ഓർമ്മയുണ്ടോ ആ സംഭവം? 2017 ജൂണിൽ മാധ്യമങ്ങളിൽ ചർച്ചയായ ഒരു വാർത്തയും വൈറലായ ഒരു വിഡിയോയും ? വാർത്ത ഇങ്ങനെയായിരുന്നു : കണ്ണൂർ ബിഷപ്പ് ഹൗസിൽ പായ വിരിച്ചു മുസ്ലിം ആചാരപ്രകാരം നിസ്കരിച്ചു കത്തോലിക്ക ബിഷപ്പ് മാനവസ്നേഹത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു.
ബിഷപ്പ് ഹൗസിൽ നിസ്കാര പായ വിരിച്ചു ബാങ്ക് വിളി നടത്തുകയും നിസ്കരിക്കുകയും ചെയ്യുന്ന ബിഷപ്പിന്റെ ദൃശ്യങ്ങളും വിഡിയോയും അന്ന് സോഷ്യൽ മീഡിയയിലും ടിവിയിലും വന്നിരുന്നു. ബിഷപ്പ് ഹൗസിൽ വിളിച്ചു കൂട്ടിയ ഇഫ്താർ പാർട്ടിയിലും നിസ്കാര പ്രാർഥനയിലും ബിഷപ് ഡോ. അലക്സ് വടക്കുംതലയും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും ബി.ജെ.പി നേതാവ് കെ. രതീശും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. മതവും ജാതിയും മറന്നുള്ള മാനവിക സ്നേഹത്തിന്റെ മഹത്തായ സന്ദേശമായി ഈ പ്രവൃത്തിയെ അന്ന് മാധ്യമങ്ങൾ പ്രശംസിക്കുകയും ചെയ്തിരുന്നു .
അതേസമയം മെത്രാൻ ഒന്നാം പ്രമാണം ലംഘിച്ചു എന്നായിരുന്നു ഇതിനെ എതിർത്ത ക്രൈസ്തവ വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ ആക്ഷേപം. ചില ക്രിസ്തീയ മാധ്യമങ്ങളും വിമർശനവുമായി രംഗത്തുവന്നിരുന്നു .
“നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്” എന്ന ക്രിസ്തീയ ദൈവവിശ്വാസത്തിന്റെ പരസ്യമായ ലംഘനമാണ് ഇതെന്ന് പറഞ്ഞു പാരമ്പര്യത്തിൽ മുറുകെപ്പിടിക്കുന്ന ക്രൈസ്തവർ അന്ന് ബിഷപ്പിനെ കുറ്റപ്പെടുത്തി. ചില സോഷ്യമീഡിയ ഗ്രൂപ്പുകളും ബിഷപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻപോട്ട് വന്നു.
സഭയുടെ അധ്യക്ഷന്മാർ ഇങ്ങനെ ഒന്നാം പ്രമാണം ലംഘിക്കുമ്പോൾ വിശ്വാസികള്‍ക്ക് ഇത്തരം പാപങ്ങൾ ലഘുവായി തോന്നാം എന്നാണ് സഭയുടെ ആചാരാനുഷ്ടാനങ്ങളിൽ മുറുകെപ്പിടിച്ചവർ ചൂണ്ടിക്കാട്ടിയത്. ഇതുകണ്ട് ചിലരൊക്കെ ഇത്തരം പ്രവർത്തികളെ അനുകരിക്കാൻ ശ്രമിച്ചേക്കാം എന്നും ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും സഭയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അഭിപ്രായങ്ങൾ വന്നു .
”മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവർ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം . അപ്പസ്തോലൻമാരുടെ പിൻഗാമിയായ ഒരു ബിഷപ്പ് ഇപ്രകാരം ചെയ്യുന്നത് മാരകമായ പാപമാണ്.” ചിലർ ചൂണ്ടിക്കാട്ടി .
”നാം മറ്റു മതങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെ ബഹുമാനിക്കുകയും അവരെ സ്നേഹിക്കുകയും വേണം. പക്ഷെ അവരോടുള്ള സ്നേഹവും സൗഹൃദവും പങ്കു വയ്‌ക്കേണ്ടത് അവർ ആരാധിക്കുന്ന ദൈവിക സങ്കൽപങ്ങളെ ആരാധിച്ചുകൊണ്ടല്ല. ഒന്നാം പ്രമാണം ഏകദൈവത്തെയല്ലാതെ മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യരുത് എന്ന്‍ ആവശ്യപ്പെടുന്നു.” പ്രവാചകശബ്ദം എന്ന ഓൺലൈൻ പത്രം ബിഷപ്പിന്റെ പ്രവൃത്തിയെ നിശിതമായി കുറ്റപ്പെടുത്തിക്കൊണ്ട് എഴുതിയത് ഇങ്ങനെയാണ് .
അതേസമയം ബിഷപ്പിന്റെ പ്രവൃത്തിയെ അനുകൂലിച്ചും അഭിനന്ദിച്ചും ഒരുവിഭാഗം വിശ്വാസികൾ രംഗത്തുവന്നു. അനുകൂലിച്ചവരിൽ ഒരാൾ കുറിച്ചത് ഇങ്ങനെ :
”മുസ്ലിംകൾ ഉച്ചരിക്കുന്ന അല്ലാഹു അക്ബർ എന്നതിന് ദൈവം പരിശുദ്ധനാകുന്നു വലിയവനാകുന്നു എന്ന അർത്ഥമാണ്. നമ്മുടെ ആരാധനയും പരിശുദ്ധനായ ദൈവത്തെ തന്നെ. അപ്പോൾ വിശ്വാസമനുസരിച്ച് ഏക ദൈവത്തെ ആരാധിക്കുന്നവർ നമ്മൾ മാത്രമാണോ ? സൃഷ്ടാവിനെ ആരാധിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നവർ ഇത്തരം കാര്യങ്ങളെ വിദ്വേഷത്തോടെ സമീപിക്കരുത് .”
ഒമറ്റൊരാൾ ഇങ്ങനെ എഴുതി : ”ഒരു വീട്ടിലെ അംഗങ്ങൾ വെവ്വേറെ നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ, നീ വെള്ള ഇട്ടവൻ നീ പച്ച ഇട്ടവൻ അവൻ മഞ്ഞ ഇട്ടവൻ എന്നു പറഞ്ഞു മാറ്റി നിർത്തുമോ ആരെങ്കിലും ? അതു പോലെ ഭൂമി എന്ന വീട്ടിലെ വെവ്വേറെ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞവരായി മാത്രം വിവിധ മതവിശ്വാസികളെ കണ്ടാൽ മതി . മതം അല്ല മനുഷ്യൻ ആണ് വലുത്.”
” ഹിന്ദുവും ക്രിസ്‌ത്യാനിയും മുസൽമാനും ഒരുമിച്ചിരുന്നു ഭക്ഷിക്കുമ്പോൾ ഒരാളും കുറ്റം പറയില്ല . ഒന്നിച്ചിരുന്നു പ്രാർത്ഥിച്ചാൽ കുഴപ്പം . ബിഷപ്പ് പ്രാർഥിച്ചത് എന്താണെന്നു ആർക്കും അറിയില്ലല്ലോ? മുസ്ലിങ്ങൾ ചെയ്തതുപോലെ ബിഷപ്പും കമിഴ്ന്നു കിടന്നതുകൊണ്ടാണ് ചിലർക്ക് കുരു പൊട്ടിയത് . ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ? ” വേറൊരാൾ കുറിച്ചത് ഇങ്ങനെ .
പ്രശസ്ത ധ്യാനഗുരുവും കപ്പൂച്ചിൻ സഭ വൈദികനുമായ ഫാ ബോബി ജോസ് കട്ടിക്കാട്ട് ഒരിക്കൽ മാതൃഭൂമിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി :
” എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. പൂജകള്‍, കാര്യസാധ്യ പ്രാര്‍ഥനകള്‍, വഴിപാടുകള്‍, കവിയുന്ന കാണിക്കവഞ്ചികള്‍, വീടുകളേക്കാള്‍ എണ്ണം കൂടുന്ന ദേവാലയങ്ങള്‍…
ഞാന്‍ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. നമ്മള്‍ ഒരു ചായക്കടയിലോ തട്ടുകടയിലോ ഇരിക്കുമ്പോള്‍ നമുക്ക് മതമോ ജാതിയോ ഒന്നുമില്ല. എല്ലാവരും ഒന്നിച്ച് ചായകുടിക്കുന്നു, സംസാരിക്കുന്നു, പിരിയുന്നു. എന്നാല്‍, ദേവാലയങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നാം വേറെ വേറെയാവുന്നു. വ്യത്യസ്ത മതം, വ്യത്യസ്ത വിശ്വാസം, വ്യത്യസ്ത പ്രാര്‍ഥനകള്‍. ഇത് മാറി എല്ലാ മതക്കാരും ചായക്കടയിലേതുപോലെ ഒന്നിച്ചിരുന്ന് പ്രാര്‍ഥിക്കുന്ന ഒരിടം എന്റെ സ്വപ്നമാണ്. എന്തുകൊണ്ട് നമുക്ക് ഒന്നിച്ചിരുന്ന് പ്രാര്‍ഥിച്ചുകൂടാ? ഒരു മേല്‍ക്കൂരയ്ക്കുകീഴെ ചേര്‍ന്നിരുന്ന് ദൈവവുമായി ഭാഷണം ചെയ്തുകൂടാ? അത്തരത്തിലുള്ള ഒരു മതവും ആ അവസ്ഥയിലേക്കെത്തിയ ഒരു മനുഷ്യനുമാണ് എന്റെ സങ്കല്പത്തിലുള്ളത്.”
Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ
Read Also 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!
Read Also കരുണയുള്ളവർ കഴിവുള്ളത് നൽകി കൈത്താങ്ങാകുക
Read Also ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു
Read Also മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നുംമുത്തായി
Read Also ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം:
Read Also ”മുൻപ് കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല
Read Also ”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ”