ണിൽപ്പെടാതെ ഒളിച്ചുനടക്കാൻ പറ്റുമോ തനിക്ക്?
നീചൻ !
അഞ്ചുവർഷങ്ങള്‍ക്കുമുമ്പ് നടന്ന ആ സംഭവം എന്തുമാത്രം തീ തീറ്റിച്ചു തന്നെ!
എല്ലാം മറന്നു തുടങ്ങിയതായിരുന്നു.
തന്‍റെ സ്വസ്ഥത നശിപ്പിക്കാനായി വീണ്ടും എന്തിനാണ് ആ മനുഷ്യനെ ദൈവം തന്‍റെ മുമ്പിലേക്ക് കൊണ്ടുവന്നിട്ടത്?
ബാല്‍ക്കണിയിൽ നിന്നപ്പോള്‍ അയാള്‍ തന്നെ കണ്ടുകാണുമോ ? കണ്ടാൽ തന്നെ തിരിച്ചറിഞ്ഞിരിക്കുമോ?
സുമിത്ര എണീറ്റു ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു.
മറഞ്ഞു നിന്നിട്ട് തല വെളിയിലേക്കുനീട്ടി താഴേക്കു നോക്കി .
സിറ്റൗട്ടിലെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടപ്പുണ്ട് ആ മനുഷ്യന്‍!
വേഗം തല പിന്‍വലിച്ചിട്ട് അവള്‍ വാതില്‍ ചേര്‍ത്തടച്ചു.
മേശപ്പുറത്തിരുന്ന കൂജയില്‍നിന്ന് ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തു കുടിച്ചപ്പോള്‍ മനസിലെ തീ തെല്ലൊന്നു ശമിച്ചതുപോലെ തോന്നി.
പിന്നെ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
എന്തിനാണ് ആ മനുഷ്യനെ താനിപ്പോഴും ഭയപ്പെടുന്നത്?
അയാളൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ലല്ലോ? അഞ്ചുവര്‍ഷം മുമ്പ് നടന്ന ആ സംഭവം അയാളും മറന്നുകാണും. വെറുതെ ഓരോന്നു ചിന്തിച്ചു താൻ മനസ് പൂണ്ണാക്കുകയാണ്.
സ്വയം ശാസിച്ചിട്ട് സുമിത്ര എണീറ്റ് അലമാര തുറന്ന് പുസ്തകം കൈയിലെടുത്തു.
പിറ്റേന്നത്തെ ടൈംടേബിള്‍ നോക്കിയിട്ട് പഠിപ്പിക്കേണ്ട പാഠഭാഗങ്ങളുടെ നോട്ട് തയാറാക്കി.
അത്താഴം കഴിക്കാന്‍ നേരമായപ്പോള്‍ മഞ്ജുള വന്ന് അവളെ താഴേക്ക് വിളിച്ചുകൊണ്ടുപോയി.
“വീട്ടീന്ന് പോന്നതിന്റെ വിഷമമൊക്കെ മാറിയോ?”
അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സതീഷ് ചോദിച്ചു.
“ഉം.”
പുഞ്ചിരിച്ചുകൊണ്ട് അവള്‍ മൂളി.
“മുകളില്‍ ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ?”
“ഹേയ്..”.
“കരച്ചിലും ബഹളോം ഒക്കെ ഇനിയും ഉണ്ടാവും . അതുകേട്ട് പേടിക്ക്വൊന്നും വേണ്ടട്ടോ . അതങ്ങനെ പൊയിക്കോളും.”
“ഉം…”
ഭക്ഷണം കഴിച്ച് തീരുന്നതുവരെ സതീഷ് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. സ്കൂളിലെ ടീച്ചേഴ്സിനെക്കുറിച്ചും ബസിലെ തിരക്കിനെക്കുറിച്ചുമെല്ലാം.


പ്രഭാതം!
