ഫ്ലോറിഡ : ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്സ് മെറിൻ ജോയി സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മുഴുവൻ സ്നേഹവും പ്രാർത്ഥനയും ഏറ്റുവാങ്ങി അമേരിക്കൻ മണ്ണിൽ അലിഞ്ഞു ചേർന്നു. ഹൃദയഭേദകമായിരുന്നു അന്ത്യരംഗങ്ങൾ . കണ്ടു നിന്നവരുടെ സങ്കടങ്ങളും വേദനകളും പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു. സുഹൃത്തുക്കൾ ദുഃഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു.
യുഎസിലെ റ്റാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലായിരുന്നു അന്ത്യ ശുശ്രൂഷകള്‍.
ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകൾ പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. ഹില്‍സ്ബൊറൊ മെമോറിയല്‍ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്തു . ഫാ.ജോസ് ആദോപ്പള്ളിൽ സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാതെ വന്നതുകൊണ്ടാണ് നാട്ടിലെത്തിച്ചു സംസ്കരിക്കാൻ കഴിയാതെ വന്നത് .
മോനിപ്പള്ളിയിലെ വീട്ടിലിരുന്നു മെറിന്റെ പൊന്നുമോൾ നോറ അമ്മയെ അവസാനമായി സ്‌ക്രീനിൽ കണ്ടു യാത്രാമൊഴി നൽകി. മുറിയിലെ മെഴുകുതിരികൾക്ക് മുൻപിൽ തിളങ്ങി നിൽക്കുന്ന അമ്മയുടെ ഫോട്ടോയിൽ ഉമ്മ കൊടുക്കുമ്പോഴും അവൾ അറിഞ്ഞില്ല തന്റെ പ്രിയപ്പെട്ട അമ്മ തന്നെ വാരി എടുത്തുമ്മവയ്ക്കാൻ ഇനി ഒരിക്കലും വരില്ലെന്ന സത്യം .


പൊതുദർശനവും സംസ്കാര ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടിൽ മെറിന്റെ പിതാവ് ജോയി, അമ്മ മേഴ്സി, മകൾ നോറ സഹോദരി മീര എന്നിവരും ബന്ധുക്കളും കണ്ടു.
സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വിഡിയോയിലൂടെ നേരത്തെ അനുശോചന സന്ദേശം അറിയിച്ചിരുന്നു . മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കെടുത്ത വിശുദ്ധ കുര്‍ബാനയും പ്രര്‍ഥനയും കഴിഞ്ഞദിവസം നടന്നു .
നേരത്തെ, മെറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ സൗത്ത് ഫ്ളോറിഡയിലെ മലയാളികളും നഴ്‌സുമാരും എത്തിയിരുന്നു . മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി വന്നാണ് സൗത്ത് ഫ്ളോറിഡയിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ അംഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
അതിനിടെ മെറിന്റെ ഏകമകള്‍ നോറയ്ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ അമേരിക്കയിലെ മലയാളി സമൂഹം തീരുമാനിച്ചു . അമ്മ നഷ്ടപ്പെട്ട നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും വേണ്ടി പണം സമാഹരിക്കാനാണ് വിവിധ സംഘടനകള്‍ കൈകോർത്തത് . ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന),നഴ്സിങ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കാൻ തീരുമാനമായത് . മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് അത് വഴിയായിരിക്കും നോറയുടെ ചിലവിനുള്ള പണം വിനിയോഗിക്കുക . ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് . ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ ഗോഫണ്ട് മീയില്‍ കഴിഞ്ഞദിവസം മുതല്‍ പണം സ്വീകരിച്ചുതുടങ്ങി.
മെറിന്‍ ജോയി(27) ജൂലൈ 28നാണു കൊല്ലപ്പെട്ടത്. ഫ്ളോറിഡ കോറല്‍സ്പ്രിങ്സിലെ ആശുപത്രിയില്‍നിന്ന് രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭര്‍ത്താവ് കത്തി കൊണ്ട് തുരുതുരെ കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും കലി അടങ്ങാതെ , ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാർ കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഭർത്താവ് ഫിലിപ്പിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഫിലിപ് ഇപ്പോള്‍ യുഎസില്‍ പോലീസ് കസ്റ്റഡിയിലാണ് .
ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പഴുതടച്ച് തെളിവ് ശേഖരണത്തിനാണ് അമേരിക്കന്‍ പൊലീസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ആംബുലന്‍സില്‍ വച്ച് ഭർത്താവാണ് തന്നെ കുത്തിയതെന്ന് മെറിന്‍ പൊലീസിനു മൊഴി കൊടുത്തിരുന്നു . അത് വലിയൊരു പിടിവള്ളിയായി.
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ പറ്റാതായപ്പോൾ മെറിൻ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു എന്നാണ് വിവരം. ഇതാണ് ഫിലിപ്പിനെ കലിതുള്ളിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു . കുഞ്ഞിനെ ആർക്കുവിട്ടുകൊടുക്കും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു .
കല്യാണം കഴിഞ്ഞു മെറിന്‍ അമേരിക്കയിൽ ജോലിയില്‍ പ്രവേശിച്ചതോടെ ശമ്പളത്തെ ചൊല്ലി നെവിനും മെറിനും തമ്മിൽ തര്‍ക്കങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. മെറിന്റെ ശമ്പളം പൂര്‍ണമായും നെവിന്റെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും ഇതിനു വഴങ്ങാത്തത് കൊണ്ട് വഴക്ക് പതിവായിരുന്നെന്നും മെറിന്റെ ബന്ധുക്കൾ പറഞ്ഞു.
സ്വന്തം വീട്ടുകാരെ മെറിൻ സാമ്പത്തികമായി സഹായിക്കുന്നതിനെ നെവിന്‍ എതിര്‍ത്തിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു. വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെ നെവിന്‍ മെറിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ ചൊല്ലിയും വഴക്കുണ്ടായി . മെറിന്റെ വ്യക്തിഗത ചിത്രങ്ങൾ നെവിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതായി ബന്ധുക്കള്‍ പറഞ്ഞു .
ഇതിനെചൊല്ലി ഇരുവരും തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായതായും പറയുന്നു. തുടർന്നാണ് മെറിന്‍ അമേരിക്കന്‍ പൊലീസിനെ സമീപിച്ചത്. പക്ഷേ പൊലീസ് അത് ഗൗരവമായി എടുത്തില്ല . അവസാന ഷിഫ്റ്റും കഴിഞ്ഞ് യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് മെറിനെ ഭർത്താവ് ക്രൂരമായി കുത്തി കൊന്നത്














































