

”അന്ധമായ രാഷ്ട്രീയ അടിമത്വം വെടിഞ്ഞു ജനങ്ങൾ നാടിന്റെ പുരോഗതിക്കു വേണ്ടി ഒരുമിച്ചുനിന്നാൽ ഏത് അഴിമതിക്കാരെയും കൊള്ളക്കാരെയും മുട്ടുകുത്തിക്കാമെന്നതിന്റെ തെളിവാണ് ട്വന്റി20 യുടെ തിളക്കമാർന്ന വിജയമെന്ന് ട്വന്റി20 ചീഫ് കോഡിനേറ്റർ സാബു ജേക്കബ് . ”അഴിമതി രാഷ്ട്രീയത്തിനെതിരെ കേരളത്തിലെല്ലായിടത്തും പൊതുസമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങളെ അവർ വിഴുങ്ങും. ഈ നാട് പട്ടിണിയിൽ നിന്ന് പട്ടിണിയിലേക്ക് കൂപ്പുകുത്തും. ” സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.
”കിഴക്കമ്പലത്ത് ട്വന്റി 20 യുടെ കുടക്കീഴിൽ കഴിഞ്ഞ തവണ ജയിച്ചവരിൽ മൂന്നുപേര് അഴിമതി നടത്തി. അവരെ ഞങ്ങൾ പുറത്താക്കി. അവർ മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചവരായിരുന്നു. പണ്ടാരാണ്ടു പറഞ്ഞപോലെ പട്ടിയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും വളഞ്ഞു തന്നെയല്ലേ ഇരിക്കയുള്ളൂ . അതുതന്നെ ഇവിടെയും സംഭവിച്ചു. പുറത്തുപോയവർ ഇപ്പോൾ ഞങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിച്ചുകൊണ്ട് പാർട്ടിക്കാരുടെ കൂടെ നടക്കുന്നു” സാബു ജേക്കബ് പരിഹസിച്ചു.
Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്
”എന്റെ വ്യവസായത്തിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ മുഖ്യ പങ്കും ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിച്ചതുകൊണ്ടാണ് ജനങ്ങൾ എന്നെ സ്നേഹിച്ചതും വിജയിപ്പിച്ചതും. സാധാരണ വ്യവസായികളിൽ പലരും രാഷ്ട്രീയക്കാർക്ക് വൻതുക സംഭാവന കൊടുത്തിട്ട് വളഞ്ഞ വഴിയിലൂടെ കൂടുതൽ പണം സമ്പാദിക്കാനാണ് ശ്രമിക്കുക. ഞാൻ അതിനു തയ്യാറായില്ല. അതുകൊണ്ടുതന്നെ എന്റെ വ്യവസായം തകർക്കാൻ രാഷ്ട്രീയ നേതാക്കന്മാർ ഒളിഞ്ഞും തെളിഞ്ഞും അഹോരാത്രം പണിപ്പെട്ടു. ജലം മലിനമാക്കുന്നു എന്ന തരത്തിൽ വ്യജവാർത്തകൾ പ്രചരിപ്പിച്ച് അവർ എനിക്കെതിരെ എന്റെ നാട്ടിലെ ജനങ്ങളെ തിരിക്കാൻ നോക്കി. ലോക്‌ഡൗൺ കാലത്ത് എന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് നല്ലഭക്ഷണവും താമസ സൗകര്യവും നൽകിയില്ല എന്ന് വ്യാജ വാർത്തകൾ പടച്ചുവിട്ടു. നാട്ടിൽ നല്ല റോഡുകൾ ഉണ്ടാവാതിരിക്കാൻ അധികാരകേന്ദ്രങ്ങളിൽ സ്വാധീനിച്ചു ഫയലുകൾ മുക്കി. വിലകുറച്ചു സാധനങ്ങൾ വിൽക്കുന്ന ഭക്ഷ്യസുരക്ഷാ സ്റ്റാൾ പൂട്ടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. എന്നാൽ കോടതിയുടെ സഹായത്തോടെ ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിക്കാൻ ട്വന്റി20 എന്ന ജനകീയ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.”