രാവിലെ എണീറ്റു കുളിച്ചു ഉന്മേഷവതിയായി സുമിത്ര.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് സ്കൂളില്‍ പോകാന്‍ റെഡിയായി ഇറങ്ങിയപ്പോഴേക്കും സതീഷ് കടയിൽ പോകാൻ വേഷം മാറി നില്‍ക്കുകയായിരുന്നു.
അടുക്കളയില്‍ ചെന്ന് ടിഫിന്‍ ബോക്സ് എടുത്ത് വാനിറ്റി ബാഗില്‍ വച്ചിട്ട് അവള്‍ മഞ്ജുളയോടും ഭവാനിയോടും യാത്രചോദിച്ചു.
“ബസില്‍ പോകാനാണോ പ്ലാന്‍?”
ഭവാനി ചോദിച്ചു.
“ഉം..”.
“അതെന്തിനാ ബസില്‍ കേറി ഇടിയും കുത്തും കൊള്ളുന്നേ? സതീഷ് ഇപ്പം ഇറങ്ങുകല്ലേ? മോള്‍ക്കവന്‍റെ കാറില്‍ പോകാല്ലോ? സ്കൂളിന്‍റെ വാതില്‍ക്കല്‍ അവനിറക്കി വിട്ടിട്ടു പൊക്കോളും . ”
“അതു വേണ്ടമ്മേ. ഞാന്‍ ബസിനു പൊയ്ക്കൊള്ളാം. സതീഷേട്ടനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ.”
“സതിയേട്ടന് ഒരു ബുദ്ധിമുട്ടും ഇല്ല.” മഞ്ജുള പറഞ്ഞു. “സ്കൂളിന്‍റെ മുമ്പില്‍ വണ്ടിയൊന്നു ചവിട്ടണം. അത്രയല്ലേയുള്ളൂ? രാവിലെ ബസിനു നല്ല തിരക്കായിരിക്കും. മാത്രമല്ല എന്തി്നാ എട്ടൊമ്പതു രൂപ വെറുതെ ബസുകാര്‍ക്ക് കൊടുക്കുന്നേ.”
“വേണ്ട ചേച്ചീ…”
“വേണം. സുമിയെ ബസിനു കേറ്റിവിട്ടാല്‍ ഞങ്ങൾക്കല്ലേ അതിന്റെ കുറച്ചില് . ഞാന്‍ സതിയേട്ടനോട് പറയാല്ലോ.”
മഞ്ജുള വേഗം ചെന്ന് സതീഷിനോട് കാര്യം പറഞ്ഞു.
കാറില്‍ പോകാമെന്ന് സതീഷും അവളോട് നിര്‍ബന്ധിച്ചു.
ഒടുവില്‍ മനസില്ലാമനസോടെ അവള്‍ സമ്മതം മൂളി .
കാറില്‍ കയറി ഇരിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു. ഒരു കണക്കിന് ഇതാണ് നല്ലത്. സുകുമാരന്‍റെ കണ്ണില്‍പ്പെടാതെ പോകാമല്ലോ!
സ്കൂള്‍ഗേറ്റിനരികില്‍ കാറു നിറുത്തിയതും അവള്‍ ഇറങ്ങി. സതീഷിനോട് ബൈ പറഞ്ഞിട്ട് അവള്‍ ഗേറ്റുകടന്ന് മുറ്റത്തേക്കു കയറി. അവിടെനിന്നു സ്‌റ്റാഫ്‌റൂമിലേക്കും .
ആദ്യത്തെ പീരിയഡ് ഏഴ് എയിലാണ് ക്ലാസ്.
ഫസ്റ്റ് ബെല്‍ അടിച്ചതേ ചോക്കും പുസ്തകവുമെടുത്ത് അവള്‍ ക്ലാസ്റൂമിലേക്ക് നടന്നു.
കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ ലളിതമായ ഭാഷയില്‍ സരസമായി അവള്‍ ക്ലാസെടുത്തു. മുക്കാൽ മണിക്കൂർ കടന്നുപോയതറിഞ്ഞതേയില്ല.
സുമിത്ര ടീച്ചറിനെ കുട്ടികള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമായി.
വൈകുന്നേരം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ അവളെ വിളിച്ച് അഭിനന്ദിച്ചു.
“സുമിത്രയുടെ ക്ലാസിനെപ്പറ്റി കുട്ടികള്‍ക്കൊക്കെ നല്ല അഭിപ്രായമാണ്. ഈ പെർഫോമന്‍സ് അവസാനംവരെ കാണണം. കേട്ടോ ?”
“ഷുവര്‍.”
“സുമിത്രയ്ക്ക് എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ് വല്ലതുമുണ്ടോ?”
“പണ്ട് കുറച്ചൊക്കെ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഇപ്പോ ടച്ചൊക്കെ വിട്ടുപോയി.”
“അതു സാരമില്ല. അറിയാവുന്നതൊക്കെ നമ്മുടെ കുട്ടികളെയൊന്നു പഠിപ്പിക്കണം. അടുത്ത യൂത്ത് ഫെസ്റ്റിവലിന് നമുക്കെന്തെങ്കിലുമൊന്നു തട്ടിക്കൂട്ടണം. ഇവിടെ കലാവാസനയുള്ള കുട്ടികളു ധാരാളമുണ്ട്. പക്ഷേ, പരിശിലിപ്പിക്കാന്‍ അധ്യാപകരില്ലെന്നതാണ് പ്രശ്നം ”
സുമിത്ര ചിരിച്ചുകൊണ്ട് വെറുതെ നിന്നതേയുള്ളൂ.
“എന്നാ പൊയ്ക്കോ.”
അനുവാദം കിട്ടിയതും അവള്‍ റൂം വിട്ടിറങ്ങി.
നാലുമണിക്ക് ബസ്സ്റ്റോപ്പിൽ നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ത്തു: ഒരു ബോള്‍ പെൻ വാങ്ങണം
ബസ്സ്റ്റോപ്പിന്‍റെ വടക്കുമാറി ഗാന്ധിപ്രതിമയ്ക്കു സമീപം ഒരു സ്റ്റേഷനറി കടയുണ്ട്.
അവള്‍ നേരെ അങ്ങോട്ട് നടന്നു.
കടയ്ക്കുള്ളിൽ പുറംതിരിഞ്ഞുനിന്ന് എന്തോ തിരയുകയായായിരുന്നു കടയുടമ.
“ഒരു ബോള്‍ പെൻ വേണം.”
ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞുനോക്കി.
ആ മുഖം കണ്ടതും സുമിത്രയുടെ നെഞ്ചിലൊരു തീ ആളി .
അടുത്ത ക്ഷണം പരിഭ്രമം മറച്ചുപിടിച്ചിട്ട് ഒരു പരിചയവുമില്ലാത്തമട്ടിൽ അവള്‍ കൂളായി നിന്നു.
“സുമിത്രയല്ലേ?”
വിസ്മയഭാവത്തോടെ കടക്കാരൻ ചോദിച്ചു.
“അല്ല. എന്റെ പേര് ഗീതേന്നാ.”
ആ സമയം വായിൽ വന്ന ഒരു പേര് പറഞ്ഞു അവൾ.
“സോറി. എനിക്ക് പരിചയമുള്ള ഒരാളിന്‍റെ മുഖച്ഛായ തോന്നി.”
അയാൾ ഷെല്‍ഫില്‍ നിന്ന് കുറെ പേനകള്‍ എടുത്ത് സുമിത്രയുടെ മുമ്പിലേക്കിട്ടു.
“ഇവിടെ പുതുതായി വന്ന ടീച്ചറാണോ?”
“ഉം…”
അവള്‍ വേഗം ഒരു പേന തെരഞ്ഞെടുത്തു.
“എത്ര രൂപയാ?”
“പത്ത് .”
ബാഗ് തുറന്ന് പണം എടുത്തുകൊടുത്തിട്ട് വേഗം തിരിഞ്ഞുനടന്നു.
ദൈവമേ!
ആ ദുഷ്ടന്റെ കടയാണിതെന്നറിഞ്ഞിരുന്നെങ്കില്‍ ഇങ്ങോട്ട് കേറില്ലായിരുന്നു.
