നൂറ്റിനാലിന്റെ നിറവിൽ ചിരിയുടെ വലിയ മെത്രാപ്പോലീത്ത


ചിരിയുടെ വലിയ മെത്രാപ്പോലീത്താക്ക് ഇന്ന് നൂറ്റിനാലാം ജന്മദിനം.
ഏതു സദസ്സിനെയും എപ്പോൾ വേണമെങ്കിലും ചിരിപ്പിക്കുവാൻ കഴിയുന്ന പ്രഭാഷകനും പണ്ഡിതനുമായിരുന്നു മാർത്തോമ്മാ സഭയിലെ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം വലിയ തിരുമേനി. മർമ്മം നോക്കി നർമ്മം പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ആരെയും അതിശയിപ്പിക്കുക തന്നെ ചെയ്യും. തമാശ പറഞ്ഞിട്ടു തിരുമേനി ഒരിയ്ക്കലും ചിരിക്കാറില്ല. അതാണ് തിരുമേനിയുടെ പ്രസംഗത്തിന്റെ പ്രത്യേകതയും.
പ്രശസ്ത നടൻ ബാബുരാജ് ഒരിക്കൽ ക്രിസോസ്റ്റം വലിയ തിരുമേനിയോട് ചോദിച്ചു :
”നമ്മുടെ നാട്ടിൽ മദ്യനിരോധനം നല്ലതാണോ തിരുമേനി ? തിരുമേനി അതിനെ അനുകൂലിക്കുന്നുണ്ടോ ?”
തിരുമേനിയുടെ മറുപടി ഇങ്ങനെ :
”നമ്മൾ ഒരുകാര്യം ചെയ്യുമ്പോൾ അത് നല്ലതാണെന്നു വിചാരിച്ചാണ് ചെയ്യുന്നത് , അല്ലെ ?”
” അതെ ” ബാബുരാജിന്റെ മറുപടി .
തിരുമേനിയുടെ അടുത്ത ചോദ്യം :
”ഇദ്ദേഹം കല്യാണം കഴിച്ചതാണോ ?”
” അതെ ”.
”കഴിച്ചപ്പോൾ നല്ലതാണെന്നു വിചാരിച്ചല്ലേ കഴിച്ചത് ? ”
”അതെ ”.
”ഇപ്പോൾ അത്ര നല്ലതായിട്ട് തോന്നുന്നുണ്ടോ? അതുപോലെ തന്നെ മദ്യനിരോധനത്തിന്റെ കാര്യവും. ”
സദസിൽ കൂട്ടച്ചിരി .
ക്രിസോസ്റ്റം തിരുമേനിയുടെയടുക്കൽ ഒരു അമ്മ വന്ന് തന്റെ മകനെപ്പറ്റി ഒരു വിഷമം പറഞ്ഞു: ” അവന് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ല. തിരുമേനി അവനെ വിളിച്ചു ഒന്നുപദേശിക്കണം. ഉടൻ വന്നു തിരുമേനിയുടെ മറുപടി : ”അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. അപ്പം അവനു നരകമുണ്ടെന്ന് വിശ്വാസം വരും. നരകം ഉണ്ടെന്നു മനസിലാകുമ്പോൾ മുൻപ് ജീവിച്ചത് സ്വർഗ്ഗത്തിലാണെന്ന ബോധ്യവും വരും.”
Also Read എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?
ക്രിസോസ്റ്റം മെത്രാപ്പോലീത്താ ഒരിക്കല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ ഒരു സായിപ്പ് ചോദിച്ചു:
”ഇന്ത്യയിലെ റോഡുകളില്‍ കുരങ്ങന്മാരും കഴുതകളുമൊക്കെ സ്വതന്ത്രമായി സഞ്ചരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?”
ഉടന്‍ വന്നു ക്രിസോസ്റ്റത്തിന്റെ മറുപടി:
”പണ്ട് അവയെ ഇന്ത്യന്‍ റോഡുകളില്‍ ഒരുപാട് കാണാറുണ്ടായിരുന്നു. എന്നാല്‍ 1947 നു ശേഷം ഞങ്ങള്‍ അവയെയെല്ലാം ഇംഗ്ലണ്ടിലേക്കു കയറ്റിവിട്ടു…”
ചോദിച്ച സായ്പ്പിനെ പിന്നെ അവിടെയാരും കണ്ടില്ല.
Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും
ഇടവകയിൽ വന്ന സുന്ദരനായ കൊച്ചച്ചനെ മൂന്നു പെൺമക്കളുള്ള ഒരു പിതാവ് മരുമകനാക്കുവാൻ ആഗ്രഹിച്ചു. പ്രഥമ ദൃഷ്ടിയിൽ അച്ചനെ ഇഷ്ടപ്പെട്ട പെണ്ണിന്റെ അപ്പൻ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്ന് അഭിപ്രായം ചോദിച്ചു . തിരുമേനി പറഞ്ഞു:
”അച്ചൻ സല്‍സ്വഭാവിയാണെന്ന് എനിക്കുറപ്പാണ്. നല്ല കുടുംബത്തിൽ പിറന്നവനും നല്ല വൈദികനുമാണ്. പക്ഷേ ഒറ്റ പ്രശ്നമേയുള്ളു. അച്ചന്റെ ഭാര്യയുടെ സമ്മതം വേണം.”
ഒരിക്കൽ ഒരു ശെമ്മാശനെ പള്ളിയുടെ ചുമതല ഏല്പിച്ചിട്ട് ബിഷപ്പ് ഒരുപദേശവും കൊടുത്തു: ” ആദ്യം കാണുന്ന സൺഡേസ്കൂൾ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവൾ വേറെ വരും ”
Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും
ഒരു യുവജന സമ്മേളനത്തിൽ ബൈബിൾ സംവാദം നടക്കുകയാണ്. തിരുമേനിയോട് ബൈബിളിലെ ഏതു ചോദ്യവും ചോദിക്കാം. ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ തിരുമേനിയെ ഒന്ന് കുടുക്കുവാൻ ഒരു യുവാവ് ചോദിച്ചു:” ലോത്തിന്റെ ഭാര്യയുടെ പേരെന്താണ് തിരുമേനി ?”
തിരുമേനി ചോദിച്ചു ”നീ വിവാഹം കഴിച്ചതാണോ?”
”അല്ല.”
”വല്ലവന്റെയും ഭാര്യയുടെയും പേരു തപ്പി നടക്കാതെ പോയി കല്യാണം കഴിക്കൂ.”
പാലിൽ പതിവായി വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: ” പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.”
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
ഒരു യുവാവും യുവതിയും പരസ്പരം സ്നേഹിച്ചുപോയി. വിവാഹിതരാകുവാന്‍ അവര്‍ രണ്ടു പേരും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും താൽപര്യം കാണിച്ചു. എന്നാല്‍ അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നതിനു മുന്‍പായി യുവാവും പിന്നാലെ യുവതിയും മരിച്ചുപോയി . മരിച്ച രണ്ടു പേരും സ്വര്‍ഗ്ഗത്തില്‍ ചെന്നു. അവിടെ വച്ച് പരസ്പരം കണ്ടു. സംസാരിച്ചു. ലോകത്തില്‍ വച്ച് കേട്ടിട്ടുണ്ട്, വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ചു നടക്കുന്നു എന്ന്. എന്നാല്‍ ആ ആഗ്രഹം വൈകിക്കേണ്ടാ എന്നു കരുതി ദൈവം തമ്പുരാന്റെ അടുത്ത് ചെന്ന് രണ്ടുപേരും തങ്ങളുടെ ആഗ്രഹം അറിയിച്ചു. ലോകത്തില്‍ വച്ച് സഫലമായില്ലെങ്കിലും ഇവിടെ തമ്പുരാന് കനിഞ്ഞാല്‍ സാധിക്കുമെന്നറിയിച്ചു. ദൈവം തമ്പുരാന് പറഞ്ഞു:
‘നോക്കാം മക്കളേ.’
