ഇത് തൊടുപുഴയ്ക്ക് അടുത്ത് കുണിഞ്ഞി പേണ്ടാനത്ത് വീട്ടിലെ അന്നക്കുട്ടി അമ്മച്ചി. മുഴുവൻ പേര് അന്നക്കുട്ടി സൈമൺ. 100 വയസായ അന്നമ്മച്ചി ഇപ്പോഴും ചുറുചുറുക്കോടെ ഓടി നടക്കുന്നു. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കുന്നു.
അന്നക്കുട്ടി അമ്മച്ചിയുടെ ആരോഗ്യത്തിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ ഒന്നും അമ്മച്ചിക്കില്ല. എന്താണ് ഈ ആരോഗ്യത്തിന്റെ രഹസ്യം എന്ന് ചോദിച്ചാൽ അമ്മച്ചി പറയും : ”അധ്വാനം, പ്രാർത്ഥന, സഹജീവിസ്നേഹം.”
എട്ടുമക്കളുടെ അമ്മയാണ് അന്നമ്മച്ചി. മക്കളും മക്കളുടെ മക്കളുമൊക്കെയായി പത്തെഴുപതുപേരുണ്ട്.
നാലു പ്രാവശ്യം റോമിനു പോയി. ജർമനിയിലും പോയി പലതവണ. ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട് .
നാലാം ക്ലാസുവരെയേ പഠിപ്പ് ഉള്ളൂ. വിദേശത്തു പോകാൻ ഭാഷ അമ്മച്ചിക്ക് ഒരു തടസമേയല്ല. 76–ാമത്തെ വയസിലായിരുന്നു ആദ്യ വിദേശയാത്ര. പിന്നീട് നാലു തവണ പോയി.
അന്നമ്മച്ചി പറയുന്നു :” ഞാൻ പോകാത്ത രാജ്യങ്ങളൊന്നുമില്ല . കർത്താവ് മീൻപിടുത്തക്കാരെ പിടിച്ചിരുത്തിയ ആ തടിപോലും കുശുക്കാതെ ഇരിക്കുന്നത് കണ്ടിട്ട് വന്നവളാ ഞാൻ ”
അമ്മച്ചിയുടെ ആദ്യ വിദേശയാത്ര ജർമനി ആയിരുന്നു. മക്കൾ വിമാനത്തിൽ കയറ്റി വിട്ടു. മൂന്നു വിമാനത്തിൽ മാറി മാറി കയറി ജർമനിയിലെത്തി. അവിടെ മൂന്നു മക്കളോടൊപ്പം മാസങ്ങളോളം താമസിച്ചു.
ജർമനിയിൽ നിന്ന് നേരെ റോമിലേക്ക്. അതും യാത്ര തനിയെ. മക്കൾ വിമാനം കയറ്റിവിട്ടു. റോമിലെത്തിയപ്പോൾ വിമാനത്താവളത്തിൽ മകളുണ്ട് സ്വീകരിക്കാൻ.
മാർപാപ്പയെ കാണുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മകളോടൊപ്പം വത്തിക്കാനിൽ പാപ്പയെ കാണാൻ പോയി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അതിഥികൾക്ക് ഇരിക്കാനുള്ള രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. അമ്മയും മകളും അവിടെ ഇരുന്നു.
മാർപാപ്പ വന്നപ്പോൾ എഴുന്നേറ്റു കൈകൂപ്പി നിന്നു. പാപ്പ അടുത്ത് വന്നതും അമ്മച്ചി പാപ്പയുടെ കൈ മുത്തി. തലയിൽ കൈവച്ച് മാർപാപ്പ അമ്മച്ചിയെ അനുഗ്രഹിച്ചു. അത് മറക്കാനാവാത്ത വലിയൊരനുഭവമായിരുന്നു അന്നക്കുട്ടി അമ്മച്ചിക്ക്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നതിൽ അന്ന് അന്നമ്മച്ചിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തൂവി.
വിശുദ്ധനാട്ടിലും പോയി അന്നക്കുട്ടി അമ്മച്ചി. ഗാഗൂൽത്താമല കണ്ടു . യേശുവിന്റെ കുരിശിന്റെ ചുവട്ടിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിച്ചു. നാലുപ്രാവശ്യം വിശുദ്ധനാട് സന്ദർശിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ട ലൂർദിലെ മാതാവിന്റെ പള്ളിയിലും പോയി. ഫ്രാൻസിലേക്കുള്ള വഴിയിൽ കൊച്ചുത്രേസ്യ പുണ്യവതിയുടെ വീട്ടിലും കയറി പ്രാർഥിച്ചു. അങ്ങനെ ആഗ്രഹങ്ങളെല്ലാം സാധിച്ചു.
95മത്തെ വയസിൽ ഒരു സിനിമയിലും അഭിനയിച്ചു അന്നമ്മച്ചി. വിനീത് ശ്രീനിവാസൻ നായകനായ ‘എബി’യിൽ സൂരാജ് വെഞ്ഞാറമൂടിന്റെ അമ്മയായിട്ട്. സിനിമയ്ക്കു മുമ്പ് അന്നക്കുട്ടി അമ്മച്ചി പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് ഇലക്ഷനിൽ മത്സരിമ്പോഴൊക്കെ അദ്ദേഹത്തിനുവേണ്ടി ഇറക്കിയ പരസ്യബോർഡുകളിൽ അന്നക്കുട്ടി അമ്മച്ചിയുടെ ചിരിക്കുന്ന മുഖമായിരുന്നു നാടെങ്ങും.


1970 മുതല്‍ കുണിഞ്ഞി സെന്റ് ആന്റണീസ് സ്കൂള്‍ ബൂത്തില്‍ ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് അന്നക്കുട്ടി അമ്മച്ചിയാണ്. നിയമസഭ പ്രവേശനത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന പി ജെ ജോസഫ് എം എല്‍ എ യെ ഇന്ന് വീട്ടിൽ എത്തി അന്നക്കുട്ടി അമ്മച്ചി ആശംസകൾ നേർന്നു .
ചില രോഗങ്ങൾക്ക് മരുന്നുകളുമുണ്ട് അന്നക്കുട്ടി അമ്മച്ചിയുടെ കൈയിൽ. ഒറ്റമൂലി മരുന്നുകൾ. കുഞ്ഞുങ്ങൾ ക്കുണ്ടാകുന്ന കുടൽമറിച്ചിൽ, വയറ്റിലെ അസുഖം, പനി, ജലദോഷം ഇവയ്ക്കെല്ലാം ഒറ്റമൂലിയുണ്ട് അമ്മച്ചിയുടെ കയ്യിൽ. തലമുറകളായി പകർന്നു കിട്ടിയ ഔഷധക്കൂട്ടാണ് .
മുൻപ് രാവിലെ ആറുമണിക്ക് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ ആദ്യം എത്തിയിരുന്നത് അന്നക്കുട്ടി അമ്മച്ചിയായിരുന്നു. കുർബാനയ്ക്കു മുടക്കം വരുത്തില്ല. പള്ളിയിൽ നിന്നു തിരികെ വന്നു കാപ്പി കുടി കഴിഞ്ഞിട്ട് നേരെ പറമ്പിലേക്ക്. നന്നായി പണിയെടുക്കും. ആരോഗ്യത്തിന്റെ രഹസ്യം അതാണെന്ന് അമ്മച്ചി പറയുന്നു.
കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയുടെ നട കെട്ടിക്കൊടുക്കാൻ മുന്നിട്ടിറങ്ങിയത് അന്നക്കുട്ടി അമ്മച്ചിയാണ്. മക്കൾ സഹായിച്ചു. മനോഹരമായ ആ പള്ളിനട വെള്ളിമൂങ്ങ ഉൾപ്പെടെ ഒരുപാട് സിനിമകൾക്കു ലൊക്കേഷനായി.
അന്നമ്മച്ചിക്ക് മക്കൾ എട്ട്. നാല് ആണും നാല് പെണ്ണും. ഒരാൾ മരിച്ചുപോയി.
അന്നക്കുട്ടി അമ്മച്ചിയുടെ നാടൻ ശൈലിയിലുള്ള നിഷ്കളങ്കമായ സംസാരമാണ് ഏറ്റവും ആകർഷണീയം . ആപ്പിൾ ”കട്ടെടുത്തിട്ട് ” മകനോട് പറഞ്ഞ ആ ഡയലോഗു കേൾക്കുമ്പോൾ നമുക്ക് ചിരിയും ഭർത്താവ് മരിച്ച സംഭവം വിവരിക്കുന്നത് കേൾക്കുമ്പോൾ സങ്കടവും വരും.
അന്നക്കുട്ടി അമ്മച്ചിയുടെ വിശേഷങ്ങൾ അമ്മച്ചിയുടെ ശബ്‌ദത്തിലും ഭാഷയിലും കേൾക്കുക. വീഡിയോ കാണുക.
Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും
Read Also ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളത്തോട് ചെയ്ത കഠിനാപരാധം: സക്കറിയ
Read Also 53.5 കിലോ തൂക്കമുള്ള ഭീമൻ ചക്കയുമായി നാരായണൻ
Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ
Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ
Read Also ”കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും.”