എന്തായാലും അയാള്‍ താൻ പറഞ്ഞ നുണ വിശ്വസിച്ചു . ഇനി എന്നും ഗീതയായി അഭിനയിക്കണം അയാളുടെ മുമ്പില്‍.
അങ്ങനെ ചിന്തിച്ചു നടന്നതും ഒരു കാർ വന്ന് അവളുടെ മുമ്പില്‍ സഡൻ ബ്രെക്കിട്ടു ..
സുമിത്ര നോക്കി.
സതീഷാണ്.
“കയറിക്കോ. ഞാന്‍ വീട്ടിലേക്കാ.”
സുമിത്ര പിൻവാതില്‍ തുറന്ന് അകത്തുകയറി ഇരുന്നു.
“ഇന്നെന്താ നേരത്തേ?”
അവള്‍ ചോദിച്ചു.
“അത്യാവശ്യമായി ഒരു ഫയലെടുക്കണം. രാവിലെ എടുക്കാന്‍ മറന്നു.”
കാർ മുമ്പോട്ടുനീങ്ങി.
സതീഷിനോടൊപ്പം സുമിത്രയും കാറില്‍ നിന്നിറങ്ങുന്നതു കണ്ടപ്പോൾ മഞ്ജുളയുടെ നെറ്റി ചുളിഞ്ഞു.
“ഇന്നെന്തേ പതിവില്ലാതെ ഈ നേരത്ത് സതിയേട്ടന്‍?”
മഞ്ജുള സംശയത്തോടെ ചോദിച്ചു.
“നിന്നെയൊന്നു കാണണമെന്നു തോന്നി. ഇങ്ങു പോന്നു.”
“മുമ്പൊരിക്കലും തോന്നിയിട്ടില്ലാത്ത ആഗ്രഹം ഇപ്പം തോന്നിയത്?” പാതി കളിയായും കാര്യമായും അവൾ ചോദിച്ചു
“ആഗ്രഹങ്ങള്‍ക്ക് അങ്ങനെ നേരോം കാലോം വല്ലതുമുണ്ടോ മോളെ .”
തമാശമട്ടില്‍ അങ്ങനെ പറഞ്ഞിട്ട് സതീഷ് അകത്തേക്ക് പോയി.
“ഈ നാലുമണിനേരത്തു തന്നെ ഇങ്ങനെ ഒരാഗ്രഹം തോന്നിയല്ലോ.”
അര്‍ഥം വച്ചാണ് മഞ്ജുള സംസാരിച്ചതെന്ന് സുമിത്രയ്ക്കു തോന്നി.
കാറിൽ കയറേണ്ടായിരുന്നു എന്നവളോര്‍ത്തു. മഞ്ജുള തെറ്റിദ്ധരിച്ചോ എന്തോ!
സതീഷ് ഒരു കപ്പ് ചായ കഴിച്ചിട്ട് ഫയല്‍ എടുത്തുകൊണ്ട് അപ്പോള്‍ തന്നെ മടങ്ങി.
സുമിത്ര മുറിയില്‍ പോയി വേഷം മാറിയിട്ട് വന്നു കുറേനേരം അഭിക്കുട്ടനുമായി കളിക്കുകയും സൊറപറഞ്ഞിരിക്കുകയും ചെയ്തു .
ഏഴര കഴിഞ്ഞപ്പോൾ സുമിത്രയ്ക്ക് ഒരു ഫോണ്‍. ജയദേവന്‍റേതാണ്.
അരമണിക്കൂർ നേരം അവർ വിശേഷങ്ങള്‍ പങ്കിട്ടിരുന്നു
“നീ എന്നാ ഇനി വീട്ടിലേക്ക് വര്യാ?”
ജയദേവന്‍ ചോദിച്ചു.
“ശനിയാഴ്ച.”
“അപ്പം വീട്ടല്‍ വച്ചു കാണാം. ഗുഡ്നൈറ്റ്.”
ഫോണ്‍ ഡിസ്കണക്ടായി.


വ്യാഴാഴ്ച നാലുമണി നേരം!