”ഈ രാഷ്ട്രീയക്കാർ എന്തുകൊണ്ട് നിങ്ങൾക്ക് ഒരു നല്ലവീടുണ്ടാകാൻ സമ്മതിക്കുന്നില്ല ? എന്തുകൊണ്ട് നല്ല റോഡുണ്ടാകാൻ സമ്മതിക്കുന്നില്ല? അതിന് ഒരു കാരണമേയുള്ളൂ. നിങ്ങൾ നന്നായാൽ അവർക്ക് നന്നാകാൻ പറ്റില്ല. നിങ്ങൾ പട്ടിണിയിൽ നിന്ന് പട്ടിണിയിലേക്ക് മുങ്ങി താഴണം. നിങ്ങളുടെ പട്ടിണിയാണ് അവരുടെ അന്നം. നിങ്ങൾ എന്ന് നന്നായോ അന്ന് അവരുടെ അന്നം മുട്ടുമെന്ന് അവർക്കറിയാം. കഴുതപ്പുറത്തിരുന്നു പുല്ലു കാണിച്ചു കഴുതയെ മുൻപോട്ട് കൊണ്ടുപോകുന്നപോലെ നാളെ നാളെ എന്ന് പറഞ്ഞു നിങ്ങളെ എക്കാലവും അവർ പറ്റിച്ചുകൊണ്ടേയിരിക്കും.”
Also Read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്
ട്വന്റി-20 യുടെ ആദ്യ പദ്ധതിയായ കുടിവെള്ള പദ്ധതി തടഞ്ഞുകൊണ്ടാണ് രാഷ്ട്രീയപാർട്ടിക്കാർ ഞങ്ങൾക്കെതിരെ രംഗത്ത് വന്നത്. പിന്നീട് അങ്ങോട്ട് എല്ലാ വികസന പ്രവർത്തനങ്ങളിലും തടസ്സങ്ങൾ സ്യഷ്ടിച്ചു. റോഡു പണികൾ തടസ്സപ്പെടുത്തിയും ട്വന്റി-20 സ്റ്റാൾ പുതുക്കി പണിയുന്നതിന് സ്റ്റോപ്പ് മെമ്മോ കൊടുപ്പിച്ചും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും കിഴക്കമ്പലത്തെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് ഇവിടുത്തെ ഇടത് വലത് രാഷ്ട്രീയക്കാർ ചെയ്തത്. ജനങ്ങൾക്ക് എല്ലാ സൗകര്യവും കിട്ടിയാൽ പിന്നെ അവർ തങ്ങളുടെ പിന്നാലെ വാലാട്ടി നടക്കില്ല എന്ന് നന്നായിട്ടറിയാവുന്ന പാർട്ടി നേതാക്കന്മാർ അവിടുത്തെ വികസനത്തെ തടയാൻ ഏല്ലാ വഴികളും നോക്കി. അതിനെയെല്ലാം ഞങ്ങളതിജീവിച്ചു.”
”റോഡ് പണിക്കായി സർക്കാർ മുടക്കുന്ന തുകയുടെ 40 ശതമാനമേ റോഡിൽ സാധാരണ മുടക്കുന്നുള്ളൂ . ബാക്കി 60 ശതമാനം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് പോകുകയാണ്. ട്വൻറി20 യുടെ വരവോടെ കിഴക്കമ്പലത്തെ രാഷ്ട്രീയക്കാർക്ക് പണം തട്ടാനുള്ള വഴികൾ അടഞ്ഞു. അതുകൊണ്ടാണ് അവർ എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതും റോഡുപണിക്കു എതിരുനിൽക്കുന്നതും. ട്വൻറി20 യെ തോൽപിക്കാൻ ആശയവും ആദർശവുമൊക്കെ വലിച്ചെറിഞ്ഞു മുൻപ് ബദ്ധവൈകളായിരുന്നവർ ഇപ്പോൾ ശത്രുത മറന്നു ഒന്നിച്ചു നിൽക്കുകയാണ്. ഇതാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയം! ഇത് ജനങ്ങൾ തിരിച്ചറിയണം” സാബു പറഞ്ഞു .
