തൊടുപുഴ : സിവിൽ സർവീസ് പരീക്ഷയിൽ താൻ നേടിയ ഉന്നത വിജയം ഒൻപതു വർഷം മുൻപ് കാർ അപകടത്തിൽ മരിച്ചുപോയ തന്റെ മാതാപിതാക്കൾക്കു സമർപ്പിക്കുന്നുവെന്നു 259 റാങ്ക് നേടിയ കെവിൻ ടോംസ് സ്കറിയ . തൊടുപുഴ മടക്കത്താനം പുളിക്കത്തുണ്ടിയിൽ പരേതരായ സ്കറിയയുടെയും മേരി അഗസ്റ്റിന്റെയും മകനാണ് കെവിൻ.
കൊച്ചുന്നാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു സിവിൽ സർവീസ് . അതിനുള്ള തയ്യാറെടുപ്പുകൾ സ്‌കൂൾ പഠന കാലത്തെ തുടങ്ങി . പഠിക്കുന്ന കാലം മുതലേ പത്രങ്ങളും വാരികകളും പുസ്തകങ്ങളും വായിച്ചു ഉള്ളിൽ അറിവ് നിറച്ചു. ബാങ്ക് ഉഗ്യോഗസ്ഥരായിരുന്ന മാതാപിതാക്കളുടെ സപ്പോർട്ടും കിട്ടിയതോടെ ആ ഉത്സാഹം ആവേശമായി മാറി.
ചെറുപ്പത്തിലേ നന്നായി പഠിച്ചതുകൊണ്ടു കുളമാവ് നവോദയ സ്‌കൂളിൽ പ്രവേശനം കിട്ടി . പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും ഗൗരവമുള്ള വായനയിലേക്ക് തിരിയാനും അത് വഴി ഒരുക്കി . കിട്ടുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി ക്വിസ് മത്സരങ്ങളിലും ഡിബേറ്റുകളിലും പങ്കെടുത്തു .


അങ്ങനെയാണ് പത്തുവർഷം മുൻപ് മനോരമന്യുസ് ടിവി നടത്തിയായ മനോരമ യുവ ചലഞ്ച് ക്വിസ് മത്സരത്തിനു കെവിനു അവസരമൊത്തുവന്നത് . പ്രാഥമിക മത്സരത്തിൽ നിന്ന് അയ്യായിരം പേരെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒരാൾ കെവിൻ ആയിരുന്നു . അയ്യായിരം മത്സരാർത്ഥികളിൽ നിന്ന് അവസാന റൗണ്ടിൽ കടന്നുകൂടിയതു നൂറു പേർ . തുടർന്ന് അങ്ങോട്ടുള്ള മത്സരം കടുകട്ടിയായിരുന്നു . മത്സരത്തിനൊടുവിൽ രണ്ടാം സമ്മാനമായ പൾസർ ബൈക്ക് കിട്ടിയത് അന്ന് കോഴിക്കോട് എൻഐടിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദ വിദ്യാർത്ഥിയായിരുന്ന കെവിൻ ടോംസ് സ്കറിയയ്ക്കായിരുന്നു.
2011ൽ കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന സഹോദരി ജെയിൻ മരിയയെ കോളജിൽ നിന്നു നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഉണ്ടായ കാറപകടത്തിലാണ് കെവിന്റെ മാതാപിതാക്കൾ മരിച്ചത്. ആ മരണം കെവിനെ തളർത്തിയെങ്കിലും മകൻ സിവിൽ സർവീസ് ഓഫിസറാകണമെന്ന മാതാപിതാക്കളുടെ മോഹം കെവിൻ ഹൃദയത്തിൽ സൂക്ഷിച്ചു.
കാലിക്കറ്റ് എൻഐടിയിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ചെന്നൈയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ കുറച്ചു നാൾ ജോലി ചെയ്തു. പിന്നീട് ജോലി രാജിവച്ചു മുഴുവൻ സമയവും സിവിൽ സർവീസ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിനായി ഡൽഹയിലായിരുന്നു . ആറു തവണ പരീക്ഷയെഴുതി. 2019ൽ റിസർവ് ലിസ്റ്റിൽ കെവിനുണ്ടായിരുന്നു. കൂടുതൽ മികച്ച വിജയം നേടാനായിരുന്നു വീണ്ടും പരീക്ഷ എഴുതിയത്. ഇന്ത്യൻ കോർപറേറ്റ് ലോ സർവീസ് പരീശീലനത്തിനായി ഹരിയാനയിലാണിപ്പോൾ കെവിൻ.
ഏക സഹോദരി ജെയിൻ ടോംസ് സ്കറിയ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ അധ്യാപികയാണ് . ജെയിന്റെ ഭർത്താവ് വെള്ളിയാമറ്റം ഓടക്കൽ ടോം തോമസ് ആണ് . കെവിന്റെ സിവിൽ സർവീസ് വിജയത്തിൽ അതീവ സന്തോഷത്തിലാണ് സഹോദരിയും സ്വന്തക്കാരും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം.
കദളിക്കാട് ഇടവക അംഗമായ കെവിനെ കോതമംഗലം മെത്രാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, പി ജെ ജോസഫ് എം എൽ എ , മുൻ മുവാറ്റുപുഴ എം എൽ എ ജോസഫ് വാഴക്കൻ , കെ പി സി സി ജന. സെക്രട്ടറി റോയി കെ പൗലോസ് , മാത്യു കുഴൽനാടൻ , കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് അഡ്വ . ബിജു പറയന്നിലം തുടങ്ങിയവർ അഭിനന്ദിച്ചു .