സ്കൂള്‍വിട്ടു വീട്ടിലേക്ക് പോകാന്‍ സ്റ്റോപ്പില്‍ ബസുകാത്തു നില്‍ക്കുകയാണ് സുമിത്ര.
കൂടെ ജൂലിയും സൗമിനിയും മേരി ടീച്ചറുമുണ്ട്.
അവര്‍ ഓരോന്നു സംസാരിച്ചുനില്‍ക്കുമ്പോള്‍ ആകാശത്തുനിന്ന് പൊട്ടിവീണപോലെ അവര്‍ക്കു മുമ്പില്‍ സുകുമാരൻ !
“ടീച്ചര്‍മാര്‍ എല്ലാവരുമുണ്ടല്ലോ? ഇന്നു സ്കൂളു നേരത്തെ വിട്ടോ?”
ഒരു വിടലച്ചിരിയുമായി സുകുമാരന്‍ സംഭാഷണത്തിനു തുടക്കമിട്ടു.
“ഉം…”
മേരി ടീച്ചർ മൂളി.
സുമിത്ര അയാളെ നോക്കാതെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു.
“ഗീത ടീച്ചര്‍ എവിടെയാ താമസിക്കുന്നത്?”
സുകുമാരന്‍റെ ചോദ്യം കേട്ട് മേരിയും സൗമിനിയും ജൂലിയും പരസ്പരം നോക്കി.
“ഏതു ഗീത?”
മേരി ടീച്ചര്‍ ചോദിച്ചു.
“ഈ ടീച്ചറിന്റെ കാര്യാ ചോദിച്ചത്”
സുമിത്രയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സുകുമാരന്‍ പറഞ്ഞു.
”ഇതു ഗീതയാന്നാരു പറഞ്ഞു?”
“ടീച്ചറു തന്നെ പറഞ്ഞു.”
മേരി സംശയത്തോടെ സുമിത്രയെ നോക്കി.
അവൾ കടലാസുപോലെ വിളറി നില്‍ക്കുകയാണ്.
ഭാഗ്യത്തിന് ആ സമയം സുമിത്രക്കു പോകേണ്ട ബസ് വന്നു. അവള്‍ വേഗം വണ്ടിയില്‍ ചാടി കയറി.
അകത്തുകയറിയിട്ട് അവള്‍ വെളിയിലേക്ക് നോക്കി.
സുകുമാരന്‍ മറ്റു ടീച്ചേഴ്സിനോട് സംസാരിച്ചുനില്‍ക്കുകയാണ്.
ദൈവമേ!
തന്നെക്കുറിച്ച് എന്തൊക്കെയായിരിക്കും അയാള്‍ അവരോട് പറഞ്ഞുകേൾപ്പിക്കുക ?
താൻ പേരുമാറ്റി പറഞ്ഞതെന്തിനാണെന്നു ടീച്ചര്‍മാര്‍ സംശയിക്കില്ലേ?
പേടിയാവുന്നു!
ആ മനുഷ്യൻ ഇനിയും തന്നെ ഉപദ്രവിച്ചേ അടങ്ങൂ എന്നാണോ?
പിറ്റേന്നു സ്കൂളില്‍ ചെന്നപ്പോള്‍ ജൂലി ടീച്ചര്‍ അവളോട് ചോദിച്ചു:
“ആ സ്റ്റേഷനറി കടക്കാരൻ സുകുമാരനെ നേരത്തെ പരിചയമുണ്ടോ?”
സുമിത്ര ഒന്നു പരുങ്ങി.
“ഞാന്‍ പഠിച്ച കോളജിലായിരുന്നു അയാളും പഠിച്ചിരുന്നത്. ഒരു വായിനോക്കിയാ. എന്‍റെ പിറകെ വെള്ളോം ഒലിപ്പിച്ച് ഒരുപാട് നടന്നിട്ടുണ്ട്. അതുകൊണ്ടാ ഞാന്‍ പേരുമാറ്റിപ്പറഞ്ഞത്. അയാളു വല്ലതും പറഞ്ഞോ?”
