മകൻ ഇഷ്ടപ്പെട്ട പെണ്ണിനേം കൊണ്ടു കയറി ചെന്നപ്പോൾ പറ്റിയത് പറ്റി, മേലിൽ ഇത് ആവർത്തിക്കരുതെന്ന് പറഞ്ഞു ഒരു വലിയ ലഹള ഇല്ലാതാക്കിയ വിശാല ഹൃദയനായ ആശാനാണ് എന്റെ അച്ചായൻ.
അമ്മായിഅപ്പനും മരുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി കോളേജ് അധ്യാപികയായ അഞ്ജു ബോബി നരിമറ്റം.
”ഇത് എന്റെ അച്ചായനാണ്. ബോബീടെ അപ്പൻ. KSEB സൂപ്രണ്ട് ആയിരിന്നു. ഇപ്പൊ കൃഷീം എഴുത്തും ഒക്കെ ആണ് പണി. ഇംഗ്ലീഷിൽ അഗാധമായ പാൺഡിത്യം ഉണ്ട്. അപാര ഹ്യൂമർ സെൻസും. കാർക്കശ്യക്കാരനായ, മിതഭാഷിയായ ഒരപ്പന്റെ അടുത്ത് നിന്നും വന്ന എനിക്ക് അച്ചായൻ ഒരു അത്ഭുദമായിരുന്നു.
മകൻ ഇഷ്ടപ്പെട്ട പെണ്ണിനേം കൊണ്ടു കയറി ചെന്നപ്പോൾ ” പറ്റിയത് പറ്റി, മേലിൽ ഇത് ആവർത്തിക്കരുതെന്ന്” പറഞ്ഞു ഒരു വലിയ ലഹള ഇല്ലാതാക്കിയ വിശാല ഹൃദയനായ ആശാനാണ് അച്ചായൻ. 😘.
മരുമകൾ ഇംഗ്ലീഷിൽ പോസ്റ്റ് ഗ്രാജുവേറ്റ് ആണെന്ന് അറിഞ്ഞു അച്ചായൻ സന്തോഷിച്ചു. പക്ഷെ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. അമേരിക്കക്കാര് പോലും കേട്ടിട്ടില്ലാത്ത ഏതോ ഇഡിയം പറഞ്ഞിട്ട് “മോൾക്കിതൊക്കെ അറിയാവാരിക്കുമല്ലോ ല്ലേ “എന്ന് ചോദിച്ച ആളോട് ഞാൻ അറിയാതെ സത്യം പറഞ്ഞു പോയി ;
“എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ” എന്ന്. കേട്ടത് വിശ്വസിക്കാൻ ആവാതെ വേറെ കുറെ ഫ്രേസും കുന്ത്രാണ്ടോ ഒക്കെ ചോദിച്ചു. ഞാൻ പുറകിലെ കുളത്തിൽ മീനുകൾ ചാടുന്നത് നോക്കി നിന്നു. ഇനീം വല്ലോം ചോദിച്ചാൽ ഞാൻ കുളത്തിലോട്ടു ചാടണോ അതോ ഇങ്ങേരെ തള്ളി ഇടണോന്ന് ആലോചിച്ചു. പക്ഷെ കൂടുതൽ ഒന്നും ചോദിക്കാതെ തലക്ക് കൈ കൊടുത്തു പാവം തിണ്ണയിലേക്കു ഇരുന്നു.
മരുമകളുടെ ഭാഷ മെച്ചപ്പെടാൻ വേണ്ടി അച്ചായൻ ഇന്ത്യൻ എക്സ്പ്രസ്സ് വരുത്തിക്കാൻ തുടങ്ങി. മുറ്റത്തുന്ന് പെറുക്കി കൊണ്ടു വരുന്ന വഴിക്ക് തന്നെ എക്സ്പ്രസ്സ് വേഗത്തിൽ ഞാൻ വായിച്ചു കഴിയും. ഇത്ര പെട്ടന്ന് കഴിഞ്ഞൊന്നു ചോദിച്ചപ്പോൾ “അതിനു ആര് വായിച്ചു, ഞാൻ പടം കാണാറേ ഉള്ളു “എന്ന് പറഞ്ഞപ്പോൾ അച്ചായൻ തകർന്നു പോയി.
ബർണാഡ് ഷാ, ഒ ഹെൻറി ഒക്കെ പറഞ്ഞ കാര്യങ്ങൾ ചോദിക്കുമ്പോൾ ഞാൻ ബോബിടെ പുറകിൽ ഒളിച്ചു നിൽക്കും. പകരം അച്ചായൻ ഞാൻ പഠിച്ച യൂണിവേഴ്സിറ്റിയെ കുറ്റം പറയും. ഇങ്ങനെ ആണോ പിള്ളേരെ പഠിപ്പിച്ചു ഇറക്കുന്നതെന്നു പതം പറഞ്ഞു വിഷമിക്കും.
പോകെ പോകെ ഞാൻ ഒരു വിവരം കെട്ടവൾ ആണെന്ന സത്യവുമായി അച്ചായൻ പൊരുത്തപ്പെട്ടു, അങ്ങനെ ഞങ്ങൾ വല്യ കൂട്ടുകാർ ആയി. ഞങ്ങൾ തുമ്പിച്ചിക്കു നടക്കാൻ പോയി. കുളത്തിലിടാൻ മുട്ടനൊരു ആഫ്രിക്കൻ മുഷിയെ കിട്ടിയപ്പോൾ ഒന്നിച്ചു തുള്ളിച്ചാടി, പുറകിലെ കുളത്തിൽ മീൻ കൊത്താൻ വരുന്ന നീർകാക്കയെ എറിഞ്ഞു അമ്മച്ചി ഉണക്കാൻ വച്ച ചട്ടി പൊട്ടിച്ചു, അവസാനം B Ed പഠിക്കാൻ ഞാൻ ഹോസ്റ്റലിലേക്ക് പോയപ്പോൾ ഞങ്ങൾ രണ്ടും കരയുവേം കരഞ്ഞതിനു അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുവേം ഒക്കെ ചെയ്തു.
അച്ചായന് മകനെക്കാൾ ഇഷ്ടം എന്നോടാണെന്നു ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. പക്ഷെ കുരുതിക്കുളത്തിനു നടക്കാൻ പോയിട്ടു വരുമ്പോൾ കൊണ്ടു വരുന്ന നെയ്യപ്പത്തിന്റെയും കപ്പ ബിരിയാണിയുടെയും എനിക്കിഷ്ട്ടപ്പെട്ട ബുക്കുകളുടെയും അപ്പുവിനെ ഗർഭിണി ആയപ്പോൾ കിട്ടിയ ഉപ്പും മുളകും ചതച്ച മാങ്ങയുടെയും ഒക്കെ രൂപത്തിൽ ആ സ്നേഹക്കൂടുതൽ ഞാൻ അറിഞ്ഞു.
എവിടെയെങ്കിലുമൊക്കെ ഇന്റർവ്യൂന് പോയി തോറ്റു തൊപ്പി ഇട്ട് ഞാൻ വരുമ്പോൾ അച്ചായൻ ഇന്റർവ്യൂ ബോർഡിനെ കുറ്റം പറയും ” അവര് വേണ്ട പോലെ ഒന്നും ഇന്റർവ്യൂ നടത്തി കാണില്ല “എന്ന്. വീട്ടിൽ വച്ച് എന്റെ “വിവരക്കൂടുതലിനെ ” കളിയാക്കിയിട്ട് നാലാള് കൂടുന്നിടത്തു അഭിമാനത്തോടെ ചേർത്ത് നിർത്തി എല്ലാരേം പരിചയപ്പെടുത്തും “ഇളയ മോളാണ്, കോളേജിൽ ലെക്ചർ ആണെന്ന്. ” സ്നേഹത്തോടെയും അഭിമാനത്തോടെയും മാത്രമേ അച്ചായൻ എന്നെ പറ്റി സംസാരിച്ചു കേട്ടിട്ടുള്ളു.
ഇപ്പോളും എനിക്ക് ബുദ്ധി വച്ചൊന്നറിയാൻ അച്ചായൻ ഇടക്ക് ചോദ്യങ്ങൾ ഒക്കെ ചോദിച്ചു ഇളിഭ്യനാകാറുണ്ട്. ഞാൻ കഴുക്കോലെണ്ണി നിൽകുമ്പോൾ പാവം വിധിയെ പഴിക്കും. 😂😂😂.
അച്ചായാ… ഞാൻ നന്നാവും. ഉറപ്പാണ്. അച്ചായൻ ആഗ്രഹിക്കുന്നത് പോലെ ദിവസോം അഞ്ചു പുതിയ വാക്ക് പഠിച്ചു, ഷെല്ലിയേം ഷേക്സ്പിയരേം ഒക്കെ അരച്ച് കലക്കി പഠിച്ചു ഞാൻ ഒരു വരവ് വരും. അച്ചായൻ പ്രതീക്ഷ കൈ വിടരുത്.
എഴുതിയത് : അഞ്ജു ബോബി നരിമറ്റം. അസി. പ്രൊഫസർ , സെന്റ് തോമസ് കോളേജ് , മൂലമറ്റം














































