ചില കുടുംബങ്ങളിൽ എന്തുമാത്രം സംശയമാണ്! ഭാര്യയ്ക്ക് ഭർത്താവിനെ സംശയം. ഭർത്താവിന് ഭാര്യയെ സംശയം. ഈ സംശയം വരുന്നത് പലതും ഒളിച്ചും മറച്ചും പോകുന്നത് കൊണ്ടല്ലേ?
മഹിളാ സമാജത്തിന്റെ മീറ്റിങ്ങിന് പോയിട്ട് വന്ന അമ്മയോട് നാലു വയസ്സുള്ള മകൻ പറയുകയാണ്:
” എന്റെ അമ്മേ .., ഈ അപ്പൻ ഭയങ്കര സാധനമാ കേട്ടോ.”
“എന്നാടാ ?”
”അമ്മ മഹിളാസമാജത്തിന്റെ മീറ്റിങ്ങിന് പോയപ്പോൾ അപ്പൻ ഉണ്ടല്ലോ; അടുക്കളക്കാരി അമ്മണിയുടെ കൂടെ ..എന്റെ അമ്മേ… ”
അത് കേട്ടതും അമ്മ പറഞ്ഞു : ” മോനേ നീ ഇപ്പം ഇത് പറയണ്ട. രാത്രി അത്താഴം കഴിക്കുമ്പോൾ അപ്പനിരിക്കുന്ന സമയത്ത് പറഞ്ഞാൽ മതി.” അവൻ തലയാട്ടി.
രാത്രി അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ അമ്മ അവനെ തോണ്ടിയിട്ട് പറയെടാ എന്ന് കണ്ണ് കൊണ്ട് കാണിച്ചു: അവൻ പറഞ്ഞു : ” എന്റെ അമ്മേ, നമ്മുടെ അപ്പനുണ്ടല്ലോ, അമ്മ മഹിളാ സമാജത്തിന്റെ മീറ്റിങ്ങിന് പോയപ്പോൾ അടുക്കളക്കാരി അമ്മിണി..”
അവൻ അത്രയും പറഞ്ഞതും അപ്പൻ കാലിൽ ചവിട്ടിയിട്ട് മിണ്ടല്ലേ മിണ്ടല്ലേ എന്ന് കണ്ണുകൊണ്ടു കാണിച്ചു.
”അപ്പൻ.., അടുക്കളക്കാരി അമ്മിണി .. എന്താടാ? പറയെടാ ?” അമ്മ നിർബന്ധിച്ചു.
” എന്റെ അമ്മേ അമ്മ മഹിളാ സമാജത്തിന്റെ മീറ്റിങ്ങിന് പോയപ്പോൾ..” അവൻ വീണ്ടും പറയാൻ തുടങ്ങിയതും അപ്പൻ കാലിൽ ചവിട്ടി. മിണ്ടല്ലേ മിണ്ടല്ലേ.
അവൻ പറഞ്ഞു. “അപ്പൻ ചവിട്ടുന്നു…, ഞാൻ എങ്ങനെയാ അമ്മേ പറയുന്നത് ”
അമ്മ നിർബന്ധിച്ചു: ”പറയടാ”
”അമ്മ മഹിളാ സമാജത്തിന്റെ ..”
അപ്പൻ വീണ്ടും കാലിൽ ചവിട്ടി. പറയല്ലേ.., പറയല്ലേ. അവൻ നിറുത്തിയപ്പോൾ അമ്മ വീണ്ടും പറഞ്ഞു: ”പറയടാ. പറയടാ ”
ഞാനങ്ങു പറയാൻ പോകുവാ എന്ന് പറഞ്ഞു അവൻ തുടർന്നു : ”അമ്മ മഹിളാ സമാജത്തിന്റെ മീറ്റിംഗ് പോയപ്പോൾ അപ്പൻ അടുക്കളക്കാരി അമ്മിണിയുടെ കൂടെ..”
” അമ്മിണിയുടെ കൂടെ ?”
”ഇന്നാള് അപ്പൻ ബാംഗ്ലൂരു കച്ചവടത്തിന് പോയപ്പോൾ അമ്മ കറവക്കാരൻ പാപ്പച്ചന്റെ കൂടെ എന്തെല്ലാം കാണിച്ചുവോ അതുപോലെ അപ്പനും കാണിച്ചു”
Also read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ
ഇതാണ് നമ്മൾ കാണുന്ന ലോകം! ഒളിക്കലും മറക്കലും ഉള്ള ഒരു ലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഭർത്താവ് ഭാര്യയെ ഒളിക്കുന്നു. ഭാര്യ ഭർത്താവിനെ ഒളിക്കുന്നു. ഇവിടെയാണ് പറയുക വാഴ്ത്തിക്കൊടുക്കുന്ന ഒരു ജീവിതശൈലി വേണമെന്ന് . വാഴ്ത്തി കൊടുക്കുന്ന ഒരു ജീവിതശൈലി ഉണ്ടെങ്കിൽ ഒളിക്കാനും മറയ്ക്കാനുമില്ലാത്ത ഒരു ജീവിതം ഉണ്ടാകും.
40 വയസ്സുള്ള ഭാര്യ ക്യാൻസർ ബാധിച്ച് മരിക്കാൻ കിടക്കുകയാണ്. 45 വയസുള്ള ഭർത്താവ് അരികിലിരുന്ന് തുണി വെള്ളത്തിൽ മുക്കി ഉച്ചി മുതൽ ഉള്ളങ്കാൽ വരെ തുടച്ചു കൊടുക്കുന്നു. ട്യൂബിലൂടെ പാലും പഴച്ചാറും കൊടുക്കുന്നു. എപ്പോഴെല്ലാം കുളിപ്പിച്ച് തണുപ്പിച്ച് കിടത്തുന്നുവോ അപ്പോഴെല്ലാം അവന്റെ കണ്ണ് നിറയുന്നു . മൂക്ക് ചാമ്പങ്ങ പോലെ ചുവക്കുന്നു. ചൊടി കടിച്ചുപിടിക്കുന്നു. അതുകണ്ടപ്പോൾ ഭാര്യക്ക് മനസ്സിലായി താൻ മരിച്ചാൽ ഇദ്ദേഹം ഹൃദയം പൊട്ടി മരിക്കും, അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും എന്ന്.
ഒരു ദിവസം ഈ ഭാര്യ ഭർത്താവിനോട് പറഞ്ഞു : ” ഞാൻ ഒരു കാര്യം പറഞ്ഞാൽ മനപ്രയാസം തോന്നരുത് ”
” എന്നാടി?”
” ഞാൻ മരിച്ച് കൃത്യം ഒന്നാം ചരമവാർഷികം കഴിഞ്ഞു ഏഴും കഴിയുമ്പോൾ ചേട്ടൻ പോയി ഇഷ്ടമുള്ള പെണ്ണിനെ കെട്ടി സന്തോഷമായിട്ട് ജീവിക്കണം. സ്വർഗത്തിൽ ഇരുന്നു ഞാനത് കണ്ടു സന്തോഷിച്ചോളാം.”
അവൻ പറഞ്ഞു: ” എടീ കമ്പിപ്പാര കൊണ്ട് നീ എന്റെ നെഞ്ചത്ത് കുത്തുന്ന വർത്തമാനം പറയരുത്”
അവൾ തുടർന്നു : ”ചേട്ടാ, കെട്ടിയാൽ മാത്രം പോരാ. എന്റെ നെക്ലസ് അവളുടെ കഴുത്തിൽ ഇടണം. എന്റെ കമ്മൽ അവളുടെ കാതിൽ അണിയിക്കണം. എന്റെ പാദസരം അവളുടെ കാലിൽ ധരിപ്പിക്കണം ”
ഓരോന്നും പറയുമ്പോൾ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് ഭർത്താവ് കരയുന്നുണ്ട്. അവൻ പറഞ്ഞു. ” കണ്ണിൽ ചോരയില്ലാത്ത വർത്തമാനം പറയല്ലേ. നിന്റെ മുഖം അല്ലാതെ വേറൊരു മുഖം എനിക്ക് ധ്യാനിക്കാൻ പറ്റുമോ ? നിന്റെ സ്വരമില്ലാതെ മറ്റൊരു സ്വരം എനിക്ക് ചിന്തിക്കാൻ പറ്റുമോ?”
അവസാനം അവൾ പറഞ്ഞു: ”ചേട്ടാ അത് മാത്രം പോരാ, എന്റെ കയ്യിൽ കിടക്കുന്ന ഈ വള ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഇടതുകൈയിൽ ഇടണം. എനിക്ക് അത് കാണണം.”
പെട്ടെന്ന് അവൻ അറിയാതെ പറഞ്ഞു പോയി. ”അത് അവൾക്ക് ചേരുമെന്നു തോന്നുന്നില്ല. നിന്നെക്കാൾ വണ്ണമുണ്ട് അവളുടെ കൈക്ക്”
Also read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!
നമ്മൾ കാണുന്ന എല്ലാ സ്നേഹത്തിലും ഉണ്ട് ഒരു കൊളുത്തിപ്പിടുത്തം, ഒരു മായം. മായമില്ലാത്ത സ്നേഹം ദൈവത്തിൻറെ സ്നേഹം മാത്രമാണ്.
ഇന്ന് ജീവിതത്തിൽ പൊതുവെ ഒരു തണുപ്പ് ബാധിച്ചിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആദ്യകാലങ്ങളിൽ ദമ്പതികൾ നല്ല സ്നേഹത്തിലായിരിക്കും. കുറച്ചുകഴിയുമ്പോൾ വീര്യം പോയി ശൗര്യം പോയി. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഭർത്താവും ഭാര്യയും എന്തൊരു സ്നേഹം ആണ്. കല്യാണം കഴിഞ്ഞ് ഒന്നാം വർഷം ഭർത്താവ് പറഞ്ഞു കൊണ്ട് കിടക്കും. ഭാര്യ കേട്ടുകൊണ്ട് കിടക്കും. രണ്ടാംവർഷം ഭാര്യ പറഞ്ഞുകൊണ്ട് കിടക്കും, ഭർത്താവ് കേട്ടുകൊണ്ട് കിടക്കും . മൂന്നാംവർഷം രണ്ടുപേരും ഒരുമിച്ചു പറഞ്ഞുകൊണ്ടുകിടക്കും നാട്ടുകാരെ കേട്ടുകൊണ്ടുകിടക്കും. ആദ്യനാളുകളിലെ വീര്യം പോയി ലഹരി പോയി.
Also read എത്ര പ്രായമായാലും പിണക്കമായാലും ദമ്പതികൾ ഒരു മുറിയിലെ കിടക്കാവൂ.
ഒരു ഭർത്താവും ഭാര്യയും പള്ളിയുടെ സെമിത്തേരിയുടെ അടുത്തു കൂടി നടന്നു പോകുമ്പോൾ പരിചയമുള്ള ഒരു സ്ത്രീ ആ ദിവസം മരിച്ചുപോയ അവരുടെ ഭർത്താവിന്റെ കല്ലറയുടെ മുകളിൽ കയറിയിരുന്ന് പത്രം കൊണ്ട് വീശി കൊണ്ടിരിക്കുന്നു. ഭർത്താവ് പറഞ്ഞു : ”നോക്കെടീ, കല്ലറയിൽ പോലും ഭർത്താവിന് ചൂട് അടിക്കാതിരിക്കാൻ ഒരു ഭാര്യയുടെ കരുതൽ കണ്ടോ നീ ?”
ഭാര്യ പറഞ്ഞു: ” പിന്നെ.., ജീവിച്ചിരുന്നപ്പോൾ ഇല്ലാതിരുന്ന കരുതലാണോ മരിച്ചപ്പോൾ കൊടുക്കുന്നത് . നമുക്ക് അവളോടുതന്നെ ചോദിച്ചുനോക്കാം ”
അവർ നേരെ സിമിത്തേരിയിലേക്ക് കയറി ആ സ്ത്രീയോട് കാര്യം തിരക്കി. അവർ പറഞ്ഞു “എന്റെ കെട്ടിയോൻ മരിക്കുന്നതിനു ഒരു മാസം മുമ്പ് എന്നോട് പറഞ്ഞിരുന്നു ഞാൻ മരിച്ചുകഴിയുമ്പോൾ ഇവിടെ ഈ ഭൂമിയിൽ നീ കഷ്ടപ്പെടുന്നത് കണ്ടാൽ എന്റെ ആത്മാവിന് നിത്യശാന്തി കിട്ടില്ല . അതുകൊണ്ട് എന്റെ കല്ലറയുടെ സിമന്റ് ഉണങ്ങിക്കഴിയുമ്പോൾ നീ അയൽപക്കത്തെ ബാബുവിനെ കെട്ടിക്കോണം എന്ന് . അതുകൊണ്ട് ഞാൻ ഈ കല്ലറയുടെ സിമന്റുണങ്ങാൻ വീശുകയാണ് . അത് കഴിഞ്ഞിട്ട് വേണം എനിക്ക് ബാബുവിനെ കെട്ടാൻ”
നമ്മൾ കാണുന്ന സ്നേഹത്തിൽ എല്ലാം ഉണ്ട് ഒരു കബളിപ്പിക്കൽ, ഒരു കൊളുത്തി പിടുത്തം. സത്യമായ സ്നേഹം ദൈവത്തിൻറെ സ്നേഹം മാത്രമാണ്.
കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രഭാഷണം കേൾക്കൂ. വീഡിയോ കാണുക
Also read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്
Also read പഠിച്ചുവച്ച പദങ്ങൾ. വിളിച്ചു ശീലിച്ച വാക്കുകൾ. ആ കുടുംബം ഒരു നരകം!
Also read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്