ആഴ്ചകള്‍ പലതു നീങ്ങി. വീണ്ടും ഓര്‍മ്മിപ്പിച്ചു. അപ്പോഴും ഉത്തരം തഥൈവ. പിന്നീടു ദൈവം ഇവരെ കണ്ടാല്‍ ശ്രദ്ധിക്കാന്‍ വൈമനസ്യം കാണിക്കുന്നു എന്നു പോലും ഇവര്‍ക്കു തോന്നി. മാസങ്ങള്‍ കഴിഞ്ഞു. മാനസികമായി ഇരുവര്‍ക്കും നിരാശ. അവര്‍ ഒരു തീരുമാനത്തിലെത്തി. നേരിട്ട് ഒരിക്കല്‍ കൂടി ദൈവത്തോടു ചോദിക്കുക , ഇത് നടക്കുമോ ഇല്ലയോ എന്ന് !
”പിതാവെ, കല്ല്യാണം നടക്കുമോ ഇല്ലയോ എന്നു പറയണം. എന്തിന് ഞങ്ങളെ ഇങ്ങനെ ആശിപ്പിക്കുന്നു?”
ദൈവം രണ്ടു പേരേയും അടുക്കലേക്ക് വിളിച്ചു പറഞ്ഞു:
‘മക്കളെ എനിക്കും ആഗ്രഹമുണ്ട് നിങ്ങളെ രണ്ടുപേരേയും യോജിപ്പിക്കണമെന്ന്. പക്ഷേ എന്തു ചെയ്യാം. ഞാന്‍ നേരിട്ടു കല്യാണം നടത്തി കൊടുക്കാറില്ല. ഒരു അച്ചനോ, ബിഷപ്പോ വേണം ആ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍. ആ കൂട്ടത്തില്‍പ്പെട്ട ഒരൊറ്റയാളും ഇന്നലെ വരെ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടില്ല. പിന്നെ എങ്ങനെയാണു നിങ്ങളുടെ കല്ല്യാണം നടത്തിത്തരുക?’.
Also Read ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി
കണ്ണിനു കാഴ്ച ഇല്ലാത്ത രണ്ടു ഭിക്ഷക്കാര് ഒരു ഞായറാഴ്ച, പള്ളിയുടെ മുൻപിൽ ഭിക്ഷ യാചിക്കുകയാണ്. പള്ളിയിലേക്ക് ആരെങ്കിലും വരുന്ന ശബ്ദം കേട്ടാല്‍ ഉടനെ അവര്‍ “എന്തെങ്കിലും തരണേ” എന്ന് പറയാന്‍ തുടങ്ങും. ഇടയ്ക്കു രണ്ടു പേര് പള്ളിയുടെ മുമ്പിൽ എത്തി. ഒരു ഭിക്ഷക്കാരന് ദയനീയ സ്വരത്തില്‍ ഭിക്ഷ യാചിച്ചു. “എന്തെങ്കിലും തരണേ”
ഇത് കേട്ട രണ്ടാമത്തെ ഭിക്ഷക്കാരന് പറഞ്ഞു. “ വെറുതെ കിടന്നു നില്ലവിളിക്കണ്ടാ. അത് അച്ചന്മാരാണ്. അവര്‍ ഒന്നും തരില്ല.
“ അത് അച്ചന്മാരാണെന്നു കണ്ണ് കാണാത്ത നിനക്കെങ്ങനെ മനസ്സിലായി?”
“ ഓ അതിനാണോ പ്രയാസം. അവര്‍ ബിഷപ്പിനേപ്പറ്റി കുറ്റം പറയുന്നത് കേട്ടില്ലേ
Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !
ഒരിക്കൽ കുമ്പനാട് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ആശുപത്രി സ്റ്റാഫിനോട് യാത്ര ചോദിക്കുകയായിരുന്നു. അപ്പോൾ ഒരു നേഴ്സ് ഒരാഗ്രഹം പ്രകടിപ്പിച്ചു.
”തിരുമേനിയുടെ അനേകം കുരിശുമാലകളിൽ ഒന്ന് കിട്ടിയാൽ കൊള്ളാം… ഒരമൂല്യ ഓർമ്മവസ്തുവായി സൂക്ഷിക്കാനാണ്. മാരാമണ്ണ് അരമനയിൽ വന്ന് വാങ്ങിക്കൊള്ളാം…”
തിരുമേനി സമ്മതിച്ചു. ഒരു കാര്യം കൂടി പറഞ്ഞു.
”മെത്രാന്മാരും അച്ചന്മാരുമൊക്കെ കോടതി കയറുന്ന കാലമാണ്. ഈ മാല എങ്ങും തെളിവായിട്ടു ഹാജരാക്കിയേക്കരുത് .”
Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ:
ഒരു ദന്ത ഡോക്ടർ തന്റെ ആശുപത്രിയുടെ മുമ്പിൽ ഒരു ബൈബിൾ വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. ക്രിസോസ്റ്റം തിരുമേനിയെ കണ്ടാൽ നല്ല വാക്യം പറഞ്ഞു തരും എന്ന് ഒരാൾ പറഞ്ഞതനുസരിച്ചു അദ്ദേഹം തിരുമേനിയെ സന്ദർശിച്ചു. തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങളേ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.’ ദന്തഡോക്ടർ വീട്ടിൽ വന്ന് വേദപുസ്തകം തുറന്നു മേല്പറഞ്ഞ വാക്യം വായിച്ചു – ”നിന്റെ വായ് വിസ്താരത്തിൽ തുറക്കുക”
Also Read വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?
ഒരിക്കൽ മാരാമൺ സമ്മേളനത്തിൽ അവിടെ വന്നിരിക്കുന്നവർക്ക് ഹൃദ്രോഗം ഉണ്ടോന്ന് അറിയാൻ ക്രിസോസ്റ്റം തിരുമേനി രസകരമായ ഒരു ഹൃദ്രോഗപരിശോധനാ രീതി വിശദീകരിച്ചു . അദ്ദേഹം പറഞ്ഞു : . ”സ്ത്രോത്രകാഴ്ചയായി നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ നോട്ട് ഇടുക. അഞ്ഞൂറോ ആയിരമോ. നിങ്ങൾക്ക് ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഭയപ്പെടേണ്ട. നിങ്ങളുടെ ഹൃദയത്തിനു കുഴപ്പമില്ല. പരിശോധനച്ചെലവ് ലാഭമായില്ലേ!.”
ഒരിക്കൽ ബിഷപ്പ് എം.എം. ജോണും ഭാര്യയും ക്രിസോസ്റ്റം തിരുമേനിയും ഒരു കൺവൻഷൻ പ്രസംഗത്തിനു പോയി. എം.എം. ജോൺ തിരുമേനി പ്രസംഗത്തിനായി എഴുന്നേറ്റു. ഭയങ്കര മഴയും തുടങ്ങി. ആളുകൾ ഓരോരുത്തരായി എഴുന്നേറ്റു പോയി. കുടയും പിടിച്ചു കൊണ്ട് ഒരാൾ മാത്രം ശേഷിച്ചു. അത് ബിഷപ്പ് ജോണിന്റെ ഭാര്യയായിരുന്നു. ഇത് കണ്ട് ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘മെത്രാച്ചന്മാർ വിവാഹം കഴിച്ചാലുള്ളതിന്റെ ഗുണം ഇന്നാണ് ഞാൻ മനസ്സിലാക്കിയത് ‘
Also Read എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ
ഒരു ഉപദേശി സ്വർഗത്തെപ്പറ്റിയും സ്വർഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസംഗിച്ച ശേഷം സദസ്യരോട് പറഞ്ഞു : ”സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക.” ഒരാളൊഴികെ എല്ലാവരും കൈ പൊക്കി. ഉപദേശി കൈപൊക്കാത്ത ആളോട് എന്താ സ്വർഗത്തിൽ പോകാൻ ഇഷ്ടമില്ലെ എന്ന് ചോദിച്ചു.
