ഇരിങ്ങാലക്കുട ആമ്പല്ലൂർ എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. ബസിന്റെ ഡ്രൈവറും ഗോപകുമാർ തന്നെ. ഇതേ ബസിലെ കണ്ടക്ടറായി
ഗോപകുമാറിന്റെ മകൾ ശ്രദ്ധ ജോലിചെയ്യുന്നു എന്നതാണ് ഇപ്പോൾ വാർത്ത. ഇതിൽ എന്ത് വാർത്ത എന്ന് ചോദിച്ചേക്കാം. ഒരു അച്ഛന്റെ വിഷമസന്ധിയിൽ സഹായിക്കാൻ മകൾ സ്വയം മുൻപോട്ട് വന്നു എന്നതുതന്നെ വാർത്ത.
ശ്രദ്ധ സി.എ. ഇന്റർമീഡിയറ്റ് പാസ്സായി ഫൈനലിന് തയ്യാറെടുക്കുമ്പോഴാണ് കൊറോണയുടെ വരവ്. ലോക് ഡൗണിൽ മൂന്നുമാസം ബസ് ഓടിയില്ല. രണ്ടുദശാബ്ദമായി ഓടിക്കൊണ്ടിരുന്ന ബസ് മാറ്റി മൂന്നുവർഷം മുമ്പാണ് പുതിയത് ഒന്ന് എടുത്തത് . പ്രതിമാസം മുപ്പതിനായിരം രൂപ ബാങ്കിൽ അടയ്ക്കണം. വണ്ടി ഷെഡിൽ കിടന്നാൽ പണി പാളുമല്ലോന്ന് മനസിലാക്കി റോഡിലിറക്കി . ജീവനക്കാരെ വച്ച് ഓടിച്ചാൽ കയ്യിൽ നിന്ന് കാശുപോകും. വിഷമസ്ഥിതിയിലായ അച്ഛന്റെ സങ്കടം മനസ്സിലാക്കി കണ്ടക്ടറാകാൻ മകൾ ശ്രദ്ധ സ്വയം മുൻപോട്ട് വന്നു.
ബാഗുമെടുത്തു ശ്രദ്ധ കണ്ടക്ടറായി അച്ഛന്റെ വണ്ടിയിൽ കയറി. ആദ്യം ഒരു അപരിചിതത്വം ഉണ്ടായിരുന്നു. തുടക്കത്തിൽ ഫെയർ സ്റ്റേജ് കടലാസിൽ എഴുതി കൈയിൽ സൂക്ഷിച്ചായിരുന്നു ടിക്കറ്റ് കൊടുത്തിരുന്നത് .യാത്രക്കാർ അധികമില്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടായില്ല . എന്തെങ്കിലും സംശയം വന്നാൽ ഡ്രൈവറായ അച്ഛനോട് ചോദിക്കും.
തന്റെ വിഷമം കണ്ടു സഹായിക്കാനെത്തിയ മകളെക്കുറിച്ച് വലിയ അഭിമാനമുണ്ടെന്ന് ഗോപകുമാർ പറഞ്ഞു . അവൾ സ്വയം മുന്നോട്ടുവന്നതാണ് . ഞാൻ ആവശ്യപ്പെട്ടിട്ടേയില്ല . അവൾക്ക് അറിയാവുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അവൾക്ക് പഠിക്കാനും മറ്റും കാശ് വേണമെന്ന് അവൾക്കറിയാമല്ലോ.
മകൾക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെയും അച്ഛന് മകളോടുള്ള കരുതലിന്റെയും നല്ലൊരു ഉദാഹരണമാണ് ഈ പ്രവൃത്തി.
ഈ വാർത്തയോട് അനുബന്ധമായി ഒരു കഥ കൂടി കേൾക്കുക.
ഓട്ടോ ഡ്രൈവർ ആയ അച്ഛൻ, ഡിഗ്രി കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറിയ മകളോട് ആദ്യ ശമ്പളത്തിൽ നിന്നും കടമായി അയ്യായിരം രൂപ ചോദിച്ചു. മകൾ അച്ഛന്റെ മുഖത്തു നോക്കി പറഞ്ഞു.
“ഞാൻ തരില്ല… വണ്ടി നല്ലപോലെ ഓടിച്ചിരുന്നേൽ ഇങ്ങനെ ഇടക്കിടക്ക് വർക്ക് ഷോപ്പിൽ കേറ്റേണ്ടി വരുമായിരുന്നോ..?”
ഉള്ളിലെ എരിച്ചിലിന്റെ പുക ഒരു ബീഡിയിൽ പുറത്തേക്കുവിട്ട് അച്ഛൻ ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നു.
ഓഫീസിൽ എത്തി മൊബൈൽ എടുത്ത് നോക്കിയപ്പോളാണ് മകൾ അറിഞ്ഞത്. ഇന്ന് ഫാദേഴ്‌സ് ഡേ ആണല്ലോന്ന് . എല്ലാവരെയും പോലെ അവളും ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു.
”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു… ഹാപ്പി ഫാദേഴ്‌സ് ഡേ .”
ആ സമയത്ത് പരിചയക്കാരനോട് കടം ചോദിക്കാൻ അച്ഛൻ വെയിലും കൊണ്ട് ഓടി നടക്കുകയായിരുന്നു