ഫ്ലോറിഡ : അമേരിക്കയില്‍ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ സംസ്കാരം ഇന്ന് റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടക്കും. അമേരിക്കൻ സമയം രാവിലെ 10 മുതൽ 11 വരെ (ഇന്ത്യൻ സമയം രാത്രി 7.30 മുതൽ 8.30 വരെ) പള്ളിയിൽ പൊതുദർശനം. 11 മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഫാ.ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 2നു (ഇന്ത്യൻ സമയം രാത്രി 11:30) ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്കാരം നടക്കും. ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.
മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു ചടങ്ങുകള്‍ കാണാന്‍ സാധിക്കുക . മോനിപ്പള്ളിയിലെ വീട്ടിൽ ഇതു കാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി, മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ.
ഇന്ന് വൈകിട്ട് 5നു മെറിന്റെ ഇടവക ദേവാലയമായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടത്തും.


കഴിഞ്ഞ ദിവസം മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ മെറിന്റെ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും അന്ന് കണ്ണീരോടെ യാത്രാമൊഴിയേകി. . മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതു കൊണ്ടാണ് നാട്ടിലെത്തിക്കാൻ സാധിക്കാതെ വന്നത്.
മെറിന്റെ മോനിപ്പിള്ളിയിലെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ സന്ദർശിച്ചു. മെറിന്റെ അച്ഛൻ ജോയി, അമ്മ മേഴ്സി, സഹോദരി മീര, മെറിന്റെ രണ്ടുവയസുള്ള കുഞ്ഞ് നോറ എന്നിവരെ കണ്ടു അവരുടെ ദുഖത്തിൽ പങ്കുചേരുകയും അശ്വസിപ്പിക്കുകയും ചെയ്തു.
മാതാപിതാക്കളായ ജോയിയും മേഴ്‌സിയും ഹൃദയംപൊട്ടി കരയുന്ന ദൃശ്യങ്ങൾ ആരുടെയും കണ്ണു നിറയിക്കുന്നതായിരുന്നു ” കുത്തി വികൃതമാക്കിയ മോളുടെ മുഖം ടിവിയിൽ കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് ഞങ്ങൾ. ചിരിച്ചു വര്‍ത്തമാനം പറയുന്ന എന്റെ മോളുടെ ആ പഴയ മുഖം മതി ഞങ്ങൾക്ക് . നോറയിലൂടെ ഞങ്ങള്‍ ഇനി അത് കണ്ടോളാം .” മോനിപ്പള്ളിയിലെ വീട്ടിൽ മെറിന്റെ അമ്മ മേഴ്‌സി സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു.

