കൊച്ചി : ഒരു ചായയ്ക്ക് 100 രൂപ. സ്നാക്സിന് 200. മോരുംവെള്ളത്തിന് 120 . നെടുമ്പാശേരി ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളത്തിലെ കടകളിലെ ഭക്ഷ്യ സാധനങ്ങളുടെ വില കേട്ട് ഞെട്ടിയിരുന്നില്ലേ ? വിലകേൾക്കുമ്പോൾ ഒന്നും കഴിക്കാനാവാതെ വിശപ്പും ദാഹവും കടിച്ചു പിടിച്ചു മണിക്കൂറുകൾ വിമാനം കാത്ത് അകത്ത് ഇരിക്കേണ്ട ഗതികേട് യാത്രക്കാർക്ക് ഉണ്ടായിട്ടില്ലേ ? അതിന് ഇപ്പോൾ പരിഹാരം ആയിരിക്കുന്നു .
പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉള്‍പ്പെടെയുള്ള ചെറുകടികളും ഇനി വിമാനത്താവളത്തിനുള്ളിൽ കിട്ടും!
തൃശ്ശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഒരു കത്താണ് സാധാരണക്കാർക്കു താങ്ങാനാവുന്ന വിധത്തിൽ ചായയും ചെറുകടികളും കിട്ടാൻ വഴി ഒരുക്കിയത്.
ന്യായവിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ഒരു കടയെങ്കിലും വിമാനത്താവളത്തിൽ വേണമെന്നും അതുവഴി പാവങ്ങളായ യാത്രക്കാരെ സഹായിക്കണമെന്നുമാണ് ഷാജി പ്രധനമന്ത്രിക്കു കത്തെഴുതിയത് . ആ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നടപടി എടുത്തത് .
നെടുമ്പാശേരി വിമാനത്താവളത്തില്‍ 100 രൂപയാണ് ചായയ്ക്ക് ഷാജിയില്‍നിന്ന് ഈടാക്കിയത്. പരാതിപ്പെട്ടപ്പോൾ വിമാനത്താവള അധികൃതര്‍ കൈമലര്‍ത്തി. ഇതോടെ ഷാജിക്ക് വാശിയായി. തുടർന്നാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദ്ദേശം വന്ന കാര്യം ഷാജി അറിഞ്ഞത്. തന്റെ ഒരു കത്ത് ലക്ഷക്കണക്കിന് പാവങ്ങൾക്ക് ആശ്വാസം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഷാജി .ഇനി ദാഹിക്കുമ്പോൾ ന്യായവിലക്ക് പാനീയം കഴിക്കാം . വിശക്കുമ്പോൾ പോക്കറ്റ് ചോരാതെ ഭക്ഷണം കഴിക്കാം . ഇതിനു അവസരം ഒരുക്കിയ ഷാജിക്ക് ഇപ്പോൾ അഭിനന്ദങ്ങളുടെ പ്രവാഹമാണ് . ഒപ്പം പ്രധാനമന്ത്രി മോദിക്ക് നന്ദിയും .














































