Home Kerala മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP) കൂട്ടായ്മ

മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP) കൂട്ടായ്മ

1993
0
വൺ ഇന്ത്യ വൺ പെൻഷൻ

”രാഷ്ട്രീയ സ്വാധീനത്തിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ കയറിക്കൂടി രണ്ട് വർഷം പിന്നിടുന്നവർക്കുപോലും ആജീവനാന്തം പെൻഷൻ വാങ്ങാൻ അർഹതയുള്ള ഈ നാട്ടിൽ ആരോഗ്യമുള്ള കാലമത്രയും എല്ലുമുറിയെ പണിയെടുത്തു പൊതുജനത്തെ തീറ്റിപ്പോറ്റുന്ന കർഷകരും അസംഘിടിത തൊഴിലാളികളും , അവർ വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ പ്രതിമാസം പതിനായിരം രൂപ പെൻഷൻ വേണമെന്ന് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ് ?” ചോദ്യം വൺ ഇന്ത്യ വൺ പെൻഷനുവേണ്ടി ശബ്ദമുയർത്തുന്ന കൂട്ടായ്മയുടേത് . അറുപത് പിന്നിട്ട എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന ആവശ്യമുയർത്തി ഇപ്പോൾ “വൺ ഇന്ത്യ വൺ പെൻഷൻ’ (OIOP ) മൂവ്‌മെന്റ് സംസ്ഥാനത്ത് സജീവമായിരിക്കയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആളുകൾ അതിനായി അഭിപ്രായരൂപീകരണം നടത്തി കർമ്മരംഗത്തിറങ്ങികഴിഞ്ഞു.

എല്ലാ ജനവിഭാഗത്തിനും സാമൂഹ്യ സുരക്ഷയും തുല്യ നീതിയും ഉറപ്പാക്കണമെന്ന ഇച്ഛാശക്തി ഭരിക്കുന്നവർക്ക് ഉണ്ടെങ്കിൽ വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് ഇതിനായി ശബ്ദമുയർത്തുന്നവർ പറയുന്നത് . എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ജീവിതോപാധിയും നൽകാൻ കഴിയുംവിധം ഭരണസംവിധാനത്തിൽ അഴിച്ചു പണി നടത്തണം.

വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആവശ്യമുന്നയിച്ചു ഒരുസംഘം ആളുകൾ സോഷ്യൽ മീഡിയയിൽ കൂട്ടായ്‍മ ഉണ്ടാക്കി പ്രചാരണം തുടങ്ങിയിട്ട് മാസം രണ്ടു പിന്നിട്ടു. നാലരലക്ഷത്തിലേറെ ആളുകൾ ഇതിനോടകം ഗ്രൂപ്പിൽ അംഗങ്ങളായി . പ്രശസ്ത വാഗ്മിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫാ. ഡേവിസ് ചിറമേൽ, എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പ്രൊഫ . എം എൻ കാരശേരി തുടങ്ങി നിരവധി പ്രശസ്തർ ഈ മൂവ്‌മെന്റിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിട്ടുമുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഈ ഗ്രൂപ്പ് നിവേദനവും നൽകി കഴിഞ്ഞു.

തൊഴിലാളി എന്നാൽ സർക്കാർ ജീവനക്കാർ മാത്രമാണെന്ന നിലപാട് അഭിനവതൊഴിലാളി സംരക്ഷകർ തിരുത്തണമെന്നാണ് OIOP കൂട്ടായ്മ ആവശ്യപ്പെടുന്നത്

കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയെ തകർക്കാൻ ചില കോണുകളിൽ നിന്ന് ഒളിഞ്ഞും തെളിഞ്ഞും ശ്രമവും ഉണ്ട് . ഈ കൂട്ടായ്മ ശക്തിപ്പെട്ടാൽ തങ്ങളുടെ നിലനിൽപ്പ് അവതാളത്തിലാകുമെന്നു ഭയക്കുന്ന ചില രാഷ്ട്രീയ സംഘടനകളാണ് ഇതിനെ തകർക്കാൻ ശ്രമിക്കുന്നതെന്നു OIOP കൂട്ടായ്മ കുറ്റപ്പെടുത്തുന്നു .

വൺ ഇന്ത്യ വൺപെൻഷൻ എന്ന OIOP കൂട്ടായ്മയുടെ ആവശ്യം തൊഴിലാളി വിരുദ്ധമാണെന്നാണ് ട്രേഡ്‌യൂണിയൻ നേതാക്കളുടെ നിലപാട് . തൊഴിലാളികളുടെയും ദരിദ്ര, ഇടത്തരം കർഷകരുടെയും ജീവിതപ്രശ്നങ്ങൾ ഉയർത്തി തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ നിരന്തരമായി സമരം നടത്തിവരികയാണെന്നും പ്രായപൂർത്തിയായ എല്ലാവർക്കും തൊഴിൽ നൽകുക, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആക്കുക , 60 വയസ്സ്‌ കഴിഞ്ഞവർക്ക് പ്രതിമാസം 6500 രൂപ പെൻഷൻ നൽകുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും നിരവധി പണിമുടക്കുകൾ നടത്തിയിട്ടുണ്ടെന്നും അക്കാലത്തൊന്നും ജനങ്ങളോടൊപ്പം നിൽക്കാതെ മാളത്തിലിരുന്നവർ ഇപ്പോൾ വൺ ഇന്ത്യ വൺ പെൻഷൻ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയതിന്റെ പിന്നിൽ ആരുടെ കുബുദ്ധിയാണ് എന്നാണ് സംഘടിത തൊഴിലാളി നേതാക്കളുടെ ചോദ്യം. എല്ലാം സ്വകാര്യവൽക്കരിക്കുന്ന കേന്ദസർക്കാരിന്റെ തെറ്റായ നയം മൂലമാണ് ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നതെന്നും അത് മനസിലാക്കാത്തവരാണ് വൺ ഇന്ത്യ വൺ പെൻഷനു വേണ്ടി മുറവിളി കൂട്ടുന്നതെന്നും അവർ ആക്ഷേപിക്കുന്നു

അതേസമയം ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കർഷരെയും കർഷ തൊഴിലാളികളെയും കച്ചവടക്കാരെയും ചെറുകിട സ്വയം സംരഭകരെയും അസംഘടിതമേഖലയിലെ തൊഴിലാളികളെയും പെൻഷൻ പദ്ധതികളിൽ നിന്ന് പുറംതള്ളാനുള്ള ബോധപൂർവ്വമായ നീക്കമാണ് സംഘടിത തൊഴിലാളിവർഗ്ഗം നടത്തുന്നത് എന്ന് OIOP കൂട്ടായ്മ കുറ്റപ്പെടുത്തുന്നു. . ഇലക്ഷൻ വരുമ്പോൾ വാരിക്കോരി വാഗ്ദാനങ്ങൾ നൽകുകയും ഭരണത്തിലേറുമ്പോൾ തിരിഞ്ഞു നോക്കാതെയുമിരിക്കുന്ന രാഷ്ട്രീയനേതാക്കന്മാരുടെ കാപട്യം ജനങ്ങൾ മനസിലാക്കിയെന്നും അവർ അവരെ കൈവിട്ടു തുടങ്ങി എന്ന തിരിച്ചറിവിലാണ് രാഷ്ട്രീയക്കാർ ഇതിനെ എതിർക്കുന്നതെന്നുമാണ് OIOP ഗ്രൂപ്പിന്റെ വാദം. പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ചരമഗീതം നാട്ടിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു . OIOP കൂട്ടായ്മയുടെ മുന്നേറ്റം വൈകാതെ കൊടുങ്കാറ്റായി മാറി പല വന്മരങ്ങളും വീഴ്ത്തുമെന്നും ഗ്രൂപ്പ് നേതാക്കൾ പറയുന്നു.

OIOP യോടുള്ള, മലയാളം പത്രങ്ങളുടെ അവഗണനയിൽ പ്രതിഷേധിച്ച് , 2020 ആഗസ്റ്റ് ഒന്നുമുതൽ 31 വരെ മലയാള പത്രങ്ങൾ ബഹിഷ്കരിക്കുവാൻ OIOP കൂട്ടായ്മ ആഹ്വാനം ചെയ്തിരിക്കുകയാണ്

തൊഴിലാളി എന്നാൽ സർക്കാർ ജീവനക്കാർ മാത്രമാണെന്ന നിലപാട് അഭിനവതൊഴിലാളി സംരക്ഷകർ തിരുത്തണമെന്നാണ് OIOP കൂട്ടായ്മ ആവശ്യപ്പെടുന്നത് . തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ഇനി വോട്ടില്ല എന്ന് കർഷകരും അസംഘിടിത തൊഴിലാളികളും തീരുമാനിച്ചാൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും തങ്ങളുടെ ആവശ്യം നിറവേറ്റാൻ മുന്നോട്ട് വരുമെന്ന് അവർ കണക്ക് കൂട്ടുന്നു . സ്റ്റാറ്റിയൂട്ടറി പെൻഷൻ വാങ്ങുന്ന അഞ്ചു ശതമാനത്തിന്റെ വോട്ടുകൊണ്ടല്ല മറിച്ച് സർക്കാർ ഉദ്യോഗമില്ലാത്ത 95 ശതമാനത്തിന്റെ വോട്ടുകൊണ്ടാണ് എല്ലാ പാർട്ടികളും അധികാരത്തിലേറുന്നത് എന്ന് OIOP കൂട്ടായ്‌മ ഓർമ്മപ്പെടുത്തുന്നു. ”പെൻഷൻ ഒരു സമ്പാദ്യ പദ്ധതി അല്ല, സാമൂഹിക സുരക്ഷാപദ്ധതി ആണ്. 60 പിന്നിട്ട ഏതൊരാൾക്കും അത് അവകാശപ്പെട്ടതാണ്. നിരവധി വിദേശരാജ്യങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുമുണ്ട് . ”

ഈ കോവിഡ് കാലത്ത് വേലയും കൂലിയുമില്ലാതെ മുണ്ടുമുറുക്കി ഉടുത്തു കഴിഞ്ഞുകൂടുന്ന പട്ടിണിപ്പാവങ്ങളെ ഈടുവച്ചെടുത്ത പണം കൊണ്ടാണ് ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ മുടങ്ങാതെ ശമ്പളം കൊടുത്തുകൊണ്ടിരിക്കുന്നത് എന്നവസ്തുത സർക്കാർ മറക്കരുത് എന്ന് OIOP കർമ്മസമിതി ഓർമ്മിപ്പിക്കുന്നു. ഈ കടമെല്ലാം പലിശയടക്കം തിരിച്ചടിയ്ക്കേണ്ടത് പൊതുജനത്തിന്റെ നികുതിപ്പണം എടുത്താണ് !

ലോക് ഡൗൺ കാലത്ത് ഒരുപാട് പേർക്ക് ജോലി നഷ്ടപ്പെട്ടു. വ്യാപാര വ്യവസായ മേഖലയിൽ കനത്ത നഷ്ടമുണ്ടായി . ബാങ്കുകളിൽ നിന്ന് കടമെടുത്തവർ തീതിന്നു കഴിയുകയാണ് . സ്വകാര്യ സ്ഥാപനങ്ങൾ പലതും ജീവനക്കാരുടെ ശമ്പളം പാതിയായി കുറച്ചു. പക്ഷേ സർക്കാർ ഉദ്യോഗസ്ഥർക്കാകട്ടെ ജോലിചെയ്യാതെപോലും ശമ്പളം കിട്ടുന്ന സാഹചര്യമാണ് ഇന്നുള്ളത് . ഇന്ധനവിലയും മദ്യവിലയും വൈദ്യുതി ബില്ലും വർധിപ്പിച്ച് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുന്ന ഭരണകൂടം പക്ഷേ വേലയും കൂലിയുമില്ലാത്ത പാവങ്ങളുടെ വീട്ടിൽ അടുപ്പ് കത്തുന്നുണ്ടോ എന്ന് വല്ലപ്പോഴുമെങ്കിലും തിരക്കണമെന്നാണ് OIOP കർമ്മസമിതി ആവശ്യപ്പെടുന്നത് . പൊതുസമൂഹത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം അടിയറവെച്ചു സർക്കാർ ഉദ്യോഗസ്ഥർക്ക് ചവിട്ടിനിൽക്കാൻ ഇനിയും തങ്ങൾ കുനിഞ്ഞു കൊടുക്കണോ എന്നവർ ചോദിക്കുന്നു .

2011 -ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 10 കോടിയാണ്. ഇപ്പോൾ അത് 12 കോടി എന്ന് കണക്കാക്കിയാൽ പോലും ഇവർക്കെല്ലാം പ്രതിമാസം 10000 രൂപ നൽകുവാൻ ഒരു വർഷം 15 ലക്ഷം കോടി രൂപയെ വരുന്നുള്ളൂ എന്ന് കണക്കുകൾ ഉദ്ധരിച്ചു ഇവർ വാദിക്കുന്നു. പെൻഷൻ ഏകീകരിച്ചു എല്ലാവർക്കും 10000 രൂപ എന്ന് നിജപ്പെടുത്തിയാൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇപ്പോൾ ഉദ്യോഗസ്ഥരുടെ പെൻഷനായി ചിലവഴിക്കുന്നത്രയും പണം മതി അറുപതു പിന്നിട്ട എല്ലാവർക്കും പെൻഷൻ നൽകാൻ എന്നാണ് OIOP കൂട്ടായ്മക്കാരുടെ വാദം. വയോധികർ ഈ പണം മുഴുവനായി തന്നെ ഇവിടെ ചിലവഴിക്കും. അതുവഴി വ്യാപാര വ്യവസായ മേഖലയിൽ മുന്നേറ്റമുണ്ടാകും . GST വഴി ഈ പണം തിരികെ സർക്കാരിലേക്ക് എത്തുകയും ചെയ്യും. ഇത് രാജ്യത്തെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കും എന്നും OIOP കൂട്ടായ്മ വാദിക്കുന്നു .

പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര ഒരിക്കൽ ഒരു സെമിനാറിൽ ഇങ്ങനെ പറയുകയുണ്ടായി :

” അമേരിക്ക ഒരു മുതലാളിത്ത രാജ്യമാണെങ്കിലും അവിടെ ഉള്ള ആൾക്കാരെല്ലാം സമ്പന്നരല്ല. ഇന്ത്യയിലുള്ളവരേക്കാൾ സാമ്പത്തികമായി താഴ്ന്ന ആളുകൾ അവിടെ ഉണ്ട് . പക്ഷെ അവിടുത്തെ സമൂഹവും ഗവൺമെന്റും ജീവിതത്തിന്റെ അവസാനകാലത്ത് അവിടുത്തെ ആളുകൾക്ക് കൊടുക്കുന്ന ഒരു സാമൂഹ്യ സുരക്ഷിതത്വമുണ്ട് . അവർക്കു ജീവിക്കാൻ കൊടുക്കുന്ന പെൻഷൻ സഹായമുണ്ട് . അതാണ് അവരുടെ വലിയ പ്രത്യാശ. വാർധക്യത്തിൽ എത്തിയിട്ടും ജീവിതം തുടരണമെന്നും ആസ്വദിക്കണമെന്നുമുള്ള ഒരു ആഗ്രഹം അവരിൽ ഉണ്ടാക്കുന്നത് ആ സുരക്ഷിതത്വബോധമാണ് . അതുപോലൊരു സുരക്ഷിതത്വം എന്തുകൊണ്ട് നമ്മുടെ നാട്ടിലെ വൃദ്ധജനങ്ങൾക്കു കൊടുക്കാൻ നമ്മുടെ സർക്കാരിന് കഴിയുന്നില്ല ?

വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആവശ്യമുന്നയിച്ചു ഒരുസംഘം ആളുകൾ സോഷ്യൽ മീഡിയയിൽ കൂട്ടായ്‍മ ഉണ്ടാക്കി പ്രചാരണം തുടങ്ങിയിട്ട് മാസം രണ്ടു പിന്നിട്ടു.

അറുപതു വയസുവരെ ജോലിചെയ്ത് മക്കളെ പ്രസവിച്ച്‌ , പോറ്റി വളർത്തി വലുതാക്കുന്ന ഒരു സ്ത്രീക്ക് വാർധക്യത്തിൽ എത്തുമ്പോൾ മക്കളുടെ മുൻപിൽ കൈനീട്ടാതെ അഭിമാനത്തോടെ ജീവിച്ചു ഈ ഭൂമിയിൽ നിന്ന് കടന്നുപോകാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരല്ലേ ? ശരിക്കും ഒരു സർക്കാരിന്റെ ദൗത്യം അതല്ലേ ? അറുപതു പിന്നിട്ട , നിശ്ചിത വരുമാനത്തിൽ താഴെയുള്ള എല്ലാസ്ത്രീകൾക്കും കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും ക്ഷേമപെൻഷനായി സർക്കാർ കൊടുത്താൽ നമ്മുടെ നാട്ടിലെ വൃദ്ധകളുടെ ജീവിതാവസ്ഥയിൽ എത്ര അത്ഭുതകരമായ മാറ്റമുണ്ടാകും ! വൃദ്ധകളുടെ മാത്രമല്ല , ഓരോ കുടുംബത്തിന്റെയും സ്ഥിതി പാടെ മാറും. ആ വൃദ്ധ ആ കുടുംബത്തിലെ ആദരണീയ വ്യക്തിയായി മാറും. ആ പെൻഷൻ പണം ആ കുടുംബത്തിനുവേണ്ടി മാത്രമായിരിക്കും ചെലവഴിക്കപ്പെടുക . ആ കുടുംബം പട്ടിണി കൂടാതെ മുൻപോട്ട് പോകാൻ ആ പണം ഉപകരിക്കും. രോഗം വന്നാൽ മരുന്നിനുവേണ്ടി അതുപ്രയോജനപ്പെടും . അതോടൊപ്പം ആ വൃദ്ധയുടെ ജീവിതാന്തസ് വർധിക്കും. ആ വൃദ്ധ ആ കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവാകും . മക്കൾ അവരെ ആദരവോടെ കാണും. മരുമക്കൾ ആ വൃദ്ധയെ വഴിയിൽ കൊണ്ടുപോയി തള്ളാൻ തയ്യാറാകില്ല. പഴയതെല്ലാം കളയേണ്ടത് എന്ന് ചിന്തിക്കുന്ന പുതു തലമുറയുടെ മുൻപിൽ പഴയതിനും വിലയുണ്ട് എന്ന് സന്ദേശം കൊടുക്കാൻ ആ സ്ത്രീക്കു കഴിയും. ആ വീട്ടിൽ വാക്കിനു വിലയുള്ള ഒരു സ്ത്രീയായി ആ വൃദ്ധ മാറും. താൻ ജനിച്ചു വളർന്ന രാജ്യം അഭിമാനത്തോടെ ജീവിക്കാൻ തന്നെ പ്രാപ്തയാക്കി എന്ന സന്തോഷത്തോടെയാകും അവർ ഈ ഭൂമിയിൽ നിന്ന് വിട പറയുക .

ഇത് കേരളത്തിൽ നടപ്പിലാക്കിയാൽ കേരളത്തിന്റെ സാമൂഹ്യ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കും . നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും സർക്കാരും ഇതിനെപ്പറ്റി ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കണം . കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഒന്ന് പുനഃക്രമീകരിച്ചാൽ അതിനുള്ള പണം കണ്ടെത്താവുന്നതേയുള്ളു . വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം . കണ്ണ് തുറന്നു കാണുക, ആശയങ്ങൾ കണ്ടെത്തുക പ്രാപ്തിയുമുള്ളവനെ പ്രോത്സാഹിപ്പിക്കുക . ഇത് മാത്രം ചെയ്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റും കേരളത്തിൽ . ഇവിടുത്തെ ഓരോ ദരിദ്രന്റെയും വീട്ടിലേക്ക് പണം ഒഴുകി എത്തും. ”

സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഈ വാക്കുകൾ ഇനിയെങ്കിലും നമ്മുടെസർക്കാർ മുഖവിലയ്ക്ക് എടുത്തിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു !

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി
(ദീപനാളം വാരികയിൽ പ്രസിദ്ധീകരിച്ചത് , ജൂലൈ 30 ,2020 )

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here