“ഏയ്.”
“മേരി ടീച്ചര്‍ എന്നെ തെറ്റിദ്ധരിച്ചുകാണും, അല്ലേ?”
“എന്തോ ചുറ്റിക്കളിയുണ്ടല്ലോന്നു ഞങ്ങളു പറഞ്ഞു.”
“എനിക്കയാളെ കാണുന്നതുപോലും ഇഷ്ടമല്ല.”
“അയാളൊരു വായിനോക്കിയാന്ന് ഇവിടെല്ലാര്‍ക്കുമറിയാം. ആ കടേല്‍ കേറി ഞങ്ങളൊരു സാധനോം വാങ്ങിക്കാറില്ല. എന്നാലും കാണുമ്പം അടുത്തുവരും അയാള് . ഒരു വിടലച്ചിരിയുമായിട്ട്. “
സുമിത്ര ഒന്നും മിണ്ടിയില്ല.
ബല്ലടിച്ചതും അവള്‍ എണീറ്റ് സ്റ്റാഫ് റൂം വിട്ടിറങ്ങി.
അന്നു വൈകുന്നേരം ബസ്സ്റ്റോപ്പില്‍ സുമിത്ര തനിച്ചായിരുന്നു. മറ്റു ടീച്ചേഴ്സ് നേരത്തെ പോയിക്കഴിഞ്ഞു.
തന്‍റെ ബസ് എന്തേ ഇന്നു വൈകുന്നത്?
അസ്വസ്ഥതയോടെ വാച്ചിൽ നോക്കിയിട്ടു നില്‍ക്കുമ്പോള്‍ തെല്ലകലെ സുകുമാരന്‍റെ തലവെട്ടം കണ്ടു .
സുമിത്ര വല്ലാതായി.
അവള്‍ മുഖം തിരിച്ചിട്ട് ഒളികണ്ണിട്ട് നോക്കി.
ഈശ്വരാ! അയാള്‍ തന്‍റെയടുത്തേക്കാണല്ലോ വരുന്നത്!
തന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ ഈ മനുഷ്യന്‍?
സുകുമാരന്‍ അടുത്തുവന്ന് അവളുടെ സമീപം നിന്നു.
സുമിത്രയുടെ മുഖം വിയര്‍ക്കുകയായിരുന്നു. അവള്‍ അയാളെ കണ്ടതായിപ്പോലും ഭാവിച്ചില്ല.
“പേരുമാറ്റിപ്പറഞ്ഞ് എന്നെ പറ്റിക്കാമെന്നു കരുതിയോ?” സുകുമാരന്‍ ഒരു പരിഹാസച്ചിരിയോടെ തുടര്‍ന്നു: “അഞ്ചുവര്‍ഷം മുമ്പ് മനസില്‍ പതിഞ്ഞതാ ഈ മുഖം. എവിടെവച്ചു കണ്ടാലും ഞാനിതു തിരിച്ചറിയും. ഒരുപാട് മാറ്റങ്ങളൊന്നും വന്നിട്ടില്ല ഈ മുഖത്തിന്. പണ്ടത്തേക്കാളും കുറച്ചുകൂടി സുന്ദരിയായിട്ടുണ്ട്. പിന്നെ അല്പം തടിയും കൂടിയിട്ടുണ്ട് . അത്രമാത്രം “
സുമിത്ര ഒന്നും മിണ്ടിയില്ല. തീക്കനലിനു മുകളില്‍ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അവളപ്പോള്‍.
“സതീഷിന്‍റെ വീട്ടിലാ താമസം അല്ലേ? മിനിയാന്നു കാറില്‍ കേറി പോകുന്നതു കണ്ടു. അവനെ വിശ്വസിക്കരുത് കേട്ടോ . സ്നേഹം കാണിച്ചു അവന്‍ നിന്നെ വീഴിക്കും . സൂക്ഷിച്ചോ”
സുകുമാരന്‍റെ സംസാരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് അവള്‍ ഒളികണ്ണിട്ട് നോക്കി.
അടുത്ത കടയിലിരുന്ന് ആളുകള്‍ അവരെ നോക്കി അടക്കം പറഞ്ഞ് ചിരിക്കുന്നതവള്‍ കണ്ടു.
“സതീഷിന്‍റെ വീടിനെതിർവശത്താ എന്‍റെ വീട്. കണ്ടുകാണുമായിരിക്കും. സമയം കിട്ടുമ്പം അങ്ങോട്ടൊന്നിറങ്ങ്. എന്‍റെ ഭാര്യയെ പരിചയപ്പെടുത്താം.”
“ദയവുചെയ്ത് ഇവിടുന്നൊന്നു പോകൂ. ആളുകളു ശ്രദ്ധിക്കുന്നുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ എന്നെ നാണം കെടുത്തരുത്.”
“ഞാന്‍ അടുത്തുനില്‍ക്കുന്നതും സംസാരിക്കുന്നതും നിനക്കു നാണക്കേടാണല്ലേ? സതീഷിന്‍റെ കാറില്‍ രാവിലേം വൈകുന്നേരോം മലര്‍ന്നു കിടന്നു പോകുമ്പം നിന്‍റെ നാണോം മാനോം ഒക്കെ എവിടെപ്പോയി?”
“പ്ലീസ്… ഇത്ര ചീപ്പായി സംസാരിക്കരുത്. ഞാന്‍ മനസമാധാനത്തോടെ ഇവിടെയൊന്നു ജോലിചെയ്തോട്ടെ.”
“ഓക്കെ. ഞാന്‍ നിനക്കൊരു ശല്യമാണെങ്കില്‍ പോയേക്കാം. പക്ഷേ, എനിക്കൊരുപാട് കാര്യങ്ങള്‍ നിന്നോട് പറയാനുണ്ട്. നാളെ വൈകുന്നേരം നീ വീട്ടിലേക്ക് വരണം. വൈകിട്ട് ആറുമണിക്ക്. ഞാനവിടെയുണ്ടാകും.”
“ഞാന്‍ വരില്ല. എന്നെ കൊന്നാലും ഞാന്‍ അങ്ങോട്ടു വരില്ല.”
“നീ വരും. വരാതിരിക്കാന്‍ പറ്റില്ല നിനക്ക്. അഞ്ചുവര്‍ഷം മുമ്പ് നടന്ന ആ സംഭവം നീ മറന്നിട്ടില്ലല്ലോ? അതിന്‍റെ ബാക്കിപത്രം ഇപ്പോഴും എന്‍റെ കൈയിലുണ്ട്. ഒരു നിമിഷം മതി നിന്‍റെ ജീവിതം തകര്‍ക്കാന്‍. ”
സുമിത്രയുടെ നെഞ്ചില്‍ ഒരു കഠാര ആഴ്ന്നിറങ്ങിയതുപോലെ തോന്നി. അവള്‍ വല്ലാതെ കിതച്ചു.
“പേടിക്കണ്ട. നമ്മള്‍ രണ്ടുപേരുമല്ലാതെ മറ്റാരും ആ സംഭവം അറിഞ്ഞിട്ടില്ല. ഇനി അറിയാനും പോകുന്നില്ല. പക്ഷേ, അറിയരുതെന്ന് സുമിത്രയ്ക്കാഗ്രഹമുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍ വരണം. വെറുതെ ഒരു വിസിറ്റ്. വേറൊരാഗ്രഹവുമില്ല. നാളെ ആറുമണിക്ക് ഞാന്‍ നോക്കിയിരിക്കും, മുന്‍വശത്തെ സിറ്റൗട്ടില്‍.”
അങ്ങനെ പറഞ്ഞിട്ട് സുകുമാരന്‍ പൊടുന്നനേ തിരിഞ്ഞുനടന്നു.
തളര്‍ന്നുവീണുപോയേക്കുമെന്നു സുമിത്രയക്കു തോന്നി. അവള്‍ അടുത്തുകണ്ട ബദാം മരത്തില്‍ മുറുകെപ്പിടിച്ചു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here