കല്ലൂർക്കാട് : പ്ലസ് റ്റു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വാഴക്കുളം കല്ലൂർക്കാട് നന്ദനഅജിത് കുമാറിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട് . അതിനൊരു കാരണമുണ്ട് .
പരീക്ഷയുടെ ഒരുക്കത്തിനിടെയായിരുന്നു നന്ദനയുടെ അച്ഛനും അമ്മയും അകാലത്തിൽ വിട പറഞ്ഞത് . അർബുദ രോഗത്തെത്തുടർന്ന് ഫെബ്രുവരി പത്തിന് അച്ഛൻ അജിത്‌കുമാറും ഒരുമാസം പിന്നിട്ട് മാർച്ച് 16 നു അമ്മ നളിനിയും നന്ദനയെ വിട്ടുപോയി. തകർന്നുപോയ നന്ദനയെ സഹപാഠികളും കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരും മാനേജ്‌മെന്റും നെഞ്ചോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. ഈ വേദനയുടെ നടുവിൽ നിന്നാണ് നന്ദന പരീക്ഷ എഴുതി ഉന്നത വിജയം നേടിയത് .
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർസെക്കണ്ടറി സ്‌കൂളിൽ കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥിനിയായിരുന്നു നന്ദന . ബിരുദമെടുത്തു നല്ലൊരു ജോലി നേടണമെന്നാണ് നന്ദനയുടെ ഇപ്പോഴത്തെ ആഗ്രഹം . നന്ദനയും ബിരുദാനന്തര വിദ്യാർത്ഥിനിയായ ചേച്ചിയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞനുജനും ഇപ്പോൾ പിതൃസഹോദരന്റെ സംരക്ഷണയിലാണ്.
പൊതുജന പങ്കാളിത്തത്തോടെ നന്ദന അജിത് കുമാറിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർസെക്കണ്ടറി സ്കൂൾ പണിതുകൊടുക്കുന്ന സ്നേഹവീടിന്റെ നിർമ്മാണം പുരോഗമിക്കുന്നു. സ്കൂൾ മാനേജർ ഫാ.മാത്യു കോണിക്കൽ, പ്രിൻസിപ്പൽ ജോസ് വർഗീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷീന സണ്ണി തുടങ്ങിയവർ നന്ദനയുടെ വിജയത്തിൽ അനുമോദനങ്ങൾ നേർന്നു .














