അയാൾ പറഞ്ഞു: ”ഇത്രയും പേർ അങ്ങോട്ട് പോയാൽ ഇവിടെ ഒരുവിധം സുഖമായി കഴിയാമല്ലോ ”
Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം
നിനക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടങ്കിൽ (അചഞ്ചലമായ ഉറച്ച വിശ്വാസം എന്നർത്ഥം )ആ മലയോട് അവിടെനിന്നും മാറിപ്പോകാൻ പറഞ്ഞാൽ അത് മാറിപ്പോകും. ബൈബിളിലെ വിശ്വാസ പ്രമാണത്തെ കുറിച്ചുള്ളൊരു വാക്യമാണ്. ഇതേപ്പറ്റിക്രിസോസ്റ്റം വലിയ തിരുമേനി പറഞ്ഞ കഥ കേൾക്കൂ .
തിരുമേനിക്കറിയാവുന്ന ഒരു വല്യമ്മ. ഭയങ്കര ഭക്ത.എല്ലാ ആഴ്ചയിലും പള്ളിയിൽ പോകുന്നവർ. പ്രസംഗത്തിനിടയിലെ ഈ ‘കടുകുമണി ‘വിശ്വാസം കേട്ടിട്ട് പറഞ്ഞു.. എനിക്ക് കടുകുമണിയോളമല്ല ..നല്ല പൊതിയാ തേങ്ങയോളം വിശ്വാസമുണ്ട്. അത് പരീക്ഷിക്കാൻ വല്യമ്മ തീരുമാനിച്ചു. വല്യമ്മയുടെ വീടിനു മുന്നിൽ ഒരു കുന്നുണ്ട്. ഈ കുന്നുകാരണം വല്യമ്മക്കു നടന്നു കയറാൻ വിഷമമാണ്. അതുകൊണ്ട് ആ കുന്നിനോട് അവിടെനിന്നും മാറിപ്പോകാൻ പറയാം. അങ്ങനെ മാറിപ്പോകാൻ പറഞ്ഞിട്ട് കിടന്നുറങ്ങാൻ പോയി. പിറ്റേന്ന് കാലത്തു നോക്കിയപ്പോൾ അതവിടെ തന്നെയുണ്ട്. അടുത്ത ആഴ്ച്ച പള്ളിയിലെ പ്രസംഗം കഴിഞ്ഞപ്പോൾ വല്യമ്മ പറഞ്ഞു.” ചുമ്മാതാ അച്ചോ ഈ ബൈബിളിൽ പറയുന്നത് . അല്ലേലും എനിക്കറിയാമായിരുന്നു ഇതൊന്നും സംഭവിക്കില്ലാന്ന് . വലിയ തേങ്ങയോളം വിശ്വാസമുള്ള ഞാൻ എന്റെ വീടിനു മുന്നിലുള്ള കുന്നിനോട് മറിപ്പോകാൻ പറഞ്ഞിട്ട് ഒരനക്കാവുമില്ലാതെ അതവിടെ തന്നെയുണ്ട്. പിന്നാ ഈ കടുകുമണി വിശ്വാസം.”
Also Read 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി
ഒരിക്കൽ തിരുമേനി തിരുവനതപുരം സെൻട്രൽ ജയിൽ സന്ദർശിച്ച് മടങ്ങുന്നതിന് മുൻപ് ജയിൽ അന്തേവാസികളോട് പ്രസംഗത്തിനിടയിൽ ഇങ്ങനെ ഉപദേശിച്ചു.