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
”ട്വൻറി20 വരുന്നതിനു മുമ്പ് ഇടതുമുന്നണിയും വലതുമുന്നണിയും മാറിമാറി ഭരിച്ചുകൊണ്ടിരിക്കയായിരുന്നു കിഴക്കമ്പലം പഞ്ചായത്ത്. രണ്ടുകൂട്ടർക്കും അറിയാം അടുത്തതവണ ഭരണം കിട്ടില്ലെന്ന്. അപ്പോൾ കയറുമ്പോൾ തന്നെ ഓരോരുത്തരും തീരുമാനിക്കുകയാണ് അഞ്ചുവർഷം കൊണ്ട് എന്തുമാത്രം ഉണ്ടാക്കാമോ അത്രയും ഉണ്ടാക്കുക എന്ന്. അതുകൊണ്ട് നാടിന്റെ വികസനത്തിനായി അവർ പണമൊന്നും മാറ്റിവച്ചില്ല.
കിഴക്കമ്പലം പഞ്ചായത്തിൽ ഈ കണ്ട വികസനമെല്ലാം നടത്തിക്കഴിഞ്ഞിട്ടും പതിമൂന്നര കോടി രൂപ മിച്ചം വച്ചിട്ടാണ് ട്വന്റി 20 ഭരണം ഒഴിഞ്ഞത് . അടുത്തത് ഞങ്ങളല്ല മറ്റേതെങ്കിലും പാർട്ടിയാണ് ഭരണത്തിൽ വരുന്നതെങ്കിൽ ആ പണം എടുത്തു വിനിയോഗിക്കാം. ഈ പണം കണ്ടിട്ടുകൂടിയാണ് ട്വന്റി 20 യെ ഏതുവിധേനയും തോൽപ്പിക്കാൻ വൈരം മറന്നു രാഷ്ട്രീയപാർട്ടികൾ ഒന്നിച്ചു നിന്നത്. ഇപ്പോൾ ഇവിടുത്തെ ജനങ്ങൾ തീരുമാനിച്ചു ഈ പണം രാഷ്ട്രീയ നേതാക്കന്മാരുടെ പോക്കറ്റിലേക്കല്ല പഞ്ചായത്തിലെ ജനങ്ങളുടെ കൈകളിലേക്കാണ് പോകേണ്ടതെന്ന്. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ” സാബു ജേക്കബ് പറഞ്ഞു.
Also Read മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP)
അദ്ഭുതകരമായ പ്രകടനമാണ് എറണാകുളം ജില്ലയിൽ ട്വന്റി–20 കൂട്ടായ്മ കാഴ്ചവച്ചത് . രാഷ്ടീയ പാർട്ടികൾക്കും മുന്നണികൾക്കുമെതിരെ ഒറ്റയ്ക്കു നിന്നു കഴിഞ്ഞതവണ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ചെങ്കിൽ ഇക്കുറി മൂന്നു അയൽ പഞ്ചായത്തുകളും കൂടി പിടിച്ചടക്കി. മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് എന്നിവയാണ് നേടിയത്. വെങ്ങോല പഞ്ചായത്തിൽ 23ൽ 10 വാർഡുകളിൽ ജയിച്ച് വലിയ ഒറ്റക്കക്ഷിയായി. ഐക്കരനാട് പഞ്ചായത്തിൽ 14 ൽ 14 വാർഡും തൂത്തുവാരി.
കിഴക്കമ്പലം പഞ്ചായത്തിൽ ആകെയുള്ള 19 വാർഡിൽ 18 എണ്ണവും നേടി. മഴുവന്നൂരിൽ 19 വാർഡിൽ 13 ലും കുന്നത്തുനാട് പഞ്ചായത്തിൽ 18 ൽ 11 ലും ജയിച്ചു. വെങ്ങോലയിൽ പത്തിടത്തു ജയിച്ചു .
കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ നേടി. ഒൻപതു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ജയിച്ചു.
വടവുകോട് ബ്ലോക്കിൽ യുഡിഎഫും ട്വന്റി–20യും 5 ഡിവിഷൻ വീതം ജയിച്ചു തുല്യനിലയിലാണ്. . വാഴക്കുളം ബ്ലോക്കിൽ 4 ഡിവിഷനിൽ ട്വന്റി–20 വിജയിച്ചു. വടവുകോട്ട് 2 ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തി.
”തേനും പാലും ഒഴുകുന്ന ഒരു നാട് നാളെ നിങ്ങൾക്ക് ഉണ്ടാക്കി തരാമെന്നു പറഞ്ഞാണ് സ്വതന്ത്ര്യം കിട്ടി 73 വർഷം രാഷ്ട്രീയക്കാർ നിങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ട്വന്റി20 വെറും അഞ്ചുവർഷം കൊണ്ട് ജനങ്ങൾ ആഗ്രഹിച്ചത് ചെയ്തു കൊടുത്തു. കിഴക്കമ്പലത്തെ ജനങ്ങളെ പറഞ്ഞു പറ്റിച്ച് ഇനി വോട്ട് തട്ടാൻ പറ്റില്ലെന്ന തിരിച്ചറിവിലാണ് കീരിയും പാമ്പും പോലെ പോരടിച്ചു നിന്ന പാർട്ടികൾ ഒന്നിച്ചു നിന്ന് അക്രമം അഴിച്ചുവിട്ട് ഞങ്ങൾക്കെതിരെ പോരാടിയത്. പൊതുസമൂഹം ഈ കാപട്യക്കാരെ തിരിച്ചറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നന്ദി ” സാബു ജേക്കബ് പറഞ്ഞു .
”മനസ് നന്നാകട്ടെ .. മനുഷ്യരൊന്നാകട്ടെ…
സത്യവും ധർമ്മവും പരിപാലിക്കും പുതിയൊരു തലമുറ ഉയരട്ടെ
നന്മയും കരുണയും പരസ്പരസ്നേഹവും നിറഞ്ഞൊരു തലമുറ വളരട്ടെ ..
ലക്ഷ്യം നന്നാകട്ടെ , ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഇവിടെ ഒരുമയോടെന്നെന്നും വാഴട്ടെ..
സത് കർമ്മങ്ങൾ സഹൃദങ്ങൾ ഇവിടെങ്ങും വിളയാടട്ടെ
ലക്ഷ്യം നന്നാവട്ടെ, മാനവധർമ്മം ലക്ഷ്യം അതാകട്ടെ
പ്രവൃത്തി നന്നാകട്ടെ , അച്ഛനും അമ്മയും മക്കളുമൊന്നായ് കുടുംബത്തിൽ സന്തോഷം വിരിയട്ടെ
നന്മകൾ നിറയും പുതിയ സമൂഹമായ് നവമൊരുയുഗം പിറക്കട്ടെ
പ്രവൃത്തി നന്നാകട്ടെ പുതിയൊരു സംസ്‌ക്കാരം വളരട്ടെ ” ട്വന്റി 20യുടെ ഉണർത്തുപാട്ടിന്റെ വരികളാണ് സാബുവിനു പൊതുസമൂഹത്തെ ഓർമ്മിപ്പിക്കാനുള്ളത്.
തയ്യാറാക്കിയത് : ഇഗ്‌നേഷ്യസ് കലയന്താനി
Also Read സ്വപ്നമാർക്കും ശങ്കരന്മാർക്കും തട്ടിയെടുക്കാനുള്ളതല്ല നികുതിപ്പണം. ട്വൻ്റി-ട്വൻ്റി മോഡൽ കൂട്ടായ്മ ചങ്ങനാശ്ശേരിയിലും.
Also Read ”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു”