Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 6

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 6

1376
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 6

വീട്ടിലെത്തിയതും കിടക്കയിലേക്ക് ഒറ്റവീഴ്ചയായിരുന്നു സുമിത്ര. വേഷം പോലും മാറിയില്ല.
മനസ്സിൽ ഒരു തീക്കനൽ എരിയുകയാണ്
അവള്‍ ഓര്‍ത്തു.
ഒരു ജോലി കിട്ടിയപ്പോള്‍ എന്തുമാത്രം സന്തോഷിച്ചതാണു താന്‍! ആ സന്തോഷമെല്ലാം ഒരു നിമിഷംകൊണ്ട് അസ്തമിച്ചില്ലേ!
ഈ നാട്ടില്‍ ഒരു ജോലി വേണ്ടായിരുന്നു.
സുകുമാരന്‍ ഇവിടെ ഉള്ളിടത്തോളം കാലം മനസമാധാനത്തോടെ തനിക്ക് ജോലി ചെയ്യാനാവുമോ?
തലയണയില്‍ മുഖം അമര്‍ത്തി അവള്‍ വിതുമ്പിക്കരഞ്ഞു.
“സുമിത്രേ…”
പുറത്ത് മഞ്ജുളയുടെ വിളികേട്ടതും അവള്‍ എണീറ്റുചെന്ന് വാതില്‍ തുറന്നു.
“ങ്ഹാഹാ… വേഷംപോലും മാറിയില്ലേ? എന്തുപറ്റി, മുഖം വല്ലാണ്ടിരിക്കുന്നേ?”
“ഒരു തലവേദന…”
“എപ്പഴാ തുടങ്ങിയേ?”
“സ്കൂളു വിട്ടപ്പം തുടങ്ങീതാ…”
“ഇത്തിരി വിക്സ് പുരട്ടിയാ മതി. ഞാനെടുത്തോണ്ടു വരാം.”
മഞ്ജുള തിരികെ പോയി വിക്സ് എടുത്തുകൊണ്ടുവന്നു.
സുമിത്ര അതു വാങ്ങി നെറ്റിയില്‍ പുരട്ടി.
“ചായ എടുത്തുവച്ചിട്ട് നേരം ഒത്തിരിയായി. ഇപ്പം തണുത്തുപോയിക്കാണും.”
“എനിക്കു വേണ്ട ചേച്ചി.”
“പനിയുണ്ടോ?”
മഞ്ജുള നെറ്റിയില്‍ കൈവച്ചുനോക്കി.
“ഏയ്, പനിയൊന്നുമില്ല. ”
”എന്നാ കിടന്നോ. ഞാന്‍ ശല്യപ്പെടുത്തുന്നില്ല.”
മഞ്ജുള തിരിഞ്ഞു നടന്നു.
വാതിലടച്ചിട്ട് സുമിത്ര വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
രാത്രി അത്താഴം കഴിക്കാനായി മഞ്ജുള വീണ്ടും വന്നു ക്ഷണിച്ചു. സുമിത്ര വേണ്ടെന്നു പറഞ്ഞെങ്കിലും മഞ്ജുള സമ്മതിച്ചില്ല. ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ താഴേക്കിറങ്ങിച്ചെന്നു.
“തലവേദന മാറിയോ?”
സതീഷ് ചോദിച്ചു.
“ഉം..” അവള്‍ തലകുലുക്കി.
“ഇങ്ങനെ ഉണ്ടാകാറുള്ളതാണോ?”
“വല്ലപ്പോഴും.”
സുമിത്ര കൈകഴുകിയിട്ട് വന്നു ഡൈനിംഗ് ടേബിളിനരികില്‍ കസേര വലിച്ചിട്ടിരുന്നു.
മഞ്ജുള അവളുടെ പ്ലേറ്റിലേക്ക് രണ്ടു ചപ്പാത്തി വിളമ്പി. പിന്നെ മട്ടണ്‍ കറിയും.
“ഡോക്ടറെ പോയി ഒന്ന് കാണാൻ മേലായിരുന്നോ ? “
സതീഷ് ചോദിച്ചു
”ഏയ് , അതിനുമാത്രമൊന്നുമില്ല ”.
സുമിത്ര അത് നിസ്സാരമായി തള്ളി
വളരെക്കുറച്ചു ഭക്ഷണം മാത്രമേ അവൾ കഴിച്ചുള്ളൂ.
എണീറ്റ് കൈകഴുകി, എല്ലാവരോടും അനുവാദം ചോദിച്ചിട്ട് തന്‍റെ മുറിയിലേക്ക് പോയി.
ഉറങ്ങാന്‍ കഴിയുന്നില്ല.
കണ്ണടച്ചാലും തുറന്നാലും സുകുമാരന്‍റെ മുഖമാണ് മനസില്‍.
കിടക്കയില്‍ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പാതിരാത്രി കഴിഞ്ഞപ്പോഴാണ് ഒന്ന് മയങ്ങിയത്.


ശനിയാഴ്ച!
രാവിലെ പതിനൊന്നു മണിമുതൽ വഴിയിലേക്ക് കണ്ണും നട്ടും വരാന്തയിലിരിക്കുകയാണ് അജിത്ത്
ചേച്ചി ഇന്നു വരും. വരുമ്പോള്‍ വീട്ടിലേക്ക് പുതിയൊരു സ്മാർട്ട് ഫോൺ വാങ്ങിക്കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട് അവന്‍.
ചേച്ചി സമ്മതിച്ചിട്ടില്ല.
കൊണ്ടുവന്നാല്‍ തന്‍റെ ഭാഗ്യം!
പന്ത്രണ്ടരയായപ്പോള്‍ ദൂരെ, സുമിത്രയുടെ തലവെട്ടം കണ്ടു.
“ചേച്ചി വന്നമ്മേ…” എന്നുറക്കെ പറഞ്ഞിട്ട് വരാന്തയില്‍ നിന്നെണീറ്റ് ഒറ്റ പാച്ചിലായിരുന്നു അവന്‍.
ഓടിച്ചെന്ന് അവന്‍ സുമിത്രയുടെ കൈയില്‍നിന്ന് ബാഗ് വാങ്ങി.
വഴിയില്‍വച്ചുതന്നെ അവനതു തുറന്നുനോക്കി.
ഭാഗ്യം!
സ്മാർട് ഫോണുണ്ട് .
” എന്റെ പൊന്നേച്ചിക്കു നൂറുമ്മ ”
സുമിത്രയെ കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തിട്ട് അവന്‍ അതുമായി വീട്ടിലേക്ക് പാഞ്ഞു.
”ഇനി എപ്പഴും അതിൽ പണിതോണ്ടിരിക്കരുതുകെട്ടോ ? പഠിച്ചോണം നന്നായിട്ട് ”
അത് കേട്ടതായി ഭാവിച്ചതേയില്ല അവൻ.
സരസ്വതി വരാന്തയില്‍ നോക്കിനില്‍പ്പുണ്ടായിരുന്നു.
“കിട്ടിയോടാ നീ പറഞ്ഞ സാധനം?”
“കിട്ടി അമ്മേ കിട്ടി”
അജിത്ത് തുള്ളിച്ചാടിക്കൊണ്ടകത്തേക്ക് പോയി.
സുമിത്ര മുറ്റത്തേക്ക് കയറിയപ്പോള്‍ സരസ്വതി അടുത്തേക്ക് നടന്നു ചെന്നു.
“മോളെന്താ വൈകീത്?”
“ബസുകിട്ടി ഇങ്ങെത്തണ്ടേ അമ്മേ…”
സുമിത്ര ബാഗ് അമ്മയുടെ നേരെ നീട്ടി.
“ഇവിടുന്നു പോയേനേക്കാളും ഒരുപാട് ക്ഷീണിച്ചുപോയി മോള്.”
“പിന്നെ…പിന്നെ.., ഞാനവിടെ പട്ടിണി കിടക്ക്വല്ലായിരുന്നോ.”
സുമിത്ര വരാന്തയിലേക്ക് കയറി.
“ഹോസ്റ്റലിലെ ഭക്ഷണമല്ലേ. വായില്‍വച്ചു തിന്നാന്‍ കൊള്ളാവുന്നതൊന്നും കാണില്ല.”
“അമ്മ വിചാരിക്കുന്നപോലൊന്നുമല്ല. നല്ല ഭക്ഷണമാ അവിടുത്തേത്.”
“സുഖാണോ ജോലി?”
“പരമസുഖം. അമ്മ പോയി ചോറുവിളമ്പ്. കുടലുകരിഞ്ഞിട്ടെനിക്കു നില്‍ക്കാൻ വയ്യ. ഞാന്‍ പോയി ഡ്രസുമാറീട്ടു വേഗം വരാം.”
സുമിത്ര അകത്തേക്കുപോയി. സരസ്വതി അടുക്കളയില്‍ചെന്ന് ചോറും കറികളും വിളമ്പി.
നാലഞ്ചുകൂട്ടം കറികളുണ്ടായിരുന്നു ഊണിന്. സ്പെഷ്യലായി കോഴിക്കറിയും മീന്‍ വറുത്തതും .
സുമിത്ര വയറുനിറയെ ആഹാരം കഴിച്ചു.
“ശശികല വരാറില്ലേ അമ്മേ?”
ഊണുകഴിഞ്ഞ് കൈകഴുകുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“അവളു പനിപിടിച്ചു കിടക്ക്വാ. കഴിഞ്ഞദിവസം ഫോണ്‍ ചെയ്തപ്പം ഞാനതു പറയാന്‍ വിട്ടുപോയി.”
“എന്നാ ഞാനൊന്നു പോയി കണ്ടിട്ടുവരാം.”
“ഇപ്പഴോ? വന്നു കേറീതല്ലേയുള്ളൂ. ഒന്നു വിശ്രമിച്ചിട്ടു വൈകുന്നേരം പോകാം. നീ വിശേഷങ്ങളൊക്കെ പറ.”
“വിശേഷങ്ങളൊക്കെ വന്നിട്ടു പറയാം അമ്മേ. പോയി ഞാൻ ഒന്ന് കണ്ടിട്ട് വരട്ടെ അവളെ “
ടർക്കി ടവ്വല്‍ എടുത്തു മുഖം തുടച്ചിട്ട് അവള്‍ വേഗം വെളിയിലേക്കിറങ്ങി.
വടക്കേപ്പറമ്പിലെ ഒറ്റയടിപ്പാതയിലൂടെ തിടുക്കത്തില്‍ ശശികലയുടെ വീട്ടിലേക്ക് നടന്നു.
വീട്ടില്‍ ശശികലയും അനിയത്തിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സുമിത്രയെ കണ്ടതും ശശികലയുടെ കണ്ണുകള്‍ വിടര്‍ന്നു.
“നീ എപ്പ വന്നു…?”
“ഇപ്പ വന്നു കേറീതേയുള്ളൂ. ഊണുകഴിച്ചിട്ടു നേരെ ഇങ്ങു പോന്നു. നിന്നെ കാണാൻ ”
“ഇരിക്ക്.”
ശശികല ഒരു സ്റ്റൂളെടുത്തു വരാന്തയിലേക്കിട്ടു.
“നിനക്കു പനിയാണെന്ന് അമ്മ പറഞ്ഞു ?”
സുമിത്ര അവളുടെ നെറ്റിയില്‍ കൈവച്ചുനോക്കി.
“നല്ല ചൂടുണ്ടല്ലോ? മരുന്നൊന്നും വാങ്ങിച്ചില്ലേ?”
“ഇല്ല.”
“എത്രദിവസായി തുടങ്ങീട്ട്?”
“കുറച്ചു ദിവസായി.”
”എന്നിട്ട് ഇതുവരെ മരുന്ന് വാങ്ങിച്ചില്ലേ ?”
”ഓ , തന്നെ മാറിക്കൊളൂന്നെ ”
മരുന്നു വാങ്ങിക്കാത്തതിന് സുമിത്ര അവളെ ഒരുപാട് വഴക്കുപറഞ്ഞു.
“ജോലിയൊക്കെ സുഖാണോ?”
ശശികല ചോദിച്ചു.
“ഉം.”
“ഞാനെന്നും നിന്‍റെ കാര്യം ഓര്‍ക്കാറുണ്ട്.”
“ഞാനും.”
“നീ പോയതിനുശേഷം എനിക്കു ഭയങ്കര വിഷമമാ സുമീ. എന്തേലും ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ കുറച്ചെങ്കിലും ആശ്വാസമായേനെ.”
“ഞാന്‍ ജയേട്ടനോട് പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരൻ എവിടെങ്കിലും സംഘടിപ്പിച്ചു തരും ” സുമിത്ര ആശ്വസിപ്പിച്ചു
“സ്കൂളിലെ കുട്ടികളൊക്കെ എങ്ങനെ ?”
“നല്ല കുട്ടികളാ.”
“നീ ഭാഗ്യവതിയാ സുമീ . ടീച്ചിംഗ് എത്ര രസമുള്ള ജോലിയാ! എപ്പഴും കുട്ടികളുടെ കളിം ചിരിം കണ്ടോണ്ടിരിക്കാല്ലോ. നീ ആഗ്രഹിച്ച പണിതന്നെ നിനക്കു കിട്ടി. അതിനൊക്കെ ഓരോ യോഗം വേണേ…”
ശശികലയുടെ കണ്ണുകള്‍ നിറയുന്നതു കണ്ടപ്പോള്‍ സുമിത്രയ്ക്കു സങ്കടം വന്നു
”എന്നെ കണ്ടതേ കരയുവാണോ ? ആ കണ്ണീരു തുടച്ചു കള”
ശശികല കൈ ഉയർത്തി മിഴികൾ തുടച്ചു.
“കൂടെ പഠിപ്പിക്കുന്ന ടീച്ചേഴ്സൊക്കെ സ്നേഹമുള്ളവരാണോ?”
“എല്ലാവരും നല്ലവരാ.”
ഏറെനേരം അവർ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
മടങ്ങാൻ നേരം സുമിത്ര പറഞ്ഞു:
“ഞാന്‍ നിനക്ക് ചുരിധാറിനുള്ള തുണി വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. എടുക്കാന്‍ മറന്നു. വീട്ടിലിരിപ്പുണ്ട്. നാളെ കൊണ്ടുവരാംട്ടോ.”
“ഈ സ്നേഹം കാണുമ്പം എനിക്കു സങ്കടം കൂടുകയേയുള്ളു .”
“പനി മാറിയില്ലെങ്കില്‍ പോയി മരുന്നു വാങ്ങിക്കണം ട്ടോ . പൈസയില്ലെങ്കില്‍ നന്ദിനിയെ പറഞ്ഞുവിട്. ഞാന്‍ കൊടുത്തുവിടാം.”
“ഇപ്പം ഒന്നും വേണ്ട സമീ. ആവശ്യം വരുമ്പം ഞാൻ ചോദിച്ചോളാം . ഇനി എന്നാ നീ തിരിച്ചുപോക്വാ?”
“തിങ്കളാഴ്ച വെളുപ്പിനു പോകും. പിന്നെ രണ്ടാഴ്ച കഴിഞ്ഞേ വരൂ.”
“പനിയായതുകൊണ്ട് ഒന്നു ശരിക്കു സംസാരിക്കാനും കൂടി പറ്റുന്നില്ല .”
ശശികല സങ്കടം പറഞ്ഞു.
“നിനക്കു നല്ല ക്ഷീണമുണ്ട്. പോയി കിടന്നോ. നമുക്ക് പിന്നെ കാണാം ”
ശശികലയോട് യാത്രപറഞ്ഞിട്ട് സുമിത്ര പടിയിറങ്ങി നടന്നു.
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മണി മൂന്ന്.
അമ്മയോടും അജിത്തിനോടും കുറേനേരം സ്കൂളിലെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. പിന്നീട് പോയി നന്നായി ഒന്നുറങ്ങി.
അഞ്ചുമണിക്ക് ജയദേവന്‍ വന്നു വിളിച്ചുണര്‍ത്തുകയായിരുന്നു അവളെ.
സുമിത്ര എണീറ്റ് ഒരു കോട്ടുവാ വിട്ടിട്ട് മുടി ഒതുക്കി കെട്ടിവച്ചു.
“എന്തൊരുറക്കമാടോ ഇത്? ഇന്നലെ രാത്രി ഉറങ്ങിയില്ലേ?”
“യാത്രാക്ഷീണംകൊണ്ട് കിടന്നതാ. ജയേട്ടന്‍ വന്നിട്ട് ഒത്തിരി നേരായോ “- അവള്‍ ക്ലോക്കിലേക്ക് നോക്കി.
“ഇപ്പ വന്നതേയുള്ളൂ.”
ജയദേവന്‍ അവളുടെ സമീപം കട്ടിലില്‍ ഇരുന്നു.
“എങ്ങനുണ്ട് ജോലി?”
“ഒരു കുഴപ്പോം ഇല്ല. എച്ചെമ്മിന് എന്നെ വല്യ ഇഷ്ടായി.”
“നീ മണിയടിച്ചു വീഴിച്ചുകാണും.”
“മണിയടിച്ചാ വീഴുന്ന ആളൊന്നുമല്ല. എന്‍റെ പഠിപ്പീരിന്‍റെ മെച്ചം കൊണ്ടാ..”.
“ആട്ടെ, താമസമെങ്ങനെ?”
” ഞാന്‍ വിചാരിച്ചത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.സതീഷ് ചേട്ടനും മഞ്ജുളച്ചേച്ചിയും ഭവാനി ആന്‍റിയുമൊക്കെ നല്ല സ്നേഹമുള്ളോരാ.”
“പതുക്കെപ്പറ. അമ്മ കേള്‍ക്കണ്ട. ഹോസ്റ്റലിലാന്നല്ലേ അമ്മയോട് പറഞ്ഞിരിക്കുന്നത്?”
“ഉം.”
“അതങ്ങനെ തന്നെയങ്ങിരുന്നാൽ മതി കേട്ടോ .”
“ഉം.”
സുമിത്ര എണീറ്റു.
“ജയേട്ടന്‍ ഒന്നിങ്ങു വന്നേ.”
ജയദേവനെ വിളിച്ചുകൊണ്ട് സുമിത്ര വെളിയിലേക്കിറങ്ങി.
മുറ്റത്തരികിലെ ഒട്ടുമാവിന്‍ ചുവട്ടില്‍ വന്നുനിന്നിട്ട് അവള്‍ പറഞ്ഞു.
“അതേയ്… എത്രകാലമാ സതീഷിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുക?”
“നമ്മുടെ കല്യാണം കഴിയുന്നതുവരെ.”
“എന്നാ ഇനി വൈകണ്ട. കല്യാണം ഉടനെയങ്ങു നടത്താം.”
ജയദേവന്‍ വിസ്മയത്തോടെ നോക്കി.
“അപ്പം നീ തന്നെയല്ലേ നേരത്തെ പറഞ്ഞത് ആദ്യത്തെ ശമ്പളം കിട്ടിക്കഴിഞ്ഞു മതി കല്യാണമെന്ന് ?”
“ശമ്പളം എപ്പ കിട്ടുമെന്നാര്‍ക്കറിയാം. എന്‍റെ കഴുത്തിലൊരു താലി വീണെങ്കിലേ എനിക്കിപ്പം സമാധാനാകൂ.”
” അതെന്നാ ഞാൻ വേറെ വല്ല പെണ്ണിനേയും കെട്ടുമെന്ന് പേടിയുണ്ടോ ?”
“അതുകൊണ്ടല്ല . ഒറ്റയ്ക്ക് കിടന്നിട്ട് ഒരു സുഖോം ഇല്ല.”
“അപ്പം അതു പറ. അതാണ് കാരണം ” സ്വരം താഴ്‌ത്തിയിട്ടു ജയൻ ചോദിച്ചു ”സത്യം പറ, രാത്രി അവരുടെ കിടപ്പുമുറീൽ വല്ലോം നീ ഒളിഞ്ഞുനോക്കിയോ .”
” ഒന്ന് പോ ജയേട്ടാ. ഒരു വല്യ തമാശയുമായിട്ടു വന്നിരിക്കുന്നു. പറ്റുമെങ്കിൽ ഉടനെ കല്യാണം നടത്ത് . അല്ലെങ്കിൽ ഞാൻ വേറെ ആളെ നോക്കും ”.
” ഓ പിന്നെ! വേറെ ആളിനെ നോക്കും. നിന്റെ മനസ്സിന്ന് എന്നെ കളയാൻ പറ്റിയെലെന്ന് എനിക്ക് നന്നായിട്ടറിയാം ” ഒന്ന് നിറുത്തിയിട്ട് ജയൻ തുടർന്നു :
“എന്നാ ഞാനച്ഛനോട് പറഞ്ഞേക്കട്ടെ, തീയതി നിശ്ചയിക്കാന്‍?”
“ഉം.”
“കെട്ടിപ്പിടിച്ചൊരുമ്മ തരാന്‍ തോന്ന്വാ ഇപ്പം.”
“എന്നാ ഒരെണ്ണം ഇങ്ങു താ .”
” ആഹാ , ആളൊത്തിരിയങ്ങ് മാറിയല്ലോ ഇപ്പം. ”
ജയൻ അവളുടെ മൃദുലമായ കവിളിൽ ഒരു സ്നേഹമുദ്ര നൽകി
“എല്ലാരേം ക്ഷണിച്ച് കല്യാണം നമുക്കടിപൊളിയാക്കണം.”
ജയദേവന്‍ സന്തോഷത്തിലായിരുന്നു.
“അമ്മയോട് ഇക്കാര്യം ജയേട്ടന്‍ തന്നെ സംസാരിക്കണം. ഞാന്‍ പറയൂല്ല.”
“ഇന്നു തന്നെ പറയാല്ലോ.”
കുറെനേരം കൂടി സംസാരിച്ചു നിന്നിട്ട് അവര്‍ വീട്ടിലേക്ക് കയറി.
പിറ്റേന്ന് പുലർച്ചെയാണ് ജയദേവന്‍ സ്വന്തം വീട്ടിലേക്കു മടങ്ങിയത്.
മെയിന്‍ റോഡുവരെ സുമിത്രയും അജിത്തും ജയന്റെ കാറിലുണ്ടായിരുന്നു.
“എന്നെ എന്നാ ഇതൊന്നോടിക്കാന്‍ പഠിപ്പിക്ക്വാ?”
സുമിത്ര ചോദിച്ചു.
“കല്യാണം കഴിയട്ടെ.”
“ഇതൊന്നു പഠിച്ചിട്ടുവേണം എനിക്കിതൊന്നോടിച്ചോണ്ടു പോയി സ്കൂളിലൊന്നു ഷൈന്‍ ചെയ്യാന്‍.”
ജയദേവന്‍ ചിരിച്ചതേയുള്ളൂ.
മെയിന്‍ റോഡിലിറങ്ങിയിട്ട് രണ്ടുപേരും തിരിച്ച് വീട്ടിലേക്ക് നടന്നു.


തിങ്കളാഴ്ച.
സുമിത്ര സ്കൂളിലെത്തിയപ്പോള്‍ നേരം പതിനൊന്നുമണി.
വീട്ടില്‍ പോയിരിക്കുകയായിരുന്നു എന്ന എക്സ്ക്യൂസ് പറഞ്ഞ് ഹെഡ്മിസ്ട്രസിന്‍റെ ശാസനയില്‍ നിന്ന് ഒഴിവായി.
വൈകുന്നേരം സ്കൂള്‍ വിട്ട് , പതിവു ബസ്സ്റ്റോപ്പില്‍നിന്നു മാറി തെല്ലകലെയുള്ള മറ്റൊരു ബസ്സ്റ്റോപ്പിലാണവള്‍ ബസ് കാത്തുനിന്നത്.
സുകുമാരന്‍റെ കണ്ണില്‍പ്പെടാതെ നിൽക്കാൻ വേണ്ടിയായാണ് സ്റ്റോപ്പ് മാറിയത് .
ഉള്ളില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും സുകുമാരന്‍ അങ്ങോട്ടുവന്നില്ല.
പിറ്റേന്നും അതിനടുത്ത ദിവസവും അവിടെതന്നെ നിന്നു ബസ് കയറി അവള്‍.
സുകുമാരന്‍ ശല്യം ചെയ്തില്ല.
തന്‍റെ പ്രാര്‍ഥന ഗുരുവായൂരപ്പന്‍ കേട്ടുകാണുമെന്ന് അവള്‍ ആശ്വസിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ മനസിലെ ഭീതിയും വിഷമവുമെല്ലാം മാറി.
സുകുമാരനു നല്ല ബുദ്ധി തോന്നിക്കാണും. ഒരാള്‍ക്കു നന്നാകാന്‍ അധികനേരമൊന്നും വേണ്ടല്ലോ.


ഒരു ചൊവ്വാഴ്ച .
ബസ്സ്റ്റോപ്പില്‍ ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ അവളുടെ സമീപം ഒരു ബൈക്കു വന്നുനിന്നു.
സുമിത്ര ഞെട്ടി മുഖം ഉയര്‍ത്തി.
സുകുമാരൻ !
“കയറിക്കോ. ഞാന്‍ വീടിന്‍റെ മുമ്പിലിറക്കിവിടാം.”
സുമിത്ര രൂക്ഷമായി ഒന്നു നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല
“ഓ… നീ അവന്‍റെ കാറിലല്ലേ കേറുകൊള്ളൂ. നമ്മളു പാവപ്പെട്ടവനായിപ്പോയില്ലേ ”
ബൈക്കു സൈഡ് സ്റ്റാന്‍ഡിൽ വച്ചിട്ട് സുകുമാരൻ ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു.
“ബസ്സ്റ്റോപ്പുമാറിയാല്‍ ഞാന്‍ കണ്ടുപിടിക്കില്ലെന്നു കരുതിയോ?”
ഒരു ശവംപോലെ മരവിച്ചു നില്‍ക്കുകയായിരുന്നു സുമിത്ര.
“വീട്ടിലേക്ക് വരണമെന്നു പറഞ്ഞിട്ട് എന്തേ വരാതിരുന്നേ?” ഒരു സിഗരറ്റിനു തീ പിടിപ്പിച്ചുകൊണ്ടു സുകുമാരൻ ചോദിച്ചു
“പ്ലീസ്… ഒന്നു പോകൂ. ഞാനെങ്ങനെങ്കിലും ഒന്നു ജീവിച്ചുപൊയ്ക്കോട്ടെ.” ഇടറിയ സ്വരത്തില്‍ അവള്‍ യാചിച്ചു.
“എങ്ങനെങ്കിലുമങ്ങു ജീവിച്ചാല്‍ മതിയോ? മനസമാധാനത്തോടെ സന്തോഷായിട്ടു ജീവിക്കണ്ടേ? ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതമാ അത് “
സുകുമാരൻ ഒരു പുകയെടുത്തിട്ടു പുറത്തേയ്ക്കു നീട്ടി ഊതി.
“ഞാന്‍ നിന്നോട് അനാവശ്യമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്‍റെ വീട്ടിലൊന്നു വരണമെന്നു പറഞ്ഞു. അത്രയല്ലേയുള്ളൂ? അതൊരപരാധമാണോ ?”
“നിങ്ങളുടെ ഉദ്ദേശമെന്താന്നു എനിക്കു ശരിക്കും അറിയം.”
സുമിത്രയ്ക്കു ദേഷ്യവും സങ്കടവും വന്നു.
“നീ വിചാരിക്കുന്നപോലൊരുദ്ദേശം എനിക്കുണ്ടായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം മുൻപേ എനിക്കതാകാമായിരുന്നല്ലോ ?.”
“പിന്നെന്തിനാ നിങ്ങള്‍ എന്നെ വീട്ടിലേക്ക് വിളിക്കുന്നത് ?”
“എനിക്ക് ചില കാര്യങ്ങള്‍ പേഴ്സണലായി സംസാരിക്കാനുണ്ട്.”
“എനിക്കൊന്നും കേള്‍ക്കെണ്ടെങ്കിലോ?”
“കേള്‍ക്കണം; കേട്ടേ പറ്റൂ.”
“ഞാന്‍ വരില്ല. വരാന്‍ എനിക്കു സാധിക്കില്ല. പ്ലീസ്. എന്നെ ശല്യം ചെയ്യരുത് “
“വേണ്ട. വരണ്ട , ഞാൻ പൊക്കോളാമേ “
സുകുമാരന്‍ ചെന്നു ബൈക്കില്‍ കയറി. ബൈക്കു സ്റ്റാര്‍ട്ട് ചെയ്തിട്ട് പോക്കറ്റില്‍നിന്ന് ഒരു കവര്‍ എടുത്ത് സുമിത്രയുടെ മുമ്പിലേക്കെറിഞ്ഞിട്ടു പറഞ്ഞു:
“ഇതൊന്നു കണ്ടിട്ട് തീരുമാനിക്ക്, എന്തുവേണമെന്ന് .”
ക്ലച്ചുപിടിച്ച്, ഗിയര്‍ മാറി ആക്സിലേറ്റർ കൊടുത്ത് അയാള്‍ ബൈക്കു ഓടിച്ചുപോയി.
തളര്‍ന്ന ഹൃദയത്തോടെ സുമിത്ര കുനിഞ്ഞു കവർ കൈയിലെടുത്തു.
വിറയ്ക്കുന്ന കൈകളോടെ അവളതു തുറന്നു നോക്കി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here