” സഹോദരന്മാരേ . കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണം. നിൽക്കാനറിയാത്തതാ നിങ്ങളുടെ പ്രശ്നം. കക്കാൻ പഠിച്ചിട്ട് നിൽക്കാൻ പഠിച്ചില്ലെങ്കിൽ ജയിലിനുള്ളിലാവും. നിൽക്കാനറിയാമെങ്കിൽ പള്ളീലച്ചനാകാം… “
ദീർഘകാലം കുഷ്ഠരോഗികളുടെയിടയിൽ പ്രവർത്തിച്ച ഒരു പുരോഹിതനെ ബിഷപ്പായി വാഴിച്ചു. തനിക്കും കുഷ്ഠരോഗം ഉണ്ടാകുമോ എന്ന ഭയത്താൽ , കുഷ്ഠരോഗികളുടെ കൈവിരലുകൾക്ക് സ്പർശന ശക്തി ഇല്ലാതാകുമെന്ന് അറിയാവുന്ന അദ്ദേഹം എവിടെയെങ്കിലും സ്പർശിച്ചു നോക്കുക പതിവായിരുന്നു. ഒരു ദിവസം ഒരു സദ്യയിൽ പങ്കെടുക്കുന്ന അവസരത്തിൽ തൊട്ടടുത്തിരുന്ന സ്ത്രീയോട് ബിഷപ്പ് പറഞ്ഞു.
”എനിക്ക് കുഷ്ഠരോഗം പിടിപെട്ടുവെന്നാണ് തോന്നുന്നത്. ഞാൻ എന്റെ കാലിൽ ചൊറിഞ്ഞിട്ട് അറിഞ്ഞു പോലുമില്ല.”
സ്ത്രീ പറഞ്ഞു: ”തിരുമേനി ഭയപ്പെടേണ്ട, തിരുമേനി ചൊറിഞ്ഞത് എന്റെ കാലിലായിരുന്നു”
Also Read ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”
ഒരിക്കൽ ഡോ. മാത്യു കോശി പുന്നയ്ക്കാട് അത്ഭുത രോഗശാന്തിയെപ്പറ്റി മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയോട് അഭിപ്രായം ചോദിച്ചു . തിരുമേനിയുടെ മറുപടി ഇങ്ങനെ:
”മുൻപൊരിക്കൽ എനിക്ക് ഹെർപീസിന്റെ അസുഖം ഉണ്ടായി. അലോപ്പതി ഡോക്ടർ പറഞ്ഞു, തിരുമേനി ഇതിനു ചികിത്സയില്ല,12 ദിവസം കഴിയുമ്പോൾ തനിയെ മാറിക്കൊള്ളും എന്ന് . പിറ്റേദിവസം ഒരു ആയുർവേദ ഡോക്ടർ വന്നു ഒരു എണ്ണ തന്നു. അതു തേച്ചു ചൂടുവെള്ളത്തിൽ കുളിക്കാൻ പറഞ്ഞു . പിന്നൊരു ദിവസം ഒരു ഹോമിയോ ഡോക്ടർ വന്നു കുറെ ഗുളിക തന്നു. പതിനൊന്നാം ദിവസം സി എസ് വർഗീസ് അച്ചൻ വന്നു . രോഗശാന്തി വരമുള്ള അച്ചനാണ് . അച്ചൻ പ്രാർത്ഥിച്ചു. അടുത്തദിവസം രോഗം ഭേദമായി . ചികില്സിച്ചവരെല്ലാം പറഞ്ഞു താൻ ചികിൽസിച്ചതുകൊണ്ടാണ് രോഗം മാറിയതെന്ന് . സത്യത്തിൽ ആദ്യത്തെ ഡോക്ടർ പറഞ്ഞതാണ് 12 ദിവസം കഴിയുമ്പോൾ താനെ മാറിക്കൊള്ളുമെന്ന് ”
ഒരിക്കൽ മാരാമൺ കൺവൻഷനിൽ ഒരു കുട്ടിയോട് ക്രിസോസ്റ്റം തിരുമേനി ചോദിച്ചു: ” നീ ഏതു ക്ലാസ്സിലാ പഠിക്കുന്നത്?”
ആറിലാ എന്ന് കുട്ടിയുടെ മറുപടി.
തിരുമേനിയുടെ അടുത്ത വാചകം ഇങ്ങനെ : ” കരയിലെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറിൽ പഠിക്കുന്നത്?”
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ
മതപുരോഹിതന്റെ കുപ്പായത്തിനുള്ളിൽ ഒരു മനുഷ്യ സ്നേഹിയെ കൂടി കൊണ്ടു നടക്കുന്ന വലിയ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി.
1953 മെയ് 23 നു മെത്രാനായ തിരുമേനി അജപാലന ശുശ്രൂഷയിൽ അറുപത്തി എട്ടു വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ക്രൈസ്തവ സഭകളിലെ തന്നെ ഏറ്റവും പ്രായമേറിയ ആചാര്യനായി മാറി.
നൂറ്റിയാറ് വയസ്സു കഴിഞ്ഞാണ് തിരുമേനിയുടെ പിതാവ് മരിച്ചത് . ആ ഓർമ്മയിൽ ഒരിക്കൽ മാർത്തോമ്മാ സഭയിലെ ഒരു വികാരിഅച്ചൻ തിരുമേനിയുടെ ഒരു പിറന്നാൾ ആഘോഷവേളയിൽ ഇങ്ങനെപറഞ്ഞു :
”തിരുമേനി ഒരു നൂറു വയസ്സുവരെ ജീവിച്ചിരിക്കട്ടെ”. മറുപടി പ്രസംഗത്തിൽ തിരുമേനിയുടെ നർമ്മത്തിൽ പൊതിഞ്ഞ മറുപടി ഇങ്ങനെ:
” എന്റെ ആയുസ്സിനു നൂറു എന്നു പരിധി നിശ്ചയിക്കാൻ ആരാണ് അച്ചന് അധികാരം തന്നത് ? അച്ചൻ ദയവായി എന്റെ പിതാവ് ഉമ്മനച്ചന്റെ ആയുസ്സുവരെ എങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കണം. ” സദസ്സിൽ കൂട്ടച്ചിരി.
Also Read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!
ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല, തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്. ഒരു ദിവസം എബി കാർ കഴുകിക്കൊണ്ടിരുന്നപ്പോൾ തിരുമേനി ചോദിച്ചു :”എടാ എബി, നിന്റെ കാലശേഷം എന്റെ കാര്യങ്ങൾ ആര് നോക്കുമെടാ ?’
ഒരിക്കൽ വലിയ തിരുമേനി ഇങ്ങനെ പ്രസംഗിച്ചു : ”ഇന്ന് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് മൂന്നു അവിവാഹിതരായ യുവതികളാണ്. Mis understanding, Mis representation, Mis interpretation. ഈ മൂന്നുയുവതികളെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല.”
Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം
കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലായിരുന്ന വലിയ മെത്രാപ്പോലീത്തയ്ക്ക് വെള്ളിയാഴ്ച രാത്രിയിലുണ്ടായ ദേഹാസ്വാസ്ഥ്യങ്ങളേ തുടര്‍ന്നു നടത്തിയ ആദ്യ ആന്റിജന്‍ പരിശോധയിൽ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ പരിശോധനക്കായി അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെ എത്തിച്ചശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലും ഫലം നെഗറ്റീവായി. ശാരീരികക്ഷീണം ഉള്ളതിനാല്‍ മെഡിക്കല്‍ ഐസിയുവിലാക്കിയിരിക്കുകയാണ്. തിരുമേനിക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു.
തയ്യാറാക്കിയത് : ഇഗ്നേഷ്യസ് കലയന്താനി
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.
Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും